പൂമുഖം LITERATUREലേഖനം അകാലവാർദ്ധക്യം -ചില നിരീക്ഷണങ്ങൾ

അകാലവാർദ്ധക്യം -ചില നിരീക്ഷണങ്ങൾ

വാർദ്ധക്യം മനുഷ്യനെ ഒട്ടൊന്നുമല്ല നിസ്സഹായരാക്കുന്നത്. പഴയതിൽ നിന്നും കൂടുതലായി ഇന്ന് വാർദ്ധക്യം മലയാളികളെ നിസ്സഹായരും നിരാലംബരുമാക്കുന്നുണ്ട്… ജീവിതനിലവാരവും ഉപഭോഗ സംസ്കാരവും ഉയരുകയും എന്നാൽ സാമ്പ്രദായിക രീതികളെ ഒരളവുവരെ കൈവിടാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്
മുഖ്യകാരണം. വാർദ്ധക്യത്തെ ദുരിതമുക്തമാക്കാനും , ആയാസരഹിതമാക്കാനും , മാനസികോല്ലാസമുള്ളതാക്കാനും പറ്റിയ കേന്ദ്രങ്ങൾ ഉണ്ടാകുകയും അതിനുള്ള അവബോധം സമൂഹത്തിന് കൊടുക്കകയും ചെയ്യേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ചു കുട്ടികൾ മറുനാടുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ.

വാർദ്ധക്യത്തെക്കുറിച്ച് നമ്മൾ ഒരുപാട് കാണുകയും കേൾക്കുകയും ചർച്ചചെയ്യുകയുമൊക്കെ ചെയ്തിട്ടുള്ളതാണല്ലൊ. എന്നാൽ നമ്മളറിയാതെ നമുക്കൊപ്പം തന്നെ വളരുന്ന മറ്റൊന്നുണ്ട്. ജരാനരകളിലൂടെ പ്രകടമായില്ലെങ്കിലും ഓരോ മലയാളിയുടേയും ഉള്ളിൽ ജന്മനാ കുടി കൊള്ളുന്ന ഒന്ന്! അതാണ് അകാലവാർദ്ധക്യം!

നാം ശ്രദ്ധിക്കാതെ പോകുന്ന മറ്റൊരു യാഥാർത്ഥ്യം-മലയാളികൾ ഭൂരിഭാഗവും നാല്പതു കഴിയുമ്പോഴേക്കും വാർദ്ധക്യത്തിനെ വരവേൽക്കാൻ മാനസികമായി തയ്യാറായിട്ടുണ്ടായിരിക്കും. കുട്ടിത്തം, യുവത്വം, മധ്യവയസ്സ്, വാർദ്ധക്യം എന്നിങ്ങനെ പടിപടിയായി വളരേണ്ടതാണ് ജീവിതം. അതിൽ തന്നെ യുവത്വത്തിൽ നിന്ന് മധ്യവയസ്സിലേക്കും, മധ്യവയസ്സിൽ നിന്ന് വാർദ്ധക്യത്തിലേക്കുമുള്ള ദൈർഘ്യം കൂടുതലായിരിക്കും. പക്ഷെ മധ്യവയസ്സിൽ നിന്ന് അതിവേഗം വാർദ്ധക്യത്തിലേക്ക് മാനസികമായെങ്കിലും ചാടുന്നവരുണ്ട്. അപൂർവ്വമായി യുവത്വത്തിൽ നിന്നും! പ്രായമായ ചിലരെ കാണുമ്പോൾ നമ്മൾ അത്ഭുതത്തോടെ പറയാറുണ്ട്. “ഇദ്ദേഹത്തിനെ എൻ്റെ കുട്ടിക്കാലം തൊട്ടേ ഞാൻ ഈ രൂപത്തിലാണ് കണ്ടിട്ടുള്ളത് എത്ര പ്രായമുണ്ടായിരിക്കുമെന്നോ!” അയാളുടെ പ്രായം സ്വാഭിവകമായി വരുന്നതാണ്. പക്ഷെ അയാൾ പോലുമറിയാതേ പണ്ടേ അയാളെ അകാല വാർദ്ധക്യം ബാധിച്ചിരുന്നതാണ് നമ്മൾ കുട്ടിക്കാലത്ത് കണ്ട ആ വയസ്സൻ രൂപം…

ചിലർക്ക് ചെറുപ്പത്തിലേ കണ്ണാടി നോക്കാൻ പോലും വിമുഖതയായിരിക്കും. സ്ത്രീകളാണ് കൂടുതലും അകാല വാർദ്ധക്യത്തിലേക്ക് വേഗത്തിൽ നടന്നു പോകുന്നത്. ഞങ്ങളുടെയൊക്കെ സമയത്തെ വിവാഹപ്രായം പരമാവധി ഇരുപതായിരുന്നു. അതിൽ മുസ്ലിം പെൺകുട്ടികൾ പതിനാറുതൊട്ടും അതിന് മുമ്പും വിവാഹിതരായിരുന്നു. ഇന്നത് 25 – 30വരെയൊക്കെ എത്തിയിരിക്കുന്നു , വിവാഹമേ വേണ്ടെന്ന് തീരുമാനിക്കാൻ കഴിയുന്നു എന്ന സ്വാഗതാർഹമായ മാറ്റമൊക്കെ വന്നിരിക്കുന്നു. എന്നാലും വിവാഹം കഴിഞ്ഞ് നാലഞ്ച് വർഷത്തിനുള്ളിൽ തന്നെ സന്തോഷത്തിൻ്റെ തീവ്രത കുറഞ്ഞു വരുന്നതായിട്ടും ഫോക്കസ് കുട്ടികളിലേക്കും ജോലിയിലേക്കും കുടുംബത്തിലേക്കും തിരിയുന്നതായിട്ടുമാണ് കാണുന്നത്.

നേരത്തേതന്നെ തുടങ്ങുന്നതും ദീർഘവുമായ വൈവാഹിക ജീവിതത്തിൻ്റെ പിരിമുറുക്കങ്ങളും ദുരിതങ്ങളും സ്ത്രീകളെ വേഗത്തിൽ മടുപ്പിൻ്റെതായ നിസ്സംഗാവസ്ഥയിലേക്കെത്തിക്കുന്നു.
വിവാഹത്തോടെ സ്വന്തം പരിസരങ്ങളിൽ നിന്ന് പറിച്ചു നടുന്നതോടെത്തന്നെ സ്ത്രീകൾ മുരടിക്കാൻ തുടങ്ങുന്നു. തുടർന്ന് പുതിയ അന്തരീക്ഷത്തിൽ വളർന്നുവരാനുള്ള വെള്ളവും വളവും പാരമ്പര്യവും മാമൂലും , അടക്കവും ഒതുക്കവും പറഞ്ഞ് അവൾക്ക് നിഷേധിക്കുന്നതോടെ മുരടിപ്പ് പൂർണ്ണമാകുകയാണ്.
കുട്ടികളുണ്ടായിക്കഴിഞ്ഞാൽ കുറേ കാലത്തേക്ക് മുമ്പോട്ട് പായുന്ന കുതിരയേപ്പോലെ നിർത്താതെയുള്ള ഓട്ടമാണ്. വരുമാനം കുറഞ്ഞ ജോലിയുള്ള സ്ത്രീയാണെങ്കിൽ പിന്നെ ശ്വാസംവിടാൻ പോലും സമയം കാണില്ല. ഇതിനിടയിൽ എന്തെങ്കിലും വിനോദത്തിന് അവസരം കിട്ടിയാൽപ്പോലും ശരിക്കൊന്നാസ്വദിക്കാൻ കഴിയാതെ ഭാവിയെക്കുറിച്ചുള്ള ആശങ്കാഭാരത്തോടെ ജീവിതം തള്ളി നീക്കപ്പെടുന്നു.

ഇനി എവിടെയെങ്കിലും കുടുംബത്തോടൊപ്പം വിനോദയാത്ര പോകുകയാണെങ്കിൽ,ഭാര്യ അതിരാവിലെ എഴുന്നേറ്റ് എല്ലാവർക്കും ഭക്ഷണപ്പൊതി കെട്ടി ചുക്കുവെള്ളം വരെ കുപ്പിയിലാക്കി , എല്ലാവർക്കുമുള്ള ഡ്രസ്സ് നേരത്തേ കഴുകി റെഡിയാക്കി, തിരിച്ചു വന്നാൽ കുട്ടികളെ സ്കൂളിൽ വിടാനുള്ളതും ഒരുക്കി ഹോം വർക്കും ചെയ്യിപ്പിച്ച് വയ്ക്കണം . എല്ലാം തീർത്ത് ശരിക്കൊന്നുറങ്ങാൻ പോലും കഴിയാതെ അതി കഠിനമായ ക്ഷീണത്തോടെ യാത്രക്ക് വരുന്ന ഭാര്യയോട് “കാശ് മുടക്കി എവിടേലും കൊണ്ടോകാമെന്ന് വച്ചാൽ ഇഴഞ്ഞ് വലിഞ്ഞ്… ഇതിനെയൊക്കെ കൊണ്ടുവന്ന എന്നെ വേണം തല്ലാൻ ” എന്ന ശാപവാക്കും കേൾക്കണം… വീണ്ടും ഇതാവർത്തിക്കുമ്പോൾ “നിങ്ങള് പോയ്ക്കോ ഞാനില്ല” എന്നവൾ പറയും!..

ഈയിടെ ഒരു സുഹൃത്ത് പറഞ്ഞത്.
“ഓഫീസിൽ നിന്ന് ടൂറു പോകാൻ ഉത്സാഹിക്കുന്നത് പെണ്ണുങ്ങളാണ്. എന്നാൽ എവിടെയെങ്കിലും പോയാൽ ഒരെണ്ണത്തിനും നടക്കാനും മലകേറാനും ഒന്നും വയ്യ, മുട്ടുവേദന,കാലുവേദm എന്നും പറഞ്ഞ് പാതിവഴിയിൽ നിൽക്കും. എല്ലാത്തിനും കിളവി വൈബാണ്” എന്നാണ് . ശരിയാണ്. ജോലിയുള്ള സ്ത്രീകൾ പോലും ആരോഗ്യം നന്നാക്കി വെക്കാൻ ശ്രദ്ധിക്കാറില്ല. അവരറിയാതെ അവർ വാർദ്ധക്യത്തെ സ്വീകരിക്കാനൊരുങ്ങുകയാണ്.
റിട്ടയറായിക്കഴിഞ്ഞാൽ പിന്നെ അതിലേക്കൊരു എടുത്തു ചാട്ടമാണ്….

കുട്ടികളുടെ വിവാഹം കഴിയുന്നതോടെ വിശ്രമിക്കാം എന്നു ചിന്തിക്കുമ്പോഴേക്കും അടുത്ത ഘട്ടം തുടങ്ങുകയായി.അവരുടെ പ്രസവങ്ങൾ, പേരക്കുട്ടികളെ നോക്കൽ തുടങ്ങി പുതിയ ഉത്തരവാദിത്തങ്ങൾ. അന്യ നാടുകളിൽ പോയി മക്കളുടെ പ്രസവമെടുക്കൽ, കുട്ടികളെ നോക്കൽ എല്ലാം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ആരോഗ്യവും നശിച്ച്, സാമ്പത്തികാവസ്ഥയും ശോഷിച്ച് ചികിത്സിക്കാൻ പണമില്ലാതെ, ശുശ്രൂഷിക്കാൻ ആളില്ലാതെ നരകിക്കേണ്ടി വരുന്നു. 60 വയസ്സിന് മുമ്പു തന്നെ ഈയവസ്ഥയിലെത്തിയ ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട്. RCC യിൽ പോയാൽ രോഗികളായി കൂടുതലും സ്ത്രീകളെയാണ് കാണാറുള്ളത്. ഹൗസ് വൈഫെന്ന ഓമനപ്പേരിട്ട് “നിനക്കെന്താ വീട്ടിൽ പണി ” എന്ന് ചോദിക്കുന്ന മില്ല്യൺ ഡോളർ ചോദ്യത്തിൻ്റെ ഉത്തരമാണ് മേലെ പറഞ്ഞത്. പണവും പദവിയും ജോലിക്കാരും ഒക്കെയുള്ളവരുടെ കാര്യമല്ല. അവരിൽ ചിലരും സ്ത്രീയെന്ന നിലയിൽ ജീവിതത്തിൽ പല സമ്മർദ്ദങ്ങളും അനുഭവിക്കുന്നുമുണ്ട്.

ഇനി സാധാരണ മലയാളി പുരുഷന്മാരുടെ
കാര്യമെടുത്താൽ അവരിൽ പലരും കുടുംബ
ജീവിതം മുമ്പോട്ട് കൊണ്ടു പോകാൻ കഠിനമായി അദ്ധ്വാനിക്കുന്നവരാണ്. അതിനിടയിൽ റൊമാൻ്റിക്കാകാൻ എവിടെ സമയം? പലപ്പോഴും അവരുടെ റിലാക്സേഷൻ കൂട്ടുകാരാണ്.
സ്ത്രീകളെ അപേക്ഷിച്ച്, ജോലിക്ക് ശേഷമുള്ള സൗഹൃദക്കൂട്ടങ്ങൾ പുരുഷന്മാർക്കു കൂടുതലുണ്ടാകും.
ഒരു ദിവസമെങ്കിലും ഭാര്യക്ക് അടുക്കളയിൽ
നിന്നൊരു മോചനം കൊടുക്കണമെന്ന് അവർക്ക് തോന്നുകയേയില്ല. തോന്നിയാലും തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം പറഞ്ഞുള്ള ഒരു യാത്ര. പിന്നീട് ചിലവായിപ്പോയ പണത്തെക്കുറിച്ചുള്ള സംസാരം, വഴക്ക്… പതിയെ അവർ കുടുംബത്തെ പങ്കെടുപ്പിക്കുന്ന പരിപാടികളിൽനിന്ന് അകന്നു നിൽക്കുകയും, ചിലപ്പോൾ മദ്യത്തിനും മറ്റും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നു. ചിലർക്കാകട്ടെ അദ്ധ്വാനിക്കുന്ന പണം എത്ര തന്നെ കുടുംബത്തിന് വേണ്ടി ചിലവാക്കിയാലും പരാതി തീരാത്ത അവസ്ഥയുണ്ടാകും. വീണ്ടും വീണ്ടും കഠിനമായദ്ധ്വാനിക്കാൻ അവർ നിർബന്ധിതരാകുന്നു. ചില കൂട്ടുകുടുംബങ്ങളിലെ പുരുഷന്മാർക്ക് കെട്ടിച്ചയച്ച സഹോദരിമാർക്ക് മാമൂൽ നടത്തി സ്വന്തം കുടുംബം നോക്കാൻ പണം തികയാതെ വരുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. പതിയെ മദ്യപാനമോ വിരക്തിയോ അവരെ പിടികൂടുകയും അകാലവാർദ്ധക്യത്തിലേക്ക് തെന്നിവീഴുകയും ചെയ്യുന്നു. അതിനിടയിൽ ശാരീരികമായി വരുന്ന വാർദ്ധക്യത്തിലേക്കുള്ള മാറ്റങ്ങൾ ശ്രദ്ധിക്കാത്തവരാണ് കൂടുതലും.

ഉള്ളത് കൊണ്ട് മാനസികോല്ലാസത്തോടെ ജീവിക്കുന്നവർ വളരെ കുറഞ്ഞ ശതമാനം മാത്രമാണ്. അതിന് കാരണം കുടുംബമെന്ന സ്ഥാപനത്തിന് നൽകുന്ന പ്രാധാന്യം നാം സംതൃപ്തിയോടെയുള്ള കുടുംബ ജീവിതത്തിന് നൽകുന്നില്ല എന്നതാണ്. വീട്ടകങ്ങളിൽ കുഞ്ഞുങ്ങളുടെ മുമ്പിൽ അടിയും പിടിയുമായി ജീവിച്ചാലും അതേ പോലെ തന്നെ ആ കുടുംബം നിലനിർത്താനാണ് ശ്രമിക്കുന്നത്… ഇതിനിടയിൽ നിരാശ ബാധിച്ചും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായും അല്ലാതെയും ജീവിതം മടുത്ത ചില പുരുഷന്മാർ സംശയരോഗികളായി ഭാര്യമാരെ വെട്ടിയും തീക്കൊളുത്തിയും കൊല്ലുകയും ചെയ്യുന്നു.

കുടുംബജീവിതം പരസ്പരം ബഹുമാനിച്ച്, പൊരുത്തത്തോടെ യോജിച്ച് മനോഹരമായി കൊണ്ടുപോകാൻ മിക്കവാറും മനുഷ്യർക്ക് പല കാരണങ്ങൾ കൊണ്ട് കഴിയാറില്ല. ഒരു പ്രായം കഴിഞ്ഞാൽ എത്രയൊക്കെ ആവേശമുണർത്തുന്ന വിനോദസദസ്സായാലും ശരീരമൊന്നിളക്കാനോ
ഒരു നൃത്തച്ചുവട് വയ്ക്കാനോ കഴിയാതെ നമ്മൾ മസിലുപിടിക്കും. വടക്കെ ഇന്ത്യക്കാരും തമിഴരുമൊക്കെ അങ്ങിനെയുള്ള അവസരങ്ങളിൽ ആൺ,പെൺ, പ്രായ ഭേദങ്ങളില്ലാതെ നൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ട് .ഈയടുത്ത് സോഷ്യൽ മീഡിയയിൽ, നൃത്താദ്ധ്യാപകനായിരുന്ന അച്ഛൻ മകളുടെ വിവാഹവേദിയിൽ നൃത്തമാടുന്നത് ഒരു മനോഹരമായ കാഴ്ചയായിരുന്നു. പക്ഷെ അതിനടിയിലും അവിടെ അത് വേണ്ടായിരുന്നു
എന്ന കമൻ്റുകൾ കാണാൻ കഴിഞ്ഞു.

എന്തു വേഗത്തിലാണ് നമ്മൾ വാർദ്ധക്യത്തെ സ്വീകരിക്കുന്നത്! കുട്ടികൾ മുതിരുമ്പോൾ, അച്ഛനേയും മകനേയും തമ്മിൽ, അമ്മയേയും മകളേയും തമ്മിൽ കണ്ടാൽ തിരിച്ചറിയുന്നില്ല എന്ന് കേൾക്കുന്നത് സന്തോഷമാണെങ്കിലും, കുറേ കേട്ടുകഴിയുമ്പോൾ നമ്മൾ വസ്ത്രവിതാനത്തിലും മറ്റും മാറ്റം വേണമെന്ന് ചിന്തിക്കുവാൻ തുടങ്ങുകയായി. മോളുടെ കല്യാണത്തിന് അമ്മയ്ക്ക് ജാഡയാണെന്ന് മരുമകൻ്റെ വീട്ടുകാരും ജനവും കരുതേണ്ടെന്ന് കരുതി വസ്ത്രങ്ങൾക്കും, മേക്കപ്പിനും എല്ലാം ഇത്തിരി നിറം കുറയ്ക്കുന്നവരെ കണ്ടിട്ടുണ്ട്.
“നിൻ്റെ അമ്മയ്ക്ക് വയസ്സായീന്നുള്ള വിചാരമുണ്ടോ” എന്നു ചോദിക്കുന്ന ചെറുപ്പക്കാർ ഇന്നുമുണ്ട്.
ഇതു കേട്ട് ഇഷ്ടമില്ലെങ്കിലും നിർബന്ധിതരായി
വേഷം കെട്ടേണ്ടി വരുന്നവരുമുണ്ട്.

ഒരു തമാശയുണ്ട്നാ-ലപത് കഴിഞ്ഞ ഭർത്താക്കന്മാരുടെ പ്രണയം ഭാര്യമാർ കണ്ടു പിടിയ്ക്കുന്നത് അത്രയും കാലം അലസമായി നടന്നയാൾ പെട്ടെന്ന് ജിമ്മിൽ പോകാനും, മുടി കറുപ്പിക്കാനും സൗന്ദര്യം സംരക്ഷിക്കാനും തുടങ്ങുമ്പോഴാണ്. തമാശയാണെങ്കിലും മലയാളി പുരുഷൻ്റെ അലസസ്വഭാവം വച്ച് ശരിയായിരിക്കാം.
ഇനി ഭാവിയെക്കുറിച്ച് ശരിയായ വീക്ഷണവും ലക്ഷ്യവുമില്ലാത്ത, വിവാഹം കഴിക്കാത്ത പുരുഷൻ്റെ ജീവിതവും നാല്പതുകളിലേ അകാല വാർദ്ധക്യത്തിൻ്റെ പിടിയിലാവുന്നുണ്ട്.

അമ്പതു വയസ്സാകുമ്പോഴേക്കും ഒരുമിച്ച് ഒരു മുറിയിൽ കിടക്കുന്നത് തന്നെ മോശമാണെന്നും, ഒരു മുറിയിലാണെങ്കിൽ തന്നെ, പേരക്കുട്ടികളോടൊപ്പം വാതിലൊന്നുമടയ്ക്കാതെ, പെരുവഴിയിൽ കിടക്കുമ്പോലെ വേണമെന്നും കരുതുന്നവരുണ്ട്. ഒരിക്കൽ നാട്ടിൽ നിന്നും എൻ്റെ അർദ്ധസഹോദരിയും ഭർത്താവും മക്കളും വന്നു. ഞങ്ങൾ ഒരുമിച്ച് പഠിച്ചവരാണ്. എല്ലാവരും പുറത്തുപോവാൻ ഇറങ്ങിയപ്പോൾ അവൾക്കും ഭർത്താവിനും വയ്യ എന്നൊക്കെപ്പറഞ്ഞ് ഒരു താൽപ്പര്യമില്ലായ്മ. അവരോട് വിശ്രമിക്കാൻ പറഞ്ഞ് ഞങ്ങൾ പോയി. പിറ്റേന്ന് അവളെന്നോട് പറഞ്ഞത് ‘പത്തിരുപത് വർഷമായി ഞങ്ങൾ ഇതു പോലൊന്ന് ഒറ്റക്കിരുന്നിട്ട് , എന്തൊരു ആശ്വാസമായിരുന്നെന്നോ’ എന്നാണ്! വിവാഹം കഴിഞ്ഞ നാൾതൊട്ട് ഭർത്താവ് ഗൾഫിലാണ്. ലീവിന് വന്നാൽ എപ്പോഴും മക്കളും ആളും ആരവവുമായിരിക്കും.എവിടെയെങ്കിലും പോകുന്നതും പരിവാരസമേതമായിരിക്കും.എനിക്കത് കേട്ട് വല്ലാത്ത വിഷമം തോന്നി.ആലോചിച്ചപ്പോൾ ഗൾഫുകാരുടെ നാട്ടിലെ ജീവിതം മിക്കവാറും ഇതുപോലെയാണ്.ആഘോഷങ്ങളെല്ലാം കൂട്ടം കൂടിയാണ്. മുസ്ലീം സ്ത്രീകൾക്ക് പർദ്ദ അകാലവാർദ്ധക്യം ബാധിച്ച അവരുടെ ശരീരം ഒളിച്ചുവയ്ക്കാനുള്ള ഒരിടം കൂടിയാണെന്ന് തോന്നിയിട്ടുണ്ട്…

കുട്ടികളുടെ വിവാഹമൊക്കെ കഴിഞ്ഞാൽ
“ഈ പ്രായത്തിൽ നിങ്ങൾക്കിതെന്തിൻ്റെ കേടാ”
എന്നാണ് സെക്സിനെക്കുറിച്ച് സ്ത്രീകൾ പറയുന്നതെന്ന് പല പുരുഷന്മാരും പരാതി പറഞ്ഞു കേട്ടിട്ടുണ്ട്. സ്ത്രീകൾക്ക് പുരുഷന്മാരോട് ആ പ്രായത്തിൽ അങ്ങിനെ ഒരാഗ്രഹം ആവശ്യപ്പെടാൻ തന്നെ മടിയാണ്. അതുകൊണ്ടാണ് തിരിച്ചൊരു പരാതിക്കുള്ള അവസരം പോലുമില്ലാത്തത്.നമ്മളെ സംബന്ധിച്ച് പ്രണയം പ്രായ ബന്ധിതമാണ്. ഒരു പ്രായം കഴിഞ്ഞാൽ ഇണകൾ ഒരുമിച്ച് നടക്കാനോ കിടക്കാനോ പാടില്ലെന്നാണ് അലിഖിതനിയമം. ശാരീരികമായ ഈ വേർപെടൽ മാനസികമായ അകലവും കൂട്ടുന്നു.

നമ്മുടെ വ്യവസ്ഥിതിയിൽ പ്രായമാകുമ്പോഴേക്കും പുരുഷൻ വീട്ടുകാവൽക്കാരനേപ്പോലെയും സ്ത്രീ വീട്ടു ജോലിക്കാരിയേപ്പോലെയും ഓരോരോ മൂലയിലേക്ക് ചുരുങ്ങുന്നു. ഒരു പ്രായം കഴിഞ്ഞാൽ സ്വയം തീരുമാനമെടുക്കാൻ സ്വാതന്ത്ര്യം ഇല്ലാത്തവരുമുണ്ട്. പലപ്പോഴും ഇണകളിൽ
ഒരാളുടെ വേർപാട്, ഒന്നു മിണ്ടാൻ പോലും
ആരുമില്ലാതെ മറ്റെയാളുടെ ജീവിതം ദുരിത പൂർണ്ണമാക്കുന്നു …
“വയസ്സുകാലത്ത് അവിടെ എവിടേലും അടങ്ങിയിരുന്നൂടെ വെറുതേ മനുഷ്യന് പണിയുണ്ടാക്കാൻ,എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ പോരെ ” എന്ന മക്കളുടെ മുറുമുറുപ്പ് കേൾക്കണം. ഏകാന്തമായി ഒന്നു തീർന്നു കിട്ടിയാൽ മതിയെന്നവർ സ്വയം ശപിച്ചു കഴിയേണ്ടി വരുന്നു.

പ്രായമാകുമ്പോഴുള്ള മറ്റൊരു കീറാമുട്ടി മക്കൾ തമ്മിലുള്ള സ്വത്തു തർക്കമാണ്. എത്ര ഐക്യത്തിലിരുന്ന സഹോദരങ്ങളായാലും പരസ്പരം ശത്രുക്കളാകുന്നത് സ്വത്തു തർക്കത്തിലാണ്.അതിൽ ബലിയാടാവേണ്ടി വരുന്നത് മാതാപിതാക്കളും! അവസാനം പെരുവഴിയിലേക്കിറങ്ങേണ്ടിവന്ന ഒരുപാട് മാതാപിതാക്കളെ അറിയാം.

വടക്കേ ഇന്ത്യയിൽ ,അറുപത് കഴിഞ്ഞ സ്ത്രീകൾ പോലും ലിപ്സ്റ്റിക്കൊക്കെയിട്ട് നന്നായി ഒരുങ്ങി നടക്കുന്നത് കണ്ടിട്ടുണ്ട്. അവിടെ തെരുവിൽ വിൽപ്പന നടത്തുന്ന സ്ത്രീകൾ വരെ സൗന്ദര്യത്തിലും ആരോഗ്യത്തിലും ശ്രദ്ധ പുലർത്തുന്നവരാണ്. അതു മാത്രമല്ല അവർ പുറംലോകവുമായി നന്നായി ബന്ധം പുലർത്തുന്നവരുമാണ്. അവിടെ സാധാരണക്കാരായ പുരുഷന്മാരാണ് സ്ത്രീകളെ അപേക്ഷിച്ച് അകാല വാർദ്ധക്യത്തിലേക്ക് പോകുന്നത്.

നാട്ടിലെ സ്ത്രീകളിൽ പലരും ഒരു പ്രായം കഴിഞ്ഞാൽ എന്തെങ്കിലും വഴിയുണ്ടെങ്കിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സീരിയലും കണ്ടിരിക്കുന്നവരാണ്. OTT പ്ലാറ്റ്ഫോമുകൾ വന്നതോടെ ഇടയ്ക്കൊന്ന് സിനിമ കാണാനുള്ള പോക്കു പോലും വീട്ടമ്മമാരായ സ്ത്രീകൾക്ക് ഇല്ലാതായിരിക്കുന്നു. പുറംപണികൾ ചെയ്യുന്ന സ്ത്രീകൾക്കും നാല്ലത് വയസ്സിലേ അറുപതിൻ്റെ ലുക്കാണ്. പുരുഷന്മാരിൽ നിന്നു വ്യത്യസ്തമായി സ്ത്രീകൾ സമൂഹത്തിലും സോഷ്യൽ മീഡിയയിലും ഇരുപത്തഞ്ചും മുപ്പതും വയസ്സാവുമ്പോഴേക്കും അമ്മായി, അമ്മച്ചി, തള്ള,കിളവി തുടങ്ങിയ വിളികൾ കേൾക്കേണ്ടി വരുന്നവരാണ്. കുറച്ചു പ്രായമായാൽ ബ്യൂട്ടി പാർലറിൽ പോകുന്നത് പോലും ഗോപ്യമാക്കി വെക്കുന്നവരുണ്ട്.

സുഖമല്ലെ എന്ന് ചോദിച്ചാൽ സുഖമാണെന്ന് പറയാതെ ‘അങ്ങിനെ പോകുന്നു’ എന്ന് പറയുന്ന മലയാളിയെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. അതുപോലെ തന്നെയാണ് ഇവിടെ ചെറുപ്പത്തിൽ ചുറുചുറുക്കോടെ ഓടി നടന്നവർ,അറുപത് വയസ്സു കഴിയുമ്പോഴേക്കും “കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന എനിക്കിനി എന്ത് ജീവിതം”
എന്ന് പറയുന്നത്. ഒരു കാരണവുമില്ലെങ്കിലും ഇതുപോലെ നെഗറ്റീവ് വൈബ് തരാൻ മലയാളിയെ കഴിഞ്ഞേ മറ്റാരുമുള്ളൂ. പുതു തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ ചെറുപ്പത്തിലേ ഒരു “തന്ത വൈബ്” ,
“അമ്മാവൻ വൈബ്” നമ്മളുടെ കൂടെ വളരുന്നുണ്ട്.
പണം , പദവി എല്ലാം ഒരളവുവരെ അകാല വാർദ്ധക്യത്തെ ചെറുക്കുന്നുണ്ടെങ്കിലും,വാർദ്ധക്യത്തിലെ നിസ്സഹായവസ്ഥയേയും, ഏകാന്തതയേയും ചെറുക്കാൻ ചിലപ്പോൾ പണത്തിനുമാവില്ല.

അമിതാഭ് ബച്ചനേയും, രേഖയേയും ഒന്നും നമ്മൾക്ക് കിളവൻ, കിളവി എന്ന് അംഗീകരിക്കാനാവില്ല. കാരണം അവർക്ക് പണമുണ്ട്, പദവിയുണ്ട്
അത്കൊണ്ട് അവർ വാർദ്ധക്യത്തെ ഇപ്പോഴും സ്വീകരിച്ചിട്ടില്ല. പണവും പദവിയുമില്ലാത്ത സ്ഥിരോത്സാഹികളായ നാട്ടിൻപുറത്തുകാരായ ചില അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഇതുപോലെയുണ്ട്. അകാല വാർദ്ധക്യം പോയിട്ട് വാർദ്ധക്യം പോലും അവരെക്കണ്ടാൽ തിരിഞ്ഞു നടക്കും. എൺപതുകളിലും ഓടിച്ചാടി നടക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്ന മനുഷ്യരെ കാണുന്നത് എനിക്കെപ്പോഴും സന്തോഷമുള്ള കാര്യമാണ്. വല്ലാത്തൊരു സ്നേഹം അവരോട് തോന്നാറുണ്ട്. എന്തായാലും വാർദ്ധക്യം എങ്ങിനെ ശാരീരികമായും മാനസികമായും മനോഹരമാക്കാം, നരകിച്ച് മരിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാം എന്ന് അകാലവാർദ്ധക്യം ബാധിക്കുന്നതിന് മുമ്പേ തന്നെ മലയാളി ചിന്തിക്കേണ്ടിയിരിക്കുന്നു. വാർദ്ധക്യം വരുമ്പോൾ വന്നോട്ടെ, നമ്മളതിനെ കാത്തിരുന്ന് വിളിച്ചു വരുത്തേണ്ടതില്ലല്ലൊ. എത്രയും വൈകി വന്നാൽ അത്രയും നല്ലത്.

ഏറ്റവും പുതിയ തലമുറ ഒരുമിച്ചുള്ള ജീവിതവും (ലിവിംഗ് റ്റുഗതർ)വിവാഹവുമെല്ലാം വളരെയധികം ആഘോഷിക്കുന്നുണ്ട്. അതേ വേഗത്തിൽത്തന്നെ വേർപിരിയലും വിവാഹമോചനവും നടക്കുന്നുമുണ്ട്. സ്വകാര്യ കോർപ്പറേറ്റ് ജോലിയുടെ സമ്മർദ്ദവും, പെരുമാറ്റ വൈകല്യവും (പെരുമാറ്റ വൈകല്യം ചികിത്സ ആവശ്യമുള്ള ഒരു രോഗമായി ഇപ്പോൾ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. അത് പല കുടുംബ പ്രശ്നങ്ങളുടേയും മൂല കാരണമാകാറുണ്ട്) മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ഉപയോഗവും ഇതിന് വഴിയൊരുക്കുന്നുണ്ട്.സിംഗിൾ മദറും, ഫാദറും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കാലം പോകെ ജീവിതം മറ്റൊരു ഘട്ടത്തിലേക്കു കടക്കുമ്പോൾ കുഞ്ഞുങ്ങളെ വേണ്ടവിധത്തിൽ പരിപാലിക്കണമെങ്കിൽ സ്വന്തം മാതാപിതാക്കളുടെ ആവശ്യം വേണ്ടി വരുന്നു. വിവാഹിതരായിട്ടോ അല്ലാതെയോ ഒരുമിച്ചുഉള ജീവിതം, പ്രസവം, ശിശുപരിപാലനം, കുടുംബം , ജോലി, വൃദ്ധജന പരിപാലനം സാമൂഹിക ബന്ധങ്ങൾ, രാഷ്ട്രീയം എന്നിവയെല്ലാം സമന്വയിപ്പിച്ചു കൊണ്ട് മനോഹരമായി ജീവിക്കാൻ ശരിയായ ശാസ്ത്രീയമായ കൗൺസിലിംഗ് ചെറുപ്പക്കാർക്ക് കിട്ടേണ്ടതുണ്ട്. സോഷ്യൽ മീഡിയയിൽ നിന്ന് ഇതിനെയൊക്കെക്കുറിച്ച് അവിയൽ പരുവമായി കിട്ടുന്ന അറിവു വച്ച് ജീവിതം തുടങ്ങിയാൽ ഈ തലമുറയും അകാലവാർദ്ധക്യത്തിലേക്ക് മുൻഗാമികളേക്കാൾ മുമ്പേ നടന്നു കയറും.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like