പൂമുഖം POLITICS ഗോമാതയേയും, ഭാരത് മാതയേയും നെഞ്ചേറ്റി കോണ്‍ഗ്രസും ഒരു സംഘപരിവാര്‍ സംഘടനയാവുന്നോ?

ഗോമാതയേയും, ഭാരത് മാതയേയും നെഞ്ചേറ്റി കോണ്‍ഗ്രസും ഒരു സംഘപരിവാര്‍ സംഘടനയാവുന്നോ?

ാരതീയ ജനതാ പാര്‍ട്ടിയും, അവരെ പിന്താങ്ങുന്ന ആര്‍ എസ് എസും, അവരാല്‍ നയിക്കപ്പെടുന്ന സംഘപരിവാറും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉന്മാദ ദേശീയതയുടെ പുറകെയാണ് ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ദേശീയ പാര്‍ട്ടി. ഒന്നിന് പുറകെ ഒന്നായി സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ നിലപാടുകള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ് വര്‍ഷങ്ങളുടെ മതേതര പാരമ്പര്യത്തിന്റെ മേനി നടിക്കുന്ന ആ പ്രസ്ഥാനം.

ജെ.എന്‍.യുവില്‍ പൊട്ടിത്തെറിക്കപ്പെട്ട രാഷ്ട്രീയസാഹചര്യത്തില്‍ നിന്നാണ് പ്രകടമായ മാറ്റം കോണ്‍ഗ്രസ്സില്‍ കണ്ടു തുടങ്ങിയത്. ആദ്യഘട്ടത്തില്‍ സര്‍വ്വ പിന്തുണയും പ്രഖ്യാപിക്കപ്പെടുകയും, രാഹുല്‍ ഗാന്ധി തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ പിന്നീട് പാര്‍ട്ടി അവരുടെ നിലപാടുകള്‍ തിരുത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. കനയ്യകുമാര്‍, അനിര്‍ബന്‍, ഉമര്‍ ഖാലിദ് എന്നിവര്‍ കുറ്റക്കാരാണെന്ന് വീഡിയോ ദൃശ്യങ്ങളിലൂടെ സംഘപരിവാര്‍ അനുകൂല നിലപാടുകാര്‍ വിലയിരുത്തിയപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ഭൂരിപക്ഷവും ആ വാദങ്ങളെ ഏറ്റുപാടി. രാജ്യമാണ് വലുതെന്നും, അതിന് ശേഷമേ മറ്റെന്തുമുള്ളൂ എന്ന തരത്തിലുള്ള ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും ആ സമയത്ത് കോണ്‍ഗ്രസ്സുകാരെന്ന് മേനി നടിക്കുന്നവരില്‍ നിന്ന് പുറത്ത് വന്നതും നാം കണ്ടതാണ്.

ആ നിലപാടുകളെല്ലാം അന്ന് സഹായകമായത് അക്രമണതത്പരായ സംഘപരിവാര്‍ അനുകൂലികള്‍ക്കായിരുന്നു. അതുവരെ വിശാലമായ കാഴ്ചപ്പാടോടെ കൈകാര്യം ചെയ്തിരുന്ന തങ്ങളുടെ രാഷ്ട്രീയപാരമ്പര്യത്തിന്റെ കടയ്ക്കല്‍ വച്ച കത്തിയായിരുന്നു ഈ അവസരത്തിലെ പല കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട് മാറ്റം.

ഈ കഴിഞ്ഞ ഒരാഴ്ചക്കാലത്തെ കോണ്‍ഗ്രസ്സ് നേതാക്കളുടെ നിലപാടുകള്‍ മറ്റെന്തെല്ലാമായിരുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. അത് പ്രഖ്യാപിത കോണ്‍ഗ്രസ്സ് നിലപാടല്ലല്ലോ എന്ന് ആശ്വസിക്കാമെങ്കിലും, സംഘപരിവാര്‍ അജണ്ടകളുടെ മന:സ്ഥിതി ചുമന്ന് കൊണ്ട് നടക്കുന്നവരാണ് ആ പാര്‍ട്ടിയെയും അണികളേയും നയിക്കുന്നത് എന്നുള്ള യാഥാര്‍ത്ഥ്യമാണ് നാം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്.

മഹാരാഷ്ട്ര അസംബ്ലിയില്‍ കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ്സ് എടുത്ത നിലപാട് എന്തായിരുന്നു? ബി.ജെ.പിയ്ക്കും, ശിവസേനയ്ക്കും, എന്‍.സി.പിയ്ക്കുമൊപ്പം ചേര്‍ന്ന് ആള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദ് അല്‍ മുസ്ലിമീന്‍ എം.എല്‍.എ ആയ വാരിസ് പത്താനെ സഭയില്‍ നിന്ന് സസ്പെന്റ് ചെയ്യിപ്പിച്ചു. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ചതിനാണ് വാരിസ് പത്താനെ സസ്പെന്റ് ചെയ്തത് എന്നറിയുമ്പോഴാണ് ആ അസംബ്ലിയില്‍ ഇരുന്നിരുന്ന നാല്പത്തിരണ്ട് കോണ്‍ഗ്രസ്സ് എം.എല്‍.എമാരും പിന്തുണച്ചത് സംഘപരിവാര്‍ രാഷ്ട്രീയത്തെയായിരുന്നു എന്ന് മനസ്സിലാവുന്നത്.

മുസ്ലീം ആയ ഒരു എം.എല്‍.എയെ ദേശസ്നേഹിയല്ല എന്ന് ആരോപിക്കുകയും, അദ്ദേഹത്തെക്കൊണ്ട് മാപ്പപേക്ഷ എഴുതിപ്പിക്കണമെന്ന് സഭയില്‍ ബഹളമുണ്ടാക്കുകയും ചെയ്തത് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന ഏത് മതേതര പാരമ്പര്യത്തിന്റെ ഭാഗമാണ്?

ആ സംഭവത്തിന് ശേഷമുണ്ടായ പ്രതിപക്ഷ നേതാവും, കോണ്‍ഗ്രസ് എം.എല്‍.എയുമായ രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ പ്രസ്താവന കേട്ടാല്‍ അദ്ദേഹമൊരു ബി.ജെപിക്കാരനോ, ശിവസേനക്കാരനോ ആയിരുന്നു എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. ദേശീയവികാരത്തെ ആരെങ്കിലും അപകീര്‍ത്തിപ്പെടുത്താനോ അവഹേളിക്കാനോ ശ്രമിച്ചാല്‍ ഈ രാജ്യത്തെ അപമാനിച്ചതിന് ശക്തമായ നടപടിയെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടും എന്നാണ് അദ്ദേഹം ഈ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പറഞ്ഞത്.

d233246a6992eabcba96de0a052e70fb

ഒവൈസിയും, വാരിസ് പത്താനും

രാഷ്ട്രീയ സ്വയം സേവക് സംഘ് തലവന്‍ മോഹന്‍ ഭഗവതിന്റെ ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് ഈ വിവാദം ഉടലെടുത്തത് എന്നതാണ് ശ്രദ്ധേയം. പുതിയ തലമുറയിലെ ചെറുപ്പക്കാരെയെല്ലാം ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാന്‍ പഠിപ്പിക്കണമെന്നായിരുന്നു അതിന് തൊട്ട് മുന്നത്തെ ദിവസം മോഹന്‍ ഭഗവത് പറഞ്ഞിരുന്നത്. അതിനെത്തുടര്‍ന്ന് ആള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദ് അല്‍ മുസ്ലിമീന്‍റ്റെ ദേശീയനേതാവായ അസദുദ്ദീന്‍ ഒവൈസ് തങ്ങളുടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തിയാല്‍ പോലും തങ്ങള്‍ ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന വെല്ലുവിളിയോടെ മറുപടി പറഞ്ഞിരുന്നു. അതിന്റെ ബാക്കി ഭാഗമായിരുന്നു മഹാരാഷ്ട്ര അസംബ്ലിയില്‍ നടന്നത്. ഒവൈസിയോടുള്ള ആര്‍ എസ് എസിന്റെ പകപോക്കലിലാണ് കോണ്‍ഗ്രസ്സ് എന്ന മതേതരപാര്‍ട്ടി ആര്‍ എസ് എസിന്റെ പക്ഷം ചേര്‍ന്ന് വാരിസ് പത്താനെ സഭയില്‍ നിന്ന് പുറത്താക്കിയത്.

മഹാരാഷ്ട്രയ്ക്ക് ശേഷം പിന്നീട് കണ്ട കാഴ്ച മധ്യപ്രദേശിലേതായിരുന്നു. ദേശീയവാദികളുടെ വിപ്ലവമാണ് മധ്യപ്രദേശിലുണ്ടായത്. എതെന്തായിരുന്നു എന്ന് നോക്കാം. മധ്യപ്രദേശ് അസംബ്ലിയില്‍ ഒവൈസിയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി എം.എല്‍.എമാരും, കോണ്‍ഗ്രസ് എം.എല്‍.എമാരും ഏകകണ്ഠമായ പ്രസ്താവനയുമായി രംഗത്ത് വരികയായിരുന്നു. എന്തായിരുന്നു ഇത്രമാത്രം വൈകാരികമായി മധ്യപ്രദേശ് നിയമസഭാ സാമാജികര്‍ക്ക് ഈ വിഷയത്തില്‍ ഇടപെടേണ്ടിയിരുന്ന കാര്യം? എന്ത് അധികാരമാണ് അത്തരത്തില്‍ ഒരു പ്രസ്താവന പുറപ്പെടുവിക്കാന്‍ ഈ സാമാജികര്‍ക്ക് ഉണ്ടായിരുന്നത്? ഈ പ്രസ്താവന എങ്ങനെയാണ് മധ്യപ്രദേശിനെ ബാധിക്കുന്നത്? ഒവൈസി മധ്യപ്രദേശില്‍ വച്ചാണോ ഈ പ്രസ്താവന നടത്തിയത്? അല്ല- അപ്പോള്‍ പിന്നെ എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇത് സംഭവിച്ചത് എന്നുള്ളതാണ് പരിശോധിക്കേണ്ടത്.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അത്തരമൊരു പരിശോധന നമുക്ക് റദ്ദ് ചെയ്തേക്കാം. കാരണം, അവര്‍ അത്തരത്തില്‍ ഒരു രാഷ്ട്രീയ ജാഗ്രതയും അവകാശപ്പെടുന്നില്ല. എന്നാല്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാതെ എങ്ങനെയാണ് ഒഴിഞ്ഞ് നില്‍ക്കാന്‍ സാധിക്കുക?

അതിനേക്കാള്‍ രസകരമായ സംഗതി അതൊന്നുമല്ല. നൂറ്റി അറുപത്താറംഗങ്ങളാല്‍ ഭൂരിപക്ഷമുള്ള ബി.ജെ.പിയും, വെറും അമ്പത്തിയേഴ് അംഗങ്ങളുള്ള കോണ്‍ഗ്രസും, നാല് അംഗങ്ങളുള്ള ബി.എസ്.പിയും, മറ്റ് നാലംഗങ്ങളൂമുള്ള ഒരു സഭയില്‍ നിന്ന് കോണ്‍ഗ്രസ്സ് എം.എല്‍.എ ആയ ജിത്തു പട്വാരിയാണ് ഈ പ്രസ്താവനയ്ക്ക് ചുക്കാന്‍ പിടിച്ചത് എന്ന് കാണുമ്പോള്‍, അതിനെയാണ് കോണ്‍ഗ്രസ്സിലെ ബാക്കി അമ്പത്തിയാറ് പേരും പിന്തുണച്ചത് എന്ന് കാണുമ്പോള്‍ സംഘപരിവാറിന്റെ ദേശീയത സങ്കല്പത്തില്‍ നിന്ന് എന്ത് വ്യത്യാസമാണ് നാം കോണ്‍ഗ്രസ്സില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്. അതും പോരാഞ്ഞ് ഈ പ്രസ്താവനയിറക്കാന്‍ ജവഹര്‍ ലാല്‍ നെഹ്രുവിനെക്കൂടിയാണ് അദ്ദേഹം കൂട്ട് പിടിച്ചത്. ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഈ രാജ്യത്തെ മദര്‍ ഇന്ത്യ എന്നാണത്രെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കൂന്നത്. അപ്പോള്‍ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ വിസമ്മതിക്കുന്നവര്‍ ഭാരത് മാതയെ അപമാനിക്കുകയാണ് എന്നും ആ കോണ്‍ഗ്രസ്സ് എം.എല്‍.എ പറയുന്നു. അങ്ങനെ ഒവൈസിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ട് വന്ന ജനോപകാരപ്രദമായ ആ ആവശ്യം ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായും, ഏകകണ്ഠമായും പാസാക്കി.

മധ്യപ്രദേശിലെ ഈ പ്രത്യേകപരിപാടിക്ക് ശേഷം പിന്നീട് വേദി ഗുജറാത്തിലേക്ക് മാറി. അവിടെ കോണ്‍ഗ്രസ്സിന് ഭാരത് മാതാ ആയിരുന്നില്ല പ്രശ്നം. നേരെ മറിച്ച് അവിടെ ഗോമാതാവിനെ രാഷ്ട്രമാതാവാക്കുന്നില്ല എന്നതായിരുന്നു. മഹാരാഷ്ട്രയിലും, മധ്യപ്രദേശിലും രാജ്യമായിരുന്നു അമ്മ എങ്കില്‍ ഇവിടെ പശുവിനെ രാഷ്ട്രമാതാവാക്കണം എന്നായിരുന്നു കോണ്‍ഗ്രസ് ഗുജറാത്ത് അസംബ്ലിയില്‍ വാദിച്ചത്. ഇതേ ആവശ്യമുന്നയിച്ച് ഗുജറാത്തില്‍ ഒരാള്‍ ആത്മാഹുതി ചെയ്തപ്പോള്‍ തൊട്ടടൂത്ത ദിവസം പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് സഭയില്‍ ആവശ്യപ്പെട്ട കാര്യമാണിത്. മേല്‍പ്പറഞ്ഞ രണ്ട് കാര്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടിരുന്നതു കൊണ്ട് തന്നെ ഇക്കാര്യം അറിഞ്ഞപ്പോള്‍ ആര്‍ക്കും പ്രത്യേകിച്ച് ഒന്നും തോന്നിയിട്ടുണ്ടാവാന്‍ തരമില്ല.

ശങ്കര്‍ സിങ്ങ് വഗേല

ഭരണപക്ഷമായ പ്രതിപക്ഷം പോലും ആവശ്യപ്പെടാത്ത ഒരു കാര്യത്തിലാണ് പ്രതിപക്ഷമായ മതേതരമൂല്യങ്ങള്‍ കയ്യാളുന്ന ദീര്‍ഘകാലത്തെ പാരമ്പര്യം പേറുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതാവും എം എല്‍ എയുമായ ശങ്കര്‍ സിങ്ങ് വഗേല, സര്‍ക്കാര്‍ പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ്സ് അതിനെ പിന്തുണയ്ക്കും എന്ന അപ്രതീക്ഷിത വാഗ്ദാനവുമായി രംഗത്ത് വരുന്നത്. ഞാന്‍ പിന്തുണയ്ക്കും എന്നല്ല വഗേല പറഞ്ഞത്, മറിച്ച് എന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് പിന്തുണയ്ക്കും എന്നായിരുന്നു. അവിടെയും നമുക്ക് സംശയിക്കാതിരിക്കാന്‍ കഴിയില്ല. അതൊന്നും പോരാതെ, ഗോവധത്തിനെതിരെ ദീര്‍ഘനേരം മുദ്രാവാക്യം മുഴക്കുകയും, പ്രതിഷേധത്തിന്റെ ഭാഗമായി സംഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു എന്ന് കൂടി അറിയുമ്പോള്‍ സംഘപരിവാറേതാണ് കോണ്‍ഗ്രസ് ഏതാണ് എന്നറിയാതെ ആരും ബുദ്ധിമുട്ടിപ്പോവുമെന്നതില്‍ യാതൊരു തര്‍കവും വേണ്ട. ഏറ്റവുമൊടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വഗേല പറഞ്ഞത്, പശു നമ്മുടെ അമ്മയാണ്. അതിനാല്‍ ബി.ജെ.പി സര്‍ക്കാര്‍ പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിച്ചേ തീരൂ എന്നായിരുന്നു.

ഈ സംഭവങ്ങളെല്ലാം എങ്ങനെയാണ് യാദൃശ്ചികം എന്ന് കരുതാനാവുക? ഒന്നും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല. എല്ലാ ശബ്ദങ്ങള്‍ക്കും പ്രസ്തുത വേദികളില്‍ പൂര്‍ണ്ണമായ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. ഒരൊറ്റ എതിര്‍ സ്വരവും എവിടെയും കേട്ടില്ല. സംഭവങ്ങള്‍ക്ക് ശേഷം ഏത് കേന്ദ്രനേതാക്കളാണ് ശക്തമായി ഇതിനെ എതിര്‍ക്കാന്‍ മുന്നോട്ട് വന്നത്? എന്തുകൊണ്ട് ഈ നടപടികളെ തള്ളാനും, നേതാക്കളെ ശാസിക്കാനും കോണ്‍ഗ്രസ്സ് എന്ന മതേതരപ്രസ്ഥാനത്തിന് കഴിയാതെ പോയി? അവിടെയാണ് സംഘപരിവാര്‍ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തിന് കീഴ്പ്പെട്ട കോണ്‍ഗ്രസ്സിനെ നമുക്ക് കാണാന്‍ കഴിയുന്നത്.

ഇവിടെ കേരളത്തില്‍ പോലും നമുക്ക് ആ കാഴ്ച കാണാനാവും. മാവോയിസ്റ്റുകള്‍ക്കും, കമ്മ്യൂണിസ്റ്റുകാര്‍ക്കുമെതിരെ യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ചാര്‍ത്തിക്കൊടുക്കുമ്പോള്‍ പോലും പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും മറ്റും ചെയ്യൂന്ന സംഘപരിവാറുകാര്‍ക്കെതിരെ എന്ത് നിലപാടാണ് കേരള ഗവണ്മെന്റ് കൈക്കൊണ്ടത്? വിവാദമായ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കേണ്ടതില്ലെന്ന നിയമോപദേശം ആര്‍ക്ക് വേണ്ടിയാണ്? തൊഗാഡിയയ്ക്കെതിരായ കേസ് എഴുതിത്തള്ളിയതും ആരും മറന്നുകാണാനിടയില്ല.

അങ്ങനെ പലയിടങ്ങളിലും സംഘപരിവാറിനോടൊപ്പം നിന്ന് കോണ്‍ഗ്രസ്സ് ഹൈന്ദവരാഷ്ട്രീയം കളിക്കുമ്പോഴാണ് വി.ടി.ബല്‍റാം എം.എല്‍.എ വളരെ ലളിതമായി വെറുമൊരു ശങ്കര്‍ സിങ്ങ് വഗേലയെ മാത്രം ഒ.കെ.വാസുവിനോടുപമിച്ച് രംഗത്ത് വരുന്നത്. ശങ്കര്‍ സിങ്ങ് വഗേല കേവലമൊരു പ്രതിപക്ഷ നേതാവ് മാത്രമാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ പശുവിനെ രാഷ്ട്രമാതാവാക്കിയാല്‍ ഞാനുണ്ടാവും എന്നല്ല വഗേല പറഞ്ഞത് എന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഉണ്ടാവുമെന്നായിരുന്നു. അതിനെതിരെ ഒരൊറ്റ എം.എല്‍.എ പോലും സംസാരിച്ചില്ല. അതിനര്‍ത്ഥം അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തന്നെ തീരുമാനമാണെന്നല്ലേ?

സംഘപരിവാര്‍ ബാന്ധവമുപേക്ഷിച്ച് വന്ന ഒരു വാസുവിനോട് മാത്രമേ വഗേലയെ ഉപമിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് കഴിയുന്നൂള്ളൂ. ഏറി വന്നാല്‍ അശോകനിലേക്കെത്തും അതിനപ്പുറം ഒരു ഉപമ കണ്ടെത്താന്‍ വിഷമിക്കേണ്ടി വരും. ബൈനറി ഉപേക്ഷിച്ച് നേരെ തിരിച്ച് പറയുകയാണെങ്കില്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് നിയമസഭകളിലെ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ വിജയിച്ച് സാമാജികരായിരിക്കുന്ന എല്ലാവരും ഒ.കെ വാസുമാരാണോ? അതോ അശോകന്മാരാണോ? തൊഗാഡിയയുടെ കേസ് എഴുതിത്തള്ളിയ നമ്മുടെ ആഭ്യന്തരമന്ത്രി ആരാണ്? വഗേലയെ മാത്രം എങ്ങനെയാണ് ക്രൂശിക്കുന്നത്. ഗോവധം നിരോധിച്ചത് തങ്ങളാണെന്നവകാശപ്പെട്ട ദ്വിഗ് വിജയ് സിങ്ങ് അപ്പോള്‍ ആരായിരുന്നു? സംഘപരിവാര്‍ രാഷ്ട്രീയം ഉപേക്ഷിച്ച് മാര്‍ക്സിസ്റ്റുകളായവരേക്കാള്‍ അധികമുണ്ട് സംഘപരിവാര്‍ രാഷ്ട്രീയം നെഞ്ചേറ്റി അധികാരത്തിന്റെ അപ്പക്കഷ്ണവും കടിച്ചിരിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ എന്നതാണ് യാഥാര്‍ത്ഥ്യം.

ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിനായി ഇത്രയൊക്കെ ചെയ്യുമ്പോള്‍ കോണ്‍ഗ്രസ്സ് എന്ന ദേശീയപാര്‍ട്ടി സംഘപരിവാര്‍ സംഘടനകളില്‍ ഒന്നായി ചുരുങ്ങുകയാണ് ചെയ്യുന്നത്. ദേശീയത എന്ന സങ്കല്പം അതുകൊണ്ട് തന്നെ രണ്ട് പാര്‍ട്ടികള്‍ക്കും ഒന്നായി മാറും. അങ്ങനെ കോണ്‍ഗ്രസ്സ്, ബി.ജെ.പി രണ്ടാമന്‍ എന്ന പേരില്‍ അറിയപ്പെടും. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.


 

Comments
Print Friendly, PDF & Email

You may also like