പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ഒരു ചോദ്യം ഒരുത്തരം

ഒരു ചോദ്യം ഒരുത്തരം

ചോദ്യം :ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ രംഗത്ത് ഗുണപരമായ മാറ്റം വരുത്തുമോ? റിപ്പോർട്ടിൽ കുറ്റാരോപിതർ ആയവർക്ക് എതിരെ നിയമനടപടി എടുക്കുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

ഉത്തരം : ഹേമ കമ്മീഷൻ റിപ്പോർട്ട് മുഴുവനായി പരസ്യപ്പെടുത്തുന്നതിന് പകരം അതിൽ കുറ്റാരോപിതരായവരെ വെളിപ്പെടുത്തുകയും, അവർക്കെതിരെ സ്വമേധയാ മുഖം നോക്കാതെ കേസെടുത്ത് ശിക്ഷ വാങ്ങിക്കൊടുക്കുകയുമാണ് വേണ്ടത്. അല്ലാതെ സോഷ്യൽ മീഡിയയ്ക്കും ചാനലുകൾക്കും ഇക്കിളിക്കഥകളാക്കി വിചാരണ ചെയ്തു, അതിലകപ്പെട്ടു പോയ സ്ത്രീകളെ തെറി വിളിക്കാനുള്ള അവസരമല്ല നൽകേണ്ടത്.
കാരണം ഇലയനങ്ങിയാൽ ഇല്ലാക്കഥ പോലും പ്രകാശവേഗത്തിൽ പ്രചരിക്കുന്ന ഇടം കൂടിയാണ് സിനിമ. ഇരയാക്ക പ്പെട്ടവരുടെ ആത്മാഭിമാനത്തിനും വിലയുണ്ട്.തുറന്നു പറയണമെന്നുള്ളവർക്ക് ഇന്നും അതിനുള്ള പൊതുവിടങ്ങളുണ്ട്. സോഷ്യൽ മീഡിയകളിലും ഒരളവുവരെ ചാനൽ സംസ്കാരത്തിലും പ്രശ്നപരിഹാരം എന്നതിലുപരി ഇത്തരം വിഷയങ്ങൾ ലൈംഗികതയുടെ തെറ്റും ശരിയുമായി മസാല ചർച്ചകളാക്കി ചെളി വാരിയെറിയാനാണ് താൽപര്യപ്പെടുന്നത്. അടുത്ത പ്രശ്നം വരുമ്പോൾ ഇത് വിട്ട് അതിന്റെ പുറകേ പോകുന്ന രീതിയാണ്. അതുകൊണ്ട് സാമൂഹ്യമായി യാതൊരു മാറ്റവും, പുരോഗതിയുമുണ്ടാവുന്നില്ല. വിചാരണ യഥാർത്ഥ കോടതികളിൽ യഥാവിധി നടക്കേണ്ടതാണ്. കേസിന്റെ അന്വേഷണം പക്ഷപാതം കാണിക്കാത്ത സത്യസന്ധരായ പോലീസുദ്യോഗസ്ഥരെ ഏൽപ്പിക്കുകയാണ് വേണ്ടത്. ഒരു ഇച്ഛാശക്തിയുള്ള സർക്കാർ വിചാരിച്ചാൽ ഈ മേഖല കുറ്റമറ്റതാക്കി മാറ്റാൻ പറ്റും. ആശങ്കകളില്ലാതെ കൂടുതൽ സ്ത്രീകൾക്ക് ഈ തൊഴിലിലേക്ക് കടന്നുവരാനും വരുമാനമുണ്ടാക്കാനും കഴിയും. മിനിമം വേതനം നിശ്ഛയിക്കുകയും അതിൽ തന്നെ തുല്യത പുലത്തുകയും വേണം

ഇപ്പോഴത്തെ വിവാദങ്ങൾ സിനിമാ മേഖലയിൽ സ്ത്രീകളെ മാക്സിമം കുറയ്ക്കുക എന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്. പുരുഷ കേന്ദ്രീകൃതമായ ഒരു ലോകത്തെ പുരുഷന്മാരുടെ സംവിധാനത്തിലേക്ക്, അവരുടെ നേരമ്പോക്കുകളിലേക്ക് ആവശ്യമായ ഒരു പ്രോപ്പർട്ടി മാത്രമായി മാറ്റപ്പെടുകയാണ് സ്ത്രീകൾ. നിയമവ്യവസ്ഥ നടപ്പിലാക്കുന്നതിന് പകരം മറികടക്കാനാണ് ശ്രമിക്കുന്നത്.

പുതിയ ചെറുപ്പക്കാർ മാറ്റങ്ങൾ കൊണ്ടുവരുന്നില്ലെന്നല്ല. അവരിൽ പ്രതീക്ഷയുമുണ്ട്. അവർ കുടുംബ സമേതം പോലും സിനിമകൾ നിർമ്മിക്കുകയും സൗഹൃദങ്ങൾ നിലനിർത്തുകയും ചെയ്യുന്നു. ഒറ്റയും തെറ്റയുമായാണെങ്കിലും നിലപാടുകൾ തുറന്നു പറയാൻ ധൈര്യം കാണിക്കുന്നുമുണ്ട്. സ്വാഗതം ചെയ്യേണ്ടതാണ്.

കവർ : ജ്യോതിസ് പരവൂർ

Comments

You may also like