പൂമുഖം COLUMNS കേരളം പുതിയ വഴിത്തിരിവില്‍

കേരളം പുതിയ വഴിത്തിരിവില്‍

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കേരളത്തിന്‍റെ വഴികള്‍ – 1

കേരളം പുതിയ വഴിത്തിരിവില്‍

േരളം പുതിയ ഒരു വഴി തിരിവിൽ എത്തി നിൽക്കുന്നു. ഒരു മകൻ സ്വന്തം അപ്പനെ വെടി വച്ച് കൊന്നു വെട്ടി മുറുക്കി റോഡരികിലും പുഴയിലും എറിയുന്നു. മാധ്യമങ്ങൾക്കു ഒരു ഞെട്ടിക്കുന്ന വാർത്ത. നാട്ടുകാർക്ക് ഒരു പുതിയ തുടർ കഥ വായിക്കുന്ന ലാഘവത്തോടെ അടുത്ത കാര്യങ്ങൾ അറിയുവാൻ ആകാംക്ഷ.ചില ആഴ്ചകൾക്കകം വാർത്ത പിന്നാമ്പുറത്ത് പോയി മറയും. പിന്നെ നമ്മൾ അടുത്ത കൊലപാതക അപസർപ്പ ദുരന്ത കഥയ്ക്ക് ആയി കാത്തിരിക്കും.

തിരഞ്ഞെടുപ്പിന്റെ ചൂടുസമയത്ത് ജിഷ എന്ന പെൺകുട്ടി കൊല്ലപ്പെട്ടതിനാൽ അത് വാർത്തയായി. മൂന്ന് രാഷ്ട്രീയ കൂട്ടുകളും ഒരു ദാരുണകൊലപാതകത്തെ എങ്ങനെ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന് കാണിച്ചുതന്നു. വീണ്ടും ഒരു ദുരന്ത അപസർപ്പക കഥ വായിക്കുന്നത് പോലെ ഈ കഥയും വായിച്ചു തള്ളും. ടി.വി ചാനലുകൾ ഇങ്ങനെ ഉള്ള ക്രൈം ത്രില്ലറുകൾ ക്രൈം ഫയൽ എന്ന പേരിലും മറ്റുമൊക്കെ അവതരിപ്പിച്ചു അവരുടെ കച്ചവടം കൂട്ടുവാൻ മത്സരിക്കും. പോലീസ് അധികാരികൾ അവർക്ക് കിട്ടുന്ന മാധ്യമ ശ്രദ്ധയിൽ ഊറ്റം കൊള്ളും, പിന്നെ വാചക മേള നടത്തി സുരേഷ് ഗോപി മാതൃകയിൽ ഉള്ള ‘സൂപ്പർ കോപ്പ്’ ആണെന്ന് സ്വയം കരുതാൻ തുടങ്ങും. കഥ വീണ്ടും ആവർത്തിക്കും മറ്റുള്ളവരുടെ ദുരന്തങ്ങൾ കണ്ടു ഞെട്ടി വീണ്ടും ഒരു ക്രൈം ത്രില്ലർ കഥക്കായി മാധ്യമങ്ങളും മലയാളികളും കാത്തിരിക്കും.
എന്താണ് പ്രശ്നം? കേരളത്തിൽ കൂടിവരുന്ന കുടുംബ കൊലപാതകങ്ങളും ആത്മഹത്യകളും സ്ത്രീ പീഡന കേസുകളും, സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും, കൂടുന്ന മദ്യാസക്തിയും, വിവാഹ മോചനങ്ങളും ഇവിടെ കൂടിവരുന്ന വർഗീയതയും പുതിയ സ്വത്വരാഷ്ട്രീയവും എല്ലാം പരസ്പരം ബന്ധപ്പെട്ട സാമൂഹികദുരന്തഭൂമികകൾ ആണെന്ന് നാം തിരിച്ചറിയണം. ഇതെല്ലാം അടയാളപ്പെടുത്തുന്നത് കേരളം ഒരു രോഗാതുരമായ നാടായി മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ്. അങ്ങനെ സമൂഹത്തെ ആകമാനം ബാധിച്ചു കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങളെ പോലെ കേരളത്തിൽ പല രീതിയിൽ ഉള്ള പുതിയ ഒറ്റപ്പെട്ടലുകളും പുതിയ മനോരോഗങ്ങളും വർദ്ധിക്കുകയാണ്. ഈ രണ്ടു രണ്ടു രോഗവസ്ഥക്കും അപ്പുറം നമ്മൾ എല്ലാം നേരിടുന്ന സാമൂഹികവും, മനഃശാസ്ത്രപരവും, രാഷ്ട്രീയവും ആയ രോഗ അവസ്ഥകളെ നാം തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്.

എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്?
ഒന്ന് : കേരളത്തിൽ കുടുംബ ബന്ധങ്ങൾ ദുർബലപ്പെട്ട് കൊണ്ടിരിക്കുകയാണ്. ആരോഗ്യകരമായ ഒരു കുടുംബ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ട പരസ്പര വിശ്വാസവും ബഹുമാനവും ഒരു നല്ല ശതമാനം കുറഞ്ഞിരിക്കുന്നു..
രണ്ട്: കുട്ടികളുടെ എണ്ണം കുറയുകയും പ്രായം ഉള്ളവരുടെ എണ്ണം കൂട്ടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന സാമൂഹിക മാനസിക മനഃശാസ്ത്ര അവസ്ഥയും പുതിയ അരക്ഷിതാവസ്ഥയും ഒരോ വ്യക്തീകളിലും കൂടി കൊണ്ടിരിക്കുന്നു. മൂന്ന്: എങ്ങനെയും എവിടെ എങ്കിലും പോയി ഏറ്റവും കൂടുതൽ പണം ഉണ്ടാക്കുന്നത് ആണ് ജീവിത വിജയം എന്ന സാമൂഹിക മനശാസ്ത്ര രോഗം കേരളത്തെ ഗ്രസിച്ചിരിക്കുന്നു.
നാലാമത്തെ രോഗം ജീവിതം തന്നെ ഒരു വിജയപ്പാച്ചിൽ ആയി പരിണമിക്കുമ്പോൾ പുറകിലാ യി പോകുന്ന മനുഷ്യർക്ക് ഉള്ളിന്റ ഉള്ളിൽ അപകർഷതാബോധവും ആത്മ വിശ്വാസക്കുറവും അതിനോട് അനുബന്ധിച്ച് നിരാശാബോധവും ഉണ്ടാകുന്നു.
അഞ്ച്: നമ്മൾ ജീവിക്കുന്നത് നമ്മൾക്ക് വേണ്ടി അല്ലാതാകുമ്പോൾ , നമ്മളെ കുറിച്ച് മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി എല്ലാകാര്യങ്ങളും മലയാളി പ്രകടനപരമായ ഒരു ഉപരിപ്ലവ ജീവിതം നയിക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹിക ദുരന്തം. ഇങ്ങനെയുള്ള ഉപരിപ്ലവ പ്രകടനപരതയാണ് നമ്മുടെ കുടുംബങ്ങളെയും സമൂഹത്തെയും രാഷ്ട്രീയത്തെയും സംസ്കാരത്തെയും, മാധ്യമങ്ങളെയും നീരാളിയെ പോലെ പിടിച്ചെടുത്തിരിക്കുന്ന മാരക രോഗം.

നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നതും, വീടുവെയ്ക്കുന്നതും കാറു മേടിക്കുന്നതും, കല്യാണം നടത്തുന്നതം, ശവ സംസ്കാരം നടത്തുന്നതും നമ്മൾ അറിയാതെ നമ്മെ ഗ്രസിച്ചിരിക്കുന്ന ഈ ഉപരിപ്ലവ പ്രകടനപരതയുടെ ബാധയാണ്. അങ്ങനെ ആണ് നമ്മുടെ ജീവിതം പോലും ഒരു ഇവന്റ് മാനേജ്മെന്റ് തുടർ കഥയായി തരം താഴുന്നത്. അതുകൊണ്ട് തന്നെയാണ് നമ്മുടെ രാഷ്ട്രീയം ഫ്ളക്സ് രാഷ്ട്രീയവും കപട ആദർശവാദവും വികസനപാച്ചിലും, ടി.വി യിൽ അന്തിച്ചർച്ചകളിലെ വാചകമേളയും താൻപൊരിമയും തൻകാര്യവും ധനകാര്യവും ആയുള്ള ഒരു രോഗാവസ്ഥയിൽ എത്തപ്പെട്ടിരിക്കുന്നത്. ജീവിതവും രാഷ്ട്രീയവും എല്ലാം വെറുമൊരു ‘ ഷോ’ ആകുമ്പോൾ നാം കവിത അന്യം നിന്ന് പോകുന്ന അകക്കാമ്പില്ലാത്ത ഒരു സമൂഹം ആയി ദ്രവിച്ചു കൊണ്ടിരിക്കുന്നു
ഇതിന്റെയൊക്കെ ഫലമായി കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കയാണ്? ഒന്ന്: വിജയ നിഷ്ഠ വ്യക്തിനിഷ്ഠകാഴ്ചപ്പാടും അതിനോട് അനുബന്ധിച്ചു ‘ എനിക്ക് എന്ത് കിട്ടും’ എന്ന തികഞ്ഞ സ്വാർത്ഥതയും. രണ്ട്: കുടുംബ ബന്ധങ്ങൾ ദുർബ്ബലപ്പെടുമ്പോൾ ഉണ്ടാകുന്ന വൈകാരിക അരക്ഷിതത്വവും ലൈംഗിക ഒറ്റപ്പെടലും ദരിദ്യവും. മൂന്ന്: സ്വന്തം ഭാവിയെക്കുറിച്ച് ആലോചിച്ചാലോചിച്ചു ആകാംക്ഷാരോഗവും ( anxiety complex) അതിനോട് അനുബന്ധിച്ചുണ്ടാകുന്ന അരക്ഷിത അവസ്ഥയും ഭയവും.
അരക്ഷിതാവസ്ഥയിൽ നിന്നും ഭയത്തിൽ നിന്നുമാണ് മനുഷ്യൻ അക്രമണോത്സുകൻ ആകുന്നതു. ആകാംക്ഷയും, അരക്ഷിതത്വവും ഉൾ ഭയവും കൂടുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ പലവിധ കവചങ്ങൾ ഉണ്ടാക്കുവാൻ നാം ശ്രമിക്കും. ആത്മീയ വ്യവസായവും മദ്യ വ്യവസായവും കേരളത്തിൽ വളരുന്നത് ഇങ്ങയുള്ള അരക്ഷിത അവസ്ഥയെ രണ്ടു രീതിയിൽ നേരിടുന്നത് കൊണ്ടാണ്. ആത്മീയ ധ്യാന കേന്ദ്രങ്ങളിൽ കൂടുതൽ അഭയം തേടുന്നത് സ്ത്രീകൾ ആണെങ്കിൽ മദ്യത്തിൽ അഭയം തേടുന്നവർ കൂടുതൽ പുരുഷന്മാരാണ്. ഇത് രണ്ടും ഇല്ലാത്തവർ ജീവിതം ആത്മഹത്യക്കും കൊലപാതകത്തിനും ഇടക്കുള്ള തൂക്കു പാലത്തിൽ തൂങ്ങി നിൽക്കും.

അങ്ങനെ നമ്മൾ രോഗാതുരവും ഹിംസാത്മകവും ആയ ഒരു സമൂഹമായി പരിണമിച്ചിരിക്കുന്നു. ഇത് നമ്മുടെ വിദ്യാഭ്യാസ രംഗത്തും മാധ്യമ രംഗത്തും രാഷ്ട്രീയ രംഗത്തും ഒരു ആക്രമണ സ്വഭാവമുള്ള ഒരുതരം അനാരോഗ്യ മത്സരത്തിന് വഴി തെളിക്കുന്നു. എന്ത് കൊടുത്തും എങ്ങനെയും എത്ര വില കൊടുത്തും സ്വന്തം കാര്യം കണ്ടു ‘വിജയിക്കണം’ എന്ന ഗുരുതര രോഗം നമ്മളെ പിടി കൂടുമ്പോൾ ആദ്യം അത് ഇല്ലാതാക്കുന്നത് മൂല്യ , ധാർമിക, ആദർശ ബോധത്തെ ആണ്. ഇങ്ങനെ ഉള്ള അക്രമോത്സുക കിടമത്സരങ്ങളിൽ ( എനിക്ക് എന്ത് കിട്ടും എന്നതിൽ ഇന്നും എന്റെ ജാതിക്കും മതത്തിനും എന്തു കിട്ടും എന്ന ചോദ്യം) കൂടെയും ആണ് വർഗീയത പല രീതിയിൽ പല പാർട്ടികളിലും സമൂഹത്തിലും ഉയരുവാൻ തുടങ്ങിയത് .
ഇതൊക്കെ എന്ത് കൊണ്ട് കേരളത്തിൽ സംഭവിക്കുന്നു?

 

കേരളത്തിന്‍റെ വഴികള്‍ – 2-

 

Comments
Print Friendly, PDF & Email

ജോൺ സാമുവൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സാമൂഹിക-വികസന വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനും ആണ്. ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗത്തിൽ ആഗോള ഉപദേഷ്ഠാവും ഡയറക്റ്ററും ആയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര കൺസൾട്ടിംഗ് അഡ്വൈസർ. ഇന്ത്യയിലും അന്തരാഷ്ട്ര തലത്തിലും നിരവധി സാമൂഹിക സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങൾക്കും സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. കേരളത്തിൽ ഏകത പരിഷത്തിന്റെ പ്രസിഡന്റ്. ബോധിഗ്രാമിന്റെയും തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൽ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസ് സ്ഥാപകൻ.

You may also like