പൂമുഖം LITERATUREകവിത ചിരുതേയിയുടെ പ്രണയം

ചിരുതേയിയുടെ പ്രണയം

കർക്കിടകം കെട്ടഴിഞ്ഞ് പെയ്ത
രാത്രിയിലാണ് ചിരുതേയി
എന്ന കറമ്പി പെണ്ണ് പലിശക്കാരൻ
വറീതിന്റെ മകൻ ഔസേപ്പിനൊപ്പം ഒളിച്ച് പോയത്.

കർക്കിടകം പാടം നിറഞ്ഞ് കുടിലിന്റെ
മുറ്റത്തെത്തുമ്പോൾ അപ്പൻ ഒടിഞ്ഞ
കൊന്തയുമായി പ്രാർത്ഥനയിലാവും.
വേകാത്ത മരച്ചീനിക്ക് കാന്താരിയരക്കുന്ന അമ്മ
അപ്പന്റെ പ്രാർത്ഥനയ് ക്കൊപ്പം ചുണ്ടനക്കും.
കീറിയ പായയിൽ ജ്വരം മൂർഛിച്ച
അനുജനപ്പോൾ അടുപ്പിൽ വെറുതേ
തിളക്കുന്ന വെള്ളം നോക്കി കിടക്കുകയാവും.
പൊടിഞ്ഞ ഓലപ്പഴുതിലൂടെ
അകത്തെത്തിയ കർക്കിടകത്തെ
മൺചട്ടിയിൽ പിടിക്കുകയാവും അപ്പന്റെ യമ്മ.

അക്കരെ,വറീതിന്റെ വീട്ടിൽ നിന്ന്
കുടം പുളിയിട്ട് വച്ച കരിമീൻ കറിയുടെ
മണം കുടിലിലൂടെ പരന്നൊഴുകും.

ചിരുതേയിയുടെ പട്ടിണിക്കൊരിക്കലും
ഔസേപ്പാഹാരം നൽകിയിട്ടില്ല.
കർക്കിടകം കുടിലിനെ മുക്കിയപ്പോൾ
അവന്റെയിരുനില മാളിക
അവൾക്കഭയമായിട്ടില്ല.
നനഞ്ഞിളകിപ്പോയ പുസ്തകങ്ങൾക്ക്
പകരം പുസ്തകങ്ങൾ നൽകിയിട്ടില്ല.
അവന്റെയോടിവള്ളത്തിൽ ഒപ്പമിരുത്തി
മറുകരയോളം തുഴഞ്ഞ് നിലാവിന്റേയും
ചന്ദ്രന്റേയും കഥ പറഞ്ഞിട്ടില്ല.
വൈകുവോളം പണിതിട്ടും കൂലിനല് കാതെ
അപ്പനെ മടക്കുമ്പോൾ
വഴിയിൽ കാത്തുനിന്നവൻ കൂലി നല്കിയില്ല.

കവലയിലെ കുരിശടിയിൽ മുട്ടു കുത്തി
പ്രാർത്ഥിച്ച അമ്മയെ തലമുടിക്കെട്ടിൽ
പിടിച്ച് വലിച്ചിഴച്ച വറീതിനെ
അവൻ തടഞ്ഞിട്ടില്ല.
ആസ്ത് മയിൽ ശ്വാസം വിലങ്ങി
അപ്പന്റെയമ്മ മരണ വെപ്രാള
മെടുത്തപ്പോൾ ഇരു കൈകളിലും
കോരിയെടുത്തവനോടിയില്ല.

തൊടിയിലെ ചെന്തെങ്ങിൽ നിന്ന്
വിശന്നിട്ട് കരിക്ക് മോഷ്ടിച്ചയനുജനെ
അതേ തെങ്ങിൻ ചോട്ടിൽ കെട്ടിയിട്ട്
പുലരുവോളം തല്ലിയപ്പോൾ
അരുതെന്നവൻ പറഞ്ഞിട്ടില്ല.
തോടു പുറമ്പോക്കിലെ കുടിൽ
അടിച്ച് തകർത്തവരോടവൻ
എതിരിട്ടില്ല.

എന്നിട്ടും ചിരുതേയി ഔസേപ്പിനൊപ്പം
ഒളിച്ചു പോയി.
ചിരുതേയിക്ക് മുന്നിൽ ഔസേപ്പ് ആണായി നിന്നത് ഒരിക്കൽ മാത്രമാണ്.
ഒരുരാത്രിയിൽ വറീതിന്റെ കരണത്തടിച്ച
ആ ആണത്വത്തിനൊപ്പമാണ് ചിരുതേയി
തന്റെ പ്രണയുവുമായി ഒളിച്ചു പോയത്.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like