പ്ലാസ്റ്റിക് കവറിൽ മുദ്രവെച്ച
രണ്ട് മുന്തിരിപ്പഴങ്ങളാണിപ്പോൾ
നങ്ങേലിയുടെ കണ്ണുകൾ.
ചൂന്നെടുത്ത കുഴികളിൽ
ഒരു തിരച്ചിൽ യന്ത്രം ബാക്കിനിൽക്കുന്നു;
‘ഉണ്ണീ’യെന്ന അടയാളവാക്കിനായ്
അലറുന്ന ഒരു വിനിമയജാലകം!
പൂതം പണ്ടേ വേഷം മാറിയിരിക്കുന്നു.
ഒറ്റയ്ക്ക് മേഞ്ഞുനടക്കുന്ന
പയ്യുടെ മുലകുടിക്കുന്ന
ദരിദ്രവാസിയല്ല ഇപ്പോൾ പൂതം
കാട്ടിലല്ലവൻ കൂടിയിരുപ്പ്
കോർപ്പറേറ്റ് കെട്ടിടത്തിൻ്റെ
ആകാശ ഫ്ലോറിലെ
ക്യൂബിക്കിളിലിരുന്ന്
ഡാറ്റാ മൈനിംഗ്
നടത്തുകയാണിപ്പോൾ പൂതം!
“ഇതിലും വലുതാണെൻ്റെ
പൊന്നോമന” യെന്ന്
നങ്ങേലി അലറിയപ്പോൾ
പൂതം ഒരു ത്രീ-ഡി പ്രിന്ററിൽ
മറ്റൊരുണ്ണിതൻ പകർപ്പെടുത്ത്
നങ്ങേലിക്ക് നൽകി.
അമ്മ തൊട്ടു നോക്കി
തിരിച്ചറിഞ്ഞു,
സ്നേഹത്തിന്റെ പൾസില്ലാത്ത
ആ വ്യാജപ്പതിപ്പിനെ.
ശാപം പണ്ടത്തെപ്പോലെ
ഫലിക്കില്ല നങ്ങേലീ..
പൂതം ഇപ്പോൾ
ഇൻഷുറൻസ് ഏജന്റാണ്.
അവൻ നിന്റെ ശാപത്തെ
‘ക്ലെയിം’ ചെയ്യും.
എങ്കിലും പേടിച്ചു വിറച്ച
പൂതം കുഞ്ഞിനെ വിട്ടുനൽകി
കാരണം-
കുട്ടികളെ
വളർത്തുന്നതിനേക്കാൾ ലാഭം
അവരെ വെച്ച്
പരസ്യം പിടിക്കുന്നതാണെന്ന്
പൂതത്തിനറിയാമായിരുന്നു.
ഇപ്പോൾ മകരക്കൊയ്ത്തില്ല.
വയലുകൾ,
എക്സ്പ്രസ് ഹൈവേകളായിരിക്കുന്നു
തുടികൊട്ടുന്നത് ഹൃദയമിടിപ്പല്ല,
ഫോണിലെ നോട്ടിഫിക്കേഷൻ ടോണുകളാണ്.
പൂതം ഇപ്പോഴും വരുന്നുണ്ട്;
ചിലമ്പണിഞ്ഞല്ല,
ഒരു വീഡിയോ കോളിലൂടെ!
ഓരോ വീട്ടിലും
കയറിച്ചെന്ന് കരിമ്പൂതം
വിളിച്ചു ചോദിക്കുന്നുണ്ട്:
“ഉണ്ണിയുണ്ടോ, ഉണ്ണി..”
നങ്ങേലിമാർ പറയുമത്രെ:
“ഉണ്ണിയിപ്പോ ഓൺലൈൻ ക്ലാസ്സിലാണ്,
തിരക്കിലാണ്;
ലോഗൗട്ട് ചെയ്യുമ്പോ പറയാം!”
തെച്ചിക്കോലുകൾക്ക് പകരം
സിഗ്നൽ ടവറുകൾ
പൂത്തുനിൽക്കുന്ന നാട്ടിൽ
പഴയ ആ കരിമ്പൂതം
റീ സൈക്കിൾ ബിന്നിൽ കിടന്ന്
ചീവീടിനെപ്പോലെ കരയുകയാണ്.
*പൂതപ്പാട്ട് : ഇടശ്ശേരി ഗോവിന്ദൻ നായരുടെ
കവിത (കടപ്പാട്)
കവർ: ജ്യോതിസ് പരവൂർ
