പൂമുഖം LITERATUREകഥ ഭൂതായനം

ഭൂതായനം


സൈക്ക്ള്‍ ചവുട്ടിത്തുടങ്ങിയപ്പോള്‍ പതിവു വഴി വിട്ട് ഒരു യാത്ര മുഹേര്‍ കാംബിയുടെ മനസ്സിലുണ്ടായിരുന്നില്ല. വിവേക് നഗറില്‍ നിന്ന് തിരക്കില്ലാത്ത ധോബി കോളനിയിലേയ്ക്ക് കടക്കുന്നതിന് പകരം ഇടത്തോട്ടു തിരിഞ്ഞു കഴിഞ്ഞാണ് അന്നത്തെ വ്യായാമം സര്‍ക്കാര്‍ ജീവനക്കാരുടെ കോളനി വഴിയാവാം എന്ന് അവന് തോന്നിയത്.
“റമ്പാന്‍ കലിയെ കണ്ട് വീട്ടിലേയ്ക്ക് ക്ഷണിക്കുകയുമാവാം . എന്നുമുതലേ ആലോചിക്കുന്നതാണ് . സമയം ഒത്തുവന്നില്ല .”

മന:സാക്ഷി സൂക്ഷിപ്പുകാരനായ ബന്ധു, സ്ഥലംമാറ്റം കിട്ടി, വരുന്നുണ്ട് എന്ന് എന്നോട് പറഞ്ഞുതുടങ്ങിയിട്ട് കുറച്ചായി.

മുഹേര്‍ കാംബിയുടെ സഹപ്രവർത്തകനും സുഹൃത്തുമായ ഞാന്‍ ഈ കഥ എഴുതാന്‍ തീരുമാനിച്ചതിന് മൂന്ന് കാരണങ്ങളുണ്ട്.

വിശദാംശങ്ങള്‍ മറന്നുപോകുന്നതിന് മുന്‍പ് മുഴുവന്‍ കഥയും എനിക്കു വേണ്ടിത്തന്നെ അക്ഷരങ്ങളിലാക്കുക എന്നതാണ് ആദ്യത്തേത്.

ജീവിച്ചിരിക്കെ ഒരാളുമായും നേരില്‍ പങ്ക് വെയ്ക്കാന്‍ ഞാനുദ്ദേശിക്കാത്ത കഥ എന്‍റെ കാലശേഷവും നിലനില്‍ക്കണമെന്ന ആഗ്രഹമാണ് രണ്ടാമത്തേത്. ആരെങ്കിലും കണ്ടെത്തി, വായിച്ച്, ചർച്ചയായി അത് ഇവിടെ തുടരുന്നെങ്കിൽ തുടരട്ടെ.

മൂന്നാമത്തെ കാരണം വഴിയെ പറയാം.

ഈ നഗരത്തിലെ മുഹേറിന്‍റെ ഒരേയൊരു സുഹൃത്ത് ഞാനാണ്. കടുത്ത അന്തര്‍മുഖനായിരുന്ന അവന് ഓഫീസിലോ താമസിക്കുന്നിടത്തോ ആരുമായും കൂട്ട് ഉണ്ടായിരുന്നില്ല. ‘ആയിരുന്ന’ എന്നും ‘ഉണ്ടായിരുന്നില്ല’ എന്നും ഭൂതകാലത്തില്‍ പറയുമ്പോള്‍ മിന്നല്‍ പോലെ മനസ്സിലൊരു അസ്വസ്ഥത വന്നുനിറയുന്നുണ്ട്. മുഹേറിനെ കുറിച്ച്, അവന്‍റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കൊണ്ടുനടക്കുന്ന ആശങ്കയോ അജ്ഞതയോ കാരണം, അറിയാതെ എഴുതിപ്പോകുന്നതാണ് .

കൃത്യം പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ്, രാവിലെ ഇതേ സമയത്ത് എന്‍റെ മുറിയില്‍ കയറിവന്ന് മുഹേര്‍ പറഞ്ഞ കഥയും എന്‍റെ കണ്‍മുന്നില്‍ നടന്ന അതിന്‍റെ തുടര്‍ച്ചകളുമാണ് ഞാന്‍ പറയാന്‍ പോകുന്നത്.

ജെമാലിയുമായുള്ള, ആറുമാസത്തെ അവന്‍റെ ദാമ്പത്യം ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു.

ഗ്രാമക്ഷേത്രത്തില്‍, വിശേഷാവസരങ്ങളില്‍ ആചാരമനുസരിച്ച് ഉലുവച്ചീരയും ചിരട്ടക്കരിയും നേരിട്ടെത്തിക്കാന്‍ പാരമ്പര്യമായി അവകാശം കൈയാളുന്ന ഒരേയൊരു കുടുംബത്തിലെ ഒരേയൊരു പെണ്‍കുട്ടി – സമുദായത്തിലെ ഏതൊരു ചെറുപ്പക്കാരനും മോഹിക്കാവുന്ന ഏറ്റവും ശ്രേഷ്ഠയായ ഭാര്യ-
അതായിരുന്നു അഭ്യസ്തവിദ്യയായിരുന്നില്ലെങ്കിലും സുന്ദരിയായ ജെമാലി.

ഒരു സാധാരണ നാട്ടിൻപുറത്തിന്റെ രീതികൾ പോലും ശീലിച്ചിട്ടില്ലാത്ത സ്വന്തം സമുദായത്തിൽ നിന്ന് വിധിയുടെ അവിശ്വസനീയമായ ചില ഇടപെടലുകളാണ് തന്നെ ഇവിടെ എത്തിച്ചത് എന്ന് മുഹേർ പറഞ്ഞിട്ടുണ്ട്. അക്ഷരാഭ്യാസമുള്ളവരായി ആരും അവരുടെ കൂട്ടത്തിലില്ല. നഗരത്തിന്റെ ചൂരും ചുവയും പതുക്കെപ്പതുക്കെ ജെമാലിക്ക് പരിചയപ്പെടുത്തി ക്കൊടുക്കാം എന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ അതിനൊരു ശ്രമം നടത്താൻ കൂടി വയ്യാത്ത നിലയിൽ നഗരം അവളെ ഭയപ്പെടുത്തി. നീണ്ട ആറുമാസക്കാലത്തെ മുഹേറിന്റെ പലതരത്തിലുള്ള പദ്ധതികളിലൊന്നും ഒരിഞ്ചും മുന്നോട്ട് പോയില്ല.
പിരിയാൻ വയ്യ – ഒരുമിച്ച് ജീവിക്കാനും വയ്യ – രണ്ടു പേർക്കും l!

” പാവമാണ് ജെമാലി. ഇന്നത്തെ അവസ്ഥയില്‍ പക്ഷേ ഞങ്ങൾക്ക്‌ ഒരുമിച്ച് ജീവിക്കാനാവില്ല . അവളെ സ്നേഹിക്കാനും സ്നേഹിക്കാതിരിക്കാനും ആ സ്നേഹം കാണാതിരിക്കാനും വയ്യ.”

രക്ഷാമാര്‍ഗ്ഗങ്ങളില്ലാത്ത സ്വന്തം നിസ്സഹായാവസ്ഥ അവന്‍ വെളിപ്പെടുത്തിയത് അങ്ങനെയാണ്.

പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ എന്നും മിടുക്കനായ റമ്പാന്‍ കലിക്ക് എന്തെങ്കിലും വഴി നിര്‍ദ്ദേശിക്കാനായേയ്ക്കും എന്ന പ്രതീക്ഷയിലായിരുന്നു അവൻ .

കോളനിയും ഉൾക്കൊള്ളുന്ന ഓഫീസിന്‍റെ ഗെയ്റ്റില്‍ എത്തിയപ്പോഴാണ് പുതിയ ബോര്‍ഡ് കണ്ടത് :

‘സന്ദര്‍ശകര്‍ പ്രധാന ഗേറ്റ് ഉപയോഗിക്കാതെ, ഇതിനു മുമ്പത്തെ വലത്തോട്ടുള്ള തിരിവ് വഴി ഓഫീസിനകത്ത് പ്രവേശിക്കുക’

തൊട്ടുതാഴെ, കടന്നുപോന്ന വഴിയിലേയ്ക്ക് ചൂണ്ടി, ഒരു അമ്പടയാളവും !

സമയം എട്ടര കഴിഞ്ഞിരുന്നു. ഒമ്പത് മണിക്ക് മുമ്പ് ചെന്നാലേ റമ്പാൻ കലിയെ കാണാന്‍ കിട്ടൂ .
വന്നതിന്‍റെ എതിര്‍വശത്തെ സമാന്തര പാതയിലൂടെ മുഹേര്‍ തിരിച്ചു ചവുട്ടി .

‘ഇതിന് മുന്‍പത്തെ വലത്തോട്ടുള്ള’ ആ ‘തിരിവ്’ വീതിയേറിയ മണ്‍പാതയിലേയ്ക്കാണ് ചെന്നുചേരുന്നത്. തിരക്കേറിയ സിറ്റിയിൽ പ്രതീക്ഷിക്കാനാവാത്ത മട്ടില്‍ വീതിയുള്ള ഒരു നാട്ടുവഴി. അത് പോകുന്നത് പരന്ന് പടര്‍ന്ന് നില്‍ക്കുന്ന വിജനമായ മാന്തോപ്പിന് നടുവിലൂടെയാണ്. പലതവണ സൈക്ക്ളിലും നടന്നും പോയിട്ടുണ്ട്. വണ്ടികൾ കടന്നുപോകുമ്പോൾ ചുവന്ന പൊടിമണ്ണുയരുന്ന പാതയില്‍ അല്പദൂരം പോയി, ഇടത്തോട്ട് തിരിഞ്ഞ് അഞ്ച് മിനുട്ട് നടന്നാല്‍ കോളനിയിലേയ്ക്ക് കയറാം, ഒരു വിക്കറ്റ് ഗെയ്റ്റ് വഴി.

ഇത്രയും ഓര്‍ക്കുകയും ചെയ്തു:

ഇതിനു മുമ്പത്തെ തിരിവ് വഴി പോകാനുള്ള ആ നിർദ്ദേശത്തിന് ഒറ്റ നോട്ടത്തിൽ തന്നെ ഒരു പന്തികേടില്ലേ – ‘പോയി ഇന്നലെ വരൂ’ എന്ന് പറയുന്നത് പോലെ ?
‘ഇതിന് മുമ്പത്തേത് ‘ കഴിഞ്ഞ കഥയല്ലേ ?
ആർക്കെങ്കിലും ഇതിന് മുൻപത്തെ തിരിവ് വഴി യാത്ര ചെയ്യാനാവുമോ ?

റോഡ്‌ കവരങ്ങളായി പിരിയുന്ന സ്ഥലത്തെത്തിയപ്പോള്‍ നിന്നു.
ഒരു പ്രശ്നം –

ഇപ്പോള്‍ റോഡ്‌ വലതു വശത്തല്ല !
ഇവിടെ നിന്ന് ഓഫീസിലേയ്ക്ക് പോകുന്ന സന്ദർശകരെ ഉദ്ദേശിച്ച് ബോര്‍ഡില്‍ പറഞ്ഞിരിക്കുന്ന ‘ഇതിനു മുമ്പത്തെ വലത്തോട്ടുള്ള തിരിവ് ‘ ഇത് തന്നെയാണ്.

പക്ഷേ മടങ്ങി വരുന്ന ഒരാള്‍ക്ക് തിരിവ് ഇടത്തോട്ടാണ്.
വായിച്ചതിലെ പിഴവ് ആകുമോ ?
റോഡ്‌ മുറിച്ചുകടന്ന് സൈക്ക്ളില്‍ മുഹേര്‍ വീണ്ടും മെയ്ന്‍ ഗേറ്റില്‍ എത്തി-
ബോര്‍ഡിനു തൊട്ടു മുന്നില്‍ നിന്ന് മനസ്സിരുത്തി വായിച്ചു:

‘ സന്ദര്‍ശകര്‍ പ്രധാന ഗേറ്റ് ഉപയോഗിക്കാതെ ഇതിനു മുമ്പത്തെ വലത്തോട്ടുള്ള തിരിവ് വഴി ഓഫീസിനകത്ത് പ്രവേശിക്കുക ‘

ചുറ്റിവളഞ്ഞ് ഒരു തവണ കൂടി വരാൻ സമയമില്ല. ഇപ്പോഴത്തെ ചുറ്റുപാടിൽ ഇതിനു മുമ്പത്തെ തിരിവ് വലതു വശത്ത് വരാന്‍ ഒരു വഴിയേയുള്ളൂ –
പിന്നിലേയ്ക്ക് നടക്കുക !
ചെറിയ കാര്യങ്ങളിലും നിയമം തെറ്റിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്ന മുഹേര്‍ അത് തന്നെ ചെയ്തു.
കുറച്ചുകൂടി മുന്നിലേയ്ക്ക് പോയി, സൌകര്യമുള്ള ഒരിടത്ത് സൈക്ക്‌ള്‍ പൂട്ടിവെച്ച് കൈകള്‍ മടക്കി അന്തരീക്ഷത്തില്‍ തുഴഞ്ഞ് വ്യായാമത്തിന്‍റെ പ്രതീതി വരുത്തി പിന്നിലേയ്ക്ക് നടന്നു. ഇടയ്ക്ക് കൌതുകത്തോടെ തന്നെ നോക്കി കടന്നുപോയ അപൂര്‍വം കാല്‍നടക്കാര്‍ക്ക് ഓരോ ചിരി സമ്മാനിച്ച്
മുക്കവലയില്‍ എത്തി.
സമയം നോക്കി.

എട്ട് പത്ത് കഴിഞ്ഞിരിക്കുന്നു.

വൈകിയിട്ടില്ല എന്ന് മനസ്സിൽ ആശ്വസിക്കാന്‍ തുടങ്ങുന്നതിന്നിടെ ഒരു ഞെട്ടലോടെ മുഹേര്‍ വീണ്ടും വാച്ചില്‍ നോക്കി, നടത്തം നിര്‍ത്തി.

‘ മെയ്ന്‍ ഗേറ്റില്‍ എത്തിയപ്പോള്‍ എട്ടരയായിരുന്നില്ലേ സമയം ?’

ഒന്നുകൂടി നോക്കിയപ്പോള്‍ എട്ട് പത്തിന് വാച്ച് നിന്നിരിക്കുന്നു !
അതെങ്ങനെ?

വലത്തോട്ട് തിരിഞ്ഞ് മുന്നോട്ടു നടന്നുകൊണ്ടിരിക്കെ സംശയം തീരാതെ വീണ്ടും നോക്കി.

‘ഇല്ല – നിന്നിട്ടില്ല ! വാച്ച് നടക്കുന്നുണ്ട് !’

പെട്ടെന്നുണ്ടായ അസാധാരണമായ ഒരു സംശയം നിവര്‍ത്തിക്കാനായി മുഹേർ നടത്തം നിര്‍ത്തി വാച്ചില്‍ ദൃഷ്ടിയൂന്നി –
പിന്നെ അടിവെച്ചടിവെച്ച് പിന്നിലേയ്ക്ക് നടന്നു –
വിശ്വാസം വരാതെ നിന്നു –
വീണ്ടും നടന്നു –

വാച്ചിലെ സെക്കന്‍ഡ് സൂചി ആവര്‍ത്തിച്ച് നിശ്ചലമാവുകയും അപ്രദക്ഷിണമായി കറങ്ങുകയും ചെയ്യുന്നു !

അടുത്ത പത്തോ പതിനഞ്ചോ മിനുട്ട് ആരിലും സംശയം ജനിപ്പിക്കാത്ത മട്ടില്‍ മുന്നിലേയ്ക്കും പിന്നിലേയ്ക്കും നടന്നും അപ്പപ്പോള്‍ നിന്നും മുഹേർ ഉറപ്പ് വരുത്തി

തന്‍റെ കൈത്തണ്ടയിലെ കൊച്ചുയന്ത്രം പദാനുപദം തന്‍റെ ചലനങ്ങള്‍ പകര്‍ത്തുന്നു !

സ്വപ്നമല്ലെന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണമായ എന്തോ ഒന്നിന് താന്‍ ഇരയും സാക്ഷിയും ആകുകയാണെന്നും തിരിച്ചറിയാന്‍ – അതുമായി പൊരുത്തപ്പെടാന്‍ മനസ്സിന് സമയം കൊടുത്തുകൊണ്ട് നിൽക്കെ അവനാലോചിച്ചു :

‘ അവിശ്വസനീയമായ ഈ കളിയില്‍ കാലവും തന്നോടൊപ്പമുണ്ടാവുമോ ? മുന്നിലേയ്ക്ക് നടക്കുമ്പോള്‍ മുന്നിലേയ്ക്കും പിന്നിലേയ്ക്ക് നടക്കുമ്പോള്‍ പിന്നിലേയ്ക്കും കാലവും തന്നോടൊപ്പം വരുന്നുണ്ടാവുമോ?
എങ്കില്‍— കാലത്തെ മുന്നോട്ടും പിന്നോട്ടും കൊണ്ടുനടത്താനുള്ള കഴിവ് ഏതോ തരത്തില്‍ തനിക്ക് കൈവന്നിട്ടുണ്ടെങ്കില്‍……! ‘

ചിന്തയില്‍ വാക്യം പൂര്‍ത്തിയാക്കാനുള്ള ക്ഷമയുണ്ടായില്ല .

മുഹേറിന്‍റെ മനസ്സില്‍ അമാനുഷമായ ഒരു മോഹം ജനിച്ചു !

മനസ്സിലെ കുഴക്കുന്ന പ്രശ്നങ്ങള്‍ തത്കാലം മാറ്റിനിര്‍ത്തി അവൻ പുതിയ സമയ പരീക്ഷണത്തിന്‍റെ സാദ്ധ്യതകള്‍ ആരായാന്‍ തീരുമാനിച്ചു.

റമ്പാൻ കലിയെ കാണാനുള്ള പരിപാടി ഉപേക്ഷിച്ച് യാത്ര കാൽനടയായി ഈ വഴിക്കാക്കിയത് അങ്ങനെയാണ്. ‘തിരിച്ചുപോകുമ്പോൾ സൈക്ക്ൾ എടുക്കാമല്ലോ !’

നിന്ന നില്‍പ്പില്‍ മൂന്നോ നാലോ ഗ്ലാസ് വെള്ളം കുടിച്ചു കഴിഞ്ഞ് കിതപ്പൊന്നടങ്ങിയിട്ടേ അവന്‍ സംസാരിച്ച് തുടങ്ങിയുള്ളൂ .

കണ്ട് പരിചയമില്ലാത്ത ആവേശത്തോടെ, ശ്വാസം വിടാന്‍ സമയമെടുക്കാതെ മുഹേർ കഥ പറഞ്ഞവസാനിപ്പിച്ചു. അവന് എന്‍റെ പ്രതികരണമറിയേണ്ടിയിരുന്നു.

നേരില്‍ അറിയുന്നത് വരെ എനിക്കൊന്നും പറയാനില്ലായിരുന്നു .

പലതവണ ആവര്‍ത്തിച്ച് കണ്ടപ്പോള്‍ പക്ഷേ വിശ്വസിക്കാതെ വയ്യെന്നായി.

സംഗതി സത്യമായിരുന്നു. മുഹേറിന്‍റെ കൈയില്‍ നിന്ന് ഊരിയ നിലയിലും എന്‍റെ കൈത്തണ്ടയിലും വാച്ച് ലോകത്തിലെ മറ്റേതു വാച്ചിനേയും പോലെ പെരുമാറി.

അവന്‍റെ കൈത്തണ്ടയില്‍ അത് മുന്നോട്ടും പിന്നോട്ടും നടന്നും ഇടയ്ക്ക് നിന്നും പുതിയ നിയമങ്ങള്‍ അനുസരിച്ചു !

ചെറിയ കിതപ്പോടെ ബദ്ധപ്പാടോടെ താഴ്ന്ന ശബ്ദത്തില്‍ അവൻ സ്വന്തം പദ്ധതി അവതരിപ്പിച്ചു.

” കാലത്തില്‍ തിരിഞ്ഞുനടക്കാനുള്ള കഴിവ് ഏതോ അജ്ഞാതവഴികളിലൂടെ എനിക്ക് കൈവന്നിട്ടുണ്ടെങ്കില്‍….., എങ്കിൽ മാത്രം…, പിന്നിലേയ്ക്ക് നടന്ന്…ഇക്കഴിഞ്ഞ എട്ടുമാസക്കാലം… തിരിച്ചേല്‍പ്പിക്കാന്‍…ഞാന്‍ വിചാരിക്കുന്നു …! “

നിര്‍ത്തിനിര്‍ത്തിയാണ് മുഹേര്‍ സംസാരിച്ചത് .

” തിരിച്ചേല്‍പ്പിച്ച്, പകരം എനിക്ക് മറ്റൊരു എട്ടുമാസമെടുക്കണം. പിന്നിലേയ്ക്ക് നടന്നുനടന്ന് – വിവാഹാലോചനയുമായി ജെമാലിയെ കാണാൻ തീരുമാനിച്ചതിനു മുമ്പുള്ള ദിവസങ്ങളില്‍ എത്തി – വാച്ച് അഴിച്ചു മാറ്റി – ആരോടും തെറ്റ് ചെയ്യാതെ – ആരെയും നോവിക്കാതെ – പുതിയ ഒരു വഴിയില്‍ യാത്ര തുടരുക . “

തിരിച്ചേല്‍പ്പിക്കുക – പകരമെടുക്കുക
അവന്‍റെ വാക്കുകള്‍ എന്നെ അന്ധാളിപ്പിച്ചു !
നമ്മുടെ രീതികൾ പരിചയമില്ലാത്ത ഒരു അന്യഗ്രഹജീവിയെ പോലെ മുഹേർ നിന്നു.

പിന്നെ, എന്തുപറയണമെന്നറിയാതെ ഇരുന്ന എന്നോട് ചോദിച്ചു :

” താനെന്താ ഒന്നും പറയാത്തത് ? “

“എനിക്ക് ഭയം തോന്നുന്നു മുഹേര്‍ ! ”

” എനിക്ക് ഭയം തോന്നുന്നില്ലല്ലോ ചങ്ങാതീ. എന്നോ പറ്റിപ്പോയ അബദ്ധത്തെ പറ്റി ചിലപ്പോഴൊക്കെ നമുക്ക് തോന്നാറില്ലേ, അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ എന്ന് ? തിരുത്താനാവാത്ത കഴിഞ്ഞ കാലത്തെ തിരുത്താന്‍ അത്യപൂര്‍വമായ അവസരം ഒരുപക്ഷേ എനിക്ക് കിട്ടിയിരിക്കുന്നു. സംഗതി സത്യമാണെങ്കില്‍ ഞാനത് ഉപയോഗിക്കാതിരുന്നുകൂട. ”

ഞാന്‍ ആത്മഗതം പോലെ എന്നാല്‍ മുഹേറിന് കേള്‍ക്കാവുന്ന ശബ്ദത്തില്‍ പറഞ്ഞു :

” ഇത് അസാധാരണമാണ് . പ്രകൃതിവിരുദ്ധമാണ്. ഇങ്ങനെയൊന്ന് ജീവിതത്തിൽ മുൻപുണ്ടായിട്ടില്ല. എവിടെയെങ്കിലും നടന്നതായി എവിടേയും കേട്ടിട്ടില്ല – വായിച്ചിട്ടില്ല. അത്തരത്തിൽ ഒരനുഭവമുണ്ടാവുമ്പോൾ സന്തോഷിക്കുകയല്ല ഭയപ്പെടുകയാണ് വേണ്ടത്. അടുത്ത തിരിവിനപ്പുറം എന്തെന്നറിയാത്ത കളികളെ സംശയത്തോടെയേ കാണാവൂ.”

” നിന്‍റെ സുഹൃത്ത് കാലത്തിലൂടെ ഒരു തിരിച്ചു പോക്കിനൊരുങ്ങുന്നു. ആ മുഖഭാവം മാറ്റി ഈ പരീക്ഷണത്തില്‍ എന്നോടൊപ്പം ഉണ്ടെന്നു പറയുകയല്ലേ വേണ്ടത് ? നീയല്ലേ എനിക്ക് ധൈര്യം തരേണ്ടത്? ”

ദീര്‍ഘവൃത്താകൃതിയിലുള്ള വലിയ മേശയ്ക്കു ചുറ്റുമായി മുഹേര്‍ നടന്ന് തുടങ്ങി – പിന്നിലേയ്ക്ക്. ഇടയ്ക്ക് ചിരിച്ചും സംസാരിച്ചും.

അടുപ്പിച്ചടുപ്പിച്ച് അര മണിക്കൂര്‍ വീതമുള്ള രണ്ടു ക്ലയന്‍റ് മീറ്റിങ്ങുകള്‍ക്കായി ഞാന്‍ മുറിയില്‍ കയറി.

ജോലി കഴിഞ്ഞ് വീണ്ടും ഹാളില്‍ എത്തിയപ്പോള്‍ നടത്തം നിര്‍ത്തി മുഖത്തൊരു ചെറുചിരിയുമായി മുഹേര്‍ ഡൈനിങ് ടേബ്ളിന് മുന്നില്‍ കസേരയില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ മുന്നില്‍ എത്തുന്നതിന് മുന്‍പും ഉണ്ടായിരുന്നു എന്ന് തോന്നിപ്പിച്ച അസാധാരണമായ ഒരു ചിരി. മേശയ്ക്കപ്പുറവും ഇപ്പുറവും ഇരുന്ന് പ്രാതല്‍ കഴിക്കുമ്പോഴും മറയാന്‍ മടിച്ചു നിന്ന ഒരു ചിരി !

” എന്‍റെ മുഖത്ത് എന്തെങ്കിലും പ്രത്യേകത കാണുന്നുണ്ടോ? ”

ഉള്ളില്‍ അനുഭവപ്പെട്ട നടുക്കം പുറമേയ്ക്ക് കാണിക്കാതെ ഞാന്‍ ചോദിച്ചു :

”എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ? ”

അവന്‍ തലയാട്ടി :

” അസ്വസ്ഥതയല്ല…മറ്റെന്തോ ! കാലും കൈയും മരവിപ്പില്‍ നിന്നു മാറിവരുമ്പോള്‍ തോന്നാറില്ലേ – അത് പോലെ സുഖമുള്ള ഒരു കിരുകിരുപ്പ് ശരീരത്തിനകം മുഴുവനും ! ”

ഇടറിയ ആ ശബ്ദം, ലഹരിയിലെന്ന പോലുള്ള ആ മുഖഭാവം, ആ വാക്കുകൾ-
ഒന്നും എനിക്ക് ശരിയായി തോന്നിയില്ല.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഒരു ശ്രമം കൂടി നടത്തി.

” മുഹേർ, നമുക്കിത് ഇവിടെ നിര്‍ത്താം . ഇനി പിന്നെയാവാം. ”

അവൻ കൂട്ടാക്കിയില്ല .

” കാലവും എന്നോടൊപ്പമുണ്ടെങ്കില്‍ അതിനെന്തെങ്കിലും തെളിവ് കിട്ടട്ടെ. എന്നിട്ട് നിര്‍ത്താം. പിന്നെ എന്തുവേണമെന്ന് പിന്നീട് ആലോചിക്കാം.”

ആ ചിരി മുഖത്ത് പതിച്ചുവെച്ചത് പോലെ !

എനിക്കെന്‍റെ ഭയം മറച്ചുവെക്കാനായില്ല…

“പരിചയമില്ലാത്ത എന്തോ ഒന്ന് എന്നല്ലാതെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമുക്കറിയില്ല. ആർക്കാണ് കഴിഞ്ഞുപോയ ദിവസങ്ങൾ നീ തിരിച്ചേൽപ്പിക്കുക? ആരിൽ നിന്നാണ് പകരമെടുക്കുക? ഇനി നീ പറഞ്ഞതുപോലെ കാര്യങ്ങള്‍ നടക്കുന്നു എന്ന് തന്നെ ഇരിക്കട്ടെ. ആ പോക്ക് നീ കരുതുന്ന വഴികളിലൂടെ തന്നെ ആയിരിക്കുമെന്ന് – എട്ടുമാസത്തിനപ്പുറം നീ നിശ്ചയിക്കുന്ന ഇടത്ത് ഇഷ്ടമുള്ള രീതിയില്‍ ആ മടങ്ങിപ്പോക്ക് അവസാനിപ്പിക്കാന്‍ നിനക്കാകുമെന്ന് – കാലം മറ്റൊരു വഴി നിനക്ക് അനുവദിച്ചുതരുമെന്ന് – ഒക്കെ എങ്ങനെയാണ് നമ്മള്‍ ഉറപ്പിക്കുക ?

ചിരിച്ചുകൊണ്ടിരുന്ന മുഹേര്‍ എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുന്നതായി തോന്നിയില്ല.
ആ കണ്ണും കാതും മറ്റേതോ ലോകത്തായിരുന്നു .

അടുത്ത മീറ്റിങ്ങിന് മുന്‍പ് തീര്‍ക്കേണ്ട ഫോണ്‍ വിളികളുടെ ലിസ്റ്റുമായി ഞാന്‍ വീണ്ടും അകത്തേയ്ക്ക് നടന്നു.

മുഹേര്‍ പിന്‍നടത്തം പുനരാരംഭിച്ചിരുന്നു. ഓഫീസില്‍ അവന് വൈകുന്നേരത്തെ ഷിഫ്റ്റാണ് – സമയമുണ്ട് ,

ഫോണ്‍ സംഭാഷണത്തിനിടെ പരിഭ്രമിച്ചു കൊണ്ടുള്ള അവന്‍റെ ശബ്ദം കേട്ടുവെന്ന് തോന്നി ഞാൻ ഹാളിലെത്തി.

മേശയുടെ കാലില്‍ മുറുക്കി പിടിച്ച് അവന്‍ താഴെ ഇരിക്കുകയായിരുന്നു –

” കുറെ നേരം…പിന്നിലേയ്ക്ക്… നടന്നിട്ടാവണം…തല…തിരിയുന്നു…! ”

മുൻപത്തേക്കാൾ നിർത്തിനിർത്തിയാണവൻ സംസാരിച്ചത്. ശബ്ദത്തിലെ പതർച്ച ശ്രദ്ധിക്കാതിരിക്കാനായില്ല .

എന്‍റെ കൈത്താങ്ങോടെ നടന്ന് വന്ന് അകത്ത് കട്ടിലിലിരുന്ന് കഴിഞ്ഞിട്ടും കണ്ണുകള്‍ എവിടെയെങ്കിലും ഉറപ്പിക്കാനവനായില്ല .

” ഇപ്പോഴും എനിക്ക് വല്ലാതെ തല തിരിയുന്നുണ്ട്. ”

എന്‍റെ സഹായത്തോടെ അവന്‍ കിടന്നു

ആ മുഖം കടലാസ് പോലെ വിളറിയിരുന്നു.

” മുഹേര്‍ ഇന്നത്തേയ്ക്ക് ഇത് മതി ! ”

” മതി…മതി…ബാക്കി…അടുത്ത… ദിവസമേയുള്ളൂ “

അവന്‍ തല കുലുക്കി . അടുത്തൊരു കസേരയിട്ട് ഞാന്‍ ഇരുന്നു ,
അസാധാരണമായി ഒന്നും സംഭവിക്കുന്നില്ലെന്ന് എന്നെ ആശ്വസിപ്പിക്കാനാവണം ഉറക്കത്തിൽ സംസാരിക്കുന്നതുപോലെ അവനെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

വിറയലും വിക്കും മാറി അവന്‍ സാധാരണ നിലയില്‍ ആവാന്‍ താമസിക്കുന്നതെന്ത് എന്ന് അസ്വസ്ഥപ്പെടുന്നതിന്നിടെ എന്‍റെ നോട്ടം ആ വാച്ചില്‍ വീണു .

അതിന്‍റെ മുഖത്ത് നിന്ന് മൂന്നു സൂചികളും അപ്രത്യക്ഷമായിരുന്നു !
ഒരു നിമിഷം വാച്ചില്‍ ശ്രദ്ധിച്ച് മുഹേര്‍ കൈ എന്‍റെ നേരെ നീട്ടി.

അത് ഊരിയെടുക്കുമ്പോള്‍ ഭയപ്പാടോടെ ഞാനറിഞ്ഞു :

മുഹേര്‍ നടത്തം നിര്‍ത്തിക്കഴിഞ്ഞും വാച്ച് അതിന്‍റെ അപ്രദക്ഷിണയാത്ര തുടരുകയായിരുന്നു. അതിന്‍റെ വേഗം സൂചികൾ കാണാനാവാത്ത വിധം കൂടുകയും ചെയ്തിരുന്നു ..
പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു യന്ത്രത്തിന്‍റെ ഭാഗങ്ങളില്‍ സ്പര്‍ശിച്ചാലെന്ന പോലെ ആ ശരീരത്തില്‍ തൊടുമ്പോള്‍ കമ്പനങ്ങള്‍ അനുഭവപ്പെട്ടു.
തൊട്ടടുത്ത് ഇരിക്കുമ്പോള്‍ നിശബ്ദതയോടടുത്ത് നില്‍ക്കുന്ന ഒരു മുഴക്കം കേള്‍ക്കുന്നത് പോലെ.

ഊരിയെടുത്ത് ഡൈനിംഗ് ടേബ്ളിന് മുകളില്‍ വെച്ചിട്ടും വാച്ച് വഴങ്ങിയില്ല .

മുഹേറിന്‍റെ മുഖത്ത് നിര്‍വചിക്കാനാവാത്ത ഒരു മാറ്റം അസ്വസ്ഥതയോടെ ഞാന്‍ തിരിച്ചറിഞ്ഞു.

” മുഹേര്‍ ! ” ആശങ്ക മറച്ചുവെയ്ക്കാതെ ഞാന്‍ ചോദിച്ചു-
” നമ്മള്‍ എന്തു ചെയ്യും ? ”

” നമുക്ക് …നോക്കാം… ”

അസ്പഷ്ടമായിരുന്നു ആ വാക്കുകള്‍ .

” എന്താണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നു പറയാമോ ? എന്ത് സഹായമാണ് എനിക്ക് ചെയ്യാനാവുക ? ”

” അകത്ത് ശക്തമായ കൊളുത്തിവലിക്കലുകള്‍ നടക്കുന്നത് പോലെ – ശരീരം സങ്കോചിക്കുന്നത് പോലെ ”

“വേദന ? “

” ഇല്ല..ഒട്ടും ഇല്ല.’

നോക്കിയിരിക്കുകയല്ലാതെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
വശം ചെരിഞ്ഞു കിടന്ന മുഹേറിന്‍റെ ഇടതു കൈപ്പത്തി കൈയില്‍ എടുത്ത് മുതുകത്ത് പതുക്കെ തട്ടിക്കൊണ്ടിരിക്കുക മാത്രം ചെയ്തു ഞാന്‍.

ആ കൈപ്പത്തിക്ക് ഹിമത്തിന്‍റെ തണുപ്പായിരുന്നു !

എന്തു ചെയ്യണമെന്നറിയാതെ വാച്ചിലേയ്ക്ക് നോക്കിനിന്ന് ഞാന്‍ ആലോചിച്ചു :

കാര്യങ്ങളുടെ കടിഞ്ഞാണ്‍ മുഹേറിന്‍റെ കൈയില്‍ നിന്ന് പോയിരിക്കുന്നു. ഇപ്പോള്‍ ഇതിനെ നിയന്ത്രിക്കുന്ന ശക്തി ഏതായിരിക്കും ? എവിടെയായിരിക്കും ? അതിനെ ചെറുക്കാനുള്ള വഴി എന്തായിരിക്കും?

സ്ഥലകാലബോധം ഞങ്ങളെ കൈവിട്ട അടുത്ത ഇരുപത് മണിക്കൂറിൽ മൂന്ന് പതിറ്റാണ്ടുകളുടെ ജീവിതം പിന്നോട്ട് ജീവിച്ചുതീർത്ത് മുഹേർ കാംബി എന്ന ചെറുപ്പക്കാരൻ എന്‍റെ കണ്മുന്നിൽ ഈ കട്ടിലില്‍ ഇല്ലാതായി ! കുറുകിക്കുറുകി ഒരു ബിന്ദുവിലേയ്ക്ക് ചുരുങ്ങി ഒന്നുമില്ലായ്മയില്‍ എത്തിയ അവസാനം ഒരു പേക്കിനാവിലെന്ന പോലെ എനിക്കോര്‍ക്കാം .

ആ പകലും രാത്രിയും എങ്ങനെയാണ് കടന്നുപോയതെന്ന് കൃത്യമായി രേഖപ്പെടുത്താന്‍ എനിക്കാവില്ല- ഓര്‍മ്മിക്കാനാവില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി.
അത് ഒരേയൊരു പകലും രാത്രിയും മാത്രമായിരുന്നു എന്നത് ദിവസങ്ങള്‍ എടുത്താണ് ഞാനെന്നെത്തന്നെ ബോദ്ധ്യപ്പെടുത്തിയത്. ആ മുഖവും ശരീരവും കണ്ടിരിക്കെ മാറിക്കൊണ്ടിരുന്നു. കാലത്തിന്‍റെ പതിവളവുകൾ പ്രസക്തമല്ലാത്ത രണ്ട് വഴികളില്‍ ആയിരുന്നു ഞങ്ങള്‍. ഒന്നിൽ അരിച്ചരിച്ച് മുന്നോട്ട് ഞാനും മറ്റതിൽ ഒരു നിർബാധപതനത്തിലെന്ന പോലെ അനുനിമിഷം കൂടുന്ന വേഗവുമായി പിന്നോട്ട് അവനും – ആകാശത്തിന് കുറുകെ മേഘം നീങ്ങുമ്പോള്‍ ചിലപ്പോൾ കാഴ്ചപ്പുറത്തുള്ള ഭൂഭാഗത്തിന്‍റെ ഒരു ഭാഗം വെയിലും ബാക്കി തണലുമാവാറുള്ളതുപോലെ. അടുത്തടുത്തായിരുന്നെങ്കിലും ഒരു വലിയ അകലം ഞങ്ങള്‍ക്കിടയില്‍ നിലനിന്നു. മുഹേര്‍ കാലത്തിലൂടെയല്ല കാലം മുഹേറിലൂടെയായിരുന്നു പിന്നിലേയ്ക്ക് കുതിച്ചത്. നോക്കിയിരിക്കെ അതിന് പ്രകാശവേഗം കൈവന്നു. അപ്രദക്ഷിണമായി ചുറ്റുന്ന ചുഴിയുടെ വേഗം കുറഞ്ഞ പുറംചുറ്റുകളിൽ നിന്ന് വേഗം കൂടിയ അകംചുറ്റുകളിലേയ്ക്ക് എന്നതുപോലെയായിരിന്നു അവന്‍റെ മാറ്റം. മുറിയിലേയ്ക്ക് കടന്നുവന്ന ചെറുപ്പക്കാരനായിരുന്നില്ല അനുനിമിഷം പരിണമിച്ചുകൊണ്ടിരുന്ന കട്ടിലിലെ രൂപം. ശരീരത്തില്‍ നിന്ന് വര്‍ഷങ്ങള്‍ അഴിഞ്ഞഴിഞ്ഞ് ഒഴിയുകയായിരുന്നു. യൌവനത്തില്‍ നിന്ന് കൌമാരത്തിലേയ്ക്കും അതിലധികം വേഗത്തില്‍ ബാല്യത്തിലേയ്ക്കും പിൻവാങ്ങിക്കൊണ്ടിരുന്ന മുഹേറിന്‍റെ അനുഭവത്തെ പോലെ ഭയപ്പെടുത്തുന്നതായി മറ്റെന്തെങ്കിലുമുണ്ടായിരുന്നെങ്കിൽ അതതിന് ആദ്യന്തം ഏകസാക്ഷിയായിരിക്കേണ്ടിവന്ന എന്‍റെ അനുഭവമാവും .
ഒഴിവാക്കാനാവാത്ത ഫോണ്‍ വിളികള്‍ക്കും നീട്ടിവെയ്ക്കാനാവാത്ത ഓഫീസ് കാര്യങ്ങള്‍ക്കും മാറിനിന്നതൊഴിച്ചാല്‍ മുഴുവന്‍ സമയവും ഞാന്‍ ശാരീരികമായി അവനടുത്തുണ്ടായിരുന്നു. മാനസികമായും എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുന്നില്ല. വിഭ്രാമകമായ ആ ചുറ്റുപാടില്‍ ബോധാബോധങ്ങളുടെ അതിരുകൾ അങ്ങോട്ടുമിങ്ങോട്ടും ഞാൻ പല തവണ താണ്ടിയിട്ടുണ്ടാവാം.

മുഹേര്‍ കാംബി എന്ന ചെറുപ്പക്കാരന്‍ ഈ ലോകത്ത് നിന്ന് പോയിട്ട് രണ്ടാഴ്ച യോളമാവുന്നു. ആ ദിവസത്തിന്‍റെ മായക്കാഴ്ചകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ചെറുതായെങ്കിലും പുറത്തു കടക്കാന്‍ മൂന്നോ നാലോ ദിവസങ്ങള്‍ വേണ്ടിവന്നു . ഓഫീസില്‍ തിരക്ക് കുറഞ്ഞ ദിവസങ്ങളായത് ഒരുതരത്തിൽ ആശ്വാസമായി. അന്ന് നടന്നതൊക്കെ ശരിക്കും നടന്നതാണോ അതോ എന്‍റെ തോന്നലായിരുന്നോ എന്ന് ഇടയ്ക്കൊക്കെ സംശയം തോന്നി. അത് ഒരു ഭ്രാന്തന്‍ സ്വപ്നം മാത്രമായിരുന്നു എന്ന് ഞാനും വിശ്വസിക്കുമായിരുന്നു സാഹചര്യത്തെളിവുകള്‍ ഇല്ലായിരുന്നെങ്കില്‍ –

(ഞാൻ ആദ്യം സൂചിപ്പിച്ച കാരണങ്ങളിൽ മൂന്നാമത്തേത് ഇതാണ്. കാലം കടന്നുപോകുമ്പോൾ എനിക്ക് തന്നേയും വിശ്വസിക്കാനാവാതെ വന്നേയ്ക്കും അന്നത്തെ സംഭവങ്ങൾ. രേഖകളിലാക്കേണ്ട ഒന്നും നടന്നിട്ടില്ലെന്ന ബോദ്ധ്യത്തിൽ, മറ്റാർക്കും അറിയാത്ത ഒരു കഥയെ ഞാനും അവഗണിച്ചേയ്ക്കും. അത് സംഭവിച്ചുകൂട.)

അന്ന് വൈകുന്നേരം ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ജെമാലി ഓഫീസില്‍ വന്നിരുന്നു. അവകാശികളില്ലാത്ത നിലയില്‍ മുഹേറിന്‍റെ സൈക്ക്ള്‍ അന്ന് പാര്‍ക്ക് ചെയ്തിരുന്നു എന്ന് പറഞ്ഞ സ്ഥലത്തു നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു.

അവന്‍ ഈ ലോകത്തില്ല എന്നല്ലാതെ ജീവിച്ചിരിപ്പില്ല എന്നു പറയാന്‍ എനിക്കിഷ്ടമല്ല. കാലത്തിന്‍റെ നെഗറ്റിവ് അക്ഷത്തിലൂടെ ഈ നിമിഷവും അവന്‍ യാത്രചെയ്യുന്നുണ്ടാവണം .
അവന്‍റെ പ്രായം ? – 10 ? -100 ? അറിയില്ല.

മുഹേർ അപ്രത്യക്ഷമായ നിമിഷം വാച്ചിന്‍റെ ചലനം നിലച്ചു.
കാലത്തിന്‍റെ ഋണമൂല്യങ്ങള്‍ അളക്കാന്‍ പ്രാപ്തമല്ലാത്തതിനാലാവാം.
അലമാറയില്‍ ആരുടേയും കണ്ണില്‍ പെടാത്ത ഒരിടത്ത് ഞാനത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

എനിക്ക് പ്രതീക്ഷയുണ്ട്.
പ്രകൃതി എല്ലാറ്റിലും തുലനം പാലിക്കുന്നു. മുഹേറിന്‍റെ യാത്ര എന്നോ എവിടെയോ അവസാനിച്ചേ പറ്റൂ . ഊഞ്ഞാലിലെന്ന പോലെ അവിടെ നിന്ന് അവന്‍ മടക്കയാത്ര തുടങ്ങും. പോയതുപോലെ അവിശ്വസനീയമായി ഒരു ദിവസം അവന്‍ ഈ മുറിയില്‍ തിരിച്ചെത്തും.

ഒരു കാര്യം അപ്പോഴും എന്‍റെ സ്വസ്ഥത നശിപ്പിക്കുന്നു.
തിരിച്ചുള്ള യാത്രയില്‍,വര്‍ത്തമാനത്തില്‍ നിര്‍ത്താനാവാതെ ഒരൂഞ്ഞാലില്‍ എന്ന പോലെത്തന്നെ ഈ മുറിയില്‍ എന്‍റെ കണ്‍മുന്നില്‍ മുഹേര്‍ കാംബി എന്ന ചെറുപ്പക്കാരന്‍ ഭാവിയിലേയ്ക്ക് പറന്നു പോയാലോ ?

വര : പ്രസാദ് കാനത്തുങ്കൽ

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like