പൂമുഖം POLITICS പക്ഷം പിടിച്ചു തന്നെയാണ് പറയേണ്ടത് – എന്തുകൊണ്ട് മലയാളി കോൺഗ്രസ്സിന് വോട്ടു ചെയ്യണം?

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : പക്ഷം പിടിച്ചു തന്നെയാണ് പറയേണ്ടത് – എന്തുകൊണ്ട് മലയാളി കോൺഗ്രസ്സിന് വോട്ടു ചെയ്യണം?

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

ന്ത്യ അടിയന്തിരാവസ്ഥക്ക് ശേഷം കാണുന്ന ഏറ്റവും ശ്രദ്ധേയ മായ  തെരഞ്ഞെടുപ്പാണ് നമുക്ക് മുന്നിൽ-  ഒരപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെയും  ഏകാധിപത്യത്തിലൂടെയുമാണ്  രാജ്യം  കഴിഞ്ഞ നാലുവർഷമായി  കടന്നു പോയത് . സർക്കാർ – ഭരണഘടനാ സ്ഥാപനങ്ങൾ എല്ലാം അപഹാസ്യമാംവിധം ഒരാളുടെ മാത്രം  ഇച്ഛയനുസരിച്ച്  പ്രവർത്തിച്ച വർഷങ്ങൾ- തങ്ങളുടെ നയങ്ങളെ പറ്റി മിണ്ടാതെ, കേന്ദ്രമന്ത്രിമാരിൽ ഓരോരുത്തരും, നരേന്ദ്രഭായി പറഞ്ഞതുപോലെ താൻ ചെയ്യുന്നു എന്ന് പേർത്തും പേർത്തും ചടങ്ങുകളിൽ, വിനീതരായി, അടിക്കടി, പറഞ്ഞ വർഷങ്ങൾ, സുപ്രീം കോടതിയിൽ ഒരു സംഘം നീതിപതികൾ അനീതി സഹിക്കാനാവാതെ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയ വർഷങ്ങൾ, നടാടെ കർഷക-തൊഴിലാളി ആത്മഹത്യാ കണക്കുകൾ സർക്കാർ മൂടി വച്ച വർഷങ്ങൾ, സ്വതന്ത്ര ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയർന്ന വർഷങ്ങൾ, ഒരു അർധരാത്രി തങ്ങളുടെ കയ്യിലെ പണത്തിന്, കടലാസു വിലപോലുമില്ലാതായി, ഒരർദ്ധരാത്രി പൊടുന്നനെ തിരിച്ചറിഞ്ഞ ജനത, എ ടി എം മെഷീനും  ബാങ്കിനും മുന്നിലെ  നെടുങ്കൻ വരികളിൽ കുഴഞ്ഞു വീണു മരിച്ച വർഷങ്ങൾ, ആഭ്യന്തര സുരക്ഷാ വീഴ്ച കാരണം ഏറ്റവുമധികം ജവാന്മാർ ഇന്ത്യൻ മണ്ണിൽ മരിച്ചു വീണ വർഷങ്ങൾ – ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥയും, ഭരണപരമായ പിടിപ്പുകേടും തുറന്നു കാണിക്കാൻ ഇത്തരം എത്രയോ ചിത്രങ്ങൾ കൊളാഷ് ആയി ചേർത്തു വെക്കാവുന്നതാണ്. ദേശീയ തലത്തിലെ അവസ്ഥ ഇങ്ങിനെയാണ്‌ എന്നിരിക്കെ, അതിലും സവിശേഷമായ ഒരു സാഹചര്യമാണ് കേരളത്തിൽ. കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ ഒരു ത്രികോണ മത്സരം ആണ് ഏതൊരു സാധാരണക്കാരനും പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യ ജനാധിപത്യ മുന്നണിയും (യു ഡി എഫ്), സി പി ഐ (എം) നേതൃത്വം നൽകുന്ന ഇടതു ജനാധിപത്യ മുന്നണിയും (എൽ ഡി എഫ്) ഭാരതീയ ജനതാ പാർട്ടിയും (ബി ജെ പി) അനുബന്ധ പാർട്ടികളും ആണ് ഈ മൂന്നു തിരഞ്ഞെടുപ്പ് ശക്തികൾ. വളരെ ചുരുക്കത്തിൽ ഈ മുന്നണികളുടെ, അവയെ നയിക്കുന്ന പാർട്ടികളുടെ, സമീപകാല പ്രവർത്തനങ്ങൾ ഒന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.

സംസ്ഥാന നിയമസഭയിൽ തൽക്കാലം ഒരു എം എൽ എ ഉണ്ടെന്നതിൽ ഉപരി, സുപ്രീംകോടതിയുടെ സമീപകാല ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷം ഉണ്ടായ സാഹചര്യത്തിൽ കേരള രാഷ്ട്രീയത്തിൽ കാണിച്ച ശക്തി പ്രകടനങ്ങൾ കൊണ്ട് മാത്രമാണ് ബി ജെ പി ചിത്രത്തിൽ എത്തുന്നത്,  ഒരു ക്ഷേത്രത്തിൽ ഈ അടുത്ത കാലത്ത് മാത്രം നടപ്പിലാക്കിയ, സ്ത്രീവിരുദ്ധമായ ആചാരത്തെ അടിസ്ഥാനപ്പെടുത്തി ഒരു മാസത്തിൽ ഏറെ കാലം, നാട്ടിൽ അക്രമം അഴിച്ചു വിട്ടവരാണ് ബി ജെ പി. എന്നാൽ അതിലും ഉപരിയായാണ് മലയാളി ഈ തിരഞ്ഞെടുപ്പിൽ ബി ജെ പി യെ കാണേണ്ടത്. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ നരേന്ദ്ര മോഡി നടത്തിയ പ്രഖ്യാപനം ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് രാഹുൽ ഒളിച്ചോടുന്നു എന്ന് അർത്ഥമാക്കുന്നതായിരുന്നു. വളരെ പെട്ടെന്ന് നടത്തിയ ഈ പ്രഖ്യാപനം അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും കേരളത്തെപ്പറ്റിയുള്ള മനോഭാവം കൃത്യമായി വെളിവാക്കുന്നു. ഹിന്ദുക്കൾ താരതമ്യേന കുറഞ്ഞ ഈ പ്രദേശത്തെ, തങ്ങളെ മതിക്കാത്തവരുടെ നാടായാണ് അദ്ദേഹവും പാർട്ടിയും കണക്കാക്കുന്നത്. പ്രളയ കാലത്തടക്കം അദ്ദേഹത്തിന്റെ സർക്കാർ കേരളത്തോട് കാണിച്ച മനോഭാവത്തിന്റെ വേരുകൾ ഈ പ്രസ്താവനയിൽ കാണാം. മലയാളി ഓർത്തിരിക്കേണ്ട ഒന്നാണ് ഇത്. ബീഫ് തിന്നുന്ന ഹിന്ദുക്കളാണ് മലയാളി- എത്ര ബ്രാഹ്മണൻ ചമഞ്ഞാലും ആ “പേരുദോഷം” മാറ്റുക എളുപ്പമല്ല. ഒന്നോ രണ്ടോ സീറ്റുകൾ നൽകി അവരെ ജയിപ്പിച്ചാലും വിശേഷമൊന്നുമില്ല. അതുകൊണ്ടു തന്നെ ഒരു തികഞ്ഞ ഫാസിസ്റ്റ് ഭരണത്തിൽ നിന്നും മുക്തരാവാനും, അപ്രഖ്യാപിതമായ ഈ അടിയന്തിരാവസ്ഥയിൽ നിന്നു പുറത്തു കടക്കാനും ഒപ്പം കേരളത്തോട് ബി ജെ പി കാണിച്ച  മനോഭാവത്തിന് മറുപടി കൊടുക്കാനുമുള്ള അവസരമായിരിക്കണം മലയാളിക്ക് ഈ തിരഞ്ഞെടുപ്പ്.

ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ ഇപ്പോഴത്തെ സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തൽ ആണെന്ന് തുറന്നു പറയാൻ ഇന്നും ഇടതുപക്ഷത്തിന് ധൈര്യം വന്നിട്ടില്ല. അത് കേന്ദ്ര ഭരണത്തിലെ പ്രശ്നങ്ങൾ കേരളത്തിൽ നിലനിൽക്കുന്നതിൽ നിന്ന് വ്യത്യസ്തമാണ് എന്നതുകൊണ്ടല്ല. ഇടതുപക്ഷത്തിന്റെ പോരാട്ടവും സത്യത്തിൽ ഒരു ഒറ്റയാൾ പോരാട്ടമാണ്.  പ്രളയ കാലത്ത്, ശബരിമല കലാപകാലത്ത് മുൻ നിരയിൽ നിന്ന് നയിച്ച് ജനനായകനായും നവോദ്ധാന നായകനായും തിളങ്ങി നിന്ന രാഷ്ട്രീയ താരകമാണ് പിണറായി വിജയൻ. ആ പകിട്ട് ഇല്ലായിരുന്നു എങ്കിൽ ഇടതുപക്ഷത്തിന് ഇന്ന് നടത്തുന്ന രീതിയിലുള്ള തിളക്കമുള്ള തിരഞ്ഞെടുപ്പ് പ്രചാരണം സാധ്യമാകുമായിരുന്നില്ല. ആ തിളക്കത്തിന് അപ്പുറം കാര്യങ്ങൾ അവതാളത്തിലാണ്.

അദ്ദേഹം മുഖ്യമന്ത്രി മാത്രമല്ല – കേരളത്തിന്റെ ആഭ്യന്തര മന്ത്രികൂടിയാണ്. പട്ടിക ജാതി പട്ടിക വർഗ്ഗ കമ്മീഷൻ കൊല്ലത്ത് 2018 ഒക്ടോബർ മാസത്തിൽ നടത്തിയ അദാലത്തിൽ അവർക്ക് ലഭിച്ച തൊണ്ണൂറു ശതമാനം പരാതികളും പോലീസ് ദളിത് സമൂഹത്തിനു നേരെ നടത്തുന്ന അക്രമത്തെ കുറിച്ചായിരുന്നു. വടയമ്പാടിയിലെ ജാതി മതിൽ പ്രശ്നത്തിൽ സർക്കാർ സമീപനവും മറ്റൊന്നായിരുന്നില്ല, അതും പോലീസ് അതിക്രമത്തിലൂടെ തന്നെയായിരുന്നു പ്രധാനമായും പ്രകടിപ്പിച്ചത്. കേരള പോലീസ് കംപ്ലെയിന്റ് അതോറിറ്റി 2018 മാർച്ചിൽ ഏഷ്യാനെറ് ന്യുസിനോട് സംസാരിച്ചപ്പോൾ പറഞ്ഞതും അത് തന്നെയായിരുന്നു:  ഇടതു സർക്കാർ വന്ന ശേഷം പോലീസ് അക്രമങ്ങളെ കുറിച്ചുള്ള പരാതികൾ  വലിയ തോതിൽ വർദ്ധിച്ചിരിക്കുന്നു. 2018 ജനുവരി ഫെബ്രുവരി മാസങ്ങളിൽ മാത്രം അവർക്ക് ലഭിച്ചത് നൂറിൽ അധികം പരാതികളാണ്.

2016 ൽ കാളിമുത്തു എന്ന തമിഴ്നാട്ടുകാരൻ, അതേ വർഷം, വണ്ടൂർ ഒരു അബ്ദുൾ ലത്തീഫ്, 2017ൽ വിനായകൻ എന്ന ദളിത് ബാലൻ, അതേ  വർഷം കുഞ്ഞുമോൻ എന്ന മറ്റൊരു ദളിത് യുവാവ്, 2018 ഏപ്രിലിൽ വാരാപ്പുഴയിലെ ശ്രീജിത് കസ്റ്റഡി മരണങ്ങളുടെ കണക്കുകൾ ആണ്. 2018 മെയിൽ കെവിൻ എന്ന യുവാവിനെ കൊല്ലാൻ ഗുണ്ടകൾക്ക് വിട്ടുകൊടുത്ത കേരള പോലീസ് അയാളുടെ നവവധുവിന്റെ കണ്ണീരിന് പുല്ലുവിലയാണ് കൽപ്പിച്ചത്. അവസാനം സനൽ കുമാറിന്റെ കൊലപാതകവും ഡി വൈ എസ്പി യുടെ ആത്മഹത്യയും. പൊലീസിന് നേരിട്ട് ബന്ധമുള്ള ഇത്തരം ഏഴു മരണങ്ങൾ ആണ് കേരളം ഇടതു സർക്കാരിന്റെ ഭരണകാലത്ത് കണ്ടത്. ഉത്തരേന്ത്യൻ മോഡലിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കും കേരളം ഈ ഭരണത്തിന് കീഴിൽ സാക്ഷിയായി. തോക്കു കൈവശം വച്ച് നടന്ന കുറ്റത്തിന് മൂന്നു മാവോയിസ്റ്റ്കളെയാണ് പോലീസ് വെടിവച്ചു തള്ളിയത്. കൊലപാതകങ്ങളടക്കം പോലീസ് നടത്തിയ മനുഷ്യാവകാശ ലംഘനത്തിന്റെ ഒരു പരമ്പര തന്നെ ഈ സർക്കാർ ഭരണകാലത്ത്,  നമുക്ക് കാണാൻ പറ്റും.

പിഴച്ചത് ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രിക്ക് തന്നെയാണ്. ആ നിലയ്ക്ക്, തികഞ്ഞ ഭരണപരാജയം തന്നെയാണ് നമ്മൾ കണ്ടത്. മൂന്നു വർഷങ്ങളിൽ ഏഴു പോലീസ് കൊലപാതകങ്ങൾ. അതിലും അപ്പുറമാണ് എൻകൗണ്ടർ കൊലപാതകങ്ങൾ എന്ന ഭരണകൂട കൊലപാതകങ്ങളുടെ കാര്യം. കേരളത്തിൽ ആരെയും ഇതുവരെ കൊല്ലാത്ത ഒരു സംഘടനയിലെ മൂന്നു പേരെ വെടിവച്ചു കൊല്ലുക വഴി പോലീസ് അല്ലെങ്കിൽ ഭരണകൂടം ജനങ്ങൾക്ക് മുന്നിൽ ഒരു സമവാക്യം ഒരുക്കുകയാണ്. ആ സമവാക്യത്തിൽ കൊല്ലപ്പെടാൻ അർഹനാവുന്നതിന്, അതായത് വിചാരണ കൂടാതെ കൊല്ലപ്പെടാൻ അർഹനാവുന്നതിന്, നിങ്ങൾ ഒരു സംഘടനയിൽ അംഗമായാൽ മതി. ആരെയും ആ സമവാക്യത്തിൽ ആ സ്ഥാനത്ത് ഫിറ്റു ചെയ്യാൻ പറ്റും. കാശ്മീരിൽ ഒക്കെ പലപ്പോഴും ഉപയോഗിക്കപ്പെടുന്ന ചെറിയ ഗിമ്മിക്കുകൾ മതി അതിന്. ഇത്തരം സംഘങ്ങളിലെ അംഗങ്ങളുടെ എൻകൗണ്ടർ കൊലപാതകങ്ങൾ മാത്രമല്ല – അവരെ സഹായിച്ചവരും കൊല്ലപ്പെടാറുണ്ട് ഇന്ത്യയിൽ. അതൊന്നും അത്ര വിശദമായി റിപ്പോർട്ട് ചെയ്യപ്പെടാറില്ല. അവിടെയാണ് ഈ സമവാക്യത്തിന്റെ യഥാർത്ഥ ഭീകരത. നാളെ ഒരു നിരപരാധിയെ ഇല്ലാതാക്കാൻ  ഈ സമവാക്യത്തിൽ പെടുത്താവുന്ന ചില തെളിവുകൾ ഉണ്ടാക്കുക മാത്രമേ വേണ്ടു . അത്തരം തീവ്രമായ മനുഷ്യാവകാശ ലംഘനങ്ങൾ അനുവദിക്കുന്ന ഒരു ഭരണകൂടത്തെ നയിക്കുന്ന ഒരു പാർട്ടി എങ്ങിനെ ഇടതു പക്ഷമാകും? എങ്ങിനെ ഫാസിസ്റ്റ് വിരുദ്ധരാകും? തിരഞ്ഞെടുപ്പ് കാലത്തു പോലും രാഷ്ട്രീയ കൊലപാതകങ്ങൾ നടത്താൻ മടിക്കാത്ത ആ “ചങ്കൂറ്റത്തെ” ജനാധിപത്യം തോൽപ്പിച്ചേ മതിയാകൂ.
ബാക്കിയാകുന്നത് കോൺഗ്രസ് മാത്രമാണ്. ശബരിമല വിഷയത്തിൽ കലക്ക വെള്ളത്തിൽ മീൻ പിടിച്ച പാർട്ടിയാണ് കോൺഗ്രസ്. തികഞ്ഞ സ്ത്രീ വിരുദ്ധ ഹൈന്ദവ വർഗ്ഗീയ നയങ്ങൾ തന്നെയാണ് അത് ആ കാലത്ത് ഉയർത്തി പിടിച്ചത്. പക്ഷെ ബി ജെ പിയുടെ രീതിക്ക് വിരുദ്ധമായി കലാപങ്ങൾക്ക് പകരം ജനാധിപത്യ മാർഗ്ഗങ്ങൾ ആണ് അവർ ആ നയങ്ങൾ നടപ്പാക്കാൻ ഉപയോഗിച്ചത്. ഉരുളയ്ക്ക് ഉപ്പേരി പോലെ പരസ്പരം വെട്ടിക്കൊല്ലുന്ന പാരമ്പര്യമുള്ള മലബാർ രാഷ്ട്രീയത്തിൽ തങ്ങളുടെ രണ്ടു യുവ പ്രവർത്തകരുടെ കൊലപാതകത്തിന് മുന്നിൽ അതിൻ്റെ സംസ്ഥാന പ്രസിഡണ്ട് കണ്ണീർ ഒഴുക്കുകയാണ് ചെയ്തത് – അല്ലാതെ മറുകൊല വിളി നടത്തുകയോ, വരമ്പത്ത് നൽകാൻ പോകുന്ന കൂലിയെ പറ്റിയോ സംസാരിക്കുകയോ ആയിരുന്നില്ല.

കോൺഗ്രസ് ഒരു ആൾക്കൂട്ടമാണ് – അതിന്റെ ഗുണങ്ങളും ദോഷങ്ങളും അതിനുണ്ട്. ഏറ്റവും പ്രധാനം ആ പാർട്ടി നൽകുന്ന ജനാധിപത്യം എന്ന ഇടമാണ് – കുറഞ്ഞത് വിമർശിക്കാനുള്ള സ്വാതന്ത്ര്യമാണ്. നെഹ്‌റു കുടുംബത്തിന്റെ കുടുംബവാഴ്ചയാണ് കോൺഗ്രസ്സിന്റെ പ്രധാന ജനാധിപത്യ വിരുദ്ധത ആയി ഘോഷിക്കപ്പെടുന്നത്. ഇന്ത്യയെന്ന ബഹുസ്വരതക്ക് ഒരു സ്ഥിരതയുള്ള നേതൃത്വം ദേശീയ തലത്തിൽ നൽകാൻ സത്യത്തിൽ എന്തെങ്കിലും ഒരു പരിവേഷം ആവശ്യമാണ്. നരേന്ദ്ര മോദി എടുത്ത് അണിഞ്ഞത് ഹിന്ദുത്വ പരിവേഷമാണ്. കോൺഗ്രസ് എന്ന ആൾക്കൂട്ടത്തിനു അത് നെഹ്‌റു കുടുംബമാണ്. മോദിയുടെ പരിവേഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇതെത്രയോ മൃദുവാണ്- വികസിത സമൂഹം എന്ന് അറിയപ്പെടുന്ന ബ്രിട്ടനിൽ പോലും രാജകുടുംബത്തിനു ലഭിക്കുന്ന സാമൂഹ്യ രാഷ്ട്രീയ പ്രാധാന്യം ഇതുമായി ചേർത്തു വായിക്കാവുന്ന ഒന്നാണ്. ഇന്ത്യയും തികച്ചും ഫ്യുഡൽ ഭരണത്തിന്റെ കൈയ്യിലായിരുന്നു കഷ്ടിച്ച് എഴുപതു വർഷങ്ങൾ മുമ്പ് വരെ. ബ്രിട്ടന് പോലും പുറത്തു വരാൻ സാധിക്കാത്ത ആ കുരുക്കിൽ നിന്ന് ഇന്ത്യയിലെ കോൺഗ്രസ് എന്ന വലിയ ആൾക്കൂട്ടം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാവുന്നതല്ല.

ഈ അപ്രഖ്യാപിത അടിയന്തിരാവസ്ഥയിൽ, ഏറ്റവും വലിയ ഫാസിസ്റ്റ് വിരുദ്ധ പോരാളികൾ എന്ന് സ്വയം വിളിക്കുന്ന ഇടതുപക്ഷം പോലും ഫാസിസത്തിന്റെ കുരുക്കിൽ പെട്ടും, ഭരണകൂട അക്രമങ്ങളുടെ പ്രയോക്താക്കളായും  കാണപ്പെടുന്ന അവസരത്തിൽ നമ്മുടെ മുന്നിൽ തൽക്കാലം കോൺഗ്രസ് നയിക്കുന്നതല്ലാതെ, വിജയിപ്പിക്കാൻ, മറ്റൊരു മുന്നണി ഇല്ലതന്നെ. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ, ജനാധിപത്യ പ്രക്രിയ, ഉള്ളതിൽ ഏറ്റവും കുഴപ്പം കുറഞ്ഞതിനെ തിരഞ്ഞെടുക്കുക എന്നത് മാത്രമാണ് എന്നിരിക്കെ ഒരു ജനാധിപത്യവാദിക്ക് മുന്നിൽ കോൺഗ്രസ്സിന് വോട്ടു ചെയ്യുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.

Comments
Print Friendly, PDF & Email

You may also like