പൂമുഖം നിരീക്ഷണം മരണചിന്താശതകങ്ങളിൽ നിന്ന്’

മരണചിന്താശതകങ്ങളിൽ നിന്ന്’

Death is not extinguishing the light; it’s putting out the lamp because a new dawnhas come. – Rabindranath Tagore

എന്നുമുതലാണ്‌ മരണത്തെക്കുറിച്ച് ഭയപ്പെടാന്‍ തുടങ്ങേണ്ടത് എന്നുള്ള ഒരു ചോദ്യം ആദിയും അന്തവുമില്ലാതെ നമ്മുടെയൊക്കെ മുമ്പിലുണ്ട്. അര്‍ത്ഥരഹിതമായ ആ ചോദ്യം എന്നെയെത്തിക്കുന്നത് വിഖ്യാത അമേരിക്കന്‍ ചലച്ചിത്രകാരനായ വുഡി അലനിലേയ്ക്കാണ്‌. ജീവിതത്തേയും മരണത്തേയും ലാഘവമായി കാണാന്‍ ആഗ്രഹിക്കുമ്പോഴൊക്കെ എന്‍റെ മനസ്സിലേയ്ക്ക് അദ്ദേഹമാണ്‌ കടന്നു വരുന്നത്.

ദൈവത്തെ ചിരിപ്പിക്കണമെങ്കില്‍ നമ്മുടെ ഭാവിപദ്ധതികള്‍ അദ്ദേഹത്തോടു പറഞ്ഞാല്‍ മതി എന്നുള്ള വുഡി അലന്‍ ഉദ്ധരണി, എന്‍റെ പല ഭാവി പരിപാടിയേയും പിന്നിലേയ്ക്ക് കൊളുത്തിവലിക്കാറുണ്ട്. മനുഷ്യര്‍ ഓരോ പദ്ധതികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തയ്യാറാക്കുന്നു. ദൈവം അല്ലെങ്കില്‍ വിധി അതില്‍ ചിലതിന്‍റെ മേല്‍ ചുവപ്പുവരകളിടുകയോ, വെട്ടിക്കളയുകയോ, അപ്പാടെ ചീന്തിക്കളയുകയോ ചെയ്യുന്നു. അതുകൊണ്ടൊക്കെയാവും ചിലര്‍ ‘ഇന്‍ഷാ അള്ളാ….’, ‘ദൈവം സഹായിച്ച്…’.., ‘എല്ലാം ശരിയായാല്‍..’.എന്നൊക്കെ കൂട്ടിച്ചേര്‍ക്കുന്നത് എന്നെനിക്കു തോന്നാറുണ്ട്. ആ അതീത ശക്തിക്കു (എതിര്‍പ്പുള്ളവര്‍ക്ക്, പൊടുന്നനെ സുനാമിയൊക്കെ ഉണ്ടാക്കിവിടുന്ന പ്രകൃതിശക്തിയും ആകാം) മുമ്പില്‍ അല്‍‌പം ഭവ്യതയാവാം. മാത്രമല്ല, ഒരു അനുവാദം ഒട്ടിച്ചു ചേര്‍ത്തുവിടുന്നതുകൊണ്ട് ദൈവമുണ്ടെങ്കില്‍ അദ്ദേഹത്തിനു നീരസവുമുണ്ടാവില്ലല്ലോ!

വടക്കേ അമേരിക്കയിലേയ്ക്ക് പറിച്ചുനടുന്ന ഒരു ഏഷ്യന്‍ ജീവിതത്തിന്‌ ഒരു ശവസംസ്‌ക്കാരകേന്ദ്രത്തില്‍ നിന്ന് ആദ്യമായി ഒരു കത്തു കിട്ടുമ്പോള്‍ ഒരു ഞെട്ടലിനെങ്കിലും വകുപ്പുണ്ട്. പിന്നീട് കാണുന്ന കാഴ്ചകള്‍ ആ ഞെട്ടലിന്‍റെ തീവ്രത കുറച്ചുകൊണ്ടു വരും. കൂടുതലായി നാം അടുത്തിടപഴകുമ്പോള്‍ ആണല്ലോ ഭയം മാറിത്തുടങ്ങുന്നതും സൗഹൃദങ്ങളുടെ പുതിയ വഴികള്‍ നാം വെട്ടിയെടുക്കുന്നതും. അങ്ങനെ ഷോപ്പിംഗ് കേന്ദ്രങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ശവദാഹകേന്ദ്രങ്ങളേയും അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഭംഗിയുള്ള ചിതാഭസ്‌മകുംഭങ്ങളേയും മറ്റേതു കാഴ്ചകളേയും പോലെ നോക്കിനില്‍ക്കാനുള്ള മനസ്സിന്‍റെ ഉടമകളായി നാം മാറുന്നു. ജനനത്തിന്‍റെ കയറ്റം കയറിയതിനു ശേഷമുള്ള ഇറക്കമായി മരണത്തെ ലഘൂകരിച്ചെടുക്കാന്‍ നമുക്ക് കഴിയുന്നുണ്ടെങ്കില്‍ അതൊരു വലിയ ജീവിതവിജയമാണ്‌. അത് നേടിയെടുക്കാന്‍ നമുക്ക് ആ കയറ്റം കടന്നുകയറുക തന്നെ വേണം.

അതിനാണ്‌, ആ കയറ്റത്തിന്‍റെ കിതപ്പുകളെ ലഘൂകരിക്കാനാണ്‌, വഴിയോരക്കാഴചകള്‍ക്കിടയില്‍ പൂക്കളും ചെടികളും നിറഞ്ഞ ശ്മശാനങ്ങള്‍ നമുക്കായി ഒരുങ്ങിനില്‍ക്കുന്നത്. ആ കാഴ്ചകള്‍ കണ്ടാല്‍ ‘ഇങ്ങനെയാണെങ്കില്‍ ഒന്നു മരിച്ചാലും മുഷിയില്ല’ എന്നു മനസ്സിനെക്കൊണ്ടു പറയിപ്പിക്കുന്ന ഒരവസ്ഥയിലേയ്ക്ക് നാം ഉയര്‍ത്തപ്പെടുന്നു. ബര്‍ലിംഗ്‌ടനില്‍ നിന്നു ഹാമില്‍ട്ടനിലേയ്ക്കു പോകുന്ന ഒരു വഴി കടന്നുപോകുന്നത് അത്തരം ഒരു സ്ഥലത്തുക്കൂടിയാണ്‌. ഒരുവശത്ത് ഭംഗിയുള്ള, കാലാതിര്‍ത്തികളില്ലാത്ത നിതാന്തവിശ്രമകേന്ദ്രം. രണ്ടു കിലോമീറ്ററെങ്കിലും നീളമുണ്ടാവുമെന്ന് തോന്നുന്നു. മറ്റേവശത്ത്, ജീവിച്ചിരിക്കുന്നവര്‍ക്ക് വിശ്രമിക്കാനും സ്വപ്നം കാണാനുമുള്ള ഒരു ഉദ്യാനം ഒരു താഴ്‌വരയായി ഒന്‍‌ടേറിയോ തടാകത്തെ തൊട്ടുനിന്ന് കിന്നാരം പറയുന്നു. അവിടെ കയറിയിറങ്ങുന്നവര്‍ക്ക് പാതമുറിച്ച് മുകളിലേയ്ക്ക് കയറിയാല്‍ ശാന്തമായി പറന്നു നടക്കുന്ന ആത്മാക്കളുടെ തുമ്പികളോടു സംസാരിക്കാം. ജീവിതം പോലെ, അടിച്ചുപൊളിച്ച് വിശ്രമിച്ച് അന്ത്യവിശ്രമത്തിലേയ്ക്ക് ഉറങ്ങിയിറങ്ങുന്ന അവസ്ഥയുടെ ഒരു യഥാര്‍ത്ഥ ചിത്രം. ഓരോ പ്രാവശ്യവും അവിടം കടക്കുമ്പോള്‍ ജീവിതാവസ്ഥയുടെ ഈ എക്‌സ്‌പ്രഷനിസ്റ്റ് ചിത്രം ഞങ്ങള്‍ പുതിയ സുഹൃത്തുക്കള്‍ക്ക് കാണിച്ചു കൊടുക്കാറുണ്ട്.

ബ്രാംപ്‌ടണിലെ ഒരു ഷോപ്പിംഗ് മാളിന്‍റെ താഴത്തെ നിലയില്‍ ഒരു അന്ത്യവിശ്രമകേന്ദ്ര (Funeral Home) ത്തിന്‍റെ സൗജന്യം നിറച്ച പദ്ധതികളുമായി ഒരു താല്‍ക്കാലിക സ്റ്റാള്‍. അവിടെ ദമ്പതികളുള്‍പ്പടെ ചിലരെല്ലാം അന്വേഷണങ്ങള്‍ നടത്തുന്നു. ഇത്തരം കാഴ്ചകള്‍ നമ്മളിലെ മരണഭീതി കുറയ്ക്കുന്നുണ്ടെന്നാണ്‌ എനിക്കു തോന്നുന്നത്. ഈ ഒരു ജീവിതരീതി ഇന്‍ഡ്യയിലേയ്ക്ക് മറ്റു പലതും പോലെ തന്നെ കടന്നുവരുന്നുണ്ടെന്നു തോന്നുന്നു. പൂന്തോട്ടത്തിന്‍റെ ഭംഗിയോടെയുള്ള, സമശീതോഷ്ണവായു കാത്തുനില്‍‌ക്കുന്ന അന്ത്യവിശ്രമസ്ഥാനങ്ങള്‍ കേരളത്തിലേയ്ക്കും കയറിയിറങ്ങുന്നു. അമേരിക്കയില്‍ അത് നഗരങ്ങള്‍ക്കുള്ളിലെ കച്ചവടകേന്ദ്രങ്ങള്‍ക്കിടയില്‍ മറ്റു കടകളെപ്പോലെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു.

കാനഡയില്‍ മണ്ണില്‍ തന്നെ അന്തിമനിദ്ര വേണമെന്നുള്ളവര്‍ക്ക് കനത്ത തുക ചെലവാക്കേണ്ടി വരും. അതുകൊണ്ടാണ്‌ ജാതി മത ഭേദമെന്യേ ആള്‍ക്കാര്‍ ശവദാഹം തെരഞ്ഞെടുക്കുന്നത്. അതിന്‍റെയൊക്കെ വിശദാംശങ്ങള്‍ പിന്നീടൊരിക്കലെഴുതാം. എന്തായാലും, അമേരിക്കന്‍ മരണാനന്തരസമീപനങ്ങള്‍ നമ്മുടേതില്‍ നിന്നു വ്യത്യസ്തമാണ്‌. അത് വലിയ ഞെട്ടലുകളൊന്നും സൃഷ്ടിക്കാതെയും വിടവുകളൊന്നുമുണ്ടാക്കാതെയും കടന്നു പോകുന്നുണ്ടെങ്കിലും കനത്ത വില കൊടുക്കേണ്ടി വരാറുണ്ട്. വില കുറഞ്ഞ തെരഞ്ഞെടുപ്പുകള്‍ക്ക് പ്രചാരം കൂടുന്നുമുണ്ട്. ചത്തിട്ട് ചമഞ്ഞുകിടക്കുന്നതിലെ അര്‍ത്ഥമില്ലായ്‌മ ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.

കാനഡയിലെ മലയാളികളുടെ പഴയ സാമൂഹികജീവിതത്തില്‍ ചീട്ടുകളിയുടെ പുതിയ വിസ്മയങ്ങള്‍ കാണിച്ചുകൊടുത്ത ഔസേപ്പച്ചന്‍റെ അന്ത്യാഭിലാഷം തന്‍റെ അവസാനയാത്രാപേടകത്തില്‍ ഒരു കുത്ത് ചീട്ടുകള്‍ തിരുകണമെന്നായിരുന്നു. അന്ത്യയാത്രയില്‍ ഒന്നും കൂടെക്കൂട്ടാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹം അതിനായി നിര്‍ബ്ബന്ധിച്ചതിന്‍റെ പിന്നില്‍ ഒരു ‘മുന്‍‌കരുതലു’ണ്ടായിരുന്നു. ഏതു നിമിഷവും മാറ്റങ്ങള്‍ക്കു വിധേയമാകുന്ന, നിയമങ്ങള്‍ മാറുന്ന ഒരു കാലത്തിലൂടെയാണല്ലോ കടന്നു പോകുന്നത്. അപ്പോള്‍, ഒരു വരം ഏതു സമയത്തെങ്കിലും നമുക്കായി വന്നു വീഴാമെന്നുള്ള ഒരു പ്രത്യാശയും നല്ല ശകുനമാണല്ലോ. ഈയിടെയാണ്‌ ആ കഥ കേള്‍ക്കുമ്പോള്‍ വി.ജെ.ജെയിംസിന്‍റെ ഒരു കഥയിലെ ആ പാലാക്കാരന്‍ കഥാപാത്രത്തെ ഓര്‍മ്മവന്നു. അവസാനയാത്രയില്‍, അതുവരെ ജീവിതത്തിന്‌ അര്‍ത്ഥം നല്‍‌കിയ ഒരു കുപ്പി മദ്യം രഹസ്യമായി കരുതിവയ്ക്കാന്‍ ആവശ്യപ്പെടുന്നയാളിനെ. മറ്റൊരു പ്രമുഖവ്യക്തി തന്‍റെ പിന്‍‌വാങ്ങല്‍ കൂട്ടുകാര്‍ മദോല്‍ക്കടമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്തുവച്ചിട്ടാണ്‌ പോയത്. അവര്‍ക്കൊക്കെ തങ്ങളെ സ്നേഹിക്കുന്നവര്‍ ദു:ഖിതരായി കാണപ്പെടാന്‍ താല്‍‌പര്യമുണ്ടായിരുന്നില്ല.

പരലോകപ്രാപ്തിയെപ്പറ്റിയും അവിടെ നമ്മളെ കാത്തുനില്‍ക്കുന്ന സുഖസൗകര്യങ്ങളെപ്പറ്റിയും വാതോരാതെ പ്രസംഗിച്ചു ബോറടിപ്പിക്കുന്ന മതാദ്ധ്യാപകനോട്. പില്‍ക്കാലത്ത് പ്രശസ്തനായ എഴുത്തുകാരനായിത്തീര്‍ന്ന ഒരു കുട്ടി ചോദിച്ചിരുന്നു.

”….ന്നിട്ടെന്തേ അങ്ങ്‌ മരിക്കാനുള്ള ശ്രമമൊന്നും നടത്താതെ ഈലോകപരീക്ഷകളൊക്കെ നേരിട്ടിങ്ങനെ കഴിയാന്‍ തീരുമാനിച്ചത്?”

പല കഥകളിലും ചോദ്യത്തിനുള്ള വകുപ്പില്ല. വകുപ്പില്ലാത്ത കേസുകള്‍ക്ക് ശിക്ഷയാണല്ലോ പ്രതിവിധി. ഇവിടെയും അടിയായിരുന്നു, അതിന്‍റെ ഉത്തരം.

അതെ. ഉത്തരങ്ങള്‍ക്കു വേണ്ടിയാവരുത് നമ്മുടെ ചോദ്യങ്ങള്‍ എന്നാണല്ലോ സമൂഹം നമ്മെ പഠിപ്പിക്കുന്നത്. മോഷ്ടിക്കരുത് എന്നു പഠിപ്പിക്കുന്ന മതാദ്ധ്യാപകന്‍ ദൈവത്തിന്‍റേതു മോഷ്ടിച്ചെടുക്കുമ്പോള്‍, അത് പിടിക്കപ്പെടുമ്പോള്‍ അയാള്‍ ചെകുത്താനെ സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണല്ലോ.

സദാചാരം പഠിപ്പിക്കുന്ന വൈദികന്‍ ചെകുത്താന്‍റെ പരീക്ഷണങ്ങളില്‍ പെടുമ്പോളാണല്ലോ അസാന്മാര്‍ഗ്ഗികതയ്ക്ക് പിടിക്കപ്പേടുന്നത്! തെറ്റായ വഴികളിലേയ്ക്കെത്തുന്നതു വരെ വരാതിരുന്ന ചെകുത്താന്‍, പിടിക്കപ്പെടുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടുന്നതിലെ സാംഗത്യം നമുക്ക് ചോദ്യം ചെയ്യാന്‍ അവകാശമില്ല. പിടിക്കപ്പെടാതെ രക്ഷപ്പെടുന്ന അവസരങ്ങളിലൊക്കെ ‘ദൈവ’മാണല്ലോ പിടിവള്ളിയായി പ്രത്യക്ഷപ്പെടുന്നതും!

അവസാനയാത്രകളില്‍ ഏറിയ പങ്കും പറയാതെയുള്ളതാണല്ലോ. ഒരാള്‍ പോകുമ്പോളുണ്ടാകുന്ന ശൂന്യത ആഴമേറിയതാണ്‌. അത് ഒരിക്കലും ഒരാള്‍ക്കും നികത്താനുമാവില്ല. കാരണം, അയാള്‍ മറ്റൊരാളില്‍ നിന്ന് വിഭിന്നമാണ്‌. അയാളുടെ ചിന്തകളും മറ്റു മാനസികവ്യാപാരങ്ങളും മറ്റൊരാളുടേതുപോലെ ആകുന്നില്ല. അതു കൊണ്ടാണ്‌ ആ യാത്ര ഉണ്ടാക്കുന്ന ശൂന്യത ഒരിക്കലും നികത്താനാവാതെ കിടക്കുന്നത്. അതില്‍ ഉപയോഗിച്ച വാക്കുകളും ചിന്തകളും രഹസ്യങ്ങളും പറഞ്ഞതും പറയാതെ പോയതുമായ കഥകളും…..അങ്ങനെ എന്തെല്ലാം!

Comments
Print Friendly, PDF & Email

പ്രമുഖപ്രസിദ്ധീകരണങ്ങളിൽ എഴുതിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക്, തോമസ് കുക്ക്, വോള്‍ സ്റ്റ്രീറ്റ് എക്സ്ചേഞ്ച് അബുദാബി, വോള്‍ സ്റ്റ്രീറ്റ് ഫിനാന്‍സ്- കാനഡ, ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാനഡയിലെ ബര്‍ലിംഗ്ടന്‍ പോസ്റ്റില്‍. കേരള ബുക്ക് മാര്‍ക്ക് പ്രസിദ്ധപ്പെടുത്തിയ 'മടങ്ങിപ്പോകുന്നവര്‍' - കഥാസമാഹാരം

You may also like