ആശമാരുടെ സമരം 50 ദിവസം പിന്നിട്ടിരിക്കുന്നു. നിരാഹാര സമരം രണ്ടാം ആഴ്ചയിലും തുടരുന്നു. ഇക്കഴിഞ്ഞ ദിവസം സ്ത്രീകളുടെ മുടി മുറിക്കൽ പ്രതിഷേധം ഉണ്ടായി. ഈ സമരം തുടങ്ങിയ ശേഷം പല സംസ്ഥാനങ്ങളിലും ആശമാരുടെ ഓണറേറിയം അതാത് സംസ്ഥാന സർക്കാരുകൾ വർധിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുതുച്ചേരി സർക്കാർ ഓണറേറിയം 18000 ആയി വർധിപ്പിച്ചു. കേരളത്തിലെ ഇടതു പക്ഷം എന്നവകാശപ്പെടുന്ന സർക്കാർ ഇപ്പോഴും ആശമാരുടെ സമരത്തെ കണ്ടില്ലെന്നു നടിക്കുകയാണ്. ആദ്യം അവർ ആശമാരുടെ സമരത്തെ അധിക്ഷേപിച്ചും അവഹേളിച്ചും ഇല്ലാതാക്കാൻ ശ്രമിച്ചു. ജനപിന്തുണ ആശമാർക്കൊപ്പം എന്നും ആശമാരെ ആക്രമിച്ചു തോൽപ്പിക്കാനാവില്ല എന്നും തിരിച്ചറിഞ്ഞപ്പോൾ തൊഴിലാളി വർഗ്ഗ പാർട്ടി നേതാക്കൾ അത് ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്, എന്നിരുന്നാലും സമരത്തെയും അതുന്നയിക്കുന്ന ന്യായമായ ആവശ്യത്തെയും അഡ്രസ്സ് ചെയ്യാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല.
സമരത്തിനെതിരെ യുദ്ധം നയിക്കുന്ന ഇടതു നേതാക്കളുടെയും അണികളുടെയും ന്യായീകരണങ്ങൾ രസകരമാണ്. അവർ ആദ്യം പറഞ്ഞത് ഓണറേറിയം വർധിപ്പിക്കേണ്ടത് കേന്ദ്ര സർക്കാർ ആണെന്നാണ് അതേ ശ്വാസത്തിൽ തന്നെ ഞങ്ങൾ മുമ്പ് പല തവണ ആശമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചിട്ടുണ്ട് എന്നും പറയുന്നു. മുമ്പ് വർധിപ്പിച്ചിട്ടുണ്ടെങ്കിൽ ഇപ്പോഴും വർധിപ്പിക്കുന്നതിന് എന്താണ് തടസ്സം ? സൗകര്യമില്ല എന്നതാണ് ശരിക്കുള്ള മറുപടി. ആശമാർക്ക് ഇത്രയും ശമ്പളം ഒക്കെ മതി എന്നു അവർ വിശദീകരിക്കുകയും ചെയ്യുന്നു. പോരാത്തതിന് ആശമാരേക്കാൾ കുറവ് ശമ്പളമുള്ള തൊഴിലാളികളുടെ ലിസ്റ്റ് നിരത്തുന്നുമുണ്ട് ഇടതു പോരാളികൾ.

എനിക്കു ഏറ്റവും ഇഷ്ടമായ ഒരു സൈബർ പ്രതികരണം, സിവിൽ എഞ്ചിനീയറിങ് പാസ്സായ യുവാക്കൾ സംസ്ഥാനത്ത് ഇപ്പോൾ ആറായിരത്തിനും ഏഴായിരത്തിനും ജോലി ചെയ്യുന്നുണ്ട് എന്ന മാർക്സിയൻ വിശദീകരണമാണ്. ശുചീകരണ ജോലിക്കാർ, സ്‌കൂളുകളിലെയും മറ്റും പാചക തൊഴിലാളികൾ, അംഗനവാടി ടീച്ചേർസ്, ടെക്സ്റ്റൈൽ മേഖലയിലും മറ്റും ജോലി ചെയ്യുന്നവർ ലിസ്റ്റ് ഇങ്ങനെ അനന്തമായി നീട്ടുകയാണ് സിപിഎം സൈബർ പോരാളികൾ. ഇതുവരെ ഇവർ പറഞ്ഞു നടന്നിരുന്ന നമ്പർ വൺ കേരളം, നോർവേയുമായി കിടപിടിക്കുന്ന വികസിത കേരളം എന്നീ തള്ളുകളെ ഇവർ പോലുമറിയാതെ ഇവർ തള്ളിപ്പറയുകയാണ്. സംസ്ഥാനത്ത് വലിയൊരു വിഭാഗം മനുഷ്യർ ദിവസം 300 രൂപയിൽ താഴ്ന്ന ശമ്പളത്തിന് പണിയെടുക്കുന്നുണ്ട് എന്നാണ് ആശാ സമരത്തെ തോല്പിക്കാനായി ഇവർ തന്നെ ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഈ സംസ്ഥാനത്ത് മിനിമം കൂലി 700 രൂപ ആക്കി ഉയർത്തും എന്നു പറഞ്ഞു അധികാരത്തിൽ ഏറിയ ഗവണ്മെന്റ് ആണു സമരം ചെയ്യുന്ന തൊഴിലാളികളോട് നിങ്ങൾക്ക് കൂലി കുറവാണെങ്കിലെന്താ നിങ്ങളെക്കാൾ കൂലി കുറവുള്ളവർ ഈ സംസ്ഥാനത്തുണ്ടല്ലോ എന്നു പറഞ്ഞു ന്യായീകരിക്കുന്നത്. കൂലിക്കൂടുതലിനു വേണ്ടി സമരം ചെയ്യുന്ന തൊഴിലാളികളോട് ഫ്യൂഡൽ കാലത്തു പോലും ഒരു ജന്മിയും പറഞ്ഞിട്ടുണ്ടാവില്ല നിങ്ങളെക്കാൾ കൂലി കുറവുള്ള മറ്റു പല തൊഴിൽ മേഖലകളുമുണ്ടല്ലോ എന്നു. പറഞ്ഞിട്ടുണ്ടെങ്കിലും ഒരു തൊഴിലാളി സമരവും അത് കേട്ടു സമരം അവസാനിപ്പിച്ചു പായും ചുരുട്ടി വീട്ടിൽ പോയിട്ടുമില്ല.
മറ്റൊരു ആർഗ്യുമെന്റ് ഇവർ സമരം ചെയ്യേണ്ടത് ഡൽഹിയിൽ ആണെന്നതാണ്. ഈ 232 രൂപ ദിവസ വേതനക്കാർക്ക് ഡൽഹിയിൽ പോകാനുള്ള വണ്ടിക്കൂലി സി ഐ ടി യു നൽകുമോ ? അല്ലെങ്കിൽ തന്നെ സംസ്ഥാനത്തിന് ഓണറേറിയം വർദ്ധിപ്പിയ്ക്കാൻ കഴിയുമെന്നിരിക്കെ ഇവർ എന്തിനാണ് ഡൽഹിയിൽ പോകുന്നത്? സംസ്ഥാനത്തു തന്നെ എത്രയോ കേന്ദ്ര വിരുദ്ധ സമരങ്ങൾ ഇതേ സിപിഎം കേന്ദ്ര തപാൽ ഓഫീസിലേക്കും മറ്റുമായി നടത്തിയിട്ടുണ്ട് ? സെക്രട്ടറിയേറ്റിനു മുന്നിൽ നിന്ന് സമീപത്തുള്ള ഏതെങ്കിലും കേന്ദ്ര ഗവണ്മെന്റ് ഓഫീസിനു മുന്നിലേക്ക് സമരകേന്ദ്രം മാറ്റിയാൽ ആശമാരുടെ ഓണറേറിയം വർദ്ധിക്കുമോ? അവർക്കു കിട്ടുന്ന മുഴുവൻ വേതനത്തിന്റെ കുറഞ്ഞ ശതമാനം മാത്രമല്ലേ കേന്ദ്രം നൽകുന്നത് ? ഇൻസെൻറ്റീവിന്റെ 60 ശതമാനം ? ഓണറേറിയം മുഴുവനായും സംസ്ഥാനമല്ലേ നൽകുന്നത്? അത് വർധിപ്പിച്ചുകിട്ടാൻ അവരെന്തിനാണ് ഡൽഹിയിൽ പോയി സമരം ചെയ്യുന്നത് ? ഇനി അഥവാ സമരം ചെയ്യണമെങ്കിൽ തന്നെ സി ഐ ടി യു വിനെ ആരാണ് അതിൽ നിന്ന് തടയുന്നത്? എളമരം കരീമിന് ജന്തർ മന്ദറിൽ പോയി നിരാഹാരം കിടക്കാവുന്നതല്ലെ ഉളളൂ. അതല്ലേ സംസ്ഥാനത്തെ അവശ തൊഴിലാളി വിഭാഗത്തിന് ഇന്സെന്റീവ്സ് കൂട്ടാനും അവരെ തൊഴിലാളി വിഭാഗം ആയി അംഗീകരിച്ചുകിട്ടാനും സി ഐ ടി യു വിനെ പോലൊരു സംഘടന ചെയ്യേണ്ടത്. അപ്പൊ സംസ്ഥാനത്തിന് കഴിയുന്ന തരത്തിൽ വേതനം വർധിപ്പിക്കുകയുമില്ല, വർധിപ്പിച്ചു കിട്ടാനായി ഞങ്ങൾ സമരം ചെയ്യുകയുമില്ല, സമരം ചെയ്യുന്നവരെ അധിക്ഷേപിച്ചും അവഹേളിച്ചും മഴയത്തു നിർത്തിയും എങ്ങിനെയെങ്കിലും സമരത്തെ തോൽപ്പിക്കുകയും ചെയ്യും എന്നതാണ് സിഐടിയു ലൈൻ അല്ലേ! ആഹഹാ ഇതാണ് തൊഴിലാളി വർഗ്ഗ പാർട്ടി. ഇങ്ങനെ വേണം തൊഴിലാളി വർഗ്ഗ പാർട്ടി.

സംസ്ഥാനം ശമ്പളയിനത്തിൽ ഒരു വർഷം ചിലവാക്കുന്ന തുക 75000 കോടിയിലധികമാണ്. ആശമാർക്ക് അവർ ആവശ്യപ്പെടുന്ന 21000 രൂപ ഓണറേറിയമായി അനുവദിച്ചു നൽകിയാലും സംസ്ഥാനത്തിന് ഉണ്ടാകുന്ന അധിക ചെലവ് 390 കോടി രൂപ മാത്രമാണ്. അതായതു വെറും 0.5% തങ്ങളുടേതല്ലാത്ത സമരങ്ങൾ വിജയിക്കാൻ പാടില്ലെന്ന ഇടതു ദുർവാശി ഉപേക്ഷിച്ചു ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കാൻ എൽ ഡി എഫ് തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കവർ: വിൽസൺ ശാരദ ആനന്ദ്