പൂമുഖം LITERATUREകവിത ഇരുട്ട്

ഇരുട്ടെനിക്ക് എല്ലാ അസ്വസ്ഥതകളിൽ

നിന്നുമുള്ള അഭയമാണ്.

അസ്വസ്ഥമായ മനസ്സും

കണ്ണും തുറന്നു വച്ച് രാത്രിയിൽ

കട്ടപിടിച്ച ഇരുട്ടിലേക്ക് വെറുതെ

നോക്കിയിരിക്കും.

മനസ്സ് അസ്വസ്ഥമാവുന്നതു രാത്രി

മാത്രമാണോ? അല്ല..

പക്ഷേ, പകൽ അടക്കിവെച്ച

സങ്കടങ്ങളും വേദനകളും

നിസ്സഹായതയും എല്ലാ

നിയന്ത്രണങ്ങളും വിട്ട്

ഒഴുകിയിറങ്ങുന്നത് രാത്രിയിലാണ്.

പരിചിതമായ മുഖങ്ങളിലെ

അപരിചിതമായ ഭാവങ്ങൾ കണ്ടു

പരിഭ്രമിക്കുമ്പോൾ ശബ്ദവും

വെളിച്ചവും നിറഞ്ഞ ലോകത്തു നിന്ന്

ഇരുണ്ട ഒരു കോണിലൊതുങ്ങാൻ

കൊതിക്കും.

വെളിച്ചത്തിൽ നിന്നകലാൻ

ഇരുട്ടിലലിയാൻ…

ആ ഇരുട്ടിൽ ഞാനെന്നെ തിരയും…

തണുത്ത കാറ്റിൻ കൈകൾ കൊണ്ട്

അതെന്നെ നെഞ്ചോട് ചേർക്കും.

മടിത്തട്ടിൽ കിടത്തി പതിയെ

ആശ്വസിപ്പിക്കും. രാത്രിയിൽ

പെയ്തു നിറയുന്ന മഴപോലെ

എന്റെ കണ്ണുനീർ ആ മടിയിൽ

നനവാവും. ഒന്നും മിണ്ടാതെ

ഒന്നും പറയാതെ എല്ലാമറിയും.

ചീവീടുകൾ എന്റെ സങ്കടങ്ങളേറ്റു

വാങ്ങും. പൊഴിയുന്ന ഇലകളുടെയും

മഞ്ഞുകണങ്ങളുടെയും

നേർത്ത അനക്കം പോലും

നെഞ്ചിനുള്ളിലേക്കിറങ്ങും.

രാത്രിയുടെ നിശ്ശബ്ദതക്ക് ഒരുപാട്

ചോദ്യങ്ങൾക്കുള്ള ഉത്തരമറിയാം.

രാത്രി മുഴുവൻ നീളുന്ന ആ

നിശ്ശബ്ദതയിൽ എന്റെ എല്ലാ

വ്യഥകളും അലിഞ്ഞുപോകും.

ചഞ്ചലമായ മനസ്സ് ശാന്തമായ തടാകം

പോലെയാവും.

പുലരിയിൽ,
പെയ്തമർന്ന രാത്രിമഴക്കു ശേഷം

മഞ്ഞുകണം നിറുകയിൽ ചൂടിയ

പുൽനാമ്പുപോലെ എനിക്കു

ചിരിക്കാൻ കഴിയും.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like