കേരളത്തിലെ സാമ്പത്തിക-സാമൂഹിക മാറ്റങ്ങൾക്കൊപ്പം രാഷ്ട്രീയ പരിസരവും രാഷ്ട്രീയ പാർട്ടികളും കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലങ്ങള്‍ക്കുള്ളില്‍ വളരെയേറെ മാറി. രാഷ്ട്രീയ പ്രക്രിയകളും രാഷ്ട്രീയ പാർട്ടികളുടെ സാമൂഹിക ചുറ്റുവട്ടവും തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങളും പാടെ മാറി.
ഇവയെക്കുറിച്ച് ചില പ്രാഥമിക നിരീക്ഷണങ്ങൾ.
സംസ്ഥാനത്തെ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളുടെ തുടക്കം 1890 കളിലാണ്. ഇതിന് പ്രധാന കാരണം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന മുപ്പതു വർഷങ്ങളിൽ കേരളത്തിൽ തുടങ്ങിയ വിദ്യാലയങ്ങളും അതുവഴി വിദ്യാഭ്യാസത്തിന് സമൂഹത്തിൽ ഉണ്ടായ സാമ്പത്തിക-സാമൂഹിക സാധുതയും ആണ് ഒരു കാരണം . തിരു-കൊച്ചി ഭാഗങ്ങളിൽ ആണ് കൂടുതൽ വിദ്യാലയങ്ങൾ ഉണ്ടായത്. സ്വാഭാവികമായും സാക്ഷരതാനിലവാരം ഈ പ്രദേശങ്ങളിൽ മലബാർ മേഖലയേക്കാൾ മെച്ചപ്പെട്ടതായി .
സാമൂഹിക പരിവർത്തനത്തിന് തുടക്കം കുറിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിൽ ഇവിടെ പ്രവർത്തിച്ച മിഷനറി സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തകർ ആയിരുന്നു. അവർ മലയാള ഭാഷയെ ചിട്ടപ്പെടുത്തി അച്ചു നിരത്തി അച്ചടിച്ചു എല്ലാവര്ക്കും വായിക്കുവാനും പഠിക്കുവാനുമുള്ള അവസരത്തിന് തുടക്കമിട്ടു. സംസ്ഥാനത്തെ ഭാഷാവികസന, വിദ്യാഭ്യാസ , വിനിമയ, പത്രപ്രവർത്തന മേഖലകളുടെ തുടക്കം മിഷനറി സാമൂഹിക-സാംസ്കാരിക പ്രവർത്തനമാണ്. അടിമത്തത്തിനും ജാതി-മത വിവേചനങ്ങൾക്കും സ്ത്രീകള്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങൾക്കും എതിരെ ആദ്യം ശബ്ദമുയർത്തിയതും വിദേശികളായ മിഷനറി ആക്റ്റിവിസ്റ്റുകള്‍ ആയിരുന്നു. ഈഴവസ്ത്രീകള്‍ക്ക് മാറ് മറയ്ക്കുവാനുള്ള അവകാശം നേടിയെടുക്കാന്‍ 1859 ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഉണ്ടായ ‘ചാന്നാര്‍ ലഹള’ എന്ന രാഷ്ട്രീയ പ്രതികരണം കേരള രാഷ്ട്രീയ ചരിത്രത്തിലെ അങ്ങനെയുള്ള ആദ്യ അടയാളപ്പെടുത്തലുകളില്‍ ഒന്നാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതൽ ഇവിടെ പ്രവർത്തിച്ചു തുടങ്ങിയ സി.എം.എസ് (church mission society), എൽ.എം.എസ് (London Mission Society) എന്നിവയും പിന്നീട് മലബാർ മേഖലയിൽ പ്രവർത്തിച്ചു തുടങ്ങിയ ജർമൻ മിഷണറി കൂട്ടായ്മയായ ബെസൽ മിഷനും കേരളത്തിന്റെ ഭാഷാ- സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ പ്രാധാന്യമേറിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. ഈ സാമൂഹിക-സാംസ്കാരിക മാറ്റങ്ങൾ ചരിത്രത്തിൽ ഇടം കണ്ടെത്തിയിട്ടുണ്ടെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിൽ ഇവിടെ തുടങ്ങിയ മാറ്റങ്ങളെകുറിച്ച് ഗഹനമായ സാമൂഹിക ചരിത്ര ഗവേഷണങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്.
ഇവിടത്തെ തനതായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രവർത്തകർ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ച വരേണ്യ ജാതി-സമുദായങ്ങളിലെ ചെറുപ്പക്കാരായിരുന്നു. അന്നത്തെ തിരുവിതാംകൂർ-കൊച്ചി മേഖലയിൽ ഭൂമിക്കു മേൽ ഉടമസ്ഥാവകാശമുള്ള നമ്പൂതിരി-നായർ-നസ്രാണി സമൂഹങ്ങളിൽ ഉണ്ടായിരുന്ന ചെറുപ്പക്കാരായിരുന്നു ഇവര്‍ കേരളത്തിലും മദ്രാസ് യൂണിവേഴ്സിറ്റിയിലും പഠിക്കാന്‍ കൂടുതല്‍ സൗകര്യമു ണ്ടായിരുന്നത് ഇവര്‍ക്കായിരുന്നു . അന്നുണ്ടായിരുന്ന അധികാര രൂപങ്ങൾ പിന്തുണച്ചതും സമൂഹത്തിൽ മേൽക്കോയ്മ ഉള്ള വിഭാഗങ്ങളെ മാത്രമായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും സാമൂഹിക-സാംസ്കാരിക-പത്രപ്രവർത്തക-രാഷ്ട്രീയ രംഗങ്ങളിൽ ഈ പതിവ് തുട്രന്നു. ഒരു പക്ഷെ ഇവിടെ ആദ്യമായുണ്ടായ സർക്കാർ ഇതര സാമൂഹിക-സാംസ്കാരിക സംഘടന 1892 ൽ ഉണ്ടായ ഭാഷപോഷിണി സഭയായിരുന്നു. സഭയിലെ അംഗങ്ങൾ മിക്കവാറും സാമൂഹ്യ മേൽക്കോയ്മ ഉണ്ടായിരുന്ന ജാതി-മത വിഭാഗങ്ങളിൽ നിന്ന് മാത്രമായിരുന്നു. 1891 ൽ ബാരിസ്റ്റർ ജി.പി പിള്ളയുടെ നേതൃത്വത്തില്‍ ഉണ്ടായ മലയാളി മെമ്മോറിയൽ ആണ് കേരളത്തിലെ സാമൂഹിക -രാഷ്ട്രീയ പ്രഭാവങ്ങളുടെ തുടക്കം. അവിടെയും താരതമ്യേന ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരം ഉണ്ടായിരുന്ന വരേണ്യ വിഭാഗങ്ങളിൽ പെട്ടവരായിരുന്നു ബഹുഭൂരിപക്ഷവും. 1896ൽ ഡോ. പല്പ്പുവിൻ നേതൃത്വത്തിൽ സമർപ്പിക്കപ്പെട്ട ഈഴവ മെമ്മോറിയൽ പാർശ്വവത്കരിക്കപ്പെട്ട സമുദായ സമൂഹങ്ങളിൽ നാമ്പെടുത്തു തുടങ്ങിയ സാമൂഹിക രാഷ്ട്രീയ പ്രക്രിയയുടെ ആദ്യ അടയാളപ്പെടുത്തൽ ആയിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തെ രണ്ടു് ദശകങ്ങളിലാണ് കേരളത്തിലാകമാനം വിദ്യാഭ്യാസവും പത്ര പ്രവർത്തനവും സാമുദായിക പരിഷ്കാരങ്ങളും എല്ലാ ജാതി മതസ്ഥരുമായ സാമാന്യ ജനങ്ങളിലേക്ക് പതിയെ എത്തിത്തുടങ്ങിയത്. ഈ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയത് അതാതു ജാതി-മത-സമുദായ നേതാക്കളും അവർ പുതുതായി സംഘടിപ്പിച്ച സമുദായ സാമൂഹ്യ മുന്നേറ്റ സംഘടനകളും ആയിരുന്നു. ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയും, ചട്ടമ്പി സാമികളും, കണ്ടത്തിൽ വർഗീസ് മാപ്പിളയും, മന്നത്തു പദ്മനാഭനും, വക്കം മൗലവിയും, അബ്ദുർ റഹ്മാൻ സാഹിബ്ബും എല്ലാം സമുദായ പരിവർത്തന സാമൂഹിക രാഷ്ട്രീയത്തിനു പല തരത്തിൽ തുടക്കം കുറിച്ചവരായിരുന്നു. പാരമ്പര്യ സാമൂഹ്യ യാഥാസ്ഥിതിക ചുറ്റുപാടുകളും ആധുനിക സാമൂഹിക ചിന്തകളുമായി പുതിയ ഒത്തു തീർപ്പു ശ്രമങ്ങൾ കൂടിയായിരുന്നു അവരുടെ പൊതു പ്രവർത്തനം
എസ്. എൻ. ഡി.പി യും, എൻ.എസ്.എസും , ക്രിസ്തീയ സമുദായ വിഭാഗങ്ങളുടെ സംഘടനകളും രൂപമെടുത്തത്ത് ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ 25 വര്‍ഷങ്ങൾക്കുള്ളിലാണ്. അങ്ങനെ കക്ഷി രാഷ്ട്രീയത്തിന് മുൻപ് തന്നെ സമുദായ സാമൂഹിക രാഷ്ട്രീയവും( civic politics) വിഭാഗീയ രാഷ്ട്രീയവും (sectarian politics) ഇവിടെ വേര് പിടിച്ചു. പലരും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നെങ്കിലും 1920 കളിലാണ് കേരളത്തിൽ പൊതു രാഷ്ട്രീയ അവബോധവും സ്വാതന്ത്ര്യ സമര കാഴ്ചപ്പാടുകളും ഉണ്ടായിത്തുടങ്ങിയത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ മുപ്പതു വർഷങ്ങളിൽ പത്രപ്രവർത്തനം ഒരു പുതിയ സാമൂഹിക രാഷ്ട്രീയത്തിന്റെ (civic politics) ഏറ്റവും സജീവമായ നേർകാഴ്ചയായിരുന്നു. വിവിധ സമുദായങ്ങളും സമുദായങ്ങളിലെ വിദ്യാഭ്യാസം ഉള്ള ചെറുപ്പക്കാരും പത്രപ്രവർതനത്തിലൂടെ പൊതു രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ചതും അതുകൊണ്ടാണ്. വക്കം മൗലവിയും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയും ഒക്കെ കേരളത്തിലെ ആധുനിക സാമൂഹിക രാഷ്ട്രീയത്തിന്റെ ആദ്യകാല പ്രവർത്തകർ ആയിരുന്നു.
1920 കളിലും 1930 കളിലും രൂപ പെട്ടുവന്ന സംസ്ഥാനത്തെ സാമുദായിക സമൂഹ രാഷ്ട്രീയവും അതിന്റെ ചുവട് പിടിച്ചു വന്ന കോൺഗ്രസ്സ് പാർട്ടിയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി ധാരകളും ആണ് കേരള രാഷ്ട്രീയത്തിന്റെ ഡി.എൻ.എ യിൽ ഉള്ളത്. 1920 കളിൽ ഉയർന്നുവന്ന സമുദായ സാമൂഹിക രാഷ്ട്രീയവും 1930 കളിൽ ഉണ്ടായ കക്ഷി രാഷ്ട്രീയവും ഇന്നും കേരള രാഷ്ട്രീയത്തിലെ രണ്ടു പ്രധാന ധാരകൾ ആണ്. ഇന്നും കേരളത്തിലെ കക്ഷി രാഷ്ട്രീയ പ്രക്രിയകളിൽ സമുദായ സാമൂഹിക രാഷ്ട്രീയം ഒളിഞ്ഞും തെളിഞ്ഞും പ്രഭാവം നടത്തുന്നുണ്ട്. 1930 കളിൽ ഉണ്ടായ നിവർത്തന പ്രസ്ഥാനവും അതേ കാലയളവിൽ ഉണ്ടായ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും പിൽക്കാല രാഷ്ട്രീയ , സാമൂഹിക , സമുദായ രാഷ്ട്രീയ പരിണാമങ്ങളെ പല തരത്തിൽ ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിയതമായ കക്ഷി രാഷ്ട്രീയ ധാര തുടങ്ങുന്നത് 1930 കളിലും 1940 കളിലുമാണ്. 1920 കളിൽ ചെറിയ രാഷ്ട്രീയ പാർട്ടി ഉദ്യമങ്ങൾ ഉണ്ടായെങ്കിലും 1930 മുതൽ ആണ് കേരള സമൂഹത്തിൽ രാഷ്ട്രീയ കക്ഷികൾ മാറ്റങ്ങൾ വരുത്തുവാൻ തുടങ്ങിയത്. വൈക്കം സത്യാഗ്രഹവും ക്ഷേത്ര പ്രവേശന വിളംബരവും ഗുരുവായൂർ സത്യാഗ്രഹവും മനോരമ പത്രത്തിന്റെ അടച്ചു പൂട്ടലും എല്ലാം കേരളത്തിലെ സാമുദായിക-സാമൂഹിക-കക്ഷി രാഷ്ട്രീയങ്ങളുടെ (communitarion, civic and party politics) തുടക്കത്തിന്റെ അടയാളപ്പെടുത്തൽ ആയിരുന്നു. ഇന്നും സമുദായ രാഷ്ട്രീയവും, സാമൂഹിക രാഷ്ട്രീയവും , കക്ഷി രാഷ്ട്രീയവും കേരള രാഷ്ട്രീയത്തിലെ മൂന്നു പ്രധാന ധാരകൾ ആണ്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മുന്നിൽ രാഷ്ട്രീയ പാർട്ടികൾ ആണെങ്കിലും അതിന്റെ പിന്നിൽ സമുദായ രാഷ്ട്രീയ പ്രഭാവങ്ങൾ പല തരത്തിലും പല തലത്തിലും ഉണ്ട്. സാമൂഹിക രാഷ്ട്രീയ ധാര കേരള രാഷ്ട്രീയത്തില്‍ ഒരു തിരുത്തൽ ശക്തി ആയി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം പ്രവർത്തിക്കുന്ന ശക്തിയാണ് .
ജോണ്‍ സാമുവല്‍

ജോണ്‍ സാമുവല്‍
ജോൺ സാമുവൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സാമൂഹിക-വികസന വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനും ആണ്. ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗത്തിൽ ആഗോള ഉപദേഷ്ഠാവും ഡയറക്റ്ററും ആയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര കൺസൾട്ടിംഗ് അഡ്വൈസർ. ഇന്ത്യയിലും അന്തരാഷ്ട്ര തലത്തിലും നിരവധി സാമൂഹിക സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങൾക്കും സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. കേരളത്തിൽ ഏകത പരിഷത്തിന്റെ പ്രസിഡന്റ്. ബോധിഗ്രാമിന്റെയും തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിൽ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസ് സ്ഥാപകൻ.
ഇന്ന് താരതമ്യേന ചെലവ് കുറഞ്ഞ മാധ്യമ പ്രവർത്തനം ഓൺലൈൻ മാധ്യമപ്രവർത്തനമാണ്. രാജ്യത്തെ പ്രധാന പ്രിന്റ് മാധ്യമങ്ങളേക്കാൾ നല്ല ലേഖനങ്ങളും വാർത്താ വിശകലനങ്ങളും വാർത്തകളും പങ്കു വക്കുന്ന പുതു ഓൺലൈൻ സാമൂഹിക മാധ്യമങ്ങളുണ്ട്. ഇൻഡ്യയിലെ ആദ്യകാല ഓൺലൈൻ പുതു സാമൂഹിക മാധ്യമ പ്രവർത്തനം Infochange India ഞാനും എന്റെ സുഹൃത്ത് ഹൂട്ടോക്ഷിയും തുടങ്ങിയത്, രാജ്യത്തെ കുത്തക മാധ്യമങ്ങൾ മനഃപൂർവമായോ അല്ലാതെയോ വിട്ട് കളയുന്ന പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും ജീവിത സാഹചര്യങ്ങളും സാമൂഹിക വികസന വിഷയങ്ങളും അവതരിപ്പിക്കാൻ ഉള്ള ഒരു ബദൽ നവമാധ്യമ സിവിക് സംരംഭമായാണ്. 1999 അവസാനം തുടങ്ങിയ പ്രവർത്തനം ഇന്നും തുടരുന്നു.
കേരളത്തിൽ കഴിഞ്ഞ അഞ്ചു കൊല്ലമായി പല നവമാധ്യമ കൂട്ടായ്മകളും രൂപപ്പെട്ടു. അവയിൽ മലയാളനാടും നവമലയാളിയും ഫേസ് ബുക്കിലെ സർഗാത്മക കൂട്ടായ്മകളിൽ നിന്ന് ഒരു ലാഭേച്ഛയും ഇല്ലാതെ ഉയർന്നുവന്ന ഓൺലൈൻ പുതു മാധ്യമ സംരംഭങ്ങളാണ്. ഫേസ്ബുക് കൂട്ടായ്മയിലൂടെയാണ് ഈ രണ്ട് ആനുകാലികങ്ങളും ജനിച്ചതും വളര്‍ന്നതും. മുരളി വെട്ടത്ത്, സന്തോഷ് ഹൃഷികേഷ്, സതീശൻ പുതുമന, രവിവർമ്മ, ജെയിംസ് വർഗീസ്, സോണി ജോസ്, സ്വാതി ജോർജ് മുതലായവരുടെ നേതൃത്വത്തില്‍, അനേകം പേരുടെ സഹകരണത്തോടെയായിരുന്നു തുടക്കം. ഇവ രണ്ടുമായി ആദ്യം മുതലേ അടുത്തു സഹകരിക്കുകയും അവര്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയും വല്ലപ്പോഴും എഴുതുകയും ചെയ്യുന്ന ആളാണ് ഞാന്‍. രണ്ടും കാമ്പുള്ള സാസ്കാരിക-സാമൂഹിക ഓൺലൈൻ മാധ്യമ പ്രവർത്തനങ്ങൾ ആണ്. അത് പോലെ, അഴിമുഖവും ഗൗരവമായ നവ മാധ്യമ ഇടപെടൽ ആണ്. ഇവയെല്ലാം മാഗസിൻ രൂപത്തിൽ ഉള്ളവയാണ്. അവ പ്രതിദിന വാർത്താമാധ്യമങ്ങൾ അല്ല. കഴിഞ്ഞ വര്‍ഷം ലെഫ്റ്റ് ക്ലിക് (ഇപ്പോൾ വേറൊരു പേരിലും)എന്ന പേരിൽ ടി.കെ വിനോദൻ തുടങ്ങിയ പ്രതിദിന വാർത്ത നവ മാധ്യമ സംരംഭം നിലവാരമുള്ളതും ഗൗരവമായി എഡിറ്റ് ചെയ്യപ്പെടുന്നതുമായ ഒന്നായി തോന്നിയിട്ടുണ്ട്. അതിൽ ഇക്കിളി വാർത്തകളോ കൊലപാതക അപസർപ്പക കഥകളോ, കൂലി ഏഴുത്തോ, തൽപ്പര കക്ഷി രാഷ്ട്രീയ അതിപ്രസരമോ, കൂതറ വ്യക്തി വിരോധ മഞ്ഞ എഴുത്തുകളോ ഇല്ലാത്തതിനാൽ വായിക്കാറുണ്ട്. മാത്രമല്ല അതിന്റെ എഡിറ്റർ, ഒരു നല്ല എഡിറ്റർക്ക് വേണ്ട വിവേകവും വിദ്യാഭ്യാസവും വിവരവുമുള്ള ഒരു പൊതു സാമൂഹിക-സാംസ്കാരിക -സിവിക് രാഷ്ട്രീയ പ്രവർത്തകൻ ആയ ടി.കെ വിനോദൻ ആണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഡൂൾ ന്യൂസും അധികം കുഴപ്പമില്ലാത്ത ഒരു ഇടപെടൽ ആയി തോന്നിയിട്ടുണ്ട്.
ഇതോടൊപ്പം, വാളെടുത്തവൻ വെളിച്ചപ്പാട് എന്ന മട്ടിൽ നവ മാധ്യമ രംഗത്ത് ഒരു വെബ്സൈറ്റും രണ്ടു ഡെസ്ക്ടോപ്പും അത്യാവശ്യം മലയാളവും ആയി ചില അവതാരങ്ങൾ ഇറങ്ങിയിട്ടുണ്ട്. അവരിൽ ഒട്ടു മിക്കവരും പത്ര പ്രവർത്തനവും സാമൂഹിക ഇടപെടലുമായി ഒരു ബന്ധവും ഇല്ലാത്തവരാണെന്നു തോന്നുന്നു . പല ‘നവ’ മാധ്യമങ്ങളും തുടരുന്നത് പഴയ ‘തനി നിറ’ ശൈലിയിലുള്ള കുരുട്ടു വിദ്യകളാണ്. അൽപ്പം സെക്സും സ്വൽപ്പം മസാലയും ആവശ്യത്തിന് സ്റ്റണ്ടും അപസർപ്പക കഥകളും അത്യാവശ്യം പേരിനു ടി.വി സ്ക്രോൾ കണ്ടെഴുതി വാർത്തകളും ചേർത്തു വിളമ്പിയാൽ അതിനെ എന്ത് വിളിക്കണം? ഇന്ന് ‘പ്രമുഖ’ മാധ്യമങ്ങൾ പല ‘പ്രമുഖ’ കച്ചവടക്കാരെ കുറിച്ചും കള്ളക്കടത്തുകാരെ കുറിച്ചും തരികിട കക്ഷികളെ കുറിച്ചും എഴുതാത്തത് അവർ പരസ്യമെന്ന ‘കൈക്കൂലി’ കൊടുത്ത് മാധ്യമ ബിസിനസ്സിനെ സ്വാധീനിക്കുന്നതിനാലാണ്.
അത്തരം മാധ്യമങ്ങൾ മുക്കുന്ന വാർത്തകൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന ഒരു ബദൽ മീഡിയയായി വർത്തിക്കുവാൻ നവ മാധ്യമങ്ങൾക്കു കഴിയും. വലിയ മുതൽ മുടക്ക് ഇല്ലാത്തതിനാൽ അവർക്കു പഴയ മാധ്യമ ബിസിനസിനുള്ള പരിമിതികളില്ല. അങ്ങനെയുള്ള ഗൗരവ ബദൽ മീഡിയ സംസ്കാരം കേരളത്തിൽ ഇനിയും ഉണ്ടാകേണ്ടതുണ്ട്. മലയാള നവമാധ്യമങ്ങളിൽ ഭൂരിപക്ഷവും കേരളത്തിലെ പഴയ മാധ്യമ രൂപങ്ങളുടേയും ശീലിച്ച രീതികളുടേയും ഒരു ഓൺലൈൻ പകർപ്പ് മാത്രമാണ്. ഒരു പുതിയ നവ മാധ്യമ സംസ്കാരവും സാമൂഹിക വിനിമയത്തിന്റെ പുതിയ സാധ്യതകളും മലയാളത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. പഴയ പത്ര പ്രവർത്തക ശൈലിയിൽ നിന്നും കക്ഷി രാഷ്ട്രീയ അതിപ്രസരങ്ങളിൽ നിന്നും അധികാര-അധീശ മേല്കോയ്മകളിൽ നിന്നും കുതറിമാറി ഒരു പുതിയ നവ മാധ്യമ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനം ഉണ്ടാകേണ്ടതുണ്ട്.
സംസ്ഥാനത്തെ സാമൂഹിക, വിദ്യാഭാസ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ കാണുന്ന ജീര്‍ണതകളുടെ തുടർച്ചയും നേർ കാഴ്ച്ചകളും ആണ് ഇപ്പോൾ വ്യവസ്ഥാപിത ടി.വി , പത്ര മാധ്യമങ്ങളിൽ കാണുന്നത്. അതിന്റെ രണ്ടാം തരമോ മൂന്നാം തരമോ പതിപ്പ് മാത്രമായി ഓൺലൈൻ മാധ്യമങ്ങൾ മാറിയാൽ കേരളത്തിലെ പലതരം ജീർണ്ണതകളുടെ ഒരു പഴയ ബാക്കിപത്രമായി ചുരുങ്ങും കൂണുകൾ പോലെ പൊട്ടി മുളച്ചു അഴുകി പോകുന്ന ഓൺലൈൻ പതിപ്പുകൾ. 120 വര്‍ഷം മുമ്പ് തുടങ്ങിയ കാലത്തു പത്രപ്രവര്‍ത്തനം ഒരു ബിസിനസ് സംരംഭമല്ലായിരുന്നു., കേരളത്തില്‍ അതൊരു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. പത്ര പ്രവർത്തകർ വയറ്റിൽ പിഴപ്പിന് മാത്രം പേനയുന്തുന്ന മുതലാളിക്ക് വേണ്ടി എഴുതുന്ന കൂലി എഴുത്തുകാരല്ലായിരുന്നു. അവരിൽ ഭൂരിഭാഗവും സമൂഹത്തിലെ പാരമ്പര്യ ജീർണതകൾക്കും ജാതി മത വിവേചനങ്ങൾക്കും എതിരെ പോരാടിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകരായിരുന്നു. കക്ഷി രാഷ്ട്രീയ താല്പര്യങ്ങളോ അധികാര മോഹങ്ങളോ ഇല്ലാത്തവരായിരുന്നു. ഭരണത്തിലുണ്ടായിരുന്നവരുടെ ആസനം താങ്ങുന്നവരല്ലായിരുന്നു. ആർജവമുള്ള അന്നത്തെ പത്രപ്രവർത്തനം അപകടകരമായ ഒരു ജീവിതമായിരുന്നു. സാമ്പത്തിക നഷ്ടങ്ങളും യാതനകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് പലര്‍ക്കും . ഇന്ന് പത്ര പ്രവർത്തനം ഒരു വ്യവസ്ഥാപിത തൊഴിൽ മേഖല ആണ്. മാധ്യമ വ്യാപാരവും മദ്യ വ്യാപാരവും തമ്മിൽ വലിയ വ്യത്യാസം ഇല്ലാതായിട്ടുണ്ട്.
കുത്തുക കോർപ്പറേറ്റുകളുടെ ഒരു ചിന്ന സൈഡ് ബിസിനസ്സായി വ്യവസ്ഥാപിത മാധ്യമങ്ങൾ മാറിയിരിക്കുന്നു. മാധ്യമ കോർപ്പറേറ്റ് ബിസിനസ്സ്, ഭരണം കൈയ്യാളുന്നവരുടെ കുഴലൂത്തുകാരായി പരിണമിച്ചിരിക്കുന്നു. ‘പ്രൊഫഷണൽ’ പത്ര പ്രവത്തകരിൽ പലരും ഇന്ന് അധികാരത്തിന്റെ ഇടനാഴികകളിലെ അരിവെപ്പുകാരും അടക്കം പറച്ചിൽകാരും ഏഷണിക്കാരും പുറം ചൊറിയുന്നവരും ആയിരിക്കുന്നു. അവർക്ക് നേതാക്കൾക്കു വേണ്ടി മാമാ പണി ചെയ്യുവാനോ ദല്ലാള്‍ പണി ചെയ്യാനോ ഒരു നാണക്കേടും ഉളുപ്പുമില്ല. കാരണം അതൊക്കെ ‘സാധാരണ’ കീഴ്വഴക്കമായി തീര്‍ന്നിരിക്കുന്നു. ‘ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ’ എന്ന കണക്കെ സ്ഥാന മാനങ്ങൾ അധികാരി വർഗ്ഗം പ്രത്യുപകാരമായി കൊടുക്കുന്നത് ഡൽഹിയിൽ മാത്രമല്ല രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പതിവായിട്ടുണ്ട്. ചുരുക്കത്തിൽ വ്യവസ്ഥാപിത മാധ്യമ ബിസിനസും പ്രൊഫഷണൽ പത്രപ്രവർത്ത നേതാക്കളിൽ ഗണ്യമായ പങ്കും ഇന്ന് നമ്മുടെ നാടും രാജ്യവും നേരിടുന്ന ജീര്‍ണതയുടെ നേർരൂപങ്ങൾ ആണ്. ഇതിനു മാറ്റം വരുത്താൻ കഴിവുള്ള ഒരു സാധ്യതയാണ് സാമൂഹിക പ്രതിബദ്ധതയുള്ള ആർജവമുള്ള നവ മാധ്യമ സംരംഭങ്ങൾ. ഇന്നത്തെ ജീര്ണതയിൽ നിന്നും കുതറി മാറി ബദൽ മാധ്യമ സംസ്കാരധാരയായി അത് മാറിയെങ്കിൽ മാത്രമേ നമുക്ക് ഇന്നുള്ള ജീര്‍ണതകളെ അതീജീവിച്ച് ഒരു പുതിയ നൈതീകമായ നന്മയുള്ള സാമൂഹ്യ മാറ്റത്തിന് വഴി തെളിക്കാൻ കഴിയുകയുള്ളൂ.
കേരളത്തിന്റെ വഴികള്‍ – 8
ഇന്ന് കേരളത്തിലെ സാമൂഹിക അസമത്വങ്ങളിൽ ഒരുപക്ഷേ ഏറ്റവും പ്രകടമായത് സ്ത്രീ-പുരുഷ അസമത്വമാണ്. പുരുഷാധിപത്യ രാഷ്ട്രീയ പാർട്ടികളുടെ ഏറ്റവും ദയനീയമായ ഇരട്ടത്താപ്പ് വനിത രാഷ്ട്രീയ നേതാക്കളോട് അവർ വെച്ചുപുലര്‍ത്തുന്ന സമീപനത്തില്‍ ആണ്. സാമ്പത്തികമായും സാമൂഹികമായും വളർച്ച നേടിയെങ്കിലും ഇക്കാര്യത്തിൽ കേരളം ഇപ്പോഴും പിന്നോക്കം നിൽക്കുന്ന, ഒരു പുരുഷ മേല്‍ക്കോയ്മയുടെ ഇടമാണ്.
മാനവ വികസന സൂചികയിൽ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് നമ്മള് . സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച കഴിഞ്ഞ പത്തു വർഷങ്ങളായി മുന്നോട്ടാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും കേരളം മുന്നിലാണ്. നമ്മുടെ കുടുംബശ്രീ, ലോകത്തിലെ വലിയ സ്ത്രീ സ്വാശ്രയ സംരംഭങ്ങളിൽ ഒന്നാണെന്ന് അതിന്റെ സംഘാടകരായ കേരള സർക്കാർ ഉദ്യോഗസ്ഥർ അഭിമാനം കൊള്ളുന്നു.
പിന്നെ എന്താണ് പ്രശ്നം? പുസ്തകത്തിലെ സ്ഥിതി വിവരക്കണക്കുകളും ജീവിതത്തിലെ അനുഭവരാശികളും തമ്മിൽ ഉള്ള വൈരുദ്ധ്യമാണ് നമ്മള് ശ്രദ്ധിക്കേണ്ടത്. സൂചികകള്‍ അനുസരിച്ച് കേരളം സ്ത്രീ ശാക്തീകരണത്തിൽ മുന്നിലാണ് . പ്രായോഗിക തലത്തിലോ?
മിക്ക രാഷ്ട്രീയ പാർട്ടികളിലും ഒരു സ്ത്രീക്ക് നേതൃത്വ പദവിയിലേക്ക് എത്തുവാന്‍ ഒരുപാട് കടമ്പകൾ കടക്കണം. അത് കടന്നാൽ തന്നെ പുരുഷ കേസരികളുടെ കാരുണ്യമില്ലെങ്കിൽ മത്സരിക്കാൻ സീറ്റ് കിട്ടാത്ത അവസ്ഥയാണ്. വ്യവസ്ഥാപിത പാർട്ടികളുടെ നേതൃത്വ നിരയിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാല്‍ സത്യസ്ഥിതി ബോധ്യപ്പെടും .
രാഷ്ട്രീയ പ്രബുദ്ധതയും ജനായത്തവും ഉണ്ടെന്ന് ഊറ്റം കൊള്ളുന്ന കക്ഷി രാഷ്ട്രീയ നേതാക്കൾ തികഞ്ഞ പുരുഷ മേധാവിത്വമാണ് കാണിക്കുന്നത്. ഇതിൽ ഏറ്റവും ദയനീയമായ അവസ്ഥ കോൺഗ്രസ് പാർട്ടിയിലാണ് . വിരലിൽ എണ്ണാവുന്ന, തോൽക്കുമെന്നുറപ്പുള്ള സീറ്റുകളിൽ നിർത്തി സ്ത്രീകളെ ഒട്ടുമിക്ക തിരഞ്ഞെടുപ്പുകളിലും ‘തോല്‍പ്പിക്കുക’യാണ് പതിവ്. കോണ്‍ഗ്രസ് നിയമസഭ സാമാജികരില്‍ ഒരൊറ്റ സ്ത്രീപോലും ഇല്ലെന്നത് അപമാനബോധത്തോടെ പാര്‍ട്ടി തിരിച്ചറിയേണ്ടതാണ്. മുസ്ലീം ലീഗിന്റെ ചരിത്രത്തിൽ ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ? കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ എത്ര വനിതകൾ നിയമ സഭയിൽ എത്തി? തമ്മിൽ ഭേദം എന്ന് ഇടതുപക്ഷ പാർട്ടികളെ കുറിച്ച് പറയാം അക്കാര്യം പറഞ്ഞ് സ്വയം അഭിനന്ദിക്കുന്നതിൽ അവര്‍ പിശുക്ക് കാട്ടാറുമില്ല.
140 പേരുള്ള നിയമ സഭയിൽ ഉള്ളത് വെറും 8 സ്ത്രീകൾ ആണെന്നത് ഓരോ ജനായത്ത വിശ്വാസിയേയും ഓരോ രാഷ്ട്രീയ പാർട്ടി നേതാക്കളേയും ലജ്ജിപ്പിക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 78.29% സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ പുരുഷന്മാരില് 76.33%മേ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയുള്ളൂ. പക്ഷെ നിയമ സഭയിൽ സ്ത്രീകൾ വെറും 5.7 %. മാത്രം. കേരളമേ ലജ്ജിച്ചു തല താഴ്ത്തുക!
ഈ ദയനീയമായ അവസ്ഥക്ക് കാരണം എന്താണ്? കേരള വികസന മാതൃക, പുരുഷ മേധാവിത്വത്തില്‍ ഊന്നിയ, യാഥാസ്ഥിതികമായ ഒരു മാറ്റൊലി വികസന അവകാശ വാദം മാത്രമാണ്. നമ്മൾ തെരഞ്ഞെടുപ്പ് ജനാധിപത്യം പഠിച്ചങ്കിലും സമൂഹത്തിലും കുടുംബങ്ങളിലും ജനാധിപത്യ മൂല്യങ്ങൾ ഇവിടെ വളരെ കുറവാണ് എന്നതാണ് വാസ്തവം. നിയമ സഭയിലെ സ്ത്രീകളുടെ ദയനീയമായ പ്രാതിനിധ്യം ഇതിന്റെ അടയാളപ്പെടുത്തൽ മാത്രമാണ്.
വീട്ടുജോലികള്‍ മുഴുവൻ സ്ത്രീകൾ ചെയ്താലും സാമ്പത്തിക വികസന സ്ഥിതി വിവര കണക്കുകളിൽ അതിന് സ്ഥാനമില്ല. സംസ്ഥാനത്തെ സാധാരണ കോളേജുകളില്‍ ഒട്ടുമിക്കതിലും 80%ത്തോളം വിദ്യാർത്ഥിനികൾ ആണ്. എന്നാൽ പ്രൊഫഷണൽ കോളേജുകളില്‍ പൊതുവേ കൂടുതൽ പുരുഷ വിദ്യാർത്ഥികളായിരിക്കും .
പല വീടുകളിലും വസ്തു വിറ്റാണെങ്കിലും ആൺകുട്ടികളെ കേരളത്തിനകത്തും പുറത്തുമുള്ള പ്രൊഫഷണൽ കോഴ്സുകൾക്കു വിടുമ്പോൾ പെൺകുട്ടികൾ ‘കൺ വെട്ടത്ത്’ തന്നെ ഉണ്ടാകണം എന്നത് ഒരു പുരുഷ മേധാവിത്വ രക്ഷകൃർതൃ മനോഭാവമാണ്.
സ്ത്രീധന നിരോധ നിയമങ്ങൾ നിലവിലുള്ള സമൂഹമാണ് നമ്മുടേത്. പെൺ കുട്ടി ജനിക്കുന്ന ദിവസം തൊട്ട് അവളെ ‘ കെട്ടിച്ച’യക്കുവാൻ മുതല്‍ സ്വരുക്കൂട്ടുന്ന സമൂഹവുമാണത് വിദ്യാഭ്യാസത്തിന് ചെലവാക്കുന്നതിൽ കൂടുതൽ പണം , കൂണു പോലെ മുളച്ചുപൊങ്ങുന്ന സ്വര്‍ണ്ണക്കടകളിൽ ചെലവാക്കുന്നതാണ് ബുദ്ധിപരമായി മിക്കവര്‍ക്കും തോന്നുന്നത്
സ്ത്രീകളുടെ നേരെയുള്ള അക്രമങ്ങളും അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും സംസ്ഥാനത്ത് കൂടുന്നതായാണ് നമ്മള് കാണുന്നത് . പ്രബുദ്ധരായ സ്ത്രീകൾ ഇവ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതു കൊണ്ടാണെന്നു വാദിക്കാമെങ്കിലും ആ ആരോപണം തീരെ അസ്ഥാനത്തല്ല എന്നതാണ് വസ്തുത.
നാട്ടില്‍ വിവാഹ മോചനങ്ങൾ കൂടുന്നു. എന്നതും സത്യം. ഒരു കാരണം ഗാർഹിക പീഡനങ്ങളും അതിക്രമങ്ങളും ആണ്. നല്ല ഒരു ശതമാനം സ്ത്രീകൾ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ വീർപ്പു മുട്ടുന്നവരും അപമാനിക്കപ്പെടുന്നവരും, പലപ്പോഴും ബലാൽക്കാരങ്ങൾക്കു ഇരയാക്കപ്പെടുന്നവരും ആണ്. വളർന്നു വരുന്ന മദ്യാസക്തിയുടെ തിക്ത ഫലങ്ങൾ അനുഭവിക്കുന്നതും സ്ത്രീകൾ തന്നെ.
ഇങ്ങനെയുള്ള വീർപ്പുമുട്ടലുകളിൽ നിന്ന് ആശ്വാസം കിട്ടാനാണ് പല സ്ത്രീകളും അമ്പലങ്ങളേയും പള്ളികളേയും പുതിയ ആത്മീയ സംരംഭങ്ങളേയും തേടി പോകുന്നത്. കേരളത്തിൽ ഇപ്പോൾ തഴച്ചു വളരുന്ന അമ്പല പൊങ്കാലകളും ആത്മീയ വ്യാപാര വ്യവസായവുമൊക്കെ ഒരു വലിയ പരിധിവരെ കേരളത്തിലെ സ്ത്രീകൾ കുടുംബത്തിനുള്ളിൽ നേരിടുന്ന വീർപ്പുമുട്ടലുകളിൽ നിന്നുള്ള സേഫ്റ്റി വാൽവുകൾ ആണ്. ഒരു യാഥാസ്ഥിതിക പുരുഷ മേൽക്കോയ്മ സമൂഹത്തിൽ സ്ത്രീകൾക്ക് താരതമ്യേന സ്വാതന്ത്ര്യത്തോടെ പോകാൻ കഴിയുന്നത് വ്യവസ്ഥാപിത മതസ്വരൂപങ്ങളിലോ പ്രാർത്ഥന കേന്ദ്രങ്ങളിലോ ആണ്. വ്യവസ്ഥാപിത മത അധികാര ഘടനകള്‍ പുരുഷ മേല്‍ക്കോയ്മയുടെ പ്രധാന വാഹകരും പ്രചാരകരും ആണെന്നുള്ളതാണ് കാരണം.
സാമ്പത്തിക പരാധീനത കൂടുതൽ ഉള്ള കുടുംബാംഗങ്ങൾക്കിടയില്‍ സാമ്പത്തിക സാമൂഹിക ഞെരുക്കങ്ങള്‍ വ്യാപകമാണ് .ഇവയില്‍ നിന്നുള്ള നിന്ന് ഒരു താത്കാലിക ശമനവും കൂടിയാണ് , സർക്കാർ സംഘടിപ്പിക്കുന്ന, കുടുംബ ശ്രീ എന്നതാണ് അതിന്റെ സാമൂഹിക പ്രസക്തി. അതുകൊണ്ടു തന്നെയാണ് അതിൽ ചേരാൻ കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരുന്നത്. പക്ഷെ കുടുംബ ശ്രീ പോലും ഒരു പുരുഷ കേന്ദ്രീകൃത രക്ഷകർതൃ രാഷ്ട്രീയത്തിന്റെ അടയാളപ്പെടുത്തൽ ആണ്. പ്രത്യക്ഷത്തിൽ സ്ത്രീ ശാക്തീകരണ സംരംഭമാണെന്ന് തോന്നുമെങ്കിലും പുരുഷാധിപത്യ രാഷ്ട്രീയ ചുറ്റുപാടിൽ ഉള്ള പരിമിതമായ ഒത്തുതീർപ്പു ‘ശാക്തീകരണ’ സംരംഭമാണത് . സർക്കാർ അവരുടെ സാമൂഹിക വികസന പരിപാടികളിൽ സ്ത്രീകളെ ‘ പങ്കെടുപ്പിക്കാൻ’ ഉള്ള ഒരു സ്വാശ്രയ സംഘമായാണ് വിഭാവനം ചെയ്തതെങ്കിലും പലപ്പോഴും സർക്കാർ പദ്ധതികൾ നടപ്പാക്കാനും സബ്സിഡി വിതരണം ചെയ്യാനുമൊക്കെ ഉതകുന്ന ഒരു സർക്കാർ സംഘടിക ഉപാധി എന്നതിൽ കവിഞ്ഞ പ്രസക്തി അതിനുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്.
കുടുംബ ശ്രീ താഴെക്കിടയിൽ ഉള്ള സ്ത്രീകൾക്ക് ഒരാശ്വാസമാണെന്ന് സമ്മതിക്കുമ്പോഴും അത് കേരളത്തിൽ ഒരു വലിയ സാമൂഹിക സാമ്പത്തിക പരിവർത്തനത്തിന് കാരണമായില്ല എന്ന് നമ്മള് അറിയണം വ്യവസ്ഥാപിത ചട്ടകൂട്ടിനുള്ളിൽ നിന്ന് പ്രവർത്തിക്കുന്ന ഒരു യാഥാസ്ഥിതിക സർക്കാർ അധികാര സംരംഭമായതിനാലാണ് അതങ്ങനെയായത് .
ഇതൊരു വലിയ വിരോധാഭാസമാണ്. ഒരു വശത്ത് നാല്പത്തിരണ്ടു ലക്ഷം അംഗങ്ങൾ ഉള്ള ലോകത്തിലെ തന്നെ വലിയ സ്വാശ്രയ സ്ത്രീ കൂട്ടായ്മകളിൽ ഒന്ന്. മറു വശത്തു നിയമസഭയിൽ ഉള്ളത് വെറും 5.7% സ്ത്രീകൾ മാത്രം. ഒരു വശത്തു കുടുംബ ശ്രീ കൂട്ടത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു വോട്ടു ബാങ്ക് ഉണ്ടാക്കാൻ പുരുഷ മേലാളന്മാരുടെ മിടുക്കുറ്റ ശ്രമം.
ഈയിടെയായി കേരളത്തിൽ വളരുന്ന ‘മോറൽ പോലീസിംഗ്’ എന്ന ഞരമ്പു രോഗത്തെ കുറിച്ചും പറയാതെ വയ്യ . പല കാരണങ്ങളാൽ ലൈംഗീക ദാരിദ്ര്യം അനുഭവിക്കന്ന ഒരു വലിയ വിഭാഗം കേരളത്തിൽ ഉണ്ടെന്നു തോന്നുന്നു. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസമോ കാഴ്ചപ്പാടോ ഇല്ലാത്ത ഒരു പുരുഷ മേലാള സമൂഹത്തിൽ രതിയെ കുറിച്ചും ലൈംഗീകതയെകുറിച്ചും വികല ധാരണകൾ ഉണ്ടാവുന്നത് സ്വാഭാവികം സ്ത്രീയെ ‘ഭോഗ വസ്തു’ ആയിക്കാണുന്ന ഞരമ്പ് രോഗികൾ സമൂഹത്തിന്റെ എല്ലാ തലത്തിലും ഉണ്ടെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെയാണ് ഒരു പുരുഷനേയും സ്ത്രീയേയും സന്ധ്യ കഴിഞ്ഞു കണ്ടാലോ ‘സംശയാസ്പദം’ ആയ ‘സാഹചര്യത്തിൽ’ കണ്ടാലോ സമൂഹത്തിലെ ഒരു വിഭാഗത്തിനു ഹാലിളകുന്നത്.
രാഷ്ട്രീയമായി പുരോഗമന വാദികളാണെങ്കിലും സാമൂഹികമായി പലരും പുരുഷ മേധാവിത്വ യാഥാസ്ഥിതിക വാദികൾ ആണെന്നുള്ളതാണ് കേരളത്തിലെ മറ്റൊരു പ്രശ്നം . ഒട്ടുമിക്ക സിനിമകളും ഏതാണ്ട് എല്ലാ ടി.വി സീരിയലുകളും ഇങ്ങനെയുള്ള പ്രതിലോമ പുരുഷമേല്ക്കോയ്മയുടെ പ്രദർശനങ്ങൾ ആണ്. മാധ്യമങ്ങളിലെ നല്ലൊരു വിഭാഗവും ഇങ്ങനെയുള്ള മൂരാച്ചി മൂല്യങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുന്നവരാണ്.
വെളിയിൽ നിന്ന് വരുന്നവർക്ക് കേരളത്തിൽ സ്ത്രീകൾ ശാക്തീകരണം പ്രാപിച്ചവർ ആണെന്ന് തോന്നുന്നത് ഓഫീസുകളിലും നിരത്തുകളിലും വാഹനങ്ങളിലും സ്ത്രീകളെ കാണുന്നത് കൊണ്ടാണ്. എന്നാൽ കാര്യങ്ങൾ അടുത്തറിയുന്നവർക്കറിയാം ഈ അഭിനവ ശാക്തീകരണം പലപ്പോഴും രാവിലെ 8 മണിക്ക് തുടങ്ങി വൈകിട്ട് ആറു മണിക്ക് അവസാനിക്കുന്ന പ്രക്രിയയാണെന്ന്.
കേരള നിയമ സഭയിൽ വെറും 8 സ്ത്രീകൾ മാത്രമുള്ളപ്പോൾ, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും പീഡനങ്ങളും കൂടുമ്പോൾ, സ്ത്രീകൾ സാമൂഹിക അസമത്വം വീട്ടിലും നാട്ടിലും അനുഭവിക്കുമ്പോൾ കേരളം എങ്ങോട്ടാണ് വളരുന്നത് എന്ന ചോദ്യം നമുക്കോ രോരുത്തർക്കും നേരെ ഉയരുന്നു.
കേരളത്തിന്റെ വഴികള്‍ – 5
കേരളത്തിലെ സാമ്പത്തിക വളർച്ചക്കൊപ്പം ഉണ്ടായ സാമൂഹിക മാറ്റങ്ങളിൽ ഒന്ന് ജനന നിരക്ക് കുറഞ്ഞു വരുന്നതു മായി ബന്ധപ്പെട്ടതാണ്. കേരളത്തിൽ ഇപ്പോഴുള്ള രണ്ടു തലമുറകൾ പുതിയ പണാധിപത്യ സാമ്പത്തിക സംസ്കാരത്തിനും പഴയ പാരമ്പര്യ യാഥാസ്ഥിക കാഴ്ചപ്പാടുകൾക്കും ഇടയിൽ ഉള്ള സംഘർഷങ്ങളിൽ പലവിധ ഒത്തുതീർപ്പുകളുമായി സമരസപ്പെടുന്ന അവസ്ഥയിൽ ആണ്. എന്നാൽ 1990 കൾക്ക് ശേഷം ജനിച്ച തലമുറ പുതിയ പണാധിപത്യ സാമൂഹിക സംസ്കാരവുമായി കൂടുതൽ താദാത്മ്യം ഉള്ളവരാണ്.
കേരളത്തിൽ ഏറ്റവും ജനന നിരക്ക് കുറഞ്ഞ ജില്ല പത്തനംതിട്ട ആണ്. അവിടെ ജനന നിരക്ക് കുറഞ്ഞു വരുന്നതിനു പല കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനമായ ഒന്ന് ആ ജില്ലയിൽ ഉണ്ടായ സാമ്പത്തിക, സാമൂഹിക വളർച്ചയാണ്. ഈ സാമ്പത്തിക വളർച്ചക്കു പ്രധാന കാരണം പ്രവാസ പണവും അത് ഉണ്ടാക്കുന്ന സമൂഹിക മാറ്റവും ആണ്. കൂടുതൽ ചെറുപ്പക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഗൾഫ് നാടുകളിലും ഇന്‍ഡ്യയിലെ നഗരങ്ങളിലും ഒക്കെ കുടിയേറുമ്പോൾ ജനനനിരക്ക് സ്വാഭാവികമായി കുറയും.
പണാധിപത്യ സാമൂഹിക-സാമ്പത്തിക ഉപഭോഗ സംസ്കാരത്തിൽ പിടിച്ചു നിൽക്കണമെങ്കിൽ കൂടുതൽ പണം വേണം. ഉപഭോഗ സാമൂഹിക സാസ്കാരിക പരിസരങ്ങളിൽ പകലന്തിയോളം പണിയെടുത്ത് , അടുത്ത മാസം കൊടുക്കേണ്ട ഇ.എം.ഐ (equal monthly installment) എന്ന ഓമനപ്പേരിൽ ഉള്ള കട ബാധ്യതകളെ കുറിച്ച് വേവലാതിപ്പെടുന്ന ഭാര്യാഭര്ത്താക്കന്മാര്ക്ക് രതിക്കോ ഭോഗത്തിനോ ഒന്നും സമയമില്ലാത്ത വല്ലാത്തൊരാവസ്ഥയാണ് . ജീവിക്കുവാനും വീട് വാങ്ങാനും, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമൊക്കെ ചെലവ് അനുദിനം കൂടുമ്പോൾ കുട്ടികള്‍ ഏറെക്കുറെ ഒരു സാമ്പത്തിക ബാധ്യതയായി മാറുന്നു . അതുകൊണ്ട് തന്നെ ഒരു കുട്ടിയിൽ അധികമായാൽ പ്രശ്നമാണ് എന്ന് കരുതുന്നവരുടെ എണ്ണം ഇവിടെ കൂടി വരുന്നുണ്ട്.
ഇരുപത് കൊല്ലം മുമ്പ് വിവാഹ പ്രായം ഇരുപത് വയസ്സുകളിൽ ആയിരുന്നു എങ്കിൽ ഇന്നത് മുപ്പതുകളിലേക്ക് മാറി തുടങ്ങിയിരിക്കുന്നു. എത്രയും വേഗം കഴിയാവുന്നത്ര പണമുണ്ടാക്കി ഉപഭോഗ സംസ്കാരവുമായി സമരസപ്പെട്ടു ജീവിക്കുവാനുള്ള പങ്കപ്പാടിൽ കുട്ടികൾ വേണമെന്ന് ആഗ്രഹിച്ചാലും ഉണ്ടാകാത്ത അവസ്ഥയാണിന്ന്. കേരളത്തിൽ ഏറ്റവും ലാഭകരമായി നടക്കുന്നത് ഫെർട്ടിലിറ്റി ക്ലിനിക്കുകളും ആശുപത്രികളും ആണ്. ഇതിന്റെ ഒക്കെ ഫലമായി കേരളത്തിൽ മലയാളികളുടെ എണ്ണം അടുത്ത ഇരുപത് വർഷങ്ങളിൽ വീണ്ടും കുറയും.
ഇതിൽ നിന്നും ഉണ്ടാകുന്ന സമൂഹിക സാമ്പത്തിക സാംസ്കാരിക പ്രത്യാഘാതങ്ങൾ പലതാണ്.
1) കുട്ടികളുടെ എണ്ണം കുറയുകയും, പ്രായമായവരുടെ എണ്ണം കൂടുകയും ചെയ്യുമ്പോൾ കേരളം പ്രായമുള്ളവരുടെ (ageing society) ഒരു സമൂഹം ആയി മാറും.
ഇത് ഭാവിയിൽ കേരളത്തിന്റെ ഉൽപ്പാദന ക്ഷമതയേയും (productive capacity), പ്രത്യുൽപ്പാദന ശേഷിയെയും (reproductive capability) കുറയ്ക്കും. ആരോഗ്യപരിപാലനത്തിനുള്ള ചെലവ് വർദ്ധിക്കും. ആയുർദൈർഘ്യം കൂടുന്നത് അനുസരിച്ച് സർക്കാരിന്റെ പെൻഷൻ ബാധ്യത കൂടും. ഇതെല്ലാം കേരളത്തിന്റെ സാമ്പത്തിക അവസ്ഥക്ക് പല തരത്തിൽ ഉള്ള വെല്ലുവിളികൾ ഉയർത്തും.
കുട്ടികളുടെ എണ്ണം കുറയുകയും അവരിൽ നല്ലൊരു വിഭാഗം പ്രവാസികൾ ആയി മാറുകയും ചെയ്യുമ്പോൾ പ്രായമായവർ സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ടാകാം. വാർധക്യത്തില്‍ അവരുടെ ആരോഗ്യ പരിരക്ഷക്ക് ആരും സഹായിക്കാനില്ലാത്ത അവസ്ഥ വരും. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾ ഇല്ലാതെ സ്കൂളുകൾ അടയ്ക്കുമ്പോൾ അവ വൃദ്ധ വയോജന സദനങ്ങൾ ആകാനുള്ള സാധ്യത ഉണ്ട്.
2) കുട്ടികളുടെ എണ്ണം കുറയുകയും സ്കൂളുകളുടെ എണ്ണം കൂടുകയും ചെയ്താൽ ഇപ്പോഴുള്ള പല സ്കൂളുകളും വരും വർഷങ്ങളിൽ പൂട്ടേണ്ടി വരും. ഞാൻ പഠിച്ച സർക്കാർ പ്രൈമറി സ്കൂളിൽ മുന്നൂറോളം കുട്ടികൾ ഉണ്ടായിരുന്നു. ഇന്നത് അറുപതിൽ താഴെയാണ്. കേരളത്തിലെ പല ഗ്രാമങ്ങളിലേയും സ്ഥിതി ഇതാണ്.
ഒരു ഉപഭോഗ സമൂഹിക സാംസ്കാരിക ചുറ്റുപാടിൽ വിദ്യാഭ്യാസവും ഒരു ഉപഭോഗ സർവീസ് മേഖല ആയിരിക്കുന്നു. അതുകൊണ്ടു തന്നെ സ്കൂൾ ഇന്ന് വിദ്യാലയം എന്നതിൽ ഉപരി ഒരു അഭിമാന ചിഹ്നം (status symbol) ആയി പരിണമിച്ചിരിക്കുന്നു. ഒരു കുട്ടിയോ രണ്ടു കുട്ടികളോ ഉള്ളപ്പോൾ അവരെ നല്ല നിലയും വിലയും ഉള്ള സ്കൂളുകളിൽ വിടണം എന്ന സാമൂഹിക മനഃശാസ്ത്രം ഇവിടെ സ്കൂളുകളുടെ ഒരു പുതിയ വിപണി ഉണ്ടാക്കി.
നൂറു കൊല്ലങ്ങൾക്ക് മുൻപ് കേരളത്തിൽ വിദ്യാലയങ്ങൾ ഉണ്ടായി വന്നത് ഒരു സാമൂഹിക സാംസ്കാരിക നവോത്ഥാനത്തിന്റെ അടയാളങ്ങളായിട്ടാണ്. ഇപ്പോൾ വിദ്യാലയങ്ങൾ കുറയുകയും സ്കൂൾ വിപണി കൂടുകയും ചെയ്തു. സ്കൂൾ ഇന്ന് ലാഭകരമായ ഒരു കച്ചവട വാണിജ്യ സംരംഭം ആണ്. അതുകൊണ്ടാണ് വിദ്യാഭ്യാസവു മായി യാതൊരു ബന്ധവുമില്ലാത്ത അബ്കാരികളും, ബിസിനസ്സുകാരും സ്കൂള്‍ ഒരു ‘ഇൻവെസ്റ്റ്മെന്റ് ‘ അവസരമായി കണ്ടു കാശ് വിദ്യാഭ്യാസ വിപണിയിൽ ഇറക്കി ലാഭം ഉണ്ടാക്കുവാൻ ശ്രമിക്കുന്നത്. കേരളത്തിൽ സെൽഫ്-ഫൈനൻസിങ് കോളജുകൾ കൂണുകൾ പോലെ വളർന്നത് അങ്ങനെയാണ് . ഇതിൽ മിക്ക കോളേജുകളും വിദ്യാഭ്യാസമായി ഒരു ബന്ധവും ഇല്ലാത്ത വെറും കച്ചവടക്കാർ നടത്തുന്ന തരികിട സംരംഭങ്ങൾ ആണ്.
ഇങ്ങനെയുള്ള അവസ്ഥയിൽ കുട്ടികളുടെ ‘വിദ്യാഭ്യാസവും’ ഒരു ‘ഇൻവെസ്റ്റ്മെന്റ്’ ആയി മാതാപിതാക്കൾ കണ്ടു തുടങ്ങുന്നു.. കൂടുതൽ പണം മുടക്കി നല്ല ‘വിലയും’ , ‘നിലയും’ ഉള്ള, വിപണിയിൽ ബ്രാൻഡ് വാല്യൂ ഉള്ള സ്കൂളുകളിലും കോളേജുകളിലും പഠിപ്പിച്ചു ‘വിജയിപ്പിച്ചു’ ഇറക്കിയാൽ ജോലി വിപണിയിൽ വില പേശി വലിയ ശമ്പളം വാങ്ങാം എന്ന സാമുഹിക മനശാസ്ത്രം ഒരു യാഥാര്‍ത്ഥ്യമാവുന്നു .
വിദ്യാഭ്യാസത്തിന്റെ വാണിജ്യ-വിപണിവൽക്കരണത്തോടൊപ്പം നടക്കുന്ന അപകടകരമായ മറ്റൊരു മാറ്റമുണ്ട്. അത് വിദ്യാഭ്യത്തിന്റെ വർഗീയവല്‍ക്കരണമാണ്. അതാത് ജാതി മത വിഭാഗങ്ങൾ അവരുടെ സ്കൂളുകളിൽ അവരവരുടെ ജാതി മതത്തിൽ ഉള്ള കുട്ടികളെ നിർബന്ധിച്ചു ചേർക്കുന്ന അവസ്ഥ ചില ഇടങ്ങളിൽ തുടങ്ങിയിട്ടുണ്ട്. ഇത് പൊതു വിദ്യാഭ്യാസത്തിന്റെ സംസ്കാരത്തെ തുരങ്കം വെക്കുക മാത്രമല്ല ചെയ്യുന്നത്.
ഒരേ ജാതിയിലും മതത്തിലും ഉള്ള കുട്ടികൾ ഒരു സ്കൂളിൽ ഉണ്ടായാൽ അവർക്കു മറ്റു ജാതി മതങ്ങളിൽ ഉള്ളവരുമായി സാമൂഹിക സംസർഗ്ഗം കുറയും. ഇത് സമൂഹത്തിൽ കൂടുതൽ ചേരി തിരിവുകൾക്കു വഴി വെയ്ക്കും .
കൂടുതൽ കുട്ടികൾ കേരളത്തിനോ ഇന്ത്യക്കോ വെളിയിൽ പോയി പഠിക്കുമ്പോൾ ഇവിടുത്തെ കോളേജുകളില്‍ കുട്ടികളുടെ എണ്ണം കുറയും. ഒപ്പം ജനന നിരക്കും കുറയുമ്പോൾ പല കോളേജുകളിലും ആവശ്യത്തിന് വിദ്യാർഥികൾ ഇല്ലാത്ത അവസ്ഥയിലേക്ക് താമസിയാതെ ഉണ്ടാവും . ഇന്നത്തെ പല സെൽഫ് ഫിനാൻസ് കോളജുകളും ഹോട്ടലുകളോ ബാറുകളോ വ്യവസായ സംരംഭങ്ങളോ ആയാൽ അതിശയിക്കേണ്ടതില്ല.
3) ജനന നിരക്ക് കുറയുകയും സാമ്പത്തിക വളർച്ച കൂടുകയും ചെയ്യുമ്പോൾ പൊതുവെ വ്യക്തിക്കു അതിജീവനത്തിനുള്ള സ്വാർത്ഥത കൂടും. ഒരു നഗരവത്കൃത സമൂഹത്തിലെ ഒറ്റയ്ക്ക് ജീവിക്കുന്ന കുടുംബങ്ങളിൽ ഒറ്റയ്ക്ക് ജീവിച്ചു മത്സരാധിഷ്ഠ സമൂഹത്തിൽ ഒറ്റയ്ക്ക് വളര്‍ന്നു വലുതാകുന്ന പലപ്പോഴും ഒറ്റപ്പെടലിൽ നിന്നുള്ള മാനസിക പ്രശ്നങ്ങള്‍ക്ക് ഇരയാവും . ഇത് വിവാഹ ബന്ധങ്ങളെ മാത്രമല്ല ബാധിക്കുന്നത്. പുതിയ പണാധിപത്യ ഉപഭോഗ സമൂഹത്തിൽ ഒരു വ്യക്തിക്ക് ഒറ്റപ്പെടലിൽ നിന്നും പിന്തള്ളപ്പെടലിൽ നിന്നുമൊക്കെ പുതിയ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കേരളത്തിൽ മാനസിക ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഒരു പരിധി വരെ ഇങ്ങനെയുള്ള പുതിയ മാനസിക പിരിമുറുക്കങ്ങൾ പലരിലും മദ്യാസക്തി കൂടുതലാക്കും .
മാറുന്ന കേരളത്തിൽ “നാം രണ്ട് നമുക്കു രണ്ട് ” എന്ന പഴയ കുടുംബാസൂത്രണ പരസ്യവാക്യത്തിൽ നിന്നും. ‘നമ്മൾ രണ്ട് നമ്മുക്ക് വേണ്ട” എന്ന പുതിയ വാക്യത്തിലേക്ക് ചെറുപ്പക്കാരില്‍ കുറെ പേരെങ്കിലും മാറിയാൽ അത്ഭുതപ്പെടേണ്ടതില്ല.
സംതാനത്തെ പുതിയ ഒറ്റപ്പെടലുകളുടെ ഭൂമി ശാസ്ത്രം ഇനിയും തെളിഞ്ഞു വരേണ്ടി യിരിക്കുന്നു. സമൂഹം കൂടുതൽ വ്യക്തി കേന്ദ്രീകൃതമായി പരിണമിക്കുമ്പോൾ അത് കേരളത്തിലെ സമൂഹത്തിലും സാസ്കാരിക രംഗത്തും രാഷ്ട്രീയ കാലാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാക്കും.
കേരളത്തിന്റെ വഴികള്‍ – 4
കേരളത്തിലെ പണാധിപത്യവും പാരമ്പര്യവും.
സാമ്പത്തിക-സാമൂഹിക വളർച്ച വരിക്കുന്ന സമൂഹങ്ങളിൽ സാധാരണയായി ജനന നിരക്ക് കുറയുകയാണ് പതിവ്. ഇതിനു പല കാരണങ്ങൾ ഉണ്ട്.
സാമ്പത്തികമായി ഉയര്‍ന്ന സമൂഹത്തില്‍ ജീവിക്കുവാനും, വിദ്യാഭ്യാസത്തിനും, ആരോഗ്യ പരിപാലനത്തിനും കൂടുതൽ പണം വേണമെന്നുള്ളതാണ് ഒരു കാരണം. ജീവിത ചെലവുകൾ വർദ്ധിക്കുമ്പോൾ മിക്കവാറും വീടുകളിൽ പുരുഷനും സ്ത്രീയും ജോലി ചെയ്തെങ്കിൽ മാത്രമേ ദൈനംദിനജീവിതം മുന്നോട്ടു നീങ്ങു.. അങ്ങനെ ഓരോ അണു കുടുംബവും (ന്യൂക്ലിയർ ഫാമിലി) പ്രധാനമായും വ്യവസ്ഥിതിയുടെ ഭാഗമായ ഒരു സാമൂഹിക സാമ്പത്തിക സംരംഭമായി മാറുന്നു.
പണാധിപത്യമുള്ള വ്യവസ്ഥിതിയിൽ വ്യക്തികളും കുടുംബവും അതിനനുസരിച്ചു ജീവിക്കുവാൻ പഠിക്കും. കുടുംബം എന്നത് ഒരു സാമൂഹിക-സാമ്പത്തിക യൂണിറ്റ് ആകുമ്പോൾ എപ്പോൾ എത്ര കുട്ടികൾ വേണമെന്നുള്ളത് ഒരു വൈകാരിക തീരുമാനം എന്നതിനപ്പുറം ഒരു സാമ്പത്തിക-സാമൂഹിക തീരുമാനമായി മാറും.
സമൂഹം തന്നെ പണാധിപത്യ വിപണിയായി പരിണമിക്കുമ്പോൾ ജനനവും, വിദ്യാഭ്യാസവും, ജോലിയും, കല്യാണവും, ലൈംഗികതയും, രതിയും, വീടും, ആരോഗ്യവും, മരണവും അതിന നുസരിച്ചു മാറും. ജീവിക്കുവാനും വീട് വാങ്ങാനും/വെയ്ക്കാനും, വാഹനം വാങ്ങുവാനും കൂടുതൽ പണം ആവശ്യമായി വരുമ്പോൾ അത് തേടിയുള്ള പാച്ചിൽ ആയി മാറും ജീവിതം. അതിനു കൂടുതൽ പഠിക്കണം നല്ല ശമ്പളം കിട്ടുന്ന ജോലിവേണം, ഇതെല്ലാം നേടി ക്കഴിയുമ്പോഴേയ്ക്ക് ഒരാൾക്കു മുപ്പതു വയസ്സാകും. വിവാഹ പ്രായം ഏറും തോറും ജനന നിരക്ക് കുറഞ്ഞു വരും.
കേരളത്തിൽ കഴിഞ്ഞ ഇരുപതു കൊല്ലങ്ങളിൽ ഉണ്ടായ മാറ്റങ്ങളുടെ ഒരു നേർക്കാഴ്ച കൂടി ആണ് മുകളിൽ വിവരിച്ചത്. നാട്ടിലിപ്പോൾ കല്യാണങ്ങൾ അധികവും നടക്കുന്നത് ഇന്റർനെറ്റ് കല്യാണ വിപണിയിൽ കൂടെയാണ്. ടെക്നോളജിയും വിപണിയും ഒരാളുടെ ജീവിതത്തിന്റെ പ്രധാന മുഹൂർത്തത്തിൽ പ്രധാന പങ്കു വഹിച്ചു തുടങ്ങുന്നതോടെ ജീവിതം മുഴുവനും അയാൾ അറിയാതെ തന്നെ വാണിജ്യവൽക്കരിക്കപ്പെടുന്നു- അയാള്‍ വിപണിയിലെ ഒരു വിഭവമായി മാറുകയും ചെയ്യുന്നു.
വലിയ സാമ്പത്തിക -സാമൂഹ്യ മാറ്റങ്ങൾ ഉണ്ടാവുന്ന സമൂഹങ്ങളിൽ വ്യക്തിക്ക് പ്രാധാന്യം കൂടുകയാണ് പതിവ്. ജീവിത പങ്കാളിയെ അയാള്‍ തന്നെയാണ് തിരഞ്ഞെടുക്കുക. എന്നാൽ കേരളത്തിൽ പണാധിപത്യ സാമ്പത്തിക വ്യവസ്ഥ നിലവില്‍ വന്നിട്ടും സമൂഹം അതിന്റെ യാഥാസ്ഥിതിക പാരമ്പര്യത്തിൽ കിടന്നു ഉഴറുകയാണ്. അതു കൊണ്ട് തന്നെ വിവാഹം എന്നത് പല വീടുകളിലും ഒരു പുതിയ പ്രശ്നം ആണ്. സ്വന്തം ജീവിത പങ്കാളിയെ കണ്ടത്താൻ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ- എന്നാൽ പാരമ്പര്യ, ‘arranged marriage’ നോട് താല്പര്യം ഇല്ലാത്ത തലമുറ ഇവിടെ വളർന്നു നിൽക്കുന്നു .
പണാധിപത്യ വിപണിയും യാഥാസ്ഥിതിക പാരമ്പര്യവും തമ്മിൽ ഉള്ള കിട മത്സരങ്ങൾ കേരളത്തിൽ പുതിയ സാമൂഹ്യ സംഘര്‍ഷങ്ങൾക്കു ആക്കം കൂട്ടുന്നുണ്ട്.
കാർഷിക ആവാസ വ്യവസ്ഥയുടെ കൂട്ടുത്തരവാദിത്ത കൂട്ടായ്മ സാമൂഹിക സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പണാധിപത്യ വിപണിമയമായ ഒരു സാമ്പത്തിക പരിസരത്തേക്ക് മാറിയത് വളരെ പെട്ടെന്നായിരുന്നു. അത് വ്യക്തി ജീവിതത്തെയും കുടുംബങ്ങളെയും സമൂഹത്തെയും പല രീതിയിൽ ബാധിച്ചു..
പണാധിപത്യ വിപണിയായുള്ള ഒത്തു തീർപ്പിൽ എത്രയും പണം ഉണ്ടാക്കാനുള്ള ആഗ്രഹം ഒരു വശത്ത്. പാരമ്പര്യ കെട്ടുപാടുകൾ പൊട്ടിച്ചു പോകാനുള്ള ഭയം മറുവശത്ത്. ഇതിനു രണ്ടിനുമിടയിൽ ഒത്തു തീർപ്പാക്കി ജീവിക്കുവാൻ തുടങ്ങുമ്പോൾ മലയാളി നേരിടുന്ന സാമൂഹിക രാഷ്ട്രീയ സംഘർഷങ്ങൾ ആണ് ഇന്ന് കാണുന്നതിൽ അധികവും.
ഇതിന് കാരണം പലതാണ്.
1)സാമ്പത്തികമായി ഒരു പണാധിപത്യ വിപണിയിൽ എത്തി നിൽക്കുമ്പോളും സാമൂഹികമായി കാർഷിക സാമൂഹ്യ വ്യവസ്ഥയിൽ നിന്നും നാം പൂർണമായി വിട്ടു മാറിയിട്ടില്ല. പണാധിപത്യ വിപണിയെ പുല്കുമ്പോഴും കൃഷിയെ കുറിച്ച് ഗ്രഹാതുരതയോടെ നമ്മള് പരിതപിക്കുന്നു.
2) പണാധിപത്യ വിപണിയിൽ, വിലയേറിയ ഒരു മാനവ വിഭവമാകാൻ( high value human resource),പഠിച്ചു ‘വിജയിച്ച്’ ജോലി വിപണിയിൽ( job market) വില പേശി ‘വിജയിക്കുവാൻ’, ഏറ്റവും വലിയ ശമ്പളമുള്ള തൊഴില്‍ നേടാന്‍ ഉള്ള മത്സര ഓട്ടത്തിൽ ഒരു അരക്ഷിതാവസ്ഥ വ്യക്തികളിലും സമൂഹത്തിലും ഉണ്ടാകുന്നു.
3) യാഥാസ്ഥിതിക പാരമ്പര്യ ജാതി മത സ്വത്വങ്ങളിൽ നിന്ന് വിടുതൽ നേടാനാകാത്ത അവസ്ഥ ഒരു വശത്തും , പണാധിപത്യ വിപണിയിൽ വിഭവം ആകുമ്പോൾ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ മറുവശത്തും പിടി മുറുക്കുമ്പോള്‍ ആളുകൾ മത വിശ്വാസത്തിലും പാരമ്പര്യ സാമൂഹിക സംരക്ഷണ വ്യവസ്ഥകളിലും പിടി വള്ളി കണ്ടെത്തുന്നു.. പണാധിപത്യ വിപണിയെന്ന സമുദ്രത്തിൽ നീന്തുവാൻ വെമ്പുന്ന വ്യക്തികൾ ഒരു ലൈഫ് ജാക്കറ്റ് എന്ന പോലെ മത വിശ്വാസങ്ങളും പാരമ്പര്യവും എടുത്തണിയുന്നു . അവിടെയും ഈ പിടിവലിയുടെ നടുവിൽ ആണ് ഇന്ന് കേരള സമൂഹത്തിലെ ഒരു നല്ല ശതമാനം ആളുകൾ.
4) ഇങ്ങനെ പണാധിപത്യ സാമ്പത്തിക ആവാസ വ്യവസ്ഥയിൽ ജീവിതം തന്നെ ഒരു മത്സര ഓട്ടമാകുമ്പോൾ പരസ്പര വിശ്വാസം കുറയും ( trust deficit). കാരണം ചെറുപ്പം മുതൽ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നത് മത്സരത്തിൽ എതിർ സ്ഥാനാർത്ഥിയെക്കാൾ കൂടുതൽ മാർക്ക് വാങ്ങി ഒന്നാമനാകുക എന്നതാണ്. എങ്ങനെ എങ്കിലും ഏതെങ്കിലും ‘റാങ്ക് ലിസ്റ്റിൽ’ കയറി പറ്റുമ്പോൾ ആണ് ജീവിത ‘വിജയം’ ഉണ്ടാകുന്നത് എന്നും വിദ്യാഭ്യാസം എന്നാൽ ‘റാങ്ക് ലിസ്റ്റ്” ആണെന്നും നമ്മളെ പറഞ്ഞു പഠിപ്പിച്ചത് പണാധിപത്യ വിപണിയാണ്. ആ മത്സര ഓട്ടത്തിൽ വിജയിക്കുമോ എന്ന ആശങ്ക മനോരോഗമാകുമ്പോൾ ആണ് മലയാളി സകല ദൈവങ്ങൾക്കും ആൾ ദൈവങ്ങൾക്കും ദൈവ ദാസ-ദാസിമാർക്കും പിറകെ ഒരു ‘ലൈഫ് ജാക്കറ്റിന്’ ഓടുന്നത്.
5) അങ്ങനെയാണ് ഒരു ‘ആത്മീയ വിപണി’ രൂപപെടുന്നത്. ഒരു പണാധിപത്യ വിപണി ക്രമത്തിൽ യാഥാസ്ഥിതിക ജാതി-മത സംഘടനകൾ ഒത്തു തീർപ്പുകളും ഇടപാടുകളും നടത്തുമ്പോഴാണ് ആതുരാലയങ്ങൾ ‘മൾട്ടി സ്പെഷ്യാലിറ്റി’ ഫൈവ് സ്റ്റാർ ആശുപത്രികൾ ആകുന്നത്.
അങ്ങനെയാണ് പഴയ ‘പള്ളി’ക്കൂടങ്ങൾ’ വൻകിട സെൽഫ് ‘ഫിനാൻസ്’ കോളജുകൾക്ക് വിപണി ഒരുക്കുന്നത്. ആത്മാവിന്റേയും മതത്തിന്റേയും വാണിജ്യവൽക്കരണം രണ്ടിന്റേയും ആത്മാവിനെ ദ്രവിപ്പിച്ചു.
എങ്കിലും വിപണിയിലെ ജാതി-മത രൂപങ്ങൾ അവരുടെ നിലനിൽപ്പിന് വേണ്ടി പാരമ്പര്യത്തിന്റെ തുറുപ്പു ചീട്ട് എറിഞ്ഞു ആളുകളുടെ ജാതി-മത സ്വത്വങ്ങൾ വച്ച് കളിക്കുവാൻ തുടങ്ങി. സമൂഹത്തിൽ പല ജാതി-മത ധാരകളിൽ ഉള്ളവർക്ക് പരസ്പര വിശ്വാസം കുറഞ്ഞുവന്നു.. ‘ ജാതി-മത’ കിടമത്സരങ്ങളിൽ കക്ഷി രാഷ്ട്രീയ അധികാര മോഹങ്ങൾ ഉണ്ടായതോടെ സമൂഹം പുതിയ സ്വത്വ രാഷ്ട്രീയ വർഗീയ ധ്രുവീകരണത്തിലേക്ക് നീങ്ങും.
ഭാഗം: ഒന്ന്
ഭാഗം രണ്ട്:
ഭാഗം: മൂന്ന്