പൂമുഖം LITERATUREലേഖനം ബ്രഹ്മപുരങ്ങളിൽ എന്തായിരിക്കും പുകയുന്നത്‌ ?

ബ്രഹ്മപുരങ്ങളിൽ എന്തായിരിക്കും പുകയുന്നത്‌ ?

പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പ് ഇങ്ങനെയാണ് മാലിന്യം സംസ്കരിച്ചിരുന്നത് എന്ന് തുടങ്ങി കഥ പറയാനുള്ള നേരം തീരെയില്ല തന്നെ. കാരണം, ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഏറ്റവും പ്രാകൃതമായി തന്നെ മാലിന്യം ഒരു ഉത്തരവും കിട്ടാതെ പുകയാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.പുക എന്ന് പറയുമ്പോൾ സാധാരണ മനുഷ്യർ ധരിക്കുക ‘അടുക്കള പുക പോലെ ഒരു പുക, അത് നമ്മൾ എന്നും വലിച്ച് കയറ്റുന്നതല്ലേ ‘എന്നാവും. വളരെ ചുരുക്കം പേർ ആയിരിക്കും ഈ പുകയുടെ പാർശ്വഫലങ്ങളെ കുറിച്ച് ചിന്തിക്കുന്നത്.
എന്തുകൊണ്ടായിരിക്കും ബ്രഹ്മപുരം പുകയുന്നത് എന്ന രാഷ്ട്രീയം നമ്മൾ കണ്ടു പഠിച്ച രാഷ്ട്രീയമാണല്ലോ.
അതുകൊണ്ട് തന്നെ എന്തായിരിക്കും പുകയുന്നത് എന്ന് പറയാനാണ് ശ്രമം.

വ്യക്തമായി മാലിന്യങ്ങളെ വേർതിരിക്കാത്തതു കൊണ്ട് ഇത്തരം മാലിന്യങ്ങളിൽ എന്തൊക്കെ ഉണ്ടാകാം എന്നും നോക്കാം. ഭക്ഷണമാലിന്യങ്ങളെ മാറ്റി നിർത്തിയാൽ സാധാരണ കാണുന്ന ഖരമാലിന്യങ്ങളെ കുറിച്ചു നാം പൊതുവെ ചിന്തിക്കുക പ്ലാസ്റ്റിക് എന്നു മാത്രമാണ്. എന്നാൽ സംസ്കരിച്ചില്ലെങ്കിൽ പ്ലാസ്റ്റിക്കിനെക്കാൾ അല്ലെങ്കിൽ പ്ലാസ്റ്റിക്കിനോളം വിഷമയമായ ധാരാളം മാലിന്യങ്ങൾ നമുക്ക് ചുറ്റിലും ഉണ്ട്. വസ്തുക്കൾ പാക്ക് ചെയ്യാനുപയോഗിക്കുന്ന പല തരം പാക്കിങ്ങുകൾ, വിഷലിപ്‌തമായ കെമിക്കലുകൾ അടങ്ങിയ പാത്രങ്ങൾ കുപ്പികൾ, ഉപയോഗിച്ച ബാറ്ററികൾ, ഉപയോഗം കഴിഞ്ഞ ഇലക്രോണിക് ഉപകരണങ്ങൾ, അവയുടെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന കെമിക്കലുകൾ, ഫ്ലൂറസെന്‍റ് ബൾബുകൾ, കീടനാശിനികൾ, ശുചിയാക്കുന്ന കെമിക്കലുകൾ, പെയിന്‍റ് , പിവിസി, വാഹനത്തിന്‍റെ ഭാഗങ്ങൾ , ടയറുകൾ, മറ്റു തീ പിടിക്കുന്ന കെമിക്കലുകൾ, വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഓയിലുകളും കൂളന്‍റുകളും, മെഡിക്കൽ വേസ്റ്റ് , ഫംഗിസൈഡ്സ്, ഹെർബിസൈഡ്സ് – നമ്മുടെ ദൈനംദിന ജീവിതത്തിൽ കയറിക്കൂടിയ ഇത്തരം രാസപദാർത്ഥങ്ങൾ എല്ലാം തന്നെ ശരിയായ രീതിയിൽ കുന്നുകൂട്ടി ഇടാതെ സംസ്കരിക്കേണ്ടത്‌ അത്യാവശ്യമാണ്.

കത്തുന്നതിനു മുൻപ് :
മാലിന്യം കത്തിയില്ലെങ്കിൽ നമുക്ക് പ്രശ്നമില്ലേ ? കത്തുന്നതിനു മുൻപുള്ള അപകടത്തിലേക്ക് നോക്കിയാൽ അതിങ്ങനെ ആവും. കത്താതെ കൂട്ടിയിട്ട മാലിന്യങ്ങളിലൂടെ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നവയാണ് organic carbons, ammonia, chloride, heavy metals ഇത്യാദി.
ഇതിൽ തന്നെ ലെഡ്, കാഡ്മിയം, ക്രോമിയം, നിക്കൽ, മെർക്കുറി, കോപ്പർ, മാങ്ഗനീസ് തുടങ്ങിയ ഘനലോഹ പദാർത്ഥങ്ങൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങുകയും ഇത്തരം മാലിന്യസംസ്കരണ കേന്ദ്രങ്ങളുടെ’ പരിസരത്തെ കുടിവെള്ളം വിഷലിപ്തമാവുകയും ചെയ്യുന്നു. സാധാരണ ഗതിയിൽ കുടിവെള്ളത്തിൽ ഹെവി മെറ്റൽസ് ചെറിയ തോതിൽ ഒരു പരിധി ആവാമെങ്കിലും, ഇത്തരം മാലിന്യങ്ങളിലൂടെ നല്ല തോതിൽ കുടിവെള്ളവും മറ്റു ജലാശയങ്ങളും വിഷലിപ്തമാവുന്നു. പരിധി കൂടിയ ഹെവി മെറ്റൽസ് കുടിക്കുന്നത് മൂലം ക്യാൻസർ സാധ്യത കുട്ടികൾ മുതൽ എല്ലാവരിലും വര്‍ദ്ധിക്കുന്നു. ഇത്തരം ഹെവി മെറ്റൽസ് ജലാശയങ്ങളിലെ മറ്റു ജീവജാലങ്ങളെയും നല്ല തോതിൽ ബാധിക്കുന്നു. കിണറിലെ വെള്ളമാണ് നമുക്ക് ഏറ്റവും ശുചിയായ വെള്ളം. എന്നാൽ എത്രത്തോളം ശുചിയാണ് നമ്മുടെ കിണറുകൾ ?

മാലിന്യം കത്തുന്നത്:
കാലം മാറുന്നതിനനുസരിച്ച് മാലിന്യങ്ങളുടെ വൈവിധ്യവും ഏറുന്നു. മേല്പറഞ്ഞ മാലിന്യങ്ങൾ കത്തുമ്പോൾ നാസി ഗ്യാസ് ചേമ്പറിനു സമാനമായ വാതങ്ങളാണ് അന്തരീക്ഷത്തിലേക്ക് പുറം തള്ളുന്നത്. അവയിൽ എടുത്ത് പറയാവുന്നവയാണ്, ഡയോക്സിൻസ് & ഫുറാൻസ്, പോളിക്ലൊറിനേറ്റഡ് ബൈഫിനൈൽസ്, നൈട്രജൻ ഓക്സൈഡ്സ്, പാർട്ടിക്കുലേറ്റ് മാറ്റർ, കാർബൺ മോണോക്‌സൈഡ്, അസിഡിക് ഗ്യാസ്, ഹെവി മെറ്റൽസ്, സൾഫർ ഓക്‌സൈഡ്‌സ് &ഡയോക്സൈഡ്സ് , വൊലറ്റൈൽ ഓർഗാനിക് കോമ്പൗണ്ട്‌സ്, ആരോമാറ്റിക് ഹൈഡ്രോകാര്ബൺസ് എന്നിവ.

ഇതിൽ എല്ലാ വാതകങ്ങളും തന്നെ മനുഷ്യശരീരത്തെ ഹാനികരമായി ബാധിക്കുന്നതാണ്. ഇതിൽ എടുത്ത് പറയേണ്ടുന്നവയാണ് ഡയോക്സിൻസ് & ഫുറാൻസ്, മറ്റു ഡയോക്സൈഡുകൾ എന്നിവ. പ്ലാസ്റ്റിക്കിന്റെയും ഇലക്ട്രോണിക് വേസ്റ്റുകളുടെയും ഭാഗികമായുള്ള കത്തലിലൂടെയാണ് ഈ വാതകങ്ങൾ സാധാരണ ഉണ്ടാവുന്നത്. ഇത്തരം വാതകങ്ങൾ ശ്വസിക്കുന്നതിലൂടെ മാത്രമല്ല ചർമ്മത്തിൽ തട്ടുമ്പോഴും ഹാനികരമാവുന്നു. കൂടിയ തോതിലുള്ള സമ്പർക്കം പലതരം ക്യാൻസറിനു മാത്രമല്ല, നാഡീസംബന്ധമായ പ്രശ്നങ്ങൾ , സ്വാഭാവിക പ്രതിരോധശേഷി, ഹോർമോണുകളുടെ സന്തുലിതാവസ്ഥ, ജനന വൈകല്യങ്ങൾ എന്നിവയ്ക്കും കാരണമാകുന്നു. എന്ന് വച്ചാൽ ഭാവിയിലേക്കു പോലും നമ്മൾ ‘കരുതി വയ്ക്കുന്നു’ എന്നർത്ഥം . ഒന്നുകൂടി ഊന്നിപറഞ്ഞാൽ, ഭക്ഷ്യശൃംഖലയിലേക്ക് കയറിപ്പറ്റുന്ന ഈ വിഷം മുലപ്പാൽ വരെ വിഷലിപ്തമാക്കുന്നു.

നൈട്രിക് ഓക്സൈഡുകൾ, സൾഫർ ഓക്സൈഡ്, പാർടിക്കുലേറ്റ് മാറ്റർ എന്നിവ ശ്വാസകോശത്തെ കൂടിയ വിധത്തിൽ തന്നെ താറുമാറാക്കുന്നു. ശ്വാസകോശ രോഗികൾ ആണെങ്കിൽ ആഘാതം ഒന്ന് കൂടെ കൂട്ടുകയും ചെയ്യും. ഇവയെല്ലാം തന്നെ കണ്ണുകളേയും തൊലിയേയും ശല്യം ചെയ്യുന്നത് മറ്റൊരു വശത്ത്. പെയിന്റ്, ഇലക്ട്രോണിക് വേസ്റ്റുകൾ, ബാറ്ററികൾ എന്നിവ കത്തുന്നതിലൂടെ മെർക്കുറി പുറം തള്ളുകയും ജൈവശൃംഖലയിൽ ഇടം പറ്റുകയും അത് ഒടുവിൽ മനുഷ്യനിലേക്കും എത്തിച്ചേരുകയും ചെയ്യുന്നു.. ഇമ്മ്യുൺ സിസ്റ്റത്തിൽ ഇടം പിടിക്കുന്നത് കൂടാതെ നാഡീസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. പെയിന്റ്, കളിപ്പാട്ടങ്ങൾ, മറ്റു പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ എന്നിവ കത്തുന്നത് മൂലം ഉണ്ടാകുന്ന ലെഡ് പരിസ്ഥിതിയിലെ എല്ലാ ശൃംഖലയിലും,മനുഷ്യനെന്നോ മൃഗങ്ങളെന്നോ ഭേദമില്ലാതെ, എത്തിച്ചേരുന്നു. ഹൃദയത്തെയും, കിഡ്‌നി യുടെ പ്രവർത്തനത്തെയും പ്രത്യുൽപാനത്തെയും ബാധിക്കുന്ന ലെഡ്, നല്ലൊരു ന്യുറോടോക്സിൻ കൂടി ആണ്.
മേൽപറഞ്ഞ പ്രശ്നങ്ങളുടെ ദീർഘകാല ആഘാതങ്ങളെക്കുറിച്ച് പഠനം നടത്തേണ്ട കാലം അതിക്രമിച്ചു എന്ന് പറഞ്ഞാൽ ഭംഗിവാക്ക് ആകുന്ന സന്ദർഭം ആണിപ്പോൾ. ഈ ദുരന്തത്തിൽ നിന്ന് എത്രയും പെട്ടെന്ന് കരകേറിയില്ലെങ്കിൽ മഹാവിപത്ത് കേരളത്തെ തേടി വരുന്നുണ്ട്.

ഇതോടൊപ്പം തന്നെ മാലിന്യസംസ്കരണത്തിൽ ഏർപ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെ കാര്യം പറയാതെ പോകുന്നത് ഒട്ടും ശരിയല്ല. ഇത്തരം പ്രാകൃത രീതിയിലുള്ള മാലിന്യ സംസ്കരണം സാധാരണ ജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധി മുട്ടുകൾ കുറഞ്ഞതല്ല എന്നിരിക്കെ, ഈ ജോലിയിൽ ഏർപ്പെടുന്ന മനുഷ്യരുടെ ജീവിതവും ആരോഗ്യവും എന്തുമാത്രം ദുർഘടം പിടിച്ചതാണ് എന്നതു അതീവ ഗൗരവം പിടിച്ച വിഷയം തന്നെയാണ്. അതിനു വേണ്ട എന്തെങ്കിലും സർക്കാർ ഇത് വരെ കൈക്കൊണ്ടിട്ടുണ്ടോ എന്നത് സംശയമാണ്.

മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്ന മനുഷ്യരിലും സമീപ വാസികളിലും മറ്റു ജന്തു ജീവജാലങ്ങളിലും പരിസ്ഥിതിയിലും ഇതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങൾ പഠനം നടത്തുമ്പോൾ നമ്മൾ ഏറ്റവും അടിസ്ഥാന രീതിയിൽ മാലിന്യം കൈകാര്യം ചെയ്യാൻ പോലും ബുദ്ധിമുട്ടുകയാണ്. മാലിന്യക്കൂമ്പാരമാകുന്ന ഈ നാടിനെ രക്ഷിക്കാൻ ആർക്കാണ് സാധിക്കുക?

Comments
Print Friendly, PDF & Email

You may also like