പൂമുഖം INTERVIEW അതീത മാർഗങ്ങൾ, സഞ്ചാരങ്ങൾ – സംഭാഷണം: ശീതൾ/ഗീത

അതീത മാർഗങ്ങൾ, സഞ്ചാരങ്ങൾ – സംഭാഷണം: ശീതൾ/ഗീത

കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ ഇടപെടുന്നവർക്ക് സുപരിചിതമായ പേരാണ് ശീതളിന്റേത്. ആണായി ജനിച്ച് പെണ്ണായി ജീവിക്കുന്നവൾ. ജന്മമാണോ ജീവിതമാണോ ഒരാളുടെ ജെണ്ടർ തീരുമാനിക്കുന്നത് എന്നതിനെപ്പറ്റി വലിയ ചർച്ചകൾ നടക്കുമ്പോൾ യാതൊരു സംശവുമില്ലാതെ ശീതൾ പറയും മനസ്സാണ്.

ശീതൾ അവളുടെ കാമുകൻ സ്മിൻറ്റോജന്റെ കൂടെ വീടെടുത്ത് കുടുംബ ജീവിതം നയിക്കാൻ തുടങ്ങുകയാണ് 2016 ആഗസ്റ്റ് 14 ന്‌.

നമ്മുടെ സ്വാതന്ത്ര്യ ദിനത്തിന് അങ്ങനെ ഒരർഥം കൂടിയുണ്ടാവട്ടെ.


13909249_10209312973915766_6301805130460298929_o

അതീത ജന്മങ്ങള്‍; ജീവിതങ്ങള്‍ : അര്‍ത്ഥം വാക്കിനെ അന്വേഷിക്കുന്നു – നാല്

ഗീത : പരമ്പരാഗതമായ തുടക്കം തന്നെയാകട്ടെ. ശീതളിന്റെ അമ്മയച്ഛന്മാരെപ്പറ്റിയും ജനനത്തെപ്പറ്റിയും പറയൂ.

ശീതൾ : ഞാൻ ജനിച്ചതു കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലാണ്. എന്റെ അമ്മ രാധ വിളക്കത്തലനായർ ജാതിയിൽപെട്ട ആളായിരുന്നു. കോഴിക്കോട്ടുകാരി. അച്ഛൻ സൈമൺ. ക്രിസ്ത്യൻ ആർ.സി. അച്ഛനന്ന് മഹാറാണി ഹോട്ടലിൽ ജോലിക്കു നില്ക്കായിരുന്നു. അച്ഛന്റെ തറവാടുവീട് തൃശൂരായിരുന്നു. എന്നെ പ്രസവിച്ചതിനുശേഷം തൃശൂരിലെ തറവാടുവീട്ടിലേക്കു വന്നു. അവിടെ അച്ഛന്റെ സഹോദരങ്ങളുണ്ടായിരുന്നു. അവിടെയെത്തിയപ്പോൾ അമ്മ സ്ട്രഗിൾ ചെയ്തുതുടങ്ങി. എന്നോടമ്മ പറഞ്ഞിട്ടുണ്ട് വല്ലാതെ കഷ്ടപ്പെട്ടുവെന്ന്. അവരെല്ലാംകൂടി അമ്മയെ പലതും പറഞ്ഞ് ഉപദ്രവിച്ചുതുടങ്ങി. എനിക്കു 3 വയസ്സായപ്പോൾ അനിയനുണ്ടായി. ആരും അത്രക്കു കഷ്ടപ്പെട്ടിട്ടുണ്ടാവില്ല. അമ്മക്കു സഹിക്കവയ്യാതെ ആയപ്പോൾ അടുത്തുളള പാറപ്പുറം എന്ന സ്ഥലത്ത് വാടകവീട്ടിലേക്കു മാറി. ഡാഡി കളളുകുടി തുടങ്ങി. വീട്ടിലേക്ക് ഒന്നും തരില്ല. വലിയ പട്ടിണിയായി. അമ്മ കുറച്ചൊക്കെ സാമ്പത്തികം  ഉള്ളിടത്തു നിന്നു വന്നതാണ്. കുറച്ചു വിദ്യാഭ്യാസവുമുണ്ട്. പഴയ എട്ടാം ക്ലാസാണ്. അന്ന് റെയിൽവേ സ്റ്റേഷനിൽ ലോഡിങ്കാര് അരിയിറക്കുമ്പോൾ വരുന്ന വെയ്സ്റ്റ്  അരി പെറുക്കി സ്ത്രീകൾ ചാക്കിലാക്കി കുറഞ്ഞവിലയ്ക്കു വില്ക്കും. ആ അരി വാങ്ങി ചേറിക്കഴുകി വൃത്തിയാക്കിയാണ് അന്ന് അമ്മ ഭക്ഷണം പാകം ചെയ്തിരുന്നത്. വലിയ കഷ്ടമായിരുന്നു.

ഗീത : അന്നെങ്ങനെയാണു കഴിഞ്ഞിരുന്നത്?

ശീതൾ  :  ഡാഡി കള്ളുകുടി തന്നെ. പണിക്കൊന്നും  പോകാതായി. ഡാഡിക്ക് അമ്മയെ സംശയമായിരുന്നു. അമ്മ സുന്ദരിയായിരുന്നു. ആ സൗന്ദര്യവും നിറവുമാണ് എന്റനിയനു കിട്ടിയത്. എനിക്ക്  ഡാഡിയുടെ ഛായയാണ്. ഡാഡി അമ്മയെ തല്ലും. എന്നും. അമ്മ കരച്ചിലാണ്. ഡാഡി പണിക്കു തീരെ പോകാതായപ്പോൾ അമ്മക്കു പണിക്കു പോകേണ്ടിവന്നു. അമ്മ തേപ്പുപണിക്കു പോയി. അടുക്കളപ്പണിക്കു പോയി. വീട്ടിലാകട്ടെ ഡാഡിയുടെ പ്രശ്‌നങ്ങൾ കൂടിക്കൂടി വന്നു. ചെറിയ കാര്യങ്ങൾക്ക്  വലിയ ബഹളമായി. ചോറിൽ മുടി കണ്ടാൽ പ്രശ്‌നം. കൂട്ടാനിൽ കുറച്ചുപ്പേറിയാൽ  കുഴപ്പം. ഞങ്ങൾ  ചിരിച്ചാൽ ഡാഡിക്കു ദേഷ്യം വരും. പിന്നെ ചീത്തവിളിക്കും. അമ്മയെ അടിക്കും. അമ്മ  കരയും. ഞാനും കരയും. എനിക്കുറക്കം വരില്ല. രാത്രി മുഴുവൻ ഞാൻ അമ്മയോടൊപ്പം ഇരിക്കും. അമ്മയെ ഡാഡി തല്ലുമ്പോൾ ഞാൻ അലറിക്കരയും. അനിയൻ അനങ്ങാണ്ടിരിക്കും.

ഗീത : ഒപ്പമുള്ള ആൺകുട്ടികളിൽ നിന്ന് ചെറുപ്പത്തിൽത്തന്നെ ശീതളിന്റെ പ്രകൃതത്തിനു വ്യത്യാസമുണ്ടായിരുന്നോ? എങ്ങനെയായിരുന്നു അനുഭവങ്ങൾ? ഈ വ്യത്യാസം പ്രകടമായിരുന്നുവോ?

ശീതൾ  : ശ്യാമനെന്നായിരുന്നു വീട്ടുകാർ എനിക്കിട്ട പേര്. എന്നെ ഒന്നാംക്ലാസിൽ ചേർത്തത് പള്ളിസ്‌കൂളിലായിരുന്നു. അപ്പനും അമ്മയും  മിശ്രവിവാഹിതരായതു കൊണ്ട് പള്ളിയോട് അത്രയൊന്നും ഞങ്ങൾക്കടുപ്പമുണ്ടായിരുന്നില്ല. പള്ളിസ്‌കൂളിൽ ചേർത്തതോടെ പള്ളിയിൽപ്പോകാനും പ്രാർഥിക്കാനുമൊക്കെ പഠിച്ചു.

            സ്‌കൂളിൽ എനിക്കു പെൺകുട്ടികളോടായിരുന്നു അടുപ്പം. ഞാനെപ്പോഴും  അവരോടൊപ്പമായിരുന്നു. കുട്ടികൾ അച്ഛനും അമ്മയും കളിക്കുമ്പോൾ ഞാനെപ്പോഴും അമ്മയാവും. വേസ്റ്റായ തുണികൾ കൂട്ടി സാരിയുടുക്കും. സീതാർമുടി കൂട്ടിക്കെട്ടി മുടിയാക്കും. വീട്ടിൽ അമ്മ  ചെയ്യുന്നതൊക്കെ ഞാൻ നന്നായി  ശ്രദ്ധിക്കാറുണ്ടായിരുന്നു. ചാള നന്നാക്കുന്നതും അരി കഴുകുന്നതുമൊക്കെ. അതുപോലൊക്കെ ചെയ്ത് ശരിക്കൊരമ്മയായി ഞാൻ മാറും. പിന്നെ കല്ലുകളി, കിളിമാഡുകളി  എല്ലാം പെൺകുട്ടികളോടൊപ്പമായിരുന്നു.  എനിക്ക് പൂ ചൂടാൻ വലിയ ഇഷ്ടമായിരുന്നു. നിറങ്ങൾ നല്ല ഇഷ്ടമായിരുന്നു. പൂക്കളും നിറങ്ങളും  ഒക്കെ എന്നെ വല്ലാതെ ആഹ്ലാദിപ്പിച്ചു.  അടുത്തവീട്ടിലൊക്കെ കല്യാണമുണ്ടാവുമ്പോൾ കല്യാണപ്പെണ്ണിനെ ഞാൻ നോക്കിനില്ക്കും. അങ്ങനെ അണിഞ്ഞൊരുങ്ങാൻ എനിക്കു കൊതിയായിരുന്നു. ക്ലാസിലാകട്ടെ അടിച്ചുവാരൽ പെൺകുട്ടികളുടെ ജോലിയാണ്. ആൺകുട്ടികളുടെ ജോലി സംസാരിച്ചവരുടെ പേരെഴുതലാണ്. ഞാൻ ക്ലാസ്സടിച്ചുവാരാൻ നില്ക്കും. പെൺകുട്ടികളോടൊപ്പം അടിച്ചുവാരും. പൂ പറിച്ച് മാതാവിന്റടുത്ത് കൊണ്ടു പോയി വെക്കും.

IMG-20160813-WA0061

ശീതളിനും സ്മിന്റോജനുമൊപ്പം ഗീത

ഗീത: ക്ലാസിലെ കുട്ടികൾ എങ്ങനെയാണു പ്രതികരിച്ചത്?

ശീതൾ  :  ആൺകുട്ടികൾ എന്നെ പിച്ചുകയും മാന്തുകയും ചെയ്തു. എനിക്കവരെ പേടിയായിരുന്നു. അന്നാകട്ടെ ഇടക്കിടക്ക് സമരവും. ഞാനെപ്പോഴും പെൺകുട്ടികളോടു ചേർന്നുനിന്നു. അവരെന്നെ ഉപദ്രവിച്ചില്ല.  അവർക്കെന്നെ നല്ല ഇഷ്ടമായിരുന്നു. ഒരിക്കൽ സ്‌കൂളിൽ പ്രൊജക്റ്റർ വെച്ചു സിനിമ കാണിച്ചു. സരിതയും മമ്മൂട്ടിയും ഭാര്യയും ഭർത്താവുമായിരുന്നു. ബേബി ശ്യാമിലിയായിരുന്നു അവരുടെ കുട്ടി. അതു കണ്ടുകഴിഞ്ഞ് ഞാൻ സ്വയം സരിതയുടെ കഥാപാത്രമാണെന്നു സങ്കല്പിച്ചു ബേബി ശ്യാമിലിക്കു പകരം ഒരു പാവയെ വാങ്ങി ഓമനിച്ചു.

ഗീത  :  സ്വഭാവത്തിലെയും പെരുമാറ്റത്തിലെയും ഈ വ്യത്യാസം ആരും  ശ്രദ്ധിച്ചില്ലേ?

ശീതൾ  :  അമ്മയാണു ശ്രദ്ധിച്ചത്. കുടുംബത്തിൽ ഞാനെപ്പോഴും അമ്മയോടു ചേർന്നാണു നിന്നത്. പാവം അമ്മ എന്നും ഡാഡി കുടിച്ചു വന്നു തല്ലും. നിസ്സാരകാര്യങ്ങൾക്കായിരുന്നു വഴക്ക്. എനിക്കുറക്കം വരില്ല. ഞാനമ്മയോടൊപ്പം ഇരിക്കും.

ഗീത  :  മുതിർന്ന ക്ലാസിലെത്തിയപ്പോഴും പെൺകുട്ടികളോടൊപ്പമായിരുന്നുവോ?

ശീതൾ  :  അഞ്ചാം ക്ലാസുമുതൽ കൂർക്കഞ്ചേരി ജെ.പി.ഇ.എച്ച്.എസിലാണു പഠിച്ചത്. അവിടെ ഹൈസ്‌കൂളിൽ വലിയ ആൺകുട്ടികളായിരുന്നു. മുണ്ടൊക്കെ മടക്കിക്കുത്തി അവരെ കാണുമ്പോൾ എനിക്കു പേടിയായിരുന്നു. അവരെ കാണാണ്ടിരിക്കാൻ ഞാൻ കുട ചൂടി മറച്ചു നില്ക്കും.

ഗീത : ആൺകുട്ടികളെ പേടിച്ച് സ്‌കൂളിൽ പരിപാടികളിലൊന്നും പങ്കെടുത്തില്ലേ?

ശീതൾ  :  ആദ്യമൊക്കെ ഞാനൊറ്റപ്പെട്ടിരുന്നു. ആൺകുട്ടികളുടെ  കൂടെയിരിക്കാൻ പേടി. അവരെ കാണുമ്പോൾപ്പോലും ഭയം.

ഗീത :  അവരിൽ ഒരാളല്ല എന്ന് ശീതൾ തിരിച്ചറിഞ്ഞത് ആ ഭയത്തിലൂടെയാകണം എന്നു ഞാൻ  വിചാരിക്കുന്നു. അതേസമയം ആൺകുട്ടികളുടെ വേഷം ധരിച്ച ശീതളിനെ  പെൺകുട്ടികളും പെൺകുട്ടികളെ പോലെ പെരുമാറുന്ന ശീതളിനെ ആൺകുട്ടികളും മനസിലാക്കിയിരിക്കാൻ സാധ്യതയില്ല. ഇരുകൂട്ടർക്കും ‘അപര’മായി മാറുന്നതിന്റെ ഗതികേടിലായിരിക്കണം ശീതൾ.

ശീതൾ : അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ യൂത്ത്‌ഫെസ്റ്റിവലിൽ പങ്കെടുത്തു. ഗോപികാവസന്തം…. എന്ന ഡാൻസുചെയ്തു. മായപൊൻമാനെ…. എന്നു പാട്ടു പാടി. എനിക്കു സമ്മാനം കിട്ടി. അങ്ങനെ സ്‌കൂളിൽ കുറെപ്പേരൊക്കെ എന്നോടു സംസാരിച്ചു തുടങ്ങി.

13394185_183190715416078_6046129467556533132_n

ഗീത  :  ഗ്രൗണ്ടിൽ കളിക്കാൻ പോയിരുന്നോ?

ശീതൾ  :  എനിക്കു കലാപരിപാടികളായിരുന്നു ഇഷ്ടം. പക്ഷേ ഒരു തമാശയുണ്ടായി. ആറാംക്ലാസിൽ വെച്ച് ഞാനൊരു  ഫുട്‌ബോൾ മാച്ചിൽ പങ്കെടുത്തു. അതു കലാപരിപാടിയാണെന്നു വിചാരിച്ചാണു പങ്കെടുത്തത്. കളിയാണെന്നറിഞ്ഞില്ല. ബാളിന്റെ പിന്നാലെ ഞാനോടി. എനിക്ക് ഡാൻസെന്നുവെച്ചാൽ ജീവനായിരുന്നു. വീട്ടിലെ ടേപ്പ്‌റിക്കാർഡർ ഡാഡി തല്ലിപ്പൊട്ടിച്ചു. അടുത്ത വീട്ടിലെ ടേപ്പ് റിക്കാർഡർ വെച്ചാണ് ഡാൻസും  പാട്ടുമൊക്കെ പ്രാക്റ്റീസു ചെയ്തത്. എന്നെ നൃത്തം പഠിപ്പിക്കാൻ വിട്ടില്ല. എന്നിലെ കഴിവുകളൊന്നും ആരും പ്രോത്സാഹിപ്പിച്ചില്ല. ഏഴാംക്ലാസിൽ ഞാൻ സംഘഗാനം പാടി. കൂട്ടത്തിലുള്ളവരൊന്നും നന്നായി പാടിയില്ല. മെയിൽ വോയ്‌സും ഫിമെയിൽ വോയ്‌സും ഞാൻതന്നെ പാടി. അതിനു സമ്മാനം കിട്ടി.

ഗീത   :  ഇതിനിടയിൽ പഠിപ്പോ?

ശീതൾ :  മോശമായി. മാർക്കുകൾ കുറവായിരുന്നു. ക്ലാസിൽ ടീച്ചേഴ്‌സ് എന്നെക്കൊണ്ടു വായിപ്പിക്കില്ല. ശബ്ദം നന്നല്ലെന്നു പറഞ്ഞ്. നീയാദ്യം പോയി ആങ്കുട്ട്യാവ് എന്നിട്ട് പഠിക്കാൻ വാ എന്നാണവർ പറയുക. ആൺകുട്ട്യോള്  കളിയാക്കും. പെങ്കുട്ട്യോള് എന്നെ കളിയാക്കിയിട്ടില്ല. ഞാനവരോടൊപ്പം കളിക്കുകൂടും. കല്ലുകളി, കിളിമാഡുകളി….

            എന്താന്നറിയില്ല. എനിക്ക് എല്ലാടത്തു നിന്നും ചീത്തയായിരുന്നു. വീട്ടില് ചീത്ത പൊറത്ത് ചീത്ത സ്‌കൂളില് ചീത്ത

ഗീത :  ഇത്രയേറെ വഴക്കു കേൾക്കുമ്പോൾ എന്തെങ്കിലും കുഴപ്പമുള്ളതായി ശീതളിനു തോന്നിയോ?

ശീതൾ  :  പഠിക്കാൻ ഞാൻ മോശമായിരുന്നു. ക്ലാസിൽ വായിപ്പിക്കാതായതോടെ വായനയിൽ ശ്രദ്ധ കുറഞ്ഞു. തീരെ വായിക്കാതെ ആയി. മറ്റൊരു കുഴപ്പവും എനിക്കുള്ളതായി തോന്നിയില്ല. കൺമഷിയും പൊട്ടും ഇടാൻ എനിക്കിഷ്ടമായിരുന്നു. ഫുൾടൈം കണ്ണാടീലാണ്. വളപ്പൊട്ടുകൾ ശേഖരിച്ചു. ചുറ്റുമുള്ള ചപ്പുചവറുകളൊക്കെ പെറുക്കി വൃത്തിയാക്കും. വീട്ടിൽ  റോസുകൾ കൊണ്ടുവന്നു നട്ടുപിടിപ്പിച്ചു. എനിക്ക് പൂക്കൾ എന്നുവെച്ചാൽ ജീവനായിരുന്നു. ആര് എവിടെ വെച്ച് പാടാൻ പറഞ്ഞാലും ഞാൻ പാട്ടുപാടിക്കൊടുക്കും. ഡാൻസു ചെയ്യാൻ പറഞ്ഞാൽ ഡാൻസു ചെയ്യും. ആരെങ്കിലും പറഞ്ഞാൽ  അത് വീട്ടിലായാലും  സ്‌കൂളിലായാലും റോഡിലായാലും വരാന്തയിലായാലും ഞാനപ്പൊ ചെയ്യും. എല്ലാവരും  എന്നെ കളിയാക്കി. ചീത്ത പറഞ്ഞു. എന്തിനെന്ന് എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്റനിയൻ കുളിച്ചു ഫ്രഷായിരിക്കും. ഞാൻ അമ്മ ചെയ്യുന്ന പണികളൊക്കെ വീട്ടിൽ ചെയ്യും. എനിക്കു മാർക്കു കുറവായിരുന്നു. മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഗീത  :  മാർക്കു കുറവായപ്പോൾ സ്‌കൂളിൽ പ്രശ്‌നങ്ങളുണ്ടായില്ലേ?

ശീതൾ : എനിക്ക് പഠിപ്പിൽ ശ്രദ്ധകിട്ടാതിരിക്കാൻ മറ്റുചില കാരണങ്ങൾ കൂടിയുണ്ടായിരുന്നു. അതു ഞാൻ  വഴിയേ പറയാം. മാർക്കു തീരെ കുറഞ്ഞപ്പോൾ സ്‌കൂളിൽ നിന്നു പറഞ്ഞു നാളെ വരുമ്പോൾ അമ്മയെ കൊണ്ടുവരണം. എന്റെ  പഠിപ്പിന്റെ അവസ്ഥയറിഞ്ഞാൽ അമ്മ വല്ലാതെ വിഷമിക്കും. എന്തു ചെയ്യും? നാടുവിടാൻ ഞാൻ തീരുമാനിച്ചു. അടുത്തുള്ള മില്ലിൽ നിന്ന്  അറക്കാപ്പൊടി എടുക്കാൻ പോകാറുണ്ട്. ഭൂഗർഭപെട്ടിയിൽ നിന്നാണ് അറക്കാപ്പൊടി വാരി ചാക്കിൽ കെട്ടുക. ആ പെട്ടി ആരും കാണില്ല. ഞാൻ ആ പെട്ടിയിൽ ഒളിച്ചിരിക്കാൻ തീരുമാനിച്ചു. ഞാനെത്താഞ്ഞപ്പോൾ വീട്ടിൽ  ബഹളമായി. തിരച്ചിലായി. ഒടുവിൽ അവരെന്നെ കണ്ടെത്തി. നാടുവിടാൻ ആഗ്രഹിച്ച ഞാനെത്തിപ്പെട്ടത് അവിടെയായിരുന്നു. എനിക്കു വേറെ നാടൊന്നും  അറിയുമായിരുന്നില്ലല്ലോ. അമ്മ കരച്ചിലോടു കരച്ചില്.  ഡാഡി അടിക്കാൻ വന്നു. അടുത്ത വീട്ടിലെ ചേച്ചിയാണ് ഡാഡിയെ തടഞ്ഞത്-  തൊടര്ത് നീ ക്ടാവിനെ എന്നു പറഞ്ഞ്. കണക്കി ശാന്ത എന്നാണവരെ  വിളിക്കുന്നത്. അവർക്ക് അമ്മയെ നല്ല സ്‌നേഹമായിരുന്നു. നിയ്യവനെ ഒന്നും ചെയ്യര്ത് ട്ടോ എന്ന് അമ്മയോടും ചേച്ചി പറഞ്ഞു. അന്നു രാത്രി അമ്മ കുറേ കരഞ്ഞു. പിറ്റേന്ന് എന്റെ കൂടെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ സ്‌കൂളിലേക്കു വന്നു. അവിടെയെത്തിയപ്പോൾ സംഗതികളാകെ മാറി. സിസ്റ്റർ അമ്മയോടു ചോദിച്ചു. നിങ്ങൾടെ പേരെന്താ? രാധ അച്ഛന്റെ പേര് സൈമൺ.

ങ് – ഹേ ! അപ്പൊ മിശ്രവിവാഹമാണോ?

പിന്നെ പ്രോഗ്രസ്‌കാർഡൊക്കെ വിട്ടു. അതായി പ്രശ്‌നം. അമ്മ കാര്യങ്ങളൊക്കെ പറഞ്ഞു. അപ്പൊ പള്ളീ പോയിട്ടില്ലേ? മാമോദീസാ മുങ്ങീട്ടില്ലേ?

അവർ പറഞ്ഞു പേടിക്കണ്ട നിങ്ങളെ ക്രിസ്ത്യാനിയാക്കാം. പിന്നെ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല. അങ്ങനെ ഏഴാംക്ലാസിൽ പഠിക്കുന്ന എനിക്ക് അമ്മയുടെയും അച്ഛന്റെയും പള്ളിക്കല്യാണം കാണാൻ ഭാഗ്യമുണ്ടായി. അങ്ങനെ ഞാനും അനിയനും മാമോദീസായും മുങ്ങി. പിറ്റേന്ന് ക്ലാസിലെ കുട്ടികളൊക്കെ കളിയാക്കുന്നു.

ഗീത :  അതേത്തുടർന്ന് പഠനകാര്യങ്ങളൊക്കെ എങ്ങനെയുണ്ടായിരുന്നു?

ശീതൾ :  എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ഞാൻ പെൺവേഷം കെട്ടി നൃത്തം ചെയ്തു. മണിച്ചിത്രത്താഴിലെ ഒരു മുറൈവന്തു പാർത്തായാ.. ആണു ചെയ്തത്. നാഗവല്ലി എന്റെ ശരീരത്തിൽ കയറി. കൂടെ  രാമനാഥനായി ഒരാൺകുട്ടിയും. എന്റെ നാഗവല്ലി വീട്ടിലും നാട്ടിലും വലിയ കോലാഹലമുണ്ടാക്കി. നൃത്തത്തിൽ എനിക്കു സമ്മാനം കിട്ടി. അവിടെ ടി ടി സി ക്കു പഠിക്കുന്ന സാറു വന്നു പറഞ്ഞു സൂപ്പറായിട്ടുണ്ട്. എന്നെ എല്ലാവരും  നാഗവല്ലി എന്നു വിളിക്കാൻ തുടങ്ങി. ഒമ്പതാം ക്ലാസിലെത്തിയതോടെ എന്റെ പഠനം നിന്നു.

ഗീത :  ഇതിനിടയിൽ ശീതളിനെപ്പോലെയുള്ള ആരെയെങ്കിലും കണ്ടുമുട്ടിയിരുന്നുവോ?

ശീതൾ :  പുതിയൊരു സുഹൃത്തു വന്നു. കണ്ടപ്പോൾത്തന്നെ എനിക്കു മനസ്സിലായി എന്റെ ഗണത്തിൽപ്പെട്ടവനാണെന്ന്. അവനും അവന്റെ അമ്മ ചെയ്യുന്നതൊക്കെ വീട്ടിൽ ചെയ്യും. അവനെന്നോടു ചോദിച്ചു. ”ചേട്ടന്റെ കൈയിൽ ക്യൂട്ടക്‌സുണ്ടല്ലോ ഡാൻസ് ചെയ്യോ?” ഇതോടെ എനിക്കുറപ്പായി ഇവനും എന്നെപ്പോലെയാണെന്ന്. അവന്റെ വീട്ടിലെ  തൊഴുത്തിലെപ്പണിയൊക്കെ അവൻ ചെയ്തു. അങ്ങനെ അവന്റെ കാലൊക്കെ വിണ്ടുകീറിയിരുന്നു.  അവന്റെ അച്ഛൻ അവന്റെ വിണ്ടുകീറിയ കാലുകൾ അലക്കുകല്ലിൽ നന്നായി ഉരച്ചു. അവനുറക്കെ കരഞ്ഞു. അവന്റെ അമ്മയും കരഞ്ഞു. അവന്റെ കാലിൽ നിന്നൊക്കെ ചോരവന്നു. ഞാനും ഇതുകണ്ടു കരച്ചിൽ തുടങ്ങി. അവന്റെ അമ്മ മഞ്ഞപ്പൊടി കൊണ്ടുവന്ന് മുറിവിലാകെ പുരട്ടി. അങ്ങനെ അവന്റെ വിണ്ടുകീറൽ മാറി. അതോടെ ആ കുട്ടിയും ഞാനും വലിയ കൂട്ടായി. എല്ലാ കാര്യങ്ങളും പരസ്പരം പറയാൻ തുടങ്ങി.

13600309_198531230548693_2758465499248622765_n

ഭാഗം 2

ഗീത :   മറ്റു ചില അനുഭവങ്ങളുണ്ടെന്നു ശീതൾ പറഞ്ഞുവല്ലോ അവയെ വിശദീകരിക്കാമോ?

ശീതൾ  :  പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അമ്മയെ കൊണ്ടുവരാൻ പറഞ്ഞതാലോചിച്ച് ഞാൻ നടക്കുകയായിരുന്നു. ഞങ്ങളുടെ വീടിനടുത്ത് ഒരു വീട് ഒഴിഞ്ഞുകിടന്നിരുന്നു. ഒരു ദിവസം ഞാനാവഴിവരുമ്പോൾ ഒരു ശബ്ദം കേട്ടു. ഒരു ചെക്കൻ പുസ്തകം നോക്കി കൈകൊണ്ട് തുടയ്ക്കിടയിൽ എന്തോ  ചെയ്തുകൊണ്ടിരിക്കുന്നു. ഞാനന്ന് ഏഴാംക്ലാസിലായിരുന്നു. എനിക്ക് ഒന്നും അറിയില്ലായിരുന്നു. എന്താണു ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു. ‘കിളിയെ കളിപ്പിക്ക്യാണ്.  കൊറേ കഴിഞ്ഞാൽ കിളി തുപ്പും’. എന്നിട്ട് എന്നോടവന്റെ  ലിംഗം പിടിക്കാൻ പറഞ്ഞു.  ഞാൻ വയ്യെന്നു പറഞ്ഞു നോക്കി. അവനെന്നെ നിർബന്ധിച്ചു ചെയ്യിച്ച് ശുക്ലം വിസർജിച്ചു.

            എനിക്കന്ന്  ട്യൂഷനുണ്ടായിരുന്നു. പിന്നീടൊരു ദിവസം ഞാൻ ട്യൂഷൻ ടീച്ചറുടെ വീട്ടിൽ പോയി. ടീച്ചർക്ക് അന്നെന്തോ തിരക്കുണ്ടായിരുന്നു. ‘ഇവനു നീ കുറച്ചൊന്നു പറഞ്ഞുകൊടുത്തേ’ എന്ന് ആങ്ങളയെ ഏല്പിച്ചിട്ട് ടീച്ചർ പോയി. ആങ്ങള എന്നെ ഒരു റൂമിൽ കൊണ്ടുപോയി. തുടയിൽ കൈവെച്ചുഴിഞ്ഞു. എന്നിട്ടു പറഞ്ഞു ”നീയവനു ചെയ്തുകൊടുത്തത് ഞാനറിഞ്ഞു നീയെനിക്കും അങ്ങനെ ചെയ്തുതന്നില്ലെങ്കിൽ ഞാനിതു നാടു മുഴുവൻ പാട്ടാക്കും” ഞാൻ വല്ലാതെ പേടിച്ചുപോയി. അയാളുടെ ട്രൗസറൂരി എന്റെ തുടക്കിടയിൽ ലിംഗം വെച്ച് അയാൾ ആശ തീർത്തു. ഞാനാകെ മൂഡിയായി. പിറ്റേന്നു ചെല്ലുമ്പോൾ പ്രോഗ്രസ്‌കാർഡ് ഒപ്പിടാൻ അമ്മയെ കൊണ്ടുപോകണം. അങ്ങനെയാണ് ഞാൻ മുമ്പുപറഞ്ഞ ഒളിച്ചോട്ടം നടത്തിയത്.

ഗീത :  പക്ഷേ ആ ഓട്ടം മില്ലിലെ ഭൂഗർഭപെട്ടിവരെ മാത്രമേ  എത്തിയുള്ളൂ അല്ലെ?

ശീതൾ  :   മറ്റു ലോകങ്ങളൊന്നും എനിക്കറിയുമായിരുന്നില്ല.

ഗീത   :  പിന്നീട് ഇത്തരം അനുഭവങ്ങൾ ആവർത്തിച്ചിരുന്നോ?

ശീതൾ :  ഉവ്വ്. ‘അയാളോടൊപ്പം ചെയ്തത് ഞാനറിഞ്ഞു. എനിക്കു ചെയ്തുതന്നില്ലെങ്കിൽ എല്ലാവരെയും അറിയിക്കും’ എന്നാണവർ പറയുക. അതു പേടിച്ച് ഞാൻ വഴങ്ങുമായിരുന്നു.

ഗീത   :  ഒരുതരം ബ്ലാക്ക് മെയിലിങ്. ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യൽ.

ശീതൾ  :  ശരിക്കും അതേ. നീയതു ചെയ്‌തോ അവൻ സഹകരിക്കുമെന്ന് പറയും. പിന്നീട് മനസിലായി എന്നെപ്പോലെതന്നെ എന്റെ വീടിനടുത്തുള്ള കൂട്ടുകാരനെയും ഉപയോഗിക്കുന്നുണ്ടെന്ന്. അവർക്കു ഞങ്ങളുടെ ശരീരം മാത്രം മതിയായിരുന്നു. മനസു വേണ്ട. ആരോടു തുറന്നു പറയും? ആരോടും പറയാൻ പറ്റില്ല.

            ഇതിനിടയിൽ എന്നോട് പള്ളിക്വയറിൽ പാടേണ്ടെന്നു പറഞ്ഞു. എങ്കിലും ഞാൻ പള്ളിയിൽ പോകുമായിരുന്നു.  എനിക്ക് കുമ്പസാരിക്കാൻ വലിയ ഇഷ്ടമായിരുന്നു. ഞാനിതെല്ലാം  അച്ഛനോടു കുമ്പസാരിച്ചു. സ്വർഗസ്ഥനായ പിതാവും നന്മനിറഞ്ഞ മറിയവും പത്തുതവണ ചൊല്ലണം. അപ്പോഴേക്ക് തെറിപറയലും തുടങ്ങി. ‘മയിരേ……..’ എന്ന വാക്കാണ് പറയുക. ‘പാപ’ങ്ങളുടെ കൂട്ടത്തിൽ ഇതു കൂട്ടിപ്പറയാൻ അച്ചൻ ശ്രദ്ധിച്ചു തുടങ്ങി. അപ്പോൾ പള്ളിയിൽ പോകാൻ പേടിയായി. ഞാനാകട്ടെ ‘പാപം’ ചെയ്തുകൊണ്ടേ ഇരുന്നു.

ഗീത   : ദൈവം പാപികളോടൊപ്പമാണ് എന്നല്ലേ പറയാറ്. ഈ ‘പാപ’പരിസരത്തെ സ്രഷ്ടാവായ ദൈവം എങ്ങനെയാവും മനസിലാക്കിയിട്ടുണ്ടാവുക ആവോ.

ശീതൾ  : ഒമ്പതാംക്ലാസിൽ വെച്ച് എനിക്ക് പിന്നെയും ഒരു ദുരനുഭവമുണ്ടായി. സ്‌കൂളിനടുത്ത് കെട്ടിടം പണി നടക്കുന്ന  ഒരു സ്ഥലമുണ്ട്. എന്റെ പിന്നാലെ അഞ്ചാറ് ആൺകുട്ടികൾ ഓടി. ഞാൻ മുമ്പിലും . ഓടുമ്പോൾ ഞാൻ വെള്ളത്തിൽ വീണു. അവർ എന്റെ വസ്ത്രമുരിഞ്ഞു. പൊട്ട പൊട്ട ചിത്രങ്ങൾ. കോണ്ടങ്ങളും കണ്ടു. കോണ്ടങ്ങൾ എന്തിനെന്നറിയില്ല. ബലൂണെന്നു കരുതി അതെടുത്തു വീർപ്പിക്കാൻ നോക്കി. ആകെ വൃത്തികേട്. ഡാൻസിന്റെ ഡ്രെസ് ഇട്ട്

എനിക്ക്  ഫംഗസ് ബാധിച്ചു. ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നു. അത് ഈ പയ്യന്മാർ അങ്ങനെ ചെയ്തതുകൊണ്ടാണെന്ന് സ്‌കൂളിൽ സംസാരമുണ്ടായി. സ്‌കൂളിലെത്തിയ അമ്മയോട് ഹെഡ്ടീച്ചർ പറഞ്ഞത് നിങ്ങടെ  മകൻ പെണ്ണിനെപ്പോലെയാണ് പെരുമാറുന്നത്, അതുകൊണ്ടാണ് കുട്ടികൾ അങ്ങനെ ചെയ്തത് എന്നായിരുന്നു.

ഗീത :  അപ്പോൾ പെണ്ണാണെങ്കിൽ ഇങ്ങനെ ചെയ്യാം എന്നാണോ? എപ്പോഴും ആൺകുട്ടികൾ ഇത്തരം കുറ്റങ്ങളിൽ നിന്ന് ധാർമ്മികമായി രക്ഷപ്പെടുന്നു.

ശീതൾ  : എനിക്ക് എയിഡ്‌സാണെന്ന് കുട്ടികൾ പറഞ്ഞുപരത്തി. മോശപ്പെട്ട ഒരു കുട്ടിയായി എല്ലാവരുടെയും ഇടയിൽ ഞാൻ മാറി. അമ്മ ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. ഗുളികയൊക്കെ തന്നു. എനിക്കാകട്ടെ എന്റെ പ്രശ്‌നങ്ങൾ തുറന്നു പറയാനേ പറ്റിയില്ല. അങ്ങനെ 9-ാം ക്ലാസിൽവെച്ചു ഞാൻ പഠിത്തം നിർത്തി.

ഗീത :  സ്‌കൂൾ പഠനം നിന്നുപോകാൻ സമാന്തരമായി ഒന്നിലേറെ കാരണങ്ങൾ ഉണ്ടാകുന്നു. സ്വഭാവദൂഷ്യആരോപണം, ലൈംഗിക ചൂഷണം, ആരാലും മനസിലാക്കപ്പെടായ്ക, പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റായ്ക. ഇങ്ങനെ പലകാരണങ്ങളാൽ ട്രാൻസ്ജെൻഡർ കുട്ടികളുടെ  പഠനം നിലച്ചുപോകുന്നു. ഈ മേഖലയിൽ കുറേക്കൂടി സൂക്ഷ്മതലത്തിൽ  പഠനങ്ങൾ നടന്നാലേ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുകയുളളൂ.

            സർക്കാർതല സമിതികൾ ഈ വിഷയത്തിൽ പഠനം നടത്തണം. അതോടൊപ്പം വിദ്യാഭ്യാസ പ്രവേശനത്തിന്  ട്രാൻസ്ജെൻഡേഴ്‌സിന് സംവരണം നിർബന്ധമാക്കണം.

13528773_192375534497596_6984599270460154237_n

മൂന്ന്

ഗീത  : പഠനം  നിർത്തിയിട്ട് ശീതൾ എന്തു ചെയ്തു?

ശീതൾ :  ഞാൻ ജോലിക്കു പോകാൻ നിശ്ചയിച്ചു?

ഗീത :  ഒമ്പതാംക്ലാസുവരെ മാത്രം വിദ്യാഭ്യാസം. എന്തു ജോലി കിട്ടാനാണ്?

ശീതൾ : ഞാൻ സ്വർണപ്പണിക്കു പോയിത്തുടങ്ങി. അവിടെ മുട്ടം മുട്ടം ആൺകുട്ടികൾ. അവർ ഷർട്ടൂരിയിടും . എനിക്കാണെങ്കിൽ ഷർട്ടൂരിയിടാൻ മടി. മുണ്ടു മടക്കിക്കെട്ടാൻ മടി. എനിക്ക് ഫെയർ ആന്റ് ലവ്‌ലി ഇടണം. പുരികം പ്ലക്കു ചെയ്യണം. ലിപ്സ്റ്റിക്കിടണം. കൂട്ടത്തിലുള്ളവർ എന്നെ പറഞ്ഞു തുടങ്ങി. എന്നെ കളിയാക്കാത്തവരോട് ഇഷ്ടം. അവരോടു കൂടുതൽ ഇടപഴകാൻ തുടങ്ങി. രാത്രിപ്പണിക്ക് എന്നെയും കൂട്ടി. രാത്രികളിൽ അഞ്ചാറുപേർ വരെ എന്നെ ലൈംഗികമായി ഉപയോഗിച്ചുതുടങ്ങി. മുതലാളിക്ക് എന്നെ  ഇഷ്ടമായിരുന്നു. അയാൾ മുട്ടായി വാങ്ങിത്തരും.  അപ്പോൾ അയാൾക്കെന്നോടു പ്രണയമുണ്ടെന്ന് എനിക്കു തോന്നി. മറ്റുള്ളവർ ഉപയോഗിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ അയാളും എന്നെ ലൈംഗികമായി ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ ഞാൻ സ്വർണപ്പണി വിട്ടു. പിന്നീട് ഞാൻ അലുമിനിയം കമ്പനിയിൽ ചേർന്നു. അവിടെ മുതലാളിയുടെ ഭാര്യ ക്രൂരമായി പെരുമാറി. സ്ത്രീകളും അധികാരം ഉപയോഗിക്കുന്നതു ഞാൻ മനസിലാക്കി. അവർ സമ്പന്നയും അഭിജാതയുമായിരുന്നു. എനിക്കു രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ഞാനാ ജോലി വിട്ടു. പിന്നെ ഞാൻ ബാനർജി ക്ലബ്ബിലെത്തി. വലിയവർ ചീട്ടുകളിക്കുകയും കള്ളുകുടിക്കുകയുമൊക്കെ ചെയ്യുന്ന സ്ഥലമാണ്. അവിടെ പന്ത്രണ്ടുപേരായിരുന്നു ജോലിക്കാർ അവരോടു പെരുമാറുന്നതുപോലെ ആയിരുന്നില്ല ഈ സമ്പന്നർ എന്നോടു പെരുമാറിയത്. അവരെനിക്ക് അധികം ടിപ്പു തന്നു. ശമ്പളത്തോളം ടിപ്പും കിട്ടുമായിരുന്നു. ഉച്ചക്ക് 3 മണി മുതൽ രാത്രി 9 മണി വരെ മാത്രമേ അവിടെ ജോലിയുള്ളൂ. അലുമിനിയം കമ്പനിയിൽ നിന്ന കൂട്ടുകാരനും ഞാനും കൂടി ബാക്കി സമയം തൃശൂർ നഗരം കാണാൻ നിശ്ചയിച്ചു. സിറ്റിസെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞ സമയമാണ്. സിറ്റിസെന്ററിൽ പോയി.

            ഞങ്ങൾ നഗരം കാണാനിറങ്ങി. പാർക്കിലെത്തി. ഒരാൾ ഞങ്ങളെ വിളിക്കുന്നു. അയാളെന്താ ഞങ്ങളെ ഇങ്ങനെ ശ്രദ്ധിക്കുന്നത്? അടുത്തെത്തിയപ്പോൾ അയാളും ഞങ്ങളെപ്പോലെ. അപ്പോൾ നഗരത്തിലും ഞങ്ങളെപ്പോലെയുള്ളവർ ഉണ്ടോ എന്നത്ഭുതപ്പെട്ടു. അപ്പോൾ അയാൾ പറയുകയാണ് ‘ഉണ്ടോ എന്നോ ശനിയാഴ്ച ഇവിടെ വാ കാണിച്ചു തരാം’. ശനിയാഴ്ചയാവാൻ കാത്തിരുന്നു. അങ്ങനെ അവസാനം ശനിയാഴ്ചയായി. പാർക്കിലെത്തിയപ്പോൾ ഞങ്ങളെപ്പോലത്തെ എത്രയോ ആൾക്കാർ അവിടെ ഉണ്ടായിരുന്നു. അക്കാലത്ത് രാത്രി 8 മണിക്ക് കറന്റ് പോകും. അരമണിക്കൂറാണ് കറന്റ്കട്ട്. ആ സമയത്ത് പാർക്കിൽ പരസ്യമായി സെക്‌സു ചെയ്യുന്നു. ഓപ്പണായിട്ട് സെക്‌സു ചെയ്യുന്നത്  ഞാനാദ്യമായി കാണുകയായിരുന്നു. റൂം കിട്ടില്ല. അതുകൊണ്ടാണത്. അങ്ങനെ സെക്‌സ് ചെയ്തിട്ട് എത്രയാ എന്നു ചോദിക്കുന്നു. സെക്‌സ് വർക്കിനു പണം കിട്ടും എന്ന് അങ്ങനെയാണു മനസിലായത്. തൃശൂർ നഗരം നല്ലതായി തോന്നി. എന്നെപ്പോലെയുള്ള കുറേ സുഹൃത്തുക്കളായി. ഞങ്ങൾക്കിടയിൽ മനസു തുറന്ന കളിചിരിവർത്തമാനങ്ങൾ. ഞാൻ സ്വയം തുണിയെടുത്തു തുടങ്ങി. ലേഡീസ് ടീ ഷർട്ടുകൾ ഞാനുപയോഗിച്ചു തുടങ്ങി. ചെരിപ്പ്, ക്യൂട്ടക്‌സ് ഒക്കെ വാങ്ങി.

ഗീത :  ചാന്തുപൊട്ടിൽ ക്യൂട്ടക്‌സ് തീർന്നുപോയതു പറയുന്ന രംഗം ഓർത്തുപോകുന്നു. അതു വളർത്തുദോഷമാക്കാനും അങ്ങനെയൊരാളെ ‘ആണാ’ക്കി നിലനിർത്താനുമായിരുന്നു ആ സിനിമ ശ്രമിച്ചത്. അതു പോകട്ടെ ബാനർജി ക്ലബ്ബിലെ ജോലിയോ?

ശീതൾ :  അവിടെ ചിത്രകാരനായ ഒരു സാറു വരാറുണ്ടായിരുന്നു. സാറ് ഹോമോസെക്ഷ്വലായിരുന്നു. രാത്രി 12 മണിയോടെ കയറിവരും. ഒരു വോഡ്ക ഒരു നാരങ്ങ. എന്നോടു മസാജു ചെയ്തു കൊടുക്കാൻ പറയും. അങ്ങനെ അതു മറ്റുപല സ്ഥലങ്ങളിലും  ചെയ്തുകൊടുക്കാൻ പറയും എനിക്കത് പ്രയാസമായി. അയാൾക്ക് ദേഷ്യം വരും. ജോലിക്കാരാണ് എന്തു പറഞ്ഞാലും  ചെയ്യണം എന്നയാൾ ശഠിച്ചു. മൂന്നാലു മണിക്കൂർ ഉറങ്ങാൻ പറ്റില്ല. പത്തു മിനിറ്റിനിടയ്ക്ക് ഒരു വാക്കേ പറയൂ. മനുഷ്യനെ ഇത്രയും നേരം പിടിച്ചിരുത്തുന്നത് ക്രൂരതയല്ലേ? ഞാൻ മാനേജർക്ക് പരാതി കൊടുത്തു. അയാളെ ഒരാഴ്ചത്തേക്ക് സസ്‌പെണ്ടു ചെയ്തു.

ഗീത : അങ്ങനെയാണോ ബാനർജി ക്ലബ്ബിലെ ജോലി നഷ്ടപ്പെട്ടത്?

ശീതൾ  :  ഒരോണത്തിന് ഞാൻ ലീവെടുത്തിരുന്നില്ല. അക്കാലത്താണ് എച്ച് ഐ വി പ്രിവന്റ്ഷൻ  പ്രൊജക്റ്റിന്റെ  എയിഡഡ് കൺട്രോൺ സെല്ലിന്റെ  പ്രവർത്തനം ആരംഭിച്ചത്.  എം എസ് എം ഗ്രൂപ്പിന്റെ പ്രതിനിധിയായി എന്നെയാണവർ കണ്ടെത്തിയത്. കോണ്ടം വിതരണം ചെയ്താൽ മതി. ആയിരം രൂപയാണു ശമ്പളം.  ഓണത്തിന്റെ ലീവ് ബാക്കിയുള്ളതല്ലേ. ഞാൻ ആ പണിക്കു പോയി. തിരിച്ചെത്തിയപ്പോൾ പ്രസിഡന്റു പറഞ്ഞു – ‘ലീവുലെറ്റർ തരാത്തതെന്ത്? മര്യാദയ്ക്കു നില്ക്കാമെങ്കിൽ നിന്നാൽ മതി.’ ഞാനവിടന്ന്  ഇറങ്ങിപ്പോന്നു.

ഗീത : പിന്നീട് ഏതു തൊഴിലിൽ ആണ് എത്തിപ്പെട്ടത്?

ശീതൾ :  കെട്ടിടനിർമ്മാണരംഗത്താണ് പിന്നീടു ഞാനെത്തിയത്. എന്റെ കുറേകൂട്ടുകാർ വാർക്കപ്പണിയിലുണ്ടായിരുന്നു. ഇന്ന് ജോലിക്കു പോകാം. നാളെ വേണ്ടെങ്കിൽ പോകണ്ട. സ്വാതന്ത്ര്യമുണ്ട്. ആരും ചോദിക്കില്ല. ഒരാളും തടയാനില്ല. ജോലിക്കു പോകുമ്പോൾ നല്ല കൂലി. നല്ല ഭക്ഷണം. രാവിലെ  ചായയും പൊറോട്ടയും. ഉച്ചയ്ക്ക് ഊണ്. വൈകീട്ട് മദ്യവും ഊണും. എന്റെ പോലുള്ളവർ അതിൽ പണിയുന്നുണ്ട്. ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. ആൺപണിക്കാരേക്കാൾ പെൺപണിക്കാർ ഞാനുമായി ഷെയർ ചെയ്യും. അവർ ഞങ്ങളെപ്പോലുള്ളവരുടെ മനസുമനസിലാക്കുകയും നന്നായി  സപ്പോർട്ടു ചെയ്യുകയും ചെയ്തു. സ്ത്രീകളാണ് എവിടെയും ഞങ്ങളെപ്പോലുള്ളവരെ പിന്തുണക്കുന്നത്.  ‘ഃ’ എന്ന ‘ട്രാൻസ്ജെൻഡറാണ് എന്നെ അവിടെ എത്തിച്ചത്. മേസ്തിരിയുടെ സഹായിയായി നിന്നാൽ  അധികം പണിയുണ്ടാവില്ല. അയാൾക്ക് ഭാര്യയും  കുട്ടികളും ഉണ്ട്. പണിസ്ഥലത്ത് അയാൾടെ ഭാര്യയെപ്പോലെ നില്ക്കണം. പണിക്ക് ഇങ്ങനെയൊരു  പാർട്ട്‌നർ ഉണ്ടാകുന്നത് രണ്ടു കൂട്ടർക്കും  ഒരഭിമാനമാണ്. ഞാൻ ഒരു കുള്ളൻ  മേസ്തിരിയുടെ ഭാര്യയായി അഭിനയിക്കാൻ തുടങ്ങി. എനിക്കത് പറ്റുന്നുണ്ടായിരുന്നില്ല. അയാൾ ലൈംഗികമായി എന്നെ ഉപയോഗിക്കുമ്പോൾ ഞാൻ  പുസ്തകം വായിച്ചുകിടക്കും. ഒടുവിൽ ഞാനെങ്ങനെയൊക്കെയോ അവിടന്നും രക്ഷപ്പെട്ടു.

13876229_216508975417585_7482568894116097809_n

നാല്

ഗീത : എത്ര വ്യത്യസ്തമായ തൊഴിലിടങ്ങൾ -പക്ഷേ അനുഭവങ്ങൾ ആവർത്തിക്കുന്നു. പിന്നീടെന്തു ചെയ്തു?

ശീതൾ : ഡാഡിയുടെ ഒരു കൂട്ടുകാരൻ തൃശൂരിൽ ഒരു കമ്പനി നടത്തുന്നുണ്ടായിരുന്നു. അയാൾ ബാംഗ്‌ളൂരിൽ ഒരു ബ്രാഞ്ച് തുറന്നു. എന്നെ അങ്ങോട്ടു കൊണ്ടുപോയി. എനിക്ക് ഒരു ഓഫീസ് റൂം, ഒരു ബെഡ്, ഗ്യാസ്, പോസ്റ്റ് പെയിഡ് സിം എന്നിവ തന്നു. ഭാരിച്ച പണിയൊന്നുമില്ല. ഓഫീസിലിരിക്കണം. വലിയ ഓർഡറുകൾ വരുമ്പോൾ ശ്രദ്ധിക്കണം. അമ്മയെ വിട്ടുപോന്നതിലായിരുന്നു എനിക്ക് വിഷമം. എനിക്ക് ഗൾഫിലെത്തിയ അനുഭവം. ഞാൻ ധാരാളം പുസ്തകം വായിച്ചു. സെക്‌സ് സി.ഡി കൾ കണ്ടു. കല്ലാശിപാളയത്തിൽ സുറുമയിട്ട് അത്തറുപൂശിയ പയ്യന്മാർ ധാരാളമുണ്ടായിരുന്നു.  വെള്ളിയാഴ്ചകൾ അവിടെ മുഴുവൻ അത്തറിന്റെ  മണമായിരിക്കും. ആ ഭാഗത്ത് അധികവും  തമിഴരായിരുന്നു. ഞാൻ മലയാളം പേപ്പറന്വേഷിച്ചു പോയി. മലയാളിക്കടയും ഹോട്ടലും കണ്ടെത്തി. ചായക്കടയിലെ ചേട്ടൻ എന്നെ ശ്രദ്ധിച്ചു. അയാൾ പറഞ്ഞു ‘ഞാൻ മലപ്പുറത്തുകാരനാണ്’. ഞാൻ ചോദിച്ചു ‘എന്നെപ്പോലുള്ളവർ ഇവിടെണ്ടോ?’. നിനക്കെത്രണ്ണത്തെ കാണണം ബ്രിഡ്ജിനടിയിൽ പോയി നോക്ക്. ഞാൻ നോക്കിയപ്പോൾ ശരിതന്നെ. ഒരത്ഭുത ലോകം. പെണ്ണുങ്ങളേക്കാൾ സുന്ദരികളായ ട്രാൻസ്ജെൻഡേഴ്‌സ്. അവർ സെക്‌സ് വർക്കു ചെയ്യുന്നു. കോത്തികളും ഹിജഡകളും സ്വവർഗഭോഗികളും ഞങ്ങളെപ്പോലെ എത്രയെത്ര ആളുകൾ…..

ഗീത : ബാംഗ്‌ളൂർ ശീതളിന്റെ  ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു എന്നർഥം.

ശീതൾ : തീർച്ചയായും. സംഗമയുമായി ഞാൻ ബന്ധപ്പെട്ടു. അവിടെ രേവതി, ഖുശ്ബു, പമീല, കാജൽ എന്നിവരെ കണ്ടു.  പമീലയെന്നാൽ സംഘടനതന്നെ. അവർ വളരെ സുന്ദരിയായിരുന്നു. മിസ് കുവാഗം ആയിരുന്നു. പമീലയാണ് ട്രാൻസ്ജെൻഡേഴ്‌സിന്റെ  സംഘടനാപ്രവർത്തനം ഏറെ മുമ്പോട്ടു കൊണ്ടുപോയത്. പമീല എം ടു എഫ് ആയിരുന്നു. സമൂഹത്തിലെ താഴ്ന്ന വിഭാഗക്കാരോടു നന്നായി ഇടപഴകുമായിരുന്നു. പല മീറ്റിങുകളിലും അവർ പ്രസംഗിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്. അവർക്കു കൃത്യമായൊരു രാഷ്ട്രീയമുണ്ട്. എല്ലാവർക്കും അവരെ ബഹുമാനമായിരുന്നു. പ്രണയത്തിൽപ്പെട്ട് ആത്മഹത്യ ചെയ്യുകയായിരുന്നു. സമത്വത്തെക്കുറിച്ചുള്ള പാഠങ്ങൾ കിട്ടിയത് സംഗമയിൽ നിന്നായിരുന്നു. നന്ദു – ഷീലമാർ ബാംഗ്‌ളൂരിലെത്തിയ സമയമായിരുന്നു. അവരെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു.

ഗീത :  ബാംഗ്‌ളൂരിൽ എല്ലായിടത്തും ട്രാൻസ്ജെൻഡേഴ്‌സ് ദൃശ്യമാണ് എന്നാണോ ശീതൾ പറയുന്നത്?

ശീതൾ  : കബ്ബൺ പാർക്ക്, എം.ജി റോഡ്, ലാൽബാഗ് എന്നിവിടങ്ങളിൽ ധാരാളം ട്രാൻസ്‌ജെൻണ്ടേഴ്‌സിനെ കാണാം. ലാൽബാഗിൽ ധാരാളം പ്രണയികളുണ്ട്. പാർക്ക് എന്നാൽ  വിശ്രമവിനോദസ്ഥലമല്ലേ. ചില ആൺസുഹൃത്തുക്കളുമൊത്ത് ഞാനവിടെ പോയി ഇരിക്കാറുണ്ടായിരുന്നു. തൃശൂർ പാർക്കിൽ  ഏതെങ്കിലും  ഒരാൺകുട്ടിയെയും പെൺകുട്ടിയെയും ഒരുമിച്ചു കണ്ടാൽ പോലീസ് വന്ന് ഓടിച്ചുവിടും. അവരെ വെറുതെ ഇരിക്കാൻ പോലും സമ്മതിക്കില്ല.  ഏതെങ്കിലും സദാചാരക്കാർ വന്ന്  ചോദിക്കും. ലാൽബാഗിൽ ഒരാളും നമ്മളോടൊന്നും  ചോദിക്കില്ല. കബ്ബൻപാർക്കിൽ ഞാൻ  സെക്‌സ് വർക്കിനു നിന്നിട്ടുണ്ട്. എനിക്ക് ഏതു വസ്ത്രവും ധരിച്ച് എവിടെയും പോകാം. എന്നെ ആരും കളിയാക്കില്ല. ഒരു നഗരം എന്താണെന്നു മനസിലാകുന്നത് അവിടെ വച്ചാണ്. ഞാൻ പ്രത്യേക ലോകത്തായി. ഒരാളും ഒന്നിലും ഇടപെടുന്നില്ല. ഞാനതിൽത്തന്നെ  ആയിപ്പോയി. അവിടെവെച്ച് ഞാൻ സർജറി ചെയ്യാൻ തീരുമാനിച്ചു. അവിടത്തെ പൂമാർക്കറ്റാണ് എന്നെ ഏറ്റവുമധികം  ആകർഷിച്ചത് എത്രതരം പൂക്കളാണ്. വ്യത്യസ്ത നിറങ്ങൾ, വ്യത്യസ്ത മണങ്ങൾ. ഞാൻ പൂമാർക്കറ്റിൽ നിന്നു പോകാൻ ആഗ്രഹിച്ചില്ല. എനിക്ക് പൂക്കളോട് പ്രണയമാണ്. കൊതികൊണ്ട് ഞാൻ തുള്ളിപ്പോയി. മുതലാളി വിളിച്ചാൽ ഞാൻ എടുക്കാതായി. അവിടെ ധാരാളം ബാച്ചിലർമാരുണ്ടായിരുന്നു. മിക്കവരും  മലയാളികൾ. അവർ എന്നോടു സംസാരിക്കാൻ വരും. കാറിലിരുത്തി കൊണ്ടുപോകും. ധാരാളം പണം തരും.

ഗീത : ജോലിക്കല്ലേ അവിടെ വന്നത്? അതിന്റെ കാര്യമെന്തായി?

ശീതൾ : ജോലിയിൽ എനിക്കു ശ്രദ്ധയില്ലാതായി. മുതലാളി ഫോൺ വിളിച്ചാൽപ്പോലും എടുക്കില്ല. ഒരുദിവസം  മുതലാളി നേരിട്ടുവന്നു. വന്നപ്പോൾ ഞാനവിടെ ഇല്ല. അയാൾ ബൈക്കിലിരുത്തി എന്നെ തൃശൂര് വീട്ടിൽ കൊണ്ടുചെന്നിറക്കി. ഒരു ജോലി കൊടുത്തിട്ട് മകൻ സ്ഥാപനം പൂട്ടിക്കാൻ ശ്രമിക്കുകയാണെന്ന് മുതലാളി ഡാഡിയോടും അമ്മയോടും പറഞ്ഞു. മുതലാളിയുടെ വീട്ടിൽ  എന്റെ അമ്മയും ഡാഡിയും  പല ജോലികൾക്കും പോകുമായിരുന്നു. ഇതുകേട്ട് ഡാഡിയും  അമ്മയും  കരഞ്ഞു.  അമ്മ കരയുന്നതു കണ്ടപ്പോൾ എനിക്കും സങ്കടമായി. മാത്രമല്ല എനിക്കിനി ബാംഗ്‌ളൂരിലേക്കു പോകാൻ പറ്റുമോ? എനിക്കൊരിക്കലും പെണ്ണാകാൻ പറ്റില്ലേ? ്യൂഞാൻ വല്ലാതെ കരഞ്ഞു.

13600309_198531230548693_2758465499248622765_n

അഞ്ച്

ഗീത  :  ശീതളിന് പെണ്ണാകാൻ പറ്റും എന്ന പ്രതീക്ഷയും ആത്മവിശ്വാസവും തന്നത് ബാംഗ്‌ളൂരാണ്. തിരിച്ചുവന്നതിനുശേഷമുള്ള  കേരളത്തിലെ  ജീവിതത്തിന് എന്തു മാറ്റമുണ്ടായി?

ശീതൾ : ഡാഡിയും അമ്മയും എന്നെക്കുറിച്ചോർത്ത് സങ്കടപ്പെട്ടു. ഒടുക്കം എന്നെ ഒരു ധ്യാനകേന്ദ്രത്തിൽ കൊണ്ടാക്കാൻ അവർ തീരുമാനിച്ചു. രണ്ടു ദിവസം ഞാൻ ധ്യാനത്തിൽ ശ്രദ്ധിച്ചു. വൈദികൻ എന്നെ നോക്കി ”പാപം ചെയ്യുന്നവർ” എന്നു പറയുമ്പോൾ എനിക്കു പേടിയായി. ഇനി ഒരാൺകുട്ടിയായി ജീവിക്കാൻ തീരുമാനിച്ചു.

ഗീത  : അപ്പോൾ പെൺകുട്ടിയാവുന്നതാണോ പാപം? അതോ ആണായി ജനിച്ച് പെണ്ണാവാൻ കൊതിക്കുന്നതോ? ആണിനെയും പെണ്ണിനെയും  സൃഷ്ടിച്ചത് ദൈവമാണെങ്കിൽ അവരെയും സൃഷ്ടിച്ചത് ദൈവം തന്നെയല്ലേ?

ശീതൾ  : രണ്ടാംദിവസം വൈകുന്നേരം ധ്യാനം കൂടാൻ  10-15 നേഴ്‌സിങ് പിള്ളേര് വന്നു. രാവിലെ എണീക്കുമ്പോൾ എന്റടുത്ത് ധാരാളം ചെക്കന്മാർ. ബാക്കി മൂന്നു ദിവസം പിന്നെ നടന്നത് ധ്യാനമല്ല. ഗ്രൂപ്പുസെക്‌സുവരെ ചെയ്തു. ഒരേസമയം 3-4 പേര്. അതോടെ ദൈവം പോയി. ദൈവമുണ്ടായിരുന്നെങ്കിൽ എന്നെ തിരിച്ചെടുക്കുമായിരുന്നില്ലേ? ചെറുപ്പത്തിൽ ദൈവത്തെ സ്‌നേഹിക്കാനല്ല പേടിക്കാനാണു പഠിപ്പിച്ചത്. പള്ളീപോ…. എന്ന് രാവിലെ അടിച്ചും ഇടിച്ചുമാണു വിടുക. ഓരോ ദിവസവും  ഞാൻ വിചാരിക്കുക ഇന്നു പള്ളിയിൽ ഏതു പൂവാവും വെച്ചിട്ടുണ്ടാകുക എന്നാണ്. ബാംഗ്‌ളൂരിൽനിന്നു തിരിച്ചുവന്നശേഷം ആ ഭാഗം തീരെ ഇല്ലാതായി. ഈസ്റ്റർ ദിവസം  പളളിയിൽ പോയപ്പോൾ നീണ്ട പ്രസംഗം. ഞാൻ സെമിത്തേരിയുടെ മുകൾ ഭാഗത്തെത്തി. അവിടെ കുറെ ആളുകളുമുണ്ടായിരുന്നു. ഞങ്ങൾ ചെയ്യേണ്ടതു ചെയ്തു തിരിച്ചിറങ്ങി. അങ്ങനെയാണ് ഈസ്റ്റർ ആഘോഷിച്ചത്.

ഗീത  : പിന്നീട് പണിക്കൊന്നും പോയില്ലേ?

ശീതൾ  : ട്രാൻസ്ജെൻഡേഴ്‌സിനിടയിൽ എച്ച് ഐ വി പ്രിവൻഷൻ പ്രൊജക്റ്റുമായി  ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടായിരുന്നു. കെട്ടിടനിർമ്മാണ പ്രവർത്തനത്തിന്റെ സമയത്ത് ടൂറു പോയപ്പോൾ 15 പേർ സ്ത്രീവേഷത്തിലായിരുന്നു. അപ്പോഴാണ് ഇത്രയേറെ എം ടു എഫ്  കേരളത്തിലുണ്ടെന്നു മനസിലായത്.

ഗീത  : അന്നതു പക്ഷേ പൊതുസമൂഹം അംഗീകരിച്ചിരുന്നില്ലല്ലോ. ”വളർത്തുദോഷ”മായിത്തന്നെയല്ലേ കണ്ടിട്ടുണ്ടാവുക.

ശീതൾ  :  ബാംഗ്‌ളൂരിൽനിന്നു തിരിച്ചുവന്നശേഷം എന്നെ ഒരു സ്റ്റുഡിയോവിൽ കൊണ്ടുചെന്നാക്കി. ഫോട്ടോ എടുക്കുന്നതു പഠിക്കാൻ പറഞ്ഞു. ഞാനെപ്പോഴും സ്ത്രീകളുടെ ഫോട്ടോകൾ നോക്കിയിരിക്കും. ഞാൻ ഫോട്ടോ എടുക്കുന്നതു പഠിക്കാനേ ശ്രമിച്ചില്ല. സ്റ്റുഡിയോവിലെ ചേട്ടൻ എന്നെ ഒരു കല്യാണത്തിനു ലൈറ്റു പിടിക്കാൻ കൊണ്ടുപോയി. കല്യാണപ്പെണ്ണിനെ കണ്ടിട്ട് എന്റെ  കണ്ണു തെള്ളിയിരുന്നു. ധാരാളം ആഭരണങ്ങൾ, മഞ്ഞസാരി, പൂവ്….. സുന്ദരി. കല്യാണവേഷത്തിൽ നല്ല ഭംഗി. പിന്നെ പോയത് ഗുരുവായൂർ ക്ഷേത്രത്തിലേക്കാണ്. തിരിയുന്നിടത്തൊക്കെ കല്യാണപ്പെണ്ണുങ്ങളായിരുന്നു. തിക്കും തിരക്കും തിരുവാതിരവിളക്കും. കല്യാണം വലിയ സംഭവാന്ന് എനിക്കു മനസിലായതങ്ങനെയാണ്. എനിക്കു ജോലിയോടു താല്പര്യമേ ഇല്ല. പെണ്ണുങ്ങൾടെ ഫോട്ടോകൾ നോക്കിയിരിക്കും. എന്തൊരു ഭംഗിയാണ്. ശമ്പളം തന്നെങ്കിലും ആ ജോലി ഞാനുപേക്ഷിച്ചു.

ഗീത :  അപ്പോൾ അതും ഒരു വഴിക്കായി. പിന്നീടെന്തു ചെയ്തു?

ശീതൾ  :  പിന്നെ ഞാൻ വീണ്ടും വാർക്കപ്പണിക്കുതന്നെ പോയി. 2005 ലാണ് ‘ദേശ്’ എന്ന പ്രൊജക്റ്റു വന്നത്. എച്ച് ഐ വി പ്രിവൻഷൻ തന്നെ. അതിൽ പീർ എജുക്കേറ്റർ ആയി ജോലി ചെയ്യാൻ ശ്രമിച്ചു. അതോടൊപ്പം എന്നെപ്പോലുള്ളവരെ കണ്ടെത്താനും ശ്രമിച്ചു. അതോടൊപ്പം വാർക്കപ്പണിയും  ചെയ്തു.

ഗീത  : അവിടെ മറ്റു പ്രശ്‌നമൊന്നുമുണ്ടായില്ലെ?

ശീതൾ   : അവിടെ ഞാൻ മറ്റൊരു  പ്രണയത്തിൽപ്പെട്ടു.

ഗീത  :  ‘മറ്റൊരു’? അപ്പോൾ ഇതിനുമുമ്പും?

ശീതൾ  : സ്‌കൂളിൽ വെച്ച് ‘ഒരു മുറൈ വന്തു പാർത്തായാ’ എന്ന നൃത്തം ചെയ്തപ്പോൾ എല്ലാവരും അഭിനന്ദിച്ചു. അവിടെ ടി ടി സിക്കു പഠിക്കുന്ന ഒരു മാഷും വന്നു പറഞ്ഞു കൺഗ്രാജുലേഷൻസ്. ആ വാക്ക് ഞാനാദ്യമായി കേൾക്കുകയായിരുന്നു. എനിക്കയാളോടു പ്രേമം തോന്നി. അയാളെ വീണ്ടും വീണ്ടും കാണണമെന്നു തോന്നി. അയാൾ എന്നെ നോക്കുന്നുണ്ടായിരുന്നില്ല. അയാൾ എന്നെ ശ്രദ്ധിക്കുകയേ ചെയ്തില്ല.

ഗീത  : അയാളെസ്സംബന്ധിച്ച് ശീതൾ ഒരാൺകുട്ടിയാണ്. അപ്പോൾ അയാളോടു പ്രേമം തോന്നുകയില്ലല്ലോ. അതുകൊണ്ടാവും ശീതളിന്റെ പ്രേമം അയാൾക്കു മനസ്സിലാവാതെ പോയത്. ഇപ്പോൾ എവിടെയെങ്കിലുമിരുന്ന് അയാൾ ഇതു വായിക്കുന്നുണ്ടെങ്കിൽ ഒരുപക്ഷേ മാറിയ സാഹചര്യത്തിൽ അയാൾക്കിതു മനസ്സിലായേക്കാം. പക്ഷേ അയാൾ ഇതാഗ്രഹിക്കുന്നുണ്ടാവുമെന്ന് നമുക്ക് പറയാനാവില്ലല്ലോ.

ശീതൾ  : പിന്നീട് കെട്ടിടനിർമ്മാണത്തൊഴിലിനിടയിലും ബാംഗ്‌ളൂരിൽ വെച്ചുമൊക്കെ ഞാൻ പ്രണയിച്ചിട്ടുണ്ട്.

ഗീത :  അപ്പോഴേക്ക് ശീതൾ സ്വത്വം തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. സ്‌കൂൾതല പ്രണയം പോലെയായിരുന്നില്ല അവയൊന്നുമെന്നു തോന്നുന്നു. അവക്കു മുമ്പോട്ടു പോകാനായില്ലെങ്കിലും അങ്ങനെ സാധ്യമാണെന്നു വരുന്നു.

ശീതൾ  : ഇപ്പോൾ ഞാൻ പ്രണയിച്ചത് ഒരു ചോറ്റാനിക്കരക്കാരനെയാണ്. നാട്ടിലെന്തോ പ്രശ്‌നമുണ്ടായി  ജോലിക്കു വന്നതായിരുന്നു. പെരിങ്ങാവിലായിരുന്നു പണി. അയാൾക്ക് കിടക്കാൻ സ്ഥലമില്ലായിരുന്നു. ടൗണിൽ ഏതെങ്കിലും റൂമെടുക്കാൻ ഞാൻ പറഞ്ഞു. ഞാനും കുറച്ചു പൈസ സഹായിച്ചു. ഞങ്ങൾ ഒരു റൂമെടുത്തു. രാവിലെ സിഗരറ്റും പത്രവും അയാൾക്കു നിർബന്ധമായിരുന്നു. ഞാനതൊക്കെ എത്തിച്ചു. അയാൾ സ്‌നേഹം പ്രകടിപ്പിക്കാൻ ഇഷ്ടപ്പെട്ടില്ല. പുറമേക്ക്  ഗൗരവപ്രകൃതിയാണ്. ക്രമേണ സ്‌നേഹം സമ്മതിച്ചു തുടങ്ങി. അയാൾക്കു  സിമന്റിന്റെ അലർജി വന്നു.  മേലൊക്കെ പൊട്ടലും ചൊറിയലും. പെരിങ്ങാവിലെ ഡോക്ടറെ കാണിച്ചു. ഞാൻ അയാളുടെ ശരീരം വൃത്തിയാക്കിക്കൊടുത്തു. വസ്ത്രം തിരുമ്മിക്കൊടുത്തു. ഭക്ഷണം വാരിക്കൊടുത്തു. പിറ്റേന്ന് ഞാൻ പണി കഴിഞ്ഞു വരുമ്പോൾ കൈയിൽ ‘നയൻതാര’ എന്നെഴുതിയിരിക്കുന്നു. പിറ്റേന്ന് എന്റെ കൂട്ടുകാരി പറഞ്ഞു ഞാൻ നിന്നെ അന്വേഷിച്ച് അവന്റെ റൂമിൽ പോയിരുന്നു. അപ്പോഴെനിക്കു മനസിലായി നയൻതാരയെന്നെഴുതിയത് ആരാണെന്ന്. ഞാൻ പിണങ്ങിപ്പോയി. പക്ഷേ എനിക്കയാളെ വീണ്ടും കാണണമെന്നു തോന്നി. ഞാൻ പോയി. എന്റെ വീടിനടുത്ത് ഒരു ചേച്ചിയും മോളുമുണ്ട്. അവരുടെ വീടിന്റെ സൈഡ് റൂമിൽ താമസിപ്പിച്ചു. അയാളുടെ എല്ലാ കാര്യങ്ങളും ഞാൻ നോക്കിനടത്തി. അയാൾ മംഗളവും മനോരമയും വായിച്ചിരിക്കും. മുറിക്കകത്തേക്കു ഞാൻ വരുമ്പോൾ അയാൾ സിഗരറ്റു കത്തിച്ചു പുറത്തിറങ്ങും. ഞാൻ നോക്കുമ്പോൾ ആ പെൺകുട്ടി കുട്ടിയുമായി അവരുടെ വീടിന്റെ പുറത്തിരിക്കുന്നു. ഇവൻ കാണിക്കുന്നു നീക്ക്… നീക്ക്… അവൾ വസ്ത്രം നീക്കി കുട്ടിക്കു മുല കൊടുക്കുവാൻ തുടങ്ങി. അയാളതു നോക്കി നില്ക്കുന്നു.  ഞാനവളോടു കയർത്തു മര്യാദയ്ക്ക് നിന്നോട്ടോ. അയാളെന്നെ അടിക്കാനോങ്ങി. ഇപ്പൊ എന്നെ വേണ്ടാ അല്ലേ ഇങ്ങനെ  വിശ്വാസവഞ്ചന ചെയ്യാൻ എങ്ങനെ തോന്നി എന്നു ഞാൻ  അയാളോടു ചോദിച്ചു. ഞാനവന്റെ  ചേട്ടനെ ഫോൺ ചെയ്തുവരുത്തി അവനെ അവിടന്നു പറഞ്ഞയച്ചു. അന്നു രാത്രിതന്നെ അവൻ വിളിച്ചു ഞാൻ തൃശൂർക്കു തന്നെ വരുന്നു. അന്നു രാത്രി ഞാൻ ബാംഗ്‌ളൂർക്കു വീണ്ടും വണ്ടി കയറി.

ഗീത  :  അപ്പോൾ ഒരു പ്രേമപരാജയമാണ് ശീതളിനെ വീണ്ടും ബാംഗ്‌ളൂരിലെത്തിച്ചത് അല്ലെ? വീട്ടിലാരെങ്കിലും  ശീതളിനെ മനസിലാക്കിയിരുന്നതായി തോന്നുന്നുണ്ടോ?

ശീതൾ  : അമ്മ എന്റെ മാനസികാവസ്ഥ മനസ്സിലാക്കിയിരുന്നു.

13692647_207780079623808_7374294845191282342_n

ആറ്

ഗീത  : ബാംഗ്‌ളൂരിൽ രണ്ടാംതവണ എത്തിയപ്പോഴുള്ള ജീവിതം എങ്ങനെയായിരുന്നു?

ശീതൾ   : രണ്ടാമത്തെ ബാംഗ്‌ളൂർ പോക്കിലാണ് ഞാൻ ഹിജഡാഗ്രൂപ്പിൽ ചേരുന്നത്. സൗമ്യയുടെ ചേലയായി സംഗമയിൽ ചേർന്നു. അപ്പോഴാണ് കർണാടകസർക്കാറിന്റെ കെ എച്ച് പി ടി പ്രൊജക്റ്റിൽ ജോലി ചെയ്തത്. എച്ച് ഐ വി പ്രിവൻഷൻ തന്നെയായിരുന്നു. ക്രിസ്റ്റി, സോനു തുടങ്ങിയ പലർക്കും ആ ജോലി കിട്ടി. ഞാൻ സംഗമയെ കൂടുതലറിയാൻ തുടങ്ങി. രാവിലെ 12 മുതൽ വൈകീട്ട് 6 വരെയായിരുന്നു എനിക്കു ജോലി. കബ്ബൺ പാർക്കു സോണായിരുന്നു എനിക്കു ലഭിച്ചത്. എനിക്കവർ അക്കൗണ്ട് എടുത്തുതന്നു. ശമ്പളം വന്നുകൊണ്ടിരുന്നു. 2005-2006 ആയിരുന്നു കാലം.

ഗീത  : പിന്നീട് നാടിനെപ്പറ്റിയോ വീടിനെപ്പറ്റിയോ ഓർത്തില്ലേ?

ശീതൾ  : കുറച്ചുനാൾ ബാംഗ്‌ളൂരിൽ നിന്നപ്പോൾ എനിക്കു നാട്ടിലേക്കു വരണമെന്നു തോന്നി. അമ്മ എന്നെ വിളിച്ചു. നീയിവിടെ വന്നു നില്ക്ക് എന്നു പറഞ്ഞു. ഞാൻ വീണ്ടും നാട്ടിലേക്കു തിരിച്ചു വന്നു. ഇവിടെ എനിക്ക് ഫേമിലെ (എകഞങ) ജോലിയാണ് കിട്ടിയത് ജ്വാലയിൽ. 2007 ലാണ് ആ ജോലി ഫുൾടൈമായത്. ആ ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അനിയന്റെ വിവാഹം. വീടിനടുത്തുള്ള സുഹൃത്തിന്റെ പെങ്ങളെയാണവൻ വിവാഹം ചെയ്തത്. അനിയൻ മാറിത്താമസിച്ചു. അതോടെ അമ്മക്ക് വലിയ വിഷമമായി. ആദ്യഘട്ടത്തിൽ അമ്മക്ക് അനിയന്റെ ഭാര്യയുമായി പൊരുത്തപ്പെടാൻ പ്രയാസമായിരുന്നു. എന്റെ കാര്യം ഓർത്തും അമ്മ ദുഃഖിച്ചു.

ഗീത : ഫേമിലെ ജോലിയുമായി ശീതൾ പൊരുത്തപ്പെട്ടുവോ? അവിടെ സുഹൃത്തുക്കളുണ്ടായിരുന്നില്ലേ?

ശീതൾ  : അവിടെ എനിക്ക് എന്നെപ്പോലുള്ള സുഹൃത്തുക്കളെ കിട്ടി. ഞങ്ങൾ അഞ്ചുപേർ – നന്ദിനി, സോന, ദീപ്തി, പ്രവി പിന്നെ ഞാനും ഓപ്പറേഷൻ ചെയ്ത് പെണ്ണാവാൻ തീരുമാനിച്ചു. ഞങ്ങൾക്കു സ്വീകരണം തന്നു. അതിനായി വീണ്ടും ബാംഗ്‌ളൂർക്കു പോയി. അപ്പോഴേക്ക് വീട്ടിൽ ആകെ പ്രശ്‌നമായി. അതു സഹിക്കാൻ വയ്യാണ്ടായപ്പോൾ അമ്മ ചൂണ്ടലിൽ ഒരു വീട്ടിൽ പണിക്കു പോയിനിന്നു. എനിക്കു മാത്രം അമ്മ വിളിക്കുമായിരുന്നു. ‘നിനക്കു മാത്രം ഞാൻ ഫോൺ ചെയ്യാം. ബാക്കി ആരും എന്നെ അന്വേഷിക്കണ്ട’ എന്നു പറഞ്ഞു. ഡാഡി വിളിച്ചുപറഞ്ഞു ‘നീ വീടുവിട്ടുപോയതുകൊണ്ടാണ് അമ്മ പോയത്’. പക്ഷേ അങ്ങനെ ആയിരുന്നില്ല. വീട്ടിലെ അന്തഃരീക്ഷവും ഡാഡിയുടെ ഉപദ്രവവും കൊണ്ട് പൊറുതിമുട്ടിയാണമ്മ പോയത്. ഡാഡി പറഞ്ഞു ‘ഞാനിനി ഉപദ്രവിക്കില്ല നീ വിളിക്ക്’. അങ്ങനെ ഞാൻ തിരിച്ചുവന്ന് അമ്മയെ വിളിച്ചുകൊണ്ടുവന്നു. വീട്ടിൽ വഴക്കു തന്നെ. അമ്മ വളരെ സങ്കടപ്പെട്ടു. അമ്മയെ ആരും അത്രയധികം സ്‌നേഹിച്ചില്ല. ഞാൻ അമ്മയെ സ്‌നേഹിച്ചിരുന്നു. പക്ഷേ അതത്രയധികമാണോ എന്നറിയില്ല. പലപ്പോഴും ഞാനും എന്റെ പാടു നോക്കിയല്ലേ നടന്നത്. 2007 ഒക്‌ടോബർ 28 രാവിലെ ഒരലർച്ച. ഡാഡി തലയിൽ കൈവെച്ചു കരയുന്നു. ഞങ്ങടെ വീടിന്റെ മുൻവശത്ത് ഒരു കാനയാണ.് സിമന്റുപാലമുണ്ട്. കോൺക്രീറ്റുപാതയിൽ അമ്മ ബോധംകെട്ടു കിടക്കുന്നു.  ഞാൻ നോക്കി. അടുത്തൊരു സ്റ്റീൽഗ്ലാസ്. അതിൽ വിഷം കലക്കി കുടിച്ചതാണമ്മ എന്നു മനസിലായി. ഞാൻ ബോധം കെട്ടു വീണു. ശ്യാം പെണ്ണാവാൻ പോയതു കാരണമാണ്  രാധ അതു ചെയ്തതെന്ന്  അനിയന്റെ  ഭാര്യയുടെ  അച്ഛൻ പറഞ്ഞു. ബോഡി കൊണ്ടുവന്നു. ഞാനലമുറയിട്ടു. എന്നോട് പള്ളിയിലേക്കു വരേണ്ടെന്നു പറഞ്ഞു. പക്ഷേ ഞാൻ പോയി. അമ്മയുടെ മരണത്തോടെ എനിക്കു ലോകത്തിൽ     ഒന്നുമില്ലാതായി. എല്ലാം കഴിഞ്ഞു. അതിപ്പോൾ ഞാൻ കൂടുതൽ അനുഭവിക്കുന്നു. എവിടെയാണ്, ഭക്ഷണം കഴിച്ചോ എന്നൊക്കെ എന്നോടു ചോദിക്കാൻ ആരുമില്ല. അതൊരു വലിയ ശൂന്യതയാണ്. വീട് എനിക്ക് അമ്മയുടെ ഓർമ്മകളാണ്. കരഞ്ഞുകരഞ്ഞ് ചിറികോടിപ്പോയി.

ഗീത  : ശീതളിന്റെ സുഹൃത്തുക്കൾ?

ശീതൾ  : അമ്മയുടെ മരണമറിഞ്ഞ് എന്റെ സുഹൃത്തുക്കൾ ബാംഗ്‌ളൂരു നിന്ന് വന്നു. സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു. അവർ ഏഴുദിവസം വീട്ടിലുണ്ടായിരുന്നു.

14034688_219584998443316_8076059273854996092_n

ഏഴ്

ഗീത   : എനിക്കു തോന്നുന്നു ശീതളിന്റെ അമ്മയുടെ അനുഭവം ഒറ്റപ്പെട്ടതാവില്ല എന്ന്. ഇന്നോളമുള്ള എല്ലാ അമ്മമാരും കൊടുത്ത സ്‌നേഹം തിരിച്ചുകിട്ടാതെ മരിച്ചുപോയവരാണ്. ”വീടാക്കടമേ മമജന്മം” എന്ന് ഇടശ്ശേരി പാടിയതിന്റെ പൊരുളും ഇതുതന്നെയാണ്. ശീതളിന്റെ അമ്മക്കാവട്ടെ പുറത്തു പറയാനാവാത്ത പറഞ്ഞാൽ തീരാത്തത്ര അനവധി സങ്കടങ്ങളുടെ ഭാരം കൊണ്ടവർ വിങ്ങിയിരുന്നുവെന്നതാണ്. ഏതായാലും അമ്മയുടെ മരണത്തോടെ ശീതളിന്റെ ജീവിതം മറ്റൊന്നായി എന്നെനിക്കു തോന്നുന്നു.

ശീതൾ   : അമ്മ മരിച്ചതിന്റെ ഏഴാംദിവസം ഞാൻ പുറത്തിറങ്ങി. ജ്വാലയിൽനിന്ന് പണം കിട്ടാനുണ്ടായിരുന്നു. എന്റെ കൈയിൽ ഒരു സെക്‌സ് സിഡി ഉണ്ടായിരുന്നു. ഞാനും പ്രവിയും കൂടി ടൗണിൽ സംസാരിച്ചു നില്ക്കായിരുന്നു. അന്ന് പ്രവി സ്മിന്റോജന്റെ പങ്കാളിയായിരുന്നു. രണ്ടു പോലീസുകാർ വന്ന് വാടാ എന്നു പറഞ്ഞ് ഓട്ടോറിക്ഷയിൽ കേറ്റിച്ചു. കേറിയ വഴിക്ക് അടി തുടങ്ങി. നിനക്ക് പ്രസംഗിക്കാൻ കഴിവുണ്ടല്ലോ എന്നു ചോദിച്ചാണ് അടി.

ഗീത :  എന്താണ് അങ്ങനെയൊരു ചോദ്യം?

ശീതൾ  :  സെക്‌സ് വർക്കേഴ്‌സിന്  സ്ത്രീകൾക്കു മാത്രം കേസ് പുരുഷനു കേസില്ല. എം എസ് എം -പോലീസ് പലമട്ടിൽ ഉപദ്രവിക്കുന്നു. സഹയാത്രിക നടത്തിയ ക്യാമ്പവസാനിക്കുമ്പോൾ ഞാനിത് ഓപ്പനായിട്ടു പറഞ്ഞു. പോലീസ് എന്റെ ബാഗ് പരിശോധിച്ചു.  സിഡികൾ കിട്ടി. അതിൽ ഒന്ന് എന്റെ ഡാൻസിന്റെ സിഡിയാണ്. മറ്റത് സെക്‌സ് സിഡിയായിരുന്നു. ”ഇങ്ങനത്തെ സിഡികൾ കൈയ്യിൽ വെക്കുമല്ലേ, ആണുങ്ങളെപ്പോലെ നടക്കെടാ രാധേ നിന്നെ ഞാൻ ശര്യാക്കിത്തരില്ലേടീ…” എന്നു പറഞ്ഞാണടി. അന്ന് ചാന്തുപൊട്ട് ഇറങ്ങിയ സമയമായിരുന്നു. സുഹൃത്തുക്കൾ ഇതറിഞ്ഞ് ഓടിവന്നു. വീട്ടീന്നാരെങ്കിലും വന്നാലേ ജാമ്യത്തിൽ വിടുള്ളൂന്ന് പോലീസ് പറഞ്ഞു. എന്നിട്ട് വീട്ടിലേക്കു വിളിച്ചു പറഞ്ഞു. ”പൂരപ്പറമ്പിൽ ആണുങ്ങള്‌ടെ ലിംഗം പിടിക്കാൻ നിക്കണ ആളാണ് അതിനെ കൊണ്ടോക്കോ ആണിന്റെ വില കളയാനായിട്ടുണ്ടായ ജന്മങ്ങളാണിവ.” ഞങ്ങളെ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോയി. സ്വവർഗരതി ചെയ്യുമ്പോഴാണ് പിടിച്ചതെന്നെഴുതിത്തരാൻ ഡോക്ടറോടു  പറഞ്ഞു. ഡോക്ടർ എഴുതിയില്ല. ഡാഡി പോലീസ് സ്റ്റേഷനിലെത്തി. പെണ്ണുങ്ങളെയും ആണുങ്ങളെയും  കൂട്ടിക്കൊടുക്കുന്ന ആൺവേശ്യകളാണ് എന്നാണ് പോലീസ് ഡാഡിയോടു പറഞ്ഞത്. ഡാഡി എന്നെ വീട്ടിലേക്കു തിരിച്ചുകൊണ്ടുവന്നു. എന്റമ്മയെ ഇഷ്ടമുണ്ടായിരുന്ന തങ്കമണിച്ചേച്ചി എന്റെ  ശരീരം ഉഴിഞ്ഞുതന്നു. പോലീസ് സ്റ്റേഷനിൽ പോണവരോട് ഇങ്ങനെയാണു പെരുമാറുന്നതെന്ന് അന്നാണെനിക്കു മനസിലായത്. അതുമുതൽ പോലീസുകാരോട് എനിക്കു ഭീതി തോന്നി. ഞാനെങ്ങനെ ജീവിക്കണം? അമ്മ പോയി. പോലീസു പിടിച്ചു. ആകെ നാണക്കേടായി.

ഗീത : ബാംഗ്‌ളൂരിൽനിന്നു വന്ന സുഹൃത്തുക്കൾ തിരിച്ചുപോയോ?

ശീതൾ : ദീപ്തിയും പ്രവിയും കൂടിയാണു തിരിച്ചുപോയത്. ദീപ്തി ബാംഗ്‌ളൂരിലെത്തി.

ഗീത : പ്രവിക്കെന്തു സംഭവിച്ചു?

ശീതൾ :  ഞാൻ പറഞ്ഞല്ലോ പ്രവി സ്മിന്റോജന്റെ പാർട്ടനറായിരുന്നു. കോഴിക്കോട് ഒരു പയ്യനുമായി പ്രവി ഇഷ്ടത്തിലായി. അങ്ങനെ പ്രവി സ്മിന്റോജനുമായി പിരിഞ്ഞു.

13920057_10210356708656976_6968638428368586013_o

എട്ട്

ഗീത  : പിന്നീട് ശീതളിന്റെ  ജീവിതം എങ്ങനെയായിരുന്നു?

ശീതൾ  : എന്നെ ആശ്വസിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല. വീട്ടിൽ ആരും സംസാരിക്കുന്നില്ല. ഇനിയെങ്കിലും ആണായിട്ട് ജീവിക്ക്  എന്ന് വീട്ടുകാർ പറഞ്ഞു. അമ്മ മരിച്ച് 7 കഴിഞ്ഞപ്പോൾ മുടി വെട്ടി. ഇതിനിടയിൽ സ്മിന്റോജൻ മാത്രം വീട്ടിൽ വന്നു സംസാരിക്കുമായിരുന്നു.  ആകെയുള്ള ആശ്വാസം അതായിരുന്നു. എന്റെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നു തോന്നി. അങ്ങനെ സംസാരിച്ചു സംസാരിച്ച് സ്‌നേഹം തോന്നി. അമ്മേടെ ചടങ്ങ് കഴിഞ്ഞപ്പോൾ ഞാൻ സ്മിന്റോജന്റെ കൂടെ പട്ടിക്കാട് വാടകവീട്ടിലേക്കു താമസം മാറി. ഒരേക്കറിൽ ഒരു വീട്. കറന്റില്ല. കാട്ടുപ്രദേശം. എനിക്ക് ഫേമിൽ ജോലിയുണ്ടായിരുന്നു. അയാൾക്കും ഒരു കമ്പനിയിൽ ജോലിയുണ്ടായിരുന്നു. ഒരു കൊല്ലത്തോളം ഞങ്ങൾ അവിടെ ജീവിച്ചു. ടി.വിയും മിക്‌സിയും പാത്രങ്ങളുമൊക്കെ വാങ്ങി.

ഗീത  : ഒരു ഗാർഹസ്ഥ്യ ജീവിതമെന്നു പറയാം അല്ലേ?

ശീതൾ   : അതെ അതിനിടയിൽ 2009 ൽ സുപ്രീം കോടതി വിധിവന്നു. ഇന്ത്യാവിഷനിലെ വാസ്തവം പരിപാടിയിൽ പങ്കെടുത്തതോടെ  നാട്ടുകാരൊക്കെ അറിഞ്ഞുതുടങ്ങി. ഞങ്ങൾ വഴക്കുംപാറയിലേക്കു താമസം മാറ്റി. ഒരു ദിവസം സ്മിന്റോജൻ പണിക്കുപോയപ്പോൾ ഒരാൾവന്ന് എന്റെ കൈയിൽ കേറി പിടിച്ചു. എനിക്കാകെ സങ്കടം വന്നു. സ്മിന്റോജൻ ഇതറിഞ്ഞ് നേരെ അയാളുടെ വീട്ടിലേക്കോടി എന്റെ വീട്ടിലെ ക്ടാവിന്റെ  കൈയേ കേറി പിടിച്ചതെന്തിനാ എന്നു ചോദിച്ച് അയാള്‌ടെ ചങ്ക് പിടിച്ച് ചുമരിൽ ചേർത്തു നിർത്തി. കുറച്ചു കഴിഞ്ഞപ്പോൾ അയാള്‌ടെ അനിയനുമൊക്കെ വീട്ടിൽ വന്ന് എന്റെ മുടിക്കു പിടിച്ചു. എനിക്കു കൊള്ളേണ്ട അടി സ്മിന്റോജൻ വാങ്ങി. ഞങ്ങൾ ഓടി രക്ഷപ്പെട്ടു. ഒരു പറമ്പിൽ കേറി ഒളിച്ചു. എനിക്കിനി ആ സ്ഥലത്തു ജീവിക്കേണ്ട. സ്മിന്റോജൻ ജോലിചെയ്യുന്ന ഒല്ലൂരിൽ മുതലാളിയുടെ റൂം ഒഴിവുണ്ട്. സാധനങ്ങളുമായി അങ്ങോട്ടു മാറി. കമ്പനിയുടെ അടുത്തായിരുന്നു  ആ വീട്. ഞങ്ങൾ നല്ല സന്തോഷത്തോടെ സുഖമായി  ജീവിക്കുകയായിരുന്നു. അതിനിടയിലാണ് ‘നമ്മൾ തമ്മിൽ’ പ്രോഗ്രാം വന്നത്. വിവാഹം ചെയ്യണപോലെ മാലയിട്ട് അഭിനയിക്കാൻ പറഞ്ഞു. ഞങ്ങളത് അങ്ങനെ അഭിനയിച്ചു. ഷോ വന്നു കഴിഞ്ഞാൽ എന്താവും സ്ഥിതി? സ്മിന്റോജന്റെ വീട്ടുകാര് കണ്ടാലോ? ഞങ്ങൾ രണ്ടുപേരും കൂടി ബാംഗ്‌ളൂർക്കു പോകാൻ തീരുമാനിച്ചു. ദീപ്തി സൗമ്യയോടൊപ്പമുണ്ടായിരുന്നു. അതായിരുന്നു അങ്ങോട്ടു പോകാനുള്ള വിശ്വാസം.

ഗീത  : കേരളത്തിൽ ശീതളിന് സമാധാനമുള്ള ഒരു ജീവിതം സാധിച്ചില്ലെന്ന് എനിക്കു തോന്നുന്നു. ബാംഗ്‌ളൂരിൽ പോയിട്ട് എന്തുണ്ടായി?

ശീതൾ    :  ഞങ്ങൾ സൗമ്യയുടെ വീടിനടുത്ത് ചെറിയൊരു വീട്ടിൽ താമസം തുടങ്ങി. സ്മിന്റോജനു ജോലി കിട്ടി. എനിക്കും സംഗമയിൽ ചെറിയ ജോലി കിട്ടി. ദീപ്തിയുടെ ഓപ്പറേഷൻ കഴിഞ്ഞു. ഓപ്പറേഷൻ ചെയ്യാനാഗ്രഹിച്ച ഞങ്ങൾ അഞ്ചുപേരുണ്ടായിരുന്നില്ലേ? അതിൽ ദീപ്തിയുടെ ഓപ്പറേഷൻ മാത്രമേ കഴിഞ്ഞുള്ളൂ. ഞാൻ ജോലി  രാജിവെച്ച് ദീപ്തിയെ നോക്കാൻ നിന്നു. 40 ദിവസം ഞാനാണു ദീപ്തിയെ നോക്കിയത്. ബാംഗ്‌ളൂരിൽ സ്മിന്റോജനും ഞാനും സ്വസ്ഥമായി ജീവിച്ചു. നല്ല സന്തോഷമായിരുന്നു. ആരും ഞങ്ങളെ ശല്യം ചെയ്തില്ല. ശരിക്കും ഭാര്യയും ഭർത്താവും പോലെ കുടുംബമായി ഞങ്ങൾ ജീവിച്ചു. അതിനിടയിൽ സ്മിന്റോജന്റെ ചേട്ടന്റെ കല്യാണം വന്നു. സ്മിന്റോജൻ വീട്ടിലേക്കു പോയപ്പോൾ ഞാൻ ബാഗ്‌ളൂരിൽ ഒറ്റക്കായി. എനിക്കൊരു പനി വന്നു. എനിക്കു സ്മിന്റോജനെ കാണണം. കണ്ടേ തീരൂ. പക്ഷേ എന്നെ വീട്ടിൽ കയറ്റില്ല. സ്മിന്റോജന്റെ വീട്ടിലും കയറ്റില്ല. സുഹാന എന്ന ഹിജഡയെ അറിയിച്ചു. വയസ്സായ ഉപ്പയുണ്ട്. എം. എസ്. എം പ്രൊജക്റ്റിന്റെ  പ്രസിഡണ്ട്. ഞാൻ ഉപ്പായുടെ മുറിയിലാണു താമസിച്ചത്. പിന്നീട് ഗുരുവായൂരിൽ കെട്ടിട നിർമ്മാണത്തൊഴിലിനു പോയി.  വേറൊരു മുറിയിലേക്കു മാറി. ഒരു വിഷുദിവസം അമ്മയുടെ ചേച്ചിയുടെ മകന്റെ വിളി വന്നു. എന്നെ അവർ വീട്ടിലേക്കു വിളിച്ചു. അങ്ങനെ പലതരം സമരങ്ങൾക്കു ശേഷം 2011 മുതൽ ഞാനെന്റെ വീട്ടിൽ താമസിക്കുന്നു.

ഗീത   : അപ്പോൾ സ്മിന്റോജൻ? നിങ്ങൾ തമ്മിലുള്ള ബന്ധം?

ശീതൾ : ഞങ്ങൾ തമ്മിൽ അന്നുമുതൽ ഇന്നുവരെ ദൃഢമായബന്ധമാണ്. പക്ഷേ കേരളത്തിൽ ഞങ്ങൾക്കു ഒന്നിച്ചു താമസിക്കാൻ വീടു കിട്ടില്ല. ഞങ്ങൾ എന്നും കാണും. കാര്യങ്ങൾ അന്വേഷിക്കും. അത്രയ്ക്കു സ്‌നേഹമാണ്. സ്ഥിരവരുമാനമുള്ള ഒരു തൊഴിലും ഇറങ്ങിപ്പോകാൻ പറയാത്ത ഒരു വീടുമാണ് എന്റെ സ്വപ്നം.

13920912_215384365530046_4745218679819417464_n

ഒമ്പത്

ഗീത  : ഇന്ന് ശീതൾ  എവിടെയോ ഒളിച്ചിരിക്കുന്ന ഒരു ട്രാൻസ്ജെൻഡറാണ്. സാമൂഹ്യപ്രവർത്തനം നടത്തുന്ന ശീതളിനെ എല്ലാവർക്കും അറിയും. ശീതൾ സംസാരിക്കുന്നത് ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിനു വേണ്ടിയാണ്. ആ നിലക്കുള്ള ചില സംവാദങ്ങളാണ് ഈ ഭാഗത്തു നിന്നു നടക്കുന്നത്. ഐപിസി 377 ആണ് എപ്പോഴും  പ്രശ്‌നമാകാറ്. അതേപ്പറ്റി ശീതളിന് എന്താണു പറയാനുള്ളത്?

ശീതൾ  : ബാംഗ്‌ളൂരിൽനിന്ന് കേരളത്തിൽ തിരിച്ചെത്തിയപ്പോൾ സംഗമ വഴി എനിക്ക് കൗൺസിലർ പോസ്റ്റുകിട്ടി. കുറേയേറെ ക്ലാസുകൾക്ക് അവസരം ലഭിച്ചു. അങ്ങനെ ഞാൻ കുറേ കാര്യങ്ങൾ മനസിലാക്കി. അതനുസരിച്ച്  പ്രവർത്തനങ്ങൾ തുടങ്ങി. 2014-ൽ എസ് എം എഫ് കെ(സെക്ഷ്വൽ മൈനോറിറ്റി ഫോറം ഓഫ് കേരള) രൂപീകരിച്ചു. പ്രവർത്തനം ഊർജസ്വലമാക്കി. സാമൂഹ്യനീതി വകുപ്പുമായി സംസാരിച്ചപ്പോൾ സർവ്വേ നടത്താൻ പറഞ്ഞു. ഞാൻ നാലു ജില്ലകളുടെ കോ- ഓർഡിനേറ്റർ ആയിരുന്നു. സകല മീറ്റിങ്ങിനും ഞാൻ പോയി. അങ്ങനെ ഞങ്ങളുടെ കഠിനാധ്വാനത്തിന്റെ  ഫലമായി ട്രാൻസ്ജെൻഡർ പോളിസി കേരളത്തിൽ വന്നു. അപ്പോഴും  ഐപിസി 377-ാം വകുപ്പു നിലനില്ക്കുന്നു. സന്താനോല്പാദനത്തിനുവേണ്ടി മാത്രം ഭാര്യാഭർത്താക്കന്മാർക്കിടയിൽ നടക്കുന്ന  ലൈംഗികബന്ധം ഒഴികെ  മറ്റെല്ലാം നിയമവിരുദ്ധവും കുറ്റകരവുമാണെന്നാണ്  ഐപിസി 377-ാം വകുപ്പു പറയുന്നത്.  പ്രസവശേഷം നടക്കുന്ന ലൈംഗിക ബന്ധങ്ങളെ അപ്പോൾ എങ്ങനെയാണു പരിഗണിക്കുക? പ്രത്യുല്പാദനത്തിനല്ലാത്ത ബന്ധം പ്രകൃതിവിരുദ്ധമാണെങ്കിൽ ആലിംഗനവും ചുംബനവും  മറ്റു ബാഹ്യകേളികളുമെല്ലാം പ്രകൃതി വിരുദ്ധമല്ലേ? അപ്പോൾ ഏതാണ് പ്രകൃതിക്ക്  അനുകൂലം? കോണ്ടം പോലും പ്രകൃതിവിരുദ്ധവും ശിക്ഷാർഹവുമല്ലേ? ഈ ‘പ്രകൃതിവിരുദ്ധവാദം’ വെച്ചാണ് എൽ ജി പി ടി ഗ്രൂപ്പുകളെ  മാറ്റിനിർത്തുന്നത്.

ഗീത  :  ഇതിന്റെ തുടർച്ചയിൽ ചോദിച്ചോട്ടെ സ്വവർഗവിവാഹത്തെപ്പറ്റി കോടതിക്കുള്ള പരിഗണനകൾ മാറ്റിയിട്ടുണ്ട്. എന്നാലതിനെ അംഗീകരിക്കുന്നതിനു തടസ്സമായ വകുപ്പുകൾ പോലെ വാദങ്ങളും  നിലനില്ക്കുന്നു. അതിലേറ്റവും പ്രധാനം ആണും പെണ്ണും തമ്മിലുള്ളതാണ് യഥാർഥ രതി എന്ന വാദമാണ്. ശീതൾ ഇതിനോടെങ്ങനെ പ്രതികരിക്കുന്നു?

ശീതൾ   :  സ്‌ത്രൈണത, പൗരുഷം എന്നിവയുടെ മാനദണ്ഡം ആരാണു നിശ്ചയിക്കുന്നത്? ട്രാൻസ്ജെൻഡറുകളായവർ മിക്കവാറും ഹോമോസെക്ഷ്വലാവും. അപൂർവം ചിലപ്പോൾ ബൈസെക്ഷ്വലും. ഹോമോസെക്ഷ്വൽ എന്നത് ഹെട്രോസെക്ഷ്വൽ തന്നെയാണ്. മാനസികമായി ഒരാൾ പെണ്ണും  മറ്റേയാൾ ആണും  ആയിരിക്കുമ്പോൾ. അപ്പോൾ അതു സ്വാഭാവികവും പ്രകൃതിവിധേയവുമല്ലേ? എന്റെ ചില സുഹൃത്തുക്കൾ പറയുന്നു, ഭാര്യയെ പൃഥ്വീരാജ് ആയി കണ്ടിട്ടാണ് സെക്‌സു ചെയ്യാറെന്ന്. അപ്പോൾ  ഇതൊക്കെ ആരു തീർച്ചയാക്കുന്നുവെന്നത്  പ്രധാനമാണ്. ലൈംഗികതയുടെ (സെക്ഷ്വാലിറ്റി) വൈവിധ്യങ്ങളെപ്പറ്റി ഏത് എം ബി ബി എസ് പഠനത്തിലാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മുകളിൽ കയറിക്കിടന്നുള്ള തള്ളലിൽ സ്ത്രീ തള്ളപ്പെട്ടു കഴിഞ്ഞുവെന്നാണു ഞാൻ പറയുക. ചെരിഞ്ഞുകിടന്നുള്ള ബന്ധത്തിലാണ് സമത്വമുള്ളത്. ഒരു പുരുഷന് മൂന്നു തവണയേ രതിമൂർഛ അനുഭവപ്പെടുകയുള്ളൂ സ്ത്രീയുടെ സാധ്യത  എട്ടുതവണയാണ്. ഒരു പുരുഷനൊരിക്കലും ഒരു സ്ത്രീയെ സംതൃപ്തയാക്കാൻ കഴിയില്ല. കാരണം പുരുഷൻ തളർന്നുകിടക്കുമ്പോഴും  സ്ത്രീ ഉണർന്നുതന്നെയായിരിക്കും.

ഗീത   : ആണ്, പെണ്ണ് എന്ത്? അവരുടെ കർതൃത്വത്തെ എങ്ങനെ നിർണയിക്കാം വ്യവച്ഛേദിക്കാം? ലൈംഗികതയുടെ ക്ലിനിക്കലും അനുഭവപരവും നിയമപരവുമായ പ്രശ്‌നങ്ങൾ എന്തൊക്കെ? എന്നിങ്ങനെ മനുഷ്യജീവിതത്തെ സംബന്ധിച്ച അടിസ്ഥാനപ്രശ്‌നങ്ങൾ ശീതൾ ഉന്നയിക്കുന്നുണ്ട്. മനുഷ്യബന്ധങ്ങളുടെ ജനാധിപത്യവത്കരണത്തിലേക്കാണ് ഇവയുടെ ഉത്തരങ്ങൾ നമ്മെ നയിക്കേണ്ടതെന്നു ഞാൻ വിശ്വസിക്കുന്നു.


ചിത്രങ്ങൾക്ക് ശീതളിന്റെ ഫെയ്സ് ബുക്ക് പ്രൊഫൈൽ പേജിനോട് കടപ്പാട്.


അതീതജന്മങ്ങൾ – അർത്ഥം വാക്കിനെ അന്വേഷിക്കുന്നു എന്ന പുസ്തകം വൈകാതെ കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്നു.

Comments
Print Friendly, PDF & Email