പതിവ് പോലെ എട്ട് – ബിയിൽ രണ്ടാം പിരീഡ് കേളുമാഷുടെ മലയാളം ക്ലാസ്. ചൂരലുമായി മാഷ് ക്ലാസ്സിലേക്ക് വന്നു.
“അക്രൂരന്‍റെ അമ്പാടിയിലേക്കുള്ള യാത്ര” എന്ന കവിതയാണ് അന്നത്തെ പാഠ്യവിഷയം. യാത്രയിൽ അക്രൂരൻ കാണുന്ന മനോഹര വഴിയോരക്കാഴ്ചകൾ തലേ ദിവസത്തെ ക്ലാസിൽ മാഷ് കേമമായി വർണ്ണിച്ചിരുന്നു. പഠിപ്പിച്ചത് കുട്ടികൾക്കോർമ്മയുണ്ടോയെന്നറിയാൻ കേളു മാഷ് നിശ്ചയിച്ചു..
‘ഇന്നലെ മ്മള് പഠിപ്പിച്ചതെല്ലാം ഓർമ്മ ഇണ്ടല്ലോ അല്ലേ? മ്മക്ക് ചെല ചോദ്യങ്ങൾ ചോദിക്കാം.”
അത് കേട്ടയുടനെ കുട്ടികൾ മലയാളം പാഠപുസ്തകം തുറന്ന് തുരുതുരാ വായിക്കാൻ തുടങ്ങി. അഞ്ച് മിനുട്ട് നേരം ക്ലാസിൽ ഒരു ലോക്കൽ ട്രെയിൻ പോകുന്ന മാതിരി കുട്ടികളുടെ വായന ഇരമ്പി. രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന ദിവാകരൻ മാത്രം കേളുമാഷെയും അയാളുടെ കൈയ്യിലിരിക്കുന്ന ചൂരലിനെയും തുറിച്ച് നോക്കി കൊതുക് ഇരിക്കുന്നമാതിരി കുട്ടികൾക്കിടയിൽ അമർന്നു. ദിവാകരൻ ആ ക്ലാസിലെ കുട്ടിയല്ല. സംസ്കൃതമാണ് അവന്‍റെ ഉപഭാഷ. കുഞ്ഞമ്പു മാഷുടെ സംസ്കൃതം ടെക്സ്റ്റ് പേപ്പർ ഭയന്ന് കൂട്ടുകാരനായ ബാബുവിന്‍റെ ഉപദേശപ്രകാരം കേളു മാഷുടെ മലയാളം ക്ലാസിൽ അന്ന് കയറിപ്പറ്റിയതാണ് വിരുതനായ ദിവാകരൻ. അവൻ ആ ക്ലാസിൽ വരാൻ മറ്റൊരു കാരണം കൂടിയുണ്ട്. വടക്കയിലെ പങ്കജാക്ഷി. ക്ലാസിലെ പഠിപ്പിസ്റ്റ് അവളാണ്. സംഭവം വൺവെ ആണെങ്കിലും കുറെ നാളായി പങ്കജാക്ഷിയുടെ പിറകെ ദിവാകരനുണ്ട്. പങ്കിയുടെ തൊട്ടിപ്പുറത്ത്, ആ ‘വിശുദ്ധ പ്രേമത്തിന്‍റെ സൂത്രധാരൻ ബാബുവിനരികില്‍ ചന്തിയുറപ്പിക്കാനുള്ള തീരുമാനമെടുത്തത് രണ്ടുപേരും കൂട്ടായിട്ടും.

കേളു മാഷിന് ക്ലാസിലെ മൊത്തം കുട്ടികളെ കൃത്യമായി അറിയാത്തതുകൊണ്ട് ഇതേപോലെ ചില വിരുതന്മാർ ഇടയ്ക്കിടെ കേളുമാഷെ പറ്റിക്കാറുമുണ്ട്. തന്നെ തുറിച്ചു നോക്കുന്ന പയ്യനെ ‘ഒന്നിരുത്താൻ’ കേളു മാഷും മനസ്സിൽ കരുതി. അങ്ങിനെ ആദ്യ ചോദ്യം ദിവാകരനോടായി. ചൂരൽകൊണ്ട് മേശപ്പുറത്ത് രണ്ടിടിച്ച്, ക്ലാസ് നിശ്ചലമാക്കിയ ശേഷം മാഷ് ചോദ്യമാരംഭിച്ചു.
“അക്രൂരൻ എവിടെനിന്നാണ് വരുന്നത്?”
അപ്രതീക്ഷിതമായ ആ ചോദ്യം ദിവാകരൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അക്രൂരൻ ആരാണെന്ന് പോലും ദിവാകരനറിയില്ല.എന്തുചെയ്യും? പങ്കിയുടെ മുമ്പിൽ നിന്ന് നാണം കെടാതെയെങ്കിലും നോക്കണം. പെട്ടെന്ന് ദിവാകരന് തലയിൽ ഒരു നൂറു വാട്ട് ബൾബ് മിന്നി. പിന്നെ അമാന്തിച്ചില്ല. അതുതന്നെ ഉത്തരം. പയ്യൻ ഉച്ചത്തിൽ കേളുമാഷെയും ഇടയ്ക്കിടെ പങ്കിയേയും നോക്കി എഴുന്നേറ്റ് നിന്ന് ഒറ്റ കാച്ചൽ.
“പൈതോത്ത്ന്ന് സ്സാർർർ …” ക്ലാസ് ഒറ്റ നിമിഷം കൊണ്ട് ഇളകിമറിഞ്ഞു. കുട്ടികൾ ആർത്തലച്ച് ചിരിച്ചു. കേളു മാഷിന് ശുണ്ഠി വന്നെങ്കിലും കുട്ടികളോടൊപ്പം മാഷിനും ചിരിയടക്കാൻ കഴിഞ്ഞില്ല. അതിൽ പങ്കിയുടെ ചിരി അതിക്രൂരമായി ദിവാകരന് അനുഭവപ്പെട്ടു.
പിന്നീടാണ് കേളു മാഷറിയുന്നത് ദിവാകരൻ പേരാമ്പ്രയ്ക്കടുത്തുള്ള പൈതോത്ത് നിന്നാണ് വരുന്നതെന്നും തന്‍റെ ക്ലാസിൽ വലിഞ്ഞുകയറി ഇരുന്നത് കൊണ്ട് അക്രൂരൻ എന്നവനെ കളിയാക്കി വിളിച്ചതായാണ് പയ്യൻ മനസ്സിലാക്കിയതെന്നും.
ബെല്ലടിച്ചപ്പോൾ ദിവാകരനെ നോക്കി പങ്കി “അക്രൂരാ” എന്ന് നീട്ടി വിളിക്കുകകൂടി ചെയ്തതോടെ ‘ക്രൂരനക്രൂരൻ’ ദിവാകരൻ പിന്നെ സ്കൂളിന്‍റെ പടികടന്ന് വന്നതുമില്ല! പാവം ദിവാകരൻ…..
(തുടരും)