പൂമുഖം COLUMNS ഒറ്റപ്പെടലുകളുടെ പുതിയ ഭൂമിക.

ഒറ്റപ്പെടലുകളുടെ പുതിയ ഭൂമിക.

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കേരളത്തിന്‍റെ വഴികള്‍ – 5

 

കേരളത്തിലെ സാമ്പത്തിക വളർച്ചക്കൊപ്പം ഉണ്ടായ സാമൂഹിക  മാറ്റങ്ങളിൽ ഒന്ന് ജനന നിരക്ക് കുറഞ്ഞു വരുന്നതു മായി ബന്ധപ്പെട്ടതാണ്. കേരളത്തിൽ ഇപ്പോഴുള്ള രണ്ടു തലമുറകൾ പുതിയ പണാധിപത്യ സാമ്പത്തിക സംസ്കാരത്തിനും പഴയ പാരമ്പര്യ യാഥാസ്ഥിക കാഴ്ചപ്പാടുകൾക്കും ഇടയിൽ ഉള്ള സംഘർഷങ്ങളിൽ പലവിധ ഒത്തുതീർപ്പുകളുമായി സമരസപ്പെടുന്ന അവസ്ഥയിൽ ആണ്. എന്നാൽ 1990 കൾക്ക് ശേഷം ജനിച്ച തലമുറ പുതിയ പണാധിപത്യ സാമൂഹിക സംസ്‌കാരവുമായി കൂടുതൽ താദാത്മ്യം ഉള്ളവരാണ്.
കേരളത്തിൽ ഏറ്റവും ജനന നിരക്ക് കുറഞ്ഞ ജില്ല പത്തനംതിട്ട  ആണ്. അവിടെ ജനന നിരക്ക് കുറഞ്ഞു വരുന്നതിനു പല കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനമായ ഒന്ന് ആ ജില്ലയിൽ ഉണ്ടായ സാമ്പത്തിക, സാമൂഹിക വളർച്ചയാണ്. ഈ സാമ്പത്തിക വളർച്ചക്കു പ്രധാന കാരണം പ്രവാസ പണവും അത് ഉണ്ടാക്കുന്ന സമൂഹിക മാറ്റവും ആണ്. കൂടുതൽ ചെറുപ്പക്കാർ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഗൾഫ് നാടുകളിലും ഇന്‍ഡ്യയിലെ നഗരങ്ങളിലും ഒക്കെ കുടിയേറുമ്പോൾ ജനനനിരക്ക് സ്വാഭാവികമായി കുറയും.
പണാധിപത്യ സാമൂഹിക-സാമ്പത്തിക ഉപഭോഗ സംസ്കാരത്തിൽ പിടിച്ചു നിൽക്കണമെങ്കിൽ കൂടുതൽ പണം വേണം. ഉപഭോഗ സാമൂഹിക സാസ്‌കാരിക പരിസരങ്ങളിൽ പകലന്തിയോളം  പണിയെടുത്ത് , അടുത്ത മാസം കൊടുക്കേണ്ട ഇ.എം.ഐ (equal monthly installment) എന്ന ഓമനപ്പേരിൽ ഉള്ള കട ബാധ്യതകളെ കുറിച്ച് വേവലാതിപ്പെടുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക്  രതിക്കോ ഭോഗത്തിനോ ഒന്നും സമയമില്ലാത്ത വല്ലാത്തൊരാവസ്ഥയാണ്  . ജീവിക്കുവാനും വീട് വാങ്ങാനും, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമൊക്കെ ചെലവ് അനുദിനം കൂടുമ്പോൾ കുട്ടികള്‍ ഏറെക്കുറെ ഒരു സാമ്പത്തിക ബാധ്യതയായി മാറുന്നു . അതുകൊണ്ട് തന്നെ ഒരു കുട്ടിയിൽ അധികമായാൽ പ്രശ്നമാണ് എന്ന് കരുതുന്നവരുടെ എണ്ണം ഇവിടെ കൂടി വരുന്നുണ്ട്.
ഇരുപത് കൊല്ലം മുമ്പ് വിവാഹ പ്രായം ഇരുപത് വയസ്സുകളിൽ ആയിരുന്നു എങ്കിൽ ഇന്നത് മുപ്പതുകളിലേക്ക് മാറി തുടങ്ങിയിരിക്കുന്നു. എത്രയും വേഗം  കഴിയാവുന്നത്ര പണമുണ്ടാക്കി ഉപഭോഗ സംസ്കാരവുമായി സമരസപ്പെട്ടു ജീവിക്കുവാനുള്ള പങ്കപ്പാടിൽ കുട്ടികൾ വേണമെന്ന് ആഗ്രഹിച്ചാലും ഉണ്ടാകാത്ത അവസ്ഥയാണിന്ന്‍.  കേരളത്തിൽ ഏറ്റവും ലാഭകരമായി നടക്കുന്നത് ഫെർട്ടിലിറ്റി ക്ലിനിക്കുകളും ആശുപത്രികളും ആണ്. ഇതിന്‍റെ ഒക്കെ ഫലമായി കേരളത്തിൽ മലയാളികളുടെ എണ്ണം അടുത്ത ഇരുപത് വർഷങ്ങളിൽ വീണ്ടും കുറയും.
ഇതിൽ നിന്നും ഉണ്ടാകുന്ന സമൂഹിക സാമ്പത്തിക സാംസ്കാരിക പ്രത്യാഘാതങ്ങൾ പലതാണ്.
1) കുട്ടികളുടെ എണ്ണം കുറയുകയും, പ്രായമായവരുടെ എണ്ണം കൂടുകയും ചെയ്യുമ്പോൾ കേരളം പ്രായമുള്ളവരുടെ (ageing society) ഒരു സമൂഹം ആയി മാറും.
ഇത് ഭാവിയിൽ കേരളത്തിന്‍റെ ഉൽപ്പാദന ക്ഷമതയേയും (productive capacity), പ്രത്യുൽപ്പാദന ശേഷിയെയും (reproductive capability) കുറയ്ക്കും. ആരോഗ്യപരിപാലനത്തിനുള്ള ചെലവ് വർദ്ധിക്കും. ആയുർദൈർഘ്യം കൂടുന്നത്  അനുസരിച്ച്  സർക്കാരിന്‍റെ പെൻഷൻ ബാധ്യത കൂടും. ഇതെല്ലാം  കേരളത്തിന്‍റെ  സാമ്പത്തിക അവസ്ഥക്ക് പല തരത്തിൽ ഉള്ള വെല്ലുവിളികൾ ഉയർത്തും.
കുട്ടികളുടെ എണ്ണം കുറയുകയും അവരിൽ നല്ലൊരു വിഭാഗം പ്രവാസികൾ ആയി മാറുകയും ചെയ്യുമ്പോൾ പ്രായമായവർ സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥ ഉണ്ടാകാം. വാർധക്യത്തില്‍  അവരുടെ ആരോഗ്യ പരിരക്ഷക്ക് ആരും സഹായിക്കാനില്ലാത്ത  അവസ്ഥ വരും. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾ ഇല്ലാതെ സ്‌കൂളുകൾ അടയ്ക്കുമ്പോൾ അവ വൃദ്ധ വയോജന സദനങ്ങൾ ആകാനുള്ള സാധ്യത ഉണ്ട്.
2) കുട്ടികളുടെ എണ്ണം കുറയുകയും സ്‌കൂളുകളുടെ എണ്ണം കൂടുകയും  ചെയ്താൽ ഇപ്പോഴുള്ള പല സ്‌കൂളുകളും വരും വർഷങ്ങളിൽ  പൂട്ടേണ്ടി വരും. ഞാൻ പഠിച്ച സർക്കാർ പ്രൈമറി സ്‌കൂളിൽ മുന്നൂറോളം കുട്ടികൾ ഉണ്ടായിരുന്നു. ഇന്നത് അറുപതിൽ താഴെയാണ്. കേരളത്തിലെ പല ഗ്രാമങ്ങളിലേയും സ്ഥിതി ഇതാണ്.
ഒരു ഉപഭോഗ സമൂഹിക സാംസ്കാരിക ചുറ്റുപാടിൽ വിദ്യാഭ്യാസവും ഒരു ഉപഭോഗ സർവീസ് മേഖല ആയിരിക്കുന്നു. അതുകൊണ്ടു തന്നെ സ്‌കൂൾ ഇന്ന് വിദ്യാലയം എന്നതിൽ ഉപരി ഒരു അഭിമാന ചിഹ്നം (status symbol) ആയി പരിണമിച്ചിരിക്കുന്നു. ഒരു കുട്ടിയോ രണ്ടു കുട്ടികളോ ഉള്ളപ്പോൾ അവരെ നല്ല നിലയും വിലയും ഉള്ള സ്‌കൂളുകളിൽ വിടണം എന്ന സാമൂഹിക മനഃശാസ്ത്രം ഇവിടെ സ്‌കൂളുകളുടെ ഒരു പുതിയ വിപണി ഉണ്ടാക്കി.
നൂറു കൊല്ലങ്ങൾക്ക് മുൻപ് കേരളത്തിൽ വിദ്യാലയങ്ങൾ ഉണ്ടായി വന്നത് ഒരു സാമൂഹിക സാംസ്കാരിക നവോത്ഥാനത്തിന്‍റെ അടയാളങ്ങളായിട്ടാണ്. ഇപ്പോൾ വിദ്യാലയങ്ങൾ കുറയുകയും സ്‌കൂൾ വിപണി കൂടുകയും ചെയ്തു.  സ്‌കൂൾ ഇന്ന് ലാഭകരമായ ഒരു കച്ചവട വാണിജ്യ സംരംഭം ആണ്. അതുകൊണ്ടാണ് വിദ്യാഭ്യാസവു മായി യാതൊരു ബന്ധവുമില്ലാത്ത അബ്കാരികളും, ബിസിനസ്സുകാരും സ്കൂള്‍  ഒരു ‘ഇൻവെസ്റ്റ്‌മെന്‍റ് ‘ അവസരമായി കണ്ടു കാശ് വിദ്യാഭ്യാസ വിപണിയിൽ ഇറക്കി ലാഭം ഉണ്ടാക്കുവാൻ ശ്രമിക്കുന്നത്.  കേരളത്തിൽ സെൽഫ്-ഫൈനൻസിങ് കോളജുകൾ കൂണുകൾ പോലെ വളർന്നത് അങ്ങനെയാണ് . ഇതിൽ മിക്ക കോളേജുകളും  വിദ്യാഭ്യാസമായി ഒരു ബന്ധവും ഇല്ലാത്ത വെറും കച്ചവടക്കാർ നടത്തുന്ന തരികിട സംരംഭങ്ങൾ ആണ്.
ഇങ്ങനെയുള്ള അവസ്ഥയിൽ കുട്ടികളുടെ ‘വിദ്യാഭ്യാസവും’ ഒരു ‘ഇൻവെസ്റ്റ്‌മെന്‍റ്’ ആയി മാതാപിതാക്കൾ കണ്ടു തുടങ്ങുന്നു.. കൂടുതൽ പണം മുടക്കി നല്ല ‘വിലയും’ , ‘നിലയും’ ഉള്ള, വിപണിയിൽ ബ്രാൻഡ് വാല്യൂ ഉള്ള സ്കൂളുകളിലും കോളേജുകളിലും പഠിപ്പിച്ചു ‘വിജയിപ്പിച്ചു’ ഇറക്കിയാൽ ജോലി വിപണിയിൽ വില പേശി വലിയ ശമ്പളം വാങ്ങാം എന്ന  സാമുഹിക മനശാസ്ത്രം ഒരു യാഥാര്‍ത്ഥ്യമാവുന്നു .
വിദ്യാഭ്യാസത്തിന്‍റെ  വാണിജ്യ-വിപണിവൽക്കരണത്തോടൊപ്പം നടക്കുന്ന അപകടകരമായ മറ്റൊരു  മാറ്റമുണ്ട്. അത് വിദ്യാഭ്യത്തിന്‍റെ വർഗീയവല്‍ക്കരണമാണ്. അതാത് ജാതി മത വിഭാഗങ്ങൾ അവരുടെ സ്‌കൂളുകളിൽ അവരവരുടെ ജാതി മതത്തിൽ ഉള്ള കുട്ടികളെ നിർബന്ധിച്ചു ചേർക്കുന്ന അവസ്ഥ ചില ഇടങ്ങളിൽ തുടങ്ങിയിട്ടുണ്ട്. ഇത് പൊതു വിദ്യാഭ്യാസത്തിന്‍റെ സംസ്കാരത്തെ തുരങ്കം വെക്കുക മാത്രമല്ല ചെയ്യുന്നത്.
ഒരേ ജാതിയിലും മതത്തിലും ഉള്ള കുട്ടികൾ ഒരു സ്‌കൂളിൽ ഉണ്ടായാൽ അവർക്കു മറ്റു ജാതി മതങ്ങളിൽ ഉള്ളവരുമായി സാമൂഹിക സംസർഗ്ഗം കുറയും. ഇത് സമൂഹത്തിൽ കൂടുതൽ ചേരി തിരിവുകൾക്കു വഴി വെയ്ക്കും .
കൂടുതൽ കുട്ടികൾ കേരളത്തിനോ ഇന്ത്യക്കോ വെളിയിൽ പോയി പഠിക്കുമ്പോൾ ഇവിടുത്തെ കോളേജുകളില്‍  കുട്ടികളുടെ എണ്ണം കുറയും. ഒപ്പം  ജനന നിരക്കും  കുറയുമ്പോൾ പല കോളേജുകളിലും  ആവശ്യത്തിന് വിദ്യാർഥികൾ ഇല്ലാത്ത  അവസ്ഥയിലേക്ക്  താമസിയാതെ ഉണ്ടാവും . ഇന്നത്തെ പല സെൽഫ് ഫിനാൻസ് കോളജുകളും ഹോട്ടലുകളോ ബാറുകളോ വ്യവസായ സംരംഭങ്ങളോ ആയാൽ അതിശയിക്കേണ്ടതില്ല.
3) ജനന നിരക്ക് കുറയുകയും സാമ്പത്തിക വളർച്ച കൂടുകയും ചെയ്യുമ്പോൾ പൊതുവെ വ്യക്തിക്കു അതിജീവനത്തിനുള്ള സ്വാർത്ഥത കൂടും. ഒരു നഗരവത്കൃത സമൂഹത്തിലെ ഒറ്റയ്ക്ക് ജീവിക്കുന്ന കുടുംബങ്ങളിൽ ഒറ്റയ്ക്ക് ജീവിച്ചു മത്സരാധിഷ്ഠ സമൂഹത്തിൽ ഒറ്റയ്ക്ക് വളര്‍ന്നു വലുതാകുന്ന പലപ്പോഴും ഒറ്റപ്പെടലിൽ നിന്നുള്ള മാനസിക പ്രശ്നങ്ങള്‍ക്ക് ഇരയാവും . ഇത്  വിവാഹ ബന്ധങ്ങളെ മാത്രമല്ല ബാധിക്കുന്നത്. പുതിയ പണാധിപത്യ ഉപഭോഗ സമൂഹത്തിൽ ഒരു വ്യക്തിക്ക് ഒറ്റപ്പെടലിൽ നിന്നും പിന്തള്ളപ്പെടലിൽ നിന്നുമൊക്കെ പുതിയ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കേരളത്തിൽ മാനസിക ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഒരു പരിധി വരെ ഇങ്ങനെയുള്ള പുതിയ മാനസിക പിരിമുറുക്കങ്ങൾ പലരിലും മദ്യാസക്തി കൂടുതലാക്കും .
മാറുന്ന കേരളത്തിൽ “നാം രണ്ട് നമുക്കു രണ്ട് ” എന്ന പഴയ കുടുംബാസൂത്രണ പരസ്യവാക്യത്തിൽ നിന്നും. ‘നമ്മൾ രണ്ട് നമ്മുക്ക് വേണ്ട” എന്ന പുതിയ വാക്യത്തിലേക്ക് ചെറുപ്പക്കാരില്‍  കുറെ പേരെങ്കിലും മാറിയാൽ അത്ഭുതപ്പെടേണ്ടതില്ല.
സംതാനത്തെ  പുതിയ ഒറ്റപ്പെടലുകളുടെ ഭൂമി ശാസ്ത്രം ഇനിയും തെളിഞ്ഞു വരേണ്ടി യിരിക്കുന്നു. സമൂഹം  കൂടുതൽ വ്യക്തി കേന്ദ്രീകൃതമായി പരിണമിക്കുമ്പോൾ അത് കേരളത്തിലെ സമൂഹത്തിലും സാസ്‌കാരിക രംഗത്തും രാഷ്ട്രീയ കാലാവസ്ഥയിലും മാറ്റങ്ങൾ ഉണ്ടാക്കും.

Comments
Print Friendly, PDF & Email

ജോൺ സാമുവൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സാമൂഹിക-വികസന വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനും ആണ്. ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗത്തിൽ ആഗോള ഉപദേഷ്ഠാവും ഡയറക്റ്ററും ആയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര കൺസൾട്ടിംഗ് അഡ്വൈസർ. ഇന്ത്യയിലും അന്തരാഷ്ട്ര തലത്തിലും നിരവധി സാമൂഹിക സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങൾക്കും സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. കേരളത്തിൽ ഏകത പരിഷത്തിന്റെ പ്രസിഡന്റ്. ബോധിഗ്രാമിന്റെയും തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൽ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസ് സ്ഥാപകൻ.

You may also like