ചോദ്യം:
“ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ രംഗത്ത് ഗുണപരമായ മാറ്റം വരുത്തുമോ? റിപ്പോർട്ടിൽ ആരോപിതരുടെ എതിരെ നിയമനടപടി എടുക്കുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?”
ഹേമ കമ്മിറ്റി റിപ്പോർട്ട്,ഒരു റിപ്പോർട്ട് എന്നുള്ളതിലുപരി, സാമൂഹികമായി ഉയർന്നു വന്ന ഒരു ചോദ്യത്തിന്റെ ഉത്തരം കൂടി ആണ്. ഈ ചോദ്യം കാലങ്ങളായി ചോദിക്കപ്പെടുകയും, അതിനു ഉത്തരം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ആ സാഹചര്യം ഉണ്ടാവുന്നത് ഇവിടെ ഒന്നും സംഭവിക്കുന്നില്ല എന്ന് ആളുകൾ കരുതുന്നത് കൊണ്ടല്ല.പരക്കെ normal എന്ന് അംഗീകരിക്കപ്പെട്ടു പോരുന്ന പുരുഷാധിപത്യം അത്രയ്ക്ക് ശക്തമാവുന്നത് കൊണ്ടാണ്. അങ്ങനെയുള്ള ഒരു സമൂഹത്തിൽ, പരാതികൾ ഉയർന്നാലും, ചിരിച്ചു തള്ളാനും, അങ്ങനെ ആവില്ല എന്ന് അവിശ്വസിക്കാനും, നിസ്സാരവൽക്കരിക്കാനും ഉള്ള പ്രവണത അധികമായിരിക്കും. അസാമാന്യമായ ധൈര്യം സംഭരിച്ചു ചെയ്യേണ്ട കാര്യമായി അനീതിക്കെതിരായ പോരാട്ടം മാറുന്നു. ഇതിനെതിരെ ഉള്ള ഒരു ചൂണ്ടുവിരലായി ഹേമ കമ്മിറ്റി ഉയർന്നു നിൽക്കുന്നു.
അനേകം കാലങ്ങളായി നിലനിൽക്കുന്ന ചൂഷണത്തിനെതിരെ ഒരു കൂട്ടം സ്ത്രീകൾ നടത്തിയ ചെറുത്ത് നിൽപ്പിന്റെ പ്രതീകം കൂടിയാണ് ഈ റിപ്പോർട്ട്. മാറ്റം വരാതിരിക്കില്ല. ഇപ്പോൾ പുറത്തു വരുന്ന രാജിയുടെ വാർത്തകൾ എല്ലാം അഴിച്ചുവിട്ട കൊടുംകാറ്റ്, വൻ മരങ്ങൾ എന്ന് കരുതിയവരെ പുഴക്കിയെറിയുന്നതിന്റെ സൂചനകൾ ആണ്. റിപ്പോർട്ടിൽ പല ശുപാർശകൾ ഉണ്ട്. അവ നടപ്പിലാക്കേണ്ടതാണ്. ആരോപിതരുടെ എതിരെ നിയമനടപടികൾ കൈകൊള്ളുന്നതിനോടൊപ്പം, പുറത്തു വിടാത്ത പേജുകളും പുറത്തു വിടേണ്ടതാണ്. അടിയേറ്റശേഷവും എഴുന്നേൽക്കാൻ ധൈര്യം കാണിച്ച ഒരു സ്ത്രീ, സമൂഹത്തിന്റെ ഉയർന്നെഴുന്നേൽപ്പിന് വിത്തായി മാറി തീരുകയാണുണ്ടായത്. അങ്ങനെയാണ് അനേകം സ്ത്രീകൾ ഒരുമിച്ച് WCC ഉണ്ടാകുന്നത്.അതിലൂടെ ആണ് ഈ റിപ്പോർട്ട് സാധ്യമായതും.
കവർ: ജ്യോതിസ് പരവൂർ