പൂമുഖം LITERATUREകഥ നീല ജനലുകളുള്ള വീട്

നീല ജനലുകളുള്ള വീട്

രാവിലെ ആറുമണിക്കുള്ള ചെന്നൈ മെയിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോൾ ആരും വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ശങ്കരേട്ടനോട് വരണ്ട എന്ന് പ്രത്യേകം പറഞ്ഞിരുന്നതാണ്. പ്രായമായ ആ മനുഷ്യനെ വെറുതെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി, അല്ലെങ്കിൽതന്നെ ഒരുപാട് സഹായം ചെയ്തുതരുന്നുണ്ട്. ട്രെയിൻ ഇറങ്ങി രണ്ടടി വെച്ചപ്പോളുണ്ട് പ്ലാറ്റുഫോമിലെ സിമന്‍റ് ബെഞ്ചിൽ ശങ്കരേട്ടൻ. തന്നെ കണ്ടതും ഓടിവന്ന് ബാഗെടുത്തു. വേണ്ടെന്ന് പറഞ്ഞുനോക്കി. ആരു കേൾക്കാൻ! ബാഗും ചുമന്നുകൊണ്ടുള്ള ആ മനുഷ്യന്‍റെ നടപ്പ് കണ്ടാൽ തോന്നും അങ്ങേർക്ക് എന്നെക്കാൾ പ്രായം കുറവാണെന്ന്…! പാടത്തും പറമ്പിലും പണി എടുക്കുന്ന ശങ്കരേട്ടന് എന്‍റെ ബാഗ് വെറും പുഷ്പം.

‘കണ്ടിട്ട് മൂന്ന് കൊല്ലമായി അല്ലേ കുട്ടീ’- ശങ്കരേട്ടൻ ചോദിച്ചു. അമ്പത് വയസ്സ് കഴിഞ്ഞ ഞാൻ അദ്ദേഹത്തിന്‍റെ കണ്ണിൽ ഇപ്പോഴും കുട്ടിയാണ്.

‘അതേ ശങ്കരേട്ടാ, കൊറോണ ഒക്കെ ആയിരുന്നില്ലേ. അതാണ് ഇടയ്ക്ക് വരാഞ്ഞത്’.

‘അച്ഛനും അമ്മയും പോയെങ്കിലും ഞങ്ങളൊക്കെ ഇവിടെത്തന്നെയുണ്ട്. ഇടയ്ക്ക് വരണം’.

‘അറിയാഞ്ഞിട്ടല്ല … നാടിനോടും വീടിനോടും ഇഷ്ടമില്ലാഞ്ഞിട്ടുമല്ല. എന്തോ…. പഴയ ഓർമകൾ മനസ്സിന് ദുഃഖം മാത്രമെ തരൂ’. ടാക്സിയിൽ കയറുേമ്പാൾ അവൾ പറഞ്ഞു.

എല്ലാം അറിയുന്ന ശങ്കരേട്ടൻ ഒന്നും മിണ്ടിയില്ല. ഇനി വീട് വിൽക്കാനാണ് വന്നിരിക്കുന്നതെന്ന് അറിഞ്ഞാൽ എന്തു പറയുമോ എന്തോ?ടൗണിലൂടെ ഓടുന്ന കാറിലിരുന്ന് രണ്ടു ഭാഗത്തേക്കും കണ്ണ് ഓടിച്ചപ്പോൾ ഒരുപാട് മാറ്റങ്ങൾ ശ്രദ്ധയിൽപെട്ടു. മൂന്നുകൊല്ലത്തിൽ ഇത്ര മാറ്റമോ! ഒരു നഗരത്തിൽ എത്തിച്ചേർന്ന പ്രതീതി. അരമണിക്കൂർ കഴിഞ്ഞപ്പോൾ കാർ ഗ്രാമപ്രദേശത്ത് എത്തി. കണ്ടുമറന്ന നാട്ടുവഴികൾ, വലിയ മാറ്റമൊന്നും ഇല്ല. ദൂരെ നിന്നേ കണ്ടു, നീല ചായമിട്ട ജനലുകളുള്ള വീട്.

എനിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് ഞാനും അച്ഛനും അമ്മയും ആ വീട്ടിൽ താമസമാക്കിയത്. നടവഴിയിൽ മണൽ പാകിയ, മുറ്റം നിറയെ പൂച്ചട്ടികളുള്ള ഉമ്മറത്ത് നീളൻ വരാന്തയുള്ള, നിറയെ കാറ്റും വെളിച്ചവുമുള്ള വീട്. ചെറിയ മുറികളും വലിയ ജനലുകളുമുള്ള എന്‍റെ വീട്. കുട്ടിക്കാലം മുഴുവൻ ഞാൻ ചെലവിട്ടത് ഇവിടെയാണ്. ഈ ജനലുകൾ എപ്പോഴും തുറന്നുകിടന്നു, എന്‍റെ അച്ഛന്‍റെയും അമ്മയുടെയും മനസ്സുപോലെ.


ഒരു ദിവസം ദേവകിയമ്മ മുറ്റം അടിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ചെറിയ ശബ്ദം കേട്ടു. ഞാൻ മുറ്റത്തെ മാവിൽ താഴ്ത്തിക്കെട്ടിയ ഊഞ്ഞാലിലിരുന്ന് ആടുകയാണ്.
‘ദേവകിയമ്മേ, ആ കുട്ടി എന്‍റെ കൂടെ കളിക്കാൻ വരുമോ?’ അന്നാണ് ഞാൻ ആദ്യമായി അർജുനനെ കണ്ടത്. നീല നിക്കറും മഞ്ഞ ഷർട്ടും ധരിച്ച് വെളുത്തു മെലിഞ്ഞ് വലിയ കണ്ണുകളുള്ള ഒരു കുട്ടി.
‘മോൻ തന്നെ അടുത്തുവന്ന് ചോദിച്ചു നോക്കൂ’ ദേവകിയമ്മ പറഞ്ഞു.
‘എനിക്ക് മടിയാ, ദേവകിയമ്മ ചോദിച്ചാ മതി’.
ദേവകിയമ്മ ആ നാണക്കാരനെ കൈയോടെ പിടിച്ചുകൊണ്ടുവന്ന് എന്‍റെ മുന്നിൽ നിർത്തി.
‘കുട്ടിക്കിനി കളിക്കാൻ ആരൂല്യ എന്നുള്ള ആവലാതി വേണ്ട. രണ്ടാളും കൂടി കളിച്ചോളൂ. അപ്പുറത്തെ ഡോക്ടറമ്മയുടെ മോനാണ്.’


അർജുൻ എന്ന അജു അന്നുതൊട്ട് എന്‍റെ കളിക്കൂട്ടുകാരനായി. എന്‍റെ വീടിന്‍റെ ഇടതുഭാഗത്താണ് അർജുന്‍റെ വീട്. രണ്ട് വീടിന്‍റെയും ഇടക്ക് വലിയ തെങ്ങിൻതോപ്പുണ്ട്. അർജുന്‍റെ വീട്ടിൽ അച്ഛച്ഛനും അച്ഛമ്മയുമുണ്ട്. അമ്മ ടൗണിലെ വലിയ ഹോസ്പിറ്റലിൽ ഡോക്ടറാണ്. അച്ഛൻ വളരെ മുമ്പ് ഒരു അപകടത്തിൽ മരിച്ചു. ടൗണിലെ സ്കൂളിൽ രണ്ടാംക്ലാസിലാണ് അർജുൻ പഠിക്കുന്നത്. എന്നേക്കാൾ നാലുവയസ്സ് കൂടുതലുണ്ട്. എന്നാലും ഞാൻ ഏട്ടാ എന്നു വിളിക്കാതെ അജു എന്നു വിളിച്ചു. രാവിലെ അമ്മയുടെ കൂടെ കാറിൽ കയറി അജു സ്കൂളിൽ പോവും. വൈകീട്ട് തിരിച്ചുവന്നാൽ വേഗം യൂനിഫോം മാറി എന്തെങ്കിലും കഴിച്ചെന്നു വരുത്തി എന്‍റെ വീട്ടിലേക്ക് ഓടിവരും. സന്ധ്യ മയങ്ങുന്നതുവരെ ഞങ്ങൾ മുറ്റത്തും പറമ്പിലും കളിക്കും. പറമ്പിന്‍റെ അതിരിലുള്ള മുളംകൂട്ടത്തിന്‍റെ അടുത്ത് തത്തമ്മയെ കാണാൻ പോവും. അപ്പോൾ മാത്രം ശങ്കരേട്ടൻ ദേഷ്യപ്പെടും. ‘അവടേക്കൊന്നുംതന്നെ പോവണ്ട കുട്ട്യോളെ. വലിയ കരിമൂർഖനുണ്ട് അവടെ. ന്തേ, കുട്ട്യോൾക്ക് വിശ്വാസായില്ല്യേ?’ അവിടെക്കിടന്ന പാമ്പിന്‍റെ പൊഴിഞ്ഞ പടം ഒരു ചുള്ളിക്കമ്പെടുത്ത് ശങ്കരേട്ടൻ ഉയർത്തിക്കാണിച്ചു. ഞങ്ങൾ രണ്ടുപേരും പേടിച്ചോടി.
സന്ധ്യയായാൽ അർജുന്‍റെ അച്ഛമ്മ അവിടത്തെ വെപ്പുകാരൻ നാരായണൻ നായരെ അയയ്ക്കും അർജുനെ വീട്ടിലേക്ക് വിളിക്കാൻ. മിക്കവാറും അജു പോവില്ല. എന്‍റെ അച്ഛൻ ഓഫീസിൽനിന്ന് തിരിച്ചെത്തിയാൽ കൂടെ വർത്തമാനം പറഞ്ഞിരിക്കാൻ അജുന് വലിയ ഇഷ്ടമാണ്. അപ്പോഴാണ് സ്കൂളിലെ വിശേഷങ്ങളൊക്കെ പറയാറ് . ആരോടും അധികം സംസാരിക്കാത്ത അർജുൻ എന്‍റെ അച്ഛനുമായി വേഗം അടുത്തു. ചിലദിവസം രഅത്താഴവും കഴിഞ്ഞാണ് അച്ഛൻ അജുനെ വീട്ടിൽ കൊണ്ടുപോയാക്കുക.

ശനിയും ഞായറും മുഴുവൻ സമയവും ഞാനും അജുവും കളിതന്നെ. ഞങ്ങൾ ശങ്കരേട്ടന്‍റെ കൂടെ പറമ്പിലൊക്കെ ചുറ്റിനടക്കും. തെങ്ങിനും കവുങ്ങിനും വാഴക്കും വെള്ളം തിരിച്ചുവിടുന്നത് നോക്കിനിൽക്കും. തെങ്ങിൻതടത്തിലെ വെള്ളത്തിൽ ചാടിക്കളിക്കും. അമ്മ വന്ന് ദേഷ്യപ്പെടുന്നതുവരെ ‘വെയില് കൊണ്ട് കുട്ടി ആകെ കറുത്ത് കരുവാളിച്ചു, ആ പാവം പിടിച്ച അർജുൻ നിന്‍റെ കൂടെ കൂടി വികൃതിത്തരം ഒക്കെ പഠിച്ചിരിക്കുന്നു’ ഉച്ചതിരിഞ്ഞാൽ ഞങ്ങൾ മണൽതിട്ടയിൽ മുകളിൽനിന്ന് താഴേക്ക് ഉരുണ്ടുകളിക്കും. ശങ്കരേട്ടൻ കഷ്ടപ്പെട്ട് പണിക്കാരെ നിർത്തി തേച്ചുമിനുക്കിയ മണൽതിട്ട മുഴുവൻ താറുമാറാവും. എന്നാലും പാവം ഒന്നും പറയില്ല. പറമ്പിന്‍റെ അതിരിൽ ഒരു ചെറിയ തോടുണ്ട്. അവിടെ നിറയെ കൈതക്കാടുണ്ട്. അവിടേക്ക് ഞങ്ങൾ ഒരിക്കൽ പോയപ്പോൾ മാത്രമാണ് ശങ്കരേട്ടൻ ദേഷ്യപ്പെട്ടത്. ‘മക്കളെ, അവിടെ പാമ്പുണ്ടാവും, പോരാത്തതിന് കൈതമുള്ള് കൈയിലോ കാലിലോ തട്ടിയാലോ. ശങ്കരേട്ടൻ ഇല്ലാതെ അങ്ങോട്ടൊന്നും പോവാൻ പാടില്ല ട്ടോ ’

വേനലവധിക്ക് ശേഷം സ്കൂൾ തുറന്നപ്പോൾ എന്നെയും സ്കൂളിൽ ചേർത്തു. ഞാനും രാവിലെ ഡോക്റമ്മയുടെ കാറിൽ കേറി അർജുന്‍റെ കൂടെ സ്കൂളിൽ പോവാൻ തുടങ്ങി. എന്നെ നഴ്സറി ക്ലാസിൽ കൊണ്ടിരുത്തി അർജുൻ പോയപ്പോൾ എനിക്ക് കുറേശ്ശെ കരച്ചിൽ വരാൻ തുടങ്ങി. അപ്പോഴേക്കും ടീച്ചർ വന്ന് എല്ലാവർക്കും മിഠായി തന്നു. പിന്നെ പാട്ടും കഥപറച്ചിലുമായി സമയം പോയി. ഇന്റർവെൽ സമയത്ത് ഞാൻ അർജുന്‍റെ ക്ലാസിലേക്ക് ഓടിപ്പോയി. പിന്നെ വളരെ പണിപ്പെട്ടാണ് ടീച്ചർ എന്നെ എടുത്ത് ക്ലാസിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് ക്ലാസിൽ കൂട്ടുകാരായി. എന്നാലും ഇന്‍റർവെൽ സമയത്ത് ഞാനും അജുവും ഒന്നിച്ച് കളിച്ചു, ഒന്നിച്ച് ഭക്ഷണം കഴിച്ചു. സ്കൂളിലും വീട്ടിലും ഞങ്ങൾ എപ്പോഴും ഒന്നിച്ചുതന്നെ ആയിരുന്നു. അതുകണ്ട് അർജുന്‍റെ അച്ഛമ്മ പറയും ‘ഈ സ്നേഹം എന്നും ണ്ടാവണം, ന്നാ വലുതായാ രണ്ടിനെയും പിടിച്ച് കല്യാണം കഴിപ്പിച്ചുതരാം’. ശങ്കരേട്ടനും ദേവകിയമ്മയും എപ്പോഴും പറയും ‘മിണ്ടാട്ടമില്ലാഞ്ഞിരുന്ന അജുകുട്ടന് ശ്രീക്കുട്ടി വന്നപ്പോഴാണ് ഒരു ജീവനൊക്കെ വെച്ചത്’….
അയ്യോ, ഞാൻ എന്‍റെ പേര് പറഞ്ഞില്ല. ശ്രീദേവി, അതാണ് എന്‍റെ പേര്. എല്ലാവരും ശ്രീക്കുട്ടീന്ന് വിളിക്കും.

അഞ്ചാംക്ലാസ് കഴിഞ്ഞപ്പോ ഡോക്ടറമ്മയും അച്ഛച്ഛനും കൂടി അജുനെ ദൂരെയുള്ള ബോർഡിങ് സ്കൂളിൽ കൊണ്ടുപോയാക്കി. ഞങ്ങൾ രണ്ടുപേരും കുറെ കരഞ്ഞു. രാത്രി അച്ഛൻ എന്നെ മടിയിലിരുത്തി സമാധാനിപ്പിച്ചു.
‘അവൻ വലിയ സ്കൂളിൽ പഠിച്ച് നന്നായി വലിയ ഡോക്ടറാവട്ടെ. നീ നന്നായി പഠിച്ചാൽ നിന്നെയും ആ സ്കൂളിൽ കൊണ്ടുപോയാക്കാം’.
‘അതെന്താ ഇവിടത്തെ സ്കൂളിൽ പഠിച്ചാൽ നന്നാവില്ലേ’ എന്‍റെ തർക്കുത്തരം കേട്ട് അച്ഛൻ ചിരിച്ചു. എന്തായാലും പത്താംക്ലാസ് കഴിയുന്നതുവരെ ഞാൻ അടുത്തുള്ള സ്‌കൂളിൽതന്നെ പഠിച്ചു. രണ്ടുദിവസം ലീവ് കിട്ടിയാൽ അജു ബോർഡിങ്ങിൽനിന്ന് വീട്ടിലേക്ക് ഓടിവരും. തിരിച്ചുപോവുമ്പോൾ ഞാനും അച്ഛനും കൂടെ വരണമെന്ന് ശാഠ്യം പിടിക്കും. അങ്ങനെ ഒരിക്കൽ ഞങ്ങളും കൂടെപ്പോയി. എന്ത് വലിയ സ്കൂളായിരുന്നെന്നോ …. ഒരറ്റത്തുനിന്ന് നോക്കിയാൽ മറ്റേ അറ്റം കാണില്ല. എന്തായാലും അജുന് സ്കൂളും ബോർഡിങ്ങും നന്നെ ഇഷ്ടപ്പെട്ടു. നിറയെ കൂട്ടുകാരും ആയി. അല്ലെങ്കിലും പരാതികളില്ലാത്ത ഒരു കുട്ടിയായിരുന്നു അജു.

ഞാൻ ആറാംക്ലാസ് കഴിഞ്ഞ സമയത്താണ് അജു പത്താംക്ലാസ് പരീക്ഷ എഴുതുന്നത്. സ്റ്റഡീലീവിന് വീട്ടിൽവന്ന അജു പണ്ടത്തെപോലെ ഇടക്കിടക്ക് എന്‍റെ വീട്ടിൽവരും. ഞങ്ങൾ രണ്ടുപേരും പറമ്പിലൊക്കെ ചുറ്റിനടക്കും, ചിലപ്പോൾ തോട്ടുവക്കത്ത് പോയിരിക്കും. അർജുൻ നന്നായി പാടുമായിരുന്നു. സ്കൂളിൽവെച്ച് ഗിറ്റാൻ വായിക്കാനും പഠിച്ചു.
‘അല്ലിയാമ്പൽ കടവിൽ അന്നരക്കുവെള്ളം
അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം
നമ്മുടെ നെഞ്ചിലാകെ അനുരാഗക്കരിക്കിൻവെള്ളം’
എന്ന പാട്ട് നന്നായി പാടി കൂട്ടത്തിൽ ഗിറ്റാറും മീട്ടും. ആ പ്രായത്തിൽ എനിക്ക് അതിന്‍റെ അർഥമൊന്നും അത്രക്ക് മനസ്സിലായില്ല. ഞാൻ വികൃതികാണിച്ച് നടക്കുന്ന ഒരു കുട്ടിയായിരുന്നു. ദേവകിയമ്മ എപ്പോഴും പറയും ‘ഒന്നിനുമാത്രം പോന്ന പെങ്കുട്ട്യോള് ഇങ്ങനെ ആൺകുട്ടികളുടെ കൂടെ പറമ്പിലൊന്നും ചുറ്റിനടക്കരുത്’. അതുകേട്ട് ഞാൻ അമ്മയോട് ചോദിക്കും. ‘എന്താ അമ്മേ ദേവകിയമ്മ ഇങ്ങനൊക്കെ പറയണത്. ഞാനും അജുവും എപ്പഴും ഒന്നിച്ചല്ലേ കളിക്കാറ്. പിന്നെ ഇപ്പളെന്താ ഒരു വ്യത്യാസം’.
‘അതൊക്കെ നിനക്ക് കുറച്ചുകഴിയുമ്പൊ മനസ്സിലാവും’. അമ്മ പറഞ്ഞു. ‘ഏതായാലും വല്ലാതെയുള്ള ഓട്ടവും ചാട്ടവും വേണ്ട’. അധികം വൈകാതെ എനിക്കതിന്‍റെ പൊരുൾ മനസ്സിലായി. ഞാൻ വലിയ കുട്ടിയായി. പിന്നത്തെ കൊല്ലം സ്റ്റഡീലീവിന് വന്നപ്പോ അജുന് ഇങ്ങോട്ടുവരാനും എനിക്ക് അങ്ങോട്ട് പോവാനും മടിയായി. പക്ഷേ, വൈകുന്നേരം അച്ഛൻ ഓഫീസിൽനിന്ന് വന്നാൽ അജു ഞങ്ങളുടെ വീട്ടിലെത്തും. രാത്രി ആവുന്നതുവരെ അച്ഛനുമായി സംസാരിച്ചിരിക്കും. അവർ പറയുന്ന പല കാര്യങ്ങളും എനിക്ക് മനസ്സിലാവാതായി.

ഞാൻ ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ അജു മെഡിസിന് പഠിക്കാൻ മദ്രാസിലേക്ക് പോയി. പിന്നെ വീട്ടിലേക്കുള്ള വരവ് വല്ലപ്പോഴുമായി. പഠിക്കാൻ ഒരുപാടുണ്ടല്ലോ. ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് അജുന്‍റെ അച്ഛച്ഛൻ മരിച്ചത്. ഒരുകൊല്ലം തികയുന്നതിന് മുമ്പ് അച്ഛമ്മയും മരിച്ചു. പിന്നെ ഡോക്ടറമ്മ ഇടക്കിടക്ക് മദ്രാസിൽ പോയി താമസിക്കാൻ തുടങ്ങി. എന്നാലും അവധികിട്ടുമ്പോൾ രണ്ടുപേരും നാട്ടിലേക്കു വരും. ഞങ്ങൾ മുമ്പത്തെപോലെ ഉമ്മറത്തും വരാന്തയിലും വർത്തമാനം പറഞ്ഞിരിക്കും. വായിച്ച പുസ്തകങ്ങളെപ്പറ്റിയും കണ്ട സിനിമകളെപ്പറ്റിയും മണിക്കൂറുകളോളം ചർച്ച ചെയ്യും.
പിന്നെ ആഴ്ചയിൽ ഒരിക്കൽ എങ്കിലും അജു എന്നെ ഫോണിൽ വിളിച്ച് സംസാരിക്കും. ഞാൻ കോളേജിൽ ചേർന്നപ്പോൾ ഹോസ്റ്റലിലായി താമസം. അതോടെ ഫോൺ വിളി കുറഞ്ഞു. പിന്നെ ഞങ്ങൾ പരസ്പരം നീണ്ട കത്തുകൾ എഴുതാൻ തുടങ്ങി. ആയിടക്ക് ഞാൻ ഹോസ്റ്റലിലെ കുളിമുറിയിൽ കാൽവഴുതി വീണു. എല്ലൊന്നും പൊട്ടിയില്ല. പക്ഷേ, നന്നായി ഉളുക്കി. ഞാൻ വേദനകൊണ്ട് പുളഞ്ഞു. വാർഡനും കൂട്ടുകാരികളും കൂടി എന്നെ ആശുപത്രിയിലാക്കി . വൈകുന്നേരം ആയപ്പോഴേക്കും അച്ഛനുമമ്മയും എത്തി. കുറച്ചുദിവസം കാല് അനക്കാതെ വിശ്രമിക്കണമെന്ന് ഡോക്ടർ പറഞ്ഞു. പിറ്റേന്ന് ഞങ്ങൾ വീട്ടിലെത്തി. ആരും പറയാതെന്നെ വിവരം അറിഞ്ഞപോലെ വൈകുന്നേരം ആയപ്പോഴേക്കും അജു എത്തി. എന്‍റെ കാല് ശരിയായി ഞാൻ ഹോസ്റ്റലിൽ തിരിച്ചുപോവുന്നതുവരെ അജു ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു.


എം.ബി.ബി.എസ് കഴിഞ്ഞ് ന്യൂറോളജിയിൽ മാസ്റ്റർ ബിരുദമെടുക്കാൻ അജു ലണ്ടനിലേക്ക് പോയി. ഞാൻ അന്ന് പി.ജിക്ക് ചേർന്നിേട്ട ഉള്ളൂ. എന്തുകൊണ്ടോ എനിക്ക് ഉള്ളിലൊരു ഭയം തോന്നി. ഇനി അജുനെ കാണാൻ പറ്റില്ല എന്ന് എന്‍റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു. എന്‍റെ ഭയം ഞാൻ ആരോടും പറഞ്ഞില്ല. കാരണം ഡോക്ടറമ്മയുടെയും അജുന്‍റെയും വലിയ മോഹമായിരുന്നു. ലണ്ടനിൽ ഹയർ സ്റ്റഡീസിന് പോവണം എന്നുള്ളത്. അതിൽപിന്നെ ഫോൺ വിളികൾ വല്ലപ്പോഴുമായി. ഞാനും പഠിത്തത്തിൽ മുഴുകി. കുറച്ചുകാലം കഴിഞ്ഞ് പെട്ടെന്നൊരു ദിവസം ഡോക്ടറമ്മ തലചുറ്റി വീണു. ഹോസ്പിറ്റലിൽ കൊണ്ടുപോയി സ്ട്രോക്ക് ആണെന്ന് പറഞ്ഞു. ഒരാഴ്ച കിടന്നു കോമയിൽ, പിന്നെ മരിച്ചു. അജു വന്നില്ല. പരീക്ഷയുടെ തിരക്കുകാരണം വരാൻ പറ്റില്ല എന്ന് പിന്നീട് എഴുതിയ ഒരു കത്തിൽ വിശദീകരിച്ചു. എനിക്ക് വല്ലാതെ ദേഷ്യം വന്നു. ‘സ്വന്തം അമ്മയോട് ഇത്ര സ്നേഹമില്ലാത്ത ഒരാൾക്ക് എന്നെ എങ്ങനെ സ്നേഹം ഉണ്ടാവും’ എന്ന് ഞാൻ എഴുതി.
‘പറ്റാഞ്ഞിട്ടാണ് ശ്രീ, ഒരു കൊല്ലത്തിനുള്ളിൽ ഞാൻ തിരിച്ചുവരും, എനിക്കിവിടെ മടുത്തു. ഇനി നാട്ടിൽനിന്ന് തിരിച്ച് ഇങ്ങോട്ട് വരുക ആണെങ്കിൽ നീയും എന്‍റെ കൂടെ വരണം. നീ ഇല്ലാതെ എനിക്ക് വല്ലാത്ത ബോറടിയാണ് ‘എന്ന് ഒരിക്കൽ വിളിച്ചപ്പോൾ പറഞ്ഞു.
ഒരു കൊല്ലം കഴിഞ്ഞ് ഡോക്ടറമ്മയുടെ ആദ്യത്തെ ശ്രാദ്ധത്തിന് എന്തായാലും അജു എത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ, അപ്പോഴും വന്നില്ല. മാത്രമല്ല കുറച്ച് മാസങ്ങളായി എഴുത്തുമില്ല, ഫോണുമില്ല. ഒടുവിൽ സഹികെട്ട് ഞാൻ അച്ഛനോട് പറഞ്ഞു. ‘അച്ഛാ, ഈ അജുന് എന്താ പറ്റിയത്? ഇത്രക്ക് തിരക്കോ? പോയിട്ട് രണ്ട് കൊല്ലമായില്ലേ. ഒന്നിങ്ങട് വന്നൂടേ’.
അച്ഛൻ മറുപടിയായി ‘നാളെ നമുക്ക് ഒരിടംവരെ പോണം’ എന്നുമാത്രം പറഞ്ഞു

പിറ്റേദിവസം രാവിലെ ഞാനും അച്ഛനും അമ്മയും കൂടി ടൗണിലെ ഒരു ക്ലിനിക്കിൽ എത്തി. എനിക്കൊന്നും മനസ്സിലായില്ല. ഇനി അജു ഈ ക്ലിനിക്കിൽ ജോലി ചെയ്യുന്നുണ്ടോ എന്തോ? അച്ഛനും അമ്മയും കൂടി എന്നെ ഒരു കൺസൾേട്ടഷൻ റൂമിലേക്ക് കൊണ്ടുപോയി. അവിടെ പ്രായമായ ഒരു ഡോക്ടർ ഇരിക്കുന്നുണ്ടായിരുന്നു.
‘ഇനി വയ്യ ഡോക്ടർ, കൗൺസിലിങ് ചെയ്തോ തെറാപ്പി ചെയ്തോ എങ്ങനെയെങ്കിലും കുട്ടിക്ക് സത്യം ബോധ്യപ്പെടുത്തി കൊടുക്കണം’ അച്ഛൻ പറഞ്ഞു. ഇവരെന്തൊക്കെയാണ് ഈ പറയുന്നത്. എന്തു സത്യം! ആരെ കൗൺസിലിങ് ചെയ്യാൻ! ഞാനാകെ അന്തംവിട്ടപോലെ ഇരുന്നു. അമ്മയുണ്ട് അവിടെ ഇരുന്ന് കരയുന്നു. ഇവർക്കൊക്കെ എന്താ പറ്റിയത്. അജു ലണ്ടനിൽനിന്ന് വരാൻ തയാറല്ലെങ്കിൽ വേണ്ട, അവിടെത്തന്നെ ഇരുന്നോട്ടെ, അതിന്‍റെ പേരിൽ ഞാൻ കരയാനൊന്നും പോണില്ല. ഡോക്ടർ എന്നെ അടുത്ത് ഒരു സോഫയിൽ ഇരുത്തി പതുക്കെ സംസാരിക്കാൻ തുടങ്ങി. ‘മോളെ, നീ വളരെ ചെറിയ കുട്ടിയായിരിക്കുേമ്പാൾ ഒരു ദിവസം തോട്ടുവക്കത്ത് കളിക്കാൻ പോയത് ഓർമയുണ്ടോ?’


‘ഉണ്ട്, അന്ന് ഞാനും അജുവും കൂടി ശങ്കരേട്ടൻ കാണാതെ തോടിന്‍റെ കരയിൽപോയി. അന്ന് വെള്ളത്തിൽ മൂന്നാല് ആമ്പൽപൂക്കൾ വിരിഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. അജു അവിടെയിരുന്ന് ‘അല്ലിയാമ്പൽ കടവിൽ’ എന്ന പാട്ട് പാടി. ശരിക്കും അരക്കൊപ്പം വെള്ളമേ അന്ന് തോട്ടിൽ ഉണ്ടായിരുന്നുള്ളൂ.
‘താമരപ്പൂ നീ ദൂരെ കണ്ടുമോഹിച്ചു അപ്പോൾ താഴെ ഞാൻ നീന്തി ചെന്നാ പൂവു പൊട്ടിച്ചു’എന്നു പാടിക്കൊണ്ട് അജു വെള്ളത്തിൽ ഇറങ്ങി പൂ പൊട്ടിച്ച് കൊണ്ടുവന്നു. അതൊക്കെ ഇപ്പഴെന്തിനാ പറയുന്നത്?
‘അങ്ങനെയല്ല കുട്ടി ഉണ്ടായത്. അന്ന് അർജുൻ കാൽ വഴുതി വെള്ളത്തിൽ വീണു. നിന്‍റെ കരച്ചിൽ കേട്ട് എല്ലാവരും ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു’.
‘എന്ത് കഴിഞ്ഞു എന്നാണ് ഡോക്ടർ പറയുന്നത്?’
‘മോളെ, അർജുൻ പതിനഞ്ചാം വയസ്സിൽ മരിച്ചുപോയി.’
‘ഡോക്ടറെന്താ എന്നെ കളിയാക്കാൻ പറയണതാ?അഞ്ചാറുമാസം മുമ്പുവരെ അജു എനിക്ക് കത്ത് അയക്കാറുണ്ടായിരുന്നു. പിന്നെ വല്ലപ്പോഴും ഫോണിൽ വിളിച്ച് സംസാരിക്കും. ദുരെയാണെന്ന് കരുതി ഒരാൾ മരിച്ചുപോയി എന്നു പറയാമോ?’
‘അതൊക്കെ നിന്‍റെ വെറും തോന്നലുകളാണ് കുട്ടി.’
‘അല്ല ഡോക്ടർ, ഞാൻ വേണെങ്കിൽ ഇവിടെ കൊണ്ടുവന്ന് കാണിച്ചുതരാം. ആറുമാസം മുമ്പ് അജു എനിക്കയച്ച കത്ത്.’
‘കുട്ടീ ഇനിയെങ്കിലും സ്വപ്നലോകത്തുനിന്ന് യാഥാർഥ്യത്തിലേക്ക് തിരിച്ചുവരണം. കുട്ടി അയക്കുന്ന കത്തുകൾക്ക് അച്ഛനാണ് മറുപടി എഴുതാറ്. ഇനിയെങ്കിലും കുട്ടിയെ സത്യം പറഞ്ഞുമനസ്സിലാക്കാം, ഇതിങ്ങനെ തുടരുന്നത് ശരിയല്ല എന്ന് ഞാനാണ് അച്ഛനോട് പറഞ്ഞത്.’

പിന്നെയും എന്തൊക്കെയോ ആ ഡോക്ടർ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. എന്തൊക്കെയാണ് ഇവരെല്ലാവരും പറയുന്നത്!ഇത്രയും കാലം ഞാൻ കത്തുകളയച്ചതും ഫോണിൽ സംസാരിച്ചതും ഇല്ലാത്ത ഒരാൾക്കാണെന്നോ! എന്‍റെ അജു വെള്ളത്തിൽ വീണ് മരിച്ചുപോയെന്നോ… ഇല്ല, അതു ഞാൻ വിശ്വസിക്കില്ല. ഇവരൊക്കെ എന്നെ പറ്റിക്കാൻ ഓരോ കഥകൾ ഉണ്ടാക്കുകയാണ്. അല്ലെങ്കിൽതന്നെ ഫോണിൽ അജുവാണെന്ന് പറഞ്ഞ് എന്‍റെ അച്ഛൻ സംസാരിച്ചാൽ എനിക്കെന്താ മനസ്സിലാവില്ലേ! അത്രക്ക് പൊട്ടിയാണോ ഞാൻ? എന്‍റെ തലപെരുക്കുന്നതു പോലെ തോന്നി. അപ്പോൾ എവിടെനിന്നോ ആ പാട്ടിന്റെ വരികൾ ഒഴുകിവന്നു ..
കാടുപൂത്തല്ലോ ഞാവൽക്കാ പഴുത്തല്ലോ
ഇന്നും കാലമായില്ലേ എന്‍റെ കൈപിടിച്ചീടാൻ….
എനിക്കൊന്നും ഓർമയില്ല.
xxxxxxxxxxxx
ഒരു കുലുക്കത്തോടെ വീടിന് മുന്നിൽ കാർ നിന്നു. ദേവകിയമ്മ ഓടിവന്ന് കാറിൽനിന്ന് ഇറങ്ങിയ എന്നെ കെട്ടിപ്പിടിച്ചു.
‘ഇനി കുട്ടി എങ്ങോട്ടും പോവണ്ട. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ’
എന്‍റെ വീട് നന്നായി അടിച്ചുതുടച്ച് വൃത്തിയാക്കി വെച്ചിരിക്കുന്നു. പറമ്പും ചെത്തിക്കോരി നന്നാക്കിയിട്ടുണ്ട്. പതുക്കെ എന്‍റെ കണ്ണുകൾ ഇടതുഭാഗത്തെ തെങ്ങിൻതോപ്പിനപ്പുറത്തേക്ക് നീണ്ടു.
‘ആ പറമ്പ് ഏതോ ദുബൈയിക്കാര് വാങ്ങി. പഴയ വീടൊക്കെ പൊളിച്ച് വലിയ ഇരുനിലവീടിന്‍റെ പണി നടക്കുകയാ.’ ദേവകിയമ്മ പറഞ്ഞു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആരും കാണാതിരിക്കാൻ ഞാൻ തോടിന്‍റെ വക്കത്തേക്ക് നടന്നപ്പോൾ മനസ്സ് പാടി.
‘അന്ന് മൂളിപ്പാട്ട് പാടിത്തന്ന പനംതത്തമ്മേ
ഇന്നീ ആഴൊഴിഞ്ഞ കൂട്ടിലെന്തോ വന്നുചേരാഞ്ഞു
ഇന്നീ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നുചേരാഞ്ഞു….

വര : ബാബു ജനാർദ്ദനൻ

ബാബു ജനാർദ്ദനൻ: മുപ്പതോളം സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിച്ചു. മാണിക്യ ചെമ്പഴുക്ക, അനുഭൂതി, വർണ്ണപ്പകിട്ട്, ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ, തച്ചിലേടത്തു ചുണ്ടൻ, അച്ഛനുറങ്ങാത്ത വീട്, തലപ്പാവ്, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകൾ ബാബു ജനാർദ്ധനന്റെ തൂലികയിൽ പിറന്ന പ്രധാന ചിത്രങ്ങളാണ്. ഇദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമകളാണ് ബോംബെ മാർച്ച് 12, ലിസമ്മയുടെ വീട്, ഗോഡ് ഫോർ സെയിൽ.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like