
ഇപ്രാവശ്യത്തെ ലളിത കലാ അക്കാദമി വിജയരാഘവൻ എൻഡോവ്മെന്റ് അവാർഡ് ലഭിച്ച ചിത്രകാരൻ രതീഷ് കക്കാട്ടുമായി മുരളി മീങ്ങോത്ത് നടത്തിയ അഭിമുഖം.
കാസറഗോഡ് ജില്ലയിലെ അമ്പലത്തറ സ്വദേശിയായ രതീഷ് സ്കൂൾ കാലം തൊട്ട് ചിത്രങ്ങൾ വരയ്ക്കുന്നുണ്ട്. യു എ ഇ യിലും നാട്ടിലുമായി ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 2023 ൽ കോട്ടയത്ത് വച്ച് നടന്ന ഇന്ത്യ-ബംഗ്ലാദേശ് ആർട്ട് ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്.
കേരള ലളിത കലാ അക്കാദമിയുടെ വിജയരാഘവൻ എൻഡോവ്മെന്റ് അവാർഡ് നേടിയതിന് അഭിനന്ദനങ്ങൾ. ഏത് ചിത്രങ്ങൾക്കാണ് അവാർഡ് ലഭിച്ചത്?
ഈ അടുത്ത കാലങ്ങളിൽ ഔട്ട്ഡോർ സീരിസിൽ ചെയ്തിട്ടുള്ള രണ്ടു പെയിൻ്റിങ്ങുകൾക്കാണ് അവാർഡ് ലഭിച്ചത്. 90x 60cm ൽ വരുന്ന, ലാൻഡ്സ്കേപ്പ് എന്ന ടൈറ്റിൽ ചെയ്ത അക്രിലിക് പെയിൻ്റിംഗുകൾ.
എങ്ങനെയാണ് ചിത്രകലയിലേക്ക് എത്തുന്നത്? സ്കൂൾ കാലം തൊട്ട് വരച്ചു തുടങ്ങിയോ?
ചെറുപ്പത്തിലേ ചിത്രങ്ങളോട് ഇഷ്ടമുണ്ടെങ്കിലും എൻ്റെ സ്കൂൾ കാലഘട്ടത്തിലാണ് ശരിക്കും ചിത്രകലയിലേക്ക് എത്തുന്നത്, വരയോടും ചിത്രങ്ങളോടുമുള്ള ഇഷ്ടവും, കൗതുകവുമൊക്കെ തോന്നിതുടങ്ങിയത്. എന്റെ ചിത്രകലാഗുരുവായ വിനോദ് അമ്പലത്തറയുടെ അനുജൻ സന്തോഷേട്ടൻ്റെയും, എന്റെ സുഹൃത്ത് പ്രമോദ് ഇരിയയുടെ ഏട്ടൻ പ്രദീപിന്റെയും വരകൾ സ്കൂളിൽ നിന്നും കണ്ടിരുന്നു . എഴിൽ പഠിക്കുമ്പോഴാണ് ഞാൻ വരയ്ക്കാൻ പഠിക്കാനുള്ള ആഗ്രഹം വിനുവേട്ടനോട് പറയുന്നത്. അന്ന് പക്ഷെ അങ്ങനെ ക്ലാസ് ഒന്നും എടുക്കുന്നുണ്ടായിരുന്നില്ല വിനുവേട്ടൻ. ആഗ്രഹം പറഞ്ഞപ്പോൾ “ശനിയും ഞായറും ഇവിടെ വന്നോ” എന്ന് മറുപടി കിട്ടി. സ്കൂളിനോട് ചേർന്ന് തന്നെ വിനുവേട്ടന് The colour എന്ന പേരിൽ ഒരു ആർട്ട് സ്റ്റുഡിയോ ഉണ്ടായിരുന്നു. അന്ന് പക്ഷെ സാമ്പത്തിക ശേഷി ഒന്നും ഇല്ലാത്തത് കാരണം രണ്ട് മൂന്ന് ക്ലാസിന് മാത്രമേ ഫീസ് കൊടുക്കാൻ പറ്റിയിരുന്നുള്ളൂ. വരയോടുള്ള എന്റെ ഇഷ്ടം കണ്ടത് കൊണ്ടാണോ എന്നറിയില്ല പിന്നീടങ്ങോട്ട് ഫീസ് ഒന്നും വാങ്ങാതെ തന്നെ എന്നെ പഠിപ്പിച്ചു. അതിന് ശേഷം വിനുവേട്ടന്റെയും സ്കൂൾ ചിത്രകലാധ്യാപകരായ ഷാജി മാഷ്, ശ്യാമ ശശി മാഷ്, എന്നിവരുടെയും നിർദേശങ്ങളുമായി സ്കൂൾ കലോത്സവങ്ങളിലൊക്കെ പങ്കെടുത്തു സംസ്ഥാനതലം വരെ പോവാൻ പറ്റി.

യു എ ഇ യിൽ കുറച്ചു കാലം ഉണ്ടായിരുന്നല്ലോ. വടക്കൻ പ്രവിശ്യയായ ഫുജെറയിൽ ആയിരുന്നപ്പോൾ വരയ്ക്കാൻ പറ്റിയിരുന്നോ?
വരയും മറ്റുമായി നാട്ടിൽ സജീവമായി നിൽക്കുമ്പോഴാണ് ഗൾഫിലേക്ക് സന്തോഷേട്ടൻ വഴി ഒരവസരം വരുന്നത്. പോകുന്നതിനു രണ്ടു ദിവസം മുൻപ് ചിത്രകലാ വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ഒരു എക്സിബിഷൻ നടത്തി. പ്രവാസജീവിതത്തിലാണ് ശരിക്കും വരയ്ക്കാൻ പറ്റിയത് എന്നുവേണമെങ്കിൽ പറയാം. ഫുജൈറ യുഎ ഇ യുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഗ്രാമപ്രദേശങ്ങളണ്. മലയും അതിനിടയിൽ കൃഷിയും കാര്യങ്ങളും ഒക്കെയായി നമ്മുടെ നാടുമായി അടുത്ത് നിൽക്കുന്ന ഒരു സ്ഥലം. ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വരയ്ക്കുകയും ഫേസ്ബുക്കിൽ സജീവമായി ചിത്രങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു.അങ്ങനെ ആൾക്കാർ എന്റെ ചിത്രങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. ആ സമയത്താണ് നാട്ടിലെ പ്രവാസികളുടെ കൂട്ടായ്മയായ പ്രവാസി അസോസിയേഷൻ ലൈബ്രറി, മീങ്ങോത്ത് (PALM) ഒരു പ്രോഗ്രാമിന് അവിടെ വച്ച് വരച്ച ചിത്രങ്ങളുടെ എക്സിബിഷൻ ചെയ്യാൻ അവസരം നൽകിയത്.പത്ത് വർഷങ്ങളോളം പ്രവാസിയായിരുന്നു. അതിനിടയിൽ കുറച്ചധികം ചിത്രങ്ങൾ വരയ്ക്കാൻ പറ്റി.

നാട്ടിൽ വന്ന ശേഷം കേരള സംസ്ഥാന യുവജനോത്സവം കാഞ്ഞങ്ങാട് നടന്നപ്പോൾ രതീഷിന്റെ കലോത്സവ വേദി ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ആ അനുഭവങ്ങൾ ഒന്ന് പറയുമോ?
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ വന്നശേഷവും വരയും എക്സിബിഷൻ ക്യാമ്പുമൊക്കെയായി സജീവമായി. ഈയിടയ്ക്കാണ് അറുപതാമത് സംസ്ഥാന കലോത്സവം കാഞ്ഞങ്ങാട് വരുന്നത്. പ്രിയ സുഹൃത്ത് ചന്ദ്രു വെള്ളരിക്കുണ്ട് (‘വധു വരിക്കപ്ലാവ്’ ഷോർട്ട് ഫിലിം ഡയർക്ട്ർ) ആ സമയത്ത് കാസർകോട് വിഷൻ റിപ്പോർട്ടർ ആയിരുന്നു. ചന്ദ്രുവാണ് ‘കലോത്സവവേദികളെ വരയിലൂടെ പരിചയപ്പെടുത്തൽ’ എന്ന ആശയത്തെപ്പറ്റി പറയുന്നത്. അങ്ങനെ 28 വേദികളെ ലൈവ് ആയി വരയ്ക്കുകയും, അതു കാസർകോട് വിഷൻ സംപ്രേഷണം ചെയ്യുകയും,തുടർന്ന് മാതൃഭൂമി പത്രം. 24 ചാനൽ. മീഡിയ വൺ. ഏഷ്യാനെറ്റ് സിവി.റേഡിയോ ലൈവ് സോഷ്യൽ മീഡിയ ചാനൽ തുടങിയവയിൽ വാർത്തയാവുകയും ചെയ്തു. തുടർന്ന് ആ ചിത്രങ്ങളുടെ എക്സിബിഷൻ കലോത്സവനഗരിയിലെ ബിനാലെ പവലിയനിൽ ചെയ്യുകയുമുണ്ടായി.

പച്ചയുടെ വിവിധ ഭാവങ്ങൾ രതീഷ് ചിത്രങ്ങളിൽ കാണാം. അങ്ങനെ ഒരു വർണ്ണത്തിനോട് പ്രത്യേകം ഇഷ്ടമുണ്ടോ?
ശരിയാണ്, പ്രത്യേകിച്ച് ഒരു കളറിനോട് ഇഷ്ടം എന്നൊന്നില്ല. കണ്ട് വളർന്ന ചുറ്റുപാടുകൾ അതിനൊരു ഘടകമായിട്ടുണ്ട് എന്നു വേണമെങ്കിൽ പറയാം. കാവുകൾ, ചെടികൾ, വള്ളിപടർപ്പുകൾ, ഇതൊക്കെ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പ്രകൃതിയുടെ വന്യതയും അതിനുള്ളിലുള്ള നിശബ്ദതയും ഇരുട്ടും വല്ലാത്തൊരു ഫീലിംഗ് മനസ്സിലുണ്ടാക്കാറുണ്ട്. അത്തരം ചിത്രങ്ങളിലൂടെ പോകുന്നത് കൊണ്ടുതന്നെ പച്ചയുടെ അംശം കൂടുതലായി വരുന്നു എന്ന് മാത്രം.

സ്ഥലങ്ങൾ, കെട്ടിടങ്ങൾ എന്നിവ വരയ്ക്കുമ്പോൾ കെട്ടിടങ്ങളുടെ ആർക്കിടെക്ചർ ഇത്ര കൃത്യമായി എങ്ങനെ വരയ്ക്കാൻ പറ്റുന്നു?
അതിനായി പല സ്ഥലങ്ങളിലും പോയിരുന്നു ലൈവ് വരയ്ക്കുമ്പോൾ ആദ്യമൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നിരന്തരം ചെയ്തുകൊണ്ടിരിക്കുമ്പോൾ അറിയാതെ തന്നെ നമ്മളിൽ ഒരാത്മവിശ്വാസം വരാറുണ്ട്, അത് വർക്കിലും വരുന്നു എന്നുമാത്രം. മണ്മറഞ്ഞു പോയേക്കാവുന്ന കെട്ടിടങ്ങളും സ്ഥലങ്ങളും ക്യാൻവാസിൽ ചെയ്തിട്ടുണ്ട്.. അതിൽ പല സ്ഥലങ്ങളും ഇന്നില്ല എന്നതും സത്യമാണ്.

സമകാലിക കേരളത്തിലെ മറ്റ് ചിത്രകാരന്മാരിൽ സ്വാധീനം ചെലുത്തുന്നവർ ഉണ്ടോ? മറ്റ് ക്യാമ്പ് അനുഭവങ്ങൾ ഏതൊക്ക?
അങ്ങനെ ഇന്നയാളുടെ ചിത്രങ്ങൾ എന്നൊന്ന് ഇല്ല. പലരുടെയും ചിത്രങ്ങളും, ശൈലികളും വ്യത്യസ്തങ്ങളാണ്. നിരന്തരം ചെയ്ത് രൂപപ്പെട്ട് വരുന്നത് തന്നെയാണ് അത്തരം മാറ്റങ്ങൾ.കാസർഗോഡ് ഭൂപ്രകൃതിയുടെ സാധ്യതകൾ ക്യാൻവാസിൽ ആക്കുമ്പോൾ സ്വാഭാവികമായി അതിൻ്റെതായ ഒരു സാമ്യത ചിത്രങ്ങളിൽ ഉണ്ടാവുന്നുണ്ട്. രചനാശൈലിയിലും മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്.
അക്കാദമിയുടെ ജില്ലാ,സംസ്ഥാന ക്യാമ്പുകളിൽ എനിക്ക് ഇടം ലഭിച്ചിട്ടുണ്ട്. ഇന്ത്യ -ബംഗ്ലാദേശ് ആർട്ട് പ്രോജക്ട്ടിൻ്റെ ഭാഗമായി, ഇന്ത്യ ബംഗ്ലാദേശ് ഇൻ്റർനാഷണൽ ആർട്ട് ക്യാമ്പിലേക്ക് കേരളത്തിൽ നിന്നുള്ള പത്ത് കലാകാരൻമാരിൽ കാസർഗോഡ് ജിലയിൽ നിന്ന് എനിക്ക് അവസരം ലഭിക്കുകയുണ്ടായി. 2023 ൽ കോട്ടയത്ത് വെച്ച് നടന്ന ഈ ക്യാമ്പ് നല്ലൊരു അനുഭവമായിരുന്നു.

കവർ: ജ്യോതിസ് പരവൂർ