പൂമുഖം LITERATUREലേഖനം സീതാറാം യെച്ചൂരി: ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ശക്തിയും ദൗർബല്യവും

സീതാറാം യെച്ചൂരി: ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ശക്തിയും ദൗർബല്യവും

തത്ത്വവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യം ഏറ്റവുമധികം മൂർച്ഛിച്ച ഘട്ടത്തിൽ സി.പി.ഐ (എം) നെ നയിക്കാൻ നിയോഗിക്കപ്പെട്ട നേതാവാണ് സീതാറാം യെച്ചൂരി. ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ നേതൃത്വം തൊഴിലാളി വർഗത്തിനാണെന്നും അതുകൊണ്ടു തന്നെ ജനകീയ ജനാധിപത്യ മുന്നണിയെ നയിക്കുക എന്ന കടമ തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയപ്പാർട്ടിയെന്ന് സ്വയം കരുതുന്ന തങ്ങൾക്കാണെന്നുമുള്ള ധാരണയെ അടിസ്ഥാനപ്പെടുത്തിയാണ് സി.പി.ഐ (എം) മുന്നണിരാഷ്ട്രീയം സംബന്ധിച്ച അടവുനയങ്ങൾക്ക് രൂപം നല്കാറുള്ളത്. ഹർകിഷൻ സിംഗ് സുർജിത്തിന്റെ കാലം മുതൽ ദേശീയരാഷ്ട്രീയം സംബന്ധിച്ച നയങ്ങളിൽ പ്രയോഗതലത്തിൽ വ്യതിയാനം ഉണ്ടായെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് നേതൃത്വം നല്കിയത് യെച്ചൂരിയാണ്. നയരൂപീകരണത്തിലും നിർവ്വഹണത്തിലും നിർണായകസ്വാധീനം ചെലുത്താൻ കഴിയുന്ന തരത്തിൽ അംഗബലമില്ലെങ്കിൽപോലും അധികാരം പങ്കിടുന്നതിൽനിന്ന് മാറി നില്ക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് പാർട്ടിയെ എത്തിക്കുന്നതിൽ സീതാറാം യെച്ചൂരിക്ക് മുഖ്യപങ്കുണ്ട്.

ഇന്ത്യൻ രാഷ്ട്രീയത്തെ യാഥാർത്ഥ്യബോധത്തോടെ സമീപിക്കുകയും സി.പി.ഐ (എം) നെ ദേശീയ ജീവിതത്തിന്റെ മുഖ്യധാരയിൽ ഉറപ്പിച്ചുനിർത്താൻ നിരന്തരം ശ്രമിക്കുകയും ചെയ്ത നേതാവാണ് സീതാറാം യെച്ചൂരി. 1996ലെ പൊതു തെരഞ്ഞടുപ്പിനുശേഷമുണ്ടായ സവിശേഷ സാഹചര്യത്തിൽ ജ്യോതി ബസുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഐക്യമുന്നണി നിർദ്ദേശിച്ചപ്പോൾ, സി.പി.എമ്മിനുള്ളിൽ അതിന് അനുകൂലമായ നിലപാടാണ് യെച്ചൂരി സ്വീകരിച്ചത്. സി.പി.എം ആ നിർദ്ദേശം സ്വീകരിച്ചില്ല. പ്രധാനമന്ത്രിപദം വേണ്ടെന്ന് വച്ച പാർട്ടി തീരുമാനത്തെ ഹിമാലയൻ വിഡ്ഢിത്തം എന്ന് പിന്നീട് ജ്യോതി ബസു വിശേഷിപ്പിക്കുകയുണ്ടായി. ഇ.എം.എസ്സും പ്രകാശ് കാരാട്ടും പാർട്ടി കേരള ഘടകവും പ്രധാനമന്ത്രിപദം ഏറ്റെടുക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ചപ്പോൾ ഹർകിഷൻ സിംഗ് സുർജിത്തിനോടും ജ്യോതി ബസുവിനോടും പാർട്ടി പശ്ചിമ ബംഗാൾ ഘടകത്തോടുമൊപ്പം മറുഭാഗത്താണ് യെച്ചൂരി നിലയുറപ്പിച്ചത്. സി.പി.ഐ(എം)നെ ദേശീയ ജീവിതത്തിന്റെ നേതൃതലത്തിലെത്തിക്കാനും ജനക്ഷേമനടപടികളിലൂടെയും നിയമ നിർമ്മാണങ്ങളിലൂടെയും ഇന്ത്യൻ ജനതയിൽ സ്വാധീനം ഉറപ്പിക്കാനുമുള്ള അവസരം എന്ന നിലയിൽ പ്രധാനമന്ത്രിപദം ഉപയോഗിക്കാൻ കഴിയുമെന്ന് കരുതിയവരുടെ കൂട്ടത്തിലായിരുന്നു യെച്ചൂരി. 1996ൽ നിന്ന് വ്യത്യസ്തമായി 2004ൽ യു.പി.എ സർക്കാരിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിലേക്ക് സി.പി.എമ്മിനെ എത്തിക്കുന്നതിൽ യെച്ചൂരിക്ക് പ്രധാന പങ്കുണ്ട്. ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്ന കാര്യത്തിൽ അന്ന് സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനോട് യെച്ചൂരിക്ക് യോജിപ്പുണ്ടായിരുന്നില്ല എന്ന മാധ്യമവാർത്തകൾ വാസ്തവമാകാനാണ് സാധ്യത.

ആഗോളവല്കരണ സാമ്പത്തികനയങ്ങളും വർഗീയ ഫാഷിസവും ഒരുപോലെ എതിർക്കപ്പെടേണ്ട ശത്രുക്കളാണെന്നും അതിനാൽ കോൺഗ്രസിനെയും ബി.ജെ.പിയെയും മുഖ്യശത്രുക്കളായി കാണണമെന്നുമുള്ള നിലപാടിൽനിന്ന് രണ്ടു കമ്യൂണിസ്റ്റു പാർട്ടികളും പ്രായോഗിക തലത്തിലെങ്കിലും പിൻവാങ്ങുകയും അധികാരം കയ്യടക്കിയ വർഗീയഫാഷിസ്റ്റ് പാർട്ടിയായ ബി.ജെ.പിയെ മുഖ്യശത്രുവായി അംഗീകരിക്കുകയും ചെയ്യുന്ന നിലപാടിലേക്ക് എത്തിച്ചേർന്നത് നിലനില്ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിലാണ്. സി.പി.എമ്മിനുള്ളിൽ ഈ നിലപാട് മാറ്റത്തിനു മുൻകയ്യെടുത്ത നേതാവാണ് സീതാറാം യെച്ചൂരി. 2015 ൽ യെച്ചൂരി ജനറൽ സെകട്ടറിയായതിനുശേഷം ഈ മാറ്റം പ്രകടമാണ്. 1980കളിൽ ബി.ജെ.പി ജന്മംകൊണ്ട കാലം മുതൽ വർഗീയ കലാപങ്ങളുടെ പരമ്പരകൾ സൃഷ്ടിച്ചപ്പോഴും രാമജന്മഭൂമി പ്രശ്നമുയർത്തി രാജ്യത്തെ സാമൂഹ്യഅന്തരീക്ഷം താറുമാറാക്കിയപ്പോഴും വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരായ ചെറുത്തു നില്പിന്റെ മുന്നണിയിലുണ്ടായിരുന്ന യെച്ചൂരി, ബി.ജെ.പിക്കെതിരേ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിശാലമായ ഐക്യം എന്ന നിലപാടിലേക്ക് സ്വാഭാവികമായി എത്തിച്ചേരുകയായിരുന്നു. രണ്ടു മുഖ്യശത്രുക്കൾ എന്ന നിലയിൽനിന്ന് ഹിന്ദു വർഗീയഫാഷിസത്തെ മുഖ്യശത്രുവായി അംഗീകരിക്കുന്ന കാഴ്ചപ്പാടിലേക്ക് പ്രായോഗികതലത്തിലെങ്കിലും സി.പി.ഐ (എം)നെ നയിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു എന്നതാണ് സീതാറാ യെച്ചൂരിയുടെ ചരിത്രപരമായ സംഭാവന.

വരട്ടുവാദത്തിന്റെ രീതികൾ രൂപത്തിലോ ഭാവത്തിലോ പുലർത്താത്ത യെച്ചൂരി, അക്കാര്യത്തിൽ മറ്റു സി.പി.എം നേതാക്കളിൽ നിന്ന് തീർത്തും വ്യത്യസ്തനായിരുന്നു. പാർട്ടിവൃത്തങ്ങൾക്കു പുറത്ത് സൗഹൃദം സൂക്ഷിക്കുകയും മറയില്ലാതെ മനുഷ്യരോട് ഇടപെടുകയും ചെയ്യുന്ന ആളായിരുന്നു അദ്ദേഹം. ഒരേ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലമുള്ള നേതാക്കളാണ് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും. രണ്ടു പേരും ഒന്നിച്ചാണ് സി.പി.എം കേന്ദ്രക്കമ്മിറ്റിയിലും പോളിറ്റ്ബ്യൂറ്റായിലുമെത്തുന്നത്. കാരാട്ടിനു ശേഷം യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറിയായി. പൊതുജനങ്ങളോടും പാർട്ടി പ്രവർത്തകരോടും മാധ്യമപ്രവർത്തകരോടുമെല്ലാം തുറന്ന് ഇടപെടുകയും സൗഹാർദ്ദപൂർവ്വം പെരുമാറുകയും ചെയ്യുന്ന യെച്ചൂരി, തൊട്ടുമുമ്പേ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന കാരാട്ടുമായി താരതമ്യപ്പെടുത്തപ്പെടുക തികച്ചും സ്വാഭാവികം. യെച്ചൂരിയുടെ ജനകീയതയ്ക്കും സ്വീകാര്യതയ്ക്കും ഈ താരതമ്യം വലിയൊരളവിൽ കാരണമായിട്ടുണ്ട്. ഇരുമ്പുമറയുടെ കാലം കഴിഞ്ഞു പോയി എന്ന് തിരിച്ചറിയാൻ യെച്ചൂരിക്ക് കഴിഞ്ഞു. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ നോഷ്യലിസത്തിന്റെയും തകർച്ച ആ തിരിച്ചറിവിനു കാരണമായിട്ടുണ്ടാകും.

1989 ൽ ചൈനയിലെ ടിയാനൻമെൻ സ്ക്വയറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ ഭരണകൂടം അടിച്ചമർത്തിയതിനുശേഷം ആ വിഷയത്തിൽ എസ്.എഫ്.ഐ, ജെ.എൻ.യുവിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിച്ച യെച്ചൂരി വിദ്യാർത്ഥിപ്രക്ഷോഭകരെ കൂട്ടക്കുരുതി ചെയ്ത ചൈനീസ് ഭരണകൂടത്തെ ന്യായീകരിക്കാൻ ശ്രമിച്ചത് ഓർക്കുന്നു. യോഗത്തിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും ശക്തമായി പ്രതിഷേധിച്ചതോടെ യെച്ചൂരിക്ക് പ്രസംഗം പൂർത്തിയാക്കാനായില്ല. അന്ന് പ്രതിഷേധിച്ചവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. അതേ വർഷം തന്നെയാണ് റുമേനിയൻ കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിൽ സൗഹാർദ്ദ പ്രതിനിധിയായി പങ്കെടുത്ത യെച്ചൂരി റുമേനിയൻ കമ്യൂണിസ്റ്റ് പാർട്ടിയെയും ഭരണകൂടത്തെയും പാർട്ടിയുടെയും സർക്കാരിന്റെയും തലവനായിരുന്ന ചെഷസ്ക്യൂവിനെയും പ്രശംസിച്ചുകൊണ്ട് പീപ്പിൾസ് ഡെമോക്രസിയിൽ ലേഖനം എഴുതിയത്. പീപ്പിൾസ് ഡെമോക്രസിയിൽ ആ ലേഖനം അച്ചടിച്ചു വരുമ്പോഴേക്ക് ചെഷസ്ക്യൂവിന്റെ ഭരണം അട്ടിമറിക്കപ്പെടുകയും ചെഷസ്ക്യൂ കൊല്ലപെടുകയും ചെയ്തിരുന്നു. നേരും നെറിയും മനുഷ്യത്വവുമില്ലാത്ത ചെഷസ്ക്യൂവിന്റെ ഭരണകാലത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ അയാളുടെ മരണത്തിനുശേഷം പുറത്തു വന്നു. ടിയാനൻമെൻ കൂട്ടക്കൊലയെയും ചെഷസ്ക്യൂവിനെയും മറ്റും കുറിച്ചുള്ള തന്റെ വിലയിരുത്തലിലെ തെറ്റുകൾ തിരിച്ചറിയാൻ യെച്ചൂരിക്ക് കഴിഞ്ഞിട്ടുണ്ടാകും എന്നു തന്നെയാണ് ഞാൻ കരുതുന്നത്. പില്ക്കാലത്തെ തന്റെ രാഷ്ട്രീയജീവിതത്തിൽ യെച്ചൂരി സ്വീകരിച്ച താരതമ്യേന പക്വവും വിവേകപൂർണവുമായ നിലപാടുകളിലെക്ക് എത്തിച്ചേരാൻ ഈ അനുഭവങ്ങളും പാളിച്ചകളും വഴിതെളിച്ചിട്ടുണ്ടാകണം.

2004 ൽ ഒന്നാം യു.പി.എ സർക്കാർ രൂപീകരണത്തിനു വേണ്ടിയുള്ള ചർച്ചകളിൽ സജീവപങ്കാളിയായിരുന്നു യെച്ചൂരി. ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് 2005 ൽ പശ്ചിമ ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 2017 വരെ ആ സ്ഥാനത്ത് തുടർന്നു. രാജ്യസഭയിൽ മോദി സർക്കാരിനെതിരേ പ്രതിപക്ഷത്തിന്റെ കുന്തമുനയാകാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഒന്നാം യു.പി.എ സർക്കാരിന്റെ തകർച്ചയ്ക്കുശേഷം കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും തമ്മിലുണ്ടായ അകൽച്ച 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പായതോടെ വലിയ തോതിൽ കുറയ്ക്കാൻ കഴിഞ്ഞതിനും ഇന്ത്യാ മുന്നണി രൂപീകരണത്തിനും പിന്നിൽ പ്രേരകശക്തിയായി യെച്ചൂരിയുടെ നിരന്തരമായ ഇടപെടലുകളുണ്ട്. ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ വിജയത്തിനുവേണ്ടി പിന്നണിയിൽ പ്രവർത്തിക്കാനാവശ്യമായ മെയ് വഴക്കവും വിപുലമായ വ്യക്തിബന്ധങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. കേരളം ഒഴികെ പശ്ചിമ ബംഗാൾ ഉൾപ്പെടെ, സാധ്യമായ മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസുമായി സഖ്യമുണ്ടാക്കുകയും കേരളത്തിൽ കോൺഗ്രസിനെ മുഖ്യശത്രുവായികണ്ട് എതിർക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറിസ്ഥാനം വഹിക്കുമ്പോൾതന്ന സോണിയയും രാഹുലും അടക്കമുള്ള കോൺഗ്രസ് ഉന്നതനേതൃത്വത്തിന്റെ വളരെ പ്രിയപ്പെട്ടവനാകാനും കഴിഞ്ഞു എന്നത് സീതാറാം യെച്ചൂരിയുടെ നയചാതുര്യത്തിന്റെയും രാഷ്ട്രതന്ത്രജ്ഞതയുടെയും നിദർശനങ്ങളാണ്.

ഞാൻ സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് അന്ന് എസ്.എഫ്.ഐ നേതാവായിരുന്ന സീതാറാം യെച്ചൂരിയുടെ പ്രസംഗങ്ങൾ ധാരാളം കേട്ടിട്ടുണ്ട്. തമാശ കലർന്ന, സൗഹാർദ്ദം നിറഞ്ഞ, സവിശേഷമായ ശൈലിയിലുള്ള, വ്യത്യസ്തമായ അദ്ദേഹത്തിന്റെ പ്രസംഗം ആകർഷകമായിരുന്നു. 1988 ൽ ഞാൻ ചേരുമ്പോൾ യെച്ചൂരി ജെ.എൻ.യുവും എസ്.എഫ്.ഐയുമൊക്കെ കഴിഞ്ഞ് സി.പി.എം കേന്ദക്കമ്മിറ്റി അംഗമായിട്ടുണ്ടായിരുന്നു. എങ്കിലും ജെ.എൻ.യു രാഷ്ട്രീയത്തിന്റെ ഭാഗം പോലെ അത്രമേൽ അവിടെ നിത്യസാന്നിധ്യമായിരുന്നു അദ്ദേഹം. ഞാൻ അവിടെയുണ്ടായിരുന്ന ഏതാണ്ട് ഒരു ദശകക്കാലത്തോളവും ജെ.എൻ.യുവിൽ എസ്.എഫ്.ഐ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം രക്ഷാകവചവുമായി യെച്ചൂരി എത്തിയിരുന്നു. ടിയാനൻമെൻ കൂട്ടക്കൊലയുടെ കാര്യത്തിലെന്നതുപോലെ ന്യായീകരിക്കാൻ തീർത്തും അസാധ്യമായ നിലപാടുകളെ ന്യായീകരിക്കാനും മുന്നിൽ നിന്നത് യെച്ചൂരിയായിരുന്നു.

ജെ.എൻ.യു വിദ്യാർത്ഥി യൂണിയന്റെ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് 1983ലെ പ്രസിദ്ധമായ വിദ്യാർത്ഥിസമരം. ജെ.എൻ.യു വിദ്യാർത്ഥിയൂണിയന്റെ അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തിൽ എസ്.എഫ്.ഐ പരാജയപ്പെട്ട വർഷമായിരുന്നു അത്. ജെ.എൻ.യുവിന്റെ വരേണ്യസ്വഭാവം ഇല്ലാതാക്കണം എന്ന ലക്ഷ്യത്തോടെ പുതിയ പ്രവേശനനയം രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു 1983 ലെ സമരം. അന്ന് ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയൻ അധ്യക്ഷനായിരുന്നത് സമതാ വിദ്യാർത്ഥി സമിതിയുടെ നളിനീരഞ്ജൻ മൊഹന്തിയും ജനറൽ സെക്രട്ടറി എ.ഐ.എസ്.എഫിലെ സജ്ജൻ മിത്രയുമായിരുന്നു. സമരത്തോട് എസ്.എഫ്.ഐ സ്വീകരിച്ച നിഷേധാത്മകമായ നിലപാട് വ്യാപകമായി വിമർശിക്കപ്പെട്ടു. സമരത്തെ ഉരുക്കുമൃഷ്ടികൊണ്ട് നേരിട്ട ഭരണകൂടം നിരവധി വിദ്യാർത്ഥി നേതാക്കളെ ജയിലിൽ അടയ്ക്കുകയും ചിലരെയൊക്കെ സ്ഥിരമായി പുറത്താക്കുകയും ചിലരെ 3 വർഷത്തേക്ക് പുറത്താക്കുകയും ചെയ്തു. എന്നെപ്പോലെയുള്ളവർക്ക് കേട്ടുകേൾവി മാത്രമുള്ള ഈ സമരം പില്ക്കാലത്തൊരിക്കൽ ഒരു സർവ്വകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ്കാലത്ത് വീണ്ടും ചർച്ചാവിഷയമായി. (എ.ഐ.എസ്.എഫും എസ്.എഫ്.ഐയും മുന്നണിയായല്ലാതെ മത്സരിച്ച വർഷമാണെന്നാണ് ഓർമ്മ.) 1983 ലെ സമരം സംബന്ധിച്ച് നടന്ന പരസ്യ സംവാദത്തിൽ അന്ന് സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരുന്ന നളിനീരഞ്ജൻ മൊഹന്തിയും മുൻകാല എസ് എഫ്.ഐ നേതൃത്വത്തെ പ്രതിനിധീകരിച്ച് സീതാറാം യെച്ചൂരിയും എ.ഐ.എസ്.എഫിന്റെ മുൻകാല നേതൃത്വത്തെ പ്രതിനിധീകരിച്ച് സുബോധ് മലാക്കറുമാണ് പങ്കെടുത്തത്. പല പഴയകാല വിദ്യാർത്ഥി പ്രവർത്തകരും സദസ്സിലുമുണ്ടായിരുന്നു. നളിനീരഞ്ജൻ മൊഹന്തിയുടെയും സുബോധ് മലാക്കറുടെയും ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും സദസ്സിൽ നിന്നുള്ള ഇടപെടലുകൾക്കും മുന്നിൽ പലപ്പോഴും ശരിയായ ഉത്തരമില്ലാതെ ബുദ്ധിമുട്ടുമ്പോഴും പതർച്ച പുറത്തു കാണിക്കാതെ വാദിച്ചുനിന്ന യെച്ചൂരിയുടെ മുഖം ഇപ്പോഴും ഓർമ്മയുണ്ട്. തർക്കം രൂക്ഷമാകുമ്പോഴും സൗഹാർദ്ദപൂർണമായിരുന്നു അദ്ദേഹത്തിന്റെ സമീപനം. പുഞ്ചിരി ഒരിക്കലും മാഞ്ഞതുമില്ല. തന്റെ പ്രസ്ഥാനത്തിനുവേണ്ടി വെല്ലുവിളി ഏറ്റെടുക്കാനുള്ള സന്നദ്ധതയെ മാനിച്ചു കൊണ്ടാണ് മറ്റുള്ളവർ . യെച്ചൂരിക്കെതിരേ വിമർശനങ്ങൾ ഉന്നയിച്ചത്.

ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്.എഫ്.ഐയുടെയും എസ്.എഫ്.ഐ ഉൾപ്പെടുന്ന മുന്നണിയുടെയും യോഗങ്ങളിൽ യെച്ചൂരിയുടെ പ്രസംഗം ഒഴിവാക്കാനാവാത്ത ഒരിനമായിരുന്നു. അടിസ്ഥാനപരമായി ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ശൈലിയും ശീലവും യെച്ചൂരി എന്നും കാത്തുസൂക്ഷിച്ചു. അത് അദ്ദേഹത്തിന്റെ ശക്തിയും ദൗർബ്ബല്യവുമായിരുന്നു. ജെ.എൻ.യു പോലെ വരേണ്യസ്വഭാവമുള്ള, സംഘർഷങ്ങളിൽനിന്ന് മുക്തമായ ഒരു ക്യാമ്പസിൽ നിന്നുള്ള രാഷ്ട്രീയ പരിശീലനമല്ലാതെ, ജനങ്ങൾക്കിടയിലെ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന അനുഭവസമ്പത്ത് ആർജ്ജിക്കാനുള്ള അവസരം അദ്ദേഹത്തിന് കിട്ടിയില്ല. അടിയന്തരാവസ്ഥക്കാലത്ത് ഏതാനും ദിവസം റിമാൻഡ് തടവുകാരനായി ജയിൽവാസം അനുഭവിച്ചതും ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. സാർത്ഥകവും സർഗാത്മകവുമായ ക്യാമ്പസ് രാഷ്ടീയത്തിൽനിന്ന് ലഭിച്ച സംവാദോന്മുഖതയും ആശയ വിനിമയവൈഭവവും ഇന്ത്യൻ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാക്കാൻ യെച്ചൂരിക്ക് കഴിഞ്ഞു. രാഷ്ട്രീയ ജീവിതത്തിലുടനീളം യ യുവത്വത്തിന്റെ പ്രസരിപ്പ് നിലനിർത്താനും ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് അത് സന്നിവേശിപ്പിക്കാനും സീതാറാം യെച്ചൂരി നടത്തിയ ശ്രമങൾ എക്കാലവും ആദരപൂർവ്വം ഓർമ്മിക്കപ്പെടും.

കവർ: ജ്യോതിസ് പരവൂർ

Comments

You may also like