ജോണ്‍ സാമുവല്‍

ജോണ്‍ സാമുവല്‍
ജോൺ സാമുവൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സാമൂഹിക-വികസന വിദഗ്ധനും മനുഷ്യാവകാശ പ്രവർത്തകനും ആണ്. ഐക്യരാഷ്ട്രസഭയുടെ വികസന വിഭാഗത്തിൽ ആഗോള ഉപദേഷ്ഠാവും ഡയറക്റ്ററും ആയിരുന്നു. ഇപ്പോൾ അന്താരാഷ്ട്ര കൺസൾട്ടിംഗ് അഡ്വൈസർ. ഇന്ത്യയിലും അന്തരാഷ്ട്ര തലത്തിലും നിരവധി സാമൂഹിക സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങൾക്കും സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. കേരളത്തിൽ ഏകത പരിഷത്തിന്റെ പ്രസിഡന്റ്. ബോധിഗ്രാമിന്റെയും തിരുവന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിൽ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസ് സ്ഥാപകൻ.
വിന്നി മണ്ടേലയുടെ അന്ത്യയാത്രയോടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഒരു യുഗം അവസാനിക്കുകയാണ് . അവരുടെ ജീവിതം പല രീതിയിലും അസാധാരണമായിരുന്നു .
വിന്നി മണ്ടേലയുടെ ആദ്യ പേര് നോം സാമോ ( Nomzamo). അവരുടെ ക്സോസ ( Xhosa) ഭാഷയില്‍ ആ പേരിന്റെ അര്‍ത്ഥം ” പരിശ്രമിക്കുന്നവള്‍” എന്നാണ്. ഒരു അര്‍ത്ഥത്തില്‍ അവരുടെ ജീവിതം സമരത്തിന്റേയും അതിജീവനത്തിന്റേയും കഥയാണ്. 1957 ല്‍ നെല്സന് മണ്ടേലയെ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 22 വയസ്സായിരുന്നു. മണ്ടേലക്ക് 38ഉം. അത് മണ്ടേലയുടെ രണ്ടാം വിവാഹമായിരുന്നു .
ആദ്യഭാര്യ എവിലിന് മേസ് എന്ന നെഴ്സുമായി പതിനാലു കൊല്ലത്തെ ജീവിതത്തിനു ശേഷമാണ് മണ്ടേല വിന്നിയെ വിവാഹം ചെയ്തത്. ആദ്യ ബന്ധത്തിൽ മണ്ടേലക്ക് നാലു മക്കള്‍ ഉണ്ട്. അദ്ദേഹത്തിന്റെ ‘A long walk to Freedom’ എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും ഏവിലിന്റെ കാഴ്ച്ചപ്പാടും ഒത്തു പോയില്ല എന്നാണ്. മണ്ടേലയ്ക്കു മറ്റു ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നതാണ് കാരണമെന്നായിരുന്നു എവിലിന് പറഞ്ഞത് .
എന്തായാലും എവിലിന് രാഷ്ട്രീയ ആക്റ്റിവിസമുപേക്ഷിച്ചു, പിന്നീട് ‘യഹോവ സാക്ഷി’ സഭയുടെ മിഷനറി ആയി. മണ്ടേലയുമായി പിന്നീട് ഒരിക്കലും ബന്ധപെട്ടിട്ടില്ല. അവര്‍ 2004 ലാണ് മരിച്ചത് .
വിന്നി കാണുന്ന സമയത്ത് മണ്ടേല ഒരു സമരനായകനും സെലിബ്രിറ്റിയുമായിരുന്നു . അവരുടെ വിവാഹം 38 കൊല്ലം നീണ്ടതായിരുന്നു എങ്കിലും അവര്‍ ഒരുമിച്ചു ജീവിച്ചത് 5 കൊല്ലത്തില്‍ താഴെയാണ് . 1963 ല്അറസ്റ്റിലായ മണ്ടേല പുറത്തു വരുന്നത് 1990 ലാണ് . ഭര്‍ത്താവുമൊത്ത് ഒരു സാധാരണ കുടുബ ജീവിതം അനുഭവിച്ചിട്ടില്ലെന്ന് അവര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. ആ കാലത്ത് മണ്ടേല വളരെ തിരക്കിലായിരുന്നു . അവരുടെ രണ്ടു പെണ്മക്കളുടെ ജനന സമയത്ത് പോലും മണ്ടേല ഏറെ തിരക്കിലായിരുന്നു .
മണ്ടേല അറസ്റ്റില്‍ ആയതിനു ശേഷം അവര്‍ നേരിട്ട വെല്ലുവിളികള്‍ വലുതായിരുന്നു. രണ്ടു കൊച്ചു കുട്ടികളുമായി, സാമ്പത്തിക സഹായമൊന്നുമില്ലാതെ, ഒറ്റയ്ക്ക് അവര്‍ പൊരുതി നിന്നു . അറുപതുകളിലെ അവരുടെ കഥ ഒരു മദര്‍ കറേജിന്റെ അതിജീവനത്തിന്റേതാണ് . അന്നത്തെ അപ്പാത്തൈഡ് ഭരണകൂടം അവരെ അത്രമാത്രം പീഡിപ്പിച്ചു . 1969 ല്‍ ഏകാന്ത ജയില്‍ വാസത്തിനു വിധിച്ചതോട് കൂടിയാണ് അവരെ ലോകം അറിഞ്ഞത്. കൊച്ചുകുട്ടികള്‍ ആയിരുന്ന മക്കളെ നോക്കിവളര്‍ത്തിയത് അവരുടെ കൂട്ടുകാരായിരുന്നു.
1970 കളില്‍ അവര്‍ വര്‍ണ്ണ വിവേചന സമരത്തിന് എതിരെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മുന്നണി പോരാളിയും ലോകമറിയുന്ന നേതാവുമായി. അന്നാണ് രാഷ്ട്ര മാതാവ് (Mother of Nation )എന്ന് അവരെ ജനം വിളിച്ചുതുടങ്ങിയത് . അവര്‍ അതികായയായ നേതാവായി വർണ്ണ വിവേചനതിനെതിരെയുള്ള ഒരു ലോക ഐക്കൺ ആയി മാറുകയായിരുന്നു. ആ കാലത്ത് ആണ് ഞാൻ അവരെക്കുറിച്ച് വായിച്ചറിഞ്ഞത്.
1980 കളില്‍ വിന്നി മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ തന്നെ കൂടുതല്‍ അക്രമോല്സുകമായ ഒരു വിഭാഗത്തിന്റെ നേതാവായി. 1985 ഓടെ അവര്‍ വലിയ അധികാരങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളും ഉള്ള നേതാവായി. 1984 ല്‍ റോബര്‍ട്ട് കെന്നഡി അവാര്‍ഡ് ലഭിച്ചതോടെ അവര്‍ക്ക് വിദേശ സാമ്പത്തിക സഹായവും ലഭിച്ചു തുടങ്ങി . അതോടെ എ എന്‍ സി യിലെ ഒരു വലിയ അധികാര കേന്ദ്രമായി വിന്നിയും സംഘവും മാറി.
അന്ന് സര്‍ക്കാരിന് വിവരം ചോര്‍ത്തികൊടുക്കുന്ന ആളുകളെ പല രീതിയില്‍ വക വരുത്തുന്ന എ എന്‍ സി സംഘങ്ങള്‍ ഉണ്ടായിരുന്നു. ചാരന്മാരുടെ കഴുത്തില്‍ മണ്ണെണ്ണ ഒഴിച്ച് ടയര്‍ ചാര്‍ത്തി തീവച്ച് കൊല്ലുക തുടങ്ങിയ അതിക്രൂരശിക്ഷാരീതികള് പതിവാ യിരുന്നു . ഇതിനു ‘നെക് ലെസ്’ ‘ എന്നാണു പറഞ്ഞിരുന്നത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ തന്നെ ഇതിനെതിരായിരുന്നു പ്രധാന നേതാക്കളില്‍ പലരും . പക്ഷെ വിന്നി മണ്ടേല ഇങ്ങനെയുള്ള ആക്രമണങ്ങളെ ന്യായീകരിക്കുക മാത്രമല്ല അതിനു പല തരത്തിലും നേതൃത്വം നല്‍കുകയും ചെയ്തു .
സ്വെട്ടയിലളെ മണ്ടേല യുനൈറ്റെഡ് ഫുട്ബോള്‍ ക്ലബ് (MUFC) ഒരു പക്ഷെ വിന്നിയുടെ പേരിനും പ്രശസ്തിക്കും കളങ്കമേല്‍പ്പിച്ചു . ഈ ക്ലബ്ബിലെ ആള്‍ക്കുട്ടവും അവിടുത്തെ പ്രധാനികളും, കൈയൂക്കുകൊണ്ട് ഭയം സൃഷ്ട്ടിക്കുന്ന, വിന്നിയുടെ സംഘമായി മാറി . അവരാണ് സ്റ്റോമ്പി എന്ന പതിനാലുകാരനെ ചാരനെന്നു സംശയിച്ചു തട്ടി കൊണ്ട് പോയതും 1988 ഡിസംബറില്‍, കൊന്ന് വഴിയരുകിൽ തള്ളിയതും. കേസില്‍ അവര്‍ക്കെതിരെയായിരുന്നു കോടതി വിധി. 1990 ല്‍ മണ്ടേല ജയില്‍ മോചിതനായ പ്പോസ്ഴേക്കും അവര്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ വിവാദ നായികയായി മാറിയിരുന്നു. അന്നും ഒരുപാട് പേര് അവരുടെ കൂടെയുണ്ടായിരുന്നു . എ എന്‍സി യുടെ ഒരു വിഭാഗത്തില്‍ അവര്‍ അന്നും ശക്തയായിരുന്നു.
1990 ല്‍ മണ്ടേല പുറത്തു വന്നതോടെ കാര്യങ്ങള്‍ അവരുടെ കൈയില്‍ നിന്നും പിടി വിട്ട് പോകാന്‍ തുടങ്ങി. അവരുടെ പല വഴിവിട്ട ബന്ധങ്ങളുടേയും കഥ പത്രങ്ങളില്‍ വരുവാന്‍ തുടങ്ങി. അവയില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിയത് അവരേക്കാള്‍ 30 വയസ്സിന് ഇളയ ഒരു ലോയറുമായുള്ള ബന്ധമായിരുന്നു. അതുൾപ്പടെ പല കാരണങ്ങള്‍ കൊണ്ടും അവര്‍ രണ്ടു കൊല്ലത്തിനകം 1992 ല്‍ മണ്ടേലയുമായി പിരിഞ്ഞു. അന്ന് മണ്ടേല നടത്തിയ പ്രസ് മീറ്റ് വളരെ ശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്. അവരുടെ വേര്‍പിരിയല്‍ എഴുതി തയാറാക്കിയ ഒരു കുറിപ്പ് വായിച്ചാണ് അദ്ദേഹം അറിയിച്ചത്. അത് അവരോടുള്ള അസാധാരണ സ്നേഹം പറഞ്ഞുകൊണ്ടുള്ള ഒന്നായിരുന്നു:
” “During the two decades I spent on Robben Island she was an indispensable pillar of support and comfort… My love for her remains undiminished.” There was a general intake of breath. Then he continued: “We have mutually agreed that a separation would be the best for each of us… I part from my wife with no recriminations. I embrace her with all the love and affection I have nursed for her inside and outside prison from the moment I first met her.”
വിന്നിയുടെ രാഷ്ട്രീയ വ്യവഹാരങ്ങളെ മൂന്നു ഘട്ടമായി തിരിക്കാം. ആദ്യത്തേതില്‍ പൊരുതുന്ന ചെറുപ്പക്കാരി സ്ത്രീയും അമ്മയും. വീറും ചുണയുമുള്ള പോരാളി. രണ്ടാം ഘട്ടം എഴുപതുകളിൽ. ആഫ്രിക്കൻ നാഷനൽ കോണ്‍ഗ്രസ് ഏറ്റവും വലിയ വെല്ലുവിളി നേരിട്ടപ്പോൾ മുന്നിൽ നിന്ന് നയിച്ച നേതാക്കളിൽ പ്രമുഖ. 1980 കളിൽ എ എൻ സി യിൽ വിഭാഗീയതകൾ ഉണ്ടായപ്പോള്‍, കൂട്ടത്തില്‍ പോപ്പുലറും അക്രമോല്സുകവും ആയ നെക്ക്ലെസ് വിഭാഗത്തിന്റെ വക്താവ്. 1960 -70 കളിലെ പഴയ വിന്നിയിൽ നിന്നും മാറി 1990 ആയപ്പോഴേയ്ക്ക് അധികാരവും, കൈയ്യൂക്കും പണവും വൻ സ്വാധീനവും ഉള്ളയാൾ എന്ന നിലയില്‍ ഒരു പവർ സെന്റര്‍ ആയി. അതോടു കൂടി മറ്റുള്ളവർ അവർക്കെതിരെ തിരിഞ്ഞു. മണ്ടേല ജയിലിൽ നിന്ന് ഇറങ്ങിയശേഷം അവരുടെ അപ്രമാദിത്തത്തേയും അധികര നെറ്റ് വര്‍ക്കിനേയും പിന്താങ്ങുവാൻ അദ്ദേഹം വിസമ്മതിച്ചു. അങ്ങനെ ഫലത്തിൽ അവര്‍ അദ്ദേഹത്തിന്റെ വിമർശക ആകുകയും 1994 ൽ ഔദ്യോഗികമായി ബന്ധം വേർപിരിയുകയും ആയിരുന്നു.
വിന്നി മണ്ടേലയെ ഞാൻ മൂന്ന് തവണ നേരിൽ കണ്ടിട്ടുണ്ട്. രണ്ടു പ്രാവശ്യം സൌത്ത് ആഫ്രിക്കയില്‍ വച്ചും ഒരു തവണ വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ വെച്ചും . ഒരു തവണ സംസാരിച്ചിട്ടുണ്ട്. വളരെ ഗ്രിട്ടും കരിസ്മയും ഉള്ള നേതാവ്. അവര്‍ അസാധാരണ വ്യക്തിത്വവും തന്റേടവും ധൈര്യവുമുള്ള ഒരു നേതാവായിരുന്നു. അവരുടെ കഴിവിന് അനുസരിച്ചുള്ള പദവികള്‍ സര്‍ക്കാരില്‍ അവര്‍ വഹിച്ചില്ല . രണ്ടു കൊല്ലത്തോളം ഒരു ഡെപ്യൂട്ടി മിനിസ്റ്ററായിരുന്നു . എന്തൊക്കെ വിവാദം ഉണ്ടായെങ്കിലും അവര്‍ അസാമാന്യ ധൈര്യവും കാര്യപ്രാപ്തിയും ഉള്ളവളും വര്‍ണ്ണ വിവേചനത്തോട് വിട്ടുവീഴ്ച്ചയില്ലാതെ പൊരുതിയ നേതാവുമായിരുന്നു. ആരുടെ മുന്നിലും തല കുനിക്കാത്ത മദര്‍ കറേജ് ആയിരന്നു മാമ്മ മണ്ടേല !!!
കേരള രാഷ്ട്രീയ മാറ്റങ്ങളുടെ നാൾ വഴികൾ 4
ഇന്ത്യൻ രാഷ്ട്രീയവും കേരള രാഷ്ട്രീയവും.
കേരളത്തിൽ കഴിഞ്ഞ അറുപത് വർഷങ്ങളിൽ ഉണ്ടായ രാഷ്ട്രീയ പരിണാമങ്ങളെ ഇന്ത്യയിലെ രാഷ്ട്രീയ മറിവ് തിരുവകളുടെ ചരിത്രത്തിൽ നിന്ന് വേറിട്ട് കാണുവാനാകില്ല. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ ഇങ്ങു തെക്കു പടിഞ്ഞാറേ അറ്റത്തു സ്ഥിതി ചെയ്യുന്ന 20 ലോക്സഭാ അംഗങ്ങൾ മാത്രമുള്ള കേരളത്തിന് എന്തെകിലും കാര്യമായ പ്രസക്തി ഉണ്ടായിരുന്നോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. മറിച്ചു ഇന്ത്യൻ ദേശീയ രാഷ്ട്രീയം കേരള രാഷ്ട്രീയ മാറ്റങ്ങളെ സ്വാധീനിച്ചു എന്നതിൽ തർക്കമില്ല.
ഇവിടെ ഇന്ത്യൻ ദേശീയ രാഷ്ട്രീയ പരിണാമങ്ങളെ കുറിച്ച് ചില പ്രാഥമിക നിരീക്ഷണങ്ങൾ കുറിക്കുന്നത് കേരള രാഷ്ട്രീയ മാറ്റങ്ങളെ ഒരു വിപുലമായ തലത്തിൽ മനസ്സിലാക്കാനും കൂടിയാണ്.
കോൺഗ്രസ്സ് സംവിധാനവും ഇന്ത്യൻ രാഷ്ട്രീയവും.
ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് 1992 മുതലാണ്. സ്വാതന്ത്ര്യ സമരകാലം മുതൽ രാജ്യത്താകമാനം വളർന്ന കൊണ്ഗ്രെസ്സ് രാഷ്ട്രീയ സംവിധാനം അതിന്റെ അന്ത്യ ശ്വാസം വലിക്കുവാൻ തുടങ്ങിയത് 1980കളുടെ അവസാനത്തിലായിരുന്നു. എന്തായിരുന്നു ഈ കൊണ്ഗ്രെസ്സ് രാഷ്ട്രീയ സംവിധാനം? ഇത് ഗാന്ധി-നെഹ്റു-വല്ലഭായ് പട്ടേൽ നേതൃത്വം 1930 കൾ വളർത്തിയെടുത്ത ഒരു രക്ഷകർതൃ ഇന്ത്യൻ രാഷ്ട്രീയ സമവായ സമീപനം ആയിരുന്നു. ഗാന്ധിയുടെ നൈതീക ഉൾകൊള്ളൽ രക്ഷകർത്ര രാഷ്ട്രീയം( an inclusive and ethical politics of patronising) ആയിരുന്നു അതിന്റെ കാതൽ. അതോടൊപ്പം നെഹ്രുവിന്റെ ആധുനിക ജനാധിപത്യ സെക്കുലർ സമീപനവും പട്ടേലിന്റെ സമവായ ഒത്തു തീർപ്പൽ മൃദു ഹിന്ദു ദേശീയ സമീപനവും വിളക്കി ചേർത്ത് ഉണ്ടായൊരു പാൻ-ഇന്ത്യൻ ദേശ രാഷ്ട്രീയ സമീപനം ആയിരുന്നു ഇത്.
ഈ സമീപനത്തിന്റെ രാഷ്ട്രീയ നേതൃത്വം വടക്കു -പടിഞാറെ ഇൻഡിയിലെ മേൽക്കോയ്മ ജാതിയിൽ നിന്നുള്ളവരുടെ കൈകളിൽ ആയിരുന്നു എങ്കിലും ഇൻഡിയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജാതി സാമൂഹങ്ങളെയും, ന്യുനപക്ഷ സാമൂഹങ്ങളെയും കരുതിയ ഒരു ഒത്തുതീർപ്പൽ പാൻ-ഇന്ത്യൻ സമവായ ജനാധിപത്യ രാഷ്ട്രീയമായിരുന്നു. ഈ ഒത്തുതീർപ്പു സമവായ രാഷ്ട്രീയം( accomodative political consensus) ഇൻഡിയിലെ എല്ലാ ജനങ്ങളെ ഉൾകൊള്ളാൻ ശ്രമിച്ചപ്പോഴും അതിന്റെ ഉള്ളിൽ വടക്കു-പടിഞ്ഞാറേ ഇൻഡിയിലെ ജാതി-രാഷ്ട്രീയ മേൽക്കോയ്മ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.
അതുകൊണ്ടു തന്നെയാണ് കോൺഗ്രസ്സ് ബദൽ രാഷ്ട്രീയം തെക്കേ ഇന്ത്യയിലും ബംഗാളിലും വടക്കു കിഴേക്കെ ഇന്ത്യയിലും ആദ്യമായി വളർന്നത്. കാരണം കോൺഗ്രസിന്റെ വടക്കു പടിഞ്ഞാറേ ഇന്ത്യയിൽ ഉള്ള മേക്കോയ്മ രാഷ്ട്രീയത്തിൽ ഈ ഭാഗത്തു നിന്നുള്ള നേതാക്കൾ വിരളം ആയിരുന്നു. ബംഗാളിൽ നിന്നുള്ള നേതാജിയും മറ്റും കോൺഗ്രസിന് പുറത്തായതും രാജഗോപാലചാരി സ്വതന്ത്ര പാർട്ടി ഉണ്ടാക്കിയതും അംബേദ്കർ ജാതിമേല്കൊയ്മ രക്ഷകർതൃ രാഷ്ട്രീയത്തെ ചോദ്യം ചെയ്തതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ബീഹാറിൽ നിന്ന് ഡോ. രാജേന്ദ്ര പ്രസാദ് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹവും ജന്മി വരേണ്യ വിഭാഗത്തിന്റെ പ്രതിനിധി ആയിരുന്നു.
പിൽക്കാല രാഷ്ട്രീയം പരിശോധിച്ചാൽ ദ്രാവിഡ രാഷ്ട്രീയവും, ബീഹാറിലും കര്‍ണാടകത്തിലും വളർന്ന സോഷ്യലിസ്റ്റ് ധാരകളും കേരളത്തിലും ബംഗാളിലും വേര്പിടിച്ച കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളും, പഞ്ചാബിലെ അകാലി രാഷ്ട്രീയവും വടക്കു കിഴേക്കെ ഇന്ത്യയിലെ വിഘടന രാഷ്ട്രീയവും , കാശ്മീരിലെ പ്രതിക്രിയ രാഷ്ട്രീയവുമെല്ലാം ഒരു പരിധിവരെ വടക്കു-പടിഞ്ഞാറേ ഇൻഡ്യയിലെ വരേണ്യ ജാതി കോൺഗ്രസ്സ് മേല്കൊയ്മക്ക് എതിരെയുള്ള ബദൽ രാഷ്ട്രീയ സംരംഭങ്ങൾ ആയി കാണുവാൻ കഴിയും. ഇൻഡിയിലെ രാഷ്ട്രീയ മേൽക്കോയ്മ രാഷ്ട്രീയ സമവായത്തിന് പുറത്തായിരുന്ന ആദിവാസി സമൂഹങ്ങളിൽ ആണ് തീവ്ര രാഷ്ട്രീയ ധാരയായ മാവോയിസം പ്രഭാവം ചിലത്തിയത് എന്നത് മറന്നുകൂടാ.
വടക്കു പടിഞ്ഞാറേ സംസ്ഥാങ്ങളിൽ ആയിരുന്നു കോൺഗ്രസിന് എന്നും മുൻതൂക്കം. പഴയ യു.പി, എം.പി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത് , പിന്നെ ഒരു പരിധി വരെ ബീഹാറിലും ആയിരുന്നു കോൺഗ്രസിന് മേൽക്കോയ്മ ഉണ്ടായിരുന്നത്. കൊണ്ഗ്രെസ്സ് നേതൃത്വ മേല്കൊയ്മയിൽ ഉള്ള എല്ലാവരും തന്നെ വടക്കു പടിഞ്ഞാറു നിന്നുള്ള വരേണ്യ ജാതിയിൽ ഉള്ളവർ ആയിരുന്നു. അവരെ പിന്തുണച്ചത് ആ ഭാഗത്തു നിന്നുള്ള മാർവാടി ബിസ്സിനസ്സ് താല്പര്യങ്ങൾ ആയിരുന്നു. ബിർളയും ഡൽമിയായും പിന്നെ ടാറ്റയും ഒക്കെ കൊണ്ഗ്രെസ്സ് സംവിധാനത്തിന്റെ പുറകിൽ ഉണ്ടായതും ആകസ്മികമല്ല.
വടക്കു പടിഞ്ഞാറേ സംസ്ഥാനങ്ങളിൽ ഉള്ള ജനസംഖ്യ കൂടുതൽ ഉള്ളതിനാലും കൂടുതൽ ലോക്സഭ സീറ്റുകൾ ഉള്ളതിനാലും കൊണ്ഗ്രെസ്സ് പാർട്ടി സംവിധാനത്തിന് ഭരണം പിടിക്കാൻ പ്രയാസമില്ലായിരുന്നു. 1950 മുതൽ 1990 വരെയുള്ള രാഷ്ട്രീയ ചരിത്രത്തിൽ കോൺഗ്രസിലെ മുൻ നിര നേതാക്കൾ എല്ലാം മൂന്നോ നാലോ സംസ്ഥാങ്ങളിൽ നിന്നുള്ളവരായിരുന്നു. കോൺഗ്രസ്സ് പാർട്ടിയുടെ ജന്മവും വളർച്ചയും ഉണ്ടായത് പഴയ ബോംബെ പ്രെസിഡൻസിയിൽ ആയിരുന്നു. കോൺഗ്രസിന്റെ നേതൃത്വം ആദ്യകാലങ്ങളിൽ കൈയാളിയത് മഹാരാഷ്ട്ര വരേണ്യ ബ്രാഹ്മണരും ബംഗാളി ബ്രാഹ്മണരും പിന്നെ ബോംബെയിലെ നവ ബിസിനസ്സുകാരുടെ പ്രതിനിധികളും ആയിരിന്നു. അതുകൊണ്ടു തന്നെയാണ് ഗോഖലയും, ബാല ഗംഗാധര തിലകും, ബോംബയിൽ നിന്നുള്ള ദാദാബായി നവരോജിയും പിന്നീട് ജിന്നയും കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ മുന്നിലേക്ക് വന്നത്.
ഇന്ത്യൻ ദേശീയത ആഖ്യാനങ്ങൾ
ബ്രിട്ടീഷ് കോളനി വാഴ്ചെക്കെതിരെ ഉള്ള ഒരു ബദൽ രാഷ്ട്രീയമായാണ് ഇന്ത്യൻ ദേശീയ കാഴ്ചപ്പാട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഉണ്ടായത്. ഇന്ത്യയിൽ ബ്രാംമണ നേത്രത്തിൽ ഉണ്ടായ പ്രധാന അധികാര സാമ്രാജ്യത്വം പേഷ്വാ സാമ്രാജ്യം ആയിരുന്നു. ഇപ്പോൾ മഹാരാഷ്ട്ര എന്ന പ്രദേശത്തെ പഴയ രാഷ്ട്രീയ ധാരയിൽ രണ്ടു ചേരുവകൾ ഉണ്ടായിരുന്നു. ഒന്ന് മുസ്ലിം ആധിപത്യത്തിൽ ഉള്ള മുഗൾ ഭരണത്തോട് ഉള്ള മാറാത്ത എതിർപ്പ്. ഔരംഗസേബിന്റെ ഭരണ ചരിത്രം മറാത്തി ദേശവുമായുള്ള യുദ്ധ ചരിത്രം കൂടിയാണ്. മാറാത്ത സാമ്രാജ്യം ഇൻഡിയിലെ പലയിടത്തും വെരുറപ്പിച്ചു. അതിനു ശേഷം വന്ന പേഷ്വാഭരണം ബ്രാംമണ ഭരണം ആയിരുന്നു. അത് പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് അധിപത്യത്തോടുള്ള യുദ്ധത്തിൽ ആയിരുന്നു. അതുകൊണ്ടു തന്നെ തിലകനും മറ്റും വളർത്തിയെടുത്ത ഇന്ത്യൻ ബദൽ ദേശീയത്തിനെ അന്നത്തെ ബ്രാഹ്മണ മേൽക്കോയ്മ സാമൂഹിക-സാംസ്ക്കാരിക രാഷ്ട്രീയ കാലാവസ്ഥയിൽ വായിച്ചെടുക്കണ്ടതായിട്ടുണ്ട്.
എന്തുകൊണ്ടാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ പൂനയിൽ വലിയ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനായ ജ്യോതി ഫുലെയുടെ ദളിത് രാഷ്ട്രീയ നിലപാടുകൾ ഇന്ത്യൻ ദേശീയ രാഷ്ട്രീയ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ പോലും സ്ഥാനം പിടിക്കാഞ്ഞത്.? ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഒരു ബദൽ ഇന്ത്യൻ ദേശീയ ആഖ്യാനം പ്രധാനമായും രൂപപ്പെടുത്തിയത് പൂന ബ്രമ്മാണരും കൽക്കട്ട ബ്രമ്മാണരും ആണ്. അതുകൊണ്ടു തന്നേ അതിന്റെ ചിന്ഹങ്ങളും അർത്ഥ വ്യഹങ്ങളിലും ജാതി മേല്കൊയ്മയുടെ ചേരുവകൾ ഉണ്ടായിരുന്നു. ‘ഭാരത മാതാ’ പോലുള്ള ആശയങ്ങൾ അന്നാണ് ഇന്ത്യൻ രാഷ്ട്രീയ നിഘണ്ടുവിൽ സ്ഥാനം പിടിച്ചത്.
ബംഗാളിന്റെ വിഭജനത്തോടെ പതിയെ കൽക്കട്ട ബ്രാംമണ വരേണ്യർ പതിയെ കളുമൊഴിഞ്ഞു. അരബിന്തോ ഘോഷ് പോലുള്ളവർ വഴി പിരിഞ്ഞു പോയി. തിലകിന്റെ മരണത്തോട് കൂട് കോൺഗ്രസിൽ പൂന ബ്രമ്മാണ ആധിപത്യം ഒഴിഞ്ഞു.
1920ൽ കൾ മുതൽ ഗാന്ധിയുടെ നേത്രത്തിൽ വളർത്തിയ ദേശീയ ആഖ്യാനത്തിന് ഒരു പാൻ-ഇന്ത്യൻ സ്വഭാവം ഉണ്ടായിരുന്നു. ഗാന്ധിയുടെ ദേശീയ രാഷ്ട്രീയ പ്രവേശം തന്നെ ഖിലാഫത് പ്രസ്ഥാനത്തിൽ പങ്കെടുത്തു കൊണ്ടായിരുന്നു എന്നത് ഇതിനോട് ചേർത്തുകാണാം. അങ്ങനെയുള്ള ഒരു ഗാന്ധിയൻ പാൻ ഇന്ത്യൻ ദേശീയത ഒരു പുതിയ ഉള്കൊള്ളൽ സമവായ ദേശീയ രാഷ്ട്രയത്തിന്റെ നാന്ദി ആയിരിന്നു. അതിനു ബദലായി ആണ് തിലകിന്റെ പഴയ ബ്രമ്മാണ ദേശീയ വാദം പൂനയിലെ തിലകന്റെ രാഷ്ട്രര്യ പിന്മുറക്കാർ പൊടി തട്ടി എടുത്തു പഴയ പേഷ്വാ-മാറാത്ത അധികാര ഗ്രഹാതുര്വതങ്ങളോടെ പുനരുജ്ജീവിപ്പുക്കുവാൻ തുടങ്ങിയത്.
അവിടെ നിന്നാണ് മഹാരാഷ്ട്ര ബ്രാഹ്മണ മേല്കൊയ്മയിൽ രാഷ്ട്രീയ സ്വയം സംഘ് എന്ന പേരിൽ ആർ.എസ്.എസ് തുടക്കം കുറിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ആർ. എസ്.എസിന്റെ തലപ്പത്തു ഡോ. ഹെഡ്ഗവാർ മുതൽ മോഹൻ ഭഗവത്ത് വരെയുള്ളവർ ഭരിക്കുന്നതും , ഇന്ത്യൻ ദേശീയത എന്നാൽ പഴയ ബ്രാഹ്മണ മേധാവിത്വ ദേശീയതയാണെന്നു വരുത്തിത്തീർക്കാൻ അക്ഷീണം പരിശ്രമിക്കുന്നതും. ഗാന്ധിയുടെ ദേശീയ കാഴ്ചാപ്പാടുകളെ അവർക്കു ദഹിക്കാൻ നിർവാഹമില്ലാത്തതു കൊണ്ടാണ് ഒരു പൂന ബ്രാഹ്മണൻ തന്നെ ഗാന്ധിയെ വെടിവച്ചു കൊന്നത്.
ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തിൽ പ്രധാനമായും മൂന്ന് സമാന്തര ആഖ്യാനങ്ങൾ ഇന്ത്യൻ ദേശീയ സങ്കൽപ്പത്തെ കുറിച്ചുണ്ട്. ഒന്നാമതത്ത് ഗാന്ധിയുടെ സർവ്വധർമ്മ രക്ഷകർത്ര ജനായത്ത ദേശീയത. രണ്ടാമത് സംഘ പരിവാറിന്റെ ബ്രാംമണ മേധാവിത്ത ഹിന്ദുത്വ ദേശീയത. മൂന്നാമത് അംബേദ്കർ നേതൃത്വം കൊടുത്ത സാമൂഹ്യനീതി ജനായത്ത ശാക്തീകരണ ദേശീയത. ഈ പ്രധാന ധാരകൾക്കു പുറമെ ഉപ-ദേശീയ സങ്കൽപ്പങ്ങളും ബദൽ ദേശീയ ആഖ്യാനങ്ങളും കഴിഞ്ഞ എഴുപതു കൊല്ലത്തെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഉണ്ട്.
മുൻപ് സൂചിപ്പിച്ചത് പോലെ 1980 കളുടെ അവസാനത്തോട് കൂടി കൊണ്ഗ്രെസ്സ് സംവിധാനമെന്ന ഒത്തുതീർപ്പു സമവായ ദേശീയ രാഷ്ട്രീയ സമവാക്യങ്ങൾ തിരിഞ്ഞു മറിഞ്ഞു. 1992 ഇന്ത്യൻ രാഷ്ട്രീയ മാറ്റത്തിന്റെ പുതിയ ഒരു അധ്യായമാണ്. ആദ്യമായി ഇന്ത്യയുടെ വടക്കു പടിഞ്ഞാറേ മേഖലക്ക് വെളിയിൽ നിന്നും പ്രധാനമന്ത്രിയായത് നരസിംഹ റാവു ആണ്. ആദ്യമായി ഇന്ത്യൻ രാഷ്ട്രീയവും കോൺഗ്രസ്സ് രാഷ്ട്രീയവും മുന്നണി രാഷ്ട്രീയത്തിലേക്ക് പോയത് വടക്കു പടിഞ്ഞാറേ മേഖലയിൽ കൊണ്ഗ്രെസ്സ് മേൽക്കോയ്മ നഷ്ടപ്പെട്ടത് കൊണ്ടാണ്. ഇന്ത്യയിലെ മതേതര ദേശീയ സമവായം ബാബരി മസ്ജിദിന്റെ തകർക്കളിലൂടെ നഷ്ടമായി. അതുപോലെ നവ ലിബറൽ നയ-ആധിപത്യം ഇൻഡിയിലെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ മാറ്റങ്ങൾ സൃഷ്ട്ടിച്ചു. അതുകൊണ്ടു തന്നെ പഴയ കൊണ്ഗ്രെസ്സ് സംവിധാന സമവായവും നെഹ്രുവിയാണ് ജനാധിപത്യ മൂല്യങ്ങളും 1992 മുതൽ അസ്തമിച്ചു. അങ്ങയുള്ള സാഹചര്യത്തിൽ ആണ് ആർ. എസ്.എസ് -ബിജെപി വടക്കു പടിഞ്ഞാറേ സംസ്ഥാനങ്ങളിൽ പിടി മുറുക്കുന്നതും ഇന്ത്യൻ രാഷ്ട്രര്യത്തിൽ കോൺഗ്രസ് പാർട്ടി മാറ്റ് സംസ്ഥാങ്ങളിൽ പിടിച്ചു നിൽക്കാൻ പ്രയാസപ്പെട്ടതും.
കേരള രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും
1990 കളിൽ ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടായ മാറ്റങ്ങൾ കേരളത്തെയും ബാധിച്ചു. സത്യത്തിൽ കേരള രാഷ്ട്രീയത്തിനോ ഇവിടുത്തെ നേതാക്കൾക്കോ ദേശീയ രാഷ്ട്രീയ തലത്തിൽ ഗണ്യമായ പങ്കൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ വടക്കു പടിഞ്ഞാറേ ഇൻഡിയിലെ കൊണ്ഗ്രെസ്സ് മേൽക്കോയ്മ നസ്റ്റപ്പെട്ടത്തോടെ കേരളത്തിലെ ചില കൊണ്ഗ്രെസ്സ് നേതാക്കൾക്ക് ദേശീയ രാഷ്ട്രീയത്തിൽ കുറച്ചെങ്കിലും പേരും പ്രശസ്തിയും ഉണ്ടായി. പക്ഷെ അവരാരെങ്കിലും ദേശീയ രാഷ്ട്രീയതെയോ കൊണ്ഗ്രെസ്സ് രാഷ്ട്രീയത്തെയോ നിർണായകമായി സ്വാധീനിച്ചതിന് തെളിവില്ല. ഇടതു പക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ മലയാളികൾ ഉണ്ടായിരുന്നെകിലും കേരള-ബംഗാൾ പാർട്ടിയായി ചുരുങ്ങിയ ഇടതു പക്ഷ പാർട്ടികൾക്ക് ദേശീയ ബദൽ രാഷ്ട്രീയത്തിനുള്ള രാഷ്ട്രീയ ഭാവനയെ കെൽപ്പൊ ഇല്ലാതായി.
കേരളത്തിൽ ആർ.എസ്. എസ് 1940 കളുടെ അവസാനത്തോട് കൂടി ഇവിടുത്തെ ചില മേൽക്കോയ്മ ജാതി സമുദാചാര്യൻമാരുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയെങ്കിലും കേരളത്തിൽ സംഘപരിവാറിന്റെ മഹാരാഷ്ട്ര ബ്രാഹ്മണ ഹിന്ദുത്വ ദേശീയത കേരളത്തിൽ ചിലവായില്ല. ഇതിനു പല കാരണങ്ങൾ ഉണ്ട്. അവയിലൊന്ന് കൊണ്ഗ്രെസ്സ് സംവിധാന സമാവയത്തിന് ബദലായി ഇവിടെ സാമൂഹ്യ നീതിയിലുറച്ച ഒരു ഇടതു പക്ഷ രാഷ്ട്രീയ പരിസരം ഉണ്ടായിരുന്നു എന്നതാണ്. രണ്ടാമതായി കേരളത്തിലെ സവിശേഷ സാഹചര്യത്തിൽ ഇവിടുത്തെ മുസ്ലിം സമുദായവും ക്രിസ്ത്യൻ സമുദായവും ആദ്യമുതൽ തന്നേ കേരള സമൂഹത്തിന്റെ ഇഴ പിരിയാത്ത അവിഭാജ്യ വിഭാഗം ജനങ്ങൾ ആണ്. കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും ബ്രാംമണ മേൽക്കോയ്മയിൽ നിന്നും സമൂഹിക രാഷ്ട്രീയ പ്രബുദ്ധ മൂലം കുതറി മാറി. സാർവർത്ഥിക വിദ്യാഭ്യാസം ലഭ്യമായ ഒരു ബഹുമത സാമൂഹിക പരിസരങ്ങളിൽ അധീശ ദേശീയതയുടെ വിവേചന രാഷ്ട്രീയം സാധുത നേടാൻ പ്രയാസമായിരുന്നു.
എന്നാൽ 1990 കളിൽ ഉണ്ടായ ദേശീയ രാഷ്ട്രീയ മാറ്റങ്ങൾ കേരള രാഷ്ട്രീയത്തിലും മാറ്റങ്ങൾ സൃഷ്ടിച്ചു. അതിൽ പ്രധാനമായാണ് ബി.ജെ.പി ക്കും ആർ.എസ്. എസിനും കേരളത്തിലെ വരേണ്യ ജാതി വിഭാഗങ്ങളിൽ ഉള്ള ഒരു ഗണ്യമായ ആളുകളുടെ ഇടയിൽ ലഭിച്ച സാധുതയാണ്. അത് കേരളത്തിൽ 1980കളുടെ ആദ്യം ഉയർന്നു വന്ന മുന്നണി തിരെഞ്ഞടുപ്പ് സമവാക്യങ്ങളെ ഉലച്ചു.
തുടരും…
കേരളത്തിന്റെ വഴികള്‍ – 11
കേരള രാഷ്ട്രീയ മാറ്റങ്ങളുടെ നാൾ വഴികൾ – 3
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ അടിയന്തരാവസ്ഥക്ക് മുൻപും പിൻപും എന്ന് വേർതിരിക്കാൻ ആകും. പല സാമൂഹിക -സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങൾ ചില കാലഘട്ടത്തിൽ കാതലായ രാഷ്ട്രീയ മാറ്റങ്ങളും ലോകത്തെ പല രാജ്യങ്ങളിലും സംഭവിക്കാറുണ്ട്. 1945 -1950 ലോക രാഷ്ട്രീയ കാലാവസ്ഥയെ മാറ്റി മറിച്ച അഞ്ചു വർഷങ്ങൾ ആയിരുന്നു. ഇന്ന് കാണുന്ന ആഗോള സ്ഥാപനങ്ങൾ, അധികാര ശ്രേണികൾ എല്ലാം ആ അഞ്ചു വർഷങ്ങളിൽ ആണ് ഉയർന്നു വന്നത്. അതുപോലെ ഒരു കാലഘട്ടമായിരുന്നു 1977 മുതൽ 1982 വരെയുള്ള കാലം. ഈ കാലഘട്ടത്തിൽ ലോകത്തിലെ മിക്ക രാജ്യങ്ങളിലും കാതലായ മാറ്റങ്ങൾ ഉണ്ടായി. ലോക രാഷ്ട്രീയത്തില്‍ റീഗൻ-താച്ചർ യുഗവും, നവലിബറൽ നയ മേല്‍ക്കോയ്മയും, ഇറാനിലെ രാഷ്ട്രീയ മാറ്റവും, ഇറാൻ-ഇറാക്ക് യുദ്ധവും, പാകിസ്താൻ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവടങ്ങളിലും രാഷ്ട്രീയ മാറ്റം ഉണ്ടാകുന്നത് 1977-82 വരെയുള്ള അഞ്ചു വർഷങ്ങളിൽ ആണ്.
ഇന്ത്യയിൽ കോൺഗ്രസ്സ് പാർട്ടിയുടെ മേൽക്കോയ്മ അവസാനിച്ചു തുടങ്ങിയതും അടിയന്തരാവസ്ഥക്ക് ശേഷമായിരുന്നു, ഇപ്പോഴുള്ള മിക്ക രാഷ്ട്രീയ കക്ഷികളും ആ കാലഘട്ടത്തിൽ മാറ്റം സംഭവിക്കുകയോ, പുതിയതായി രൂപപ്പെടുകയോ ചെയ്തതാണ്. ഇവയിൽ പ്രധാനമായത് പഴയ ജനസംഘത്തിൽ നിന്ന് ജനത പാർട്ടി വഴി പുതിയ ബിജെപി യുടെ തുടക്കമാണ്. ആദ്യമായി ദളിത് രാഷ്ട്രീയത്തിന് പുതിയ രാഷ്ട്രീയ രൂപം നൽകി വളർന്ന ബഹുജൻ സമാജ് പാർട്ടി എന്ന ബി.എസ്.പി യുടെ തുടക്കവും. യാദവ- ഓ.ബി.സി സമജവാദി ജനതാദൾ ധാരയും ഈ കാലത്തു രൂപപ്പെട്ടു വന്നതാണ്. അതുപോലെ തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും കക്ഷിരാഷ്ട്രീയത്തിനും പുറത്തു നവ രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങളും സര്‍ക്കാരിതര സംഘടനകളും സജീവമായതും ഈ അഞ്ചു വര്‍ഷങ്ങളില്‍ ആണ്.
ഇതേ കാലഘട്ടത്തിൽ ആണ് സിപിഎം , സിപിഐ പോലുള്ള പാർട്ടികൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് വ്യവസ്ഥയും ഭരണ സുഖ സൗഖ്യങ്ങളും ആയി താദാത്മ്യം പ്രാപിച്ചു തുടങ്ങുന്നത്. ഈ കാലത്തു ആണ് ഇടതുപക്ഷ പാർട്ടികൾ ബംഗാളിലെ മുപ്പതു കൊല്ല ഭരണം ആരംഭിച്ചത്. കേരളത്തിലും ഭരണ അധികാര പ്രായോഗിക ഇടതുപക്ഷ ചുവട് മാറ്റം തുടങ്ങിയതും ഈ കാലത്ത് ആണ്. മുന്നണി സമവാക്യങ്ങളിലൂടെ പ്രായോഗിക തിരഞ്ഞെടുപ്പ് ചേരൂവകളിലൂടെ ജയിച്ചു ഒത്തു തീർപ്പു ഭരണ-നയ സമീപങ്ങളിലേക്ക് മാറിയതും ഈ കാലത്താണ്.
കേരളത്തിൽ മാത്രമാണ് അടിയന്തരവസ്ഥക്ക് ശേഷം തിരഞ്ഞെടുപ്പിൽ കൊണ്ഗ്രെസ്സ് വിജയിച്ചിത്. എന്നാൽ കോൺഗ്രസിലെ പുതിയ ചേരി തിരിവുകളും പുതിയ ഗ്രൂപ്പ് രാഷ്ട്രീയവും കേരളത്തിൽ തുടങ്ങിയതും ഇതേ കാലത്താണ്. കേരളത്തിലെ ഇപ്പോഴത്തെ മുന്നണി രാഷ്ട്രീയത്തിന്റെ തുടക്കവും 1977-82 കാലത്താണ്. ഇതേ കാലത്തു തന്നെയാണ് സൈലന്റ് വാലി സമര-വക്കാലത്തുകളിൽ കൂടി പരിസ്ഥിതി പ്രസ്ഥാനങ്ങളും നവ സാമൂഹിക പ്രസ്ഥാനങ്ങളും കേരളത്തിലും തുടക്കം കുറിച്ചത്. ഭരണത്തിന്റെ ഒത്തുതീർപ്പു രാഷ്ട്രീയ ബാധ്യത തിരക്കുകളിൽ സിപിഎം-സിപിഐ പോലുള്ള പാർട്ടികൾ ബംഗാൾ-കേരള പാർട്ടിയായി ചുരുങ്ങാൻ തുടങ്ങിയതും ഈ കാലത്താണ്. 1977-82ഇൽ ഉണ്ടായ മുന്നണി രാഷ്ട്രീയ സമവാക്യങ്ങളും പ്രായോഗിക ഒത്തു തീർപ്പു തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമാണ് ഇന്നും കേരളത്തിൽ പ്രാബല്യത്തിൽ ഉള്ളത്.
1980കളിൽ വളർന്നു വന്ന മുന്നണി സമവാക്യ പ്രായോഗിക തിരെഞ്ഞെടുപ്പു രാഷ്ട്രീയവും കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളും കേരള രാഷ്ട്രീയത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാക്കി. അതിൽ ഒന്ന് തിരഞ്ഞെടുപ്പ് ജയിക്കുവാനായി ഒളിഞ്ഞും തെളിഞ്ഞും കേരളത്തിലെ ജാതി-മത സംഘടന നേതൃത്വങ്ങളും തമ്മിൽ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയ ഒത്തുതീർപ്പു അവസര വാദ രാഷ്ട്രീയം ആയിരുന്നു. കൊണ്ഗ്രെസ്സ് നേതൃത്വം നൽകിയ യു.ഡി.എഫ് ജാതി-മത സമുദായ രാഷ്ട്രീയം ഒരു മറയുമില്ലാതെ നടത്തി. കെ.കരുണാകരൻ ഇങ്ങനെയുള്ള ജാതി-മത-സമുദായ രാഷ്ട്രീയ സമവായ ഒത്തു തീർപ്പു രാഷ്ട്രീയത്തിന്റെ പ്രയോഗം ചാതുര്യത്തോടെ ഉപയോഗിച്ചു. യു.ഡി.എഫ് മറയില്ലാതെ നടത്തിയത്, എൽ.ഡി.എഫ് അല്പം സൈദ്ധാന്തിക വാചക മറയോടെ ചെയ്തു എന്ന് മാത്രം. ഇ.എം.എസിനെ പോലുള്ളവർ ആ കാലങ്ങളിൽ വാക് ചതുര്യത്തോടെ വാദിച്ച കാര്യങ്ങളുടെ പിന്നാമ്പുറം തേടിയാൽ പ്രായോഗിക തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമവാക്യങ്ങളിൽ ജാതി-മത-സമുദായ സ്വതങ്ങൾ തൊലിപ്പുറ സിദ്ധാന്ത മുദ്രാവാക്യങ്ങൾക്കു പുറകിൽ എങ്ങനെ വർത്തിച്ചു എന്ന് ദ്രശ്യമാകും.
കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ 1987 ലെ തിരഞ്ഞെടുപ്പ് മേൽ വിവരിച്ച കാര്യങ്ങൾ കൊണ്ട് മാത്രമല്ല പ്രസക്തം ആകുന്നത്. 1987 മുതൽ ആണ് കേരളത്തിലെ സാമ്പത്തിക വളർച്ചയുടെ തുടക്കം. വിദേശ പണത്തിന്റെ ഒഴുക്കും ഒരു പണാധിപത്യ സമൂഹത്തിന്റെ തുടക്കം ഉണ്ടാകുന്നതും 1980 കളുടെ അവസാനമാണ്. അത് കേരളത്തിൽ ഒരു മധ്യവല്കൃത സമൂഹ സമീപനത്തിന് തുടക്കം കുറിച്ചു.1989-90 കളിൽ സോവിയറ്റ് യൂണിയന്റെ പതനം ഇന്‍ഡ്യയിലെ ഇടതുപക്ഷ പാർട്ടികളെ പലതരത്തിൽ സ്വാധീനിച്ചു.
1990 കളോടെ കേരളത്തിലെ രാഷ്ട്രീയ നേതൃതവും അണികളും ഒരു മാധ്യവല്കൃത സാമൂഹ്യ പരിസരത്തേക്ക് മാറി തുടങ്ങി. അങ്ങനെ കേരള രാഷ്ട്രീയത്തിൽ പാവങ്ങളെ കുറിച്ചുള്ള കരുതലും തൊഴിലാളി വർഗ്ഗ രാഷ്ട്രീയവും എല്ലാം മുദ്രാവാക്യങ്ങളിലും പ്രകടനപത്രികകളിലേക്കും ചുരുങ്ങി തുടങ്ങി. 1992 ഓട് കൂടെ ബാബറി മസ്ജീദിന്റെ നേരെയുണ്ടായ അക്രമ നാശങ്ങളും നിയോ ലിബറൽ നയ ആധിപത്യവും കേരളത്തിലും രാഷ്ട്രീയ ഓളങ്ങൾ ഉണ്ടാക്കി. കേരളത്തിലെ ചെറുപ്പക്കാരിൽ വലിയൊരു പങ്കു, പ്രത്യകിച്ചും കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്ന്, ഗൾഫിലേക്ക് ജോലി തേടി ചേക്കേറാൻ തുടങ്ങി. 1990 കളുടെ മധ്യത്തിൽ ഇവിടെ ഉണ്ടായി തുടങ്ങിയ ഇന്റർനെറ്റ് വിനിമയ വിപ്ലവവും മൊബൈൽ ഫോണിന്റെ അവിർഭാവവും കേരള രാഷ്ട്രീയത്തിലും കക്ഷി രാഷ്ട്രീയ കേഡർ സ്വഭാവത്തിനും വലിയ മാറ്റങ്ങൾ ഉണ്ടാക്കി.
നിയതമായ കക്ഷി രാഷ്ട്രീയ പ്രക്രിയയും സമൂഹത്തിന്റെ രാഷ്ട്രീയവൽക്കരണവും കേരളത്തിൽ പ്രസക്തമായി തുടങ്ങിയത് 1930 കളിൽ ആയിരുന്നു. അതിനു മുൻപുണ്ടായ സമുദായ സാമൂഹിക രാഷ്ട്രീയ നീക്കങ്ങൾ എല്ലാം മലബാർ പ്രദേശത്തും തിരുവിതാംകൂർ കൊച്ചി മേഖലയിലുമുള്ള, പുതിയ വിദ്യാഭ്യാസം ലഭിച്ച ചില ചെറുപ്പക്കാരുടെ ഇടപെടലുകൾ മാത്രമായിരുന്നു. അവരിൽ മിക്കവാറും പേര് വരേണ്യ ജാതി-സമുദായങ്ങളിൽ നിന്നുള്ളവരായിരുന്നു. 1930 കളിൽ വിദ്യാഭ്യാസം സാർവത്രികമായതോടെ പത്ര മാധ്യമങ്ങളിൽ കൂടി പൊതുജനം ലോകത്തെകുറിച്ചും ഇന്ത്യൻ സ്വാതിന്ത്ര്യ സമരത്തെ കുറിച്ചും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിത്തുടങ്ങി.
ഇത്തരത്തിലുള്ള രാഷ്ട്രീയ ബോധവല്‍ക്കരണവും ആശയവിനിമയവും മദ്രാസ് പ്രസിഡൻസിയിലുണ്ടായിരുന്ന മലബാർ മേഖലയിലും രാജ ഭരണത്തിലായിരുന്ന തിരുവിതാംകൂർ -കൊച്ചി പ്രദേശങ്ങളിലും വ്യത്യസ്ത രീതിയിലുള്ള സാമൂഹിക രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ തിരുവിതാംകൂർ -കൊച്ചി പ്രദേശങ്ങളിൽ കൂടുതൽ സമുദായ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവില്‍ വന്നു. 19 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ പ്രദേശങ്ങളിൽ ലഭ്യമായ സാമൂഹ്യ സ്ഥാപന മാതൃകകൾ മിഷനറിമാർ വളർത്തിയ സി.എം.എസ്. ( Church Mission Society)ഉം, എൽ.എം.എസ് (London Mission Society)ഉം അവയുടെ ചുവട് പിടിച്ചുണ്ടായ ക്രിസ്തീയ സമുദായ സംഘടനകളും ആയിരുന്നു എന്നതാണ് ഇതിന്റെ കാരണങ്ങളിലൊന്ന്. അന്ന് ലഭ്യമായിരുന്ന സമൂഹിക സമുദായ സംഘടന മാതൃകയിൽ ആണ് പിന്നീട് എസ്.ൻ. ഡി.പി യും, എൻ. എസ്. എസും യോഗ ക്ഷേമ സഭയും എല്ലാം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഉണ്ടായത്. ഉന്നത വിദ്യാഭ്യാസം ലഭിച്ച വരേണ്യവിഭാഗത്തില്‍ പെട്ട യുവാക്കളാണ് ഈ സംരംഭങ്ങൾക്കു തുടക്കം കുറിച്ചത്. അന്നുണ്ടായ സാമൂഹിക സമുദായ സംഘടനകൾ സാമൂഹിക ഇടപെടലുകള്‍ക്കുള്ള വേദികൾ ആയിരുന്നു. അവയിൽ മൂന്ന് പ്രധാന ധാരകൾ കാണാം.
1) അതാതു സമുദായത്തിലെ യാഥാസ്ഥിതിക ജീര്ണതകൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ. വിദ്യാഭ്യാസവും പത്ര പ്രവർത്തനവും സാഹിത്യ പ്രവർത്തനവും എല്ലാം പാരമ്പര്യ യാഥാസ്ഥിതിക മൂല്യങ്ങളും ആധുനിക സാമൂഹ്യ പ്രവണതകളും തമ്മിലുള്ള ഒത്തുതീർപ്പു ശ്രമങ്ങൾ ആയിരുന്നു. അതുകൊണ്ടു തന്നെ ആധുനിക പ്രവണതകളെ സ്വീകരിച്ചെങ്കിലും അടിത്തട്ടിലടിഞ്ഞു കൂടിയ ജാതി സമുദായ മേൽക്കോയ്മ കാഴ്ചപ്പാടുകളെ സമൂലം മാറ്റാൻ സാധിച്ചില്ല. പാരമ്പര്യ യാഥാസ്ഥിതിക സമുദായത്തിന് മുകളിൽ ആധുനിക സാമൂഹ്യ മൂല്യങ്ങളുടെ മേൽകുപ്പായം ഇടുവിച്ചുണ്ടായ പ്രശ്നങ്ങൾ കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും ഇന്നുമുണ്ട്.
2) 1930 കളിൽ തിരുവിതാംകൂർ-കൊച്ചി മേഖലയിലെ പുതുതായി ഉരുത്തിരിഞ്ഞ രാഷ്ട്രീയ രംഗത്ത് ചുവട് ഉറപ്പിക്കാൻ സമുദായ സംഘടനകളും സമൂഹത്തിൽ സാമ്പത്തിക -വിദ്യാഭ്യാസ പ്രഭാവം ഉള്ള ചെറുപ്പക്കാരും തമ്മിലുള്ള വിഭാഗീയ കിട മത്സരത്തിന്റെ തുടക്കം. ഇവരിൽ പലരും അവരവരുടെ സമുദായ സംഘടനകളിൽ കൂടിയാണ് സാമൂഹിക രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ ചെറുപ്പ കാലത്തു രൂപപ്പെടുത്തിയത്. പിന്നീട് പലരും സമുദായ സാമൂഹിക രാഷ്ട്രീയത്തിന് ഉപരിയായി പൊതു രാഷ്ട്രീയ കക്ഷി ജനാധിപത്യ രാഷ്ട്രീയത്തിലേക്കു വന്നു. ജാതി-മത-സമുദായ ചിന്തകളെ പൂർണമായി വിട്ടു കളയാൻ 1930 കളിലും 1940 കളിലും വളർന്നു വന്ന രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞോ എന്ന് സംശയമാണ്. ആധുനിക ജനാധിപത്യ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റിയെങ്കിലും അതിനടിയിൽ, വിവിധ ജാതി സമുദായങ്ങളിൽ സാമ്പത്തിക-വിദ്യാഭ്യാസം കൈവരിച്ച നവവരേണ്യർക്കിടയിൽ വിഭാഗീയ കിട മത്സര പ്രവണത നിലനിന്നു. ഇത് നിവർത്തന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രവും, ജാതി വിവേചനങ്ങൾക്കെതിരെ തുടങ്ങിയ വൈക്കം സത്യാഗ്രഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രവും പരതിയാൽ സ്പഷ്ടമാകും. ഈ വിഭാഗീയ സമ്മർദ മത്സര രാഷ്ട്രീയം കേരളത്തിൽ വളർന്നു വന്ന ജനാധിപത്യ കക്ഷി രാഷ്ട്രീയത്തിന്റെ തൊലിപ്പുറത്തിന് തൊട്ടുതാഴെ കഴിഞ്ഞ എട്ട് ദശകങ്ങളിൽ പല രീതിയിൽ സ്വന്തം സാന്നിദ്ധ്യം വെളിവാക്കിയിട്ടുണ്ട്.
ഈ കിടമത്സരത്തിന്റെ നേർകാഴ്ച മറ്റൊരു രീതിയിൽ 1957 ലെ ഇ.എം.എസ് മന്ത്രസഭക്കെതിരെ ഉണ്ടായ ‘വിമോചന’ സമരത്തിലും അതിനു ശേഷം ഉണ്ടായ രാഷ്ട്രീയ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ പിളർപ്പുകളിലും കേരള കോൺഗ്രസ്സിന്റെ തുടക്കത്തിലും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വളർച്ചയിലും കാണാം. ഇടത് പക്ഷ പാർട്ടികൾ വർഗ്ഗ സിദ്ധാന്തം പറയുമ്പോഴും ജാതി സമുദായ മേല്കോയ്മകൾ നേതൃത്വ സ്ഥാനത്തു സജീവമായിരുന്നു.
‘താക്കോൽ സ്ഥാനവും’, , അഞ്ചാം മന്ത്രിയും’ , ‘ സമുദായ സന്തുലനവും’ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വിവാദങ്ങൾ ആകുന്നത് ഇതിനാലാണ് . കേരളത്തിലെ മുന്നണികൾ സ്ഥാനാർഥി നിർണയത്തിൽ ജാതി-മത -സമുദായ അധികാര സമവാക്യങ്ങൾ ഇപ്പോഴും പാലിക്കുന്നതും ഇതുകൊണ്ടുതന്നെ.
3) വ്യവസ്ഥാപിത കക്ഷി രാഷ്ട്രീയത്തിനും സമുദായ സമ്മർദ്ദ രാഷ്ട്രീയത്തിനും ഉപരിയായി ഉയർന്നു വന്ന വികേന്ദ്രീകൃതമായ സിവിക് രാഷ്ട്രീയ ധാര കേരളത്തിൽ പല ഭാഗത്തും ഉണ്ടായി. ഇതിൽ പലരും സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തെങ്കിലും കക്ഷി-സമുദായ രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി പ്രവർത്തിച്ചവരാണ്. മലബാറിൽ നിന്നുമുള്ള കേളപ്പനും, കേശവമേനോനും അബ്ദുർ റഹ്മാൻ സാഹിബ്ബും, മൊയ്തു മൗലവിയും എല്ലാം ഈ ഗണത്തിൽ പെട്ടവരാണ്. കേരളത്തിലെ ആദ്യകാല പത്രപ്രവര്‍ത്തകരില്‍ പലരും സഹോദരന് അയ്യപ്പന് മുതല്‍ കേശവ്ദേവ്-എം. ഗോവിന്ദന് വരെയുള്ളവരും പില്ക്കാലത്തുണ്ടായ ലിറ്റില്‍ മാഗസിന് പ്രസ്ഥാനങ്ങള്ക്ക്പിന്നില് പ്രവര്‍ത്തിച്ചവരും , ശാസ്ത്ര സാഹിത്യ പരിഷത് പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ , 1980 കളില്‍ ഉയര്‍ന്നു വന്ന നവ സാമൂഹിക പ്രസ്ഥാനങ്ങള്‍, എല്ലാം സിവിക് രാഷ്ട്രീയ ധാരയുടെ ഭാഗമാണ്. ആദ്യകാല ഗാന്ധി മാർഗ്ഗ പ്രവർത്തകരും സിവിക് രാഷ്ട്രീയ ധാരയിൽ പ്രവർത്തിച്ചവരായിരുന്നു.
നേരത്തെ സൂചിച്ചത് പോലെ മലബാറിലേയും തിരുവിതാംകൂർ-കൊച്ചിയിലേയും സാമൂഹിക രാഷ്ട്രീയ പശ്ചാത്തലങ്ങൾ വ്യത്യസ്തമായിരുന്നു. അവിടങ്ങളിൽ ഉണ്ടായ രാഷ്ട്രീയ- സാമൂഹിക പ്രസ്ഥാനങ്ങളിലും നേതാക്കളിലും ഈ വ്യത്യാസങ്ങൾ ദൃശ്യമായിരുന്നു. അന്നും ഇന്നും തിരുവിതാംകൂർ-കൊച്ചി മേഖലകളിൽ ആണ് സമുദായ സമ്മർദ രാഷ്ട്രീയ ധാര സജീവമായിരിക്കുന്നത്.
സംസ്ഥാനത്തുടനീളം 1930 കൾ കഴിഞ്ഞുള്ള ആദ്യ അമ്പത് വർഷങ്ങളിൽ ഉണ്ടായ രാഷ്ട്രീയ നേതൃത്വത്തിൽ ബഹു ഭൂരിപക്ഷം വരേണ്യ ജാതി സമുദായങ്ങളിൽ പെട്ടവരായിരുന്നു. ദളിത്- മുസ്ലിം-തീരദേശ പരമ്പരാഗത മൽസ്യ തൊഴിലാളികൾ എന്നിവരിൽ നിന്നും മറ്റു പാർശ്വവൽകൃത വിഭാഗങ്ങളിൽ നിന്നും നേതൃത്വ സ്ഥാനത്തെത്തിയവർ വിരളമായിരുന്നു.
കേരള രാഷ്ട്രീയ ചരിത്രം വിവരിക്കുകയല്ല ഉദ്ദേശ്യം. ഇന്നനുഭവപ്പെടുന്ന ‘കുഴാമറിച്ചിലു’കൾ മനസ്സിലാക്കാൻ ഇവിടത്തെ രാഷ്ട്രീയ ചരിത്രം വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുകയാണ്. കേരള രാഷ്ട്രീയത്തിന് സ്ഥിരതയും സമവായവും ഉണ്ടാക്കിയത് 1980 ല്‍ ഇവിടെ രൂപപ്പെട്ട മുന്നണി സമവാക്യമാണ്. 1971 വരെ ഇവിടെ ഒരു സർക്കാർ പോലും അഞ്ചു കൊല്ലം തികച്ചു ഭരിച്ചിട്ടില്ല. കേരളത്തിൽ അഞ്ചുകൊല്ലം പൂർത്തിയാക്കിയ ആദ്യ മന്ത്രിസഭ അച്യുതമേനോൻ മന്ത്രി സഭയാണ്. മുന്നണി സമവാക്യങ്ങൾ മാറുന്നതിന്റെ സൂചനയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നമ്മള് കണ്ടത്.