വാഴ്ത്തപ്പെട്ട്, പുരസ്‌കൃതമായൊരു
കവിതയിലേക്ക്
രണ്ടിറ്റ് കണ്ണീർത്തുള്ളികൾ വീണു;
കാവ്യഭംഗികളോരൊന്നും
വെടിയുപ്പേറ്റപോലെ
പൊള്ളിയലിഞ്ഞുപോയി!
കവിതയിലെ മൗനമാർന്ന
കാപട്യചമത്കാരങ്ങളിലേക്ക്
പ്രതിരോധത്തിന്റെ രാസാഗ്നിയായി
അത്, അതിവേഗം പടർന്നൊഴുകി;
വിധേയത്വ വാങ്മയരൂപങ്ങളുടെ
ഹീബ്രു വിവർത്തനഭാഗങ്ങൾ
ഉരുകിയൊലിച്ചു…
മറവിയുടെ തരിശുടുത്ത
കടലാസുകളിൽ
കനൽപ്പകയോടെ, ലിപികളെ
തുളച്ചൊഴുകിയപ്പോൾ
മൗനത്തെ കീറിമുറിക്കുന്ന
പുതുഭാവങ്ങളുയർന്നു;
“ബുൾഡോസറുകൾക്കുനേരെ
കൈചൂണ്ടുന്ന,
അമ്മമാരുടെ വേദനകളിലേക്ക്
കണ്ണുകളയക്കുന്ന,
അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങൾക്ക്
പ്രതീക്ഷപകരുന്ന,
ഉഗ്രസ്ഫോടനങ്ങളിലും
പതറിയൊളിക്കാത്ത,
ഹൃദയത്തിനും ഹൃദയത്തിനുമിടയിൽ
ഓർമകളുടെ വിത്തുകളുതിർക്കുന്ന”
വൃത്തനിബന്ധനകളില്ലാത്ത
പുതിയ കാവ്യരൂപങ്ങളുയർന്നു…
അവശേഷിച്ച, കരിഞ്ഞ
നുണബിംബങ്ങൾക്കുമേൽ
ചോരമണക്കുന്നൊരു
ചോദ്യചിഹ്നംതീർത്ത്,
ബോംബുകളെത്ര കുലുക്കിയിട്ടും
ഉച്ചിയൊടിയാത്തൊരു
ഒലിവുമരത്തിൽ
നീതിയുടെ മഹാകാവ്യമായി
വളർന്നു;
‘ആകാശത്തിനും
കണ്ണുകള്‍ക്കുമിടയിൽ
ഇരുട്ടുനിറച്ചുകൊണ്ട്
നീണ്ടുകിടക്കുന്ന
അതിർത്തിയിൽനിന്ന്
ജന്മനാടിനെനോക്കി’
കരഞ്ഞുകൊണ്ടിരുന്നു…
‘എനിക്കെന്റെ കുട്ടിക്കാലത്തെ
നക്ഷത്രങ്ങളെ തിരികെത്തരൂ’
എന്ന്, കേണുകൊണ്ടിരുന്നു…
‘എല്ലാം നഷ്ടപ്പെട്ടാലും
വെളിച്ചത്തിന്റെ ശത്രുവിനോട്
അവസാനശ്വാസംവരെ
പൊരുതുമെന്ന്’
ആണയിട്ടുകൊണ്ടിരുന്നു…
‘ഞാൻ മരിക്കേണ്ടിവന്നാൽ,
എന്റെ കഥപറയാൻ
നിങ്ങൾ ജീവിക്കണ’മെന്ന്
മിസൈലുകൾ
പേമാരിതീർത്തുകൊണ്ടിരിക്കുന്ന
തെരുവിൽനിന്ന്,
വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു…
സലേം ജുബ്രാൻ, മുഹമ്മദ് ദർവിഷ്,
സമീ അല്‍ കാസ്സെം,
രെഫാത്ത് അലാരീർ..,
അലങ്കാരങ്ങളില്ലാത്ത
പലപല സംജ്ഞകളായി
അവതരിച്ചുകൊണ്ടിരുന്നു…
ദേശമില്ലാതായവരുടെ
മാനമുയർന്നുനിൽക്കുന്ന
സ്വപ്നങ്ങളുമായ്
പ്രതിരോധത്തിന്റെ
വർണ്ണക്കാഴ്ചകളൊരുക്കി,
ആയിരം കഫിയകളായി
പാറിപ്പറന്നുകൊണ്ടിരുന്നു…
തീയും പുകയും
പൊടിക്കാറ്റുമേറ്റിട്ടും
മണ്ണും ജലവും
വെളിച്ചവുമൊഴിഞ്ഞിട്ടും
രക്തം വാർന്നൊഴുകിയ
മുനമ്പിൽനിന്നുകൊണ്ട്
‘മാതൃദേശമെന്ന
വാഗ്ദത്തഭൂമിക്കായി’
ഉറക്കെ പാടിക്കൊണ്ടിരുന്നു-
‘നിലയ്ക്കാത്ത ഈണങ്ങളോടെ…’
കവർ: ജ്യോതിസ് പരവൂർ