പൂമുഖം COLUMNS കേരളത്തിലെ പണാധിപത്യവും പാരമ്പര്യവും.

കേരളത്തിലെ പണാധിപത്യവും പാരമ്പര്യവും.

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കേരളത്തിന്റെ വഴികള്‍ –  4

കേരളത്തിലെ പണാധിപത്യവും പാരമ്പര്യവും.


സാമ്പത്തിക-സാമൂഹിക വളർച്ച വരിക്കുന്ന സമൂഹങ്ങളിൽ സാധാരണയായി ജനന നിരക്ക് കുറയുകയാണ് പതിവ്. ഇതിനു പല കാരണങ്ങൾ ഉണ്ട്.
സാമ്പത്തികമായി ഉയര്‍ന്ന സമൂഹത്തില്‍ ജീവിക്കുവാനും, വിദ്യാഭ്യാസത്തിനും, ആരോഗ്യ പരിപാലനത്തിനും കൂടുതൽ പണം വേണമെന്നുള്ളതാണ് ഒരു കാരണം. ജീവിത ചെലവുകൾ വർദ്ധിക്കുമ്പോൾ മിക്കവാറും വീടുകളിൽ പുരുഷനും സ്ത്രീയും ജോലി ചെയ്തെങ്കിൽ മാത്രമേ ദൈനംദിനജീവിതം മുന്നോട്ടു നീങ്ങു.. അങ്ങനെ ഓരോ അണു കുടുംബവും (ന്യൂക്ലിയർ ഫാമിലി) പ്രധാനമായും വ്യവസ്ഥിതിയുടെ ഭാഗമായ ഒരു സാമൂഹിക സാമ്പത്തിക സംരംഭമായി മാറുന്നു.
പണാധിപത്യമുള്ള വ്യവസ്ഥിതിയിൽ വ്യക്തികളും കുടുംബവും അതിനനുസരിച്ചു ജീവിക്കുവാൻ പഠിക്കും. കുടുംബം എന്നത് ഒരു സാമൂഹിക-സാമ്പത്തിക യൂണിറ്റ് ആകുമ്പോൾ എപ്പോൾ എത്ര കുട്ടികൾ വേണമെന്നുള്ളത് ഒരു വൈകാരിക തീരുമാനം എന്നതിനപ്പുറം ഒരു സാമ്പത്തിക-സാമൂഹിക തീരുമാനമായി മാറും.
സമൂഹം തന്നെ പണാധിപത്യ വിപണിയായി പരിണമിക്കുമ്പോൾ ജനനവും, വിദ്യാഭ്യാസവും, ജോലിയും, കല്യാണവും, ലൈംഗികതയും, രതിയും, വീടും, ആരോഗ്യവും, മരണവും അതിന നുസരിച്ചു മാറും. ജീവിക്കുവാനും വീട് വാങ്ങാനും/വെയ്ക്കാനും, വാഹനം വാങ്ങുവാനും കൂടുതൽ പണം ആവശ്യമായി വരുമ്പോൾ അത് തേടിയുള്ള പാച്ചിൽ ആയി മാറും ജീവിതം. അതിനു കൂടുതൽ പഠിക്കണം നല്ല ശമ്പളം കിട്ടുന്ന ജോലിവേണം, ഇതെല്ലാം നേടി ക്കഴിയുമ്പോഴേയ്ക്ക് ഒരാൾക്കു മുപ്പതു വയസ്സാകും. വിവാഹ പ്രായം ഏറും തോറും ജനന നിരക്ക് കുറഞ്ഞു വരും.
കേരളത്തിൽ കഴിഞ്ഞ ഇരുപതു കൊല്ലങ്ങളിൽ ഉണ്ടായ മാറ്റങ്ങളുടെ ഒരു നേർക്കാഴ്ച കൂടി ആണ് മുകളിൽ വിവരിച്ചത്. നാട്ടിലിപ്പോൾ കല്യാണങ്ങൾ അധികവും നടക്കുന്നത് ഇന്‍റർനെറ്റ് കല്യാണ വിപണിയിൽ കൂടെയാണ്. ടെക്നോളജിയും വിപണിയും ഒരാളുടെ ജീവിതത്തിന്‍റെ പ്രധാന മുഹൂർത്തത്തിൽ പ്രധാന പങ്കു വഹിച്ചു തുടങ്ങുന്നതോടെ ജീവിതം മുഴുവനും അയാൾ അറിയാതെ തന്നെ വാണിജ്യവൽക്കരിക്കപ്പെടുന്നു- അയാള്‍  വിപണിയിലെ ഒരു വിഭവമായി മാറുകയും ചെയ്യുന്നു.
വലിയ സാമ്പത്തിക -സാമൂഹ്യ മാറ്റങ്ങൾ ഉണ്ടാവുന്ന സമൂഹങ്ങളിൽ വ്യക്തിക്ക് പ്രാധാന്യം കൂടുകയാണ് പതിവ്. ജീവിത പങ്കാളിയെ അയാള്‍ തന്നെയാണ് തിരഞ്ഞെടുക്കുക. എന്നാൽ കേരളത്തിൽ പണാധിപത്യ സാമ്പത്തിക വ്യവസ്ഥ നിലവില്‍ വന്നിട്ടും സമൂഹം അതിന്‍റെ യാഥാസ്ഥിതിക പാരമ്പര്യത്തിൽ കിടന്നു ഉഴറുകയാണ്. അതു കൊണ്ട് തന്നെ വിവാഹം എന്നത് പല വീടുകളിലും ഒരു പുതിയ പ്രശ്നം ആണ്. സ്വന്തം ജീവിത പങ്കാളിയെ കണ്ടത്താൻ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ- എന്നാൽ പാരമ്പര്യ, ‘arranged marriage’ നോട് താല്പര്യം ഇല്ലാത്ത തലമുറ ഇവിടെ വളർന്നു നിൽക്കുന്നു .
പണാധിപത്യ വിപണിയും യാഥാസ്ഥിതിക പാരമ്പര്യവും തമ്മിൽ ഉള്ള കിട മത്സരങ്ങൾ കേരളത്തിൽ പുതിയ സാമൂഹ്യ സംഘര്‍ഷങ്ങൾക്കു ആക്കം കൂട്ടുന്നുണ്ട്.
കാർഷിക ആവാസ വ്യവസ്ഥയുടെ കൂട്ടുത്തരവാദിത്ത കൂട്ടായ്മ സാമൂഹിക സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പണാധിപത്യ വിപണിമയമായ ഒരു സാമ്പത്തിക പരിസരത്തേക്ക്  മാറിയത് വളരെ പെട്ടെന്നായിരുന്നു. അത് വ്യക്തി ജീവിതത്തെയും കുടുംബങ്ങളെയും സമൂഹത്തെയും പല രീതിയിൽ ബാധിച്ചു..
പണാധിപത്യ വിപണിയായുള്ള ഒത്തു തീർപ്പിൽ എത്രയും പണം ഉണ്ടാക്കാനുള്ള ആഗ്രഹം ഒരു വശത്ത്. പാരമ്പര്യ കെട്ടുപാടുകൾ പൊട്ടിച്ചു പോകാനുള്ള ഭയം മറുവശത്ത്. ഇതിനു രണ്ടിനുമിടയിൽ ഒത്തു തീർപ്പാക്കി ജീവിക്കുവാൻ തുടങ്ങുമ്പോൾ മലയാളി നേരിടുന്ന സാമൂഹിക രാഷ്ട്രീയ സംഘർഷങ്ങൾ ആണ് ഇന്ന് കാണുന്നതിൽ അധികവും.
ഇതിന് കാരണം പലതാണ്.
1)സാമ്പത്തികമായി ഒരു പണാധിപത്യ വിപണിയിൽ എത്തി നിൽക്കുമ്പോളും സാമൂഹികമായി കാർഷിക സാമൂഹ്യ വ്യവസ്ഥയിൽ നിന്നും നാം പൂർണമായി വിട്ടു മാറിയിട്ടില്ല. പണാധിപത്യ വിപണിയെ പുല്കുമ്പോഴും കൃഷിയെ കുറിച്ച് ഗ്രഹാതുരതയോടെ നമ്മള്‍ പരിതപിക്കുന്നു.
2) പണാധിപത്യ വിപണിയിൽ, വിലയേറിയ ഒരു മാനവ വിഭവമാകാൻ( high value human resource),പഠിച്ചു ‘വിജയിച്ച്’ ജോലി വിപണിയിൽ( job market) വില പേശി ‘വിജയിക്കുവാൻ’, ഏറ്റവും വലിയ ശമ്പളമുള്ള തൊഴില്‍ നേടാന്‍ ഉള്ള മത്സര ഓട്ടത്തിൽ ഒരു  അരക്ഷിതാവസ്ഥ വ്യക്തികളിലും സമൂഹത്തിലും ഉണ്ടാകുന്നു.
3) യാഥാസ്ഥിതിക പാരമ്പര്യ ജാതി മത സ്വത്വങ്ങളിൽ നിന്ന് വിടുതൽ നേടാനാകാത്ത അവസ്ഥ ഒരു വശത്തും  , പണാധിപത്യ വിപണിയിൽ വിഭവം ആകുമ്പോൾ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ മറുവശത്തും പിടി മുറുക്കുമ്പോള്‍ ആളുകൾ മത വിശ്വാസത്തിലും പാരമ്പര്യ സാമൂഹിക സംരക്ഷണ വ്യവസ്ഥകളിലും പിടി വള്ളി കണ്ടെത്തുന്നു.. പണാധിപത്യ വിപണിയെന്ന സമുദ്രത്തിൽ നീന്തുവാൻ വെമ്പുന്ന വ്യക്തികൾ ഒരു ലൈഫ് ജാക്കറ്റ് എന്ന പോലെ മത വിശ്വാസങ്ങളും പാരമ്പര്യവും എടുത്തണിയുന്നു . അവിടെയും ഈ പിടിവലിയുടെ നടുവിൽ ആണ് ഇന്ന് കേരള സമൂഹത്തിലെ ഒരു നല്ല ശതമാനം ആളുകൾ.
4) ഇങ്ങനെ പണാധിപത്യ സാമ്പത്തിക ആവാസ വ്യവസ്ഥയിൽ ജീവിതം തന്നെ ഒരു മത്സര ഓട്ടമാകുമ്പോൾ പരസ്പര വിശ്വാസം കുറയും ( trust deficit). കാരണം ചെറുപ്പം മുതൽ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നത് മത്സരത്തിൽ എതിർ സ്ഥാനാർത്ഥിയെക്കാൾ കൂടുതൽ മാർക്ക് വാങ്ങി ഒന്നാമനാകുക എന്നതാണ്. എങ്ങനെ എങ്കിലും ഏതെങ്കിലും ‘റാങ്ക് ലിസ്റ്റിൽ’ കയറി പറ്റുമ്പോൾ ആണ് ജീവിത ‘വിജയം’ ഉണ്ടാകുന്നത് എന്നും വിദ്യാഭ്യാസം എന്നാൽ ‘റാങ്ക് ലിസ്റ്റ്” ആണെന്നും നമ്മളെ പറഞ്ഞു പഠിപ്പിച്ചത് പണാധിപത്യ വിപണിയാണ്. ആ മത്സര ഓട്ടത്തിൽ വിജയിക്കുമോ എന്ന ആശങ്ക  മനോരോഗമാകുമ്പോൾ ആണ് മലയാളി സകല ദൈവങ്ങൾക്കും ആൾ ദൈവങ്ങൾക്കും ദൈവ ദാസ-ദാസിമാർക്കും പിറകെ ഒരു ‘ലൈഫ് ജാക്കറ്റിന്’  ഓടുന്നത്.
5) അങ്ങനെയാണ് ഒരു ‘ആത്മീയ വിപണി’ രൂപപെടുന്നത്. ഒരു പണാധിപത്യ വിപണി ക്രമത്തിൽ യാഥാസ്ഥിതിക ജാതി-മത സംഘടനകൾ ഒത്തു തീർപ്പുകളും ഇടപാടുകളും നടത്തുമ്പോഴാണ് ആതുരാലയങ്ങൾ ‘മൾട്ടി സ്പെഷ്യാലിറ്റി’ ഫൈവ് സ്റ്റാർ ആശുപത്രികൾ ആകുന്നത്.
അങ്ങനെയാണ് പഴയ ‘പള്ളി’ക്കൂടങ്ങൾ’ വൻകിട സെൽഫ് ‘ഫിനാൻസ്’ കോളജുകൾക്ക് വിപണി ഒരുക്കുന്നത്. ആത്മാവിന്‍റേയും മതത്തിന്‍റേയും വാണിജ്യവൽക്കരണം രണ്ടിന്‍റേയും ആത്മാവിനെ ദ്രവിപ്പിച്ചു.
എങ്കിലും വിപണിയിലെ ജാതി-മത രൂപങ്ങൾ അവരുടെ നിലനിൽപ്പിന് വേണ്ടി പാരമ്പര്യത്തിന്‍റെ തുറുപ്പു ചീട്ട് എറിഞ്ഞു ആളുകളുടെ ജാതി-മത സ്വത്വങ്ങൾ വച്ച് കളിക്കുവാൻ തുടങ്ങി. സമൂഹത്തിൽ പല ജാതി-മത ധാരകളിൽ ഉള്ളവർക്ക് പരസ്പര വിശ്വാസം കുറഞ്ഞുവന്നു..  ‘ ജാതി-മത’ കിടമത്സരങ്ങളിൽ കക്ഷി രാഷ്ട്രീയ അധികാര മോഹങ്ങൾ ഉണ്ടായതോടെ സമൂഹം പുതിയ സ്വത്വ രാഷ്ട്രീയ വർഗീയ ധ്രുവീകരണത്തിലേക്ക് നീങ്ങും.

ഭാഗം: ഒന്ന്

കേരളം പുതിയ വഴിത്തിരിവില്‍

ഭാഗം രണ്ട്:

കേരളത്തിന്‍റെ വികസനവും പ്രവാസി വിപ്ലവവും

ഭാഗം: മൂന്ന്

ഇരുപത് കൊല്ലത്തെ സാമൂഹ്യ മാറ്റത്തിന്റെ ഒരു കഥ

Comments
Print Friendly, PDF & Email

ജോൺ സാമുവൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സാമൂഹിക-വികസന വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനും ആണ്. ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗത്തിൽ ആഗോള ഉപദേഷ്ഠാവും ഡയറക്റ്ററും ആയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര കൺസൾട്ടിംഗ് അഡ്വൈസർ. ഇന്ത്യയിലും അന്തരാഷ്ട്ര തലത്തിലും നിരവധി സാമൂഹിക സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങൾക്കും സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. കേരളത്തിൽ ഏകത പരിഷത്തിന്റെ പ്രസിഡന്റ്. ബോധിഗ്രാമിന്റെയും തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൽ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസ് സ്ഥാപകൻ.

You may also like