Home TRAVEL കഥ പറയുന്ന ചുവന്ന കല്ലുകൾ…

കഥ പറയുന്ന ചുവന്ന കല്ലുകൾ…

 

ചരിത്രത്തിന്‍റെ അകമ്പടികൾ ഇല്ലാതെ ചോള രാജവംശം അരങ്ങുവാണ തഞ്ചാവൂരിനെ അറിയുക എന്നത് അതി കഠിനമായ ജോലിയാണ്. ചോഴ രാജരാജ പെരുമാൾ എന്ന അരുൾമൊഴി വർമന്‍റെ ഭരണം തഞ്ചാവൂരിന്‍റെ ചരിത്രത്തിൽ വരച്ചിട്ട മായാത്ത ചിത്രങ്ങൾ പലതാണ്.  ബ്രഹദിശ്വരൻ കോവിലും, ഇന്നും തഞ്ചാവൂരിന്‍റെ തങ്കലിപികളിൽ വരച്ചിടുന്ന അതിഭാവികത്വവും, രാജഭരണ നൈപുണ്യവും എല്ലാം ആരാധിക്കുന്ന ഒരു ജനതയുടെ ഓർമകളിലൂടെ തിരിച്ചറിവുകൾ തേടി ഞാൻ ചെറിയ ഒരു യാത്ര പോവുകയാണ്.

ഗണക കാലഘട്ടങ്ങളിൽ എന്നോ പേരറിയാത്ത ഈ നഗരം അസുരനായ
തഞ്ചനൻ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ നീലമേഘപെരുമാൾ എന്ന വിഷ്ണുഭഗവാനും, ശ്രീ ആനന്ദവല്ലി ദേവിയും ചേർന്നു ചെറുത്തു നിൽക്കുകയും യുദ്ധത്തിന്‍റെ അവസാനം മരണം മുന്നിൽ കണ്ട് അസുരൻ മാപ്പപേക്ഷിക്കുകയും നഗരം പുന:സൃഷ്ടിക്കുമ്പോൾ തന്‍റെ പേരു നൽകണമെന്നു യാചിക്കുകയും ചെയ്തുവത്രെ.  അങ്ങനെ കരുണ തോന്നിയ ദൈവങ്ങൾ അതനുവദിച്ചു നൽകുകയും അങ്ങനെ നഗര‍ത്തിനു തഞ്ചാവൂർ എന്നാ പേരുവരികയും ചെയ്തതായി  വാമൊഴികൾ പറയുന്നു
തമിഴ്‌നാടിന്‍റെ  അന്നപാത്രം ആയ തഞ്ചാവൂർ, കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ പട്ടണമാണ്‌. കാർഷിക സമൃദ്ധിയിലൂടെ തമിഴ്നാടിന്‍റെ വളർച്ചക്ക് ആദ്യകാലം മുതൽ തന്നെ മികച്ച പിന്തുണ നൽകിയ ഒരു നഗരമാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് തഞ്ചോർ എന്നറിയപ്പെട്ട തഞ്ചാവൂർ,  രാജരാജേശ്വരക്ഷേത്രം അഥവാ ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർന്നു വന്ന ഒരു പട്ടണമാണ്. ക്ഷേത്രനഗരങ്ങൾക്ക് എന്നും ചരിത്രത്തിന്റെ അകമ്പടി ഉള്ളതുപോലെ ഈ നഗരത്തിനും എണ്ണിയാലൊടുങ്ങാത്ത കഥകൾ പറയാനുണ്ട്. പല സംസ്കാരങ്ങൾ ഒത്തുചേരുന്ന ഈ നഗരം ഒരു കുടിയേറ്റ ജനതയുടെ ജീവിതങ്ങളിലൂടെ രൂപീകൃതമായ ഒന്നാണ്, ആദിമ ദ്രാവിഡ ഭരണകാലത്ത് ഭാരതത്തിന്‍റെ ഉള്ളറകളിൽ നിന്നോ, ചുറ്റുവട്ടമുള്ള ദ്വീപുകളിൽ നിന്നോ എത്തിയ അഭയാർത്ഥികൾ കുടിപാർത്ത ഒരു സ്ഥലമാണിതെന്നും പറയപ്പെടുന്നുണ്ട്. സിന്ധു നദീതട സംസ്കാരത്തിന്റെ കൊഴിഞ്ഞുപോക്ക് ഇവിടെയാണ് അവസാനിച്ചിരിക്കുന്നതെന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.
കലക്കും സാഹിത്യത്തിനും ഈ ക്ഷേത്ര നഗരത്തിന്‍റെ പങ്കാളിത്തം വളരെ വലുതാണ്. കര്‍ണ്ണാടിക്ക് സംഗീതത്തിന്‍റെ കുലപതികൾ ആയ ത്രിമൂർത്തികൾ ത്യാഗരാജർ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ തുടങ്ങിയ മഹാരഥന്മാർ ഈ നഗരത്തിന്‍റെ വീഥികളിൽ നിറഞ്ഞു നിന്ന വ്യക്തിത്വങ്ങൾ ആയിരുന്നു.
ദക്ഷിണേന്ത്യയുടെ പ്രധാന രാഷ്ട്രീയ, സാഹിത്യ, സംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ് ഈ നഗരം. കർണ്ണാടക സംഗീതത്തിനും ശാസ്ത്രീയ നൃത്തത്തിനും തഞ്ചാവൂർ‍ നൽകിയിട്ടുള്ള സംഭാവനകൾ വലുതാണ്. വായിച്ചറിഞ്ഞ അറിവുമായി അന്വേഷണം തുടങ്ങിയ എന്നെ കൊണ്ടെത്തിച്ചത് ചരിത്രം ഉറങ്ങുന്ന തഞ്ചാവൂർ എന്ന ക്ഷേത്ര നഗരത്തിന്റെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളിലേക്കാണ്.
നവഗ്രഹ ചിന്തകൾ ശാസ്ത്രം തിരുത്തിയിട്ടും വിശ്വാസത്തിന്‍റെ നീരാളിപിടുത്തം വളർത്തിയെടുത്ത ഭക്തിയുടെ നേർക്കാഴ്ചകൾ ആയിരക്കണക്കിന് വർഷങ്ങൾക്കു മുന്നേ ഈ ചോള നഗരങ്ങളിൽ പടർന്നു പന്തലിച്ചു, ഇപ്പോളും പൂക്കുന്ന കാഴ്ചകൾ ആണ് ഞാൻ കണ്ടത്. ഭരണവും ഭരിക്കുന്നവരും പലവട്ടം മാറിമറഞ്ഞെങ്കിലും ചോള രാജാക്കന്മാരുടെ പ്രതിഭയെ മറികടക്കാൻ കഴിഞ്ഞിട്ടില്ലന്നു വേണം കരുതാൻ. വിശ്വാസ പ്രമാണങ്ങളെ പടിക്കു പുറത്തു നിർത്തി മാത്രമേ ഈ യാത്ര തുടരു എന്നുള്ള എന്‍റെ തീരുമാനം കെട്ടുകാഴ്ചകൾക്കപ്പുറം തെളിയുന്ന ചോരക്കറ പുരണ്ട മങ്ങിയ കാഴ്ചകൾ കാണുവാൻ എന്നെ സഹായിച്ചു എന്നുള്ളത് സത്യമാണ്. കല്ലിനെ പിളർക്കുന്ന കല്പനകൾ കെട്ടിപ്പടുത്ത കൊത്തളങ്ങളിൽ ഇന്നും വിരിഞ്ഞുനിൽക്കുന്ന അതി വിസ്മയം സഞ്ചാരികൾക്കു പകർന്നു നൽകുന്നത് കരിങ്കല്ലിൽ തീർത്ത ജീവൻ തുടിക്കുന്ന രൂപങ്ങൾ ആണ്. ഈ നഗരം ഒരുക്കി വെച്ചിരിക്കുന്ന വിസ്മയകാഴ്ചകൾ അതി ഭാവുകത്വങ്ങളുടെ ചിന്ത ധരണികൾ കാഴ്ചക്കാരിൽ സൃഷ്ടിക്കാൻ മാത്രം പര്യാപ്തമാണ്

കാഴ്ചകളിൽ ആദ്യമെത്തുന്ന ഒന്നാണ്  തഞ്ചാവൂർ നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞുമാറി നിൽക്കുന്ന ബ്രഹദിശ്വരൻ കോവിൽ. ഈ ക്ഷേത്രം നാലു നാമങ്ങളിൽ പല കാലഘട്ടങ്ങളിൽ അറിയപ്പെട്ടിരുന്നു. തിരുവുടയാർ കോവിൽ എന്നാണ് ആദ്യ നാമം. പിന്നീട് പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും അറിയപ്പെട്ടതായി ചരിത്രം പറയുന്നു. പൂർണമായും കരിങ്കല്ലിൽ പണിതീർത്ത ഈ ക്ഷേത്രം ചോളാ രാജ വംശത്തിലെ പ്രമുഖനായ രാജരാജ ചോഴൻ AD 985 -ൽ നിർമാണം ആരംഭിച്ചു, 1013 -ൽ പൂർത്തിയാക്കിയതായിട്ടു പറയപ്പെടുന്നു. പക്ഷെ ക്ഷേത്രത്തിന്‍റെ ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തുമ്പോൾ പ്രധാനമായും മറ്റു മൂന്നു രാജവംശങ്ങൾ കൂടെ ഈ മഹാനിർമിതിക്കു നൽകിയ പ്രാധാന്യം പ്രത്യേകം പരമാർശിക്കപ്പെടേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. പാൻഡ്യൻ, നയ്ക്കാർ, മറാത്ത രാജവംശങ്ങൾ പല കാലഘട്ടങ്ങളിൽ ക്ഷേത്ര നിർമിതിയിൽ പങ്കുചേർന്നിട്ടുണ്ട്. ഉപക്ഷേത്രങ്ങളിൽ പലതും പിന്നീട് കൂടിച്ചേർക്കപ്പെട്ടവയാണ്. ഇന്നുള്ള തരത്തിലേക്ക് മാറ്റപ്പെട്ടപ്പോൾ വന്നു ചേർന്നിട്ടുള്ള ഗാംഭീര്യം അവർക്കു കൂടെ അവകാശപ്പെടാം. ചരിത്രത്തിന്റെ അനവധി അകമ്പടികൾ ഉള്ളതിനാൽ ഈ  ക്ഷേത്രം യുനെസ്‌കോ പൈതൃക സ്ഥാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ശക്തമായ സംരക്ഷണം ആണ് ഓരോ മുക്കിലും മൂലയിലും.
ചോള വാസ്തുവിദ്യയുടെ മനോഹാരിത ഒട്ടും ചോർന്നു പോകാതെ നിർമിച്ച ഈ ബ്രഹത് ക്ഷേത്രത്തിന്‍റെ മുഖ്യ ശില്പി കുഞ്ചറ മല്ലൻ പെരുന്തച്ചൻ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്ര മതിൽകെട്ടിൽ ഇദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.  ചോഴ രാജ പരമ്പരകളും അതിനു ശേഷം ഭരിച്ച രാജവംശങ്ങളും പണിതുയർത്തിയ അതിഭാവുകത്വം നിറഞ്ഞ വിശ്വാസം വിശ്വാസികൾക്ക് എന്ത് നൽകുന്നു എന്നതിലുപരി നാളത്തെ തലമുറയ്ക്ക് നൽകുന്ന വലിയ ഒരു അറിവിന്‍റെ ആഴത്തെക്കുറിച്ചാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്.

പ്രവാസത്തിന്റെ അവധി ദിനങ്ങൾ എനിക്ക് സന്ധ്യകളിൽ വല്ലാതെ വിരസമാകുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. യന്ത്രങ്ങളുടെ അലർച്ചകൾ മുഴങ്ങാത്ത, പാനൽ ബോർഡുകളിൽ ഒളിഞ്ഞിരിക്കുന്ന പ്രശ്നക്കാരന്‍  സർക്യൂട്ട്  കുഞ്ഞന്മാരുടെ ഒളിച്ചു കളികളില്ലാത്ത, സമയത്തിന്റെ വൃത്ത പരിധികളിൽ നോക്കാത്ത അവധി ദിനങ്ങൾ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിപ്പിക്കുന്നു. നീണ്ട നാളത്തെ പ്രവാസം നൽകിയ ടൈം ടേബിൾ ജീവിതം വിട്ടുപോകാൻ മടിച്ചു നിൽക്കുന്ന കൊണ്ടാകാം അവധി ദിനങ്ങൾ വല്ലാത്ത വിരസമാണ്. സൗഹൃദ വലയങ്ങൾ പരിമിതമായ ഇടങ്ങളിൽ മാത്രമായതിനാൽ അവിടെയും ഒന്നും ചെയ്യാനില്ലാതെ ടെലിവിഷൻ സ്‌ക്രീനിൽ ചത്ത് വീഴുന്ന നിഴൽപ്പാവകളെ നോക്കിയിരിക്കുകയും, ചിലപ്പോഴൊക്കെ നിഴൽപാവ കഥാപാത്രങ്ങൾ ആയി  സ്വയം ചമയുകയും ചെയ്തു ഞാൻ നീളൻ ചാരുകസലായിൽ കാൽ കയറ്റിവെച്ചിരുന്നു. “മന്ത്”നൽകുന്ന ചൊറിച്ചിൽ സുഖം അനുഭവിച്ചു പരിപ്പുവട രുചിച്ചു തിന്നുന്ന “ചൊമഞ്ചി” എന്ന വായിച്ചുമറന്ന കഥാപാത്രം ആകുവാൻ ചില സന്ധ്യകളിൽ ആ ശ്രമവും നടത്തി നോക്കി പരാജയപെട്ടു.

എന്നും നാട്ടിലെത്തിയാൽ കൂടെ കൂടുന്ന നൻപൻ ഷാഫി നല്ലൊരു സാരഥി ആണ്. ഒരു യാത്ര പോകാൻ പ്ലാനിങ് ചെയ്യുന്ന അവസരങ്ങളിൽ എന്നും ഷാഫിയുടെ പേരാണ് മുന്നിലുണ്ടാവുക. കണിശതയാർന്ന ഡ്രൈവിങ്ങ് കൊണ്ടും സരസമായ സംഭാഷണങ്ങൾ കൊണ്ടും വിരസമാകുന്ന ദീർഘദൂര യാത്രകളെ ഉത്തേജിപ്പിച്ചു നിറുത്താൻ ഷാഫി പറയുന്ന നർമ്മ നുറുങ്ങുകൾ ഓർമയിൽ പോലും ചിരിപടർത്തും. നാണയ തുട്ടുകളുടെ കിലുക്കങ്ങൾക്കു മുകളിൽ ചിരിക്കുന്ന നിഷ്കളങ്കമായാ സൗഹൃദങ്ങൾ എന്നും നിലനിൽക്കുന്നത് അതിൽ നാം അനുഭവിക്കുന്ന ഊഷ്മളത ഒന്നുകൊണ്ടു മാത്രമാണ്. ആ ഊഷ്മളത എന്നും ഈ കൂട്ടുകാരൻ എനിക്ക് പകർന്നു നൽകാറുണ്ട്. ഇന്നത്തെ യാത്രയിലും ഷാഫി എന്‍റെ കൂടെ ഉണ്ട്.

പെട്ടന്നുള്ള തീരുമാനത്തിൽ മാർച്ച് 29 രാത്രി 12 മണിക്ക് തിരുവില്വാമലയിൽ നിന്നും ഞാനും ഷാഫിയും തഞ്ചാവൂർ എന്ന ക്ഷേത്ര നഗരത്തിലേക്ക് യാത്ര ആരംഭിച്ചു. പാലക്കാട്,പൊള്ളാച്ചി,പളനി, ട്രിച്ചി, ഡീൻഡുഗൽ വഴി തഞ്ചാവൂർ എത്തി ബ്രഹദീശ്വരൻ കോവിലും തഞ്ചാവൂർ പാലസും സന്ദർശിച്ചു,  അവിടെ നിന്നും കുംഭകോണം എന്നതാണ് യാത്ര തുടരുമ്പോൾ എന്റെ ലക്‌ഷ്യം. ഏകദേശം 560 കിലോമീറ്റർ നീളുന്ന യാത്ര ഓടി തീരുവാൻ ഏഴുമണിക്കൂർ ആണ് ഞാൻ കണക്കു കൂട്ടിയത്. കാരണം 7 മണിക്കെങ്കിലും തഞ്ചാവൂർ എത്തിയില്ലെങ്കിൽ അടഞ്ഞ അമ്പല വാതിലുകൾ തുറക്കാൻ മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പുകൾ, ചിലപ്പോൾ ഒരു ദിവസം തന്നെ നഷ്ടപ്പെടുത്തും എന്ന് എനിക്ക് തോന്നി. കേരള അതിർത്തിയായ ഗോപാലപുരം ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള തമിഴ്നാട് റോഡുകൾ അഭിനന്ദിക്കാതെ വയ്യ. ഷാഫി കാർ 120 കിലോമീറ്റർ സ്പീഡിൽ പറത്തുകയാണ്. വിജനമായ പാതകളിൽ മരക്കാടുകൾ പിന്നോട്ട് ഓടിമറഞ്ഞുകൊണ്ടിരുന്നു. ഒന്ന് രണ്ടു പ്രാവശ്യം തമിഴ്നാട് പോലീസ് ഞങ്ങളുടെ വാഹനം നിറുത്തി പരിശോധിച്ചിരുന്നു. അവരുടെ വളരെയേറെ മാന്യമായ പെരുമാറ്റം ശരിക്കും മുൻവിധികളിൽ മാറ്റം ഉണ്ടാക്കി. കാലത്തിനു അതീതമായ പുനർചിന്ത ഓരോ പ്രവർത്തിയിലും നമ്മുടെ നാട്ടിലും വന്നു ചേരുന്ന പ്രവണത പ്രവാസി എന്ന നിലയിൽ വളരെയേറെ സന്തോഷത്തോടെ നോക്കി കാണാൻ എനിക്ക് ഇഷ്ടം തോന്നി. ഓരോ രണ്ടു മണിക്കൂർ കഴിയുമ്പോഴും ഞാനും ഷാഫിയും സാരഥികൾ ആയി. അത് കൊണ്ട് തന്നെ വിരസമായ യാത്രയിൽ വലിയ ക്ഷീണം അറിഞ്ഞില്ല. ചരിത്രമുറങ്ങുന്ന നഗരവീഥികളിൽ ഇടക്ക് മിന്നിമറയുന്ന വെളിച്ചപോട്ടുകൾ പിന്നിലേക്ക് ഓടിമറഞ്ഞു കൊണ്ടിരുന്നു. ഷാഫി സീറ്റ് പിന്നിലേക്ക് നിവർത്തി ഉറങ്ങുകയാണ്. നോക്കെത്താ ദൂരത്തോളം നീണ്ടുപോകുന്ന മനോഹരമായ
തേനി – ചെന്നൈ ദേശീയപാത എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്നു. റിവ്യൂ മീറ്ററിൽ സൂചി നിശ്ചിതമായ വേഗപരിധിയുടെ മുകിലാണെന്ന് പലപ്പോഴും അലാറം ഓർമിപ്പിച്ചു.

ഗായത്രിയും ശ്രീരഞ്ജിനി കോടമ്പള്ളിയും നട്ട ജുകൽബന്ധി തകർക്കുകയാണ്. സ്റ്റിയറിങ് വീലിൽ താളം പിടിച്ചു ഞാൻ ശരിക്കും ആ സ്വരങ്ങളിൽ ലയിച്ചു. കര്‍ണ്ണാട്ടിക്ക്  സംഗീതത്തിന്‍റെ അകമ്പടി എന്നും എന്നെ ആവേശം കൊള്ളിക്കുന്നതിനാൽ യാത്രകളിൽ കൂടെ കൂട്ടുന്ന ഒന്നാണ്.
കനത്ത നിശ്ശബ്ദത നിറക്കുന്ന ഗ്രാമങ്ങൾ കീറിമുറിച്ചു കടന്നു പോകുന്ന ദേശിയപാത,
വഴി മുറിഞ്ഞുപോകുന്ന ഇടവഴികൾ. തമിഴ്നാടിന്‍റെ മുഖച്ഛായ മാറിത്തുടങ്ങിയിട്ടുണ്ട്.  ഭരണകൂടം രാഷ്ട്രീയത്തിനധിതമായി പ്രവർത്തങ്ങൾ വിപുലപ്പെടുത്തുകയും വികസനം വാക്കുകളിൽ മാത്രമൊതുങ്ങാതെ നടപ്പാക്കുകയും ചെയ്യുന്നതാവാം മാറ്റങ്ങൾക്കു കാരണം. ഒരു രാജ്യത്തിന്‍റെ സമഗ്രമായ വികസനത്തിന് ആദ്യം വേണ്ടത് നല്ല സഞ്ചാര യോഗ്യമായ പാതകൾ ആണെന്ന് ഓരോ വികസിത രാജ്യങ്ങളും എടുത്തുനോക്കിയാൽ അറിയാം. സാമ്പത്തിക പ്രതിസന്ധികൾ വന്നപ്പോൾ പോലും യൂറോപ്യൻ രാജ്യങ്ങൾ നല്ല പാതകൾ നിർമിക്കാൻ എടുത്ത തീരുമാനങ്ങളെ കുറിച്ചുള്ള വാർത്തകൾ നാം കുറച്ചു നാളുകൾക്കു മുന്നേ വായിച്ചതോർമിക്കുമല്ലോ.? ചൈനയിൽ പോയപ്പോൾ കണ്ട റോഡുകൾ ഓർമയിൽ നിറയുകയാണ്. എത്ര മനോഹരമായ ദേശിയ പാതകൾ ആണ് അവർ നിർമിച്ചിരിക്കുന്നത്? ഒരു രാജ്യം പുരോഗതിയിലേക്ക് പോകുവാൻ ഏറ്റവും ആദ്യം സുഗമമായി സഞ്ചരിക്കുവാൻ ഉള്ള വഴികൾ ആണ് വേണ്ടതെന്നു നമ്മുടെ ഭരണകർത്താക്കൾ എന്നാണോ തിരിച്ചറിയുക!

തിരക്കില്ലാത്ത റോഡിൽ സാമാന്യം വേഗതയിൽ സഞ്ചരിച്ചാതിനാൽ ഉദ്ദേശിച്ചതിലും ഒന്നരമണിക്കൂർ മുന്നേ രാവിലെ അഞ്ചരയോടെ ഞങ്ങൾ തഞ്ചാവൂർ നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് എത്തി. കുളിക്കാനും പ്രഭാത ഭക്ഷണം കഴിക്കാനും മറ്റു കാര്യങ്ങൾക്കും എല്ലാമായി കവിത റീജൻസി എന്നാ ഹോട്ടലിൽ കുറച്ചു സമയത്തിന് ഒരു മുറി എടുത്തു. യാത്രയുടെ ക്ഷീണവും ഉറക്കവും അതി ശക്തമായി പ്രതികരിക്കുന്നതിനാൽ രണ്ടുമണിക്കൂർ ഉറങ്ങാൻ ഞാൻ തീരുമാനിച്ചു.

ഏകദേശം 9 മണിയോടെ കുളിയും കാര്യങ്ങളും കഴിഞ്ഞു ഞങ്ങൾ കാഴ്ചകളിലേക്ക് ഇറങ്ങി. നഗരത്തിന്റെ ഉള്ളിലൂടെ ഒരൊട്ടപ്രതീക്ഷണം നടത്തി മറ്റുകാഴ്ചകളിലേക്ക് പോകുവാൻ ഞാൻ ഷാഫിയോട് ആവശ്യപ്പെട്ടു. ഒരു വലിയ മേൽപാലം നഗരത്തിന്‍റെ മധ്യത്തിലൂടെ കടന്നു പോകുന്നു. കച്ചവട സ്ഥാപനങ്ങൾ നിരന്നു നിൽക്കുന്ന ഒരുഭാഗം ശബ്ദ മുഖരിതമായ തെരുവാണ്. നിലക്കാതെ ഒഴുകുന്ന ജനലക്ഷങ്ങൾ.. മറുഭാഗം കൂടുതലും കോൺക്രീറ്റ് നിർമ്മിതികളാൽ കൊട്ടിയടക്കപ്പെട്ട ആധുനിക വാസസ്ഥലങ്ങൾ ആണ്. കാർഷികപരമായും വ്യാവസായികപരമായും മുൻപന്തിയിൽ ഉള്ള തഞ്ചാവൂരിന്‍റെ പല ഉത്പന്നങ്ങളും പേരുകേട്ടവയാണ്. രാജഭരണകാലം മുതലുള്ള വസ്ത്രനിർമ്മാണങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും വലിയ രീതിയിൽ ഉള്ള ഉത്പാദനം ഇന്നും ഇവിടെ നിലനിന്നു പോരുന്നു. ശാലിയ വിഭാഗത്തിലെ നെയ്ത്തുകാർ നിർമ്മിക്കുന്ന കൈത്തറി വസ്ത്രങ്ങൾ പ്രശസ്തമാണ്. രാജഭരണത്തിന്റെ അവശേഷിപ്പുകൾ പലതും ഇന്ന് യവനികക്കുള്ളിലാണ്. നാശോന്മുഖമായ കാഴ്ചകൾ പലതും ചരിതമുറങ്ങുന്ന തിരുശേഷിപ്പുകളാണ്. അവയെല്ലാം ഒന്നുകിൽ സ്വയം നശിച്ചതോ പുതിയ ജീവിതരീതികൾക്കു വേണ്ടി നശിപ്പിക്കപ്പെട്ടതോ ആയിരിക്കണം. ചരിത്രാതീത കാലം മുതലേ തഞ്ചാവൂർ സംസ്കാരികരംഗത്ത്  വലിയ മാറ്റങ്ങൾ സൃഷ്ടിച്ച നഗരമാണ്. പക്ഷെ നൂറ്റാണ്ടുകൾക്കു മുൻപ് സ്ഥാപിച്ച സരസ്വതി മഹൽ ഗ്രന്ഥശാല ഇന്ന് മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്നു. അപര്യാപ്തമായ സാഹചര്യങ്ങളിൽ ഈ പൈതൃക നഗരം ആധുനികതയിൽ പുനർജനിക്കുമ്പോൾ നഗരത്തിന്റെ പൗരാണിക ചിത്രം നഷ്ടമാകുന്ന കാഴ്ച്ചയാണ് മുന്നിൽ തെളിയുന്നത്. സഞ്ചരികൾക്കുള്ള കുതിരവണ്ടിയുമായി പോകുന്ന ഒന്നുരണ്ടു കാഴ്ചകൾ കല്പനികമായ ഓർമകളിൽ എന്നെ കൊണ്ടെത്തിച്ചു.

ഏതൊരു തമിഴ്നാട് നഗരങ്ങളെപോലെ തന്നെ തഞ്ചാവൂർ നഗരത്തിലും ക്രമം തെറ്റി ഓടുന്ന ടി വി എസ് ഇരുചക്രവാഹനങ്ങളും, മല്ലികപൂ വിൽക്കുന്ന സ്ത്രീകളും, ഉന്തുവണ്ടിയിൽ ചാക്ക് കെട്ടുകൾ അടുക്കി വലിച്ചു കൊണ്ട് പോകുന്ന കറുത്ത ശക്തിയുള്ള മനുഷ്യരും, മുറുക്കാൻ തുപ്പൽ ചുണ്ടിലൂടെ ഒലിപ്പിച്ചു നടക്കുന്ന റിക്ഷ ഡ്രൈവർമാരെയും ഞാൻ കണ്ടു. റോഡിൽ നിറയെ ഇരുചക്രവാഹനങ്ങൾ ആണ്, ജീവിതം കൂട്ടിമുട്ടിക്കാൻ ഓടുന്ന തിരക്ക് പിടിച്ച സമയത്തു മുന്നിലുള്ളവൻ വഴിമുടക്കുമ്പോൾ അടിക്കുന്ന ഹോൺ ശബ്ദങ്ങളിൽ മുഖരിതമാണ് നഗരവീഥികൾ. കനകാംബരവും മുല്ലപ്പൂവും ചേർത്ത് പിന്നിയ പൂമലകൾ തലയിൽ കെട്ടിവെച്ചു സ്ത്രീകൾ പലവഴിക്കും പരക്കം പായുകയാണ്.

9:30-ഓടെ ക്ഷേത്ര പരിസരത്തു ഉള്ള പാർക്കിങ് ഏരിയയിൽ വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ ബ്രഹദീശ്വരൻ കോവിലിന് മുന്നിലെത്തി. ഭീമാകരമായ രണ്ടു മതിലുകൾക്കുള്ളിൽ ആണ് ക്ഷേത്രം നിലകൊള്ളുന്നത്. വലിയ കോട്ടപോലെ തോന്നിക്കുന്ന ചുറ്റുമതിലാണ് ആദ്യം കാണുന്നത്. “കേരളാന്തകൻ തിരുവയിൽ” എന്ന് നാമകരണം ചെയ്ത ഒന്നാമത്തെ കവാടം. കേരളത്തിലെ നാട്ടുരാജാവായിരുന്ന ഭാസ്കരരവിവർമനെ യുദ്ധത്തിൽ തോല്പിച്ചപ്പോൾ ചോള രാജരാജ പെരുമാളിന് ലഭിച്ച പേരാണ് കേരളാന്തകൻ തിരുവയിൽ. ഈ വിജയത്തിന്റെ ഓർമക്കായിട്ടാണ് ഒന്നാം കവാടത്തിനു ആ പേരുവന്നതിന്‍റെ പിന്നിൽ എന്ന് അറിയാൻ കഴിഞ്ഞു. കവാടം അഞ്ച് നിലകളിൽ ഉയർന്നു നിൽക്കുന്നു. കരിങ്കല്ലിൽ വിരിഞ്ഞു നിൽക്കുന്ന കൊത്തുപണികൾ സത്യത്തിൽ എന്നെ അത്ഭുതപ്പെടുത്തി. അതിമനോഹരങ്ങൾ ആയ അനേകം കൊത്തുപണികളാൽ സമ്പന്നമാണ് ഒന്നാം കവാടം. അഞ്ചു  മീറ്ററോളം വീതിയുള്ള ഒന്നാം കവാടത്തിന്‍റെ ഉള്ളിലായി ഇരുവശത്തും ഓരോ പ്രതിഷ്ഠകൾ ഉണ്ട്. ദക്ഷിണ മൂർത്തിയും ബ്രഹ്മാവും തെക്കും വടക്കും ആയി നിൽക്കുന്നു. സൂര്യൻ ഒരു ദയയും ഇല്ലാതെ ജ്വലിക്കുകയാണ്. ചുട്ടുപഴുത്ത കരിങ്കൽ പാളികൾ ചവിട്ടിയപ്പോൾ എന്‍റെ പാദം പൊള്ളിയാതായി അനുഭവപെട്ടു. വലിയ മതിൽ കെട്ടിനുള്ളിൽ കാഴ്ചക്കാരായി ഏതാനും ചിലർ മാത്രം അവിടവിടെയായി കൂടി നിന്ന് മഹാനിർമിതിയെ നോക്കിക്കാണുന്നുണ്ട്. മറ്റു ചിലർ ക്ഷേത്രത്തെ പശ്ചാത്തലമാക്കി ഫോട്ടോ എടുക്കുന്നു.

ഒന്നാം കവാടമായ കേരളാന്തകൻ തിരുവയിൽ കഴിഞ്ഞു രണ്ടാം കവാടമായാ “രാജരാജൻ തിരുവയിൽ” നാം എത്തുമ്പോൾ മുന്നിലുള്ളത് എഴുത്തു പണികളിൽ നിറയുന്ന സുന്ദരമായ മറ്റൊരു മതിൽ കെട്ടണ്. മൂന്നുനിലകൾ ഉള്ള കവാടം ഉയർന്നു നിൽക്കുന്നു. ഒട്ടനവധി പഠനങ്ങൾക്ക് വിധേയമാക്കിയ പാമ്പും ആനയും ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഈ കവാടത്തിൽ ആണ്. പാമ്പ് ആനയെ വിഴുങ്ങുന്നതായി ഇവിടെ കരിങ്കല്ലിൽ കൊത്തിവെച്ചിരിക്കുന്നു. ശിവമാർക്കണ്ഡേയ പുരാണങ്ങളും, അർജുന കിരാത സന്ദർഭങ്ങളും ഇവിടെ കരിങ്കൽ പാളികളിൽ ആലേഖനം ചെയ്ത് വെച്ചിരിക്കുന്ന കാഴ്ചകൾ ഞാൻ കൗതുകപൂർവ്വം നോക്കി കണ്ടു. രണ്ടാം കവടത്തിനുള്ളിലായും രണ്ടു പ്രതിഷ്ഠകൾ ഉണ്ട് നഗരാജാവും ഇന്ദിരാദേവിയും ആണ് അവ.

രണ്ടു കവടങ്ങളും പിന്നിട്ടു നാം കാണുന്ന കാഴ്ച വിശാലമായ കരിങ്കൽ പാളികൾ നിരത്തിയ ക്ഷേത്രമുറ്റമാണ്. കവാടം കടന്നെത്തുമ്പോൾ പ്രധാന ക്ഷേത്രത്തിനു മുന്നിലായി നന്ദിമണ്ഡപവും വലതു വശത്തായി നൃത്തമണ്ഡപവും കാണാം. നന്ദിയുടെ രൂപവും വലിപ്പവും ആണ് ആദ്യമായി നമ്മെ ആകർഷിക്കുന്നത്. ഒറ്റക്കല്ലിൽ തീർത്ത ഈ പ്രതിമയ്ക്ക് 12 അടിയോളം നീളവും 20 അടിയോളം പൊക്കവും ഉണ്ട്. 25 ടൺ ആണ് ഭാരമെന്നും പറയപ്പെടുന്നു. മഹാനന്ദി മണ്ഡപം കൊത്തുപണികൾകൊണ്ടു അലംകൃതമാണ്. പല വർണ്ണങ്ങളാൽ ഉള്ള ചിത്രപണിയും കാഴ്ചകൾക്ക് നിറം നൽകുന്നു. നന്ദിമണ്ഡപത്തിന്‍റെ നിർമാണ വൈവിധ്യം പ്രശംസനീയമാണ്. ക്ഷേത്രമണ്ഡപത്തിന്റെ ഏറ്റവും മുകളിലായി വെച്ചിരിക്കുന്ന ഒറ്റക്കല്ലിൽ തീർത്ത മേൽക്കൂരക്കു ആയിരക്കണക്കിന് ടൺ ഭാരമുണ്ടെന്നു അറിയുമ്പോൾ സംവത്സരത്തിന് മുൻപ് ആധുനിക യന്ത്രങ്ങളുടെ സഹായങ്ങൾ ഒന്നുമില്ലാതെ കായിക കരുത്തുകൊണ്ടും, ബുദ്ധികൊണ്ടും നിർമിച്ച ഈ നിർമ്മിതികൾ അത്ഭുതകരം ആകാതിരിക്കുന്നതെങ്ങനെ..? നാല് കിലോമീറ്ററോളം ചെരിച്ചു റോഡ് നിർമ്മിച്ചു അതിലൂടെ ശിഖിരം പടിപടിയായി മുകളിൽ എത്തിക്കാൻ നടത്തിയ ശ്രമങ്ങൾ നാം കാണുന്ന നിസ്സാരതയിൽ ഉളവാക്കുന്ന ഒരു കാഴ്ചയല്ല. ആപൽക്കരമായ അനേകം സാഹചര്യങ്ങൾ ഈ മഹാ നിർമ്മിതിയിൽ സംഭവിച്ചിട്ടുണ്ടാകണം. ഒരു തരത്തിൽ ഉള്ള സുരക്ഷയും ഇല്ലാതെ പ്രജകൾ അടിമകളായി ജോലിചെയ്യുന്ന രാജഭരണകാലം ഈ നിർമ്മിതിയിലും വേറെ നിലപാടുകൾ സ്വീകരിച്ചിരിക്കും എന്ന് കരുതാൻ ആവില്ലലോ..?

( കാര്യങ്ങൾ അറിയുവനായി എന്നെ സഹായിച്ച കണ്ണൻ ഭാരതി എന്ന ഗൈഡ് 17 വർഷമായി ഈ ക്ഷേത്ര നടയിൽ ഉണ്ട്. വെറുമൊരു പ്രദിക്ഷണ ഓട്ടത്തിൽ ഈ നിർമിതിയുടെ അത്ഭുതങ്ങൾ ഒന്നും നമുക്ക് കാണാൻ കഴിയില്ല. അതുകൊണ്ടാണ് ഈ മഹാനിർമ്മിതിയെ അടുത്തുകാണുവാൻ ഒരു സഹായിയുടെ ആവശ്യം തേടിയത്. അത് ഒരുപാടു തരത്തിൽ ഈ യാത്രയിൽ എന്നെ സഹായിച്ചിട്ടും ഉണ്ട്. )

കൂടിച്ചേർന്ന് കിടക്കുന്ന ഓരോ കരിങ്കൽ പാളികൾക്കും പറയാനുള്ളത് ആയിരം വർഷങ്ങളുടെ ചരിത്രമാണ്. രാജഭരണത്തിന്റെ തീവ്ര നീയമങ്ങൾക്കു മുന്നിൽ മനുഷ്യ ജീവിതങ്ങൾ പുഴുക്കളായി ഒടുങ്ങിയ കണ്ണുനീരിന്റെ നനവുള്ള കഥകൾ.. അടിയന്മാരും കുടിയാന്മാരും നിവർത്തിക്കുകയും അനുവർത്ഥിക്കുകയും ചെയ്ത കാട്ടുനീതികളുടെ കഥകൾ..കെട്ടുകഥകളും പുരണങ്ങളും ചരിത്രമായി അവശേഷിക്കുന്ന ഓർമ്മപ്പെടുത്തലുകൾ… അങ്ങനെ കടന്നു പോകുന്ന നിരവധി ചിന്തകളാണ് എന്നെ വലയം ചെയ്തത്..

56 ഏക്കർ വിസ്ത്രതിയിൽ പരന്നു കിടക്കുന്ന ക്ഷേത്രസമുച്ചയം നിർമ്മിക്കാൻ 1.3 ലക്ഷം ടൺ കരിങ്കൽ വേണ്ടി വന്നു എന്നാണ് കണക്കുകൾ. കൃഷ്ണശിലയിൽ നിർമ്മിച്ച ഈ ക്ഷേത്രം വാസ്തുവിദ്യയുടെ വിസ്മയമാണ്. രണ്ടാമത്തെ കവാടമായ രാജരാജൻ തിരുവയിൽ കുട്ടിമുട്ടുന്ന 400 കരിങ്കൽ തൂണുകളും വരാന്തയുമുള്ള മതിലിന്റെ സംരക്ഷണത്തിലാണ് ക്ഷേത്രം. മതിൽകെട്ടിൽ കൊത്തുപണികൾ നിറഞ്ഞുനിൽക്കുന്നു. രാജഭരണത്തിന്‍റെ ചരിത്രങ്ങളും ഭരതനാട്യത്തിന്‍റെ 108 അഭിനയ മുദ്രകളും കരിങ്കല്ലിൽ പുനർജനിച്ചിരിക്കുന്നു. ചോള വാസ്തുവിദ്യയുടെ മാന്ത്രിക ഭാവങ്ങൾ ഈ ക്ഷേത്രം സഞ്ചാരികൾക്കു പകർന്നു നൽകും. ഓരോ മുക്കിലും മൂലയിലും വിടർന്നു നിൽക്കുന്ന മനോഹര ശില്പങ്ങൾ കരിങ്കല്ലിൽ തീർത്തതാണെന്നു വിശ്വസിക്കാൻ പ്രയാസം. അത്രമാത്രം സൂഷ്മതയോടെ നിർമ്മിക്കപ്പെട്ട കരിങ്കല്‍ പാളികളാൽ സംയോചിപ്പിച്ച ഒരു മഹാത്ഭുതം ആണ് ഇവിടം. പല സംസ്കാരങ്ങളുടെ കൂടിച്ചേരൽ ഈ ക്ഷേത്രത്തിൽ നമുക്ക് കാണാനാവും. ചോള, നയ്ക്കാർ, മാറാത്ത, ഭരണകലാഘട്ടങ്ങളിൽ ഉള്ള പലവിധ ശില്പമാതൃകകൾ ആ വാദത്തെ ശരിവെക്കുന്നു. ചുമരിൽ ഉള്ള കൊത്തുപണികളും, ചിത്രപണികളും കാണുമ്പോൾ രാജഭരണകാലത്ത് എത്രമാത്രം പ്രാധാന്യം ഈ കലാരൂപങ്ങൾക്കു ഉണ്ടായിരുന്നു എന്നുള്ള ചിന്തയാണ് എന്നിൽ നിറഞ്ഞത്. 1000 വർഷങ്ങൾക്കു മുൻപ് ഇതുപോലുള്ള ഒരു മഹാനിർമ്മിതി നിർമ്മിക്കുവാൻ തീരുമാനം എടുത്ത ഭരണാധികാരിയുടെ ഇച്ഛാശക്തിക്കു മുൻപിൽ ഞാൻ തല കുനിക്കുന്നു. പ്രധാന മണ്ഡപമായ “ശ്രീവിമാന”ക്ക് നാല് ഭാഗങ്ങൾ ആണ് ഉള്ളത്.ശ്രീവിമാന, ശ്രീകോവിൽ, ഗർഭഗ്രഹം, മുഖ്യമണ്ഡപം എന്നിങ്ങനെ ആണ് ഭാഗങ്ങൾ. ഈ മണ്ഡപത്തിന്റെ നിഴൽ ഒരിക്കലും താഴെ പതിക്കാത്ത വിധമാണ് നിർമ്മാണം.
മനുഷ്യ പ്രയത്നത്തിന്റെയും നിശ്ചയധർട്യത്തിന്റെയും മൂർത്തി ഭാവമായി ഉയർന്നു നിൽക്കുന്ന മണ്ഡപം അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. 6 അടിയോളം മാത്രമുള്ള ശ്രീകോവിലിന്റെ വതിലിനുള്ളിൽ 13 അടി പൊക്കവും 10 അടി വീതിയുമുള്ള ഒറ്റക്കല്ലിൽ തീർത്ത ശിവലിംഗം ആണ് ഇവിടെ പൂജിക്കപ്പെടുന്നത്. നിർമാണത്തിലെ കണക്കുകൂട്ടലിനെ ഞാൻ അത്ഭുതത്തോടെ ചിന്തിക്കുകയാണ്. ആദ്യം ഈ പ്രതിഷ്ഠ നിർമ്മിച്ചു അതിനു ചുറ്റിലും പിന്നീട് ക്ഷേത്രം നിർമിച്ചിരുന്നിരിക്കണം. അതുമല്ലെങ്കിൽ ആദ്യം ഈ ശിവലിംഗം ഇവിടെ പൂജിക്കപ്പെട്ടിരുന്നിരിക്കണം. പക്ഷെ 20 അടിയോളം മുകളിലുള്ള ശ്രീകോവിലിന്റെ ഉള്ളിലെ കാഴ്ചകൾ ഒരു പക്ഷെ എന്‍റെ ചിന്തകൾ ശരിയായ രീതിയിൽ അല്ലെന്നു തോന്നിക്കുന്നു.

ചുട്ടുപൊള്ളുന്ന പുറം കാഴ്ചകൾ കണ്ണൻ ഭാരതിയോടൊപ്പം നടന്നു കാണുമ്പോൾ വസ്തു വിദ്യയുടെ മറ്റൊരു അത്ഭൂത പെടുത്തുന്ന കാഴ്ച എനിക്ക് കാണിച്ചു തന്നത്. പെരിയനായകിയുടെ ഉപക്ഷേത്രം നിർമ്മിച്ചിരിക്കുന്ന ടെക്‌നോളജിയുടെ മൂർത്തി ഭാവം. ക്ഷേത്രത്തിന്റെ മുന്നിലായി ഒരു കുതിരയുടെ രൂപം എന്നെ കാണിച്ചു തന്നിട്ട് എന്ത് മനസിലായി എന്ന് പറയുവാൻ ആവശ്യപ്പെട്ടു. ഒരു കുതിര രഥം വലിക്കുന്ന പോലെ എനിക്ക് തോന്നുകയും ഞാൻ അത് പറയുകയും ചെയ്തു. എന്നാൽ ക്ഷേത്രത്തിന്റെ മേൽക്കൂര,നാലുവശവുമുള്ള ഭിത്തികൾ, അടിത്തറ എന്നിഭാഗങ്ങളെ യോചിപ്പിക്കാൻ നിർമ്മിച്ച ഒരു കത്രിക പൂട്ടാണ് ഈ കുതിരയുടെ രൂപത്തിൽ നാം കാണുന്നത്. നീളമുള്ള കരിങ്കൽ പാളികളിൽ ഓരോ ഭാഗം പുറത്തേക്ക് കൊണ്ടുവന്നു ഒന്നിച്ചു ചേർത്ത് നിറുത്തുന്ന ഈ ഭാഗം ആണ് കുതിരയായി നാം കാണുന്നത്. വീണ്ടും ഒരു പുനർനിർമ്മാണം നടത്തുവാൻ ഏതെങ്കിലും ഒരുഭാഗം അടർത്തിയെടുക്കാൻ കഴിയാത്ത വിധം കരിങ്കല്ലിൽ ബന്ധിച്ചിരിക്കുന്നു. ചോള ഭരണകാലത്തല്ല ഈ ഉപക്ഷേത്രത്തിന്റെ നിർമ്മാണം പതിമൂന്നാം നൂറ്റാണ്ടിൽ പാണ്ഡ്യ രാജവംശമാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വലുപ്പമുള്ള ശീൽപങ്ങൾ മുതൽ പോളീസ്റ്റർ നൂലു കടത്തിവിടാൻ കഴിയുന്ന ഓട്ടയോടുകൂടിയ കൊത്തുപണികൾ വരെ ഇവിടെയുണ്ട്. അതെല്ലാം ആദ്യമായി കാണുന്ന കാഴ്ചക്കാർക്ക് കണ്ടെത്തുക അപ്രാപ്യമാണ്.
ശാസ്ത്രീയമായ കാഴ്ചപ്പാടുകൾ,
എന്നെ സംബന്ധിച്ചിടത്തോളം ഒരു വിലയിരുത്തൽ നടത്താൻ മാത്രം ദൈവികതയെ കൂട്ട് പിടിക്കുന്നില്ലങ്കിലും ആധുനിക വൈദ്യശാസ്ത്രം കൽപ്പിക്കുന്ന പ്രസവ രീതിയുടെ ഒരു ചിത്രം പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച സുബ്രമണ്യൻ ക്ഷേത്രത്തിനു മുകളിലായി കണ്ണൻ ഭാരതി കാണിച്ചു തന്നു. ചിത്രത്തിന്റെ വിശ്വാസ്യതയെ / അവിശ്വാസ്യതയെ ചോദ്യം ചെയ്യാൻ തല്ക്കാലം ഞാൻ സമയം ചിലവഴിക്കുന്നില്ല.

സൂര്യൻ ജ്വലിക്കുകയാണ് തലക്കുമുകളിൽ. കാഴ്ചകൾ മങ്ങുമെന്നു തോന്നിയ ഒരു നിമിഷം ശ്രീവിമാനയുടെ ഉള്ളിലേക്ക് നടന്നു. 37° ചൂടിൽ നിന്നും ശീതീകരിച്ച മുറിയിലെത്തിയ പ്രതീതിയാണ് പിന്നീട് ഉണ്ടായത്. വവ്വാലുകൾ ചിറകടിച്ചു പറക്കുന്ന ഭീതിതമായ ഒരു ഇരുട്ടു നിറഞ്ഞ നിശബ്ദതയാണ് ശ്രീകോവിലിനോട് ചേർന്ന അകത്തളങ്ങൾക്ക്.. രണ്ടു നില ഉയരത്തിൽ ഉള്ള കരിങ്കൽ തൂണുകളിൽ കോൺക്രീറ്റ് മേൽക്കൂരയെ നാണം കെടുത്തുന്ന തരത്തിൽ കൊത്തിയൊരുക്കിയ കരിങ്കൽ പാളികൾ. ഗുഹമുഖത്തുനിന്നും പുറപ്പെടുന്ന പഴമയുടെ ഗന്ധമാണ് അവിടെ മുഴുവൻ. ഉച്ചക്ക് 12 മണിവരെയാണ് ശ്രീകോവിലിനു ഉള്ളിലേക്കുള്ള പ്രവേശനം. വൈകുന്നേരം 6 മണിക്ക് വീണ്ടും കാഴ്ചകളുടെ അത്ഭുതങ്ങളിലേക്ക് വാതിലുകൾ തുറക്കപ്പെടും.

നാല് ഉപക്ഷേത്രങ്ങൾ ശ്രീവിമാനക്കു ചുറ്റിലുമായി കാണാം. സുബ്രഹ്മണ്യനും, ഗണപതിയും, ചണ്ടികേശ്വരനും, പെരിയനായകിയും ഇരിക്കുന്ന ഉപക്ഷേത്രങ്ങൾ കൊത്തുപണികളുടെ നിറകാഴ്ചകൾ നമുക്ക് പകർന്നു തരുന്നു. ഈ നാലു ഉപക്ഷേത്രങ്ങളും മാറി മാറിവന്ന രാജവംശംങ്ങൾ കൂട്ടി ചേർത്തവയാണ്. പല സംസ്കാരങ്ങളുടെ സമന്വയം ഒരു മതിൽകെട്ടിനുള്ളിൽ നിറഞ്ഞു നിൽക്കുന്നു.
തഞ്ചാവൂർ സംഗീതോത്സവം നടന്നിരുന്ന, ആസ്വാദകരെ ആനന്ദത്തിൽ ആറാടിച്ച മണ്ഡപം ഇന്ന് നിശ്ശബ്ദമാണ്. അനേകം നാർത്തകിമാർ ചിലങ്ക കെട്ടി ആടിയ നടന ഭാവങ്ങൾ ഈ ചുമരുകളിൽ ഇന്നും എനിക്ക് കാണാൻ കഴിഞ്ഞു. ചുട്ടുപൊള്ളുന്ന കാഴ്ചകളിൽ നിന്ന് പിന്തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ആലോചിക്കുന്നത് നമ്മുടെ പൂർവികർ നമുക്കായി കാത്തുവെച്ചിരിക്കുന്ന ഇതുപോലുള്ള കാഴ്ചകളെക്കുറിച്ചാണ്.

ക്യാമറകണ്ണുകൾക്കു പൂർണമായും ഒപ്പിയെടുക്കാൻ കഴിയുന്ന ഭംഗിക്ക് മുകളിലാണ് കാഴ്ചകൾ ഓരോന്നും. ശ്രീവിമാനയുടെ രൂപകൽപന അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാൻ ആവുകയുള്ളൂ.
ഈ നിർമ്മിതിയുടെ ആന്തരിക ചിന്തയിൽ എന്നെ ആവേശം കൊള്ളിക്കുന്ന കാര്യങ്ങൾ ആലോചിക്കുക രസകരമാണ്.241മീറ്റർ നീളവും 122 മീറ്റർ വീതിയും 66 മീറ്റർ ഉയരവുമുള്ള ശ്രീവിമാനയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന എട്ടു മുഖങ്ങളുള്ള താഴികകുടത്തിന് 6000 ടൺ ഭാരമുണ്ട്. ഒറ്റക്കല്ലിൽ തീർത്ത കലശം ഉറപ്പിക്കാൻ മാത്രം മൃഗങ്ങളും മനുഷ്യരും അടക്കം മൂവായിരത്തോളം ജീവൻ ബലി നൽകപ്പെട്ടു. രക്തം കട്ടപിടിച്ച അടിത്തറകളിൽ കൃത്യതയോടെ കെട്ടിപ്പടുത്ത കരിങ്കൽ കോട്ടക്കുള്ളിൽ ദൈവം സുഖമായി ഉറങ്ങട്ടെ..!!
ഭീമമായ പാറകളെ കൊത്തിയൊരുക്കി യോചിപ്പിക്കുന്ന പ്രവർത്തികൾ അതീവ സൂഷ്മതയോടെ നിർവഹിക്കേണ്ട ജോലിയാണ്. അതിസാഹസികമായ ജോലികളിൽ എന്തെല്ലാം കാര്യങ്ങൾ നടന്നിരിക്കും? നിർമാണ സമയങ്ങളിൽ ഒരു ജനത ഏറ്റെടുത്ത ആർജ്ജവത്വം, മാനസികമായ പിരിമുറുക്കങ്ങൾ, വരച്ചിട്ട വരികളിൽ നിറയുന്ന കൃത്യത, സങ്കലന വ്യവകലന ക്രീയകളിൽ നിറയുന്ന നൂലിട പിഴവില്ലാത്ത പൂർണത, എല്ലാം വെറുമൊരു കാഴ്ചയിൽ അവസാനിപ്പിക്കാൻ നാം എടുക്കുന്ന നിസ്സംഗത, സമൂഹം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. നേരം ഒന്നിനോട് അടുക്കുന്നു. ചരിത്രമുറങ്ങുന്ന ക്ഷേത്ര മുറ്റത്തുനിന്നും ഞാൻ ഇറങ്ങി നടന്നു. കാഴ്ച്ചകളുടെ നിറങ്ങളിൽ നിറയുന്നത് ചുവപ്പാണ്. കറുത്ത കരിങ്കല്ലിൽ ചുവന്ന കുമ്മായം പൂശി ചുവപ്പിച്ചതാകണം ഇവിടം മുഴുവനും. രണ്ടാംകവാടവും ഒന്നാം കവാടവും കടന്നു പിന്നിലേക്ക് നോക്കുമ്പോൾ എന്‍റെ ചുറ്റിലും യുദ്ധ മുഴക്കങ്ങളും, പെരുമ്പറകളുടെ കാതടപ്പിക്കുന്ന ശബ്ദവും ആയിരുന്നു. പല്ലക്ക് ഏന്തിയ കാവൽ ഭടന്മാർ എന്‍റെ മുന്നിലൂടെ കടന്നു പോകുന്നു. നൂറ്റാണ്ടുകൾ പിന്നിലായി എന്‍റെ ചിന്തകൾ ഒരു നിമിഷം. നെറ്റിപ്പട്ടം കെട്ടിയ ആനയും, പടച്ചട്ട ധരിച്ച കുതിരയും മുന്നിലൂടെ പോയ്കൊണ്ടിരുന്നു. പോകുവാൻ ഇനിയും ദൂരമേറെയുണ്ട്.. കാണുവാൻ കാഴ്ചകളും… സ്വപ്നലോകത്തിന്റെ മാസ്മരികതയോട് തൽകാലം വിടപറയുകയാണ്..

Comments
Print Friendly, PDF & Email

ഒറ്റപ്പാലം സ്വദേശി. ഗള്‍ഫിലും ചൈനയിലും ആഫ്രിക്കയിലും അനേകം യാത്രകള്‍ നടത്തിയിട്ടുണ്ട്.

You may also like