പൂമുഖം ഓർമ്മ ഓർമ്മയിൽ ഒരു മയിൽപ്പീലിയായ് മുരളീനാദം

ഓർമ്മയിൽ ഒരു മയിൽപ്പീലിയായ് മുരളീനാദം

മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി എന്‍.എന്‍. കക്കാടിനെക്കുറിച്ച് പത്‌നി ശ്രീദേവി കക്കാടിന്‍റെ സ്മരണകളുടെ തുടർച്ചകൾ


ിശ്രാന്തി എന്നാല്‍ എന്താണ്? വെറുതെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതാണ് വിശ്രമം എന്നാണ് പൊതു ധാരണ. എന്നാല്‍ ഒരു പ്രവൃത്തി ചെയ്ത് കുറേ കഴിയുമ്പോള്‍ തികച്ചും വ്യത്യസ്തമായ മറ്റൊന്നിലേക്ക് മാറുന്നതും വിശ്രമമാണെന്ന് പഠിച്ചത് എന്‍. എന്‍. കക്കാടിന്‍റെ കൂടെ ജീവിക്കാന്‍ തുടങ്ങിയപ്പോഴാണ്.

അദ്ദേഹം വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല. ഗൗരവമായ വായനയില്‍ മുഴുകി കുറേനേരം കഴിഞ്ഞാല്‍ വായനയ്ക്കവധികൊടുത്ത് തോട്ടപ്പണിക്കിറങ്ങും. അല്ലെങ്കില്‍ കണ്ണടച്ചിരുന്ന് കസാലക്കൈയില്‍ തായമ്പകയുടെ എണ്ണങ്ങള്‍ കൊട്ടിത്തീര്‍ക്കും; അതുമല്ലെങ്കില്‍ ഓടക്കുഴലെടുത്ത് കുറച്ച് നേരം വായിക്കും. ഗൗരവവായനയുടെ പിരിമുറുക്കം കുറയ്ക്കാനും മനസ്സ് ശാന്തമാക്കാനും പുതിയ ഊര്‍ജം സംഭരിക്കാനുമുള്ള മാര്‍ഗ്ഗമായിരുന്നു ഈ ശീലം.

കോട്ടൂളിയില്‍ താമസിച്ചിരുന്ന കാലത്ത് അടുത്ത വീട്ടിലെ ഗൃഹനാഥന്‍ പറയുമായിരുന്നു “ജോലി കഴിഞ്ഞ് സന്ധ്യക്ക് വീട്ടിലെത്തി കോലായില്‍ കിടന്ന് വിശ്രമിക്കുമ്പോള്‍ ഓടക്കുഴല്‍ വിളി കേള്‍ക്കുന്നത് ഇമ്പമുള്ള അനുഭവമാണ്” എന്ന്.

ഓടക്കുഴല്‍ സ്വരം ദൂരെ നിന്ന് കേട്ട് വീട്ടില്‍ വന്ന ഒരു വഴിപോക്കന്‍ തനിക്ക് ഓടക്കുഴല്‍ പഠിപ്പിച്ച് തരുമോ എന്ന് ചോദിച്ച അനുഭവവുമുണ്ട്. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും നന്നായി ഓടക്കുഴല്‍ വായിക്കുമായിരുന്നു. ആകാശവാണിയില്‍ ജോലിയിലിരിക്കെ, പുല്ലാങ്കുഴല്‍ വിദഗ്ദ്ധന്‍ ജി. എസ്. ശ്രീകൃഷ്ണന്‍റെ ശിക്ഷണത്തില്‍ ആ കഴിവ് വികസിപ്പിക്കാന്‍ ശ്രമിക്കുകയുമുണ്ടായി. അന്ന് ശ്രീകൃഷ്ണന്‍ സമ്മാനിച്ച ഓടക്കുഴല്‍ ഒരമൂല്യ ഉപഹാരമായി സൂക്ഷിച്ചു. കാലമേറെക്കഴിഞ്ഞാറെ പ്രിയ സുഹൃത്ത് ഡോ. എന്‍. എം.നമ്പൂതിരിയും ശ്രീകൃഷ്ണന്‍റെ ശിഷ്യനാണെന്നറിയുമ്പോള്‍ കക്കാട് രോഗശയ്യയിലാണ്. തനിക്ക് ഇനി ഓടക്കുഴലെടുത്ത് വായിക്കാന്‍ കഴിയില്ലെന്ന ബോദ്ധ്യമുണ്ടായിരുന്നതിനാല്‍ അമൂല്യമായ ആ ഉപഹാരം അദ്ദേഹത്തിന് സമ്മാനിച്ചു. ഇപ്പോള്‍ അതൊന്ന് തൊടാന്‍ പോലുമാവാതെ രോഗശയ്യയിലാണ് അദ്ദേഹം എന്നത് വിധിയുടെ ക്രൂരവിനോദമെന്നല്ലാതെ എന്തുപറയാന്‍!

മാങ്കാവില്‍ താമസിച്ചിരുന്ന കാലത്ത് പലരേയും പരിചയപ്പെട്ട കൂട്ടത്തില്‍ കോവിലകത്ത് സകുടുംബം താമസിക്കുന്ന ചെറുവക്കാട്ട് സുബ്രഹ്മണ്യന്‍ നമ്പൂതിരിയെ പരിചയപ്പെട്ടിരുന്നു. കാലമേറെക്കഴിഞ്ഞ് ചെറൂക്കാട് രോഗിയായി കിടക്കുകയാണെന്നറിഞ്ഞപ്പോള്‍ അനുജത്തി പാര്‍വതിയോടൊപ്പം അദ്ദേഹത്തെ കാണാന്‍ പോയി. മകള്‍ മഹാദേവിത്തമ്പുരാട്ടിയും അനുജനും അച്ഛനെ ശുശ്രൂഷിച്ചുകൊണ്ട് അടുത്തുണ്ട്.  പണ്ട് പുത്തന്‍കോലോത്ത് താമസിച്ച കക്കാടിന്‍റെ ഭാര്യയാണെന്ന് മഹാദേവി അനുജന് എന്നെ പരിചയപ്പെടുത്തി. അപ്പോള്‍ ചെറുപ്പക്കാരന്‍ പറഞ്ഞു, “അന്ന് ഞാന്‍ ചെറിയ കുട്ടിയായിരുന്നല്ലൊ. ആളെക്കണ്ടത് ഒട്ടും ഓര്‍മ്മ വരുന്നില്ല. എന്നാല്‍ പരിസരമാകെ നിശ്ശബ്ദമായ ചില രാത്രികളില്‍ അദ്ദേഹത്തിന്‍റെ ഓടക്കുഴല്‍ ശബ്ദം കേട്ടത് ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്.”

ആ വാക്കുകള്‍ പ്രസാദാത്മകമായിരുന്ന ഭൂതകാല മധുരസ്മരണകളിലേക്കെന്നെ കൂട്ടിക്കൊണ്ടുപോയി. മനസ്സിലെന്നും പ്രീതിയോടെ പ്രതിദ്ധ്വനിക്കുന്ന ഓടക്കുഴല്‍ നാദം വീണ്ടും സജീവ സാന്നിദ്ധ്യമായനുഭവപ്പെട്ടു. ഓര്‍മ്മയില്‍ ഒരു മയില്‍പ്പീലിയായി മുരളീനാദം!

Comments
Print Friendly, PDF & Email

കവി എൻ. എൻ. കക്കാടിന്റെ പത്നി. കക്കാടിനെ പറ്റി ആർദ്രമീ ധനുമാസരാവിൽ എന്ന പുസ്തകം എഴുതിയിട്ടുണ്ട്

You may also like