പൂമുഖം EDITORIAL കേരള രാഷ്ട്രീയത്തിന്റെ നാൾ വഴികൾ -1

കേരള രാഷ്ട്രീയത്തിന്റെ നാൾ വഴികൾ -1

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

േരളത്തിലെ സാമ്പത്തിക-സാമൂഹിക മാറ്റങ്ങൾക്കൊപ്പം രാഷ്ട്രീയ പരിസരവും രാഷ്ട്രീയ പാർട്ടികളും കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലങ്ങള്‍ക്കുള്ളില്‍ വളരെയേറെ മാറി. രാഷ്ട്രീയ പ്രക്രിയകളും രാഷ്ട്രീയ പാർട്ടികളുടെ സാമൂഹിക ചുറ്റുവട്ടവും തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങളും പാടെ മാറി.
ഇവയെക്കുറിച്ച്  ചില പ്രാഥമിക നിരീക്ഷണങ്ങൾ.
സംസ്ഥാനത്തെ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളുടെ തുടക്കം 1890 കളിലാണ്. ഇതിന് പ്രധാന കാരണം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന മുപ്പതു വർഷങ്ങളിൽ കേരളത്തിൽ തുടങ്ങിയ വിദ്യാലയങ്ങളും അതുവഴി വിദ്യാഭ്യാസത്തിന് സമൂഹത്തിൽ ഉണ്ടായ സാമ്പത്തിക-സാമൂഹിക സാധുതയും ആണ് ഒരു കാരണം . തിരു-കൊച്ചി ഭാഗങ്ങളിൽ ആണ് കൂടുതൽ വിദ്യാലയങ്ങൾ ഉണ്ടായത്. സ്വാഭാവികമായും സാക്ഷരതാനിലവാരം ഈ പ്രദേശങ്ങളിൽ മലബാർ മേഖലയേക്കാൾ മെച്ചപ്പെട്ടതായി  .
സാമൂഹിക  പരിവർത്തനത്തിന് തുടക്കം കുറിച്ചത്  പത്തൊമ്പതാം നൂറ്റാണ്ടിൽ ഇവിടെ പ്രവർത്തിച്ച മിഷനറി സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തകർ ആയിരുന്നു. അവർ മലയാള ഭാഷയെ ചിട്ടപ്പെടുത്തി അച്ചു നിരത്തി അച്ചടിച്ചു എല്ലാവര്‍ക്കും വായിക്കുവാനും പഠിക്കുവാനുമുള്ള അവസരത്തിന് തുടക്കമിട്ടു. സംസ്ഥാനത്തെ  ഭാഷാവികസന, വിദ്യാഭ്യാസ , വിനിമയ, പത്രപ്രവർത്തന മേഖലകളുടെ  തുടക്കം മിഷനറി സാമൂഹിക-സാംസ്കാരിക പ്രവർത്തനമാണ്. അടിമത്തത്തിനും ജാതി-മത വിവേചനങ്ങൾക്കും സ്ത്രീകള്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങൾക്കും എതിരെ ആദ്യം ശബ്ദമുയർത്തിയതും വിദേശികളായ മിഷനറി ആക്റ്റിവിസ്റ്റുകള്‍ ആയിരുന്നു. ഈഴവസ്ത്രീകള്‍ക്ക് മാറ് മറയ്ക്കുവാനുള്ള അവകാശം നേടിയെടുക്കാന്‍ 1859 ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഉണ്ടായ ‘ചാന്നാര്‍ ലഹള’ എന്ന രാഷ്ട്രീയ പ്രതികരണം കേരള രാഷ്ട്രീയ ചരിത്രത്തിലെ അങ്ങനെയുള്ള ആദ്യ അടയാളപ്പെടുത്തലുകളില്‍  ഒന്നാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ രണ്ടാം ദശകം മുതൽ ഇവിടെ പ്രവർത്തിച്ചു തുടങ്ങിയ സി.എം.എസ് (church mission society), എൽ.എം.എസ് (London Mission Society) എന്നിവയും പിന്നീട് മലബാർ മേഖലയിൽ പ്രവർത്തിച്ചു തുടങ്ങിയ ജർമൻ മിഷണറി കൂട്ടായ്മയായ ബെസൽ മിഷനും കേരളത്തിന്‍റെ ഭാഷാ- സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ  മേഖലകളിൽ പ്രാധാന്യമേറിയ  മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു.  ഈ സാമൂഹിക-സാംസ്കാരിക മാറ്റങ്ങൾ ചരിത്രത്തിൽ ഇടം കണ്ടെത്തിയിട്ടുണ്ടെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിൽ ഇവിടെ തുടങ്ങിയ മാറ്റങ്ങളെകുറിച്ച് ഗഹനമായ സാമൂഹിക ചരിത്ര ഗവേഷണങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്.
ഇവിടത്തെ തനതായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രവർത്തകർ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ  അന്ത്യ ദശകങ്ങളിൽ ആധുനിക വിദ്യാഭ്യാസത്തിന്‍റെ ആദ്യ പാഠങ്ങൾ പഠിച്ച  വരേണ്യ ജാതി-സമുദായങ്ങളിലെ ചെറുപ്പക്കാരായിരുന്നു. അന്നത്തെ തിരുവിതാംകൂർ-കൊച്ചി മേഖലയിൽ ഭൂമിക്കു മേൽ ഉടമസ്ഥാവകാശമുള്ള നമ്പൂതിരി-നായർ-നസ്രാണി സമൂഹങ്ങളിൽ ഉണ്ടായിരുന്ന ചെറുപ്പക്കാരായിരുന്നു ഇവര്‍ കേരളത്തിലും മദ്രാസ് യൂണിവേഴ്‌സിറ്റിയിലും പഠിക്കാന്‍ കൂടുതല്‍  സൗകര്യമു ണ്ടായിരുന്നത് ഇവര്‍ക്കായിരുന്നു .  അന്നുണ്ടായിരുന്ന അധികാര രൂപങ്ങൾ പിന്തുണച്ചതും സമൂഹത്തിൽ മേൽക്കോയ്മ ഉള്ള വിഭാഗങ്ങളെ മാത്രമായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലും  സാമൂഹിക-സാംസ്കാരിക-പത്രപ്രവർത്തക-രാഷ്ട്രീയ രംഗങ്ങളിൽ ഈ പതിവ് തുട്രന്നു. ഒരു പക്ഷെ ഇവിടെ  ആദ്യമായുണ്ടായ സർക്കാർ ഇതര സാമൂഹിക-സാംസ്കാരിക സംഘടന 1892 ൽ ഉണ്ടായ ഭാഷപോഷിണി സഭയായിരുന്നു. സഭയിലെ അംഗങ്ങൾ മിക്കവാറും സാമൂഹ്യ മേൽക്കോയ്മ ഉണ്ടായിരുന്ന ജാതി-മത വിഭാഗങ്ങളിൽ നിന്ന് മാത്രമായിരുന്നു. 1891 ൽ ബാരിസ്റ്റർ ജി.പി പിള്ളയുടെ നേതൃത്വത്തില്‍  ഉണ്ടായ മലയാളി മെമ്മോറിയൽ ആണ് കേരളത്തിലെ സാമൂഹിക -രാഷ്ട്രീയ പ്രഭാവങ്ങളുടെ തുടക്കം. അവിടെയും  താരതമ്യേന ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ അവസരം ഉണ്ടായിരുന്ന വരേണ്യ വിഭാഗങ്ങളിൽ പെട്ടവരായിരുന്നു ബഹുഭൂരിപക്ഷവും. 1896ൽ ഡോ. പല്‍പ്പുവിൻ നേതൃത്വത്തിൽ സമർപ്പിക്കപ്പെട്ട ഈഴവ മെമ്മോറിയൽ പാർശ്വവത്കരിക്കപ്പെട്ട സമുദായ സമൂഹങ്ങളിൽ നാമ്പെടുത്തു തുടങ്ങിയ സാമൂഹിക രാഷ്ട്രീയ പ്രക്രിയയുടെ ആദ്യ അടയാളപ്പെടുത്തൽ ആയിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യത്തെ രണ്ടു് ദശകങ്ങളിലാണ് കേരളത്തിലാകമാനം വിദ്യാഭ്യാസവും പത്ര പ്രവർത്തനവും സാമുദായിക പരിഷ്‌കാരങ്ങളും എല്ലാ ജാതി മതസ്ഥരുമായ സാമാന്യ ജനങ്ങളിലേക്ക് പതിയെ എത്തിത്തുടങ്ങിയത്. ഈ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയത് അതാതു ജാതി-മത-സമുദായ നേതാക്കളും അവർ പുതുതായി സംഘടിപ്പിച്ച സമുദായ സാമൂഹ്യ മുന്നേറ്റ സംഘടനകളും ആയിരുന്നു. ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയും, ചട്ടമ്പി സാമികളും, കണ്ടത്തിൽ വർഗീസ് മാപ്പിളയും, മന്നത്തു പദ്മനാഭനും, വക്കം മൗലവിയും, അബ്ദുർ റഹ്മാൻ സാഹിബ്ബും എല്ലാം സമുദായ പരിവർത്തന സാമൂഹിക രാഷ്ട്രീയത്തിനു പല തരത്തിൽ തുടക്കം കുറിച്ചവരായിരുന്നു. പാരമ്പര്യ സാമൂഹ്യ യാഥാസ്ഥിതിക ചുറ്റുപാടുകളും ആധുനിക സാമൂഹിക ചിന്തകളുമായി പുതിയ ഒത്തു തീർപ്പു ശ്രമങ്ങൾ കൂടിയായിരുന്നു അവരുടെ പൊതു പ്രവർത്തനം
എസ്. എൻ. ഡി.പി യും, എൻ.എസ്.എസും , ക്രിസ്തീയ സമുദായ വിഭാഗങ്ങളുടെ സംഘടനകളും രൂപമെടുത്തത്ത് ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ 25 വര്‍ഷങ്ങൾക്കുള്ളിലാണ്. അങ്ങനെ  കക്ഷി രാഷ്ട്രീയത്തിന് മുൻപ് തന്നെ സമുദായ സാമൂഹിക രാഷ്ട്രീയവും( civic politics) വിഭാഗീയ രാഷ്ട്രീയവും (sectarian politics) ഇവിടെ വേര് പിടിച്ചു. പലരും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നെങ്കിലും   1920 കളിലാണ് കേരളത്തിൽ  പൊതു രാഷ്ട്രീയ അവബോധവും സ്വാതന്ത്ര്യ സമര കാഴ്ചപ്പാടുകളും ഉണ്ടായിത്തുടങ്ങിയത്.  കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യ മുപ്പതു വർഷങ്ങളിൽ പത്രപ്രവർത്തനം ഒരു പുതിയ സാമൂഹിക രാഷ്ട്രീയത്തിന്‍റെ (civic politics) ഏറ്റവും സജീവമായ  നേർകാഴ്ചയായിരുന്നു.  വിവിധ സമുദായങ്ങളും  സമുദായങ്ങളിലെ വിദ്യാഭ്യാസം ഉള്ള ചെറുപ്പക്കാരും പത്രപ്രവർതനത്തിലൂടെ പൊതു രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ചതും അതുകൊണ്ടാണ്. വക്കം മൗലവിയും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയും ഒക്കെ കേരളത്തിലെ ആധുനിക സാമൂഹിക  രാഷ്ട്രീയത്തിന്‍റെ ആദ്യകാല പ്രവർത്തകർ ആയിരുന്നു.
1920 കളിലും 1930 കളിലും രൂപ പെട്ടുവന്ന സംസ്ഥാനത്തെ സാമുദായിക സമൂഹ രാഷ്ട്രീയവും അതിന്‍റെ ചുവട് പിടിച്ചു വന്ന കോൺഗ്രസ്സ് പാർട്ടിയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി ധാരകളും ആണ് കേരള രാഷ്ട്രീയത്തിന്‍റെ ഡി.എൻ.എ യിൽ ഉള്ളത്. 1920 കളിൽ ഉയർന്നുവന്ന സമുദായ സാമൂഹിക രാഷ്ട്രീയവും 1930 കളിൽ ഉണ്ടായ കക്ഷി രാഷ്ട്രീയവും ഇന്നും കേരള രാഷ്ട്രീയത്തിലെ രണ്ടു പ്രധാന ധാരകൾ ആണ്. ഇന്നും കേരളത്തിലെ കക്ഷി രാഷ്ട്രീയ പ്രക്രിയകളിൽ സമുദായ സാമൂഹിക രാഷ്ട്രീയം ഒളിഞ്ഞും തെളിഞ്ഞും പ്രഭാവം നടത്തുന്നുണ്ട്. 1930 കളിൽ ഉണ്ടായ നിവർത്തന പ്രസ്ഥാനവും അതേ കാലയളവിൽ ഉണ്ടായ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും പിൽക്കാല രാഷ്ട്രീയ , സാമൂഹിക , സമുദായ രാഷ്ട്രീയ പരിണാമങ്ങളെ പല തരത്തിൽ ബാധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിയതമായ കക്ഷി രാഷ്ട്രീയ ധാര തുടങ്ങുന്നത് 1930 കളിലും 1940 കളിലുമാണ്. 1920 കളിൽ ചെറിയ രാഷ്ട്രീയ പാർട്ടി ഉദ്യമങ്ങൾ ഉണ്ടായെങ്കിലും 1930 മുതൽ ആണ് കേരള സമൂഹത്തിൽ രാഷ്ട്രീയ കക്ഷികൾ മാറ്റങ്ങൾ വരുത്തുവാൻ തുടങ്ങിയത്. വൈക്കം സത്യാഗ്രഹവും ക്ഷേത്ര പ്രവേശന വിളംബരവും  ഗുരുവായൂർ സത്യാഗ്രഹവും മനോരമ പത്രത്തിന്‍റെ അടച്ചു പൂട്ടലും എല്ലാം കേരളത്തിലെ സാമുദായിക-സാമൂഹിക-കക്ഷി രാഷ്ട്രീയങ്ങളുടെ  (communitarion, civic and party politics) തുടക്കത്തിന്‍റെ അടയാളപ്പെടുത്തൽ ആയിരുന്നു. ഇന്നും  സമുദായ രാഷ്ട്രീയവും, സാമൂഹിക രാഷ്ട്രീയവും , കക്ഷി രാഷ്ട്രീയവും കേരള രാഷ്ട്രീയത്തിലെ  മൂന്നു പ്രധാന ധാരകൾ ആണ്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ  മുന്നിൽ രാഷ്ട്രീയ പാർട്ടികൾ ആണെങ്കിലും അതിന്‍റെ പിന്നിൽ സമുദായ രാഷ്ട്രീയ പ്രഭാവങ്ങൾ പല തരത്തിലും പല തലത്തിലും ഉണ്ട്. സാമൂഹിക രാഷ്ട്രീയ ധാര കേരള രാഷ്ട്രീയത്തില്‍ ഒരു തിരുത്തൽ ശക്തി ആയി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം പ്രവർത്തിക്കുന്ന ശക്തിയാണ് .

Comments
Print Friendly, PDF & Email

ജോൺ സാമുവൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സാമൂഹിക-വികസന വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനും ആണ്. ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗത്തിൽ ആഗോള ഉപദേഷ്ഠാവും ഡയറക്റ്ററും ആയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര കൺസൾട്ടിംഗ് അഡ്വൈസർ. ഇന്ത്യയിലും അന്തരാഷ്ട്ര തലത്തിലും നിരവധി സാമൂഹിക സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങൾക്കും സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. കേരളത്തിൽ ഏകത പരിഷത്തിന്റെ പ്രസിഡന്റ്. ബോധിഗ്രാമിന്റെയും തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൽ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസ് സ്ഥാപകൻ.

You may also like