പൂമുഖം LITERATURE മൈമുനയുടെ നീലഞരമ്പും ശ്രീജന്റെ ശീതരക്തവും

മൈമുനയുടെ നീലഞരമ്പും ശ്രീജന്റെ ശീതരക്തവും

ഖസാക്കിന്റെ ഇതിഹാസം വെങ്കടേശ് മാട്ഗൂഴ്ക്കറുടെ ബെന്‍ഗര്‍വാടി എന്ന കൃതിയുടെ അനുകരണമാണെന്ന 39 വർഷം പഴകിയ ആരോപണം വെയ്സ്റ്റ് ബിന്നിൽ നിന്ന് പുറത്തെടുത്ത് വി. സി ശ്രീജനും സമകാലികമലയാളവും ലക്ഷ്യമാക്കുന്നതെന്താണെന്ന് മുസാഫർ ചോദിക്കുന്നു.


ലയാളി ഭാവുകത്വത്തിന്റെ പരികല്‍പനകളില്‍ അന്നോളം നിലനിന്നിരുന്ന രീതിശാസ്ത്രത്തിന്റെ അടയാളങ്ങളെ അസാധാരണ രചനാരീതി കൊണ്ട് മിനുക്കിയെടുക്കുകയും ആസ്വാദനത്തിന്റെ അതിശയ ലോകത്തേക്ക് അപൂര്‍വമായ അഴകോടെ വായനക്കാരന്റെ സംവേദനത്തെ ഉയര്‍ത്തുകയും ചെയ്ത ഖസാക്കിന്റെ ഇതിഹാസം, വെങ്കടേശ് മാട്ഗൂഴ്ക്കറുടെ ബെന്‍ഗര്‍വാടി എന്ന കൃതിയുമായി സാദൃശ്യമുള്ളതാണെന്ന പഴകിനാറിയ വിതണ്ഡവാദത്തിന്റെ വേയ്സ്റ്റ് ഇതാ വീണ്ടും മാലിന്യക്കുഴിയില്‍ നിന്ന് തോണ്ടിയെടുത്ത് സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തിന്റെ ഏഴുപുറങ്ങളിലായി വിതറി വി.സി. ശ്രീജന്‍ നമ്മുടെ മൂക്കിന്റെ പാലം പൊളിക്കുന്നു.
ജി.എന്‍.പണിക്കരാണ് ഖസാക്കിന്റെ ഇതിഹാസം, ബെന്‍ഗര്‍വാടിയുടെ അനുകരണമാണെന്ന രീതിയില്‍ ഇരുകൃതികളിലേയും ചില കല്‍പനകളേയും രൂപകങ്ങളേയും താരതമ്യപ്പെടുത്തി 1977 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആദ്യമായി ലേഖനമെഴുതിയത്. അവിടെയുമിവിടെയും ചില പൊയ്‌വെടികള്‍ ഉയര്‍ന്നുവെന്നല്ലാതെ വലിയ ചലനങ്ങളൊന്നുമുണ്ടാക്കാതെ പോയ പണിക്കരുടെ ഈ വാദമുഖത്തോടൊപ്പം നില്‍ക്കാന്‍ ആരേയും കിട്ടിയില്ല. ഏകാധ്യാപക വിദ്യാലയം, സുബദ്ധമായി ചിട്ടപ്പെടുത്തിയ ഇതിവൃത്തമില്ലാത്ത രേഖാചിത്രങ്ങള്‍ തുടങ്ങിയ ചില കേവല പൊതു സമാനതകളൊഴിച്ചാല്‍ ബെന്‍ഗര്‍വാടി വെറും ചവറാണെന്നും ഖസാക്ക് മന്ദ്രസ്വനിതമായ സംഗീതമാണെന്നും പിറ്റേ ആഴ്ചയിലെ മലയാളനാട് വാരികയില്‍ നിരൂപണശാഖയിലെ തരുണശബ്ദമായ സി.എ. മോഹന്‍ദാസ് സവിസ്തരം എഴുതി. ബെന്‍ഗര്‍വാടി വിശദമായി അപഗ്രഥിച്ചു തന്നെയാണ് അദ്ദേഹം ആ ലേഖനമെഴുതിയതും പണിക്കരുടെ വാദങ്ങളെ യുക്തിസഹമായി പൊളിച്ചടുക്കിയതും. ബെന്‍ഗര്‍വാടിയുടെ കുറച്ചു പ്രതികള്‍ അധികം ചെലവായിയെന്നത് വാസ്തവം.

1969 ല്‍ ഖസാക്ക് എഴുതുംമുമ്പേ, അപ്പുക്കിളിയെക്കുറിച്ച് വിജയന്‍ ചെറുകഥയുമെഴുതിയിരുന്നു. ബെന്‍ഗര്‍വാടി വരുന്നത് പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എന്നോര്‍ക്കുക. (പാലക്കാട്ടുകാരനായ ഒരു ഖസാക്ക് ആരാധകന്‍ തസറാക്കിനടുത്ത് ഈയിടെ പണിത വീടിന് നല്‍കിയ പേര്: അപ്പുക്കിളി. ഖസാക്കിന്റെ സൗന്ദര്യം, ഖസാക്കിന്റെ ലയഭംഗി, ഖസാക്ക് ഭാഷയുടെ സിംഫണി ഇതൊക്കെ കാലാതിശായിയായി നിലനില്‍ക്കുന്നുവെന്നതിന് തെളിവുകള്‍ വേറെ വേണ്ട).

12524363_999635960084264_8861866798239358726_n
ജി.എന്‍. പണിക്കരുടെ പിറകില്‍ അന്ന് വിജയനെ ഇകഴ്ത്താന്‍ കൊതിച്ചിരുന്ന പലരുമുണ്ടായിരുന്നു. കെ.വി. തിക്കുറിശ്ശി, ആര്‍.എസ്. വര്‍മ്മാജി എന്നിവര്‍ പണിക്കരെ പരസ്യമായി പിന്തുണച്ചുവെന്ന് ശ്രീജന്‍. വാറ്റുചാരായം കുടിച്ച രവിയ്‌ക്കെതിരെ മോറല്‍ പോലീസിംഗ് ചമഞ്ഞ് കോളേജധ്യാപകനായ ഉണ്ണിക്കൃഷ്ണന്‍ ചേലേമ്പ്ര ആയിടെ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ലേഖനമെഴുതിയതും ഓര്‍ക്കുന്നു. ഇപ്പോള്‍ വി.സി. ശ്രീജന്‍ പറയുന്ന, മൈമൂനയുടെ നീലഞരമ്പോടിയ കൈകള്‍ എന്ന പ്രയോഗം, ലോറന്‍സ് ഡ്യൂറലിന്റെ അലക്‌സാണ്ട്‌റിയാ ക്വാര്‍ട്ടൈറ്റില്‍ നിന്നെടുത്തതാണെന്ന് ആദ്യം പറഞ്ഞത് വി.കെ.എന്‍ ആയിരുന്നു. (വെളുത്ത നിറമുള്ള എല്ലാവരുടെ കൈകളിലും നീലഞരമ്പുകള്‍ കാണും എന്നാണ് ആര്‍ക്കറിയാത്തത്?).. പക്ഷേ 1978-79 ആയതോടെ ഈ ആരോപണങ്ങളെല്ലാം അര്‍ഹിക്കുന്ന വെറുപ്പോടെ ചവറ്റുകൊട്ടയില്‍ തള്ളപ്പെട്ടു. മാഡ്ഗൂഴ്ക്കര്‍ എന്ന പേര്, മൂന്നര പതിറ്റാണ്ടിനു ശേഷം ഇപ്പോള്‍ മലയാളം വാരികയിലാണ് കണ്ടത്! ഖസാക്കിന്റെ ഇതിഹാസം അമ്പത്തിരണ്ടാം പതിപ്പിലേയ്ക്ക് കടന്നു. മലയാള സാഹിത്യത്തിന്റെ രാജപഥങ്ങളില്‍ ഒ.വി. വിജയന്‍ ഇന്നും ഇതിഹാസതുല്യനായി വിരാജിക്കുന്നു.

ബെന്‍ഗര്‍വാടിയുമായി ഖസാക്കിനെ താരതമ്യം ചെയ്തതില്‍ ജി.എന്‍. പണിക്കര്‍ കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തെ ഒരു അവാര്‍ഡ് ചടങ്ങിനിടെ, ഖേദം രേഖപ്പെടുത്തിയതായും ആ ലേഖനം വേണ്ടിയിരുന്നില്ല എന്ന സങ്കടം കുറ്റബോധത്തോടെ പങ്ക് വെച്ചതായും ഖസാക്കിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാനാവുന്ന, ഒ.വി. വിജയന്റെ ആത്മസുഹൃത്ത് കൂടിയായിരുന്ന, ആഷാമേനോന്‍ എന്നോട് പറഞ്ഞത് കൂടി ഇവിടെ കുറിക്കട്ടെ. ശ്രീജന്‍ എന്തിനാണാവോ, റി സൈക്കിള്‍ ചെയ്യപ്പെടാതെ നിറഞ്ഞുകുമിഞ്ഞ ചവറ്റുവീപ്പയില്‍ തലയിട്ട് 39 വര്‍ഷം മുമ്പത്തെ ചീഞ്ഞളിഞ്ഞ മലിനവസ്തുവിനെ പുറത്തേക്കെടുക്കുന്നത്?

കലൂര്‍ എക്‌സ്പ്രസ്സ് ഹൗസിലെ വെയ്സ്റ്റ് ബാസ്‌ക്കറ്റിലേക്ക് പോകേണ്ടിയിരുന്ന ഈ സാധനം എങ്ങനെ അച്ചടിമഷി പുരണ്ടു? ഇന്ത്യന്‍ ജേര്‍ണലിസത്തിന്റെ രാജശില്‍പികളിലൊരാളായ ടി.ജെ.എസ് ജോര്‍ജ് സാറും എന്റെ ചങ്ങാതി
സജി ജെയിംസും (സമകാലിക മലയാളം വാരിക) ഈ ചവറ് അച്ചടിച്ച കുറ്റത്തിന് എന്ത് പ്രായശ്ചിത്തം ചെയ്യും?
ഏതായാലും, സാത്വിക വിശുദ്ധിയുടെ പ്രതീകമായിരുന്ന വിജയന്റെ ആത്മാവ് പൊറുത്ത് തരട്ടെ.

Comments
Print Friendly, PDF & Email

പ്രമുഖ പത്രപ്രവർത്തകൻ. കുറേകാലമായി സൗദിയിൽ പത്രപ്രവർത്തന രംഗത്ത്.

You may also like