അഞ്ച്
‘നിങ്ങളും കൂടി ഇതു താങ്ങണം. എനിക്ക് തനിയെ കഴിയില്ല.’
താൻ തന്നെയാണോ അത് പറഞ്ഞതെന്ന് രാജൻ അതിശയിച്ചു. തന്റെയുള്ളിൽ രോഷം പ്രകടിപ്പിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടായിരുന്നെന്നോ!
സ്റ്റെല്ലയും ഗിരിയും ഹേമയും നടത്തം നിർത്തി രാജനെ മിഴിച്ചു നോക്കി.
ഗിരി രാജന്റെ അടുത്തേക്ക് നടന്നു ചെന്നു.
‘തനിയെ കഴിയില്ലെങ്കിൽ പ്രൊഫസറോട് പറയാൻ മേലാരുന്നോ? എത്ര ദൂരം നടന്നു കഴിഞ്ഞു, ഇനി എന്ത് ചെയ്യാനാണ്? നീ തനിച്ചെടുക്കും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ വന്നത്. കാടു കാണുക എന്ന ഒറ്റ ഉദ്ദേശമേ ഞങ്ങൾക്കുള്ളൂ എന്റെ പൊന്നു ചങ്ങായീ.’
ഒരു നിമിഷം നാലുപേരും നിശ്ശബ്ദരായി നിന്നു.
‘പ്രയാസമാണെങ്കിൽ ഇപ്പോൾ പറയണം രാജാ. നമുക്ക് തിരികെ പോകാം.’ ഹേമ പറഞ്ഞു.
സ്റ്റെല്ല നിരാശയോടെ രാജനെ നോക്കി. രാജൻ ഒന്നും മിണ്ടാതെ കെട്ട് വീണ്ടും ചുമലിലേറ്റാൻ തുടങ്ങി. ഗിരി തടഞ്ഞു.
‘വേണ്ട രാജാ ഞാനും കൂടാം.’
അവർ മൂവരും കൂടി കെട്ടു പരിശോധിച്ചു.
‘ഭാരം പങ്കിടാൻ ആകുമെന്ന് തോന്നുന്നില്ല.’ സ്റ്റെല്ല പറഞ്ഞു. ‘ആകെ ഈ ഒറ്റച്ചാക്കേയുള്ളൂ. എല്ലാവരും കൂടി എടുക്കുന്നത് സ്ട്രെയിനാണ്.’
രാജൻ കെട്ട് എടുത്തു ചുമലിൽ വച്ചു. അവന് ഉള്ളിൽ ഒരു സംതൃപ്തി തോന്നി. ഒരു ഉന്മേഷം ഉള്ളിലാകെ പടർന്ന പോലെ. ആദ്യമായി ഒന്ന് ഒച്ച ഉയർത്തിയിരിക്കുന്നു. മറ്റുള്ളവർക്ക് തുല്യൻ ആണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇനി തന്നെ ചെറുതാക്കാൻ നോക്കുന്ന ഓരോരുത്തരോടും ശബ്ദമുയർത്തും. എന്തുകൊണ്ട് പാടില്ല! ഇപ്പോൾ ഈ ഭാരമുയർത്തി താൻ നടക്കുന്നതിന്റെ അർത്ഥം വേറൊന്നാണ്: ഞാൻ നിങ്ങളെക്കാൾ കരുത്തനാണ്. എനിക്ക് എത്ര ഭാരം വേണമെങ്കിലും ഉയർത്താൻ കഴിയും. നിങ്ങൾക്കാവില്ല. നിങ്ങൾക്ക് ഇതുപോലുള്ള സാഹചര്യങ്ങളിൽ എന്നെ ആശ്രയിക്കേണ്ടിയിരിക്കുന്നു .
രാജൻ ഉത്സാഹത്തോടെ ചാക്കുമെടുത്തു നടന്നു.

കാട് ആരംഭിച്ചു. അതിനെ ഭേദിച്ചു പോകുന്ന വിസ്തൃതമായ നടപ്പാതയിൽ നാലുപേരും പ്രവേശിച്ചു. കുറച്ചുമുമ്പ് എപ്പോഴോ മഴ പെയ്തു കാണണം. മരക്കൊമ്പുകളിൽ നിന്ന് ജലത്തുള്ളികൾ ഇടയ്ക്കിടയ്ക്ക് താഴേക്ക് വീണുകൊണ്ടിരുന്നു. ഗാഢമായ നിശ്ശബ്ദതയുടെപശ്ചാത്തലത്തിൽ ചെറുതും വലുതുമായ എന്തുമാത്രം ശബ്ദങ്ങളാണ് കാട്ടിൽ നിറഞ്ഞിരിക്കുന്നത് !
രാജന്റെ മനസ്സ് അഗാധമായ ഒരു ശാന്തതയിൽ പെട്ടു. ചുമലിൽ ഇരിക്കുന്ന ഭാരം തീരെ അനുഭവപ്പെടാത്തതു പോലെ. ഏറെക്കാലത്തെ പ്രവാസത്തിനു ശേഷം വീട്ടിൽ എത്തിയ അനുഭൂതി.
‘ഏയ് രാജാ.’ സ്റ്റെല്ല പിന്നിൽ നിന്ന് ഉറക്കെ വിളിച്ചു. രാജൻ തിരിഞ്ഞു നിന്നു.
‘ഒന്നു തിരികെ വരാമോ?’
സ്റ്റെല്ല ചോദിച്ചു.
സ്റ്റെല്ലയും ഹേമയുമായി എന്തോ തർക്കം നടക്കുന്ന ലക്ഷണമുണ്ട്. ഗിരി പക്ഷം പിടിക്കാതെ അകലെ മാറി നിൽക്കുന്നു. രാജൻ അടുത്തുചെന്നു.
‘രാജാ ആ കെട്ട് താഴെവച്ച് അതങ്ങ് അഴിച്ചേ.’
ഹേമ പറഞ്ഞു.
‘ ഇവിടെ കാണുന്ന മരത്തിന്റെ കമ്പുകൾ വെട്ടിയാൽ മതി, ഇനി കൂടുതൽ മുന്നോട്ടു പോകണ്ട.’
‘ഇവിടെങ്ങും വെട്ടാൻ പറ്റിയ മരമില്ല. എല്ലാം നല്ല ഉയരമുള്ളതാ.’ രാജൻ പറഞ്ഞു.
‘എടീ,’ സ്റ്റെല്ല ഹേമയെ വിളിച്ചു.
‘ഒരു പത്തു മിനിറ്റ് ഈ വഴിയിലൂടെ ഒന്ന് പോയി നോക്കാം. ഗിരിക്കും അങ്ങോട്ട് പോകണമെന്നുണ്ട്.’
ആഗ്രഹിക്കുന്ന വഴി സ്റ്റെല്ല ചൂണ്ടിക്കാട്ടി. രാജൻ അന്തിച്ചു പോയി. ഇത്ര മനോഹരമായ കാഴ്ച താൻ കാണാതെ പോയത് എന്തുകൊണ്ടാണ്!
തലയെടുപ്പുള്ള അസംഖ്യം മാവുകൾ നിരന്നു നിൽക്കുന്നു. മിക്കതിലും നിറയെ മാമ്പഴം. ‘ വരൂ, വരൂ,’ അവ രാജനെ വിളിച്ചു. വന്യമായി, അപ്രതിരോധ്യമായി. രാജൻ ആ വഴി പോകാൻ നിശ്ചയിച്ചു.
‘അങ്ങോട്ട് പോകാം.’ മാങ്കൂട്ടത്തിലേക്ക് നടന്നുകൊണ്ട് രാജൻ പറഞ്ഞു. മറ്റുള്ളവരും തർക്കം മറന്ന് രാജന്റെ പിന്നാലെ കൂടി .
‘ആഹ്!’ സ്റ്റെല്ല നിലവിളിച്ചു. ഒരു വലിയ മുള്ള് ചെരുപ്പിനിടയിലൂടെ അവളുടെ ഉപ്പൂറ്റിയിൽ തറഞ്ഞു കയറി. ഹേമ സ്റ്റെല്ലയെ പിടിച്ചു. മുള്ള് എടുത്തു കഴിഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് ഹേമ ചോദിച്ചു: ‘ ഇനിയും പോണോ നിനക്ക്?’
‘പോണം,’ നിശ്ചയദാർഢ്യത്തോടെ സ്റ്റെല്ല പറഞ്ഞു.
മാവുകൾക്കിടയിലൂടെ വഴി സൃഷ്ടിച്ച് രാജൻ മുന്നോട്ടു നടന്നു. മാമ്പഴം പെറുക്കിക്കൊണ്ട് മറ്റു മൂന്നുപേർ പിന്നിലും നടന്നു .എണ്ണമറ്റ മാവുകൾ! അവയിൽ മിക്കതിലും നിറയെ മാമ്പഴങ്ങൾ. വള്ളിച്ചെടികളെ വകഞ്ഞുമാറ്റി ഏതോ നിർവൃതിയിലെന്നവണ്ണം രാജൻ നടന്നു. മറ്റുള്ളവരും ആ വന്യശ്രീ വിലാസത്തിൻ്റെ മഹാസൗന്ദര്യത്തിൽ മുഗ്ദ്ധരായി രാജനെ പിന്തുടർന്നു. എങ്ങനെ പിന്തിരിഞ്ഞു നടന്ന് പ്രധാന പാതയിലെത്തുമെന്ന ചിന്തപോലും നഷ്ടപ്പെട്ട് മാങ്കൂട്ടത്തിൻ്റെ അവസാനം തേടി അവർ നടന്നു.
പെട്ടെന്നൊരിടി വെട്ടി. ദിക്കുകളെ വിറപ്പിക്കുമാറുള്ള ഒന്ന്. തുടർന്ന് ഒന്നുകൂടി. അതോടെ കാടാകെ ഇരുളാൻ തുടങ്ങി. നാലുപേരും ഒരുമിച്ച് ചേർന്നുനിന്നു. ഹേമയുടെ മുടിയുടെ ഗന്ധം രാജനു കിട്ടി. അവൻ അത് മൂക്കിലേക്ക് വലിച്ചു കയറ്റി. വളരെ കരുതലോടെ വന്ന ദിശയിലേക്ക് നാലുപേരും തിരികെ നടക്കാൻ തുടങ്ങി. അതോടെ മഴയും വീണു തുടങ്ങി. കാട്ടിലെ മഴ! ഇലകളിൽ ജലം വീഴുന്ന കാതടപ്പിക്കുന്ന ഒച്ച. ഒന്നും കാണാൻ കഴിയുന്നില്ല. മഴ മാത്രം. ഒരു മിന്നൽ വെളിച്ചം മരങ്ങൾക്കിടയിലൂടെ കടന്നു വന്നു. ഗുഹാമുഖം പോലെ എന്തോ ഒന്ന് അത് കാട്ടിത്തന്നു. അവിടെ കയറി നിന്ന് മഴയിൽ നിന്ന് രക്ഷ നേടാം. നാലുപേരും ജാഗ്രതയോടെ അങ്ങോട്ട് നീങ്ങി. സ്റ്റെല്ലയും ഹേമയും കൈകോർത്തു പിടിച്ചു. ഗിരി ഹേമയെ കരവലയത്തിൽ ഒതുക്കി. ആദ്യമായാണ് അവൻ അങ്ങനെ ചെയ്യുന്നത്. ഒട്ടും ആലോചിക്കാതെയും. എങ്കിലും ആർക്കും അത് അസ്വാഭാവികമായി തോന്നിയില്ല. വല്ലാത്തൊരു സൗന്ദര്യം മങ്ങിയ വെട്ടത്തിലെ ആ കാഴ്ചയ്ക്ക് ഉണ്ടായിരുന്നു. രാജനും അതുകണ്ട് പുഞ്ചിരി പൊഴിച്ചു.
‘ആകെ ഇരുണ്ടു വരുന്നു. കൈ കോർത്തു പിടിച്ചു നടന്നേ,’ ഗിരി നിർദ്ദേശിച്ചു. അവൻ രാജൻ്റെ കയ്യിൽ പിടിച്ചു.
‘എവിടെ നിന്നാണ് നമ്മൾ വന്നത്?,’ വലിയൊരു താത്വിക പ്രശ്‍നം പോലെ രാജൻ ചോദിച്ചു. അതിന് ആർക്കും വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല. ഇരുട്ട് അവരുടെ ദിശാബോധത്തെ പൂർണ്ണമായും മായ്ച്ചു കളഞ്ഞിരുന്നു. കാട് ആദിമവും അത്യഗാധവുമായ കാരുണ്യത്തോടെ തന്നെ ആലിംഗനം ചെയ്യുകയാണെന്ന തോന്നൽ രാജന് ആ സമയം ഉണ്ടായി.
‘നിൻ്റെ ഒരു യുക്തി വെച്ചു നീങ്ങിക്കോ രാജാ,’ ലോലമായ ശബ്ദത്തിൽ ഗിരി പറഞ്ഞു.
മൂന്നാമതൊരു ഇടി വെട്ടിയതും ഒരത്യാഹിതം സംഭവിച്ചു. കൈകോർത്തു പിടിച്ച് നാലു പേരും നടന്നുകൊണ്ടിരിക്കെ മുന്നിൽ നടന്ന രാജന് കാലിനടിയിൽ നിന്നും മണ്ണ് അപ്രത്യക്ഷമാവുന്ന അനുഭവം ഉണ്ടായി. ഒപ്പം മറ്റു മൂന്നുപേരുടെയും നിലവിളിയും കേട്ടു.
നേരെ താഴേക്കുള്ള വീഴ്ച. നാലുഭാഗത്തു നിന്നും പ്രഹരിക്കുന്നതു പോലെ മരച്ചില്ലകളുടെ താഢനം. അതിൽ രാജന് ബോധം പോയി. ശരീരത്തെ ചിതറിക്കുന്ന വിധത്തിൽ വീണ്ടുമൊരു ആഘാതം. ബോധം തിരികെ വന്നു. തറയിൽ കിടക്കുകയാണെന്ന് പതുക്കെ മനസ്സിലായി. ഒരു അലർച്ച കേട്ടു. ഗിരിയുടേതാമെന്നു തോന്നിയെങ്കിലും വീഴ്ചയുടെ പകപ്പിൽ രാജൻ അങ്ങനെ തന്നെ കിടന്നു.
മഴ ശമിച്ചു. വെട്ടം കാടിനുള്ളിലേക്ക് തിരികെ വന്നതോടെ രാജൻ എഴുന്നേറ്റിരുന്നു ചുറ്റും നോക്കി. ഹേമ ആദ്യം കണ്ണിൽപ്പെട്ടു. സ്റ്റെല്ലയെ പിടിച്ചുയർത്തുന്നു. അടുത്തുതന്നെ ഗിരിയും കിടക്കുന്നുണ്ട്. എവിടെനിന്നാണ് താഴേക്ക് വീണതെന്ന് രാജന് ഉറപ്പിക്കാൻ കഴിഞ്ഞില്ല. പല ഇടങ്ങളിൽ മണ്ണിടിഞ്ഞു കിടപ്പുണ്ട്. എഴുന്നേൽക്കാൻ കഴിയുന്നില്ല. കാലിന്റെ മുകളിൽ എന്തോ ഭാരം. നോക്കിയപ്പോൾ പ്രൊഫസർ തന്ന ചാക്കുകെട്ടാണ്. അതിനെ മാറ്റി എഴുന്നേറ്റു. മറ്റു മൂവരും എഴുന്നേറ്റു കഴിഞ്ഞു. ഗിരി അല്പം മുടന്തി ഹേമയുടെയും സ്റ്റെല്ലയുടെയും അടുത്തേക്ക് പോകുന്നു. രാജനും കൂട്ടുകാരുടെ അടുത്തേക്ക് നീങ്ങി. ദേഹമാകെ വലിയ നൊമ്പരം. കടുത്ത ക്ഷീണം. മുഖമാകെ മരച്ചില്ല കൊണ്ടു മുറിഞ്ഞ മുറിവുകൾ. ഒരുവിധം മറ്റുള്ളവരുടെ അടുത്ത് എത്തി രാജൻ ചാക്കുകെട്ട് താഴേക്കിട്ടു. പിന്നെ അതിന്റെ മുകളിലേക്ക് കിടന്നു.
ആറ്
തിരികെയുള്ള വഴിയെ ചൊല്ലി ഗിരിയും സ്റ്റെല്ലയും തമ്മിൽ തർക്കമായി. ഇടതു ദിശയാണ് തിരികെ പോകാനുള്ള എളുപ്പ വഴിയെന്നു ഗിരി പറഞ്ഞപ്പോൾ അത് അകലേക്ക് പോകുന്നതാണെന്ന് സ്റ്റെല്ല ആണയിട്ടു. ഹേമക്കും അതേ അഭിപ്രായമായിരുന്നു. രാജന് ദിശാബോധം എപ്പോഴേ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. എങ്ങോട്ട് വേണമെങ്കിലും പോകാം എന്ന ഭാവത്തിൽ ആയിരുന്നു അവൻ. കൂട്ടത്തിൽ പരിഭ്രമത്തിന്റെ കണിക പോലും മുഖത്ത് ഇല്ലാത്തതും രാജനായിരുന്നു. ഭാവിയെപ്പറ്റി രാജനു ചിന്തയില്ല. അതേസമയം അവന് കൂടെയുള്ളവരെ പറ്റി സങ്കടം തോന്നി. അവർ ആഗ്രഹങ്ങളും പ്രതീക്ഷകളും ഉള്ളവരാണ്. അവരെ കാത്ത് വീടുകളിൽ വേണ്ടപ്പെട്ടവർ ഉണ്ട്.
‘നിങ്ങൾ വേഗം തീരുമാനം എടുക്ക്. നമുക്ക് ഇരുട്ടുന്നതിനകം എങ്ങനേം തിരികെ എത്തണം.’
രാജൻ പറഞ്ഞു.
ഗിരി നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു നടന്നു. വേറെ വഴിയില്ലാത്തതിനാൽ മറ്റുള്ളവർ അവനെ പിന്തുടർന്നു. കുറെയേറെ നടന്നു കഴിഞ്ഞപ്പോൾ ഗിരിയുടെ മുഖത്തു നിസ്സഹായത വന്നു നിന്നു.
‘വഴി തെറ്റിയോ?’ അവൻ പരിഭ്രമത്തോടെ ചോദിച്ചു.
‘നീ ഒരുത്തനാ തെറ്റിച്ചത്.’ ഹേമ കുറ്റപ്പെടുത്തി.
‘നേരത്തെ ഒരു ചെറിയ ധാരണ ഉണ്ടാരുന്നു. ഇപ്പോ ഒന്നും പിടികിട്ടുന്നില്ല.’ സ്റ്റെല്ല പരിഭ്രാന്തി പ്രകടിപ്പിച്ചു. കുറച്ചു നേരമായി അവൾ കുപ്പായത്തിനുള്ളിൽ നിന്ന് പ്രാർത്ഥനാമാല പുറത്തെടുത്ത് ജപിക്കുന്നുണ്ടായിരുന്നു.
‘നമ്മൾ ഇപ്പോൾ തന്നെ ഒരുപാട് ദൂരം നടന്നു. ഇനി ആകെയുള്ള പ്രതീക്ഷ മറ്റുള്ളവർ വന്ന് നമ്മളെ കണ്ടെത്തുക എന്നതാ. കുറച്ചു സമയം കഴിയുമ്പോൾ ഏതായാലും ആളുകൾ നമ്മളെ തേടി വരാതിരിക്കില്ല. നമുക്ക് ഉറക്കെ ഒച്ച ഉണ്ടാക്കാം.’
ഹേമ ആലോചനയോടെ പറഞ്ഞു .
‘പറഞ്ഞതിൽ പാതി ശരിയാ.’
രാജൻ പറഞ്ഞു. ‘ ആളുകൾ നമ്മളെ തേടി വരും. അവർ വരുന്നതിന്റെ ലക്ഷണം കാണുന്നവരെ നമ്മൾ ഒച്ച വയ്ക്കരുത് എന്നാ എനിക്ക് തോന്നുന്നെ. ഒച്ചകേട്ട് ചിലപ്പോ…..’
മറ്റുള്ളവർക്ക് രാജൻ പറഞ്ഞതിന്റെ യുക്തി ബോധ്യമായി. ഭീതി അവരുടെ മുഖങ്ങളിൽ നിറഞ്ഞു.
‘നമ്മൾ തെറ്റായ ഏതോ ദിശയിലേക്കാണ് ഇത്ര ദൂരം നടന്നത്. ഓരോ കാൽവെപ്പിലും കാട് കൂടുതൽ ദുരൂഹമാകുന്ന പോലെയാ എനിക്ക് ….,’ സ്റ്റെല്ല തകർന്ന മട്ടിൽ പറഞ്ഞു.
‘നിങ്ങൾ എന്നോട് പിണങ്ങത്തില്ലെങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ?’
ഗിരി അല്പ സമയം കഴിഞ്ഞ് സങ്കോചത്തോടെ ചോദിച്ചു.
മറ്റുള്ളവർ മിണ്ടിയില്ല.
‘പറ,’ സ്റ്റെല്ല കുറച്ചു കഴിഞ്ഞു പറഞ്ഞു .
‘നമ്മൾ വന്ന വഴി എങ്ങനെയും കണ്ടുപിടിച്ചേ മതിയാവു എന്നാ എനിക്ക് പറയാനുള്ളത്. എന്നെ എനിക്ക് ഇപ്പോ വിശ്വാസമില്ല. നിങ്ങൾ മൂന്നുപേരും ചേർന്ന് ആലോചിച്ച് വഴി പറയൂ. നമുക്ക് അങ്ങോട്ട് പോകാം. അല്ലാതെ മറ്റുള്ളവർ വരുന്നതു വരെ കാത്തിരിക്കുന്നത് മടയത്തരമാ.’
അവൻ പറഞ്ഞതും ശരിയാണെന്ന് മറ്റുള്ളവർക്ക് തോന്നി.
സ്റ്റെല്ല എഴുന്നേറ്റ് അകലേക്ക് വിരൽ ചൂണ്ടി പറഞ്ഞു:
‘പോകാം.’
സ്റ്റെല്ല പറഞ്ഞ വഴിയെ വള്ളിപ്പടർപ്പുകൾ വകഞ്ഞു മാറ്റി അവർ നടന്നു. നടന്നുനടന്ന് എല്ലാവരും ക്ഷീണിച്ചു. കുറച്ചു വിശ്രമിച്ച ശേഷം വീണ്ടും നടക്കാൻ തുടങ്ങി.
‘വഴി ശരി തന്നെയാണല്ലോ, അല്ലേ?’ ഹേമ സ്റ്റെല്ലയോട് പരിഭ്രമത്തോടെ ചോദിച്ചു.
മറുപടി പറയാതെ സ്റ്റെല്ല നടന്നുകൊണ്ടിരുന്നു. ചിന്തകളിലും ഭീതിയിലും സ്വയം നഷ്ടപ്പെട്ട്…
ഏഴ്
ക്വാർട്ടേഴ്സിൽ പരിഭ്രാന്തി നിറഞ്ഞുനിന്നു. പ്രൊഫസർ സദാശിവൻ തല ഉയർത്താനാകാതെ ഒരു മൂലയിൽ ഇരുന്നു. കുട്ടികളും അധ്യാപകരും കൂട്ടം കൂടി നിന്ന് സംസാരിച്ചു കൊണ്ടിരുന്നു. നാലു കുട്ടികളെ കാട്ടിൽ നഷ്ടപ്പെട്ടു എന്ന വിവരം എങ്ങനെയോ അറിഞ്ഞ് കുറച്ചു ഗ്രാമീണരും ക്വാർട്ടേഴ്സിൽ എത്തിച്ചേർന്നു. അവർ ക്വാർട്ടേഴ്സിലെ ജീവനക്കാരുമായി സംസാരിച്ചു. തങ്ങൾ കുട്ടികളെ തിരക്കി പോകാം എന്ന് ഗ്രാമീണർ പറഞ്ഞു. ജീവനക്കാർ അവരെ വിലക്കി. ഇപ്പോൾ തന്നെ ആവശ്യത്തിലേറെ സങ്കീർണമാണ് പ്രശ്നം. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തട്ടെ. അവർക്ക് വിവരം കൊടുത്തിട്ടുണ്ട്.
ഒരു ജീപ്പിൽ മൂന്ന് ഉദ്യോഗസ്ഥരെത്തി. അവർ പ്രാഥമിക വിവരങ്ങൾ തേടി. മരക്കുറ്റി വെട്ടാൻ പോയതാണ് എന്ന കാര്യം അധ്യാപകർ പറഞ്ഞില്ല. അതിന്റെ അപകടം അവർക്ക് അറിയാമായിരുന്നു. പകരം കുട്ടികൾ നാലുപേരും നടക്കാൻ പോയി, പിന്നെ കാണാതായി എന്നു മാത്രം പറഞ്ഞു. അങ്ങനെയെങ്കിൽ വിഷമിക്കേണ്ട, അവർ കാട്ടിലേക്ക് ആയിരിക്കില്ല അടിവാരത്തിലേക്കാകും പോയിക്കാണുക. അവിടെ അന്വേഷിക്കാം എന്നായി ഉദ്യോഗസ്ഥർ. അങ്ങനെയല്ല കാടിന്റെ ദിശയിലേക്കാണ് കുട്ടികൾ പോയത് എന്ന് അധ്യാപകർ പറഞ്ഞു.
‘ആരാണ് കണ്ടത്?’ ഉദ്യോഗസ്ഥർ ചോദിച്ചു.
‘ഞാനാണ്.’ പ്രൊഫസർ സദാശിവൻ പറഞ്ഞു.
‘നിങ്ങൾ?’
‘അവരുടെ അദ്ധ്യാപകനാണ്. ടൂറിന്റെ കോഡിനേറ്ററും.’ പ്രൊഫസർ ഇംഗ്ലീഷിൽ വിക്കി വിക്കി പറഞ്ഞു.
പ്രധാന ഉദ്യോഗസ്ഥൻ ഒന്ന് അമർത്തി മൂളി. കൂടുതൽ ചോദ്യങ്ങൾ ഉണ്ടായില്ല.
‘സമയമേറെയായി. ഇന്നിനി കാട്ടിൽ കയറി തിരച്ചിൽ നടക്കില്ല. ഫോഴ്സ് ക്യാമ്പിൽ നിന്ന് എത്തിച്ചേരണം. നാളെ ഉച്ചയാകും. അതിനകം കുട്ടികൾ തിരിച്ചു വരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. രാത്രി ആരെങ്കിലുമൊക്കെ ഉണർന്നിരിക്കണം. കുട്ടികളുടെ ഒച്ച കേട്ടാൽ കതക് തുറന്നു കൊടുക്കണം.’
‘ഈ ഗ്രാമീണർ കാട്ടിൽ കയറി നോക്കാം എന്ന് പറയുന്നു . അവർക്ക് അനുവാദം കൊടുത്തു കൂടെ?’ പ്രൊഫസർ ദയനീയമായി ചോദിച്ചു.
പ്രധാന ഉദ്യോഗസ്ഥൻ പ്രഫസ്സറെ തറപ്പിച്ചു നോക്കി. പിന്നെ അദ്ദേഹം അതുവരെ പ്രദർശിപ്പിക്കാതിരുന്ന ക്രൗര്യത്തോടെ ചുറ്റും നിന്നവരെ നോക്കി. എന്നിട്ട് ഉച്ചത്തിൽ പറഞ്ഞു:
‘പ്രധാന പാതയിലൂടെ കാൽ കിലോമീറ്റർ മാത്രമേ കാട്ടിൽ പ്രവേശനമുള്ളൂ. അതിനപ്പുറം പ്രൊട്ടക്ടട് ഏരിയയാണ്. അതറിഞ്ഞോ അറിയാതെയോ പലരും കയറുന്നുണ്ട്. അത് കുറ്റകരമാണ്. അങ്ങനെയുള്ളവരെ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. കയ്യിൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ ഈ ജന്മം പുറത്തു വരില്ല.’
കാട്ടിൽ കയറാൻ ഒരുങ്ങി നിന്ന ഗ്രാമീണർ ഭയന്ന് പിന്നോട്ട് നീങ്ങി.
പിറ്റേദിവസം ഉച്ചക്ക് മുമ്പുതന്നെ പരിശീലനം സിദ്ധിച്ച പത്ത് ഫോറസ്റ്റ് ഗാർഡുകൾ എത്തി. സമയം ഒട്ടും കളയാതെ അവർ കാട്ടിൽ പ്രവേശിച്ചു. പരാജിതരായി ഇരുട്ടോടെ തിരികെ എത്തുകയും ചെയ്തു. അടുത്ത ദിവസം ഒരു ഹെലികോപ്റ്റർ എത്തി കാടിനു മുകളിൽ വിഷാദത്തോടെ രണ്ടുമണിക്കൂർ ചുറ്റിക്കറങ്ങി. പിന്നെ അത് മടങ്ങിപ്പോയി. നഷ്ടപ്പെട്ട യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ അങ്ങനെ തൽക്കാലത്തേക്ക് അവസാനിച്ചു.
കവർ: വിൽസൺ ശാരദ ആനന്ദ്
(തുടരും)