പൂമുഖം കാർണിവൽ പുസ്തകം നീതിയുടെ സ്വരമാണ് കവിത

നീതിയുടെ സ്വരമാണ് കവിത

ഏതു ഭാഷയിൽ എഴുതുന്നവരായാലും, ലോകത്തിന്റെ ഏതു ഭാഗത്തുനിന്ന് എഴുതുന്നവരായാലും, ഏത് കാലത്ത് എഴുതുന്നവരായാലും കവികൾ ഒരേ ഗോത്രത്തിൽപെട്ടവരാണ് എന്ന വികാരം പ്രായമാകുംതോറും എന്നിൽ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. മറ്റൊരു കാലത്ത്, മറ്റൊരു ഭാഷയിൽ, മറ്റൊരു ദേശത്ത് എഴുതിയ കവി ഇന്ന് എന്നോട് സംസാരിക്കുന്നുണ്ടെങ്കിൽ ആ കവി വർത്തമാനകാലത്തെ കവികൂടിയാണെന്ന് എനിക്ക് പൂർണ്ണമായി ബോധ്യപ്പെടുന്നു. ഷേക്സ്പിയറിൻ്റെയോ കബീറിന്റെയോ ബുല്ലേ ഷായുടെയോ തുക്കാറാമിൻ്റെയോ മീരയുടെയോ കവിതകൾ വായിക്കുമ്പോൾ എന്റെ വികാരം ശരിതന്നെയാണെന്ന് ഞാൻ തിരിച്ചറിയുന്നു. നമ്മുടെ കാലത്തോടാണ്, നമ്മോടാണ്, അവർ സംസാരിക്കുന്നത് എന്ന തോന്നലുണ്ടാക്കാൻ ഈ കവികൾക്കെല്ലാം കഴിയുന്നുണ്ട്. ആ തോന്നലിൽ നിന്നാണ് ഗോത്രം എന്ന കവിത കുറച്ചുകാലം മുൻപ് പിറവിയെടുത്തത്.

ഗോത്രം
മെക്സിക്കോവിലെ ആസ്തക് ഗോത്രക്കാർ
പൂമ്പാറ്റകൾ
മരിച്ചവരുടെ ആത്മാക്കളാണ് എന്ന് വിശ്വസിക്കുന്നു
യുദ്ധങ്ങളിൽ കൊല്ലപ്പെട്ട യുവാക്കൾ മുതൽ
പ്രസവങ്ങളിൽ മരിച്ച അമ്മമാർ വരെ’

എൻ്റെ ഗോത്രക്കാർ കരുതുന്നത് രാഷ്ട്രങ്ങളുടെ അതിർത്തികൾ വരച്ചിരിക്കുന്നത്
അതിർത്തിയുദ്ധങ്ങളിൽ ചാവേറുകളായവരുടെ ചോരയും
അവരുടെ അമ്മമാരുടെ കണ്ണീരും കൊണ്ടാണ് എന്നാണ്
ദൈവത്തിന്
ജാതിയോ മതമോ വർണ്ണമോ വംശമോ ലിംഗമോ ഇല്ലെന്നും.

ഞങ്ങളുടെ രാജ്യത്തിന്റെ അതിർത്തി ആകാശമാണ്
അവിടെ രാജാക്കളോ പ്രജകളോ ഇല്ല
എല്ലാവർക്കും എല്ലാ ഭാഷയും അറിയാം
കാക്കകൾ മലയാളം പറയുമ്പോലെതന്നെ
മരംകൊത്തികൾ സ്പാനിഷും പറയും.
ഇവിടെയാർക്കും ആരെയും
അന്യോന്യ സമ്മതത്തോടെ പ്രണയിക്കാം
പുല്ലിന് പുഴുവിനെ
കുരുവിക്ക് നിലാവിനെ
ഗന്ധർവ്വന് മനുഷ്യനെ
ഓർമ്മയ്ക്ക് സ്വപ്നത്തെ

എല്ലാ വാതിലുകളും തുറന്നുകിടക്കുന്നു
പൂച്ചകൾക്കും മനുഷ്യർക്കും
വാൽനക്ഷത്രങ്ങൾക്കുമായി
ഭൂതം വർത്തമാനം ഭാവി
ഇവ തമ്മിൽ ഒരു വിഭജനവുമില്ല
വ്യാകരണം അവയ്ക്ക് കാവൽനിൽക്കുന്നില്ല

ഞങ്ങളിലൊരാൾ മരിച്ചാൽ
ചടങ്ങ് ലളിതമാണ്
പകരം മറ്റൊരാൾ ഗോത്രത്തിൽ പിറക്കും വരെ
ഞങ്ങൾ ഇല പൊഴിച്ചു കൊണ്ടിരിക്കും
പിന്നെ പെട്ടെന്ന് ഒരു മണി പോലുമടിക്കാതെ വസന്തം വരും
ഞങ്ങൾ ഭൂമിയിലെ ഏറ്റവും പഴയ ഗോത്രമാണ്
ഏറ്റവും ചെറിയതും

ഒരു തത്തയുടെ ചിറകിലുള്ള അക്ഷരമാണ് ഞങ്ങളുടെ ഗോത്ര
ചിഹ്നം
തത്തകളും അക്ഷരങ്ങളും നിലനിൽക്കുവോളം
ഞങ്ങളുമുണ്ടാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം
അഞ്ചുപേർ ഒന്നിച്ചുകൂടി ചിരിക്കുന്നേടത്തെല്ലാം
അവരിലൊരാളായി ഞങ്ങളിലൊരാളുണ്ടാകും.
ഒരാൾ ഒറ്റയ്ക്ക് കരയുന്നിടത്തും.

കൂടെ ചിരിക്കുന്ന കവിത ; കൂടെ കരയുന്ന കവിത

കൂടിയിരുന്ന് ചിരിക്കുന്നവരുടെ കൂടെ ചിരിക്കുകയും ഒറ്റയ്ക്കിരുന്ന് കരയുന്നവരുടെ കൂടെ കരയുകയും ചെയ്യുക എന്നതാണ് കവിതയുടെ പ്രധാനപ്പെട്ട ധർമ്മങ്ങളിലൊന്ന് എന്ന് ഞാൻ കരുതുന്നു. ഇതിനെയാണ് നാം, വളരെ വിശാലമായി, കവിതയുടെ സാമൂഹികധർമ്മം എന്നു വ്യാഖ്യാനിക്കുന്നത്. ഒരൊറ്റ കവിതയ്ക്കോ കുറച്ചു കവിതകൾക്കോ ലോകത്തെ മുഴുവൻ മാറ്റാൻ കഴിയുമെന്ന വിശ്വാസം എനിക്കില്ല. പതുക്കെ പതുക്കെ കുറച്ചാളുകളുടെ മനസ്സിനെ അത് സ്വാധീനിച്ചുവെന്നിരിക്കാം – അവരുടെ ചിന്തയെ, അവരുടെ ലോകത്തെ, അവരുടെ വികാരത്തെ, അവർ ലോകത്തെ നോക്കിക്കാണുന്ന രീതിയെ. പക്ഷേ ആ കുറച്ചാളുകളാവണമെന്നില്ല ലോകത്തെ മാറ്റുന്നത്. അവരിലൂടെ വേറെ വേറെ ആളുകളിലും അത്തരം വിചാരമെത്തുകയും സമൂഹം ഒന്നിച്ച് ഒരു വിചാരമാറ്റത്തിന് തയ്യാറാവുകയും ചെയ്യുമ്പോഴാണ് ലോകത്ത് മാറ്റങ്ങളുണ്ടാകുന്നത്. ആ മാറ്റങ്ങൾ പിന്നോട്ടോ മുന്നോട്ടോ ആവാമെങ്കിലും കവികൾ ഉൽപാദിപ്പിക്കുന്ന വികാരങ്ങളും വിചാരങ്ങളും ആത്യന്തികമായി ലോകത്തെ അല്ലെങ്കിൽ ലോകത്തിലെ മനുഷ്യത്വത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ഒന്നാണെന്ന് ഇപ്പോഴും ഞാൻ വിചാരിക്കുന്നു.

കവിതയുടെ സാമൂഹികധർമ്മത്തിന് ഇതിലും വലിയ വ്യാഖ്യാനം ആവശ്യമില്ല. ഇതിനേക്കാൾ വലുതായി, പ്രതിജ്ഞാബദ്ധതയെയോ പ്രത്യയശാസ്ത്രത്തെയോ കുറിച്ചുള്ള അപഗ്രഥനങ്ങളും ആവശ്യമില്ല.

കവിതയിലെ അതിർത്തിലംഘനങ്ങൾ

കവിതയിലൊരുപാട് അതിർത്തി ലംഘനങ്ങളുണ്ട് എന്നാണ് എൻ്റെ നിരീക്ഷണം. കവിതയെക്കുറിച്ച് ഒരുപാട് മീമാംസകളും സിദ്ധാന്തങ്ങളും പ്രയോഗവിധങ്ങളും ലോകഭാഷകളിലുണ്ടായിട്ടുണ്ട്; സംസ്കൃതത്തിലും ഇംഗ്ലീഷിലുമുൾപ്പെടെ. കവിതയെ നിർവചിക്കാനുള്ള ശ്രമങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ കവിത ആത്യന്തികമായി സാധാരണ നിർവചനങ്ങളെ കവിഞ്ഞുനിൽക്കുന്നു എന്ന തോന്നലാണ് എനിക്കുള്ളത്.വൃത്തമോ പ്രാസമോ അലങ്കാരമോ ധ്വനിയോ വക്രോക്തിയോ ഒന്നും തന്നെ കവിതയെ ആത്യന്തികമായി നിർവചിക്കാൻ പര്യാപ്തമല്ല.

മറ്റു കലകളുമായി കവിതയിൽ അതിർത്തിലംഘനം നടക്കുന്നു. കവിത ചിത്രകലയുടെ അതിർത്തി കൈയേറുന്നുണ്ട് ; ഇമേജ് അല്ലെങ്കിൽ ബിംബം എന്നൊക്കെ നമ്മൾ പറയുന്നത് പലപ്പോഴും ചിത്രകലയുമായി ബന്ധപ്പെട്ട ആദർശത്തെയാണ്. അത് മൂർത്തമോ അമൂർത്തമോ ആകാം. കവിതയ്ക്ക് ശിൽപകലയുമായും വാസ്തുശിൽപവുമായും ബന്ധമുണ്ട്. അവയുടെ അതിർത്തികളിലേക്ക് കവിത കയറിനില്ക്കുന്നു. സംഗീതവുമായി കവിത സൂക്ഷിക്കുന്ന ബന്ധവും പ്രധാനപ്പെട്ടതാണ്. പദ്യത്തിലായാലും ഗദ്യത്തിലായാലും ഭാഷയുടെ സംഗീതാത്മകത ഏതെങ്കിലും രീതിയിൽ നിലനിൽക്കുന്നുണ്ട് കവിതയിൽ. നാടകവുമുണ്ട് കവിതയിൽ. അതിൽ കഥാപാത്രങ്ങളുണ്ടാകാം, സംഭാഷണങ്ങളുണ്ടാകാം, സംഘർഷമുണ്ടാകാം. കവിതയിൽ ചലച്ചിത്രമുണ്ട്; അതിൽ മൊണ്ടാഷോ പല തരത്തിലുള്ള ചലനസമ്പ്രദായങ്ങളുടെ ഛായകളോ ഉണ്ടായി എന്നുവരാം. ഇനിയും ആലോചിച്ചാൽ, കഥ പറയുന്ന കവിതകളും നോവൽ രൂപത്തിലെഴുതപ്പെട്ട കവിതകളുമുണ്ട്. ജീവചരിത്രം, യാത്രാവിവരണം, നർമ്മസാഹിത്യം, എന്നിങ്ങനെ എല്ലാറ്റിൻ്റേയും അംശങ്ങൾ കവിതയിൽ ധാരാളമായി കലർന്നുകിടപ്പുണ്ട് എന്നും കാണാം. അവയെല്ലാം കണക്കിലെടുക്കുമ്പോൾ ലോകത്തിലെ എല്ലാ കലകളെയും ഉൾക്കൊള്ളുന്ന ഒരു കലയായി കവിതയെ കാണാൻ കഴിയുമെന്നാണ് എൻ്റെ വിശ്വാസം. എൻ്റെ വായനയും അനുഭവവും എന്നെ അതാണ് പഠിപ്പിച്ചിട്ടുള്ളത്.

കാവ്യഭാഷ എന്ന സംയുക്തം

കവിതയെപ്പോലെത്തന്നെ കാവ്യഭാഷയെയും ഒരൊറ്റ നിർവചനത്തിൽ ഒതുക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. മാനകഭാഷയിലും ഗോത്രഭാഷകളിലും നാട്ടുഭാഷകളിലും കവിതയെഴുതുന്നവരുണ്ട്. സമുദായ ഭാഷ, ദൈനംദിന ഭാഷ – അങ്ങനെ അനേകം ഭാഷകൾ. എന്തിന്, ചിലപ്പോൾ പത്രഭാഷ പോലും കവിതയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് കാവ്യഭാഷ എന്നു പറയുന്നത് പലപ്പോഴും പല തരത്തിലുള്ള ഭാഷാപ്രയോഗങ്ങളുടെ ഒരു സംയുക്തമാണ് എന്ന അഭിപ്രായമാണ് എനിക്ക്. ഭാഷയ്ക്കുള്ളിലെ ഭാഷകളെ കണ്ടെത്തുന്ന ഒരു രചനാരൂപം കൂടിയാണ് കവിത എന്നു പറയാം. ഭാഷയില്ലാത്തവർക്ക് ചിലപ്പോഴൊക്കെ പുതിയ ഭാഷ സൃഷ്ടിക്കേണ്ടിവരും. പ്രത്യേകിച്ച്, അരികുവത്കരിക്കപ്പെട്ട ജനങ്ങൾ അല്ലെങ്കിൽ എൽ.ജി.ബി.ടി.ക്യു ആളുകൾ കവിതയിലേക്ക് കടന്നുവരുമ്പോൾ അവർക്കു മുമ്പിൽ അവരെ ആവിഷ്കരിക്കുന്ന ഭാഷയുണ്ടാകണമെന്നില്ല. അവനും അവളും മാത്രമുള്ള ഭാഷയാണ് നമ്മുടേത്. അല്ലെങ്കിൽ ന്യൂട്ടർ ജൻഡർ. പക്ഷേ, എൽ.ജി.ബി.ടി.ക്യു ആളുകൾ ന്യൂട്ടർ ജൻഡർ അല്ല, പുരുഷൻ അല്ലെങ്കിൽ സ്ത്രീ എന്നതല്ല. അതുകൊണ്ട് അവർക്ക് അവരുടെ ഭാഷ കണ്ടുപിടിക്കേണ്ടി വരുന്നു; വിജയരാജമല്ലിക തൻ്റെ താരാട്ടിൽ കണ്ടുപിടിക്കുന്നതുപോലെ.

ദ്വന്ദ്വങ്ങൾക്ക് വഴങ്ങാത്ത കവിത

കവിതയെ നാം പലപ്പോഴും ബൈനറികൾ അഥവാ ദ്വന്ദ്വങ്ങൾ കൊണ്ടാണ് മനസ്സിലാക്കാനും നിർവചിക്കാനും ശ്രമിച്ചുപോന്നിട്ടുള്ളത്; ക്ലാസ് മുറികളിൽ പ്രത്യേകിച്ചും. അധ്യാപകർ പലപ്പോഴും അത്തരത്തിലുള്ള ദ്വന്ദ്വങ്ങൾ ഉപയോഗിക്കുന്നു, നേരത്തേ നിർവചിക്കപ്പെട്ട, അത്തരത്തിലുള്ള ദ്വന്ദ്വങ്ങൾ ഉപയോഗിച്ചുകൊണ്ടേ കവിതയെക്കുറിച്ച് സംസാരിക്കാൻ കഴിയൂ എന്നു തോന്നാം. പക്ഷേ, കവിത എഴുതുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ ദ്വന്ദ്വങ്ങൾ നിലനിൽക്കുന്നതേയില്ല എന്നതാണ് വാസ്തവം. അഥവാ, കവിതയിലൂടെ അവൻ/ അവൾ/ എൽ.ജി.ബി.ടി.ക്യുവിലെ ഒരാൾ അവയെയൊക്കെ സമന്വയിപ്പിക്കാൻ ശ്രമിക്കുകയാണ്.

കവിത ആത്യന്തികമായി ഒരു ജൈവരൂപമാണ്. അതൊരു സമന്വിത കലാരൂപമാണ്. അതിനെ പഠിക്കാൻ വേണ്ടി ഒരുപക്ഷേ ദ്വന്ദങ്ങളായി വേർപെടുത്താം; എങ്കിലും ആ ദ്വന്ദങ്ങൾ നാം അറിയാതെതന്നെ കൂടിച്ചേരുന്നത് നാം കവിതയിൽ കാണും.

പാരമ്പര്യവും ആധുനികതയും

നാം പരിചയിച്ച ദ്വന്ദ്വങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് പാരമ്പര്യവും ആധുനികതയുമാണ്. മലയാളകവിതയിലായാലും ഇന്ത്യൻ കവിതയിലായാലും ലോകകവിതയിലായാലും പാരമ്പര്യത്തിന്റെ ഏതൊക്കെയോ ഘടകങ്ങൾ അവയിൽ കലർന്നു കിടക്കുന്നുണ്ട് എന്ന് ഞാൻ കരുതുന്നു; ഏറ്റവും പുതിയ കവിതയിൽപ്പോലും അങ്ങനെയാണ്. പല ചേരുവകളിലാണ് അവ ഉണ്ടാവുക. എ. കെ. രാമാനുജൻ പറഞ്ഞ ഒരു കന്നഡ നാടോടിക്കഥ ഞാൻ പലപ്പോഴും ഉദ്ധരിക്കാറുണ്ട്. വിറകുവെട്ടാൻ ഒരാൾ മറ്റൊരാളുടെ വീട്ടിൽ ചെന്നു. എന്നിട്ടയാൾ അവകാശപ്പെട്ടു, താനുപയോഗിക്കുന്ന കോടാലി തൻ്റെ മുത്തച്ഛനും മുതുമുതുമുത്തച്ഛനുമൊക്കെ ഉപയോഗിച്ചതാണെന്ന്. അപ്പോൾ മറ്റയാൾ ചോദിക്കുന്നു: നിങ്ങളുടെ ഈ ഇരുമ്പ് തുരുമ്പ് പിടിക്കില്ലേ, ഇതുവരെ അതിന്റെ ഇരുമ്പും മരവും മാറ്റിയിട്ടില്ലേ? അപ്പോൾ അയാൾ പറയുന്നു: ശരിയാണ്, ഇരുമ്പും മരവും മാറ്റിയിട്ടുണ്ട്, എങ്കിലും കോടാലി പഴയതുതന്നെയാണ്. അയാൾ പറയുന്നതിൽ പാരമ്പര്യത്തെക്കുറിച്ചും നവീനതയെക്കുറിച്ചും ഒരു വലിയ തത്ത്വം ഉണ്ടെന്നാണ് രാമാനുജൻ കണ്ടെത്തുന്നത്. കവിതയുടെ അലകും പിടിയും മാറിക്കൊണ്ടേയിരിക്കുന്നു. ഓരോ കാലവും അതതുകാലത്ത് അതിന്റെ കവിത കണ്ടുപിടിക്കുന്നു. അതിൻ്റെ രൂപങ്ങൾ മാറുന്നു, ശൈലികൾ മാറുന്നു, സമീപനങ്ങൾ മാറുന്നു. ഇതൊക്കെയായാലും അത് കവിതയാണ് എന്ന് നമ്മെ തിരിച്ചറിയിക്കുന്ന എന്തോ ഒരു വിശേഷത അതിനുണ്ടാകുകയും ചെയ്യുന്നു. അത് എഴുത്തച്ഛന്റെ കവിതയാവാം, കുഞ്ചൻ നമ്പ്യാരുടെ കവിതയാവാം , ചെറുശ്ശേരിയുടെ കവിതയാവാം, അയ്യപ്പപ്പണിക്കരുടെയോ കക്കാടിൻ്റെയോ കവിതയാവാം. ആരുടേതായാലും, ഇത് കവിതയാണ് എന്ന് ബോധ്യപ്പെടുത്തുന്ന എന്തോ ഒന്ന് ആ കവിതയിലുണ്ട്. ആ എന്തോ ഒന്ന് എന്താണെന്ന് പറയാൻ ഞാൻ ശ്രമിക്കുന്നില്ല, എനിക്ക് അത് അറിയാത്തതു കൊണ്ട്.

കവിത വ്യത്യസ്തമായ രീതിയിൽ ഭാഷയെ ഉപയോഗിക്കുന്നുണ്ട്. കവിത ഭാഷയെ കുറെക്കൂടി സാന്ദ്രമാക്കുന്നുണ്ട്. കവിത ലോകത്തെ പുതിയ രീതിയിൽ നോക്കിക്കാണാൻ ശ്രമിക്കുന്നുണ്ട്. കവിത പുതിയ രീതിയിൽ വാക്കുകളെ കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ കവിത മറ്റെല്ലാ സാഹിത്യ രൂപങ്ങളിൽ നിന്നും വ്യത്യസ്തമായിത്തീരുന്നു. അങ്ങനെ കവിത, കവിതയായിരിക്കുന്നു എന്ന് നമ്മൾ തിരിച്ചറിയുന്നു. ആ അർത്ഥത്തിൽ പാരമ്പര്യവും ആധുനികതയും തമ്മിൽ വൈരുദ്ധ്യമില്ല എന്നാണ് ഞാൻ പറഞ്ഞുവരുന്നത്. അതിൻ്റെ ചേർച്ച പല തോതുകളിലാവാം എന്നേയുള്ളൂ, പാരമ്പര്യത്തെ കവിത എല്ലാ കാലത്തും ഉപയോഗിച്ചു വന്നിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ നോട്ടം. കാവ്യപ്രയോഗത്തിൽ, അതുകൊണ്ടുതന്നെ, പാരമ്പര്യത്തെ ഒരിക്കലും തള്ളിക്കളയാൻ കഴിയില്ല .

ശുദ്ധമായ കവിതയുണ്ടോ?

പ്രതിജ്ഞാബദ്ധ കവിത, ശുദ്ധകവിത തുടങ്ങിയ പ്രയോഗങ്ങളുടെ കാര്യവും അങ്ങനെത്തന്നെ. ശുദ്ധമായതോ പ്രതിജ്ഞാബദ്ധമായതോ ആയ ഒരു കവിതയുണ്ടോ? എനിക്ക് സംശയത്തോടു കൂടിമാത്രമേ അത്തരം ഗണങ്ങളെ സമീപിക്കാൻ കഴിയുകയുള്ളൂ. എല്ലാ കവിതയും എല്ലാകാലത്തും ഹിംസയ്ക്ക് എതിരായിരുന്നിട്ടുണ്ട്,നീതി ഉയർത്തിപ്പിടിച്ചിട്ടുണ്ട്,ജീവിതത്തിൻറെ വൈരൂപ്യത്തിനെതിരായി ജീവിതത്തിൻറെ ലാവണ്യം ഉയർത്തിപ്പിടിച്ചിട്ടുണ്ട്, അസമത്വത്തിനെതിരായി സമത്വത്തെ മുന്നോട്ടുകൊണ്ടു വന്നിട്ടുണ്ട്, സ്വാതന്ത്ര്യത്തെയും നീതിയെയും ഉയർത്തിപ്പിടിച്ചിട്ടുണ്ട്.അങ്ങനെ, പാരതന്ത്ര്യത്തിനും അനീതിക്കും എതിരായി നീതിയുടെ ശബ്ദം കവിതയിൽ എന്നും ഉയർന്നുകേട്ടിട്ടുണ്ട്. നീതിയുടെയും ലാവണ്യത്തിന്റെയും ഒരു അപൂർവ സമന്വയമാണ് എല്ലാ കാലത്തും ഉത്തമ കവിതയിൽ സംഭവിച്ചത്. ഓരോ കവിതയും എടുത്ത് അതിൽ നീതിയുണ്ടോ അനീതിയുണ്ടോ എന്ന് നോക്കണമെന്നല്ല വിവക്ഷ. ആത്യന്തികമായി കവിതയിൽ നിന്നുയരുന്ന നീതിയുടെ ശബ്ദമാണ് മുഖ്യം. കൂടുതൽ നല്ല ജീവിതത്തിനു വേണ്ടിയുള്ള ഒരു ആഹ്വാനമാണ് അത്. പ്രത്യക്ഷമായ ആഹ്വാനമല്ല; വളരെ പരോക്ഷമായ ഒന്ന്. അനുഭവത്തിന്റെ പലതലങ്ങളിലൂടെ ആ ഒരു കാര്യം കവിത നിർവഹിക്കുന്നു.

കവിതയിലെ പ്രസ്ഥാനങ്ങൾ

കവിതയിലെ പ്രസ്ഥാന ഭേദങ്ങളെക്കുറിച്ചുകൂടി പറയേണ്ടിയിരിക്കുന്നു. പ്രസ്ഥാനങ്ങൾ എന്നു പറയുന്നത്, വാസ്തവത്തിൽ, താൽക്കാലികമായ ഒരു അക്കാദമിക് വിഭജനം മാത്രമാണ്. പുരോഗമന സാഹിത്യ പ്രസ്ഥാനം, ആധുനിക സാഹിത്യ പ്രസ്ഥാനം ,ആധുനികോത്തര സാഹിത്യപ്രസ്ഥാനം, ക്ലാസിക്കൽ പ്രസ്ഥാനം റൊമാൻറിക് പ്രസ്ഥാനം എന്നൊക്കെ പല കാലങ്ങളിൽ നമ്മൾ പറഞ്ഞു പോന്നിട്ടുണ്ട്; അത്തരം വിഭജനങ്ങളെക്കുറിച്ച് ഒരു സംശയവും ഇല്ലാത്ത തരത്തിൽത്തന്നെ. എന്നാൽ, അവയിൽപ്പെട്ട കവിതകൾ എടുത്തു നോക്കിയാലറിയാം, ആ കവിതകൾ സ്വയം പറയുന്നില്ല തങ്ങൾ ഇന്ന പ്രസ്ഥാനത്തിൽപ്പെട്ടവയാണെന്ന്. കാവ്യാനുഭവംകൊണ്ട് അവ നമ്മളെ അങ്ങനെ തോന്നിക്കുന്നുമില്ല. ആത്യന്തികമായി കവിത ലാവണ്യത്തെയും നീതിയെയും ഉയർത്തിപ്പിടിക്കുന്നു. സമൂഹവിരുദ്ധമാണ് എന്ന് ഒരു കവിയെക്കുറിച്ചും നമുക്കു പറയാൻ കഴിയില്ല; യഥാർത്ഥത്തിൽ സാമൂഹ്യം, വ്യക്തിപരം എന്ന തരത്തിൽ ഒരു കാവ്യവിഭജനമേയില്ല. കേവലം വ്യക്തിനിഷ്ഠമായ ഒരു കവിതയും സാധ്യമല്ല. കാരണം, ഭാഷ എന്നു പറയുന്നത് ഒരു സാമൂഹ്യരൂപമാണ്. അനേകം തലമുറകളിലൂടെ രൂപപ്പെട്ട മനുഷ്യർ രൂപം കൊടുത്ത ഒരു ഭാഷ ഉപയോഗിച്ചുകൊണ്ടു തന്നെയാണ് കവി പുതിയ അനുഭവങ്ങളെ കുറിച്ചും ജീവിതത്തിൻറെ പുതിയ മാനങ്ങളെക്കുറിച്ചും സംസാരിക്കുന്നത്. അതുകൊണ്ട് ഈ സംസാരിക്കുന്ന ആൾ – കവി – ആരായാലും അവരെല്ലാവരും തന്നെ വ്യക്തിദുഃഖത്തെ സമൂഹദുഃഖമാക്കി മാറ്റുകയാണ് കവിതയിലൂടെ ചെയ്യുന്നത്. അയാൾ പറയുന്നത് ചിലപ്പോൾ അയാളുടെ സ്വകാര്യമായ ഒരു ദുഃഖത്തെ കുറിച്ചോ സ്വകാര്യമായ പ്രണയത്തെ കുറിച്ചോ ആയിരിക്കാം. പക്ഷേ, കവിതയിൽ എത്തിപ്പെടുന്നതോടുകൂടി അത് എല്ലാവരുടെയും അനുഭവമായി മാറുന്നു. കാരണം അത് അതിനുവേണ്ടി ഭാഷയെ ഉപയോഗിക്കുന്നു. ഭാഷയാകട്ടെ ഏതെങ്കിലും ഒരാൾ കണ്ടുപിടിച്ചതോ ഒരാളുടെ മാത്രം സ്വത്തോ അല്ല. ഭാഷ ഉപയോഗിക്കുന്നതു കൊണ്ടുതന്നെ ഒരാൾ സമൂഹത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. അവിടെ നിന്നുകൊണ്ട് സമൂഹോൻമുഖമായ കവിത, സമൂഹ വിമുഖമായ കവിത എന്നൊന്നും പറയുന്നതിൽ ആത്യന്തികമായി വലിയ അർത്ഥമില്ല എന്നാണെനിക്കു തോന്നുന്നത്. പ്രത്യയശാസ്ത്രവാദികൾ അങ്ങനെയൊക്കെ പറഞ്ഞുകൊണ്ടിരിക്കുമെങ്കിലും. ആത്യന്തികമായി എല്ലാ കവിതയിലും സമൂഹത്തിന്റെ ഒരംശം ഉണ്ട്. ഇത് ഞാൻ ഇപ്പോൾ പറയുന്നതല്ല. വളരെ കാലമായി പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യം തന്നെയാണ്.

രൂപവും പ്രമേയവും

രൂപത്തെയും പ്രമേയത്തെയും നമുക്ക് വേർപെടുത്താൻ കഴിയുമോ ?ഒരു കവിതയെടുത്ത് അതിൻറെ പ്രമേയം ഇന്നതാണ്, രൂപം ഇന്നതാണ് എന്ന് വിഭജിച്ചു പറയാനാവുമോ? ക്ലാസ്സ് മുറിയിൽ കവിത പഠിപ്പിക്കുമ്പോൾ അതൊക്കെ വേണ്ടിവന്നേക്കാം. അപ്പോൾ വൃത്തവും അലങ്കാരവും പഠിപ്പിക്കണം എന്നു വരാം. പക്ഷേ, നമ്മൾ ഒരു കവിത ആസ്വദിക്കുമ്പോൾ പ്രമേയത്തെയും രൂപത്തെയും വേർപ്പെടുത്തി കാണുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. പ്രമേയം അവതരിക്കുന്നതുതന്നെ ആ രൂപത്തിലൂടെയാണ്.ആ രൂപത്തെ മാറ്റിനിർത്തി പ്രമേയത്തെ പഠിക്കുക എന്നതും വളരെ പ്രയാസമാണ് വൃത്തം, ഗദ്യം എന്നിങ്ങനെ കവിതയെ മാറ്റിമാറ്റിയിരുത്തി പഠിപ്പിക്കാനും പഠിക്കാനും പ്രയാസമാണ്. ആ പ്രമേയം ആ രീതിയിലാണ് ഉളവായത് എന്നേ പറയാനാവൂ. വേറൊരു വിധത്തിൽ പറഞ്ഞാൽ, കവിത എന്നത് ഒരു ജൈവസമഗ്രതയാണ്. അതിലെ രൂപവും പ്രമേയവും ഒക്കെ ഒന്നിച്ചാണ് പിറക്കുന്നതും വികസിക്കുന്നതും.

ധ്വനി, വൈശദ്യം

ഇതുപോലെത്തന്നെയാണ് ധ്വനിയുടെയും വൈശദ്യത്തിൻ്റെയും അവസ്ഥയും. ധ്വനിയാണ് കവിതയുടെ പ്രധാന സ്വഭാവം എന്നൊക്കെ നമ്മൾ പറയാറുണ്ട്; അതിൽ തെറ്റൊന്നുമില്ല. പക്ഷേ ചില സ്ഥലങ്ങളിൽ ധ്വനികൊണ്ടുമാത്രം കാര്യങ്ങൾ മുന്നോട്ടുപോവില്ല. അങ്ങനെയാണെങ്കിൽ നമുക്ക് ഓം എന്ന വാക്ക് മാത്രം പറഞ്ഞാൽ മതിയായിരുന്നു. പക്ഷേ പലപ്പോഴും അതു പോരാ; നമുക്ക് ചില ഭാഗങ്ങൾ വിശദീകരിക്കേണ്ടതുണ്ട്. ചിലപ്പോൾ ഒരു പ്രകൃതി ദൃശ്യം, മറ്റു ചിലപ്പോൾ ഒരാളുടെ സ്വഭാവം, അങ്ങനെ ചില കാര്യങ്ങൾ അല്പം വിശദമായിത്തന്നെ പറയേണ്ടിവരും. അതുകൊണ്ടുതന്നെ വൈശദ്യം കവിതയ്ക്ക് എതിരാണ് എന്നു പറയാൻ കഴിയില്ല. കവിതയെ കേവലധ്വനിയായി ചുരുക്കാനും കഴിയുകയില്ല. ആവശ്യമുള്ളിടത്ത് വൈശദ്യം ഉപയോഗിക്കുകയും അല്ലാത്തിടത്ത് ധ്വന്യാത്മകമായി സംസാരിക്കുകയും ചെയ്യുന്ന ഒരു ഭാഷയാണ് കവിത.

പ്രകൃതിയും മനുഷ്യനും

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും ഇതുപോലെത്തന്നെയാണ്. അതും പരസ്പരം വേർതിരിക്കാൻ പറ്റില്ല. ഒരു മലയെപ്പറ്റിയോ കാടിനെപ്പറ്റിയോ വർണ്ണിക്കുമ്പോൾ വർണ്ണിക്കുന്നത് നമ്മളാണ് എന്നതുകൊണ്ട് സ്വാഭാവികമായും മനുഷ്യൻറെയും മനുഷ്യത്വത്തിൻ്റെയും ഒരംശം; കാഴ്ചയുടെ ഒരംശം കൂടി അത് ഉൾക്കൊള്ളുന്നുണ്ട്.

കവിതയിലെ പ്രതിരോധം

അനീതി കാണുമ്പോൾ കവിത അതിനെതിരെ സംസാരിക്കും. അപ്പോൾ അതിനെ നമ്മൾ പ്രതിരോധത്തിന്റെ കവിത എന്ന് വിളിക്കും. പക്ഷേ, ആത്യന്തികമായി നോക്കുമ്പോൾ പ്രതിരോധം എന്നു നാം വിവക്ഷിക്കുന്നത് കവിതയുടെ ധർമ്മത്തെത്തന്നെയാണ്. പ്രതിരോധിക്കേണ്ടവയെ എല്ലാകാലത്തും കവികൾ പ്രതിരോധിച്ചിട്ടുണ്ട്; വാല്മീകിയും വ്യാസനും മുതൽ. യുദ്ധത്തിനെതിരായ പ്രതിരോധമായാണ് മഹാഭാരതം എഴുതപ്പെട്ടതെന്നാണ് എൻറെ നിഗമനം. യുദ്ധത്തിന്റെ അവസാനത്തിൽ അതിലെ അവശേഷിച്ച കഥാപാത്രങ്ങൾ കാണുന്നത് മരുഭൂമികളെയും മരിച്ചു കിടക്കുന്നവരെയുമാണ്. മരിച്ചുകിടക്കുന്ന മനുഷ്യർ, മരിച്ചു കിടക്കുന്ന മൃഗങ്ങൾ, നശിപ്പിക്കപ്പെട്ട സസ്യങ്ങൾ, ഇല്ലാതായ കാടുകൾ. യുദ്ധത്തിൻ്റെ ഫലം നാശമാണ് എന്ന പാഠം, അങ്ങനെ, മഹാഭാരതം പഠിപ്പിച്ചു. ആ പ്രതിരോധ പാഠം നാം വേണ്ടത്ര ഉൾക്കൊണ്ടുവോ? അതിനുശേഷവും നാം അനേകം യുദ്ധങ്ങൾ നടത്തി. യുദ്ധങ്ങൾ നമ്മെ പഠിപ്പിക്കാൻ ശ്രമിച്ചത് നാം പഠിച്ചില്ല എന്നു വിളിച്ചു പറയുന്നു, ഇന്ന്, ഉക്രൈനും ഗാസയും.

ധാരാളം കവികൾ, ധാരാളം കവിതകൾ

ഇക്കാലത്ത് സൈബർസ്പേസിൽ ധാരാളമായി കവിത എഴുതപ്പെടുന്നു. സ്വാഭാവികമാണത്. എഴുത്ത്, പ്രസാധനം എന്നിവയൊക്കെ ഇപ്പോൾ കുറച്ചുകൂടി എളുപ്പമാണ്. അതുകൊണ്ട് കൂടുതൽ ആളുകൾ എഴുതുന്നു എന്നേയുള്ളൂ. എല്ലാ കാലത്തും നിലനിൽക്കേണ്ടത് മാത്രമേ നിലനിന്നിട്ടുള്ളൂ. നിലനിൽക്കേണ്ടത് നിലനിൽക്കുകയും ചെയ്യും. വരുംകാലം അവയെ എങ്ങനെ വിലയിരുത്തും എന്നതിനെക്കുറിച്ച് ഇപ്പോൾ തർക്കിക്കുന്നതിൽ കാര്യമില്ല. കാവ്യസംബന്ധമായി അടുത്ത തലമുറയുടെ ഇഷ്ടാനിഷ്ടങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് ഇപ്പോൾ നമുക്കു പറയാനാവില്ല. ഏതു തരത്തിലുള്ള കവിതകളാണ് അവർ ഇഷ്ടപ്പെടുക, ഏതു തരത്തിലുള്ള കവിതകളാണ് അവരെ പ്രകോപിപ്പിക്കുക, ഏതു തരത്തിലുള്ള കവിതകളാണ് അവരെ പ്രചോദിപ്പിക്കുക എന്നതൊക്കെ അവ്യാഖ്യേയങ്ങളാണ്. അവരുടെ ജീവിതമാണ് അവരുടെ കവിതയുടെ അതിജീവനത്തെ നിശ്ചയിക്കുക.

കവിതയുടെ വരവ്

എൻ്റെ പല കവിതകളും ഉള്ളിൽനിന്ന് അസമയത്ത് പുറപ്പെടുന്നവയാണ്. പലരും വിചാരിക്കുന്നതുപോലെ ഒരു കവിതയെഴുതാമെന്നു കരുതി രാവിലെത്തന്നെ അതിനുവേണ്ടി ഇരിക്കുകയൊന്നുമല്ല. ചിലപ്പോൾ രാത്രിയിൽ, രണ്ടര മണിക്കൊക്കെ കവിതയുടെ വരികൾ വരും. അപ്പോൾത്തന്നെ കടലാസിൽ അതെഴുതിയിടും, രസം തന്നെ; രാവിലെ നോക്കുമ്പോൾ അത് എന്താണെന്നുതന്നെ മനസ്സിലാവില്ല. മറ്റുചിലപ്പോൾ അതൊരു കവിതയിലേക്ക് വളരുമെന്നു തോന്നും. അങ്ങനെ, ആ വരികളിൽനിന്നും ഒരു കവിതയുണ്ടാക്കാൻ ശ്രമിക്കും. പരാജയപ്പെട്ടു എന്ന് തോന്നിയാൽ അത് ഉപേക്ഷിക്കും. എനിക്ക് തോന്നുന്നത് ഒരുപക്ഷേ, എല്ലാ കവികളും ഇങ്ങനെ തന്നെയാവും എഴുതുന്നുണ്ടാവുക എന്നാണ്. മറ്റൊരാൾ പറഞ്ഞത് അനുസരിച്ച് കവിതയെഴുതുക എന്നത് എനിക്ക് വിഷമമാണ്. ജീവിതത്തിൽ ഒന്നോ രണ്ടോ തവണ അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷേ അപ്പോഴും ഒറ്റയടിയ്ക്കല്ല അവ എഴുതിയത്. കുറേസമയം അതിങ്ങനെ മനസ്സിൽ കിടന്ന് പതിയെ ഒരു കവിതയായി രൂപപ്പെടുകയാണ് ചെയ്യുക. പി. പി. രാമചന്ദ്രൻ ഹരിതം എന്ന ഇ മാഗസിൻ പ്രസാധനം ചെയ്യുന്ന കാലത്ത്, അയ്യപ്പപ്പണിക്കരെക്കുറിച്ച് ഒരു കവിത എഴുതാമോ എന്ന് ചോദിച്ചു. അയ്യപ്പപ്പണിക്കർ മരിച്ച സമയമായിരുന്നു അത്. പറ്റില്ലെന്നു പറഞ്ഞെങ്കിലും ആ അഭ്യർത്ഥന മനസ്സിൽ കിടന്നു. പോകപ്പോകെ ചെറിയൊരു കവിത ഉണ്ടായി, രാമചന്ദ്രന് അയച്ചുകൊടുത്തു. അങ്ങനെ ഒന്നോ രണ്ടോ സന്ദർഭങ്ങൾ ഒഴിച്ചാൽ എൻ്റെ എല്ലാ കവിതകളും ഉള്ളിൽ നിന്നു പുറപ്പെട്ട് പലപ്പോഴും രാത്രിയോ അല്ലെങ്കിൽ അസമയങ്ങളിലോ എൻ്റെ വാതിലിൽ മുട്ടിവിളിച്ചുണ്ടായിട്ടുള്ള കവിതകളാണ്. എല്ലാവർക്കും അങ്ങനെയാണ് ഉണ്ടാവേണ്ടത് എന്ന് ഞാൻ പറയില്ല. എന്നെ സംബന്ധിച്ച് അങ്ങനെയിരിക്കെയാണ്. ഒരുപക്ഷേ പല കവികളെ സംബന്ധിച്ചും ഇത് നേരായിരിക്കും.

കവിതയും പട്ടാമ്പിയും

കവിതയുടെ കാർണിവൽ പട്ടാമ്പിയിലാണ് നടക്കുന്നത് എന്നുള്ളതുകൊണ്ട് പട്ടാമ്പിയുമായുള്ള എൻ്റെ ബന്ധത്തെക്കുറിച്ചും പറയാതെ വയ്യ. പട്ടാമ്പി കോളേജിൽ ഞാൻ ഏറ്റവും കൂടുതൽ വന്നിട്ടുള്ളത് ആറ്റൂർ രവിവർമ്മ പഠിപ്പിക്കുന്ന കാലത്തും പിന്നീട് കെ. ജി. ശങ്കരപ്പിള്ള പഠിപ്പിക്കുന്ന കാലത്തുമാണ്. അവിടെ കെ. ജി. ശങ്കരപ്പിള്ളയുടെ ലോഡ്ജിൽ ഞങ്ങൾ പലതവണ ഒത്തുകൂടിയിട്ടുണ്ട്. ആ ലോഡ്ജിൽ വെച്ചാണ് എൻ്റെ കോഴിപ്പങ്ക് എന്ന കവിതയുണ്ടാവുന്നത്. അന്ന് ഞങ്ങളുടെ കൂടെ മേതിൽ രാധാകൃഷ്ണനുമുണ്ടായിരുന്നു. ഒരു കോഴി മുറ്റത്തു വന്നപ്പോൾ രാധാകൃഷ്ണൻ അതിൻ്റെ ഓരോ ഭാഗത്തെക്കുറിച്ച് വർണിച്ചു പറയാൻ തുടങ്ങി. ആ സമയത്താണ് കോഴിപ്പങ്കിൻ്റെ തുടക്കം മനസ്സിലേക്കു വരുന്നത്. കുളിച്ചു വരുമ്പോഴേക്കും ഈ കവിത പൂർണ്ണമായി.

പട്ടാമ്പി, സ്ഥലമായാലും പുഴയായാലും, അങ്ങനെ പല തരത്തിൽ എനിക്കു പ്രിയപ്പെട്ടതാണ്. പട്ടാമ്പി ഞാൻ ഭൗതികമായ യി ജനിച്ച സ്ഥലമല്ല, പക്ഷേ ഞാൻ വേറൊരു തരത്തിൽ ജനിച്ച സ്ഥലമാണ്. എൻ്റെ ജീവിതത്തിൻ്റെ വലിയൊരു ഭാഗമാണ് പട്ടാമ്പിക്കാലം. പട്ടാമ്പിയിൽ കവിത സ്ഥിരമായി തുടരുന്നു; കവിതയുടെ കാർണിവലും. തുടർന്നുകൊണ്ടേയിരിക്കട്ടെ എന്ന് ആശംസ.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like