പൂമുഖം നോവൽ കാടകം (അദ്ധ്യായം-11)

കാടകം (അദ്ധ്യായം-11)

അൻപത്തിയൊന്ന്

കൈനിറയെ പണവും സമ്മാനങ്ങളുമായാണ് രാജൻ കാട്ടിലെത്താറ്. മിക്കവാറും ഹസനൂരിൽ എത്തി പരിചയമുള്ള ഒരു വീട്ടിൽ രണ്ട് ദിവസം തങ്ങും. ചുപ്പൻ എത്തിയാൽ ഒപ്പം കാട്ടിലേക്ക് പോകും. ഹസനൂരിലുള്ള ചുപ്പന്റെ ഒന്നുരണ്ട് പരിചയക്കാരും കൂടെ ചെല്ലും. യാത്രയിൽ ഉടനീളം ചുപ്പൻ ഒരു കാര്യം പറഞ്ഞ് രാജനെ ബുദ്ധിമുട്ടിക്കും- കല്യാണം. കാന്തിയുടെ ഏറ്റവും ഇളയ സഹോദരി തേനിക്ക് കല്യാണപ്രായം ആയിരിക്കുന്നു. നല്ല ഉയരവും ശരീരപുഷ്ടിയും ഉള്ള പെണ്ണാണ്. രാജന് നന്നായി ചേരും.

‘എൻ്റെ മനസ്സിൽ ഒരു പെണ്ണ് ഒള്ള കാര്യം പറഞ്ഞില്ലേ ചുപ്പാ?’

‘അന്ത പെണ്ണിന്റെ കല്യാണം കഴിഞ്ഞില്ലേ? അതിന് കൊളന്തയും ആവാറായി. ഇനി അവരെ ഉള്ളിൽ വെച്ചിട്ട് എന്ത് കാര്യം?’ ചുപ്പൻ ചോദിക്കും.

‘കെട്ടിക്കോട്ടെ. എന്നെങ്കിലും അവരെ എനിക്ക് തന്നെ കിട്ടും.’

‘ആയിക്കോട്ടെ. അതുവരെ ഒരു പൊണ്ടാട്ടി വേണ്ടേ? കൊളന്ത വേണ്ടേ? അതിനാ തേനീന്റെ കാര്യം പറയുന്നെ.’

മൂന്നാമത് തവണ രാജൻ കാട്ടിൽ എത്തിയപ്പോൾ ചുപ്പൻ അവനെ നേരെ തേനിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. കാന്തിയും അവിടെയുണ്ടായിരുന്നു. രാജന് ചുപ്പന്റെ ആളുകളുടെ ഭാഷ കുറേശ്ശെ പിടികിട്ടി വരുന്നുണ്ടായിരുന്നു. തേനിയുടെ അച്ഛനും അമ്മയും മരുമകനോടെന്നവണ്ണമാണ് രാജനോടു പെരുമാറുന്നത്. കാന്തിയും രാജൻ അനിയത്തിയുടെ ഭർത്താവായിക്കഴിഞ്ഞു എന്ന മട്ടിലാണ് പെരുമാറുന്നത്. ചുപ്പനും ഏതാണ്ട് അത് ഉറപ്പിച്ച മട്ടാണ്. പക്ഷേ രാജന് വിസ്മകരമായി തോന്നിയ കാര്യം തേനി അവനെ ഒട്ടും ഗൗനിക്കുന്നില്ല എന്നതാണ്. നോക്കുന്നതാകട്ടെ സംശയം നിറഞ്ഞ ഭാവത്തോടെയും. അത് രാജനെ ഒരേസമയം പ്രകോപിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തു. സ്റ്റെല്ല കാട്ടിൽ വെച്ച് തന്നോട് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഇവൾ. അകൽച്ചയും നേരിയ ഭയവും നിറഞ്ഞ സ്റ്റെല്ലയുടെ നോട്ടം തന്നെയാണ് ഇവളും നോക്കുന്നത്. അതേ ഭാവം, അതേ നോട്ടം.

‘തേനിയെ ഇഷ്ടമായോ?’ ചുപ്പൻ ചോദിച്ചു.

‘അഹങ്കാരിയാണ് അല്ലേ?’ രാജൻ തിരിച്ചു ചോദിച്ചു.

ചുപ്പൻ ചിരിച്ചു.’അടുത്താ വെറും പാവം.’

‘പക്ഷേ അടുക്കുന്നില്ലല്ലോ?’

‘അടുത്തോളും.’ ചുപ്പൻ ചിരിച്ചു.

അടുത്ത ദിവസം ഉച്ചയോടടുപ്പിച്ച് പനങ്കള്ളു സേവിച്ച് ഉന്മത്തനായി ഇരിക്കുകയായിരുന്നു രാജൻ. ഉന്മത്താവസ്ഥയിൽ അവൻ സ്റ്റെല്ലയെക്കുറിച്ച് ഓർത്തു. അവളെ വിട്ടുകളഞ്ഞത് മഠയത്തരമായിപ്പോയി, സ്വന്തമാക്കാൻ ശ്രമിക്കണമായിരുന്നു എന്ന് ആദ്യം ചിന്തിച്ചു. പിന്നെ, അങ്ങനെ ചെയ്യാതിരുന്നത് നന്നായി എന്നും. കഴിക്കാൻ കിഴങ്ങുകളുമായി തേനി അടുത്തു വന്നു. ചുപ്പന്റെ കുട്ടികളും അവൾക്കൊപ്പം ഉണ്ടായിരുന്നു. പാത്രം താഴെ വെച്ച് അവൾ രാജനെ നോക്കി. അകൽച്ച നിറഞ്ഞ സ്റ്റെല്ലയുടെ അതേ നോട്ടം. ഒരു നിമിഷം. കൊടുംകാട്ടിനുള്ളിലാണെന്നും മുന്നിൽ നിൽക്കുന്നത് സ്റ്റെല്ലയാണെന്നും അവൾ തന്നെ പുച്ഛത്തോടെ നോക്കുകയാണെന്നും രാജനു പെട്ടെന്ന് തോന്നി. അവൻ തേനിയെ കടന്നുപിടിക്കാൻ നോക്കി. അവളാകട്ടെ കുതറിമാറി രാജന് മുഖമടച്ച് ഒരു അടി കൊടുത്തു. എന്നിട്ട് ഓടിക്കളഞ്ഞു. കുട്ടികൾ ആർത്തു ചിരിച്ച് അവളുടെ പിന്നാലെ ഓടി. രാജൻ സ്തംഭിച്ചു പോയി. സ്റ്റെല്ലയും തേനിയും അടങ്ങുന്ന യുവതികളുടെ വലിയൊരു കൂട്ടം വിദൂരത്ത് ഏതോ ഒരു ഗ്രഹത്തിൽ ഇരുന്ന് തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്ന പോലെ അവനു തോന്നി.

വര: പ്രസാദ് കാനത്തുങ്കൽ

രാജൻ നേരെ ചുപ്പന്റെ അടുത്തുചെന്നു.
‘എനിക്ക് തേനിയെ കെട്ടാൻ സമ്മതം. കെട്ടിച്ചു തരാമെന്ന് പറഞ്ഞതല്ലേ. തരൂ. ഇപ്പോൾത്തന്നെ തരൂ.’

ചുപ്പൻ രാജനുമായി തേനിയുടെ മാതാപിതാക്കളുടെ അടുത്തെത്തി കാട്ടുഭാഷയിൽ കാര്യം അവതരിപ്പിച്ചു. അവർ സന്തോഷപൂർവ്വം തലയാട്ടി. പിതാവ് കാന്തിയെ ഉറക്കെ വിളിച്ചു. അവൾ ഓടിയെത്തി. ചുപ്പനും മാതാപിതാക്കളും കല്യാണക്കാര്യം അവളോട് പറഞ്ഞു. കാന്തിയും ആഹ്ളാദം പ്രകടിപ്പിച്ചു. എല്ലാം കണ്ടുകൊണ്ട് അകലെ പകച്ചു നിൽക്കുകയായിരുന്നു തേനി. കാന്തി അവളെ വിളിച്ചു. മടിച്ചുമടിച്ച് അവൾ അവിടേക്ക് വന്നു. അച്ഛൻ അവളെ ചേർത്തുപിടിച്ച് രാജനെ ചൂണ്ടി എന്തോ പറഞ്ഞു. അവൾ സമ്മതം പറയുന്ന പോലെ താഴേക്ക് നോക്കി തലയാട്ടി. പിന്നെ നാണിച്ച് അവിടെ നിന്ന് ഓടിപ്പോയി. താൻ ആവശ്യമില്ലാത്ത ഒരു ഏടാകൂടത്തിൽ ആലോചനയില്ലാതെ ചെന്നു ചാടിയതായി കുറേശ്ശെ വെളിവ് വന്നു തുടങ്ങിയ രാജന് തോന്നുകയും ചെയ്തു.

അൻപത്തിരണ്ട്

കാട്ടിൽ നിന്ന് തിരികെയെത്തിയ ശേഷം ഗിരിക്കും രാജനും ഇടയിൽ നല്ല സൗഹൃദം രൂപപ്പെട്ടു. മാസങ്ങൾ കടന്നുപോകെ ആ ബന്ധം കൂടുതൽ കൂടുതൽ ദൃഢമായി വന്നു. സൗകര്യം കിട്ടുമ്പോഴെല്ലാം രാജൻ ഗിരിയെ ചെന്നു കാണും അല്ലെങ്കിൽ ആഴ്ചയിലൊരിക്കലെങ്കിലും ഫോണിൽ വിളിക്കും. ഗിരിയുടെ കടയ്ക്കടുത്തുള്ള സഹകരണ സംഘം ഓഫീസിൽ ഫോണുണ്ട്. തേനിയുമായുള്ള വിവാഹം കഴിഞ്ഞ് നാല് ദിവസത്തിനു ശേഷം ഊട്ടിയിൽ നിന്ന് രാജൻ ഗിരിയെ വിളിച്ച് വിവരം പറഞ്ഞു.

‘കൊച്ചിനെ കൊണ്ടുവരാൻ ഒക്കുമോ?’ ഗിരി അന്വേഷിച്ചു.

‘കൊറച്ചു പ്രശ്നമൊണ്ട്. ഇവടെ സ്ത്രീകൾ പുറത്തു പോന്നത് അനുവദിക്കാറില്ല. പക്ഷേ എങ്ങനെയെങ്കിലും കൊണ്ടുവരണം. അതിനുള്ള വഴി ആലോചിക്കുവാ ഞാൻ.’

‘തേനി എങ്ങനെ?’

‘നല്ല സ്നേഹോം അനുസരണേമൊണ്ട്. പക്ഷേ അവൾ പറയുന്നത് എന്താന്ന് എനിക്കും ഞാൻ പറയുന്നത് എന്താന്ന് അവക്കും നല്ലോണം മനസ്സിലാവില്ല എന്നു മാത്രം.’

‘അതും ഒരു രസമല്ലേ?’

‘എന്റെ കഥകളെല്ലാം ചുപ്പൻ വഴി അവക്കറിയാം. ഞാനും ചുപ്പനുമായി ഒരുപാട് സംസാരിച്ചിരിക്കും. എല്ലാം മനസ്സിലാകുന്ന പോലെ പെണ്ണുങ്ങൾ രണ്ടും ഞങ്ങളെ കേട്ടിരിക്കും. ഞങ്ങൾ ചിരിക്കുമ്പോ കൂടെ ചിരിക്കും. എടയ്ക്ക് അവരോട് ഞങ്ങൾ സംസാരിക്കുന്ന വിഷയം എന്താന്ന് പറയണം.’

‘ഏതായാലും എനിക്ക് സന്തോഷമായി.നിനക്കൊരു കുടുംബം അത്യാവശ്യമാരുന്നു. സംഭവിച്ചതെല്ലാം നന്നായി എന്ന് നിനക്കും തോന്നുന്നില്ലേ?’

‘സന്തോഷമൊണ്ട്. എന്നാ മനസ്സീ വലിയൊരു വെഷമമൊണ്ട്.’

‘എന്താ അത്?’

‘അവർ.’

‘സ്റ്റെല്ലയോ?’

‘ഉം.’

‘അതു വിട്ടേര്. ഇനി വേണ്ട.’

രാജൻ മൂളി.

അൻപത്തിമൂന്ന്

നഷ്ടത്തിൽ ഓടിക്കൊണ്ടിരുന്ന ഷാപ്പ് ആണ് ഞാങ്കടവ് ഷാപ്പ്. രാജൻ ജോലിക്ക് ചേർന്നതോടെ അതിന്റെ അവസ്ഥ മാറാൻ തുടങ്ങി. വിഭവങ്ങളുടെ എണ്ണവും സ്വാദും കൂടി. പ്രവർത്തിസമയം വർദ്ധിച്ചു. കടം കൊടുക്കുന്ന രീതി പാടേ നിന്നു. ഷാപ്പ് വിൽക്കാൻ മുതലാളി ചന്ദ്രശേഖരൻ പലതവണ ശ്രമിച്ചതാണ്. നഷ്ടത്തിലോടുന്ന ഷാപ്പ് ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. അവസ്ഥ മെച്ചപ്പെട്ടതോടെ അതിന് ആവശ്യക്കാരായി. ഒരിക്കൽ തിരസ്കരിച്ചവരെ ചന്ദ്രശേഖരൻ പിന്നെ കൈക്കൊണ്ടില്ല.

‘ഈ ഷാപ്പ് നീ എടുത്തോ.’
കല്യാണം കഴിഞ്ഞ് കാട്ടിൽ നിന്ന് തിരികെ എത്തിയപ്പോൾ രാജനോട് മുതലാളി പറഞ്ഞു.

‘ലൈസൻസ് എന്റെ പേരിൽ തന്നെ ഇരിക്കട്ടെ. ഏഴായിരം രൂപ എനിക്ക് മാസാമാസം മുടങ്ങാതെ തന്നാമതി. സമ്മതമാണോ?’

രാജൻ ഒന്നാലോചിച്ചു. ഷാപ്പ് നടത്തിക്കൊണ്ടു പോകണം. മുതലാളിക്ക് എല്ലാ മാസവും ഏഴായിരം രൂപ വച്ച് കൊടുക്കുകയും വേണം. ഞാണിൻമേൽക്കളിയാണ്. എങ്കിലും ഇതൊരു അവസരമാണ്. ഷാപ്പ് പണിക്കാരൻ രാജനിൽനിന്ന് രാജൻ മുതലാളിയിലേക്കുള്ള സ്ഥാനക്കയറ്റം.

‘സമ്മതമാ.’

‘ഇനി ലൈസൻസ് വേണമെങ്കിൽ അതും തരാം. അമ്പതിനായിരം രൂപ തന്നാ മതി.’

രാജൻ തലയാട്ടി.

‘എന്നുമുതൽ?’ രാജൻ ചോദിച്ചു.

‘വൈകിക്കേണ്ട. ഇന്നു മുതൽ തന്നെ ആയിക്കോട്ടെ. ഞാൻ നാളെ മുതൽ വരുന്നില്ല. നീ അങ്ങോട്ട് വന്നു കണ്ടാൽ മതി.’

രാജൻ തലയാട്ടി.
മുതലാളി പണിക്കാരെ എല്ലാം വിളിച്ചു. ഷാപ്പിൽ ഉണ്ടായിരുന്ന കുടിയന്മാരും എന്തോ പ്രാധാന്യമുള്ള കാര്യം പറയാൻ പോകുന്നു എന്ന തോന്നലിൽ ചന്ദ്രശേഖരന്റെ അടുത്തേക്കു ചെന്നു.

‘എടാ ഇന്ന് മുതൽ നിങ്ങളുടെ മുതലാളി മാറുകയാണ്. നിങ്ങടെ രാജന്റേതാണ് ഈ നിമിഷം മുതൽ ഷാപ്പ്. നല്ല ആത്മാർത്ഥമായി അവന്റെ കൂടെ നിക്കണം. ഞാൻ ഇനി ഇങ്ങോട്ട് അധികം വരില്ല. അപ്പോ ഇതുവരെ ചെയ്തുതന്ന എല്ലാ സഹകരണത്തിനും നന്ദി.’

കുറെയൊക്കെ പ്രതീക്ഷിച്ചതാണെങ്കിലും പെട്ടെന്നുവന്ന മാറ്റത്തിൽ പണിക്കാരെല്ലാം അമ്പരന്നു പോയി.
കൂടുതൽ ഒന്നും പറയാതെ മുതലാളി കുടയുമെടുത്ത് ഷാപ്പിൽ നിന്ന് പുറത്തുപോയി.

കുടിയന്മാർ രാജനെ അനുഗ്രഹിച്ചു.

‘നീ നന്നായി വരും രാജാ. നീ വന്ന ശേഷമാ ഷാപ്പിന് ഐശ്വര്യം ഉണ്ടായത്.’

‘മൊതലാളി നിന്റെ തലേവെച്ച് ഊരിയതാ കേട്ടോ. രണ്ടുമൂന്നു വർഷമായിട്ട് അയാൾ ഇതിനു പാടുപെടുന്നു. ഷാപ്പ് വിട്ടുകളയാതെ അയാടെ മക്കൾ അയാളെ അടുപ്പിക്കില്ല. പോരാത്തതിന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മാസാമാസം ഏഴായിരം രൂപയും കിട്ടില്ലേ.’ പ്രായം ചെന്ന ഒരു പണിക്കാരൻ പറഞ്ഞു.

‘ശരി. പണി നടക്കട്ടെ.’ രാജന്റെ ശബ്ദത്തിലേക്ക് ലേശം ആജ്ഞാസ്വരം കടന്നുവന്നു.

അൻപത്തിനാല്

ഹേമയ്ക്ക് കേന്ദ്ര സർവ്വീസിൽ ജോലി കിട്ടി. ടെലികമ്യൂണിക്കേഷൻ വകുപ്പിലാണ് നിയമനം. എഴുത്തു പരീക്ഷയ്ക്ക് വിജയിച്ചെങ്കിലും ടൈപ്പിങ്ങിന് കടന്നുകൂടുന്ന കാര്യത്തിൽ പ്രതീക്ഷ കുറവായിരുന്നു. അത് ഒരു വിധം പൂർത്തിയായപ്പോൾ തന്നെ നിയമനം കിട്ടിയേക്കുമെന്ന് ഹേമക്ക് തോന്നിയിരുന്നു. സ്റ്റെല്ലയോടു മാത്രം അക്കാര്യം പറഞ്ഞു. പോസ്റ്റുമാൻ കൊണ്ടുവന്ന കത്ത് തുറന്നുനോക്കി ഭാവഭേദം ഒന്നുമില്ലാതെയിരുന്ന ഹേമയോട് അമ്മ ചോദിച്ചു:
‘എന്താ കത്ത്?’

‘ടെലികമ്യൂണിക്കേഷൻ വകുപ്പിൽ പരീക്ഷ എഴുതിയിരുന്നില്ലേ, അതിന്റെ അറിയിപ്പാ.’

‘കിട്ടിയില്ലെന്നാണോ?’

‘അല്ല കിട്ടിയ വിവരമാണ്.’

അമ്മ പകച്ച് ഹേമയെ നോക്കി.

‘എന്നിട്ടാന്നോ തണുത്ത് ഇരിക്കുന്നത്? എവിടെയാ ജോലി?’

‘എറണാകുളത്ത് ചെല്ലാനാണ്.’

‘ആഹാ അതും അനുകൂലമാണല്ലോ! അധികം ദൂരെയല്ലാതെ കിട്ടിയല്ലോ!’

ഹേമ പോസ്റ്റിംഗ് ഓർഡർ മേശയിൽ വച്ച് പൂട്ടി റോസാ ചെടികൾക്ക് വെള്ളമൊഴിക്കാൻ തുടങ്ങി. മാതാവ് മകൾക്കു ജോലി കിട്ടിയ വലിയ വാർത്ത എല്ലാവരെയും ഓടിനടന്ന് അറിയിച്ചു തുടങ്ങി.
മൂന്നു ദിവസം കഴിഞ്ഞ് ഗിരി കാണാൻ എത്തി.

‘കൺഗ്രാചുലേഷൻസ്. നിനക്ക് പ്രതീക്ഷയുള്ള വിവരം പറഞ്ഞില്ലല്ലോ?’

ഹേമ വെറുതെ മൂളി.

‘എന്താ സന്തോഷം ഇല്ലേ? ജോലിക്ക് ചേരുന്നില്ലേ?’

‘ചേരണം. സന്തോഷമുണ്ട്.’

‘മറ്റുള്ളവർക്ക് നമ്മളെ മനസ്സിലാവില്ല.’ ഗിരി പറഞ്ഞു. ‘ഒരു ജോലി കിട്ടുക എന്ന് വെച്ചാൽ എല്ലാവർക്കും സ്വർഗ്ഗം കിട്ടുന്ന പോലെയാണ്. നിനക്ക് ജോലി കിട്ടിയ വാർത്ത കേട്ടപ്പോൾ എനിക്ക് വലിയ ആവേശമൊന്നും തോന്നിയില്ല. നിനക്കും അങ്ങനെ തന്നെ ആയിരിക്കുമെന്ന് എനിക്കറിയാം. എങ്കിലും ചെല്ല്, ജോലിക്ക് ചേര്. ജീവിതം അങ്ങനെ ഒഴുകട്ടെ.’

‘എറണാകുളത്താണ്. നിനക്ക് വരാൻ കഴിയുമോ?’

‘ഞാൻ എന്തിനും തയ്യാർ. വരണമെങ്കിൽ വരാം. അല്ലെങ്കിൽ നീ ഹോസ്റ്റലിൽ നിൽക്കുകയാണെങ്കിൽ അങ്ങനെ.’

‘ഹോസ്റ്റലിൽ നിൽക്കാം. നിനക്ക് കൃഷിയും കച്ചവടവും ഉണ്ടല്ലോ.’

‘ഏതായാലും കല്യാണം വരെ ഹോസ്റ്റലിൽ നില്ല്. പിന്നെ ബാക്കി ആലോചിക്കാം.’

രാജന്റെ കല്യാണം കഴിഞ്ഞ വിഷയവും അവന് ഷാപ്പ് സ്വന്തമായ വിവരവും ഗിരി ഹേമയോട് പറഞ്ഞു.

‘ആഹാ! അവന്റെ ജീവിതം വളരെ രസകരമായി ഒഴുകുകയാണല്ലോ. നീ ഇതൊക്കെ എന്താണ് എന്നോട് സമയാസമയം പറയാത്തത്?’

‘പല കാര്യത്തിലും ഇപ്പോൾ അങ്ങനെയാണ്. മറവി. ഒന്നിനും ഒരു പരിധിക്കപ്പുറം ഗൗരവവും തോന്നുന്നില്ല.’

‘കൂട്ടത്തിൽ എന്നോടുള്ള കമ്പവും കുറഞ്ഞു. അല്ലേ?’

‘നീ എന്നേ സ്വന്തമായി കഴിഞ്ഞതല്ലേ? നിന്നെ ഇപ്പോൾ എന്നിൽ നിന്ന് വേറിട്ട് ഒട്ടും കാണുന്നില്ല.’

ഹേമക്ക് ആ വാചകം വളരെ ഇഷ്ടമായി.

(തുടരും)

കവർ: വിൽസൺ ശാരദ ആനന്ദ്

Comments

You may also like