പൂമുഖം OPINION നോട്ട് പിന്‍വലിക്കലിന്റെ വീട്ട് – രാഷ്ട്രീയം

നോട്ട് പിന്‍വലിക്കലിന്റെ വീട്ട് – രാഷ്ട്രീയം

 

ാഗവതത്തിന്‍റെ ഏടുകള്‍ക്കിടയിലാണ് അമ്മ ‘ഉറുപ്പിക’ വെയ്ക്കുക, വീട്ടു ചിലവിനുള്ള കാശ് അവിടെനിന്നു പുറപ്പെടും. മുത്തശ്ശി വഴി അമ്മമ്മ വഴി അമ്മക്ക് കിട്ടിയതാണ് ഈ ശീലം. അതില്‍നിന്നും ഒരുഉറുപ്പിക പോലും ഇന്നുവരെ പോയിട്ടില്ല എന്ന് അമ്മ പറയും. ഞങ്ങളുടെ വീട്ടിലെ ‘ആശ്രിത സമ്പദ്‌ വ്യവസ്ഥ’യിലെ ബാങ്കാണ്‌, അമ്മ എന്നും വായിക്കുന്ന ആ പുസ്തകം.

‘ആശ്രിത സമ്പദ്‌ വ്യവസ്ഥ’ എന്ന് പറഞ്ഞത് വെറുതെയല്ല, ഗള്‍ഫിനെ ആശ്രയിച്ചു ജീവിതം മെച്ചപ്പെടുത്തിയ കേരളീയ ജീവിതത്തെപ്പറ്റി സൂചിപ്പിച്ചതാണ്. ഈ മെച്ചപ്പെടലിന്റെ ക്രഡിറ്റ് നമ്മുടെ മുന്നണി ഭരണക്കാര്‍ക്ക് കൊടുക്കരുത്; ഗള്‍ഫില്‍ നിലനില്‍ക്കുന്ന ‘ഓയില്‍-രാജ ഭരണ-മുതലാളിത്തം” ഇതുവരെയും കൊണ്ടുപോയ ‘ടാക്സ്-ഫ്രീ-സമ്പദ് വ്യവസ്ഥ’യുടെ ‘ഗുണം’ വിദേശ തൊഴിലാളികള്‍ക്ക് കിട്ടുന്നു എന്നതുകൊണ്ടാണ്, അവരും അവരുടെ വീടും നാടും കുറേശ്ശെ കുറേശ്ശെ മെച്ചപ്പെട്ടത്. കൃഷി ഇല്ലാതായ, പാടോം പറമ്പും പോയ, വീടും വളപ്പും മാത്രമായ, ദാരിദ്ര്യം എപ്പോഴും കൂടെയുണ്ടായിരുന്ന ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്തെ, യൌവ്വനകാലത്തെ, ഈ ആശിത്ര സമ്പദ്‌വ്യവസ്ഥ ഒട്ടൊന്നുമല്ല സഹായിച്ചത്. ദാരിദ്യ്രം പോയി, നല്ല വസ്ത്രങ്ങള്‍ കിട്ടി, വൈദ്യുതി വന്നു, ടി വി വന്നു, പിന്നെപ്പിന്നെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കിട്ടി അങ്ങനെ പലതും വീട്ടിലും ചുറ്റും നടന്നു. പക്ഷെ അപ്പോഴും അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങാന്‍ പൈസതന്നെ വേണം.

ഇന്നലെ അമ്മയോട് സംസാരിക്കുമ്പോള്‍ പറഞ്ഞത്, ഇങ്ങനെ ഒരു കാലം എന്റെ ഓര്‍മ്മയിലില്ല എന്നാണ്‌. അമ്മയ്ക്കുള്ള പൈസ ബാങ്കില്‍ നിന്നും എടുക്കാന്‍ അനിയത്തി രാവിലെ ഏഴുമണിക്ക് പട്ടാമ്പിയിലെ ബാങ്കില്‍ പോയി ക്യൂ നിന്നു, വൈകുന്നേരം നാലുമണിയോടെ കാശ് കിട്ടി. അതും കുറച്ച് മാത്രം, ചിലവിനു തികയില്ല, അമ്മ പറഞ്ഞു, “അരിക്ക് ഒരു കിലോക്ക് മുപ്പത്തിയാറ് ഉറുപ്പിക വരും”, “മരുന്ന് വാങ്ങണ്ടെ?” “ഒരു വീടാവുമ്പോ എന്തൊക്കെ ചിലവുണ്ട്”

“ഇത് എന്ത് പരിഷ്ക്കാരാടാ?”, അമ്മ ചോദിച്ചു.

ജനാധിപത്യത്തില്‍, അതിന്റെ രീതികളില്‍, അതിന്റെ നിശ്ചയമായുമുള്ള സംവാദശേഷിയില്‍ വിശ്വസിക്കുന്ന ഒരാള്‍ എന്ന നിലക്ക്, ഈ ‘പരിഷ്ക്കാര’ത്തിന്റെ ഒരു ഘട്ടവും ഇതുവരെയും ജനാധിപത്യപരമല്ല എന്ന് ഉറപ്പുള്ള, എന്തുകൊണ്ട് എന്ന് അതിന്റെ കാരണങ്ങള്‍ പിടി കിട്ടുന്ന ഒരാള്‍ എന്ന നിലക്ക്, എനിക്ക് പലതും മനസ്സില്‍ വന്നു. അതില്‍ ഏറ്റവും പ്രധാനം ജീവിക്കാനുള്ള ഒരാളുടെ അവകാശ ത്തിന്‍മേല്‍ ഒരൊറ്റ രാത്രികൊണ്ട് കൈ വെയ്ക്കാന്‍ ഒരു മടിയുമില്ലാത്ത പ്രധാനമന്ത്രിയും, അതിലെ അവകാശ നിഷേധത്തെ ഇന്നുവരെ തങ്ങള്‍ ജീവിച്ച ജനാധിപത്യസമൂഹത്തിനു ചേര്‍ന്നതല്ല എന്ന് വിശ്വസിക്കാന്‍ പോലും കഴിയാത്ത അഭ്യസ്തവിദ്യരും പറയുന്ന പോലെ ഞാന്‍ അമ്മയോടു പറഞ്ഞു “കള്ളപ്പണം പിടിക്കാനാ അമ്മേ, സഹിക്കന്നെ”.

അമ്മയ്ക്ക് പ്രധാനമന്ത്രിയുടെ അമ്മയുടെ വയസ്സു കാണും, ഇപ്പോള്‍ പുറത്തൊക്കെ പോകാന്‍ സഹായം വേണം. അതിനാല്‍ ബാങ്കില്‍ പോയി രാജ്യത്തിനു വേണ്ടി ഒറ്റയ്ക്ക് ക്യൂ നില്‍ക്കുന്ന കഥയൊന്നും പറയാന്‍ പറ്റില്ല. അമ്മ പറഞ്ഞു : “കള്ളപ്പണം നമ്മുടെ വീട്ടിലോ, എടാ കൈപ്പുറത്തെ എത്ര വീട്ടിലാ കള്ളപ്പണം ഉള്ളത്? അന്നന്ന് കിട്ടി അന്നന്ന് കഴിയുന്നോരല്ലേ ഇവിടെ”. “കൊച്ചുമണി (അനിയത്തി) പറഞ്ഞു ആളുകള്‍, ആണും പെണ്ണും ഒക്കെ, റോട്ടില്‍ വെയിലും കൊണ്ട് ഇരിക്ക്യായിരുന്നു ന്ന്”. “കള്ളപ്പണം എവിടെയാച്ചാ അവിടെ പോയി പിടിക്കട്ടെ”. “ആരും ചോദിക്കാന്‍ ഇല്ലാഞ്ഞിട്ടാ ഇതൊക്കെ”.

ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട ടാക്സ് നിയമങ്ങള്‍ ഉള്ള ഒരു രാജ്യമാണ് ഇന്ത്യ എന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ പറയാറുണ്ട്, പക്ഷെ അത് കൃത്യമായി നടപ്പാക്കാന്‍ ഒരു സര്‍ക്കാരും തയ്യാറല്ല എന്നാണു നമ്മുടെ ഏറ്റവും വലിയ അഴിമതി എന്നും. ഈ നോട്ടുപിന്‍വലിക്കല്‍ വന്നപ്പോഴും അത് എത്രമാത്രം ഗുണം ചെയ്യും എന്ന് സംശയിച്ചുകൊണ്ട് രഘുരാം ഇത് വീണ്ടും പറഞ്ഞു. ഇപ്പോള്‍ നോക്കു, ആ രാത്രി നമ്മള്‍ കേട്ടതല്ല, കേള്‍ക്കുന്നത് – കള്ളപ്പണത്തിനു പകരം വേറെയൊരു വാക്ക് വന്നു – ഡിജിറ്റല്‍ ബാങ്കിംഗ്..എത്ര നല്ല ആശയം, എന്തുനല്ല സൌകര്യമാണ് അത് തരിക – ഒരു സംശയവും വേണ്ട. പക്ഷെ, ഇന്ന് നിങ്ങള്‍ എങ്ങനെ ജീവിക്കും എന്ന് ഉറപ്പു തരുന്ന ഒരു ഭരണകൂടത്തിനു മാത്രമേ നാളെയെപ്പറ്റി പറയാന്‍ യോഗ്യതയുള്ളൂ. അതാണ്‌ ഏറ്റവും വലിയ ജനാധിപത്യബോധം, രാഷ്രീയ ബോധ്യം.

ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടിയ ദിവസം ജാഥ കാണാന്‍ തന്റെ വല്ല്യാമ്മമയുടെ ചുമലിലിരുന്ന് ‘അങ്ങാടി’യിലേക്ക് പോയ അമ്മയുടെ വിശേഷം പണ്ട് പറഞ്ഞത് ഇത് എഴുതുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നു, . സ്വാതന്ത്ര്യം ഓര്‍മ്മയുടെ കൂടി പ്രവര്‍ത്തനമാണല്ലോ.

Comments
Print Friendly, PDF & Email

കവി, കഥാകൃത്ത്, നോവലിസ്റ്റ്. പട്ടാമ്പി സ്വദേശി. ഇപ്പോൾ തൃശൂരിൽ താമസിക്കുന്നു.

You may also like