പൂമുഖം പുസ്തകപരിചയം സിനിമാസംഗീതത്തിലെ ആൺകാഴ്ചകൾ

സിനിമാസംഗീതത്തിലെ ആൺകാഴ്ചകൾ

മൂലധനവും സാങ്കേതികവിദ്യകളും വിപണിയും നിർണയിക്കുന്ന കലാരൂപമാണ് സിനിമ. അതുകൊണ്ടുതന്നെ സമൂഹത്തിലെ പുരുഷാധിപത്യ മൂല്യങ്ങൾ ഈ വ്യവസായത്തെ സമഗ്രമായി സ്വാധീനിക്കുന്നുണ്ട്.

എങ്ങനെയാണ്, നമ്മൾ അറിയാതെ, നമ്മുടെ ശ്രദ്ധയിൽ നേരിട്ട് വരാതെ തന്നെ, ഈ മൂല്യങ്ങൾ പ്രവർത്തിക്കുന്നത്? ഇത്തരം പ്രസക്തമായ ഒരു അന്വേഷണമാണ് സി എസ് മീനാക്ഷി നടത്തുന്നത്, ‘പെൺ പാട്ടുതാരകൾ: മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്ക്കാരങ്ങൾ’ എന്ന പുസ്തകത്തിലൂടെ.

ഒരു കാലത്തും സാധാരണ സിനിമാസംഗീതആസ്വാദകർ പാട്ടിന്റെ ഈ രാഷ്ട്രീയം മനസ്സിലാക്കാൻ ശ്രമിച്ചിരുന്നില്ല. ‘ഇതൊക്കെ തമാശയായിട്ട് എടുത്താൽ പോരേ’ എന്നായിരിക്കും പലപ്പോഴും കിട്ടുന്ന മറുപടി.

എന്നാൽ ഇതിൽ ഇപ്പോൾ വലിയ മാറ്റമുണ്ടാവുന്നു എന്ന് മീനാക്ഷി പറയുന്നുണ്ട്.

സംഗീതത്തിൽ ലിംഗപദവി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതാണ് മീനാക്ഷിയുടെ ഈ അന്വേഷണത്തിന്റെ തുടക്കം. ഇന്ത്യൻ പുരാണങ്ങളിലും തത്വചിന്തയിലും പെണ്ണിനെ പ്രലോഭിപ്പിക്കുന്ന ഒരു വസ്തു എന്ന നിലയ്ക്കാണ് അവതരിപ്പിക്കുന്നത്. സംഗീതം മാത്രമല്ല ജനപ്രിയ സാംസ്‌കാരിക രൂപങ്ങളെല്ലാം ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ സൃഷ്ടിയാണ്.

പെണ്ണവയവങ്ങൾ ഉണർത്തുന്ന പ്രലോഭനങ്ങളിൽ വീഴരുത് എന്ന് ശ്രീനാരായണ ഗുരു പോലും എഴുതുന്നു. അതിനർത്ഥം അക്കാലത്തെ ദർശനങ്ങൾ പോലും ആണുങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു എന്നാണ്.

കൊളോണിയൽ കാലഘട്ടത്തിലാകട്ടെ ലൈംഗിക വിഭജനങ്ങൾക്കൊപ്പം സാമൂഹിക ഉത്തരവാദിത്വവും സ്ത്രീകൾക്ക് മേൽ ചാർത്തിക്കൊടുത്തു. ഇതനുസരിച്ച് വീടാണ് സ്ത്രീയുടെ സ്ഥാനം എന്ന് വിധിക്കപ്പെട്ടു. വീട് എന്നാൽ ഭൗതികമായ ഒരു ഘടന മാത്രമല്ല, മാനസികമായി സ്ത്രീയുടെ സ്ഥലത്തേയും സമയത്തേയും പരിമിതപ്പെടുത്തുന്ന ഒന്നാണ്. ഈ പരിമിതി സംഗീതവുമായി ബന്ധപ്പെട്ട് ഏതൊക്കെ മേഖലകളിലാണ് പ്രവർത്തിക്കുന്നത് എന്ന് ധാരാളം ഉദാഹരണത്തോടെ മീനാക്ഷി ചൂണ്ടിക്കാട്ടുന്നു.

പൊതുവേദിയിൽ പാടുന്നതിനുള്ള അനുമതി ഇല്ലാതിരിക്കുക, ജാതിയുടെ പേരിൽ വേദി നിഷേധിക്കപ്പെടുക, പാടുമ്പോൾ തന്നെ ശബ്ദം താഴ്ത്തി പാടാൻ നിഷ്ക്കര്ഷിക്കുക എന്നിങ്ങനെ പലതരത്തിലുള്ള നിയന്ത്രണങ്ങൾ.തുടർന്നുകൊണ്ടേയിരുന്നു.

പൂർണമായും ആൺ മേൽക്കോയ്മയിൽ സംഘടിപ്പിക്കപ്പെട്ട ഒരു വ്യവസായമാണ് സിനിമ. അതുകൊണ്ടുതന്നെ ഈ പുരുഷാധിപത്യമൂല്യങ്ങളാണ് ഒരു കലാരൂപം എന്ന നിലയ്ക്കും ഇതിൽ പ്രവർത്തിക്കുന്നത്.

കുലീനസ്ത്രീ, സ്വഭാവഗുണം കുറഞ്ഞവൾ, യക്ഷി, വശീകരിക്കുന്ന സ്ത്രീ എന്നിങ്ങനെ സൃഷ്ടിക്കപ്പെട്ട പെൺ വാർപ്പുരൂപങ്ങൾ സമൂഹ മനസ്സിനെ ഒരു തരത്തിൽ slow poisoning ന് വിധേയമാക്കി.

കേരള ചരിത്രത്തിലെ വലിയൊരു കാലഘട്ടത്തിൽ സമൂഹത്തിലെ സ്ത്രീയുടെ പദവിയെക്കുറിച്ചുള്ള ധാരണകൾ ഈ ഗാനങ്ങളിലൂടെ എങ്ങനെയാണ് രൂപപ്പെട്ട് വരുന്നത് എന്നത് ധാരാളം ഉദാഹരണങ്ങളോടെ ഈ പുസ്തകത്തിൽ വിവരിക്കുന്നു.

വെണ്ണതോൽക്കുമുടലും വെണ്ണിലാവിൻ തളിരും പിന്തിരിഞ്ഞു നിന്നാൽ മണിത്തമ്പുരുവിന്റെ ദൃശ്യവടിവും ആയാണ് അവൾ വർണ്ണിക്കപ്പെടുന്നത്. പട്ടുപോലുള്ള പാദങ്ങൾ കെട്ടിപ്പിടിച്ച് അവൾ പൊട്ടിക്കരയുകയാണ്, പൂമണി മാരന്റെ കോവിലിൽ അവൾ പൂജയ്‌ക്കെടുക്കാത്ത പൂവാണ്, കർപ്പൂര നാളമായ് അവൾ അവന്റെ മുന്നിൽ കത്തിയെരിയുകയാണ്, കണ്ണീരിൽ മുങ്ങും തുളസിക്കതിരായ് കാൽക്കൽ വീഴുകയാണ്.

അതേസമയം അവനോ? അവൻ ‘ജയിക്കാനായ് ജനിച്ചവൻ ഞാൻ’ എന്ന് അലറുന്നു. അവൻ അഗ്നി പോലെയും അലകടൽ പോലെയും ആഞ്ഞു വീശും കൊടുംകാറ്റായും വരുന്നു.

ഇങ്ങനെ ക്രമേണ മലയാളിയുടെ അബോധ മനസ്സ് ഇത്തരം പ്രതിരൂപങ്ങൾ സ്വംശീകരിക്കുന്നു.സ്ത്രീ എങ്ങനെ വേഷം ധരിക്കണം, എന്താണ് യക്ഷിയുടെ രൂപം, അമ്മയും ഭാര്യയും കാമുകിയും എങ്ങനെ വസ്ത്രം ധരിക്കണം എങ്ങനെ പെരുമാറണം, അമ്മായിയമ്മ എങ്ങനെയാണ് ഒരു ദുഷ്ടകഥാപാത്രമായി മാറുന്നത്.. ആവർത്തിച്ചു കണ്ടും കേട്ടും മലയാളിയുടെ മനസ്സ് ഇതൊക്കെ യാഥാർഥ്യമായി അംഗീകരിക്കുന്നു.

ഈണഭംഗിയും ആലാപനസൗന്ദര്യവും മൂലം ഇത് മനസ്സിലാക്കാൻ നമുക്ക് കഴിയാതെപോവുകയും ചെയ്യുന്നു. ആണുങ്ങൾ പാടുന്ന പ്രണയ ഗാനങ്ങൾ അധികവും പെൺശരീരവിസ്താരങ്ങളാണ്. വസ്തുക്കളെ ‘പെൺവത്ക്കരിച്ചു’കൊണ്ടും പെണ്ണിനെ വസ്തുവൽക്കരിച്ചുകൊണ്ടുമുള്ള പാട്ടുകൾ. നമ്മുടെ ഉന്നത ശീർഷരായ ഗാനരചയിതാക്കളൊക്കെ അറിഞ്ഞോ അറിയാതെയോ ഈ പ്രവണതയിൽ വീണുപോയിട്ടുണ്ട്.

ധാരാളം ഉദാഹരണങ്ങൾ നിരത്തിയാണ് ഈ പുസ്തകം ഇതൊക്കെ വിശദീകരിക്കുന്നത്.

സ്ത്രീവിരുദ്ധ സിനിമയേക്കാൾ ഒരുപക്ഷേ സ്ത്രീ വിരുദ്ധ ഗാനങ്ങൾ ആവാം സമൂഹത്തെ കൂടുതൽ പ്രതിലോമ നിലപാടുകളിൽ എത്തിക്കുന്നത് എന്ന് മീനാക്ഷി സൂചിപ്പിക്കുന്നുണ്ട്. കാരണം സിനിമയുടെ കാലം കഴിഞ്ഞാലും പല രൂപങ്ങളിൽ ഈ ഗാനങ്ങൾ ബാക്കി നിൽക്കും.

ഈ രംഗത്തുള്ള പ്രധാനപ്പെട്ട ചില ഗായികമാരുമായുള്ള ശ്രദ്ധേയമായ അഭിമുഖങ്ങളും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. അതിൽ പുഷ്പവതി, സയനോര, രശ്മി സതീഷ് എന്നിവരുമായുള്ള സംഭാഷണങ്ങൾ വളരെ പ്രധാനമാണ്.

സി. എസ്. മീനാക്ഷി

ഒരു അഭിമുഖത്തിൽ പൊയ്കയിൽ അപ്പച്ചന്റെ ‘കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി, കാണുന്നുണ്ട് അനേകം വംശത്തിൻ ചരിത്രങ്ങൾ’ എന്ന വരികൾ ഉദ്ധരിച്ചുകൊണ്ട് ‘നമ്മൾ എങ്ങനെ ചരിത്രം കുറിക്കാൻ ശ്രമിച്ചാലും അത് രേഖപ്പെടുത്തുകയില്ല എന്ന് പുഷ്പവതി പറയുന്നുണ്ട്. അതേപോലെ തന്നെ കളർ ഡിസ്ക്രിമിനേഷനും ജാതിയുമൊക്കെ പ്രബലമായ സ്വാധീനമാണ് സിനിമാലോകത്ത് എന്നും പുഷ്പവതി സൂചിപ്പിക്കുന്നു.

വളരെ ശ്രദ്ധയോടെ വായിക്കേണ്ടതും പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുമായ ഒരു പുസ്തകമാണിത് എന്നുമാത്രം തുടക്കത്തിൽ പറയട്ടെ.

സിനിമയിൽ അഭിനേത്രിയോ ഗായികയോ ആയിട്ടല്ലാതെ സംവിധായിക ആയോ പ്രധാനപ്പെട്ട സാങ്കേതിക വിദഗ്‌ധ ആയോ വളരെക്കാലം സ്ത്രീകൾക്ക് പ്രവേശനം ഇല്ലാതിരുന്ന ഒരു മേഖലയായിരുന്നു സിനിമ.

എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഈ രംഗത്ത് കുറേ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. വിമെൻ ഇൻ സിനിമ പ്രസ്ഥാനം ഇതിന് വലിയ പ്രേരണ നൽകുകയും ചെയ്തു. അടുത്ത തലമുറ ഈ തടസ്സങ്ങളെ മറികടക്കാൻ പ്രാപ്തി നേടും എന്ന് തന്നെയാണ് മീനാക്ഷിയുടെ പ്രതീക്ഷ.

പ്രസാധനം: മാതൃഭൂമി

കവര്‍ ഡിസൈന്‍: സി. പി. ജോണ്‍സണ്‍

Comments
Print Friendly, PDF & Email

You may also like