പൂമുഖം അനുഭവം മഞ്ഞക്കഥകളും ഒരു കപോതപുഷ്പവും

മഞ്ഞക്കഥകളും ഒരു കപോതപുഷ്പവും

ആ നഗരത്തിലെ തെരുവുകൾക്ക് ദിവസങ്ങളുടെ പേരാണ് കൊടുത്തിരിക്കുന്നത്.ഞായറും തിങ്കളും പൂത്തിറങ്ങി ശനിയുടെ മന്ദതയിൽ മൂർച്ഛിക്കുന്ന മഹാനഗരമാണ്.ഞായറിൻ്റെ പേരുള്ള തെരുവിൽ നിറയെ വസ്ത്രങ്ങളുടെ കമ്പോളങ്ങളാണ്. നമ്മുടെ ചുട്ടിത്തോർത്തു മുതൽ പട്ടിൽ സ്വർണനൂൽ കോർത്തുകെട്ടി പല്ലവപ്പടർച്ച നടത്തിയ മുന്തിയ സാരികൾ വരെ കിട്ടുന്ന കടകൾ. തിങ്കൾത്തെരുവിൽ രുചിയുടെ രസഭാവങ്ങൾ ചമയമില്ലാതെയും ചമയം ചൂടിയും ആടുന്നു. ചുട്ടെടുക്കുന്നതിൻ്റെയും എണ്ണയിൽ മൂക്കുന്ന മധുരച്ചുരുളുകളുടെയും മണം ഉൾത്തെരുവുകളുടെ പഴയ ജനാലത്തുറപ്പുകളിലൂടെ മുഖ്യ തെരുവുകളിലേക്ക് പ്രസരിക്കും. തുടർന്നുള്ള തെരുവുകൾക്കും ഇതുപോലെ ഓരോരോ വസ്തുക്കളുടെ പ്രാമുഖ്യം അവകാശപ്പെടാം. പൂക്കളുടെയും കരകൗശല വസ്തുക്കളുടെയും കടകളും വിപണനവും നിറഞ്ഞതാണ് ബുധൻ്റെ പേരിലെ ഇടം. മഴ മാറിനിന്ന ഒരുച്ചത്തെളിവിലാണ് ഞാനവിടെ ചെന്നത്. നഗരത്തിലെ മുഖ്യ ബസ് കേന്ദ്രവും ഇവിടെത്തന്നെയാണ്. പല തവണ ഞാനാ വഴി പോയിട്ടുണ്ട്. പ്രോജക്റ്റ് ആവശ്യത്തിനുള്ള ചില വസ്തുക്കളുടെ മൊത്തവ്യാപാരിയായ ഗോപാൽജി ധൻവാനിയുടെ കട യന്ത്രസമുച്ചയങ്ങളുടെയും നിർമ്മാണ സാമഗ്രികളുടെയും തെരുവായ വ്യാഴത്തിലാണ്. സാധാരണ കാര്യമാത്രപ്രസക്തമായ വാചകങ്ങൾക്കും മടിശ്ശീല കിലുക്കത്തിനുമിടയ്ക്ക് കൃത്യമായ വരവരച്ച് മറ്റുള്ളവരോട് പെരുമാറുകയാണ് ഗുജറാത്തികളുടെ രീതി. അതിൽ നിന്ന് വ്യത്യസ്തനായിരുന്നു ഗോപാൽജി ധൻവാനി. അയാൾക്ക് സംഗീതത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും വ്യക്തമായ ധാരണകളുണ്ടായിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച ധനികൻ ! ഖലീൽ ജിബ്രാനെപ്പറ്റി ആദ്യം പറഞ്ഞു തന്നത് അയാളാണ്. ഉസ്താദ് അലാവുദ്ദീൻ ഖാനെപ്പറ്റിയും മൈഹർ ഘരാനയെപ്പറ്റിയും പറഞ്ഞതും അയാൾ തന്നെ. എന്നെങ്കിലും ഒരിക്കൽ മൈഹറിൽ പോകേണ്ടതാണെന്നും നിത്യം ശാരദയുടെ സന്നിധിയിൽ പോയിരുന്ന് സാധകം ചെയ്യുമായിരുന്ന ഹിന്ദുസ്ഥാനി സംഗീതകുലപതിയും സിതാർ മാന്ത്രികനുമായ ഉസ്താദ് അലാവുദ്ദീൻ ഖാൻ്റെ ഘരാന സന്ദർശിക്കണമെന്നും ധൻവാനി എന്നെ ഉപദേശിച്ചു. അലാവുദ്ദീൻ ഖാൻ്റെ മകളും വിശ്രുത സംഗീതജ്ഞയുമായ അന്നപൂർണാദേവിയെക്കുറിച്ചും അവരുടെ ആദ്യ ഭർത്താവായ പണ്ഡിറ്റ് രവിശങ്കറിനെപ്പറ്റിയും ആദ്യമായി പറഞ്ഞു തന്നതും ധൻവാനിയാണ്. രവിശങ്കറുമായുള്ള ബന്ധം വേർപെട്ടതിന് ശേഷം സംഗീത ലോകത്ത് പിന്നെ അവർ പ്രത്യക്ഷപ്പെട്ടില്ല. രവിശങ്കറിൽ നിന്ന് നോറാ ജോൺസിലേക്കും അനുഷ്ക ശങ്കറിലേക്കുമൊക്കെ സംഭാഷണം നീളുന്നത് ഒരു സ്കൂൾ കുട്ടിയുടെ ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു.

ഈ സംഭാഷണങ്ങൾ വടക്കേ ഇന്ത്യൻ സംഗീതോപകരണങ്ങളെപ്പറ്റിയും, സംഗീതകാരന്മാരെപ്പറ്റിയും, ദക്ഷിണേന്ത്യക്കാരനായ ഒരുവന് അത്ര പരിചിതമല്ലാത്ത സിതാർ, ശഹനായി,സരോദ്, ബാസുരി ഇത്യാദി വാദ്യങ്ങളെപ്പറ്റിയും പ്രാഥമിക ധാരണകൾ എന്നിൽ വരച്ചിട്ടു. ദക്ഷിണേന്ത്യൻ സംഗീതത്തെപ്പറ്റി അയാൾ ചോദിച്ചപ്പോൾ എനിക്ക് പലപ്പോഴും തൃപ്തമായ മറുപടികൾ അസാദ്ധ്യമായിരുന്നു. ചെമ്പൈ, ഞെരളത്ത് രാമപ്പൊതുവാൾ, യേശുദാസ്, ബാലമുരളീകൃഷ്ണ, ഇങ്ങനെ വിരലിലെണ്ണാവുന്ന കലാകാരന്മാരിൽ മാത്രമായി എൻ്റെ പ്രതികരണങ്ങൾ ഒരുങ്ങി. എന്നാൽ സാഹിത്യപരമായ ചർച്ചകളിൽ കുറെയൊക്കെ പിടിച്ചു നിൽക്കാനും സാധിച്ചു. അയാൾക്ക് നമ്മുടെ തകഴിയെപ്പറ്റിയും, ബഷീറിനെപ്പറ്റിയും ഒരേകദേശ ധാരണയുണ്ടായിരുന്നു. ചെമ്മീൻ ഒരു ചലച്ചിത്രകാവ്യമാണെന്നും അതിലെ ടാലൻറഡ് ആയിട്ടുള്ള അണിയറ ശില്പികളുടെ നിര അപൂർവമാണെന്നും അയാൾ സമർത്ഥിച്ചു. അയാളുടെ ചർച്ചകളിലൊക്കെ കലയും, മാനവികതയും വിശകലനാതീതമായ ഒരു ചേർച്ചയോടെ വേഴ്ചയിൽ ഏർപ്പെട്ടിരുന്നതായി ഞാൻ കണ്ടു. പൂക്കളോടുള്ള പ്രിയമായിരുന്നു ധൻവാനിയുടെ മറ്റൊരു ഹൈലൈറ്റ്! ഓർക്കിഡ് പുഷ്പങ്ങളുടെ വിൽപനയ്ക്കു മാത്രമായി ഒരു കടമുറി ബുധൻ്റെ തെരുവിൽ അയാൾക്കുണ്ട്. ഉച്ചയുറക്കം കഴിഞ്ഞ് വ്യാഴത്തിൽ നിന്ന് ബുധൻ്റെ തെരുവിലേക്ക് അയാൾ പോകും. കൃത്യം നാലരയ്ക്ക് എത്തണമെന്നാണ് ഗോപാൽജി ധൻവാനി ആവശ്യപ്പെട്ടത്. ഞാനാവശ്യപ്പെട്ട കപോതപുഷ്പം സ്റ്റോക് എത്തിയിട്ടുണ്ടെന്നും അയാൾ പറഞ്ഞിരുന്നു.

എൻ്റെ നാട്ടിലെ സസ്യസമൃദ്ധിയിലാകെ മഞ്ഞപ്പൂക്കളുടെ ധ്യാനാത്മക സാന്നിദ്ധ്യമാണ് ഞാൻ കണ്ടിട്ടുള്ളത്. വഴിവക്കിലും, വയലിറമ്പത്തും, പമ്പയിലേക്കുതിരുന്ന കൈയാലയൊതുക്കങ്ങളിലും, മുറ്റത്തും, തൊടിയിലും ,മരപ്പടർപ്പുകളിലുമാകെ ഭൂരിപക്ഷപ്പൂവിടലുകളും മഞ്ഞയുടേതായിരുന്നു. വിഷുവെങ്ങാനും വന്നാലോ, അന്നോളം അന്തർജ്ജനങ്ങളെപ്പോലെ കടുംപച്ച മൂടിപ്പുതച്ചിരുന്ന കൊന്നമരങ്ങൾ സ്വർണമഞ്ഞയങ്ങെടുത്തണിഞ്ഞ് സത്രപം വിനീതരാകും! ഏതു വേനലിൻ്റെ ധാർഷ്ട്യത്തിലും തലയുയർത്തി നിൽക്കുന്ന പെണ്ണിൻ്റെ മാനം പോലെ മുക്കുറ്റിയും, മാങ്ങാനാറിയും, ബന്തിയും, കോളാമ്പിപ്പൂവും, അരളിയും, മാമ്പൂവിനിളം ചാർത്തും, ജമന്തിയും, ഇളം മഞ്ഞ മുരിങ്ങപ്പൂവും, മഞ്ഞത്തെറ്റിയും ഗ്രാമങ്ങൾ വാണു. മഞ്ഞപ്പൂക്കൾക്ക് വിഷാദത്തിൻ്റെ ഛവിയുമുണ്ടെന്നറിഞ്ഞത് പതിനാറു വയസുള്ളപ്പോഴാണ് .എം. സുകുമാരൻ്റെ “മഞ്ഞയരളിയുടെ പൂക്കളും കായ്കളും ” എന്ന കഥ വായിച്ചനേരമറിഞ്ഞ മഞ്ഞയ്ക്ക് ആസന്നമൃത്യുവിൻ്റെ മുഖസാമ്യമുണ്ടായിരുന്നു.നിശ്ചലമായ ഒരു പ്രതലത്തിലേക്ക് വീണ് പടരുന്ന മഞ്ഞയിൽ കുതിർന്ന ബ്രഷ് പോലെയാണ് അതിലെ സിസ്റ്റർ ആഗസയും രോഗിയും പരിസരവും തോന്നിച്ചത്! എന്നാലും അതൊരനിഷ്ടമായിപ്പടർന്നിരുന്നില്ല. കണിവെള്ളരിയുടെയും കടുവകളുടെയും മേനിയഴകിന് മാറ്റുകൂട്ടുന്ന മഞ്ഞയെ സമഭാവനയോടെ ദർശിക്കാൻ എനിക്കെന്നും കഴിഞ്ഞിരുന്നു.
അങ്ങനിരിക്കെയാണ് ദാർശനികൻ്റെ ചായക്കോപ്പകൾ തട്ടിമറിച്ചിട്ട് മഞ്ഞപ്പിത്തം വരുന്നത്. എൻ്റെ നഖങ്ങൾക്ക് ,മഞ്ഞച്ചാർത്തിട്ട ക്ഷീണചന്ദ്രൻ്റെ ഛായയായിരുന്നു അപ്പോൾ . മഞ്ഞക്കടലിൻ്റെ തീക്ഷ്ണതയിൽ വട്ടം കറങ്ങി വശംകെട്ട് അടയാൻ കൂട്ടാക്കാത്ത കൺപോളകൾ!

മഞ്ഞവെളിച്ചക്കീറിനു മേൽ പേരറിയാത്ത ഒരാദ്യവസാനക്കാരൻ പദം ചൊല്ലിയാടുന്നു. പതിനഞ്ചു ദിവസത്തെ ബന്ധനത്തിന് ശേഷം മോചിതനായ നാൾ ഡോ.അരവിന്ദ് ദേശ്മുഖ് പറഞ്ഞു. 15 നാളത്തെ റെസ്റ്റ് എടുക്കണം. ജോണ്ടിസ് അക്രമകാരിയാണ്! പതിയിരുന്നാക്രമിക്കുന്ന ദ് ബിഗ് യെല്ലോ ക്യാറ്റ്! വാടക വീടിൻ്റെ മുൻവശത്ത് വിരിഞ്ഞു നിന്ന പേരറിയാത്ത മഞ്ഞപ്പൂക്കളെയും, മഞ്ഞവെയിൽച്ചില്ലുകളെയും തുടങ്ങി മഞ്ഞവരയുടെ നേർത്ത ചലനത്തെപ്പോലും വെറുത്തു തുടങ്ങിയതപ്പോഴാണ്. മഞ്ഞയെന്നാൽ വെറുപ്പിൻ്റെ രാജ്യമായി മാറി. കീഴ്പെടുത്താൻ പാടുള്ള സൈന്യവ്യൂഹമുള്ള രാജ്യം! ജനൽ പറ്റെയടച്ചിട്ടിരുന്ന് വായിച്ചിരുന്ന 15 നാളുകളായിരുന്നു പിന്നെ വന്നത്! ബന്ധനസ്ഥനായ അനിരുദ്ധനും, കരുണയും, ബാലകവിതകളടങ്ങിയ പുഷ്പവാടിയും, ശ്രീകൃഷ്ണ ആലനഹള്ളിയുടെ ഒരു പുസ്തകവും, നെട്ടൂർമഠവും വായിച്ചത് അന്നേരമാണ്! കപോതപുഷ്പമെന്ന കവിത എന്നെ ഹഠാദാകർഷിക്കുന്നത് ആ സമയത്താണ്!

“ധവളമാം സ്ഫടികച്ചിമിഴീവിധം
നവസുഗന്ധമൊടൊന്നു തുറന്നതോ?
അവികലം മണിയാർന്നതിനിർമ്മല-
ച്ഛവിയൊടും പുതുചിപ്പി വിടർന്നതോ?
അഹഹ! നിർമ്മലലോലമനോജ്ഞമീ
വിഹഗമെങ്ങനെ വന്നിതിനുള്ളിലായ്
ഗഹനമേ! വിധി ചേഷ്ട പിറാവിതിൽ
സഹജമോ നിഴലോ മിഴിമായയോ?”
വെണ്മയുടെ നെടുതായ ഒരു വരപ്പിലൂടെ മനസിലെ മഞ്ഞച്ച വിഷാദം പൊടുന്നനെ മാഞ്ഞു പോയി. ഡവ് ഓർക്കിഡ് പുഷ്പത്തെ ഒന്നു നേരിട്ട് കാണണമെന്ന് തോന്നിയത് അന്നാണ്. മഞ്ഞപ്പിത്തം വിട്ട് ഓഫീസിലെത്തിയ അന്നുതന്നെ ധൻവാൻജിയെ വിളിച്ചു. താങ്കളുടെ പൂക്കടയിൽ ഡവ് ഓർക്കിഡ് കിട്ടുമോ? അയാൾ പറഞ്ഞു ആഴ്ചയൊടുക്കം വരൂ!

ബസ് യാത്ര കഴിവതും ഒഴിവാക്കണമെന്ന മെഡിക്കൽ ഉപദേശം മറികടന്നാണ്, അങ്ങനെ ഞാൻ ധനവാൻജിയുടെ നഗരത്തിലെ ബുധൻ്റെ തെരുവിലെത്തിയത്! ജോണ്ടിസിൻ്റെ അപാരമായ ക്ഷീണവും, പകപ്പും തീർത്തും വിട്ടൊഴിഞ്ഞിരുന്നില്ല. ബസ് യാത്രയ്ക്കിടയിലെ മലകയറ്റത്തിൽ മുഷിഞ്ഞ് നേരിയ ചെന്നിക്കുത്തും തോന്നുന്നുണ്ട്. ധൻവാനിയോട് സംവദിക്കുമ്പോൾ കിട്ടുന്ന ഊർജം ഇതിനെയൊക്കെ നിഷ്പ്രഭമാക്കുന്നതാണെന്നറിയാം. കൃത്യസമയത്ത് തന്നെയെത്തിയപ്പോൾ അയാൾ കടയിലുണ്ട്. കച്ചവടക്കാരന് പരിചിതമല്ലാത്ത ആർദ്രതയാർന്ന ഒരു മുഖഭാവവുമായി അയാളെന്നെ ഇരുത്തി.അനന്തരം ഏലക്കായുടെ സുഗന്ധമുള്ള ചൂടുപാൽച്ചായ ഫ്ളാസികിൽ നിന്ന് പകർന്നു നീട്ടി. ചായയ്ക്കിടയിൽ തന്നെ പ്രത്യേകം പ്ളാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ അഞ്ചു കപോതപുഷ്പങ്ങൾ എനിക്കു നേരെ നീട്ടി. ഞാൻ കരുതിയതിലും അതിശയിപ്പിക്കുന്ന ദൃശ്യമായിരുന്നു അത്. ദ്യോവിലേക്ക് ചിറകടിച്ചുയരുന്ന വെൺപിറാവ്! വിശുദ്ധിയുടെ വേദപുസ്തകത്താൾ !! അല്പവിഭവനായ എന്നിലെ കവിത്വത്തിനു പോലും കവിത തോന്നിപ്പിക്കുന്ന ശുഭ്രമായ ഇതളിൻ്റെ പൊരുൾ! അയാളതിന് പ്രതിഫലം വാങ്ങിയില്ല.

എനിയ്ക്ക് ആറരയുടെ വണ്ടിയ്ക്ക് മടങ്ങേണ്ടിയിരുന്നു. പക്ഷേ ഖണ്ടാലയിലെ താഴ് വരയിൽ നേരിയ മലയിടിച്ചിലുണ്ടായെന്നും ഗതാഗതം മണിക്കൂറുകൾ തടസപ്പെട്ടേക്കുമെന്നും ആറിൻ്റെ ആകാശവാണിയിൽ കേട്ടതോടെ എനിക്ക് അനൽപ്പമായ ഉൽക്കണ്ഠ തോന്നി. ധൻവാൻജി ഏഴുമണിയ്ക്ക് കടയടക്കേണ്ട ആളാണ്. അന്ന് അടവ് ഏഴരവരെ നീട്ടി വക്കാൻ അയാൾ സന്നദ്ധനായി. ആറേഴു ദിനങ്ങളായി നീളുന്ന കാലം തെറ്റിയ മഴ കൂടാതിരുന്നാൽ മതി. അല്ലെങ്കിൽ പാടുപെടും.വെളിയിൽ ചിന്നംപിന്നം മഴ തൂളിത്തുടങ്ങി! മഴയത്ത് അയാൾ ആ തെരുവിൻ്റെ കഥ പറയാനാരംഭിച്ചു. പശ്ചിമഘട്ടത്തിലെ മഴയെ പകുക്കുകയും തരംതിരിച്ച് കയറ്റിയയ്ക്കുകയും ചെയ്യുന്നത് ഈ നഗരമാണ്! നഗരത്തിൻ്റെ പടിഞ്ഞാറോട്ട് പത്തുനാനൂറ് കി.മീ അകലെ അറബിക്കടൽത്തീരത്തോളം ജൂൺ പകുതി കഴിഞ്ഞ് രണ്ടു മാസം തോരാമഴയാണ്. ദിവസങ്ങൾ നീണ്ടു നില്ക്കുന്നതാണ് മഴപ്പുസ്തകത്തിൻ്റെ ഓരോ ചാപ്റ്ററും. നഗരത്തിന് കിഴക്കോട്ടാകട്ടെ മഴ സാധാരണയായ ഒരേടു മാത്രമാണ്. മഞ്ഞും, ഉയരവും, മഴമൂടലും കൊണ്ട് സമശീതോഷ്ണ സ്ഥിതിയാണ് നഗരത്തിലെ ശരാശരി വാർഷികകാലാവസ്ഥ. പണ്ട് നഗരത്തിലെ ഈ തെരുവിൽ പൂന്തോട്ടങ്ങളുടെ വൻനിരകളായിരുന്നു പോലും! വിദേശാധിപത്യത്തിന് കീഴിലാണ് അത് പൂക്കളുടെ വിപണന കേന്ദ്രമായി രൂപം മാറിയത്.ഗുജറാത്തികൾ പുഷ്പ വ്യാപാരത്തിൽ സാധാരണയല്ലെങ്കിലും ധൻവാനിയെപ്പോലെ കവിതയും സംഗീതവുമുള്ളയൊരാൾ അത് തെരഞ്ഞെടുത്തതിൽ അത്ഭുതം തോന്നിയില്ല. പിന്നെ ഒരു സ്വകാര്യം പോലെ അയാൾ പറഞ്ഞു. സുഹൃത്തേ! ഇവിടെ മാംസപുഷ്പങ്ങളുടെ വിപണനവും നടക്കുന്നു.

കൽക്കത്തയിലെ സോനാഗച്ചി പോലെയും, ബോംബെയിലെ ചില ഗ്രാൻഡ് റോഡ് തെരുവുകൾ പോലെയും !! പ്രിയസുഹൃത്തേ ! ഇക്കാണുന്ന സാംസ്കാരിക പൈതൃകങ്ങൾക്കുള്ളിൽ രതിയുടെയും, സ്വയം കാഴ്ചവെക്കുന്നവളുടെയും കിതപ്പും ഗതികേടും സന്ദേഹവും അടയിരിക്കുന്നു. അസ്തമയത്തിൻ്റെ തിരശീല വീഴുമ്പോൾ മിക്കവാറും കടകൾ അടഞ്ഞു തുടങ്ങും! മെല്ലെ തെരുവിൻ്റെ ഉൾമടക്കുകളിൽ തിരക്കും, ഉദ്വേഗവും വർദ്ധിക്കും. പിമ്പുകളെയും, സാധാരണക്കാരെയും തിരിച്ചറിയാൻ വയ്യാതെ മനസ് കുഴങ്ങും. മുഷിഞ്ഞു നരച്ച ഒറ്റമുറികൾ തൊട്ട് പഞ്ചനക്ഷത്ര ഹോട്ടൽ വരെ സുഖാന്വേഷികളുടെ തിരക്ക് ആരംഭിക്കും. ഇതിനിടയിലൂടെ ഇതൊന്നും ബാധിക്കാതെ മറ്റുള്ളവർ ജോലിയിടങ്ങളിൽ നിന്ന് മടങ്ങുകയും, സായാഹ്ന യാത്രകളിലിടപെടുകയും, ആരാധനാലയങ്ങൾ സന്ദർശിക്കയും ചെയ്യുന്നു. ഒന്നും അറിയുന്നില്ല, എന്നാൽ എല്ലാം അറിയുന്ന മനുഷ്യസമൂഹം! പുറമേ കാണിച്ചില്ലെങ്കിലും ഇക്കാഴ്ചകൾ ഒന്നു കണ്ടു നടക്കാൻ എനിക്ക് ആഗ്രഹം തോന്നി. ഇക്കഥ കേട്ടപ്പോൾ ഹൗറാപ്പാലത്തിനു താഴെക്കൂടി വംഗസാഗരം തേടിയൊഴുകുന്ന ഗംഗയെ കണ്ട ഓർമ വന്നു. പുണ്യപാപങ്ങൾ കൃത്യമായി വേർതിരിക്കാനാവാത്ത നദിയെപ്പോലെയാണ് ഈ ബുധൻ്റെ തെരുവെന്ന് തോന്നി.

ഏഴരയ്ക്ക് ധൻവാനി കടയടച്ചപ്പോൾ ബസ് സ്റ്റാൻഡിൽ പോയിരിക്കാം എന്ന് പറഞ്ഞ് ഞാനുമിറങ്ങി. മലയിടിച്ചിൽ കാരണം ബസുകളുടെ ഗതാഗതം അർദ്ധരാത്രിയോടെ മാത്രമേ തുടങ്ങൂ എന്നു മനസിലാക്കി. തോർന്ന മഴയുടെ നനഞ്ഞ തൂവാല നെറ്റിയിൽ വീണപ്പോൾ തലവേദനയ്ക്ക് നേരിയ ശമനം. സ്റ്റാൻഡിലെ കോൺക്രീറ്റ് ബെഞ്ചിലിരുന്ന്, കൂടെ കരുതിയിരുന്ന ആപ്പിളും ഏത്തപ്പഴവും കഴിച്ചു. എണ്ണ തൊടരുത് എന്നാണ് ചികിത്സകൻ്റെ ഉത്തരവ്.

അനന്തരം, പഴയ ഇടത്തേക്ക് തന്നെ മടങ്ങി ഞാനൊരു ഉൾത്തെരുവിലേക്ക് കടന്നു. പ്രകാശക്കുറവ് വ്യക്തമായി അനുഭവപ്പെട്ടു. അടുത്തൊരു കോവിലിൽ ആൾത്തിരക്കുണ്ട്. വലിയൊരു മരത്തിനു താഴെയിട്ട ചാരുബെഞ്ചിൽ രണ്ടു വൃദ്ധ ദമ്പതികൾ, ബംഗാളികളാണെന്ന് ഭാഷയിൽ നിന്ന് പിടി കിട്ടി. ഞാനവർക്കരികിൽ ഇരിപ്പുറപ്പിച്ചു. തങ്ങളുടെ ജീവിതകഥകളിൽ പെട്ടു കിടക്കുന്ന അവർ എൻ്റെ സാന്നിദ്ധ്യം അറിഞ്ഞതേയില്ല. അവിടെയിരുന്നാൽ തെരുവിൻ്റെ ഒരു മൊത്തദർശനം കിട്ടുന്നുണ്ട്. ചവിട്ടു റിക്ഷകൾ മുതൽ മുന്തിയകാറുകൾ വരെ ഞെരുങ്ങുന്ന വീഥി.കടകൾ അടയുകയാണ്. പാർപ്പിടങ്ങളുടെ പുറത്ത് പലയിടത്തും പ്രകാശമില്ല. ജനൽപ്പാളികളിലെ മങ്ങിയ വെട്ടച്ചതുരങ്ങൾ മാത്രം കാണാം. വാടകയ്ക്കുള്ള മുറികളുടെ പരസ്യം പലയിടത്തും, ഹോട്ടലിലേക്കുള്ള ചൂണ്ടുപലകകൾ മിക്കവാറും എല്ലായിടത്തും! വെളിച്ചത്തിൻ്റെ നേർത്ത മഞ്ഞത്തുണ്ടുകളിൽ പൊടുന്നനെ ആളനക്കം വർദ്ധിക്കുന്നതായി ഞാനറിഞ്ഞു. അടഞ്ഞകടകളുടെ ആളൊഴിഞ്ഞ വിളുമ്പുകളിൽ ഒട്ടിച്ചു വെച്ച പോലെ ചില പെൺപാവകൾ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലെ വിവിധ പെൺമുഖങ്ങൾ. മാംസപുഷ്പങ്ങളുടെ അന്നാളത്തെ വിപണി തുടങ്ങുകയായി.രസമതല്ല. ഇവർക്കണിയാൻ വേണ്ടി മടിശീലകൾ പോലെ ചില പൂക്കടകളും തുറന്നു തുടങ്ങുകയായി. പൂക്കട എന്ന വാക്ക് ഇവിടെ അനുചിതമാണ്. കാരണം കടയെന്നൊരു കാര്യം അവിടെയില്ല. ആ തെരുവിലെ ചില താമസക്കാർ അവരുടെ മുൻവാതിൽ തുറന്നിട്ട് മടിത്തട്ടു പോലെ ഒരു താൽക്കാലിക കച്ചവടസംവിധാനം നടത്തുന്നു എന്നേയുള്ളൂ. പെൺ പാവകളിൽ പലരും ഈ കടകളിൽ നിന്ന് പൂ വാങ്ങിയിട്ട് അവരവരുടെ കേശസങ്കല്പങ്ങളിലേക്ക് വസന്തം വലിച്ചിട്ടു. പൂക്കളുടെ കൂട്ടത്തിൽ ബഹുഭൂരിപക്ഷം വരുന്ന മഞ്ഞപ്പൂക്കൾ എന്നെ അത്യഗാധമായ വിഷാദത്തിലെത്തിച്ചു. എന്നാലും ജീവിതത്തിലന്നോളം ദർശിക്കാത്ത ഒരു കാഴ്ചയിൽ ഞാൻ വിസ്മയം കൊള്ളുകയായിരുന്നു. ഇടനിലക്കാരും, ഇരകളും, കഴുകുകളും, അപഥ സഞ്ചാരങ്ങളും, ഗതികേടുമൊക്കെ ചേർന്ന് ബുധൻ്റെ തെരുവിനെ ഇതിനോടകം ദലാൽ സ്ട്രീറ്റാക്കി മാറ്റിയിരുന്നു. അഞ്ചടി പോന്ന മനുഷ്യ ശരീരത്തിന് മിനിട്ടു കണക്കിൽ വില പറയുന്ന തെരുവിൻ്റെ ലളിതഗണിതം. എനിക്ക് രസം കെട്ടു തുടങ്ങി. കനത്ത മീശയുള്ള ഒരാൾ എന്നോട് നീരസപ്പെട്ടു. നീയെന്തിനാണിവിടെ നിൽക്കുന്നത്.

കോളറിനു താഴെ കൈലേസ് മടക്കി വെച്ച് മുഖക്ഷൗരം ചെയ്ത് മിനുങ്ങിയ ഒരുവൻ പരിചിതനെ പോലെ കൈകവർന്ന് പറഞ്ഞു ഹോട്ടൽ അടുത്തു തന്നെയാണ്! പുതിയ ഉരുപ്പടിയാണ് ! കൂടുന്നോ ഭായി ജാൻ? കനത്ത മീശയുള്ള ആൾ മടങ്ങിപ്പോകുമ്പം ഓർമിപ്പിച്ചു. അപകടകാരിയാണ് ഈ തെരുവ്. നീ ഇവിടെ പുതിയതാണെന്ന് മനസിലായി. കടന്നു പോകുക !!

എനിക്ക് പേടി വന്നെങ്കിലും ഇരുപത്തഞ്ചുകാരൻ്റെ ഔത്സുക്യം പെയ്തൊഴിയുന്നില്ല. ഞാനല്പം വെളിച്ചം കൂടിയ ഒരിടത്തേക്ക് മാറി നിന്നു.
അന്നേരമാണ് ഞാൻ വാസവദത്തയെക്കാണുന്നത്. മഞ്ഞപ്പിത്തക്കാലത്ത് കരുണ വായിച്ചതിൻ്റെ പച്ച മനസിൽ കിടപ്പുണ്ട്.
“ലോലമോഹനമായ്ത്തങ്കപ്പങ്കജത്തെ വെല്ലും വലം-
കാലിടത്തു തുടക്കാമ്പിൽ കയറ്റിവച്ചും,

കഞ്ജബാണൻ‌തന്റെ പട്ടംകെട്ടിയ രാജ്ഞിപോലൊരു
മഞ്ജുളാംഗിയിരിക്കുന്നു മതിമോഹിനി”

“ഇടതൂർന്നിമകറുത്തുമിനുത്തുള്ളിൽ മദജലം
പൊടിയും മോഹനനേത്രം; പ്രകൃതിലോലം,
പിടഞ്ഞു മണ്ടിനിൽക്കുന്നു പിടിച്ചു തൂനീർ തിളങ്ങും
സ്ഫടികക്കുപ്പിയിലിട്ട പരൽമീൻപോലെ “
തൻ്റെ വീടിനോടു ചേർന്ന പൂക്കടയിലെത്തുന്ന പെണ്ണുങ്ങൾക്ക് പൂ ചൂടിച്ചും അവരോട് ചിലത് പറഞ്ഞ് ചിരിച്ചും ഇടയ്ക്കിടയ്ക്ക് വലിയ കണ്ണുകൾ കൊണ്ട് ആരെയൊ തേടിയും ഇരിപ്പാണ്. ഒറ്റനോട്ടത്തിൽ സ്മിതാ പാട്ടീൽ എന്നേ പറയൂ. ചടച്ചുയർന്ന വടിവുറ്റ ശരീരവും, അത്ര മെരുങ്ങാത്ത നോട്ടവും, മുത്തു കടഞ്ഞ മുഖഭംഗിയും.

സ്മിതാ പാട്ടീൽ എൻ്റെ ഇഷ്ടനായികയായിരുന്നു. ചിദംബരത്തിലെ ശിവകാമിയിൽ നിന്നായിരുന്നു ആ ഇഷ്ടത്തിൻ്റെ തുടക്കം. പിന്നെ അർദ്ധസത്യയിലെയും മിർച്ച് മസാലയിലെയും കരുത്തുറ്റ നായികാ വേഷങ്ങൾ ആ ഇഷ്ടത്തെ മനസിൻ്റെ ഗുണനപ്പട്ടികയിലിട്ട് പതിന്മടങ്ങാക്കി. പക്ഷെ തൻ്റെ മുപ്പത്തിരണ്ടാം വയസിൽ ക്ഷണികമായ പ്രഭ പോലെ അവർ കെട്ടടങ്ങിപ്പോയി.

ശരീരം വില്ക്കുന്നവരുടെയും താൽക്കാലികമായി അതിന് വില പറയുന്നവരുടെയും ഇടയ്ക്ക്, പൂക്കളും കുപ്പിവളകളും വിൽക്കുന്ന ഇവളും എണ്ണം പറഞ്ഞ മറ്റൊരു തേവിടിശിയാണല്ലോ എന്ന ചിന്ത എന്നെ നിരുൻമേഷവാനാക്കി! ഞാനവളെ അല്പമൊരു നിരീക്ഷണത്തിന് വിധേയയാക്കാൻ തീരുമാനിച്ചു. തെരുവിൽ വീഴുന്ന മഞ്ഞ വെട്ടത്തിൽ പൂക്കടകളിൽ അടുക്കി വെച്ച പൂക്കൾക്ക് വിറളി പിടിപ്പിക്കുന്ന മഞ്ഞക്കാമിലയുടെ നിറമായിരുന്നു. തണുപ്പും, ഈറൻ കാറ്റും, അപരിചിതമായ തെരുവുകാഴ്ചകളും ചേർന്ന് തലവേദനയും മനംപുരട്ടലും വർദ്ധിപ്പിച്ചെങ്കിലും അവിടം വിട്ടു പോകാൻ വികട മനസ് കൂട്ടാക്കിയില്ല. ആർക്കും സംശയം തോന്നാതിരിക്കാൻ ഞാൻ പത്തമ്പതടി മുന്നോട്ടു നടക്കും വീണ്ടും മടങ്ങും! ഇതിനിടയ്ക്ക് പ്രലോഭനങ്ങളും മന:പൂർവമുള്ള തോണ്ടലുകളും ഒക്കെ എന്നെ ബാധിച്ചതേയില്ല. പൂക്കടയിൽ അവതരിച്ച സ്മിതാപാട്ടീലിനെപ്പറ്റിയാണ് മനസ് വേവലാതിപ്പെട്ടത്. അവളുടെ കടവരാന്തയ്ക്കു മുമ്പിൽ വരുന്ന വാഹനങ്ങളിലുള്ളവർക്ക്, ഒരു മൂലയ്ക്കിരുന്ന് സദാ തിളയ്ക്കുന്ന സമോവറിൽ നിന്ന് ചായയും ,അഴയിൽ നിന്ന് തൂക്കിയിട്ടിരുന്ന പൂക്കളും വിൽക്കുന്നു. പലരോടും പ്രേമപുരസരം സംഭാഷണം നടത്തുകയും ചെയ്യുന്നുമുണ്ട്. എന്നാൽ ഒരു ഡീലിൽ ഇടപെടുത്തതായി കാണുന്നുമില്ല! കടുത്ത വർണത്തിലുള്ള ഡോർകർട്ടൻ മാറ്റിയിടയ്ക്കിടക്ക് അവൾ ഉൾമുറിയിലേക്ക് പോകുന്നുമുണ്ട്. ചിലപ്പോൾ നിശാകാമുകരിലാരാനും മുറികളിൽ ഉണ്ടാകുമെന്ന് ഞാൻ ന്യായമായും മനസിലാക്കി. പിടി തരാത്ത ഒരു വസ്തുവാണ് പെണ്മനസ്. തൻ്റെ കേശസമൃദ്ധിയിൽ കാമുകനെ ഒളിപ്പിച്ചുവെച്ച ഒരുവളുടെ കഥ പണ്ടെങ്ങാണ്ട് വായിച്ചതോർമ്മ വന്നു.

തെരുവിലെ മഞ്ഞവെട്ടവും, മഞ്ഞപ്പൂക്കളും ചേർന്ന് ഇതിനകം മനസിനെ ഒരു സംഘർഷത്തിലെത്തിച്ചിരുന്നു. മഞ്ഞപ്പിത്തകാലത്തെ പോലെയുള്ള തലവേദന നെറ്റിയിലാകെപ്പടരുന്നു. തൊണ്ടയിലെന്തോ തടഞ്ഞ് നിൽക്കുന്നു. നേരിയൊരു കുളിര് തോന്നുന്നുണ്ട്. ഡോ. ദേശ്മുഖിന് കൊടുത്ത വാക്ക് പാലിക്കാതെ ഇറങ്ങിത്തിരിച്ചതാണ്. ഞാൻ അസ്വസ്ഥനായി. ആ തളർച്ചയിലും പുരഗണികയോ, ഇഷ്ടനായികയോ എന്നറിയാത്ത ഒരുവളെ ചുറ്റിപ്പറ്റിയുള്ള ഗവേഷണം ഞാൻ തുടർന്നു. മണി പതിനൊന്നരയായി. സാധാരണ ജീവിതം നയിക്കുന്നവർ അവരവരുടെ കൂടണഞ്ഞു കാണണം. താഴ് വാരത്തെ ഗതാഗത തടസമൊഴിഞ്ഞു കാണുമോ ആവോ?

ബുധൻ്റെ ഉൾത്തെരുവുകളിലാകെ നൈമിഷിക സുഖം തേടി വരുന്നവരുടെയും, പോകുന്നവരുടെയും ആക്രോശവും, കൂജനവും, ലഹരിയും, വിലാപവുമെല്ലാം ലക്ഷ്യമേതുമില്ലാതെ വരച്ച ജലച്ചായ ചിത്രം പോലെ തെളിമയില്ലാതെ പടർന്നൊലിച്ചു. അന്നേരം നിനച്ചിരിക്കാതെ പെരുമഴ വന്നു. ഒച്ചയില്ലാതെ പൊട്ടിയടർന്നുവീണെന്ന് പറയുന്നതാണ് ശരി. ക്ഷീണിതമായിരുന്ന എൻ്റെ ശിരസിനെ മഴ തണുപ്പിച്ചില്ല. പകരം ലോകം മുഴുവൻ പുറത്ത് കളയാനുള്ള മനംപുരട്ടലാണ് തോന്നിയത്.പെട്ടെന്ന് വാസവദത്തയുടെ പീടികയിലെ സമോവർ കാഴ്ച എനിക്ക് വല്ലാത്ത ഒരു സന്തോഷമാണേകിയത്. അവളുടെ കടവരാന്തയിലേക്ക് ഓടിക്കയറി മൂലയ്ക്കിട്ടിരുന്ന ചാരുബഞ്ചിൽ ഞാനിരുന്നു. ഒരു കപ്പ് ചായ തരൂ ! എൻ്റെ ശബ്ദത്തിൻ്റെ ഉയരമില്ലായ്മയിൽ എനിക്കത്ഭുതം തോന്നി. അവൾ എന്നെ കേട്ടില്ലെന്നാണ് തോന്നുന്നത് ഭാഭീ ഒരു പാത്രം ചായ തരൂ ! മുഖമടച്ച് ഉടനെ മറുപടി വന്നു.ശക്തമായ ഒരെറിച്ചിലിനൊപ്പം അതെന്നെ നനച്ചു കുതിർത്തു. ” ആരുടെ ഭാഭി? എടാ മദ്രാസി, നീയിവിടെ കറങ്ങി നടക്കുന്നത് ഞാൻ കുറെയേറെയായി കണ്ടു കൊണ്ടിരിക്കയാണ്. തേവിടിശ്ശിത്തെരുവിൽ താമസിക്കുന്നവരെല്ലാം അത്തരക്കാരാണെന്ന് നീ കരുതിയോ? ഇവിടെ നിനക്ക് ചായയില്ല! കടന്നു പോകൂ !!” പൊടുന്നനെയുള്ള ഈ ചുഴലിയിൽ എൻ്റെ മാനാഭിമാനങ്ങളുടെ എടുപ്പുകൾ തകർന്നു വീണു. ഭാഗ്യം! ആരും സമീപത്തില്ല.മഴ അതിൻ്റെ തിരസ്ക്കരിണി കൊണ്ട് ബുധൻ്റെ തെരുവിനെ അവളുടെ വീട്ടിൽ നിന്ന് പകുത്തു മാറ്റി. എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു. മഞ്ഞക്കാമിലയൊഴിഞ്ഞ് പൊറുത്തിറങ്ങിയവനാണ്, കരുണ കാണിക്കണം, ഒരിറക്ക് ചായ. അവൾക്കനക്കമില്ല. അവളെന്തോ ഓർക്കുകയാണ്.

പുറത്ത് ആകാശത്തെയും ഭൂമിയെയും തൊടുവിച്ച് ഒരു മിന്നൽക്കൊടി തെളിഞ്ഞു. ഒപ്പം വന്ന ചെവിക്കല്ല് പൊളിക്കുന്ന ഇടിയ്ക്കൊപ്പം ഞാനാ പീടികമുറ്റത്തേക്ക് മനംപുരട്ടലിൻ്റെ മഞ്ഞ വെള്ളം ഓക്കാനിച്ചു. കടപ്പാക്കല്ലിൻ്റെ ചെറിയ ചതുരമുറ്റത്തിലാകെ മഞ്ഞപ്പിത്തത്തിൻ്റെ ഭൂഖണ്ഡങ്ങൾ. അപാരമായ ഒരാന്തലിൽപ്പെട്ട് ബോധാബോധങ്ങളുടെ ബോഡറിൽ എനിക്ക് വഴി തെറ്റുന്ന പോലെ. എന്താണ് പറ്റിയതെന്ന് ചോദിച്ച് പൂക്കളുടെ മണമുള്ള ഒരു കൈപ്പത്തി നെറ്റിയും മുഖവും തടവുന്നതറിയാം. ഓട്ടു ചാലിലൂടെ വീഴുന്ന മഴവെള്ളത്തിൽ നനച്ച് വസ്ത്രാഞ്ചലം കൊണ്ട് അവളെൻ്റെ മുഖവും ചിറിയും തുടച്ചു. ഉച്ചിയിൽ പതിച്ച അകാലമഴയുടെ മുള്ളുകളെ സമ്യക് ദർശനത്തോടെ തുടച്ചു കളഞ്ഞു. അന്നേരം, തൊട്ടടുത്ത് തെളിഞ്ഞ ഒരു സുന്ദരിയുടെ നിരുപമാത്ഭുതതരാംഗങ്ങളുടെ സമൃദ്ധിക്കു മുമ്പിൽ യമിയെപ്പോലെ ഞാനിരുന്നു.കാമോദ്ദീപകമായ ഒരു കാഴ്ചയ്ക്കു പകരം സ്നേഹത്തിൻ്റെ കൃത്യമായ വടിവഴകുകളാണ് ഞാനവിടെ കാണുന്നത്.അനന്തരം ഒരു സ്റ്റീൽ ടംബ്ളറിൽ നാരങ്ങാനീര് ചേർത്ത കരിഞ്ചായയും, ഒപ്പം കടക് പാവ് എന്ന പ്രാദേശിക പലഹാരവും ,ഉപ്പിട്ടുവറുത്ത പച്ചമുളകും വെച്ചു നീട്ടി. അന്നോളം, അത്ര രുചികരമായതൊന്നും ഞാൻ കഴിച്ചിട്ടില്ലെന്ന് തോന്നി. ഞാനത് ഭുജിക്കുമ്പോൾ ,അവൾ ഞാൻ വിക്ഷേപിച്ച മഞ്ഞ വെള്ളം വൃത്തിയാക്കുന്ന ജോലിയിലടപെട്ടു. എനിക്ക് ലജ്ജ തോന്നി. മുഖമുയർത്താനേ പറ്റുന്നില്ല. മഴയ്ക്കു മേൽ കാറ്റു കൂടി വീഴുകയാണ്. ഒരു ഓട്ടോയൊ ചവിട്ടു റിക്ഷായോ എന്തെങ്കിലും കിട്ടുമോ?

കിട്ടും, രാം പ്രസാദ് വരട്ടെ, മഴ തോരട്ടെ, താഴ് വര ഇതുവരെ ക്ലിയറായിട്ടില്ല, നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ അല്പം വിശ്രമിക്കാം. ഞാനൊന്നും മിണ്ടിയില്ല.
ഈ ഭൂകമ്പത്തിനിടയിൽ എൻ്റെ കൈയിൽ നിന്ന് താഴെ വീണ മണിപ്പേഴ്സും, ഡവ് ഓർക്കിഡിൻ്റെ കവറും പെറുക്കിയെടുത്ത് അവൾ മുന്നേ നടന്നു. ഡോർ കർട്ടൻ വകഞ്ഞ് അകത്ത് കയറി. ഒട്ടും അലങ്കാരങ്ങളില്ലാത്ത മുറിയകം. ഭിത്തിയിൽ ചില ചിത്രങ്ങൾ. കട്ടിലിൽ വിരലുണ്ടു കിടപ്പുണ്ട് ഒരു ചിടുങ്ങൻ.അവളവനെ എടുത്ത് ഉള്ളിൽ മറ്റൊരിടത്തേക്ക് കൊണ്ടുപോയി.

കിടക്കാൻ മടിച്ച എന്നോട് പറഞ്ഞു. അല്പം ഉറങ്ങൂ, മഴ മാറട്ടെ! ക്ഷീണമൊഴിയുമ്പോൾ വിളിക്കുക. രാം പ്രസാദ് വെളിയിലുണ്ടാകും. എനിക്കെന്തൊക്കെയൊ ചോദിക്കണമായിരുന്നു. പക്ഷെ ഞാനേതോ അജ്ഞാതഗ്രഹവാസിയായിരുന്നല്ലോ അന്നേരം. വാക്കും, ഭാഷയും മറന്ന് ചരിത്രവും, ഭൂമിശാസ്ത്രവും മറന്ന് പ്രപഞ്ചത്തിലെ ഒരറിയാദിക്കിൽ കനത്ത ശിരസ്സോടെ ഞാനുറങ്ങാൻ കിടന്നു.വെളിയിൽ തൊഴിൽശാലകളിൽ 12 മണി ഷിഫ്ററുമാറുന്നതിൻ്റെ സൈറൺ മഴത്താരികൾക്കൊപ്പം പ്രതിദ്ധ്വനിച്ചു.

അതിൻ്റെ ചരമപദങ്ങൾ പിൻപറ്റി മനസ് ശാന്തമായി.
ചില യുഗങ്ങൾ ഞാനുറങ്ങിക്കാണണം. അവയുടെ ഹംസപദങ്ങളിലൂടെ എൻ്റെ കാകജന്മം അനേകം തവണപറന്നു മറഞ്ഞു കാണണം.
ഞെട്ടിയുണരുമ്പോൾ അന്ധകാരം! ഭിത്തിയിലെ, പുതുമവിടാത്ത മാല ചാർത്തിയ ഛായാപടത്തിന് മുന്നിൽ പൂജ്യംവാട്ട് ബൾബിൻ്റെ തരിവെട്ടം മാത്രം. അധികം മൂപ്പെത്താത്ത പ്രായമുള്ള ഒരു ചെറുപ്പക്കാരനാണ്. ആ പടത്തിൻ്റെ കോണിൽ അതു വരച്ചയാൾ മൃത്യുഞ്ജയ എന്ന് ഒപ്പിട്ടിരിക്കുന്നതിലെ അർത്ഥരാഹിത്യം ഞാനോർത്തു.ഛായാചിത്രത്തിലെ ആളിൻ്റെ മുഖത്ത് സംതൃപ്തിയുടെ നിറനിലാവ്!
വാച്ചിലെ പച്ച സൂചികൾ മൂന്നു മണിയാണെന്ന് സൂചിപ്പിച്ചു. തെരുവിൻ്റെ നിശബ്ദത കേൾക്കാമെനിക്ക് ! മഴയൊഴിഞ്ഞിരിക്കുന്നു.
ഇവിടാരുമില്ലേ എന്ന് ഞാനുറക്കെ ചോദിച്ചു. ഏതാനും മിനിട്ടുകൾക്കകം ഒരു മദ്ധ്യവയസ്കൻ വന്ന് ലൈറ്റിട്ടു. രാം പ്രസാദ് എന്ന് ആയിരിക്കണം ഇയാളുടെ പേര്. ഞാനതുചോദിച്ചില്ല.

മനസും മുറിയും ഒരേ പ്രകാശത്തിൻ്റെ ഇരുപുറങ്ങളായി മാറി. ക്ഷീണം തീരെയില്ല .മേശമേൽ സ്റ്റീൽ ടംബ്ളറിൽ ഒഴിച്ച് മൂടി വെച്ചിരിക്കുന്ന വെള്ളം. എൻ്റെ മണിപ്പേഴ്സും, സഞ്ചിയും കൃത്യമായിരിപ്പുണ്ട്. മുറിയുടെ കോണിൽ പാദരക്ഷയ്ക്കകത്ത് സോക്സ് ചുരുട്ടി ഒതുക്കി വെച്ചിട്ടുണ്ട്. ഓർക്കിഡ് പുഷ്പത്തിൻ്റെ സഞ്ചിയ്ക്ക് ഇത്തിരി കൂടി കനം തോന്നി. അതെന്താണെന്നറിയാൻ നോക്കുന്നേരം,അതിനുള്ളിൽ മഞ്ഞപ്പൂവിൻ്റെ ഒരു മുഴം മാല പ്രത്യേകം പൊതിഞ്ഞുവെച്ചിട്ടുണ്ട്. അന്നേരം, ജോണ്ടിസൊഴിഞ്ഞ എൻ്റെ മനസും, കണ്ണും, ദർശനവും ജന്മസകൃതങ്ങളുടെ കടവിൽ മുങ്ങി നിവർന്ന് ഈറനാർന്നു.
മദ്ധ്യവയസ്കനോടൊപ്പം ചവിട്ടു റിക്ഷയിൽ കയറിയിരിക്കുമ്പോൾ ബുധൻ്റെ തെരുവിൽ ആരവമില്ല. പൂക്കളുടെ പുതിയ ലോഡുകളുമായി ചില വാഹനങ്ങൾ മാത്രം ഇടയ്ക്ക് വരുന്നുണ്ട്.

എങ്ങോട്ട് പോകണമെന്ന് ഞാനയാളോട് പറഞ്ഞില്ല. അയാൾക്കതറിയാമെന്ന് തോന്നി.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like