പൂമുഖം ചലച്ചിത്ര നിരീക്ഷണം സ്വാതന്ത്യത്തിലേക്കുള്ള പെൺദൂരങ്ങൾ

സ്വാതന്ത്യത്തിലേക്കുള്ള പെൺദൂരങ്ങൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

സ്ത്രീകൾ സാഹിത്യകാരികളാകണമെങ്കിൽ അവർക്ക് ആദ്യം വേണ്ടത് പണവും സ്വന്തമായി ഒരു മുറിയും ആണെന്ന് വർജീനീയ വൂൾഫ് എഴുതിയത് 1929 ലാണ്. സ്ത്രീകളിൽ എന്നെങ്കിലും ഒരു ഷേക്‌സ്പിയർ ഉണ്ടായിട്ടുണ്ടോ എന്നും മറ്റും പലരും കളിയാക്കി ചോദിച്ചിരുന്നത് അവർക്ക്, സമൂഹത്തിലെ പെൺജീവിതങ്ങളെ കുറിച്ച് യാതൊരു ഗ്രാഹ്യവും ഇല്ലാത്തതുകൊണ്ടാണ്. നീതിയും സമത്വവും സ്വാതന്ത്യവും സ്ത്രീക്കു കൂടി അവകാശപ്പെട്ടതാണ് എന്നും അവരെ ബഹുമാനിക്കേണ്ടതുണ്ടെന്നും സമൂഹവും കുടുംബങ്ങളും അംഗീകരിക്കണം, അവര്‍ക്ക് അവരുടെ ഇടങ്ങൾ‍ നൽകണം. എന്നിട്ടു വിമര്‍ശിക്കാം. സ്ത്രീകൾക്ക് വോട്ടവകാശം പോലുമില്ലാതിരുന്നിടത്തു നിന്നാണ് അവർ ഇത്ര ദൂരം താണ്ടിയെത്തിയത് എന്നു ഓർക്കേണ്ടതുണ്ട്. അതെല്ലാം പോരാടി നേടിയതുമാണ്. പക്ഷേ ഇനിയും താണ്ടാനുണ്ട് ഏറെ ദൂരം.

കുറച്ചു വർഷം മുമ്പ് നടി ശാന്തികൃഷ്ണയുടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, യുഎസിൽ വച്ച് അവരുടെ ഫോട്ടോഷൂട്ടിന് ആരോ വന്നപ്പോൾ മക്കൾ അതിശയിച്ചു പോയി എന്ന്, കാരണം അമ്മ കലാകാരി ‘ആയിരുന്നു’ എന്നത് അവർക്ക് അറിയില്ലായിരുന്നുവത്രേ! അവരിൽ നിന്നു വിവാഹമോചനം നേടുകയാണ് എന്നു ഭർത്താവ് അമേരിക്കയിലേക്ക് ഫോൺ ചെയ്തു പറയുകയായിരുന്നു എന്നും അതേ ഇൻർവ്യൂവിൽ അവർ പറഞ്ഞതു കേട്ട് തരിച്ചിരുന്നത് ഇപ്പോഴും ഓർമ്മയുണ്ട്. സമൂഹത്തിൽ നിലയും വിലയുമുള്ള നാലാളറിയുന്ന, പണക്കാരുടെ വീട്ടിലെ സ്ഥിതിയാണ്! അപ്പോൾ അതൊന്നും ഇല്ലാത്തവരുടേതോ?

ഇതേ പോലൊരു വിവാഹമോചന കേസ് ഈയിടെ ജയ ജയ ജയ ജയ ഹേ (J4H) സിനിമയിൽ കാണാനിടയായി. ഭാര്യയായിരുന്നവളോട് ഒന്നു പറയുകപോലും ചെയ്യാതെ കോടതിയിൽ കേസ് ഫയൽ ചെയ്ത വീരനായ ഭർത്താവ്. യഥാർത്ഥ ജീവിതത്തിൽ നിയമപരമായി അങ്ങനെ ചെയ്യാനാകുമോ, എന്നൊന്നും അറിയില്ല. അത് എന്തായാലും ശരി, അക്കാര്യം ഭാര്യയോട് വേണ്ട വിധത്തിൽ പറയേണ്ടതാണെന്നു പോലും സിനിമയിലെ ഭർത്താവിനു തോന്നിയില്ല!

എഴുത്തായിരുന്നു ഒരു കാലത്ത് മാറ്റങ്ങൾ കൊണ്ടുവന്നിരുന്നതെങ്കിൽ ഇന്ന് സാധാരണക്കാരെ സ്വാധീനിക്കുന്നത് സിനിമകൾ അടക്കമുള്ള വിഷ്വൽ മീഡിയ ആണ്. പണ്ടത്തേക്കാൾ വളരെ കൂടുതൽ സിനിമകൾ ഇപ്പോൾ യൂട്യൂബിലും അല്ലാതെയും ഇറങ്ങുന്നുണ്ട്, ഇപ്പോഴത്തെ ചെറുപ്പക്കാർ അവയെ നെഞ്ചിലേറ്റാറുമുണ്ട് എന്നാണ് എന്റെ നിരീക്ഷണം. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന അനീതികളെ, പൊള്ളത്തരങ്ങളെ, കാലത്തിന്റെ മാറ്റങ്ങളെ അവ വെളിപ്പെടുത്തുന്നുണ്ട് എന്നത് വളരെ ആശാവഹമാണ്.

1982 ലെ ഒരു സിനിമയാണ് ‘ഇന്നല്ലെങ്കിൽ നാളെ.’ വധുവായി വന്നു കയറിയ സുശീലയെ ഒരു ഗ്ലോറിഫൈഡ് വീട്ടുസാഹായി മാത്രമാക്കി മാറ്റി ഭർതൃവീട്ടുകാർ. ഒടുവിൽ സഹനത്തിന്റെ നെല്ലിപ്പലക കണ്ട് അവൾ മക്കളേയും കൊണ്ട് ആത്മഹത്യയ്ക്കു ശ്രമിച്ചു, മക്കൾ മരണപ്പെട്ടു, ശിക്ഷ ഏറ്റുവാങ്ങാനായി അവർ പിന്നെയും ബാക്കിയുമായി! ഇന്നല്ലെങ്കിൽ നാളെ ഈ ദുരവസ്ഥയ്ക്ക് അറുതി വരും എന്നാവാം ടൈറ്റിലിലൂടെ പ്രത്യാശിച്ചത്. ഇതൊരു സിനിമയല്ലേ എന്നതിനപ്പുറം ആ സിനിമ ജനഹൃദയങ്ങളിൽ എന്തെങ്കിലും ചലനം സൃഷ്ടിച്ചോ എന്നറിയില്ല.

കാലം കുറേ കഴിഞ്ഞു, 18 വർഷങ്ങൾക്കു ശേഷം, രണ്ടായിരാമാണ്ടിലാണ് തികച്ചും ഒരു ആണത്താഘോഷ സിനിമയായ ‘നരസിംഹം’ ഇറങ്ങിയത്. സംവിധായകൻ കൊടും ആണഹന്ത തുളുമ്പുന്ന ‘വെള്ളമടിച്ചു കോണ്‍ തിരിഞ്ഞ്…..’ ഡയലോഗ് നായകനെ കൊണ്ടു പറയിപ്പിച്ചതും പോരാ, അതു കേട്ടു നിൽക്കുന്ന നായികയെ കൊണ്ട് സന്തോഷപൂർവ്വം നാണിച്ചു ചിരിപ്പിക്കുകയും കൂടി ചെയ്യിച്ചു കളഞ്ഞു! അതായത് 2000 ൽ പോലും പുരുഷാധിപത്യമായിരുന്നു നമ്മുടെ സിനിമകളിൽ നിറഞ്ഞാടിയതും ആഘോഷിക്കപ്പെട്ടതും എന്നർത്ഥം!

2016 ലെ ‘കസബ’ സിനിമയിലാണ് നായകനായ പോലീസ് ഓഫീസർ വനിതാ പോലീസ് ഓഫീസറെ അതികഠിനമായി അധിക്ഷേപിക്കുന്ന രംഗം ഉള്ളത്. വാക്കിലും നോക്കിലും ധാർഷ്ട്യം തുളുമ്പുന്ന പെരുമാറ്റമുള്ള ആ ആണത്താഘോഷ സിനിമയും ഇവിടെ വേണ്ടുവോളം ആഘോഷിക്കപ്പെട്ടിട്ടുണ്ട്. അടിച്ചും അധിക്ഷേപിച്ചും പെണ്ണിനെ മെരുക്കിയെടക്കുന്ന സിനിമകളുടെ ലിസ്റ്റ് ഇനിയും എത്രയോ ഉണ്ട്. 2020 ൽ ഇറങ്ങിയ അയ്യപ്പനും കോശിയും സിനിമയിൽ യാതൊരു കാരണവുമില്ലാതെ നായകനെക്കൊണ്ട് ഭാര്യയുടെ കവിളത്തടിപ്പിക്കുന്നുണ്ട്, അതും കഴിഞ്ഞ് വേദനിച്ചോ എന്നൊരു തടവലും, യാതൊരു എതിർപ്പും പ്രകടിപ്പിക്കാത്ത ഒരു ഭാര്യയും! തിരക്കഥാകൃത്തും സംവിധായകനും നായകനും ഇതിലൂടെ എന്തോ ഗൂഢസംതൃപ്തി നേടിയിട്ടുണ്ടാവണം, കാരണം അതു തെറ്റാണ് എന്നു ഒരാളിനു പോലും തോന്നിയില്ലല്ലോ.

ഷീല – ശാരദ – ജയഭാരതിക്കാലത്ത് (സത്യൻ- നസീർ- മധുക്കാലത്ത് എന്നും പറയാം) സ്ത്രീവിരുദ്ധ ഡയലോഗുകൾ ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു. സ്ത്രീലമ്പടരായ കഥാപാത്രങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അന്ന് ശക്തരായ ധാരാളം സ്ത്രീകഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ട്, പക്ഷേ പിന്നീടെപ്പോഴോ ആണ് ആൽഫാ മെയില്‍ നായകനെ വലുതാക്കാനായി മാത്രം നരസിംഹം – കസബ തരം യാതൊരു വ്യക്തിത്വവുമില്ലാത്ത കെട്ടുകാഴ്ച്ചകൾ മാത്രമായി സ്ത്രീകഥാപാത്രങ്ങൾ വെള്ളിത്തിരയിൽ വന്നത്.
നായകർക്കു മാത്രമായി പ്രാധാന്യം, നായകനെ വലുതാക്കാൻ വേണ്ടി നായികയെ ചെറുതാക്കുന്ന കലാവിദ്യയിലൂടെ സുപ്പർതാര പ്രതിച്ഛായകൾ നിർമ്മിക്കപ്പെടുകയായിരുന്നു. പക്ഷേ പുതുകാലത്ത് സ്ത്രീവിരുദ്ധതയക്ക് എതിരെ ധാരാളം ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.

ഇനി ഇതേ പോലുള്ള Male Chauvinistic സീനുകൾ ചെയ്യുന്നതിനു മുമ്പ് നായകരും തെല്ലൊന്നു ആലോചിക്കാനിടയുണ്ട്. കാരണം അതെല്ലാം ഭീകര സ്ത്രീവിരുദ്ധതയാണ് എന്നു വിളിച്ചു പറയാനുള്ള ആർജ്ജവം കാണിക്കുന്ന പ്രേക്ഷകർ ധാരാളമുണ്ട്, പറയാനുള്ള സോഷ്യൽ മീഡിയ ഉണ്ട്, എന്തും തൊണ്ടതൊടാതെ ഇനിയുള്ള കാലം പ്രേക്ഷകർ വിഴുങ്ങി എന്നു വരില്ല. സോഷ്യൽ മീഡിയ കുറേയെങ്കിലും ഒരു ബോധവൽക്കരണ വേദി കൂടി ആയി വർത്തിക്കുന്നുണ്ട്.

2021 ജനുവരിയിൽ ഇറങ്ങിയ ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (TGIK)’, 2022 നവംബറിൽ ഇറങ്ങിയ ജയ ജയ ജയ ജയ ഹേ… യും ഇവ രണ്ടും കഥാപാത്രനിര്‍മ്മിതിയില്‍ തികച്ചും വ്യത്യസ്ത പുലര്‍ത്തി. സ്ത്രീകളുടെ കാഴ്ച്ചപ്പാടിലൂടെ കഥ പറയുന്ന പെൺപക്ഷ സിനിമകളായിരുന്നു. അവ. അതു രണ്ടും പുരുഷാധിപത്യ സമൂഹത്തിന്‍റെ തലയ്ക്കിട്ടു കൊടുത്ത കിഴുക്കുകൾ ആയിരുന്നു. പക്ഷേ രണ്ടും രണ്ടു വിധത്തിൽ ആയിരുന്നുവെന്നു മാത്രം. TGIK ൽ പുറമേയ്ക്കു തികച്ചും സൗമ്യരും മാന്യരും ആയി കാണപ്പെടുന്ന നായകനും അച്ഛനും യാതൊരു തരത്തിലുള്ള അധികാരപ്രയോഗങ്ങളും ഇല്ലാതെ, ഒന്ന് ശബ്ദം പൊക്കുക പോലും ചെയ്യാതെ സ്‌നേഹം എന്ന മട്ടിലായിരുന്നു അവർ ചെയ്യേണ്ടത് യാതൊന്നും ചെയ്യാതെ, നായികയെ വീട്ടുജോലികളിലേക്കു മാത്രമായി തന്ത്രപൂർവ്വം ഒതുക്കിയത്.

ഹിന്ദു ആചാരങ്ങളെ കളിയാക്കാനാണ്, കമ്മ്യൂണിസ്റ്റു പ്രചരണമാണ് എന്നെല്ലാം പലരും അഭിപ്രായപ്പെട്ടെങ്കിലും TGIK അതിന്റെ ഉദ്ദേശം നിറവേറ്റുക തന്നെ ചെയ്തു. മതാചാരങ്ങളും സ്ത്രീകളെ ഒതുക്കുന്നതിൽ നല്ല പങ്കു വഹിക്കുന്നുണ്ട് എന്നത് സത്യമാണ്. അതു അംഗീകരിച്ചാലും ഇല്ലെങ്കിലും ശരി, ആ ചിത്രം ഇന്ത്യയ്ക്ക് അകത്തും പുറത്തും വളരെ അധികം ചർച്ച ചെയ്യപ്പെട്ടു.

ഇന്ത്യൻ വീടകങ്ങളിൽ, ജീവിതത്തിൽ സ്ത്രീകൾക്കു കിട്ടുന്ന സ്ഥാനമാണ്, അല്ലെങ്കിൽ സ്ഥാനമില്ലായ്മയാണ് TGIK യുടെ പ്രമേയം. നായികയക്ക് ജോലിക്കു പോകാൻ പോലും ഉള്ള സ്വാതന്ത്യമില്ല. അവൾ ജോലിക്കു പോകണ്ട എന്നു തീരുമാനിക്കുന്നത് ഭർത്താവിന്റെ അച്ഛനാണ്! ചിരിച്ച മുഖവുമായി, പരാതിയേതുമില്ലാതെ, സ്വന്തം വീട്ടുചുമതലകൾ നിറവേറ്റി തുടങ്ങുന്ന നായികയുടെ മുഖത്തെ പുഞ്ചിരി സാവകാശം ഇല്ലാതാകുന്നത് നമുക്കു മനസ്സിലാകും, അല്ലെങ്കിൽ അതു കാണാൻ കണ്ണുള്ളവർക്കു മനസ്സിലാകും.

TGIK യിലേതിനു കടകവിരുദ്ധമായി J4H ലെ നായകൻ വളരെ അക്രമാസക്തമായാണ് പെരുമാറുന്നത്. ഭാര്യയെ മാത്രമല്ല, അമ്മയേയും ചേച്ചിയേയും ഭരിക്കുന്നുണ്ട്. അയാൾ കൈത്തരിപ്പു തീർക്കുന്നത് ഭാര്യയുടെ മേലാണ്. അമ്മയും സഹോദരിയും നല്ല മനുഷ്യരാണ്, പക്ഷേ അവർക്കും അയാളെ നിയന്ത്രിക്കാൻ കഴിവില്ല. പാട്രിയാർക്കിയുടെ കറകളഞ്ഞ പ്രതിനിധിയാണ് അയാൾ. ഭക്ഷണം അടക്കം അയാളുടെ ഇഷ്ടം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നു. അയാളുടെ അച്ഛന്റെ ദേഷ്യം നോക്കുമ്പോൾ അയാൾ എത്രയോ ഭേദമാണ് എന്ന് അമ്മ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അച്ഛന്റെ ചില്ലിട്ട ചിത്രത്തിന്റെ ഗ്ലാസ്സ് ഏറുകൊണ്ട് പൊട്ടിയിരിക്കുന്നുണ്ട്. 🙂 🙂 മകന്റെ ഏറുകൊണ്ടു തന്നെ പൊട്ടിയതാവണം.

ആറുമാസത്തിനിടെ താലി കെട്ടിയവന്റെ കൈ സ്വന്തം മകളുടെ കവിളിൽ 21തവണ പതിഞ്ഞിട്ടു പോലും സ്വന്തം വീട്ടുകാരുടെ അനുകമ്പ കിട്ടിയില്ല. നിവർത്തി കെട്ട് സ്വയം പ്രതിരോധത്തിനായി കുങ്ഫൂ, യൂട്യൂബ് നോക്കി പഠിക്കുന്നു, നായകനെ നേരിടുന്നു. അത് അവസാനം വിവാഹമോചനത്തിൽ കലാശിക്കുന്നു.

ഇരു സിനിമകളിലെ പെൺകുട്ടികളും താലിച്ചങ്ങല എന്ന ബന്ധനം ഒഴിഞ്ഞു സ്വതന്ത്രരായതിൽ സന്തുഷ്ടരുമാണ്. അവരുടെ സന്തോഷത്തിൽ പ്രേക്ഷകരും സന്തോഷിക്കും.

J4K യിലെ നായകൻ കോടതി ആണെന്നു പോലും ഓർക്കാതെ വനിതാ ജഡ്ജിയുടെ നേർക്ക് ഒച്ചയുയർത്തി കയർക്കാൻ തുടങ്ങുന്നുണ്ട്, സ്ത്രീ എന്നതാണ് ആ കയർക്കലിനു കാരണം, പക്ഷേ പെട്ടെന്നു തന്നെ ബോധമുദിച്ചു, പൊങ്ങിയ ശബ്ദം അതേ പടി താഴ്ത്തുന്നുമുണ്ട്. സ്ത്രീയെ ഗർഭിണിയാക്കുക, അടി കഴിഞ്ഞ് ഒരു സോറി പറഞ്ഞ് ചിക്കന്‍ ബിരിയാണി വാങ്ങിക്കൊടുക്കുക തുടങ്ങിയ ആയുധങ്ങളാണ് ഭാര്യയെ മെരുക്കാനായി അയാളുടെ ആവനാഴിയിൽ ഉള്ളത്.

ഇന്നല്ലെങ്കിൽ നാളെയിലെ സുശീല തന്റെ ബന്ധനങ്ങളിൽ നിന്ന്, ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ ശ്രമിക്കുന്നതേയില്ല. സ്ത്രീകൾ സഹിക്കേണ്ടവരാണ് എന്ന സാമൂഹ്യപാഠം അവരിൽ വേരുറച്ചിരുന്നിരിക്കാം. നിസ്സഹായതയുടെ പാരമ്യത്തിൽ ആവാം ആ പാവം മരണത്തെ പുൽകാൻ തീരുമാനിച്ചത്.

TGIK യിലെ നായിക ബിരുദപഠനം പൂർത്തിയാക്കിയിരുന്നു, നൃത്തവും അഭ്യസിച്ചിരുന്നു. ഇതു രണ്ടും അവൾക്ക് ആത്മവിശ്വാസം നൽകിയിരിക്കണം. അതുകൊണ്ടാണ് ഭർത്താവിന്റേയും അച്ഛന്റേയും മുഖത്തേക്ക് സിങ്കിൽ കെട്ടിക്കിടന്ന ചെളിവെള്ളം കോരിയൊഴിച്ച്, അവരെ പൂട്ടിയിട്ട് ഇറങ്ങിപ്പോകാനുള്ള ധൈര്യം ലഭിച്ചത്.

J4H ലെ നായിക പഠിക്കാൻ മിടുക്കിയായിരുന്നിട്ടു കൂടി പഠനം മുഴുമിപ്പിക്കാൻ പോലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല, ജോലിയുമില്ല. പക്ഷേ പഠനം പൂർത്തിയാക്കാത്ത, ജോലിയില്ലാത്ത പെൺകുട്ടികൾക്കും അഭിമാനമായി ജീവിക്കാൻ അവകാശമുണ്ടല്ലോ. അത് അവൾ നേടിയെടുക്കുക തന്നെ ചെയ്തു. സ്വന്തം സഹോദരന്റെ സഹായം അവൾക്കുണ്ടായിരുന്നു എന്നത് വലിയ കാര്യമാണ്. സ്വന്തം പാരതന്ത്യത്തിൽ നിന്നു രക്ഷ നേടാൻ സ്വയം മുൻകൈ എടുത്താലേ മറ്റുള്ളവരിൽ നിന്നും കൂടുതൽ സഹായം ലഭിക്കൂ എന്നും ആ സിനിമ പറയാതെ പറയുന്നുണ്ട്. നിന്നെ സഹായിക്കാൻ ഞങ്ങളെ സഹായിക്കൂ (Help us to help you) എന്ന തത്വമാണത്.

ഇരു സിനിമകളിലേയും നായികമാരുടെ ഉയിർത്തെഴുന്നേൽപ്പ് ചില്ലറ മനഃസമാധനമൊന്നുമല്ല തന്നത്. പക്ഷേ അപ്പോഴേയ്ക്കും TGIK യിൽ അതേ സ്ഥാനം വേറൊരു സ്ത്രീ ഏറ്റെടുത്തല്ലോ എന്ന് സങ്കടവും വന്നു. അതായത് ആ പെൺകുട്ടിയുടെ കളം വിട്ടൊഴിയൽ ആ അച്ഛനേയും മകനേയും തരിമ്പും മാറ്റിയില്ല, യാതൊരു പാഠവും പഠിപ്പിച്ചുമില്ല എന്നർത്ഥം.

നായകനായ രാജേഷിനു മനം മാറ്റം ഉണ്ടാകുന്നുണ്ട് എന്നാണ് അയാളുടെ മുഖഭാവത്തിൽ നിന്നു എനിക്കു തോന്നിയത്. അയാളുടെ കമ്പനി വാങ്ങിക്കത്തക്ക വിധത്തിൽ അവൾ ഉയർന്നത് അയാളെ അമ്പരപ്പിച്ചിരിക്കാം, ചിന്തിപ്പിച്ചിരിക്കാം. പുറമേയ്ക്കു ലഹള കൂട്ടുന്ന, ദേഷ്യം വന്നാലുടൻ തല്ലിത്തീർക്കുന്ന പ്രാകൃതനായ അയാൾ സൗമ്യനായ, അനുഭവത്തിൽ നിന്നു പോലും തിരുത്തിനു തയ്യാറാകാത്ത TGIK നായകനേക്കാൾ ഭേദമായിരിക്കണം.

നമ്മുടെ വീടകങ്ങളിലെ കുറേ പൊള്ളത്തരങ്ങൾ കൂടി പൊളിക്കുന്നുണ്ട് J4H. പഠിക്കാനുള്ള ആഗ്രഹം പോലും സമ്മതിക്കാതിരുന്നിട്ട്, നിന്റെ ഏതെങ്കിലും ആഗ്രഹത്തിന് എതിരു നിന്നിട്ടുണ്ടോ എന്നാണ് യാതൊരു കൂസലുമില്ലാതെ അമ്മ ചോദിക്കുന്നത്! അതേ പോലെ ലവലോലിക്ക ഇഷ്ടമേയല്ലാത്ത മകൾക്ക് അതു വലിയ ഇഷ്ടമാണെന്നും അവർ തട്ടി മൂളിക്കുന്നുണ്ട്. ഇതേ പോലെ മക്കൾ മനസാ വാചാ അറിയാത്ത പലതും അവരെ പറ്റി പറയുന്ന ധാരാളം അമ്മമാരെ കണ്ടിട്ടുണ്ട്.

സിനിമയെ കലാസൃഷ്ടി എന്ന നിലയ്ക്കല്ല ഞാൻ സമീപിച്ചത്, മറിച്ച് പെൺജീവിതങ്ങൾ എന്ന നിലയ്ക്കാണ്. അതുകൊണ്ടു തന്നെ ഇത് ദൃശ്യമാദ്ധ്യമം എന്ന നിലയ്ക്കുള്ള ഒരു വിലയിരുത്തൽ അല്ല താനും. ആ രണ്ടു സിനിമകളും വലിയ സന്ദേശമാണ് നൽകുന്നത്. J4H യിലെ നായികയുടെ കുങ്ഫൂ ഒന്നും നിത്യജീവിതത്തിൽ സംഭവിക്കാനിടയില്ല, പക്ഷേ അതു കാണിച്ചതുകൊണ്ട് കുറേ പെൺകുട്ടികൾക്കെങ്കിലും കീഴടങ്ങിക്കൊടുക്കാതെ ചെറുത്തു നിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സിലായി കാണും.

അവസാനം ജഡ്ജി എഴുതിക്കുന്ന ‘നീതി, സമത്വം സ്വാതന്ത്ര്യം’ ഇംപൊസിഷൻ ഇവിടെ പല ആണുങ്ങളും എഴുതേണ്ടുണ്ട്, സാമൂഹിക സംവേദനക്ഷമതയുള്ള കുറേ പേർ മനസ്സിലെങ്കിലും എഴുതി കാണും. അതു ചിലരെങ്കിലും സോഷ്യൽമീഡിയയിൽ തുറന്നു പറയുകയും ചെയ്തിരുന്നു.

സമൂഹത്തിന്‍റെ കണ്ണു തുറപ്പിക്കാനായി ഇനിയും ഇതേ പോലെയുള്ള സിനിമകൾ ധാരാളം ഉണ്ടാകട്ടെ.

കവർ ഡിസൈൻ : മനു പുതുമന

Comments
Print Friendly, PDF & Email

You may also like