പി ടി തോമസ് ഇടുക്കിയുടെ മണ്ണിന്‍റെ ആത്മാവിൽ നിന്ന് പതിയെ പതിയെ ജൈവീകമായി സ്വന്തം ജീവിതത്തിലും ഓരോ ഇഞ്ചും പൊരുതി വെയിലേറ്റ് വളർന്ന നേതാവാണ്. നിറവെയിലിന്‍റെ ചൂടിലും പ്രകാശത്തിലും തളിർത്തു വളർന്നു പുഷ്‌പിച്ചു സുഗന്ധം പരത്തിയ മരം. ജന മനസ്സുകളിൽ വേരു പിടിച്ചു വളർന്നു വർണ്ണ ശബളമായി പുഷ്പശോഭയിൽ പോയൊരാൾ.
കേരളത്തിലെ കുടിയേറ്റ ഭൂവിൽ പശ്ചിമഘട്ടത്തിലെ ഒരു കുഗ്രാമത്തിൽ പണിയെടുത്തു ജീവിച്ച കർഷക കുടുംബത്തിൽ നിന്നാണ് പി ടി എന്ന രണ്ടക്ഷരം, കേരളത്തിലങ്ങോളമിങ്ങോളം പ്രിയങ്കരമായത്. അതിന്‍റെ പിന്നിൽ കഠിനാദ്ധ്വാനം ഉണ്ടായിരുന്നു, ഒരു ഗ്രാമീണന്‍റെ പ്രകൃതിയോടും മനുഷ്യരോടും കൃഷിയോടുമുള്ള സ്നേഹവായ്‌പുണ്ടായിരുന്നു. ഏതെങ്കിലും ഒരു കാര്യമോ ദൗത്യമോ ഏറ്റെടുത്താൽ ഊണും ഉറക്കവും ഇല്ലാതെ ഓടി നടന്നു കഠിനാദ്ധ്വാനം ചെയ്ത് സ്വന്തമായി ഒരിടമുണ്ടാക്കിയ നേതാവ്.
ഞാൻ കണ്ടും കേട്ടും മിണ്ടിയും അറിഞ്ഞിരുന്ന പി ടി വ്യത്യസ്തനായത് താഴെപറയുന്ന നേതൃത്വ ഗുണങ്ങൾ കൊണ്ടാണ്.
1. സ്വയം അറിവും (Self-awareness), സ്വയം വിമർശന വിചിന്തനവും (critical self reflection) : വിജ്ഞാന വിചിന്തനവും (knowledge -reflection) സമന്വയിപ്പിച്ചു ചിന്തകളും വാക്കുകളും പ്രവൃത്തിയും സ്ഫുടം ചെയ്യുവാൻ പ്രാപ്തിയുള്ള ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു പി ടി തോമസ്. അങ്ങനെയാണ് പി ടി നിലപാടുകൾ എടുത്തു അതിനു വേണ്ടി മുന്നിൽ നിന്നു പോരാടിയത്.
2. ഒരു കർഷകന്‍റെ തെളിമയുള്ള കണ്ണ്; വീറും വാശിയും: ഒരു കർഷകൻ നല്ല വിത്ത് നല്ല നിലത്തു പാകി കിളിർപ്പിച്ചു വളർത്തുന്നത് പോലെ പി ടി കേരളത്തിൽ എല്ലായിടത്തും ഓടി നടന്നു കാമ്പുള്ള ചെറുപ്പക്കാരെ കണ്ടെത്തി കെ എസ് യു വി ലൂടെ വളർത്തി. അവരിൽ പലരും പിന്നീട് നട്ടു നനച്ചു വളർത്തിയ ആളെക്കാൾ വലിയ മരങ്ങളായി. താൻ വളർത്തിയവർ പെട്ടന്ന് എം ൽ എ യും എംപിയും മന്ത്രിമാരുമായപ്പോൾ പി ടി ഒരു അസൂയയും ഇല്ലാത്ത കർഷകനെപ്പോലെ ഓടി നടന്നു അദ്ധ്വാ നിച്ചു ; തന്‍റെ ബോധ്യങ്ങൾക്കും ദൗത്യങ്ങൾക്കുമായി. മാനേജ്മെന്റ് ഭാഷയിൽ ഒന്നാം ടാലെന്റ് സ്കൗട്ട് ആയിരുന്നു പി ടി. പെട്ടെന്നു കഴിവും കാമ്പുമുള്ളവരെ തിരിച്ചറിഞ്ഞു അവരെ പ്രോത്സാഹിപ്പിക്കും. അവർക്കു വേദി കൊടുക്കും. എന്നോട് അദ്ദേഹം അടുത്തത് സുസ്ഥിര വികസനം, പരിസ്ഥിതി ആഘാത പ്രശ്നങ്ങൾ, ദുരന്ത നിവാരണം മുതലായ വിഷയങ്ങളെ കുറിച്ച് ഞാൻ പലപ്പോഴും എഴുതിയത് വായിച്ചാണ്. ആ വിഷയങ്ങളിൽ അദ്ദേഹത്തിനു താല്പര്യമുണ്ടായിരുന്നു. പിന്നെ മാനവ സംസ്കൃതി ക്യാമ്പിൽ ക്ലാസ് എടുക്കാൻ വിളിച്ചു. പതിയെ പതിയെ അദ്ദേഹം എന്നെ മാനവ സംസ്കൃതി പ്രവർത്തകനാക്കി. അതാണ് പി ടി.
3. മാനവിക സമീപനം (humanist approach): ജാതിയുടെയും മതത്തിന്‍റെയും വംശത്തിന്‍റെയും പ്രായത്തിന്‍റെയും ജൻഡറിന്‍റെയും അപ്പുറമായി മനുഷ്യരെ മനുഷ്യരായി കാണാനുള്ള പ്രാപ്തി അദ്ദേഹത്തിനുണ്ടായിരുന്നു. രാഷ്ട്രീയമായി നിശിത വിമർശനങ്ങൾ നടത്തുമ്പോഴും രാഷ്ട്രീയ എതിർ പക്ഷത്തുള്ള മനുഷ്യരെ വ്യക്തിപരമായി ബഹുമാനിക്കുവാനും സ്നേഹിക്കുവാനും കഴിഞ്ഞിരുന്നു. മാനവിക സ്നേഹത്തിൽ നിന്നുള്ള മനുഷ്യാവകാശ ബോധ്യങ്ങൾ ഉള്ള നേതാവ് ആയിരുന്നു പി ടി . അങ്ങനെയുള്ള നിലപാടുകൊണ്ടാണ് അദ്ദേഹം പാർശ്വവത്കരിക്കപ്പെട്ടവരോടൊപ്പം നിന്നത്. ഗാന്ധിയൻ നെഹ്രുവിയൻ വിചാരധാരയുള്ള പി ടി തോമസ് കോൺഗ്രസിലെ ഇടതു പക്ഷ ധാരയുടെ വക്താക്കളിൽ ഒരാളായിരുന്നു.

4. വിജ്ഞാന ബൗദ്ധിക നേതൃത്വം: വായിച്ചും അറിഞ്ഞും ചർച്ചകൾ നടത്തിയും നിരന്തരം ഗൃഹപാഠം ചെയ്യുന്ന നേതാവായിരുന്നു. പുതിയ കാര്യങ്ങൾ പഠിക്കുവാനും ഗ്രഹിക്കുവാനും നിരന്തരം ശ്രമിക്കുന്നയാൾ. അങ്ങനെ ഗൃഹപാഠം നന്നായി ചെയ്തത് കൊണ്ടാണ് അദ്ദേഹം ലോക സഭയിൽ മികച്ച അംഗങ്ങളിൽ ഒരാളായതും നിയമസഭയിൽ ശോഭിച്ചതും.
5. ആത്മാർത്ഥതയുടെ ആൾ രൂപം: അടുക്കുന്നവരെ അടുപ്പിച്ചു കരുതലോടെ നിർത്തുന്ന നേതാക്കൾ കുറവാണ്. പി ടി അടുക്കുന്ന ഓരോരുത്തരോടും ഓരോ കെമിസ്ട്രി ഉണ്ടാക്കും. അവരോട് പി ടി ക്കുള്ള ആത്മാർത്ഥതയെ വാക്കുകൾ കൊണ്ടും പ്രവൃത്തി കൊണ്ടും ബോധ്യപെടുത്തും. സ്നേഹവും കരുതലും പ്രവൃത്തിയിൽ അർത്ഥപൂർണമാക്കും. എനിക്ക് പി ടി യേയും പി ടി ക്ക് എന്നേയും ഏതാണ്ട് രണ്ട് ദശകങ്ങളായി അറിയാമെങ്കിലും പരസ്പരം ആത്മ ബന്ധമുണ്ടായത് കേരളത്തിലെ സാമൂഹിക മണ്ഡലത്തിൽ ഞാൻ വീണ്ടും സജീവമായി തുടങ്ങിയതിന് ശേഷമാണ് കൂടുതൽ അടുത്തത് അഞ്ചു കൊല്ലം മുമ്പ്. പ്രത്യേകിച്ച് മാനവ സംസ്കൃതിയിൽ എനിക്കു കൂടുതൽ സജീവ താല്പര്യം തുടങ്ങിയത് മുതൽ എപ്പോൾ വിളിച്ചാലും ഫോൺ എടുക്കും. അല്ലെങ്കിൽ തിരിച്ചു വിളിക്കും. എന്‍റെ പ്രിയ സുഹൃത്ത് ബിനുരാജ് എന്‍റെ അമ്മയുടെ മരണം അറിയിച്ചയുടനെ പി ടി വിളിച്ചു. പിന്നീട് എല്ലാ തിരക്കുകൾക്കിടയിലും വന്നു ഒന്നര മണിക്കൂർ ചിലവഴിച്ചു. അമ്മയെകുറിച്ചും വീട്ടിൽ ഉള്ളവരെ കുറിച്ചും ചോദിച്ചറിഞ്ഞു. ഒരുമിച്ചു അത്താഴം കഴിച്ചാണ് പോയത്. മറ്റുള്ളവരുടെ കാര്യത്തിൽ ഇത്രയും സത്യസന്ധതയും ആത്മാർത്ഥതയും ഉള്ള നേതാക്കൾ കുറവാണ്.
6. കാവ്യഭംഗിയുടെ കാല്പനിക ഉപാസകൻ: കവിതകളും കഥകളും സിനിമയും സംഗീതവും ഒരു നാട്യങ്ങളും ഇല്ലാതെ ഒരു ഉപ്പുതോടുകാരന്‍റെ ലാളിത്യത്തോടെ ഇഷ്ട്ടപെട്ട ഒരാൾ. അദ്ദേഹത്തിന്‍റെ ഗ്രാമീണ കാല്പനികതയിൽ മനുഷ്യരോടും മണ്ണിനോടും മരങ്ങളോടും മലകളോടും പൂക്കളോടും അരുവികളോടും ആറുകളോടും അദമ്യമായ ഇഷ്ടം ഉണ്ടായിരുന്നു. അതിൽ വർണ്ണാഭമായ പ്രണയ സംഗീതമുണ്ടായിരുന്നു. അങ്ങനെ അദ്ദേഹം പതിയെ വളർത്തിയ ഒരു ജീവിത സൗന്ദര്യബോധമുണ്ടായിരുന്നു (aesthetic sensibility). പാട്ടുകളെയും പാട്ടു പാടുന്ന ഒരാളെയും ലളിത സുഭഗമായി പ്രണയിച്ച ഒരു മനുഷ്യൻ. പുസ്തകങ്ങളെ ഇഷ്ടപ്പെട്ട ഒരാൾ. ഇതെല്ലാം കൂടി ചേർന്നതാണ് പി ടി തോമസിന്‍റെ മാനവ സംസ്കൃതി. ജീവിതത്തിലും മരണത്തിലും അദ്ദേഹം സൗന്ദര്യ ബോധവും മാനവ സംസ്കൃതിയും കൈവിട്ടില്ല.

7. പരിസ്ഥിതിയുടെ അപ്പോസ്തലൻ: പി ടി തോമസിന്‍റെ പരിസ്ഥിതി ബോധം ഒരു ഗാഡ്ഗിൽ റിപ്പോർട്ട് സമയത്തു പൊട്ടി മുളച്ചത് അല്ല. അതിനൊക്കെ എത്രയോ മുമ്പ് പരിസ്ഥിതിക്ക് ഏൽക്കുന്ന നിരന്തര ആഘാതവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരെയും മൃഗങ്ങളെയും ഭൂമിയെയും എങ്ങനെ ബാധിക്കും എന്ന് നിരന്തരം ആകുലപ്പെട്ടയാളാണ്. അതിലും പശ്ചിമ ഘട്ടത്തിൽ വളർന്ന ഒരു ഗ്രാമീണ വികാര വിചാരമുണ്ടായിരുന്നു. അതേക്കുറിച്ചൊക്കെ പി ടി വായിക്കുകയും ഞാൻ ഉൾപ്പെടെ ഉള്ളവരോട് ചർച്ച ചെയ്യുകയും ചെയ്യുമായിരുന്നു. അല്ലാതെ ഗാഡ്ഗിൽ /കസ്തൂരി രംഗൻ റിപ്പോർട്ടുകളിൽ അദ്ദേഹം നടത്തിയ രാഷ്ട്രീയ സാമൂഹിക ഇടപെടലുകൾ തൊട്ടുള്ള ഒരു തീരുമാനം അല്ലായിരുന്നു. അതു അദ്ദേഹത്തിന്‍റെ ഹരിത രാഷ്ട്രീയ ബോധ്യങ്ങളുടെ തുടർച്ചയായിരുന്നു.
8. പള്ളിയോട് ഏറ്റവും അടുത്തുള്ളവർ ദൈവത്തോട് ഏറ്റവും അകന്നു എന്നൊരു ചൊല്ലുണ്ട്. പി ടി യുടെ ആത്മീയത മത അധികാര പരിധിക്ക് അപ്പുറമായിരുന്നു. പള്ളിയിൽ പോയി, പിന്നെ അതിനും അപ്പുറമുള്ള മാനവിക ആത്മീയത കണ്ടെത്താൻ പരിശ്രമിച്ചു. പാരമ്പര്യ മാമൂലുകൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും അപ്പുറം പോയൊരാൾ.അതു കൊണ്ട് തന്നെ ജാതി മതങ്ങൾക്ക് അപ്പുറമുള്ള മാനവികതയെ അദ്ദേഹം തൊട്ടറിഞ്ഞു
9. ആർജവവും ധൈര്യവുമുള്ളൊരു പോരാളി: കാര്യങ്ങൾ പഠിച്ചു ചർച്ചകൾ നടത്തി ആർജവത്തോടെ അധികാര സ്വരൂപങ്ങളെ കൂസാതെ നിലപാട് എടുക്കും. മാധ്യമങ്ങളും ലോകം മുഴുവനും എതിർത്താലും ഒറ്റയ്ക്ക് ധൈര്യത്തോടെ നിൽക്കാൻ ആത്മ വിശ്വാസമുണ്ടായിരുന്നു. ഏതാണ്ട് അമ്പത്തിയേഴ് കൊല്ലത്തെ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിൽ അദ്ദേഹം ജനപ്രതിനിധി എന്നതിൽ ഉപരി മന്ത്രിയോ പാർട്ടിയുടെ അമരക്കാരനോ പാർട്ടിയുടെ ഉന്നത സമതിയിലോ വന്നില്ല. കേരളത്തിൽ അങ്ങോളമിങ്ങോളം കെ എസ് യുവിനെയും യൂത്ത് കോണ്ഗ്രസിനെയും, കോണ്‍ഗ്രസിനേയും വളർത്തിയ പി ടി തോമസ് ഗാന്ധിജിയെയും നെഹ്‌റുവിനെയും കണ്ടെത്തി അറിഞ്ഞു പ്രവർത്തിച്ച നേതാവായിരുന്നു. മനുഷ്യരെ തൊട്ടരാൾ.

10. പ്രായോഗിക രാഷ്ട്രീയമറിഞ്ഞയാൾ: ഗാന്ധിയൻ -നെഹ്രുവിയൻ ധാരയിലും വലിയ വായനയും ആദർശ ബോധ്യങ്ങളും കാല്പനികതയുമുള്ളവരും പലപ്പോഴും പ്രായോഗിക രാഷ്ട്രീയത്തിൽ പിടിച്ചു നിന്ന് അതിജീവിക്കാറില്ല. എം എം ജോൺ അതുപോലെ സജീവ അധികാര രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാൻ സാധിക്കാതെ പോയ നേതാവാണ്. പക്ഷെ പി ടി പ്രായോഗിക രാഷ്ട്രീയത്തിൽ അതി ജീവിച്ചു സാധാരണക്കാരുടെയും പാർട്ടി അനുഭാവികളുടെയും മനസ്സിൽ കയറി. ഇതിന് ഒരു കാരണം അദ്ദേഹത്തിന്‍റെ സംഘാടകപാടവമാണ്. പി ടി ഒന്നാംതരം സംഘാടകനാണ്. ആളുകളെ ചേർത്തു നിർത്തി അവരോടൊപ്പം കഠിനാദ്ധ്വാനം ചെയ്യുന്നയാൾ. ഏറ്റെടുത്ത ദൗത്യം പൂർണ അർപ്പണ ബോധത്തോടെയും ആത്മാർത്ഥയോടെയും ചെയ്യും. പാർട്ടിക്കപ്പുറത്തുള്ള സുഹൃത്തുക്കളെയും ചേർത്തു നിർത്തും. അങ്ങനെയാണ് അദ്ദേഹം തൊടുപുഴയിൽ പോലും പി ജെ ജോസഫിനോട് മത്സരിച്ചു ജയിച്ചത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തികഞ്ഞ പ്രായോഗിക സമീപനമുണ്ടായത് കൊണ്ടാണ് പി ടി യെ പ്പോലൊരാൾ പാർലമെന്റിലും നിയമ സഭയിലും ശോഭിച്ചത്.
ജീവിച്ചപ്പോഴും മരിച്ചപ്പോഴും കാവ്യബോധത്തോടെ പ്രകാശം പരത്തിയ ഒരാൾക്കേ മനോഹരമായൊരു പാട്ടിന്‍റെ ഈണത്തിൽ അലിഞ്ഞു അഗ്നിയെ ആശ്ലേഷിക്കാനാവുള്ളൂ.
“ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി …”
പ്രകാശം പരത്തിയാണ് പ്രിയ പി ടി പോയത്. അദ്ദേഹത്തെ അറിഞ്ഞ എന്നെപോലെയുള്ളവർക്ക് ആ പ്രകാശകിരണങ്ങളും കവിതയുടെ വരികളും തന്നിട്ടാണ് പോയത്. അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
കവർ ഡിസൈൻ : സി പി ജോൺസൺ