പൂമുഖം LITERATUREനർമ്മം കേളു മാഷ് (ഭാഗം 5)

കേളു മാഷ് (ഭാഗം 5)

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

പത്താം ക്ലാസ് – ബിയിൽ ചരിത്രം പഠിപ്പിക്കുന്ന കണാരൻ മാഷ് മകളുടെ കല്യാണം പ്രമാണിച്ച് ഒരാഴ്ച ലീവിലാണ്. ഒന്നുരണ്ടു ദിവസം കണാരൻ മാഷുടെ പിരീഡ് പകരക്കാരായി ആരും പോകാനില്ലാത്തതു കൊണ്ട് ഓർക്കാട്ടേരി ചന്ത പോലെയായി പത്ത്-ബി. ക്ലാസിൽ നിന്ന് പൂച്ചകരയലും പട്ടിയുടെ കുരയും മറ്റ് പലജാതി മൃഗങ്ങളുടെ അലറലും സ്കൂൾ മൊത്തം മുഴങ്ങി. സഹികെട്ട മൊയ്തു ഹെഡ്മാഷ് കേളു മാഷോട് മൂന്നാമത്തെ ദിവസം ആ ക്ലാസിൽ പകരക്കാരനായി പോകാൻ നിർദ്ദേശിച്ചു.

കേളു മാഷ് ഹാജർ പട്ടികയുമെടുത്ത് പത്ത്-ബിയിലെത്തി. കേളു മാഷ് വന്നപ്പോൾ പിൻ സീറ്റിലിരിക്കുന്ന വിജയൻ തൊട്ടടുത്തിരിക്കുന്ന ഹമീദിനോട് ‘ഇക്കുരിപ്പിനെ എന്തിനാ കെട്ടിയെടുത്തതെന്ന്’ അടക്കം പറഞ്ഞു. കേളു മാഷ് അത് കേട്ടെങ്കിലും കേൾക്കാത്ത പടി മുന്നിലിരിക്കുന്ന തടിച്ചു വെളുത്ത ബിന്ദുവിനോട് കണാരൻ മാഷ് ഇപ്പോൾ ഏത് ചരിത്രമാണ് പഠിപ്പിക്കുന്നതെന്ന് ആരാഞ്ഞു. ബിന്ദു ഒറ്റ ശ്വാസത്തിൽ ഉച്ചത്തിൽ പറഞ്ഞു ‘പഴശ്ശിരാജയും ബ്രിട്ടിഷുകാരും തമ്മിലുള്ള യുദ്ധം.’

‘ങ്ഹാ ഇഞ്ഞി കുത്തിരിക്ക്. ബാക്കി ചരിത്രം ഞാമ്പറയാം’

‘അയിന് ഇങ്ങക്ക് ചരിത്രറിയ്യോ മാശേ’ പിൻ ബെഞ്ചിൽ നിന്നും വിജയൻ കേളു മാഷെ നേരെ ഒരമ്പെയ്തു.

‘ആട കുത്തിരിക്കെടാ മിണ്ടാണ്ട്. എന്നെ ചരിത്രം പഠിപ്പിക്ക്ന്ന്’

ആരും പിന്നെ മിണ്ടിയില്ല. ഉടനെ കേളു മാഷ് പഴശ്ശിയുടെ ചരിത്രം നല്ല സാഹിത്യ ഭാഷയിൽ പഠിപ്പിക്കാൻ തുടങ്ങി.

‘അങ്ങിനെ പശ്ചിമഘട്ടത്തിലെ ഹരിതവനാന്തരങ്ങളിൽ പഴശ്ശിയും കുറിച്യപ്പടയും എന്തിനും തയ്യാറായി നിൽക്കുകയാണ്. താഴെ സമതലങ്ങളിൽ ബ്രിട്ടീഷ് പട്ടാളത്തിന്‍റെ ആരവമുയർന്നു. കുതിരപ്പുറത്ത് നിറമുള്ള വസ്ത്രങ്ങളണിത്ത്, കൈകളിൽ തോക്കേന്തി ബ്രിട്ടീഷ് പട്ടാളം പഴശ്ശിയുടെ അരികിലേക്ക് കുതിക്കുകയാണ്. എന്തിനും തയ്യാറായി പഴശ്ശിയും കൂട്ടരും. ഇതാ ഇതാ ബ്രിട്ടീഷ് പട്ടാളം അരികിലെത്താറായി. (കേളു മാഷ് രാജ്യസ്നേഹം ഉള്ളിൽ നിറച്ച പോലെ വികാരഭരിതനായാണ് ഓരോ വാക്കും ഉച്ചരിക്കുന്നത്).

ബ്രിട്ടീഷുകാരുടെ കുതിരപ്പട്ടാളത്തിന്‍റെ ടക് ടക് ടക് കുളമ്പടി ശബ്ദം ഇതാ ഇതാ അടുത്തടുത്ത് നിന്ന് മുഴങ്ങുന്നതായി പഴശ്ശിക്ക് മനസ്സിലായി. ഇനി രക്ഷയില്ല. ഒടുക്കം ആ ധീര ദേശാഭിമാനി തന്റെ വിരലിലണിഞ്ഞ അതിമനോഹര വജ്രമോതിരം ഊരിയെടുത്ത് മ്ണ്ങ്ങി

കേളു മാഷ് ‘മ്ണ്ങ്ങി’ എന്നു പറയലും ക്ലാസ് ഒന്നടങ്കം കൂട്ടച്ചിരിയിലും കൂക്കിവിളിയിലും പര്യവസാനിച്ചു.

കേളു മാഷ് ചമ്മിയ മുഖവുമായി പുറത്തേക്കും മണ്ടി.

(തുടരും)

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.