പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' നിയമസഭാ തിരഞ്ഞെടുപ്പ് – ഒരു ചോദ്യം, ഉത്തരം

നിയമസഭാ തിരഞ്ഞെടുപ്പ് – ഒരു ചോദ്യം, ഉത്തരം

ചോദ്യം :

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുകയാണല്ലോ. അടുത്ത കേരളഭരണം ഏതു കക്ഷിയുടെ നേതൃത്വത്തിൽ ഉള്ളതായിരിക്കണം എന്നാണ് താങ്കൾ ആഗ്രഹിക്കുന്നത്? അഥവാ തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും എന്നാണ് രാഷ്ട്രീയ സാഹചര്യങ്ങൾ വസ്തുതാപരമായി വിലയിരുത്തുമ്പോൾ താങ്കൾ കരുതുന്നത് ?
പത്തു വർഷം നീണ്ട ഇടതു ഭരണം ഒരു തുടർഭരണം അർഹിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ എന്ത് കൊണ്ട് ? ഭരണമാറ്റം ആണോ താങ്കൾ പ്രതീക്ഷിക്കുന്നത്? അങ്ങിനെയെങ്കിൽ എന്ത് കൊണ്ട് ? നിലവിൽ കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടോ?കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് കെട്ടുറപ്പോടെ കേരളത്തെ മുന്നോട്ട് നയിക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ? വിശദമായ പ്രതികരണം പ്രതീക്ഷിക്കുന്നു.

കേരളത്തിൽ NDA മുന്നണിയുടെ സാധ്യതയെയും സ്വീകാര്യ തയെയും കുറിച്ച് എന്താണഭിപ്രായം?

ഉത്തരം : ശ്രീലത എസ്

കേരളം എങ്ങോട്ട്?നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയല്ലോ. സ്വാഭാവികമായും ഇനി നമ്മളെ ആരു സേവിക്കണം എന്ന് ചിന്തിക്കുമ്പോൾ ഇപ്പോഴത്തെ LDF ഭരണത്തെ കുറിച്ച്, ഇതിനു മുമ്പത്തെ UDF ഭരണത്തെ കുറിച്ചു കൂടി ചിന്തിക്കണമല്ലോ. കേരളത്തിൽ വലതുപക്ഷം അഥവാ centre right എന്നു വിവക്ഷിക്കാൻ ഇപ്പോൾ NDA മാത്രമേയുള്ളു. നെഹ്‌റു കോൺഗ്രസ്സിനെയടക്കം centre left ആയിട്ടാണ് കണക്കാക്കിയിട്ടുള്ളത്. അതിനാൽ കേരളത്തിന് ഒരു ഇടതു മനസ്സുണ്ട് എന്നു പറഞ്ഞാൽ അത് ഏറ്റവും ശരിയായിരിക്കും.

2001 മുതൽ ഇങ്ങോട്ട് കണക്കാക്കിയാൽ 2001 ലും (99/140,) 2011 ലും (71/140) ആയി ഇരുവട്ടം UDF ഉം ബാക്കി 2006, 2016, 2021 എന്നീ മൂന്നു ടേമുകളിൽ ഇടതുപക്ഷവും ആണ് ജയിച്ചിരിക്കുന്നത്. ഇതിൽ തന്നെ 2011 ൽ കേവല ഭൂരിപക്ഷം ആയ വെറും 71 സീറ്റു നേടിയാണ് UDF ജയിച്ചത്. അതായത് 2001 ലെ തിളക്കമാർന്ന ജയം പിന്നീട് ഇന്നേവരെ UDF ന് ആവർത്തിക്കാനായിട്ടില്ല. LDF ന് കപ്പിനും ചുണ്ടിനും ഇടയ്ക്കാണ് അന്നു ഭരണം നഷ്ടപ്പെട്ടതെന്നു സാരം.കഴിഞ്ഞ 10 വർഷത്തെ വിജയങ്ങൾ, 2016 ൽ 91/140, 2021 ൽ 99/140 ഉജ്ജ്വലമായിരുന്നു എന്നു പറയാതെ വയ്യ. ജനങ്ങൾ LDF ൽ അർപ്പിച്ച ആ വിശ്വാസം തുടർന്നും ലഭിക്കുമോ എന്നു ചിന്തിക്കേണ്ടത് ആ സർക്കാരുകളുടെ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ്.

തീർച്ചയായും എടുത്തു പറയാൻ അതിദാരിദ്ര്യനിർമ്മാർജ്ജന ശ്രമങ്ങൾ, സർക്കാർ ആശുപത്രികളുടേയും സ്‌കൂളുകളുടേയും ആധുനികവൽക്കരണം, കോവിഡ്, നീപ്പ സമയങ്ങളിലെ കരുതൽ, ആർദ്രം, ഹൃദ്യം തുടങ്ങിയ പദ്ധതികളിലൂടെ കൈവരിച്ച ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക്, (5 %) വീടില്ലാത്തവർക്കു വീടു നൽകുന്ന ലൈഫ് പദ്ധതി, സർവ്വോപരി വയനാട് ലെ വെള്ളപ്പൊക്ക ബാധിതരുടെ മാന്യമായ പുനരധിവാസം, തുടങ്ങി കാലം ആവശ്യപ്പെടുന്ന ധാരാളം ശുഭകരമായ മാറ്റങ്ങളും ജനോപകാരപ്രദമായ പ്രവർത്തനങ്ങളും LDF സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. അതു നിഷ്പ്രഭമാക്കുക അത്ര എളുപ്പമല്ല. ഇനി വരുന്നത് ഏതു സർക്കാർ ആണെങ്കിലും അതിന്റെ അടിസ്ഥാനത്തിലേ മുന്നോട്ടു പോകാനാകൂ. അങ്ങനെ ഒരു അടിത്തറയിടാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.

2016 ൽ നേമത്ത് NDA സ്ഥാനാർത്ഥിയെ ജയിപ്പിച്ചു വിട്ടത് അക്ഷന്തവ്യമായ അപരാധമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. അതേ പോലെ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരു നിന്ന് സുരേഷ് ഗോപിയെ ജയിപ്പിച്ചതും. പക്ഷേ സുരേഷ് ഗോപിയുടെ ജയം പോലെ ഫ്‌ളാറ്റുകളിൽ മറ്റു പ്രദേശങ്ങളിൽ നിന്ന് ആളുകളെ കൊണ്ടുവന്ന് ചേർത്തൊന്നും ആയിരുന്നില്ല, ഒ രാജഗോപാൽ ജയിച്ചത്. ആ ജയത്തെ കുറിച്ചുള്ള വിശകലനങ്ങൾ, കണക്കുകൾ നിരത്തി മുമ്പേ വന്നിട്ടുള്ളതിനാൽ അതിലേക്കൊന്നും ഇനി കടക്കുന്നില്ല.

മുൻകാലങ്ങളിൽ ഭരണം എന്നാൽ ഇങ്ങനെയെല്ലാമാണ്, അഴിമതിയും സ്വജനപക്ഷപാതവും എല്ലാം അതിൽ സ്വാഭാവികമായി ഉൾപ്പെട്ടിട്ടുള്ളതാണ് എന്നുള്ള ഏതാണ്ടൊരു നിസ്സംഗതയോടെയുള്ള അംഗീകരിക്കൽ നിലനിന്നിരുന്നു. പക്ഷേ കഴിഞ്ഞ 10 വർഷങ്ങളാണ്, ഇങ്ങനേയും ജനോപകാരപ്രദമായി ഭരിക്കാൻ ആകും എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയത് എന്നു തോന്നുന്നു. അതേ പോലെ LDF ഭരണങ്ങൾ കൊണ്ടുവന്ന ഒരു ശുഭകരമായ മാറ്റമായി എനിക്കു തോന്നുന്നത്, പ്രചരണപത്രികയിലൂടെ തങ്ങൾ ജനങ്ങൾക്കു കൊടുത്ത വാഗ്ദാനങ്ങളിൽ എന്തു നേടി, നേടിയില്ല എന്നതു പരസ്യമായി പ്രഖ്യാപിക്കുന്ന രീതിയാണ്.

എങ്ങനെയെങ്കിലും 30 സീറ്റു കിട്ടിയാൽ ഭൂരിപക്ഷം നേടുന്ന കാര്യം ഞങ്ങൾ ഏറ്റു എന്ന, പണത്തിന്റെ അഹങ്കാരം നിറഞ്ഞ, ജനാധിപത്യത്തെ, ജനങ്ങളെ, വിലയില്ലാത്ത പ്രഖ്യാപനം നടത്തുന്ന മൂന്നാം മുന്നണിയായ NDA പരാമർശത്തിനോ വിശകലനത്തിനോ പോലും അർഹരല്ല എന്നാണ് എന്റെ പക്ഷം. ‘യുഡിഎഫ് വരുന്നതിലും നല്ലത് എൽഡിഎഫ് ആയിരിക്കും, ഒന്നുമില്ലെങ്കിൽ അതിൽ ഹിന്ദുക്കളായിരിക്കും കൂടുതൽ’ എന്ന് കേരളത്തിലെ ബിജെപി അദ്ധ്യക്ഷൻ പറഞ്ഞതു കൂടി ഓർക്കുക. കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിൽ മതപരമായ വിള്ളൽ വളർത്താൻ യത്‌നിച്ചുകൊണ്ടിരുന്ന അവരുടെ കെണിയിൽ ഇക്കുറിയും ജനം വീഴില്ല എന്നു തന്നെയാണ് എന്റെ ശുഭപ്രതീക്ഷ. പക്ഷേ വോട്ടേഴ്‌സ് ലിസ്റ്റ് കൃത്രിമം നടക്കുന്നുണ്ടോയെന്ന് ഇരുപക്ഷങ്ങളും ജാഗരൂകരാകേണ്ടിയിരിക്കുന്നു.

തങ്ങൾ തെരഞ്ഞെടുക്കപ്പെട്ടാൽ ലൈഫ് പദ്ധതി നിർത്തലാക്കും എന്ന് മുമ്പ് ഒരു കോൺഗ്രസ്സ് നേതാവ് പറഞ്ഞിരുന്നു, തീർച്ചയായും ജനപക്ഷത്തു നിന്നു ചിന്തിക്കാത്ത ഇത്തരം ചെയ്തികൾ അവരുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കുന്നുണ്ട്. എൽഡിഎഫ് സർവ്വവും തികഞ്ഞവരല്ല, കവടിയാറിൽ കെ എം മാണി സ്മാരകത്തിന് 25 ലക്ഷം രൂപാ അനുവദിച്ചത്, അയ്യപ്പസംഗമം, ഇപ്പോൾ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ മലക്കം മറിയൽ തുടങ്ങിയവ എൽഡിഎഫ് വീഴ്ച്ചകളാണ്. പക്ഷേ ഈ തെറ്റുകളും ചെയ്ത ശരികളും കൂടി തൂക്കിയാൽ ത്രാസിലെ ജനോപകാരപ്രവർത്തനങ്ങളുടെ തട്ട് താണുതന്നെയിരിക്കും എന്നാണ് എന്റെ വിലയിരുത്തൽ.

കേരളത്തിലെ മൂന്നു പക്ഷങ്ങളും സ്ത്രീസൗഹൃദപരമല്ല എന്നാണ് എന്റെ നിരീക്ഷണം. വർദ്ധിച്ചു വരുന്ന പോക്‌സോ കേസുകൾ കുറയ്ക്കാനായുള്ള സാമൂഹിക വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകുന്നില്ല, സ്ത്രീസുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങളിൽ എൽഡിഎഫ് സർക്കാർ വേണ്ടത്ര ഊന്നൽ നൽകുന്നില്ല എന്നത് വലിയ പോരായ്ക തന്നെയാണ്. ജയിച്ചവരെ ആവർത്തിച്ചു നിർത്തി ചെറുപ്പക്കാരെ തഴയുന്ന രീതി L/U DF കൾക്ക് ഒട്ടും ഗുണകരമല്ല. പ്രായത്തിന്റെ അനുഭവസമ്പത്തു മാത്രമാവരുത് മാനദണ്ഡം, പുതിയ നേതൃനിരയെ വളർത്തലും കൂടി അതിൽ പെടുന്നതാണ്. എനിക്കു ശേഷം പ്രളയം എന്നു ചിന്തിക്കേണ്ടവരല്ലല്ലോ നേതാക്കൾ. NDA ആണെങ്കിൽ ഇവിടെ അധികവും യുവതയെ ആണ് നിർത്തുന്നത്. ഇത് വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണ്. പൊതുവേ യുവത രാഷ്ട്രീയത്തോട് വിമുഖത കാണിക്കുന്നതിന് ഇതും കാരണമാകാം.

അടുത്ത തെരഞ്ഞടുപ്പിൽ L/U DF ആരായാലും ശരി, ഇപ്പോഴത്തെ പ്രവർത്തനങ്ങളിലൂന്നി, എന്നാൽ അതിലും നന്നായി, ആധുനിക ടെക്‌നോളജി പരമാവധി ഉപയോഗിച്ച് നമ്മൾ താമസിക്കുന്ന ഇടം കൂടുതൽ മെച്ചപ്പെട്ടതാക്കുന്ന രീതിയിൽ, ഉൾക്കാഴ്ച്ചയോടെ മുന്നോട്ടു പോകണം എന്നതാണ് ആഗ്രഹം. കാര്യമായ ഭരണവിരുദ്ധ വികാരം നിലവിലില്ലെന്നും അതിനാൽ ഇനിയും എൽഡിഎഫ് നു തന്നെയാകും മുൻതൂക്കം എന്നാണ് ഇപ്പോഴത്തെ അവസ്ഥയിൽ തോന്നുന്നത്. ഇനി അതു മാറി കൂടായ്കയില്ല. അവസാനനിമിഷ അട്ടിമറികള്‍ പ്രവചനാതീതമാണല്ലോ.

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.