ടർക്കിഷ് ഇസ്ലാമിക് ആർട്ട് മ്യൂസിയം
ബ്ലൂ മോസ്‌കിന് മുന്നിലുള്ള മതിലിന്റെ അകത്തെ ഭിത്തിയിൽ ഇസ്ലാം മതത്തിൻ്റെ ആധാര ശിലകളെപ്പറ്റിയുള്ള പ്രധാന വിവരങ്ങൾ സംക്ഷിപ്തരൂപത്തിൽ എഴുതി വെച്ചിട്ടുണ്ട്. ഒരു അമുസ്ലിമിന് ഇസ്ലാംമതത്തിൻറെ പ്രാഥമികആശയങ്ങളും അതിന്റെ നെടുംതൂണുകളും ചരിത്രവും പരിചയപ്പെടുത്തുന്ന രീതിയിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ധാരാളം പേർ അത് വായിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തൊട്ടടുത്ത് തന്നെ ലോക ചരിത്രത്തിലും സംസ്കാരത്തിലും ശാസ്ത്രപുരോഗതിയിലും മുസ്ലിം ലോകത്തിൻറെ സംഭാവനകൾ എണ്ണിപ്പറയുന്ന ഒരു പ്രദർശനവും കാണാം.
ആസ്റ്റ്റോലേബ്
ആസ്റ്റ്റോലേബ് എന്നറിയപ്പെടുന്ന ഉപകരണം ബിസി 150ൽ(ഹെലീനിസ്റ്റിക് പീരീഡ്)ൽ തന്നെ കണ്ടുപിടിക്കപ്പെട്ടിരുന്നു. എങ്കിലും അത് ആംഗുലാർ സ്കെയിൽസ്(Angular Scales), വൃത്തങ്ങളും മറ്റും ചേർത്ത് കുറെക്കൂടി മെച്ചപ്പെടുത്തിയത് മുസ്ലിം ജ്യോതിശ്ശാസ്‌ത്രജ്ഞന്മാരാണ്. ദിക്ക് തിരിയാത്ത മരുഭൂമിയിലെ യാത്രകൾക്കും കടൽ യാത്രകൾക്കും സഹായകരമാകും എന്നത് കൂടാതെ ഏതു രാജ്യത്താണെങ്കിലും നമസ്കരിക്കാനായി ഖിബില(മക്ക)യുടെ ദിശ കണ്ടുപിടിക്കുന്നതിനും ഇത് ഉപയോഗിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗണിത ശാസ്ത്രജ്ഞനായിരുന്ന മുഹമ്മദ് അൽ ഫറാസി ആണ് ഇത്തരത്തിൽ ഇസ്ലാമിക ലോകത്ത് ആദ്യമായി ഒരു ആസ്ട്രലേബ് നിർമ്മിച്ചെടു ക്കുന്നത്. യൂറോപ്പിന് ഇതിനെപ്പറ്റി അറിവ് ലഭിച്ചത് 1100കളില്‍ മാത്രമാണ്. 1650 ആകുമ്പോഴേക്കും ഏറ്റവും വളരെ ജനപ്രീയമായ ഒരു ഉപകരണമായി മാറി.
ട്രിഗണോമെട്രി & ആൾജിബ്ര
ഗ്രീക്കുകാരുടെ കാലം മുതൽ ശാസ്ത്രലോകത്തിന് ഇതിനെപ്പറ്റി അറിവുണ്ടായിരുന്നെങ്കിലും ഇതിനെപ്പറ്റി കൂടുതൽ പഠനം നടത്തിയത് അൽ ബത്താനിയാണ്. സൈൻ, കൊസൈൻ, ടാഞ്ചന്റ് തുടങ്ങിയ ട്രിഗണോമെട്രിയിലെ ഏറ്റവും അടിസ്ഥാനപരമായ വാക്കുകൾ അറബിഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നവയാണ്. ആൽഗരിതം എന്ന വാക്ക് ആൾജിബ്രയുടെ പിതാവായ അൽ ഖവാരിസ്മിയുടെ പേരിൽ നിന്ന് രൂപപ്പെട്ടതാണ്. അറബി ഭാഷയിൽ ‘അൽ ജബർ’ എന്നാൽ ഇക്വേഷൻ എന്നർത്ഥം. ഇതിൽ നിന്നാണ് അൽജിബ്രാ എന്ന വാക്കുണ്ടായത്. ‘ബൈനോമിയൽ തിയറം’ നിർമ്മിച്ചെടുക്കാനും അത് പരിപൂർണ്ണതയിൽ എത്തിക്കാനും വേണ്ടിയുള്ള ചിഹ്നങ്ങളും ഇക്കാലത്ത് കണ്ടുപിടിക്കപ്പെട്ടു.
ജ്യോതിശാസ്‌ത്രം (Astronomy)
ഒമ്പതാം നൂറ്റാണ്ടിൽ തന്നെ ഇസ്ലാമികലോകത്തുള്ള പണ്ഡിതന്മാർ ടോളമിയുടെ കണ്ടുപിടുത്തങ്ങളിൽ ധാരാളം കൂട്ടിച്ചേർക്കലുകൾ നടത്തി. സൂര്യൻ സൗരയൂഥത്തിന്റെ നടുവിൽ ആണെന്നും അതിന് ചുറ്റും കറങ്ങുന്ന ഭൂമി ഉൾപ്പെടെയുള്ള ഗോളങ്ങളുടെ യാത്രാപഥം ദീർഘവൃത്താകൃതിയിൽ ഉള്ളതാണെന്നതിനും അവർ തെളിവുകൾ കണ്ടെത്തി. പലതരം അസ്ട്രോണോമിക്കൽ ടേബിളുകളും നക്ഷത്രങ്ങളുടെ ചാർട്ടുകളും മറ്റും അവർ നിർമ്മിച്ചു. പിൽക്കാലത്ത് യൂറോപ്പിൽ പ്രചാരത്തിലായ അൽഫോൻസിൻ, ടൊളീഡോ ടേബിളുകൾ ഇതിൻറെ പകർപ്പുകൾ ആണെന്ന് പറയാം.
ഒപ്‌റ്റോമെട്രി
ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ച ഇബ്‌ൻ ഫെർണാസ് ആണ് കാഴ്ച കൂടുതൽ തെളിവുള്ളത് ആക്കാനായുള്ള കണ്ണടകൾ കണ്ടുപിടിച്ചത്. ഇപ്പോൾ ഉപയോഗിക്കുന്ന രീതിയിലുള്ള ഫ്രെയിമുകളോട് കൂടിയ കണ്ണടകൾ കണ്ടുപിടിച്ചത് പിന്നെയും വളരെ കാലം കഴിഞ്ഞാണ്. 1039ൽ അൽ ഹൈത്തം കണ്ണടകളുടെ ലോകത്ത് കൂടുതൽ ഗവേഷണം നടത്തി.
ദ്രവ്യം(matter) എന്ന സങ്കൽപ്പത്തെപ്പറ്റിയും ഇതിന്റെ ആകൃതിയും നിറവും മാറിയാലും അതിൻറെ ഘനം( mass) മാറുന്നില്ല എന്ന കാര്യം ആദ്യമായി പറഞ്ഞത് അൽ ബിറൂനി(എഡി 1050)യാണ്. ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞന്മാരുടെ അനുയായി ആയിരുന്ന ആന്റിയോൺ ലെവോസിയർ (Antione Lavoisier) പതിനെട്ടാം നൂറ്റാണ്ടിൽ ഈ കാര്യങ്ങൾ യൂറോപ്പിന് പകർന്നു കൊടുത്തു.
ചൈനീസ് സ്നോ എന്നറിയപ്പെടുന്ന പൊടി വെടി മരുന്ന് പ്രയോഗങ്ങൾക്കായി ഉപയോഗിച്ചിരുന്നെങ്കിലും ഇത് വെടിമരുന്നാ യി ഉപയോഗിച്ച് തുടങ്ങിയത് ഇസ്ലാമിക ലോകത്തെ കെമിസ്റ്റുകൾ ആയിരുന്നു. ഇതുപയോഗിച്ചു കൊണ്ട് അവർ ഗ്രനേഡുകളും കൈത്തോക്കുകളും പ്രാകൃതരൂപത്തിലുള്ള കാനനുകളും പിസ്റ്റലുകളും നിർമ്മിച്ചതായി ചരിത്ര രേഖകൾ ഉണ്ട്.
ആഫ്രിക്ക, ഏഷ്യ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഭൂമിശാസ്ത്രത്തെ പറ്റി ജോഗ്രഫിക്കൽ എൻസൈക്ലോപീഡിയ, റോഡ് മാപ്പുകൾ മുതലായവ എട്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടിനിടയിൽ ഇസ്ലാമിക ലോകത്ത് പ്രചാരത്തിൽ ആയിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇബ്ൻ ബത്തൂത്തയുടെ രചനകൾ അദ്ദേഹം സഞ്ചരിച്ച നാടുകളിലെ ഭൂമിശാസ്ത്രത്തെ പറ്റി കൂടുതൽ കൃത്യമായ വിവരങ്ങൾ നൽകി.
പത്താം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇബിൻ യൂനസ് അൽ മസ്റിയാണ് പെൻഡുലം കണ്ടുപിടിച്ചതും ആദ്യമായി ഓസിലേറ്ററി oscillatory) മോഷനെപ്പറ്റി രേഖപ്പെടുത്തുന്നതും. കാന്തസൂചിയെപ്പറ്റി ചൈനക്കാരിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഇസ്ലാമിക ലോകത്താണ് ആദ്യമായി വടക്കുനോക്കിയന്ത്രം നിർമ്മിക്കപ്പെട്ടത്. കച്ചവടത്തിനു വേണ്ടിയുള്ള യാത്രകൾക്കും പുതിയ നാടുകൾ തേടിയുള്ള പര്യടനങ്ങൾക്കും ഇത് വളരെ സഹായകരമായി എന്ന് പറയേണ്ടതില്ലല്ലോ.
ഗ്ലാസ് കൊണ്ടുള്ള മുഖക്കണ്ണാടികൾ പതിനൊന്നാം നൂറ്റാണ്ടിൽ ഇസ്ലാമിക് സ്പെയിനിലാണ് ആദ്യമായി നിർമ്മിക്കപ്പെട്ടത്. പലതരത്തിലുള്ള മെക്കാനിക്കൽ ക്ലോക്കുകൾ, തെക്കൻ സ്പെയിനിലെ എൻജിനീയർമാർ നിർമ്മിച്ചിരുന്നു. ഇവിടെ ജീവിച്ചിരുന്ന ഇബ്ൻ ഫിർനാസ് വാച്ച് പോലെയുള്ള കൃത്യമായി സമയം കാണിക്കുന്ന ഒരു ഉപകരണം നിർമ്മിച്ചുവെന്ന് ച രിത്രകാരനായ വിൽഡുറാന്റ് രേഖപ്പെടുത്തിയിരിക്കുന്നു.
പുതിയ കാലത്തെ ചെക്ക് എന്ന വാക്ക് ‘Saqq’ എന്ന് അറബിക് വാക്കിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. അക്കാലത്ത് അത് പണം കൊടുക്കാം എന്നുള്ള ഒരു പ്രതിജ്ഞ മാത്രമായിരുന്നു. ധാരാളം കള്ളന്മാരും കൊള്ളക്കാരും ഉള്ള വഴികളിലൂടെ പണം കൊണ്ടു പോകുന്നത് ഒഴിവാക്കാൻ ഇത് സഹായിച്ചു. ബാഗ്ദാദിലുള്ള ഒരു ബാങ്കിൽ നിന്നുമുള്ള ചെക്ക് ചൈനയിൽ മാറാമായിരുന്നുവത്രേ!
കാപ്പിയുടെ ചരിത്രം അറബികളുമായി ബന്ധപ്പെട്ട് കിടക്കുന്നു. എത്യോപ്പിയയിൽ നിന്നുള്ള ആട്ടിടയനായ ഖാലിദ്, അയാളുടെ ആടുകൾ ചില പ്രത്യേകതരം ബെറികൾ കഴിച്ചു കഴിഞ്ഞാൽ കൂടുതൽ തുള്ളിച്ചാടുകയും രാത്രി ഉറങ്ങാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധിച്ചു. പിന്നീട് അയാൾ സ്വന്തമായി ഈ കായകൾ തിളപ്പിച്ച് കുടിക്കാൻ തുടങ്ങി. ഇതിൽ നിന്നാണ് കാപ്പി ഉണ്ടാകുന്നത്. കാപ്പിയുടെ ചരിത്രത്തോടൊപ്പം കാപ്പിക്കുരുക്കളും എത്യോപ്യയിൽ നിന്ന് യമനിലേക്ക് സഞ്ചരിച്ചു. അവിടെയുള്ള ചില സൂഫി സന്യാസിമാർ പ്രാർത്ഥനകൾക്ക് വേണ്ടി രാത്രി മുഴുവൻ ഉണർന്നിരുന്നിരിക്കേണ്ട അവസരങ്ങളിൽ കാപ്പി ഉപയോഗിച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ കാപ്പി മക്കയിലെത്തി, 1645 ഇറ്റലിയിലും, 1650ൽ ഇംഗ്ലണ്ടിലും എത്തിച്ചേർന്നു. ഇങ്ങനെയാണ് കാപ്പി ലോകമാകെ പരന്നത്.
ആകാശയാത്ര പേരിനെങ്കിലും ആദ്യമായി നടത്തിയത് എ ഡി 852 അബ്ബാസ് ഇബിൻ ഫിർനാസ് ആണ്. അദ്ദേഹം കവിയും ജ്യോതിശാസ്ത്രജ്ഞനും എൻജിനീയറും ആയിരുന്നു. തടി കൊണ്ടുണ്ടാക്കിയ ഒരു ഫ്രെയിം തുണി കൊണ്ടു പൊതിഞ്ഞ് അത് ചിറകു പോലെ ഉപയോഗിച്ചു കൊണ്ടാണ് ആദ്യം അദ്ദേഹം പറക്കാൻ ശ്രമിച്ചത്. കോർദോബയിലെ ഗ്രാൻഡ് മോസ്കിന്റെ മിനാരത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി പറക്കാൻ ശ്രമിച്ചത്. വലിയ കേടൊന്നും പറ്റാതെ അദ്ദേഹത്തിന് തിരിച്ചിറങ്ങാൻ സാധിച്ചു. പിന്നീട് 875ൽ 70 വയസ്സുള്ളപ്പോൾ കുറേക്കൂടി മെച്ചപ്പെട്ട ഒരു പറക്കൽ യന്ത്രവുമായി വീണ്ടും ശ്രമം നടത്തി. 10 മിനിറ്റ് സമയം ആകാശത്തിൽ ഒഴുകി നടക്കാൻ യന്ത്രം ഇദ്ദേഹത്തിനെ സഹായിച്ചു. ചന്ദ്രനിലെ ഒരു കുഴിക്ക് (Crater)അദ്ദേഹത്തിൻറെ പേര് നൽകപ്പെട്ടിട്ടുണ്ട്. കൂടാതെ ബാഗ്ദാദിലെ ഇൻറർനാഷണൽ എയർപോർട്ട് ഇദ്ദേഹത്തിൻറെ പേരിലാണ്.
വാക്സിനേഷൻ
പതിനേഴാം നൂറ്റാണ്ടിൽ തന്നെ ടർക്കിയിലെ കുട്ടികളെ വസൂരിയിൽ നിന്ന് രക്ഷിക്കാനായി കൗപോക്സ് കുത്തി വയ്ക്കുമായിരുന്നു. പുതിയ കാലത്തെപ്പോലെ അല്ലായിരുന്നു എന്ന് മാത്രം. 1724 ഇതിനെപ്പറ്റി മനസ്സിലാക്കിയ തുർക്കിയിലെ ബ്രിട്ടീഷ് അംബാസിഡറുടെ ഭാര്യ ഇതിനെപ്പറ്റി മനസ്സിലാക്കുകയും ഈ രീതി അവരുടെ നാട്ടിൽ പ്രചാരത്തിൽ ആക്കുകയും ചെയ്തു.
എഡി 953ല്‍ ഈജിപ്തിലെ സുൽത്താന്റെ ആവശ്യം അനുസരിച്ചാണ് ആദ്യത്തെ ഫൗണ്ടൻ പേന നിർമ്മിക്കപ്പെട്ടത്. മഷി പുറത്തേക്ക് ചാടി തന്റെ വസ്ത്രങ്ങൾ കേടാക്കാത്ത വിധത്തിലുള്ള ഒരു എഴുത്ത് ഉപകരണം നിർമ്മിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇത് നിർമ്മിക്കപ്പെട്ടത്.
ക്യാമറ
പത്താം നൂറ്റാണ്ടിൽ ഇബിൻ ഹൈത്തമാണ് ആദ്യത്തെ ക്യാമറ നിർമ്മിച്ചത്. പ്രകാശം മനുഷ്യൻറെ കണ്ണിൽ നിന്നും പുറപ്പെടുന്നു എന്ന ആദ്യകാല വിശ്വാസത്തിന് വിപരീതമായി ഒരു വസ്തുവിൽ നിന്നുള്ള പ്രകാശം നമ്മുടെ കണ്ണിൽ പതിക്കുമ്പോഴാണ് കാഴ്ച സാധ്യമാകുന്നത് എന്ന് അദ്ദേഹമാണ് ആദ്യം പറഞ്ഞത്. ക്യാമറ എന്ന് അറബിക് വാക്കിന്റെ അർത്ഥം ഇരുട്ട് മുറി എന്നാണ്. ഇതിൽ നിന്നാണ് അദ്ദേഹം നിർമ്മിച്ച ഉപകരണത്തിന് ‘ക്യാമറ ഒബ്സ്കുറ’ എന്ന പേര് നൽകപ്പെട്ടത്.
സോപ്പ്
പുരാതന ഈജിപ്ഷ്യൻമാരും റോമാക്കാരും സോപ്പ് പോലെ ഒരു വസ്തു ഉപയോഗിച്ചിരുന്നു. അത് പക്ഷേ ഒരു സുഗന്ധ ലേപനം പോലെയാണ് പ്രവർത്തിച്ചത്. ഇന്ന് നാം കാണുന്ന സോപ്പുകട്ടകളുടെ നിർമ്മാണത്തിനായുള്ള പാചകക്കുറിപ്പ് അറബികളാണ് നിർമ്മിച്ചത്. കുളിയും ദേഹം വൃത്തിയാക്കലും മതപരമായ ആവശ്യം കൂടിയായി മാറിയതോടെ ഇതിനുവേണ്ടി കൂടുതൽ ശ്രമങ്ങൾ നടന്നു. വെജിറ്റബിൾ ഓയിലും സോഡിയം ഹൈഡ്രോക്സൈഡ് എന്ന ആൽക്കലിയും സുഗന്ധത്തിനായി തൈം ഓയിലും ഇതിൽ ചേർത്തു. 1759ൽ മുഹമ്മദ് ഇന്ത്യൻ വേപ്പർ ബാത്ത് എന്നൊരു സ്ഥാപനം ഇംഗ്ലണ്ടിലെ ബ്രൈറ്റണില്‍ ആരംഭിച്ചു. ഇവിടെയാണ് ആദ്യമായി ഷാംപൂ ഉപയോഗിച്ച് തുടങ്ങിയത്.
സർജറി
പത്താം നൂറ്റാണ്ടിലെ പ്രസിദ്ധ സർജനായിരുന്ന അൽസഹറാവി ഏകദേശം 200 ഓളം സർജിക്കൽ ഉപകരണങ്ങൾ നിർമ്മിച്ചു. ഇവയിൽ പലതും ഇന്ന് ഉപയോഗിച്ചു വരുന്ന ഉപകരണങ്ങളുടെ പൂർവരൂപമാണ്. ശരീരത്തിന് ഉള്ളിലെ മുറിവുകൾ തുന്നിക്കെട്ടാനായി കാറ്റ്‌ഗട്ട് ഉപയോഗിക്കാം എന്നും ഇദ്ദേഹം കണ്ടുപിടിച്ചു. കണ്ണിൻറെ ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കാനായി വളരെ ചെറിയ കത്രികകൾ അദ്ദേഹം നിർമ്മിച്ചു. ഉള്ളു പൊള്ളയായ സൂചികൾ ഇദ്ദേഹത്തിൻറെ കാലത്താണ് നിർമ്മിക്കപ്പെട്ടത്. ആധുനിക കാലത്തും കാറ്ററാക്ട് നീക്കാനായി ഇത്തരം സൂചിയാണ് ഉപയോഗിക്കുന്നത്.
ശില്പ വിദ്യ
വൃത്തത്തിലുള്ള കമാനങ്ങൾക്ക് (Round arches) പകരം ഇസ്ലാമിക ലോകത്ത് ഉപയോഗിക്കുന്ന പോയിൻറഡ് ആർച്ചസ് കൂടുതൽ ബലമുള്ളതും കൂടുതൽ ഭാരം താങ്ങാൻ കഴിവുള്ളതും ആണെന്ന് മനസ്സിലാക്കിയതോടെ ഇത് യൂറോപ്പിൽ കൂടുതൽ പ്രചാരത്തിലായി. റോസ് വിൻഡോ, വൃത്താകാരത്തിലുള്ള ഗോപുരങ്ങൾ, പാരപ്പറ്റുകൾ തുടങ്ങിയ ഇസ്ലാമിക ലോകത്ത് നിന്ന് യൂറോപ്പിലേക്ക് കടന്നവയാണ്.
കെമിസ്റ്റി
അക്കാലത്തെ പ്രസിദ്ധ ശാസ്ത്രജ്ഞനായ ജാബർ ഇബ്ൻ ഹയ്യാനാണ് ലിക്വിഫാക്ഷൻ, ഫിൽട്രേഷൻ, ഇവാപൊറേഷൻ, പ്യൂരിഫിക്കേഷൻ ക്രിസ്റ്റലൈസേഷൻ, ഓക്സിഡേഷൻ എന്നിവയെപ്പറ്റി ആദ്യമായി വിശദീകരിച്ചത്. ഇദ്ദേഹമാണ് സൾഫ്യൂറിക് ആസിഡും നൈട്രിക് ആസിഡും കണ്ടുപിടിച്ചത്. ഇദ്ദേഹം നിർമ്മിച്ച അലമ്പിക്ക് എന്ന ഉപകരണം ഉപയോഗിച്ചാണ് അക്കാലത്ത് സുഗന്ധ ലേപനങ്ങളും പനിനീരും നിർമ്മിച്ചിരുന്നത്. അദ്ദേഹം അക്കാലത്ത് തന്റെ പരീക്ഷണങ്ങൾക്കായി നിർമ്മിച്ച പല ഉപകരണങ്ങളും ഇന്നും ഉപയോഗിച്ചു വരുന്നു.
വിൻഡ് മില്ലുകൾ
കാറ്റാടി യന്ത്രങ്ങൾ അരുവികളിൽ നിന്ന് വെള്ളം വലിച്ച് കൃഷിക്ക് ഉപയോഗിക്കാനും ചോളം പോലെയുള്ള ധാന്യങ്ങൾ പൊടിക്കാനും വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. അറിയപ്പെടുന്ന ആദ്യത്തെ കാറ്റാടി യന്ത്രം എ ഡി 634 പേർഷ്യയിലെ ഒരു ഖലീഫയ്ക്ക് വേണ്ടി നിർമ്മിക്കപ്പെട്ടതാണ്.
അച്ചടി
ഗുട്ടൻബർഗ് 1454ലാണ് ആധുനികഅച്ചടിയന്ത്രം നിർമ്മിച്ചത്. പക്ഷേ അതിനും 100 കൊല്ലം മുമ്പ് പിടിയോട് കൂടിയ ബ്രാസ് കൊണ്ടുള്ള അച്ചുകൾ ഇസ്ലാമിക് സ്പെയിനിൽ ഉപയോഗിച്ചിരുന്നു.
മെക്കാനിക്കൽ എൻജിനീയറിങ്
1206ൽ അൽ ജസാരി എന്ന എൻജിനീയർ “നോളജ് ഓഫ് ഇൻജീനിയസ് മെക്കാനിക്കൽ ഡിവൈസസ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഏകദേശം അൻപതോളം പുതിയ കണ്ടുപിടുത്തങ്ങൾ ഇതിൽ ഇദ്ദേഹം വിവരിക്കുന്നുണ്ട്. കോമ്പിനേഷൻ പൂട്ടുകൾ, വെള്ളം കൊണ്ടും ഭാരം കൊണ്ടും പ്രവർത്തിക്കുന്ന മെക്കാനിക്കൽ ക്ലോക്ക്, വാൽവുകൾ, പിസ്റ്റണുകൾ എന്നിവയെ പറ്റി ഇതിൽ പറയുന്നു. എന്നാൽ ഇദ്ദേഹം ഏറ്റവും പ്രസിദ്ധനായത് ഇതിൽ പറയുന്ന ക്രാങ്ക് ഷാഫ്റ്റിന്റെ കണ്ടുപിടിത്തമാണ്. റൊട്ടേറ്ററി മോഷനെ ലീനിയർ മോഷൻ ആക്കാനും തിരികെ മാറ്റാനും സാധ്യമാക്കുന്ന ഈ സംവിധാനം ആധുനികകാലത്തെ മിക്കവാറും എല്ലാ യന്ത്രങ്ങളിലും ഉപയോഗിക്കപ്പെടുന്നു.
ഗണിതം
എ ഡി 825ൽ അൽ കവാരിസ്മി, അൽ കിൻഡി എന്നീ രണ്ട് ഗണിതശാസ്ത്രജ്ഞന്മാരാണ് ആദ്യമായി അറബിക് സംഖ്യകൾ എഴുതി ഉണ്ടാക്കിയത് ; പിൽക്കാലത്ത് ഇത് ലോകം മുഴുവൻ പ്രചാരത്തിലായി. എൻക്രിപ്ഷൻ ഡി കോഡിങ്, നമ്പർ പാറ്റേൺ ആൻഡ് ഫ്രീക്വൻസി അനാലിസിസ് എന്നിവ കണ്ടു പിടിച്ചത് അൽകിൻഡിയാണ്. പുരാതന സംസ്കാരങ്ങളുടെ എഴുത്തുകളും അവയുടെ അർത്ഥവും വ്യാഖ്യാനിക്കാൻ ഇത് വളരെയധികം സഹായിച്ചു.
ടർക്കിഷ് ഇസ്ലാമിക് ആർട്ട് മ്യൂസിയം
ബ്ലൂ മോസ്കിൽ നിന്ന് പോയത് സുൽത്താൻ സുലൈമാൻ ദി മാഗ്‌നിഫിസന്റിന്റെ ഏറ്റവും അടുത്ത സുഹൃത്തും സന്തതസഹചാരിയും ഗ്രാൻഡ് വസീറും ആയിരുന്നു ഇബ്രാഹിം പാഷയുടെ കൊട്ടാരം കാണാനാണ്.
ഓർത്തഡോക്സ് ക്രിസ്ത്യൻ ആയി ഇപ്പോഴത്തെ ഗ്രീസിലെ പാർഗ എന്ന ഗ്രാമത്തിൽ ജനിച്ച ഇബ്രാഹിം, ബാലൻ ആയിരിക്കുമ്പോൾ തന്നെ അടിമയായി പിടിക്കപ്പെട്ടു. പിന്നീട് യുവാവായിരുന്ന സുലൈമാൻ രാജകുമാരന്റെ സഹായിയായിത്തീരുകയും അദ്ദേഹത്തിൻറെ സൗഹൃദവും വിശ്വാസവും നേടിയെടുത്ത് വളരെ വേഗത്തിൽ തന്നെ പ്രധാനമന്ത്രിയുടെ തുല്യമായ ഗ്രാൻഡ് വസീർ പദവിയിൽ എത്തുകയും ചെയ്തു. സുൽത്താന്റെ സഹോദരിയായ ഖദീജ സുൽത്തായിരുന്നു ഇബ്രാഹിമിന്റെ ഭാര്യ.
പല യൂറോപ്പിയൻ ഭാഷകളും സംസാരിച്ചിരുന്ന നയതന്ത്രനായ ഇബ്രാഹിം യൂറോപ്പിലെ ക്രിസ്ത്യൻ ഭരണത്തിൻ കീഴിൽ ഉണ്ടായിരുന്ന പല രാജ്യങ്ങളുമായി പലതരം കരാറിൽ ഏർപ്പെട്ടു. ഓട്ടോമൻ സാമ്രാജ്യത്തിന് സാ മ്പത്തികവും രാഷ്ട്രീയവുമായി മേൽക്ക്കോയ്മ ലഭിക്കത്തക്കതായിരുന്നു ഇവയിൽ മിക്കതും.
സാമ്രാജ്യം വികസിച്ചതോടെ ഇബ്രാഹിമിന്റെ സമ്പത്തും അധികാരവും വർധിച്ചു വന്നു. ബുഡാപെസ്റ് കീഴടക്കിയ ശേഷം അവിടെ നിന്നും കൊണ്ട് വന്ന അപ്പോളോ, ഹെർക്കുലീസ്, ആർട്ടെമിസ് എന്നിവരുടെ പ്രതിമകൾ അദ്ദേഹം സ്വന്തം വീടിൻറെ മുന്നിൽ പ്രദർശിപ്പിച്ചു. ഇത് വിഗ്രഹാരാധനയെ വെറുത്തിരുന്ന കടുത്ത ഇസ്ലാംമത വിശ്വാസികളിൽ വലിയ എതിർപ്പിന് കാരണമാക്കി. ഇബ്രാഹിമിന്റെ അധികാരവും ധനവും വർദ്ധിക്കുന്നതിനനുസരിച്ച് ശത്രുക്കളുടെ എണ്ണവും കൂടി വന്നു. ഇവരിൽ പ്രധാനിയായിരുന്നു സുൽത്താൻ സുലൈമാന്റെ പ്രിയപ്പെട്ട ഭാര്യയായിരുന്ന ഹുറം. ഇവരുടെ മക്കൾ അധികാരത്തിലേറുന്നത് ഇബ്രാഹിം തടയുമെന്ന വിശ്വാസം മൂലം അവർ സാധ്യമായ വഴികളിലൂടെയെല്ലാം ഇബ്രാഹിമിനെതിരായി സുൽത്താൻ സുലൈമാന്റെ മനസ്സിൽ അവിശ്വാസവും വെറുപ്പും വർദ്ധിപ്പിക്കാനായി കരുക്കൾ നീക്കി. ഒരു ദിവസം സുൽത്താൻ സുലൈമാൻ ഗ്രാൻഡ് വസീറിനെ രാത്രി ഭക്ഷണത്തിനായി കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. പിറ്റേന്ന് രാവിലെ ഇബ്രാഹിമിന്റെ മൃതശരീരമാണ് പുറം ലോകം കാണുന്നത്. ഇതിനെപ്പറ്റിയുള്ള എല്ലാം സംശയങ്ങളും അവസാനിപ്പിക്കാനായി ആരും അറിയപ്പെടാത്ത ഒരിടത്താണ് മൃതദേഹം മറവ് ചെയ്തത്. ഇബ്രാഹിമിന്റെ മരണശേഷം അദ്ദേഹത്തിൻറെ കൊട്ടാരവും സ്വത്തുക്കളും എല്ലാം തന്നെ ഗവൺമെന്റിലേക്ക് മുതൽക്കൂട്ടി.
ഇബ്രാഹിം പാഷ കൊല ചെയ്യപ്പെട്ട ശേഷം കുറേക്കാലം ഉപയോഗിക്കാതെയും മറ്റും കിടന്ന് നശിച്ച കൊട്ടാരം തുർക്കി റിപ്പബ്ലിക് ആയതിനു ശേഷമാണ് ടർക്കിഷ് ഇസ്ലാമിക് ആർട്ട് മ്യൂസിയം ആയി പുനരുദ്ധരിക്കപ്പെട്ടത്. വളരെ വലിയ ഒരു കൊട്ടാരം ആണിത്. കൊട്ടാരത്തിന് ചുറ്റുമുള്ള പറമ്പും പല തരം പഴയ വൃക്ഷങ്ങൾ നിറഞ്ഞതാണ്. ഹിപ്പൊട്രോമിന് അരികിൽ തന്നെയുള്ള ഈ കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് അന്നത്തെ സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിന്റെ അരങ്ങായിരുന്ന ഈ പ്രദേശത്തെ എന്തെല്ലാം കാഴ്ചകൾ ഇബ്രാഹിം പാഷ കണ്ടിട്ടുണ്ടാവും എന്ന് ഇതിനകത്തേക്ക് കാലെടുത്തു വെക്കുമ്പോൾ ഓർത്തുപോയി. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണ് തുർക്കിയിലെ ഏറ്റവും വലിയ കൊട്ടാരമായിരുന്ന ഈ മന്ദിരം.
ഇബ്രാഹിമിന്റെ കാലശേഷം ഇത് കുറേക്കാലം ഗോഡൗൺ ആയും ഗവൺമെൻറ് ഓഫീസുകളായും ജയിൽ ആയും മറ്റും പ്രവർത്തിച്ചിരുന്നു. 1914 ലാണ് ഇത് ഇസ്ലാമിക് ആർട്ട് മ്യൂസിയം ആയി മാറ്റാനുള്ള തീരുമാനം ഉണ്ടാകുന്നത്. ഇതിനു വേണ്ടി കൊട്ടാരം പുനരുദ്ധരിയ്കുകയാണുണ്ടായത്. ഇബ്രാഹിമിന്റെ കൊട്ടാരം ഇപ്പോൾ കാണുന്നതിനേക്കാൾ വളരെ വലുതായിരുന്നു. എന്നാൽ ഒരു മ്യൂസിയത്തിന്റെ മട്ടിൽ ഇത് മാറ്റി പണിയേണ്ടി വന്നു.
50 ടർക്കിഷ് ലീറയാണ് മ്യൂസിയത്തിന്റെ പ്രവേശന ഫീസ്. ഇസ്ലാമിൻറെ ആദ്യകാലം മുതലുള്ള പല കാലങ്ങളിലെ കാർപെറ്റുകൾ, കാലിഗ്രാഫി, കളിമൺ പാത്രങ്ങൾ, ഇരുമ്പ് പാത്രങ്ങൾ, കൊത്തുപണികൾ ചെയ്ത മരസാമാനങ്ങൾ എന്നിവ ഉൾപ്പെട്ട 40000 പ്രദർശന വസ്തുക്കൾ ഇവിടെ കാണാം. ഉമയ്യാദ്, അബ്ബാസിദ്, വടക്കൻ ആഫ്രിക്കൻ, ആൻഡലൂസിയൻ, സെൽജൂക് അയൂബി, മംമ്ലുക്, സഫാവിദ്, ടർക്കിഷ്, കൊക്കേഷ്യൻ ഓട്ടോമൻ സംസ്കാരങ്ങളുടെ കാലത്തുള്ള കലാനിർമ്മിതികൾ ഇവിടെ കാണാം.
കയ്യെഴുത്ത് പ്രതികളുടെ പ്രത്യേക വിഭാഗത്തിൽ ഏകദേശം 13000 ഐറ്റങ്ങൾ ഉണ്ട്. ഇവയിൽ പലതും അപൂർവ്വങ്ങളാണ്. ഉദാഹരണത്തിന് എട്ടാം നൂറ്റാണ്ടിലെ കൈകൊണ്ട് എഴുതിയ ഖുർആൻറെ രണ്ടു പേജുകൾ, ഒമ്പതാം നൂറ്റാണ്ടിൽ നിന്നുള്ള ഗസേല മാനിന്റെ തോലിൽ സ്വർണ്ണം കൊണ്ട് കുബിക് ശൈലിയിൽ എഴുതിയ ഖുറാന്റെ വരികൾ, എന്നിവ. സുലൈമാൻ മാഗ്നിഫിസന്റിന്റെ മുദ്ര തന്നെ ഒരു സുന്ദരമായ കലാരുപമാണ്.
ഇവിടെയുള്ള 1700 കാർപ്പെറ്റുകളുടെ സൗന്ദര്യവും വൈവിദ്ധ്യവും ഇതിനെ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ടതായി കരുതപ്പെടുന്നു. പ്രദർശിപ്പിച്ചിരിയ്ക്കുന്ന ലോഹനിർമ്മിതികളിൽ പലതും മധ്യകാലത്ത് നിർമ്മിച്ചതാണ്. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ആസ്ടലേബ് മറ്റൊരു അപൂർവ കാഴ്ചയാണ്. നിർമ്മാണം നടന്ന കാലങ്ങളുടെ പ്രത്യേക ശൈലിയിലുള്ള കൊത്തുപണികൾ നിറഞ്ഞ വാതിലുകളും ഫർണിച്ചറുകളും ഒരു ഭാഗത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.
ആഭരണങ്ങളുടെ വിഭാഗത്തിൽ റൂബി, എമറാൾഡ്, ആനക്കൊമ്പ് എന്നിവ കൊണ്ട് അലങ്കരിച്ച ബെൽറ്റുകൾ, മുടിപ്പൂക്കൾ എന്നിവ ഇവിടെ കാണാം. കഅബയുടെ പഴയ കാലത്തെ ഒരു താക്കോലും അതിൻറെ സഞ്ചിയും അതോടൊപ്പം പ്രദർശിപ്പിച്ചിട്ടുണ്ട്. അക്കാലത്തെ രാജകുടുംബാംഗങ്ങൾ ഉപയോഗിച്ച് വന്ന വസ്ത്രങ്ങൾ ഒരു ഭാഗത്ത് കാണാം.
മുസ്ലീങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമായ മെക്കയിലെ കഅബ മൂടിയിരുന്ന തുണി എല്ലാ വർഷവും മാറ്റുന്ന പതിവുണ്ട് . പഴയ കാലത്ത് ഉപയോഗിച്ചിരുന്ന ഈ തുണിയിൽ ഖുർആൻ വാക്യങ്ങൾ സ്വർണവും വെള്ളിയും നൂലുകൾ ഉപയോഗിച്ചു തുന്നിച്ചേർത്തിരിക്കുന്ന ഭാഗങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. മറ്റൊരിടത്ത് മുഹമ്മദ് നബിയുടെതെന്ന് പറയപ്പെടുന്ന താടി രോമത്തിന്റെ കഷണങ്ങൾ ഒരു ചെറിയ ഗ്ലാസ് പാത്രത്തിലാക്കി സൂക്ഷിച്ചിരിക്കുന്നത് കാണാം.
ഇബ്രാഹിം പാഷ കൊട്ടാരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ക്കിടയിലാണ് മന്ദിരത്തിന്റെ താഴത്തെ നിലയിലെ നിലവറയുടെ ഘടന കണ്ടെത്തുന്നത്. ഹിപ്പോഡ്രോമിന്റെ പടിഞ്ഞാറ് ഭാഗത്തിന്റെ ചില അവശേഷിപ്പുകൾ മ്യൂസിയത്തിന്റെ ഒരു ഭാഗത്ത് പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം .
മന്ദിരത്തിന്റെ നടുമുറ്റത്ത് 200ൽ പരം വർഷങ്ങൾ പഴക്കമുള്ള വളരെ വലിയ ഒരു പ്ലെയിൻമരം കാണാം ഇതിൻറെ ഉയരം ഏഴര മീറ്ററും ചുറ്റളവ് 207 സെൻറീമീറ്ററും ആണ്. സംരക്ഷിത വൃക്ഷമായി അടയാളപ്പെടുത്തിയിരിക്കുന്ന ബോർഡ് ഇതിൻറെ സമീപം തന്നെ കാണാം.
പലകാലങ്ങളിലായി ഇസ്‌ലാമിക ലോകത്ത് നിലവിലിരുന്ന പലതരം കരകൗശല വിദ്യകളെയും ഓരോകാലത്ത് നിർമ്മിക്കപ്പെട്ട വസ്തുക്കളുടെ മാതൃകകളെയും പരിചയപ്പെടാൻ ഈ സന്ദർശനം മൂലം സാധ്യമായി.
കവർ: വിൽസൺ ശാരദ ആനന്ദ്