പൂമുഖം COLUMNS ഇരുപത് കൊല്ലത്തെ സാമൂഹ്യ മാറ്റത്തിന്റെ ഒരു കഥ

ഇരുപത് കൊല്ലത്തെ സാമൂഹ്യ മാറ്റത്തിന്റെ ഒരു കഥ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കേരളത്തിന്‍റെ വഴികള്‍ – 3

ഇരുപത് കൊല്ലത്തെ സാമൂഹ്യ മാറ്റത്തിന്റെ ഒരു കഥ

കേരളത്തിലെ സാമ്പത്തിക വളർച്ച സാമൂഹിക , സാംസ്കാരിക, രാഷ്ട്രീയ മേഖലകളെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്.ഇതിൽ പ്രസക്തമായ ഒരു കാര്യം കാർഷിക സാമൂഹിക സാമ്പത്തിക ചുറ്റുപാടിൽ നിന്നും സർവീസ് ഉപഭോഗ സാമ്പത്തിക അവസ്ഥയിലേക്കുള്ള ചുവട് മാറ്റമാണ്. ഈ മാറ്റം കേരളത്തിൽ നടന്നത് തരതമ്യേന വേഗത്തിൽ ആണ്.
നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നിരുന്ന കാർഷിക സാമൂഹിക സാമ്പത്തിക വ്യവസ്ഥ കേവലം 15 കൊല്ലങ്ങൾ കൊണ്ട് മാറ്റി മറിക്കപ്പെട്ടു. ഈ മാറ്റം കേരളത്തിന്റെ സമൂഹത്തിലെ എല്ലാ മേഖലയെയും ബാധിച്ചിട്ടുണ്ട്.
ഈ മാറ്റങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചേരുവകളിൽ , വിവിധ വേഗതയിലും ആണ് ഉണ്ടായത്. മധ്യ കേരളത്തിന്റെ തെക്കു ഭാഗത്തും മധ്യ കേരളത്തിലും ഉണ്ടായ മാറ്റങ്ങളെ അടുത്തു നിന്ന് പങ്കെടുത്തു-കാണുവാൻ(as a participant observer) എനിക്ക് അവസരം കിട്ടിയിട്ടുണ്ട്.
കേരളത്തിൽ പലതരം സാമൂഹിക സാമ്പത്തിക ആവാസ താരങ്ങളും തലങ്ങളും ഉണ്ട്. അവയെ അങ്ങന പെട്ടെന്നു സമാന്യവൽക്കരിക്കുവാൻ പ്രയാസം ആണ്. കാരണം കേരളത്തിൽ തന്നെ പല പ്രദേശങ്ങളിലും വന്ന മാറ്റം ഒരു പോലെ അല്ല. വിവിധ സാമൂഹിക സാമ്പത്തിക സ്വത്വ ശ്രേണികളിലും ചുറ്റുപാടുകളിലും ഉള്ളവർ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതും പ്രതികരിക്കുന്നതും വിവിധ രീതികളിൽ ആയിരിക്കും.
കേരളത്തിൽ സമൂഹിക സാമ്പത്തിക അസമത്വങ്ങൾ ഏറി വരുന്നുണ്ട്. അതിന്റെ നഗരവല്‍ക്കണത്തിന്റെ പിന്നാം പുറമാണ് കമ്മട്ടി പാടം എന്ന സിനിമ കാണിക്കുന്നത്. പല തലത്തിൽ പല തരം മാറ്റങ്ങൾ സ്തൂല തലത്തിലും സൂഷ്മ തലത്തിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അത് സമൂഹത്തിൽ പല തട്ടിലും പല ഭാഗത്തും പല തരത്തിൽ മാറ്റം ഉണ്ടാക്കുന്നതിനോടൊപ്പം നമ്മുടെ കാഴ്ചപ്പാടുകളെ സാരമായി പഠിക്കുന്നുമുണ്ട്. ഇത് വ്യക്തികളിൽ പുതിയ സാമൂഹിക സാമ്പത്തിക സംഘര്ഷങ്ങൾക്കു ഇട നൽകുന്നു.
അതിൽ ഒരു പ്രദേശത്തു ഒരു പ്രത്യേക കാർഷിക സമൂഹത്തിൽ ഉണ്ടായ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മാറ്റത്തിന്റെ കഥ പറയുവാൻ ഞാൻ എന്റെ കുടുംബത്തിന് ചില തലമുറകളിൽ ഉണ്ടായ മാറ്റം ഒരു കേസ് സ്റ്റഡി എന്ന രൂപേണ പങ്കുവെക്കാം.
ഒരു പക്ഷെ ഒരു തലത്തിൽ ഉള്ള സാമൂഹിക സാമ്പത്തിക മാറ്റങ്ങളുടെ പ്രതിഫലനം ആയിരിക്കും എന്റെ കുടുംബകഥ. എന്റെ മുതു മുത്തച്ഛൻ(great grandfather) കോശി വര്ഗീസ് ഒരു കർഷക അദ്ധ്യാപകൻ ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കേരളത്തിൽ ഉണ്ടായ സാക്ഷരതാ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഒരു കര്ഷക ഗുണഭോക്താവ്. ആവശ്യത്തിന് മലയാളവും കുറെ സംസ്കൃതവും അല്പം ഇന്ഗ്ലിഷും അറിയാമായിരുന്ന അദ്ദേഹത്തിന്റെ ഉപജീവന മാർഗ്ഗം കൃഷി ആയിരുന്നു. അത് കൂടാതെ അദ്ദേഹം സ്വന്തമായി ഒരു അനൗപചാരിക വോളന്ററി സ്കൂൾ ആദ്യമായി 19 നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ തുടങ്ങി. എല്ലാ ദിവസവും മൂന്നു മണിക്കൂർ നടത്തിയ ആ സ്കൂളിൽ നിന്നാണ് ഞങ്ങളുടെ നാട്ടിലെ പാർശ്വവത്കൃത സമൂഹം സാക്ഷരത നേടി തുടങ്ങിയത്. വിദ്യാഭ്യാസം സിദ്ധിച്ച അദ്ദേഹത്തിന് മൂന്ന് മക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ആശുപത്രികൾ ഇല്ലാത്തതു കൊണ്ട് ആയുസ്സ് കുറഞ്ഞു. നല്ല നാല്പതുകളിൽ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മകൻ കോശി ചാക്കോ പൂർണ കർഷകൻ ആയിരിന്നു. അവര്‍ മാടമ്പി കർഷകർ അല്ലായിരുന്നു. പതിനഞ്ചു ഇരുപത് ഏക്കർ കൃഷി ചെയ്യുന്നത് മറ്റു കര്ഷക തൊഴിലാളോട് കൂടി നിന്ന് കണ്ടം പൂട്ടിയും കരക്ക് കിളച്ചും ഒക്കെയാണ്. പത്തു പശുക്കളും നാലു പൂട്ട് കാളകളും എല്ലാം അങ്ങനെ ഉള്ള ജൈവ കര്ഷക ആവാസ വ്യവസ്ഥയുടെ അടയാളപ്പെടുത്തലും ആയിരുന്നു.
എന്റെ വല്യപ്പന്റെ പത്തു മക്കളും വളർന്നതും പഠിച്ചതും കാർഷിക വിഭവ സമ്പത്തുള്ള സമൂഹിക ചുറ്റുപാടിൽ ആയിരുന്നു. അദ്ദേഹവും നാല്പതു കളുടെ മദ്ധ്യത്തിൽ മരിച്ചു. പക്ഷെ കല്യാണം കൗമാരത്തിൽ നടത്തിയത് കൊണ്ട് മൂത്ത മക്കൾ കാര്യങ്ങൾ ചെയ്യാൻ കെൽപ്പുള്ളവർ ആയിരുന്നു. നൂറു കൊല്ലം മുമ്പ് ഞങ്ങളുടെ ഗ്രാമത്തിൽ സ്‌കൂൾ വന്നതിനാൽ പത്തു മക്കളും പഠിച്ചു പരീക്ഷ പാസായി മിടുക്കർ ആയി. അവർക്കു പഠനത്തോടൊപ്പം കൃഷി ചെയ്യാനും അറിയാമായിരുന്നു. കുടുംബം ഒരു കൂട്ടുകുടംബം പോലെ ആയിരുന്നു. എന്റെ അച്ഛന്റെ മൂത്ത ചേട്ടൻ കൃഷിയും കുടുംബ ഭാരവും ഏറ്റെടുത്തു.
എന്റെ അച്ഛൻ പഠിക്കാൻ മിടുക്കൻ ആയിരുന്നു. എൻജിനീയർ ആകണം എന്നായിരുന്നു മോഹം. പക്ഷെ അതിന് പുരയിടം വിറ്റെങ്കിൽ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. കര്ഷക കുടുംബത്തിൽ വളർന്ന ഒരാളിന് മണ്ണിനോടുള്ള സ്നേഹം ഉന്നത വിദ്യാഭ്യാസത്തിലും അധികമാണ്. പഠിച്ചേങ്കിലും കേരളത്തിൽ ജോലി കിട്ടാനുള്ള പിടിപാടും ജാതി മഹിമയും ഇല്ലാത്തതിനാൽ ചെങ്ങന്നൂരിൽ നിന്നും മദ്രാസ് മെയിലിൽ നാട് വിട്ട് ബോംബയിൽ എത്തി. തടിയും തന്റേടവും ഉണ്ടായതു കൊണ്ട് ഇന്ത്യൻ ആർമിയിൽ ജോലി കിട്ടി. മറ്റു സഹോദരങ്ങൾ എല്ലാം തൊഴിലിന് വേണ്ടി നാട് വിട്ടു. പക്ഷെ അവർ നാട്ടിൽ പൈസ അയച്ചു കൊടുത്തു ഏറ്റവും ഇളയ അനിയനെ പഠിപ്പിച്ചു പ്രൊഫസ്സർ ആക്കി. അദ്ദേഹം മാത്രമാണ് കേരളത്തിൽ ജോലി ചെയ്തത്. എന്റെ അപ്പൻ വിദ്യാഭ്യാസം നല്ലതുപോലെ ഉള്ള ഒരു കുടുംബത്തിൽ നിന്നും വിദ്യാഭ്യാസവും സർക്കാർ ജോലിയും ഉള്ള എന്റെ അമ്മയെ വിവാഹം കഴിച്ചു. പൈസ സ്വരുക്കൂട്ടി കൂടുതൽ വസ്തു വകകൾ ഉണ്ടാക്കി. നാട്ടിൽ ആദ്യത്തെ കോൺക്രീറ്റ് വീട് ഉണ്ടാക്കി. ആവശ്യത്തിന് സ്ഥലവും സൗകര്യങ്ങളും ഉണ്ടായിരുന്നതിനാൽ വോളണ്ടറി റിട്ടയർമെന്റ് എടുത്തു വീണ്ടും കർഷകൻ ആയി.
പക്ഷ ഈ കുടുംബത്തിൽ ഇന്ന് ഒരാളും കൃഷി ചെയ്യുന്നില്ല. ഞാനും എന്റെ പെങ്ങളും കൃഷി കണ്ടു വളർന്നത് എന്റെ അച്ഛൻ പോസ്റ്റ്-,റിട്ടയർമെന്റ് ജീവിതം ആയി ജൈവ കൃഷി തിരെഞ്ഞെടുത്തതിനാലാണ്. ആയതിനാൽ വീട്ടിൽ ഉപ്പും പഞ്ചസാരയും വെളുത്തുള്ളിയും കടുകും മല്ലിയും ഒഴിച്ച് മറ്റൊന്നും കടയിൽ നിന്നും വാങ്ങേണ്ട ആവശ്യം ഇല്ലായിരുന്നു. ഇപ്പോൾ ഞങ്ങൾ കടയിൽ നിന്ന് വാങ്ങാത്തതായി ഒന്നുമില്ല.
ഞാനും എന്‍റെ പെങ്ങളും കേരളത്തിന് വെളിയിൽ പോയത് എന്‍റെ അപ്പന്റെ പോലെ നിവൃത്തികേട് കൊണ്ടല്ല. മറിച്ചു , സാമ്പത്തിക നിവൃത്തി ഉണ്ടായതിനാൽ ആണ്. കാരണം ശമ്പളക്കാരായ സർക്കാർ ജോലിയുള്ളവർക്ക് അവരുടെ മക്കളെ വെളിയിൽ വിട്ട് ഉന്നത വിദ്യഭ്യാസത്തിന് പഠിപ്പിക്കുവാൻ സാമ്പത്തിക പ്രശ്നമില്ല.
ഞാൻ പഠിക്കുവാൻ ആണ് വെളിയിൽ പോയത്. ഇന്ത്യക്കു വെളിയിൽ ജോലിക്കു മനഃപൂർവം പോയില്ല. പക്ഷെ സംഭവിച്ചത് മറിച്ചു. ഞാൻ ലോകം ഒട്ടാകെ ജീവിച്ചും സഞ്ചരിച്ചും ജോലി എടുക്കാൻ തുടങ്ങി. എന്റെ പെങ്ങൾ ന്യൂസിലാൻഡിൽ സ്ഥിര താമസം. അവരുടെ പഠിക്കാൻ മിടുക്കരായ മൂന്ന് മക്കൾക്കും മലയാളം അറിയില്ല.
എന്റെ മക്കൾ ജനിച്ചതും വളർന്നതും കേരളത്തിന് വെളിയിലും പല വിദേശ രാജ്യങ്ങളിലും ആണ്. അവർ ഒരു പതിനഞ്ചു രാജ്യങ്ങളിൽ കുറഞ്ഞത് പോയിട്ടുണ്ടാകും. അവർ ഭാഷയും മലയാള സംസ്കാരവും പഠിക്കണം എന്ന് നിർബന്ധം ഉണ്ടായതു കൊണ്ട് അവരെ കേരളത്തിലേക്ക് തിരികെ കൊണ്ട് വന്നു. പക്ഷെ അവർക്കു കപ്പയും മീനുമല്ല , pizza ആണ് ഇഷ്ടം. അത് തിരുവന്തപുരത് ഇഷ്ട്ടം പോലെ കിട്ടുന്നത് അവരെ പോലെ ആയിരക്കണക്കിന് പിള്ളേർ ഇവിടെ ഉള്ളതിനാൽ ആണ്.
അവരുടെ പ്രാഥമിക ഭാഷ ഇന്ഗ്ലിഷ് ആയതു അവരുടെ കുറ്റം അല്ല. അവരുടെ ജീവിത സാഹചര്യങ്ങൾ അങ്ങനെ ആയത് കൊണ്ടാണ്. അവർക്കു കൃഷിയെകുറിച്ചു അറിയാത്തതു അവർ നഗരങ്ങളിൽ വളർന്ന സാഹചര്യം മൂലം ആണ്. ഇപ്പോൾ എന്റെ മക്കൾ അവരുടെ കസിൻസിനെ കാണുന്നത് ഫേസ് ബുക്കിൽ കൂടി ആണ്. എന്റെ വീട്ടിൽ പോലും ഞങ്ങൾക്കു ഒരു വാട്ട്സ് ആപ്പ് ഗ്രൂപ് ഉണ്ട്. കാരണം സ്ഥിര സഞ്ചാരിയായ ഞാനും വെളിയിൽ പഠിക്കുന്ന ഞങ്ങളുടെ മകനും എല്ലാമായി എല്ലാദിവസവും കാര്യവിവരങ്ങൾ പങ്കു വയ്ക്കുന്നത് സോഷ്യൽ നെറ്റ് വര്‍ക്കില്‍ കൂടി ആണ്.
മധ്യ തിരിവതാംകൂറിലെ ഒട്ടുമിക്ക കുടുംബങ്ങളിലും ഈ മാറ്റം ഒരു തരത്തിലോ മറ്റൊരു തരത്തിലോ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത് പോലെ ഉള്ള മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനെ തെറ്റോ ശരിയോ എന്ന് കാണുകയല്ല വേണ്ടത്. ഇതിൽ തെറ്റും ശരിയും ഇല്ല. മനുഷ്യനും സമൂഹവും മാറിക്കൊണ്ടിരിക്കും.ഭാഷയും സംസ്കാരവും രാഷ്ട്രീയവും അതനുസരിച്ചു മാറിക്കൊണ്ടിരിക്കും.
ഈ മാറ്റങ്ങൾ പെട്ടെന്നുണ്ടായത് കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ ആണ് എന്നത് കേരളത്തിലെ സാമൂഹിക സാമ്പത്തിക വൈരുധ്യങ്ങൾക്കു ആക്കം കൂട്ടുന്നുണ്ട്..
അറുപതുകളിലും എഴുപതുകളിലും ഉണ്ടായിരുന്ന കാർഷിക, ഗ്രാമീണ കൂട്ട് കുടുംബ( joint family camaraderie) സംസ്കാരത്തിൽ നിന്നും നാട്ടു കൂട്ടായ്മയിൽ നിന്നും നമ്മൾ പൊടുന്നനെ ഒരു സർവീസ് ഉപഭോഗ സാമ്പത്തിക- സാമൂഹിക- സാംസ്‌കാരിക വ്യവസ്ഥയിലേക്ക് തെന്നി മാറി. കൂട്ട് കുടുംബത്തിന്റെ കൂട്ടായ്മയിൽ നിന്നും അണു കുടുംബത്തിന്‍റെ( nuclear family) അതി ജീവന പ്രാരാബ്ദ പ്രശ്നങ്ങളിലേക്ക് സമൂഹം മാറി. സമൂഹത്തിലെ ഒരു വിഭാഗം ഇപ്പോൾ ന്യൂക്ലീയർ ഫാമിലിയിൽ നിന്ന് പോസ്റ്റ് ന്യൂക്ലീൻ ഫാമിലിയിലേക്ക് മാറിയിരിക്കുന്നു. എന്റെ കുടുംബം തികച്ചും പോസ്റ്റ് ന്യൂക്ലീയർ ഫാമിലി ആണ്. കാരണം ഞങ്ങൾ പല ദേശങ്ങളിൽ ആണെകിലും അനുദിനം സോഷ്യൽ നെറ്റ്‌വർക്കിൽ കൂടെയും ഫോണില്‍ കൂടെയും ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതൊക്കെ കേരളത്തിൽ മാറി തുടങ്ങിയത് കഴിഞ്ഞ പത്തു പതിനഞ്ചു വര്ഷത്തിനുള്ളില്‍ ആണെന്നുള്ളത് സാമൂഹിക മാറ്റത്തിന്റെ വേഗതയെ കാണിക്കുന്നു.
എല്ലാവര്ക്കും തിരക്കുകൾ കൂടി . അതിജീവനത്തിന്റെ പുതിയ പരിസരങ്ങളിൽ അൽപ്പം സ്വാർത്ഥത ഇല്ലാതെ പൈസ ഇല്ലാതെ പിടിച്ചു നിൽക്കാൻ ആകാതെ വന്നു. പുതിയ ഉപഭോഗ സംസ്കാരത്തിൽ ജീവിക്കുവാൻ കൂടുതൽ പൈസയുടെ ആവശ്യം എല്ലാവരെയും പല വിധത്തിൽ ബാധിച്ചു. പലർക്കും എല്ലാം ഉണ്ടായിട്ടും ഇല്ലായ്മകളെ ഓർമ്മ പെടുത്തുന്ന ഉപഭോഗ സംസ്കാരം ഇവിടെ വേരുറച്ചു. കൂടുതൽ പൈസ ഉണ്ടാക്കുന്നതിന് വേണ്ടി എന്തും എവിടെയും എങ്ങനെയും ‘വിജയിച്ചു’ കൂടുതൽ ഭോഗിച്ചും ഉപഭോഗിച്ചും മുന്നോട്ട് പോകാൻ, ഒളിഞ്ഞും തെളിഞ്ഞും, പല മനുഷ്യർ പല തലത്തിൽ അതിജീവന സമരങ്ങളുടെ ഒരു പുതിയ ഭൂമികയിൽ എത്തി നിൽക്കുകയാണ്.


കേരളത്തിന്‍റെ വഴികള്‍ – 2

കേരളത്തിന്‍റെ വികസനവും പ്രവാസി വിപ്ലവവും

കേരളത്തിന്‍റെ വഴികള്‍ – 1

കേരളം പുതിയ വഴിത്തിരിവില്‍

 

Comments
Print Friendly, PDF & Email

ജോൺ സാമുവൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സാമൂഹിക-വികസന വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനും ആണ്. ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗത്തിൽ ആഗോള ഉപദേഷ്ഠാവും ഡയറക്റ്ററും ആയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര കൺസൾട്ടിംഗ് അഡ്വൈസർ. ഇന്ത്യയിലും അന്തരാഷ്ട്ര തലത്തിലും നിരവധി സാമൂഹിക സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങൾക്കും സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. കേരളത്തിൽ ഏകത പരിഷത്തിന്റെ പ്രസിഡന്റ്. ബോധിഗ്രാമിന്റെയും തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൽ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസ് സ്ഥാപകൻ.

You may also like