പൂമുഖം LITERATUREകഥ അന്തിവെയിലിലെ തണൽ

അന്തിവെയിലിലെ തണൽ

“അല്ലാ, ഇതാരൊക്കെയാ വന്നിരിക്കുന്നത്. എത്ര നാളായി ചേച്ചിയേയും ചേട്ടനെയും കണ്ടിട്ട്. എന്തോ വിശേഷം കാര്യമായിട്ടുണ്ടല്ലോ?.” ദുർഗ്ഗ വിടർന്ന പുഞ്ചിരിയോടെ ഹരിയെയും ലക്ഷ്മിയെയും സ്വാഗതം ചെയ്തു.

മറുപുഞ്ചിരി സമ്മാനിച്ചതല്ലാതെ ഹരി മറുപടിയൊന്നും പറഞ്ഞില്ല.

മുഖത്തെ വിമ്മിട്ടം മറച്ചുപിടിക്കാൻ പാടുപെടുന്ന ഹരിയെ നോക്കി ദുർഗ്ഗ പറഞ്ഞു, “പാടത്തൊക്കെ കറങ്ങിനടന്ന് കുറെ സമയം കളയാനായി അച്ഛൻ, മോനേയും കൂട്ടിക്കൊണ്ടു പോയതാണ്. എന്നെ കണ്ടാലുടൻ അവൻ കൈ രണ്ടും മുകളിലേക്ക് ഉയർത്തി കരച്ചിലാണ്, ഈ അവസ്ഥയിൽ എടുത്തു കൊണ്ട് നടക്കാൻ എനിക്ക് ബുദ്ധിമുട്ടാണേ…” തന്റെ നിറവയർ നോക്കി അവൾ ഒന്ന് വിളറിച്ചിരിച്ചു.

“അപ്പോൾ ശേഖരമ്മാവൻ ഇവിടില്ലേ?” ലക്ഷ്മി അസ്വസ്ഥയായി.

“ഞാൻ അപ്പുറത്തെ മാളുവിനെ പറഞ്ഞുവിട്ട് വിളിപ്പിക്കാം”. ദുർഗ്ഗ പതിയെ തൊട്ടടുത്ത വീട്ടിലേക്ക് നോക്കി.

“ആ… അമ്മാവൻ വരുന്നുണ്ടല്ലോ? മോൻ ഉറക്കമായെന്നു തോന്നുന്നു”. കുട്ടിയെയും തോളിലിട്ട് ഗേറ്റ് കടന്നുവരുന്ന ശേഖരമ്മാവനെ നോക്കി ലക്ഷ്മി സസന്തോഷം പറഞ്ഞു.

“ആ നിങ്ങളോ, യാത്രയൊക്കെ സുഖമായിരുന്നോ? വരുമെന്ന് മുകുന്ദൻ പറഞ്ഞിരുന്നു. നിങ്ങൾ രണ്ടാളും മാത്രമേ എത്തിയിട്ടുള്ളോ, കുട്ടികളൊന്നും വന്നിട്ടില്ലേ?.” കുഞ്ഞിനെ കൈമാറിക്കൊണ്ട് ശേഖരമ്മാവൻ അവരോടായി ചോദിച്ചു.

ഒരു ദീർഘനിശ്വാസത്തോടെ ഹരി പറഞ്ഞു, “ഞാൻ വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ പറയാം. ശേഖരമ്മാവന് എല്ലാമറിയാമല്ലോ… അമ്മാവനാണല്ലോ അച്ഛന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ”.

“മനസ്സ് അറിഞ്ഞു പെരുമാറുന്നവനെ നീ മനസ്സാക്ഷി സൂക്ഷിപ്പുകാരനെന്ന് വിളിച്ചാൽ അതിൽ പരിഭവിക്കാനൊന്നും ഞാനില്ല. മുകുന്ദനും ഞാനും കുടിപ്പള്ളിക്കൂടം മുതൽ ചങ്ങാതിമാരാണ്. അവൻ വിവാഹശേഷം പ്രവാസം തിരഞ്ഞെടുത്തപ്പോൾ ഞാൻ ഉള്ള പാടവും പറമ്പുമായി ഇവിടെക്കൂടി. എക്കാലവും ഒളിവും മറയുമില്ലാത്ത മിത്രങ്ങൾ, അത്രയേ ഉള്ളൂ”. ശേഖരൻ ഹരിയുടെ വാക്കുകൾക്കിടയിലേക്ക് കയറി.

“ഇതുപോലെ, അത്ര ലളിതമായി പറഞ്ഞു തീർക്കാൻ പറ്റിയ ഒരു കാര്യമാണോ? ഞങ്ങൾ രണ്ടാൾക്കും ഓരോ കുടുംബങ്ങളുണ്ട്. വയസ്സുകാലത്ത് അച്ഛൻ ഇത്തരം കോപ്രായങ്ങൾ കാട്ടിക്കൂട്ടിയാൽ ഞങ്ങളെന്ത് ചെയ്യാനാ? അച്ഛന് ഒരു കുറവും വരുത്താതെ ഞങ്ങൾ നോക്കിക്കൊള്ളാമെന്ന് പല പ്രാവശ്യം പറഞ്ഞതാണ്. പക്ഷേ, അച്ഛന് അതൊന്നുമല്ലല്ലോ ആവശ്യം. വയസ്സുകാലത്ത് മക്കളെ നാണംകെടുത്തിയേ അടങ്ങൂ”. രോഷാകുലയായ ലക്ഷ്മിയുടെ വാക്കുകൾ വെടിയുണ്ടകൾ പോലെ തെറിച്ച് വീണു.

“അച്ഛനോട് നേരിൽ സംസാരിക്കാനാണ് ഞങ്ങളെത്തിയത്. ഇതുണ്ടാക്കാൻ പോകുന്ന ഭവിഷ്യത്ത് ആരും വിലകുറച്ചു കാണണ്ട. അമ്മ മരിച്ചിട്ട് ഒരു കൊല്ലംപോലും ആയിട്ടില്ല, അതിനിടയിൽ മറ്റൊരു വിവാഹം, പത്തറുപത്തഞ്ച് വയസ്സുണ്ടല്ലോ, ഒരല്പം ജാള്യത വേണ്ടേ? എന്നെക്കൊണ്ട് ഒന്നും പറയിക്കേണ്ട …” ഹരിയുടെ അമർഷം നുരഞ്ഞുപൊന്തി.

“നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകുന്നുണ്ട്. എന്നാൽ പലസ്ഥലങ്ങളിലും ഒരു ചേർച്ചയില്ലായ്മ കാണുന്നുമുണ്ട്. ഗൗരിയുടെ മരണക്കിടക്കയിൽ പോലും ഒരാഴ്ച നാട്ടിൽ വന്ന് നിൽക്കാൻ നിങ്ങൾക്ക് രണ്ടാൾക്കും കഴിഞ്ഞില്ല. നിങ്ങളുടെ തിരക്കുകൾ അറിയാഞ്ഞിട്ടല്ല, എങ്കിലും ഗൗരി അത് എത്രത്തോളം ആശിച്ചിരുന്നുവെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ, അച്ഛൻ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുവെന്ന് തോന്നിയപ്പോഴേക്കും നിങ്ങൾ പറന്നെത്തി. ഈ ആവേശം അമ്മയുടെ മരണക്കിടക്കയിൽ ആകാമായിരുന്നു”. ശേഖരൻ രണ്ടാളെയും മാറിമാറി നോക്കി.

മുറ്റത്ത് കാൽപ്പെരുമാറ്റം കേട്ട് ശേഖരൻ അങ്ങോട്ടേക്ക് തിരിഞ്ഞു.

“കുമാരനോ,… പാടം കൃഷിക്ക് ഒരുക്കാനുള്ള ഏർപ്പാടുകൾ ചെയ്യണം. പണിയായുധങ്ങൾ എല്ലാം തയ്യാറാക്കി വയ്ക്കണം, അതിനാണ് വരാൻ പറഞ്ഞത്”. ശേഖരന്റെ വാക്കുകൾക്ക് തലയാട്ടുമ്പോഴും കുമാരന്റെ കണ്ണുകൾ ഹരിയുടെ മുഖത്ത് തറയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട ശേഖരൻ കുമാരനോടായി പറഞ്ഞു.

“മുകുന്ദന്റെ മക്കളാ, ഇന്ന് രാവിലെ എത്തി”.

“മുകുന്ദൻകുഞ്ഞിന്റെ മക്കളാണോ, പണ്ടൊക്കെ എപ്പോഴും ദുർഗ്ഗക്കുഞ്ഞിന്റെ കൂടെ കാണാമായിരുന്നു. ഇപ്പോൾ കാലങ്ങൾ എത്രയായി കണ്ടിട്ട്. ഗൗരിയമ്മയുടെ മരണത്തിന് മോൾക്ക് വരാൻ പറ്റിയില്ല അല്ലേ? ” ഒരല്പം ഈർഷ്യ ആ മുഖത്ത് തെളിഞ്ഞിരുന്നുവോയെന്ന് ശേഖരന് തോന്നി.

“ഓരോരോ ജീവിത സാഹചര്യങ്ങളും തിരക്കുമല്ലേ? അമ്മയെ വന്നു കണ്ടുമടങ്ങി മൂന്നിനല്ലേ ഗൗരി പോയത്… കുട്ടികളുടെ അവസ്ഥയും നമ്മൾ ചിന്തിക്കേണ്ടേ, കുമാരൻ ചെല്ല്… എല്ലാവരോടും രാവിലെ തന്നെ എത്താൻ പറയണം. വെയിൽ ഉറച്ചാൽ പിന്നെ പണിനീങ്ങില്ല” ശേഖരൻ കൂട്ടിച്ചേർത്തു.

“ഈ ചായഗ്ലാസൊക്കെ എടുത്ത് അകത്തു കൊണ്ടുപോകാൻ ജാനുച്ചേച്ചിയോട് പറയ്”. ഭിത്തിയും ചാരി നിശബ്ദമായി നിൽക്കുന്ന ദുർഗ്ഗയോടായി ശേഖരൻ പറഞ്ഞു.

“അപ്പോൾ ഞങ്ങൾ ഇറങ്ങുന്നു. ശേഖരമ്മാവൻ ഇന്നുതന്നെ വീട്ടിലേക്കൊന്നു വരണം. ഇലക്കും മുള്ളിനും കേടില്ലാതെ ഇതൊന്നു ഒഴിവാക്കിത്തരണം. ഇതിനായി കളയാൻ സമയമില്ല”, ഷൂസിനുള്ളിലേക്ക് കാലു കയറ്റുന്നതിനിടെ ഹരി പിറുപിറുത്തു.

തന്നെയൊന്ന് നോക്കുകപോലും ചെയ്യാതെ നടന്നു നീങ്ങുന്ന ഹരിയെ നോക്കി ദുർഗ്ഗ ചിന്തയിലാണ്ടു. പണ്ടൊക്കെ ഹരിയേട്ടനും ലക്ഷ്മിച്ചേച്ചിയും താനും ആയിരുന്നു ഒരു സംഘം. എവിടെയും ഒരുമിച്ചു മാത്രം പ്രത്യക്ഷപ്പെടുന്നവർ. കൊള്ളസംഘം എന്നായിരുന്നു മുകുന്ദൻമാമൻ തങ്ങൾക്കിട്ടിരുന്ന പേര്. എല്ലാ കുറുമ്പുകൾക്കും ഒരേ കുടക്കീഴിൽ സഞ്ചരിച്ചവർ. വളർന്നപ്പോൾ അത് പ്രണയമായി.

മെഡിസിന് അഡ്മിഷൻ കിട്ടി പോയപ്പോൾ എന്തുമാത്രം വിഷമിച്ചിരുന്നു തങ്ങൾ. പക്ഷേ ക്രമേണ ആ മനസ്സിൽ താൻ ആരുമല്ലാതായി. മറ്റൊരു ഡോക്ടറെ ഭാര്യയാക്കാൻ തീരുമാനമെടുത്തപ്പോൾ അതിൽ വിഷമം മുകുന്ദനമ്മാവന് മാത്രമായിരുന്നു. രണ്ടു മക്കളും പഠിച്ച് ഉയർന്ന സ്ഥാനങ്ങളിൽ എത്തിയപ്പോൾ ഈ വീട്ടിലേക്കുള്ള വഴി അവർ മറന്നു. വിവാഹം കഴിഞ്ഞ് അന്യരാജ്യങ്ങളിലേക്ക് ചേക്കേറിയതിനുശേഷം ഗൗരിയമ്മയുടെ മരണത്തിനാണ് കണ്ടുമുട്ടിയത്. ആ ചടങ്ങിനും ഹരിയേട്ടന്റെ കുട്ടിയും ഭാര്യയും എത്തിയിരുന്നില്ല. ചെറുപുഞ്ചിരിയിൽ ഹരിയേട്ടൻ തന്നെ മാറ്റി നിർത്തി. അവരുടെ ജീവിതനിലവാരം തനിക്കില്ലെന്ന് അവർ ചിന്തിക്കുന്നുണ്ടാകും. കൊക്ക് മീൻ തിന്നുന്നത് കണ്ട് കുളക്കോഴിക്ക് നെഞ്ചെരിഞ്ഞാലോ?

“പഴയതൊന്നും ആലോചിച്ചുകൂട്ടണ്ട. മുകുന്ദനുള്ള ആഹാരം പാത്രത്തിലാക്കിത്തരാൻ ജാനുച്ചേച്ചിയോട് പറയു. ഞാൻ വരാൻ വൈകും, എന്നെ കാത്തിരിക്കേണ്ട, നിങ്ങൾ കിടന്നോളൂ”. ശേഖരൻ മോളോടായി പറഞ്ഞു.

എന്തായാലും മുകുന്ദന്റെ വീട്ടിലേക്ക് പോകുമ്പോൾ ജാനകിട്ടീച്ചറിനെ കൂടി കൂട്ടണം. അവന്റെ ഒരേയൊരു പെങ്ങളാണല്ലോ, അവരുടെ അഭിപ്രായവും അറിയണം, അയാളോർത്തു.

“ഞാനിപ്പോൾ ടീച്ചറെ കാണണമെന്ന് വിചാരിച്ചതെയുള്ളൂ. ഇങ്ങനെ അമ്പലത്തിലെ പുണ്യം മുഴുവൻ നിങ്ങൾ അച്ചിയും നായരും വാങ്ങിത്തീർക്കുന്നതുകൊണ്ടാണ് നാട്ടിലെ മറ്റെല്ലാവരെയും ദൈവങ്ങൾ മറക്കുന്നത്”. ശേഖരൻ മുരളിനായരുടെ തോളിൽ തട്ടി ചിരിച്ചു.

ഒരുമിച്ച് നടന്നു നീങ്ങുന്നതിനിടയിൽ അവരുടെ സംസാരം മുകുന്ദനെക്കുറിച്ചായി.

“ഞങ്ങൾ വരുന്നതിൽ തടസ്സമൊന്നുമില്ല. എന്നാൽ കുട്ടികൾ എത്രത്തോളം നമ്മുടെ വാക്കുകൾ അംഗീകരിക്കുമെന്നതിൽ ഒരു നിശ്ചയവുമില്ല. ജീവിതത്തിന്റെ നല്ലൊരു ഭാഗവും പ്രവാസത്തിന് കൊടുത്തു. എന്നിട്ട് ഇപ്പോൾ… ” അവരുടെ വാക്കുകൾ കൂടപ്പിറപ്പിനെക്കുറിച്ചുള്ള ആധിയിൽ പാതിയിൽ മുറിഞ്ഞു.

“ആ.. എല്ലാരുമുണ്ടല്ലോ,ഞാൻ പ്രതീക്ഷിച്ചിരുന്നു” ചാരുകസേരയിലിരുന്ന മുകുന്ദൻ ചെറുപുഞ്ചിരിയോടെ പറഞ്ഞു.

അച്ഛന്റെ ഒച്ചകേട്ട് മക്കൾ മുറിക്ക് പുറത്തേക്ക് വന്ന് എല്ലാവരെയുംനോക്കി ഒന്ന് വെളുക്കെച്ചിരിച്ചു.

“മുകുന്ദാ, നിന്റെ മക്കൾ മുന്നോട്ടുവയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. അവർക്ക് നിന്റെ തീരുമാനം അറിയണം”. അത്താഴം അടങ്ങിയ പാത്രം മുകുന്ദന്റെ നേർക്ക് നീട്ടി ശേഖരൻ തുടർന്നു.

“നിന്നെ കൂടെകൊണ്ടുപോയി പൊന്നുപോലെ നോക്കാൻ അവർ തയ്യാറാണ്, നീ പോകാത്ത താമസമേ ഉള്ളൂ. അതുമല്ലെങ്കിൽ ജാനുച്ചേച്ചിയെപ്പോലെ ഒരാളെ ആഹാരം പാകം ചെയ്യാനും അടിച്ചു വാരാനും ഒക്കെയായി കണ്ടുപിടിക്കാനുള്ള ദൗത്യം എനിക്ക് തന്നിട്ടുണ്ട്. ഇതിലേതാണ് നിന്റെ തീരുമാനം എന്നാണ് അവർക്കറിയേണ്ടത്. കുട്ടികളുടെ തിരക്ക് നിനക്കറിയാമല്ലോ? നീയെന്ന വയസ്സന്റെ മുതുകൂത്തിന് കളയാൻ അവർക്ക് സമയമില്ല”. ശേഖരന്റെ സ്വരത്തിലെ കടുപ്പം എല്ലാവരും തിരിച്ചറിഞ്ഞു.

“അപ്പച്ചിക്ക് കാര്യങ്ങൾ അറിയാമല്ലോ? അമ്മ മരിച്ചിട്ട് ഒരാണ്ടുപോലും തികഞ്ഞിട്ടില്ല. അച്ഛൻ ഒറ്റക്ക് പണിചെയ്ത് സമ്പാദിച്ചപ്പോൾ, അമ്മ ഞങ്ങളെ വളർത്തിയത് ഒറ്റക്ക് തന്നെയാണ്. കാശുകൊണ്ട് എല്ലാം തികയില്ല. അമ്മയുടെ ചിത കെട്ടടങ്ങുംമുമ്പ് മറ്റൊരാളെ കൈപിടിച്ചു കയറ്റാൻ എന്താ ഇത്ര ധൃതി… വെറുതെ നാട്ടുകാരെക്കൊണ്ട് പറയിക്കാൻ”. മകൾ തന്റെ അസ്വസ്ഥതകൾ എല്ലാം പുറത്തെടുത്തു.

“ഏട്ടന്റെ നല്ല കാലമെല്ലാം ഈ കുടുംബത്തിനുവേണ്ടിയായിരുന്നു ചെലവഴിച്ചത്. ഒരു അതിഥിയെപ്പോലെ സമ്മാനപ്പൊതികളുമായി എത്തുന്ന അച്ഛനെമാത്രമേ നിങ്ങൾക്ക് പരിചയമുള്ളു. ആ അച്ഛൻ അനുഭവിച്ചിട്ടുള്ള ജീവിതവ്യഥകളെക്കുറിച്ച് ഒരുവേളയെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? രണ്ടുമൂന്നു വർഷം ഗൗരി കിടന്നപ്പോഴല്ലേ അവർ സ്ഥിരമായി ഒരുമിച്ചത്. നിങ്ങൾ ആരെങ്കിലും ഉപകരിച്ചോ അവൾക്ക്? ഇപ്പോൾ നിങ്ങളുടെ അച്ഛന് കൂട്ടിനായി കുറേ രോഗങ്ങൾ മാത്രമാണുള്ളത്. ഇപ്പോൾ ഇവിടെ നിങ്ങൾ രണ്ടാളും ഉണ്ടല്ലോ, പക്ഷേ ഇന്നും ദുർഗ്ഗ പൊതികെട്ടേണ്ടിവന്നു അത്താഴമൂട്ടാൻ. ഇതാണോ നിങ്ങൾ പ്രസംഗിക്കുന്ന ഉത്തരവാദിത്വം”. ദേവകിട്ടീച്ചർ ചൊടിച്ചു.

“പത്തറുപത് വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കണമെന്നത് മുകുന്ദന്റെ തീരുമാനമാണ്. ഒറ്റപ്പെടലിന്റെ ശ്വാസംമുട്ടൽ അവന് മടുത്തിട്ടുണ്ടാകും. നിങ്ങൾക്ക് വേണ്ടിത്തന്നെയല്ലേ അവൻ ഇത്രകാലവും ജീവിച്ചത്. ഈ സായന്തനത്തിലെങ്കിലും മനസ്സമാധാനമായിരുന്നോട്ടെ, ഒന്നു മിണ്ടിപ്പറഞ്ഞിരിക്കാൻ ഗൗരിയുടെ ഓർമ്മകൾക്കാവില്ലല്ലോ”. മുരളി രംഗം തണുപ്പിക്കാൻ ശ്രമിച്ചു.

“അമ്മയുടെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാനേ ഞങ്ങൾക്ക് കഴിയില്ല. മക്കളെ നോക്കുന്നത് മാതാപിതാക്കളുടെ കടമയാണ്, അല്ലാതെ കണക്ക് പുസ്തകത്തിൽ കുറിച്ചിടാനുള്ളതല്ല. ആരെന്തൊക്കെ പറഞ്ഞാലും ഈ നാണംകെട്ട കാര്യത്തിന് ഞങ്ങൾ മക്കളെ കിട്ടില്ല. ഞങ്ങൾക്ക് തലയുയർത്തിപ്പിടിച്ച് നടക്കണം. കയ്യിൽ പൂത്ത പണമുണ്ടല്ലോ, അപ്പോൾ സകല ചെറ്റത്തരത്തിനുമോശാനപാടാൻ ആളുണ്ടാകും”. ഹരി ശേഖരനെ ഒന്നിരുത്തി നോക്കി.

“നീ എന്നും വിലമതിക്കുന്നത് പണത്തിനാണെന്ന് എന്റെ അനുഭവംകൊണ്ട് ഞാൻ പഠിച്ചതാണ്. എന്നാൽ എന്നെ നീ ആ ഗണത്തിൽ പെടുത്തേണ്ട. എനിക്ക് ഹൃദയബന്ധങ്ങൾക്ക് മേൽ മറ്റൊന്നുമില്ല. എന്റെയും മുകുന്ദന്റെയും ഹൃദയബന്ധം അളക്കാൻ നീ കഴുത്തിൽ തൂക്കുന്ന ആ സ്റ്റെതസ്കോപ്പിനാകില്ല. അതുകൊണ്ടുതന്നെ നിനക്കായി കളയാൻ എനിക്ക് സമയവും താല്പര്യവുമില്ല. ” ശേഖരൻ പുച്ഛഭാവത്തിൽ ഹരിയെ നോക്കി.

“പിന്നെന്തേ ശേഖരമ്മാവൻ ഗീതമാമി മരിച്ചപ്പോൾ ഒന്നുകൂടി കെട്ടിയില്ല, മിണ്ടിപ്പറയണ്ടായിരുന്നോ?” ലക്ഷ്മി വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു.

“ഞാൻ വളർത്തിയത് മനുഷ്യനെ മനസ്സിലാക്കാൻ പാകപ്പെട്ട ഒരു മകളെയാണ്. എനിക്ക് മിണ്ടാനും പറയാനും മകളും കൊച്ചുമക്കളും കൂട്ടിനുണ്ടാകുമെന്ന് ഉറപ്പുണ്ട്. നിന്റെ അച്ഛന്റെ പൂത്ത പണത്തിൽ നിനക്കുള്ള കണ്ണ് എന്റെ കാര്യത്തിൽ അവൾക്കില്ല. അല്ലപിന്നെ, വേണ്ട.. വേണ്ടാന്ന് വെക്കുമ്പോൾ തലയിൽ കയറുന്നു”. ശേഖരൻ തന്റെ തോളിലെ തോർത്തെടുത്ത് ഒന്നാഞ്ഞു കുടഞ്ഞു.

“ആരും തർക്കിക്കേണ്ട, ഇതിൽ എന്റെ തീരുമാനം തന്നെയാണ് പ്രധാനം. ഇനി ഏകാന്തത നിറഞ്ഞ ജീവിതം ഞാൻ ഉദ്ദേശിക്കുന്നില്ല. വീട് വക്കാനും മക്കളെ പഠിപ്പിക്കാനും, അവർക്ക് മികച്ച ജീവിതം ഉണ്ടാക്കാനുമായുള്ള നെട്ടോട്ടത്തിൽ ഞാൻ മറന്നത് സ്വയം ജീവിക്കാനാണ്. മക്കളുടെ എല്ലാ കാര്യങ്ങളിലും നിഴലുപോലെ നിന്ന നിങ്ങളുടെ അമ്മയുടെ കാര്യത്തിൽ നിങ്ങൾ കാണിച്ചതെന്താണെന്ന് എനിക്ക് നന്നായറിയാം. ഒരാളെ കൂട്ടിന് കിട്ടിയാൽ, ഞാൻ അതുമായി മുന്നോട്ടുപോകും. ആർക്കും ബാധ്യതയാകാൻ തയ്യാറല്ല. വാരിക്കോരിത്തന്ന് തന്നെയാണ് നിങ്ങളെയിവിടം വരെ എത്തിച്ചത്. ജീവിതത്തിൽ മിച്ചമുണ്ടായാൽ അതും നിങ്ങൾക്കുണ്ടാകും. ഉറപ്പൊന്നും പറയാനില്ല. ഈ കാര്യത്തിൽ ഇനി മറ്റൊരു സംസാരവുമില്ല. ഗൗരിയോടുള്ള എന്റെ പ്രിയം, അത് തെളിയിക്കേണ്ട ബാധ്യത അവളുടെ അസാന്നിധ്യത്തിൽ എനിക്കില്ലതാനും. അച്ഛന്റെ കൂടെ കുറച്ചു ദിവസം നിൽക്കാനാണ് മക്കൾ വന്നതെങ്കിൽ സന്തോഷം, അതല്ല മറ്റെന്തെങ്കിലും ആണ് ഉദ്ദേശമെങ്കിൽ….” അയാളുടെ വാക്കുകൾക്ക് വല്ലാത്ത പ്രഹരശേഷി ഉണ്ടായിരുന്നു.
സായന്തനത്തിലും പിൻവിളിക്ക് കാതോർക്കരുതെന്ന്, സ്വന്തം ജീവിതത്തിൽ നിന്ന് പഠിച്ച പ്രവാസിയുടെ ഉറച്ച തീരുമാനത്തിന്റെ പ്രകമ്പനം കൂടിനിന്നവരുടെ കാതുകളിൽ മുഴങ്ങി.

അതിരാവിലെ മക്കൾ യാത്രക്കിറങ്ങുമ്പോൾ, അടുത്ത വരവിൽ കുടുംബസമേതം എത്തണമെന്ന് ഓർമിപ്പിക്കാൻ അയാൾ മറന്നില്ല.

വര : Dr. ശ്രീകാന്ത് രാമചന്ദ്രൻ

കവർ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like