പൂമുഖം അനുഭവം ഒരു കോവിഡ് ഉച്ചയ്ക്ക്……

ഒരു കോവിഡ് ഉച്ചയ്ക്ക്……

അല്പസമയം മുമ്പ് നീലാകാശത്ത് പഞ്ഞിത്തുണ്ടുകൾ പോലെ മേഘശകലങ്ങൾ മേഞ്ഞിരുന്നു. പെട്ടെന്നാണ് വരാനിരിക്കുന്ന ഏതോ ദുരന്തത്തിന്റെ മുന്നോടിയെന്നവണ്ണം ചെറിയ ചാറ്റൽ മഴ തുടങ്ങിയത്. പ്രകൃതി അപ്പോഴും ചിരിക്കുകയായിരുന്നു.

കാണെക്കാണെ അവൾ കറുത്തു. ഇരുണ്ട മേഘങ്ങൾ ആകാശത്ത് ഉരുണ്ടു കൂടി. ചാറ്റൽ മഴയുടെ ശക്തി കൂടിക്കൊണ്ടിരുന്നു. തുരുമ്പിച്ച ഇരുമ്പു കോണി ഓടിക്കയറി ടെറസിൽ ഉണങ്ങാനിട്ടിരുന്ന തുണികൾ എടുത്ത് ഇറങ്ങി. നനഞ്ഞാൽ അകത്തിട്ടുണക്കാൻ ബുദ്ധിമുട്ടാകും.

കൊച്ചു ബാൽക്കണിയിൽ ഒരു കുഞ്ഞു കസേരയുണ്ട്. അനന്ത് കുഞ്ഞായിരുന്നപ്പോൾ മേടിച്ചതാണെന്നാണോർമ്മ. അവനിപ്പോൾ നാല്പത് കഴിഞ്ഞു. അതിലിരിക്കാൻ പറ്റില്ല. എനിക്കിപ്പോഴുമാകാം. കാലത്തിന്റെ കനിവ്. .. താണിരുന്ന് താഴേയ്ക്കോ മേലേയ്ക്കോ നോക്കാം.

ഒരു നില താഴെ റോഡ്. അതിനപ്പുറം പുഷ്ടിയുള്ള പനമരങ്ങളും പേരില്ലാതെ പടർന്നു പന്തലിച്ച മറ്റു മരങ്ങളും ഇടതൂർന്നു നിൽക്കുന്നു. ഒരു പച്ച ആകാശവേദി. അതിൽ തങ്ങളുടെ നൈസർഗിക സംഗീതവും വാചാലതയുമായി കുയിലുകളും കൊച്ചു കിളികളും അണ്ണാൻമാരും ആളില്ലാ സദസ്സിൽ വിഹരിക്കുന്നു. താഴെ മഴയനുഗ്രഹിച്ചു വിരിച്ചിട്ട പച്ചപ്പരപ്പിന്നും കിളരം കുറഞ്ഞ ചെടികൾക്കുമിടയിൽ ചുവന്ന നടവഴി ഒഴിഞ്ഞു കിടക്കുന്നു.

ബാൽക്കണിക്ക് തൊടാതെ തൊട്ടു നിൽക്കുന്ന മരങ്ങളിൽ നിന്ന്, അപകടം ഭയന്ന്, വൈദ്യുതി വിതരണ പ്രവർത്തകർ മുറിച്ചിട്ട കൊമ്പുകളിൽ ഇതിന് മുമ്പുണ്ടായ അകാലവർഷ ത്തിന്റെ നനപ്പ് തഴുകി താലോലിച്ചതിൻ്റെ അടയാളങ്ങൾ. അവ ചില്ലകളിൽ കാലൂന്നി നാണം നിറഞ്ഞ മരതക പുഞ്ചിരിയോടെ ബാൽക്കണി ക്കമ്പികളോട് കുശലം പറയുന്നു. റോഡിന്റെ മറുവശത്ത് ദിവസങ്ങളായി വിരഹമനുഭവിക്കുന്ന ഏതാനും കാറുകൾ. മറ്റെല്ലാം നിശ്ചലം. നിശ്ശബ്ദം.

വീണ്ടു൦ കാതോർത്തു. അകലെയേതോ വീട്ടിൽ നടക്കുന്ന മരാമത്തു പണിയുടെ യാന്ത്രിക താളങ്ങൾ അലകളായും തട്ടുകളായും കാറ്റ് കൊണ്ടുവരുന്നു.

തുടക്കത്തിൽ പ്രകൃതിയുടെ വ്യസനം ഇറ്റിറ്റായി പച്ചപ്പുകളെ തഴുകിയിളക്കി. നോക്കിനിൽക്കെ അത് കൂടിക്കൂടി ഒരു തീരാ കരച്ചിലായി ഭൂമിക്കു മേലെ പതിച്ചു. ഇവിടെ ബാക്കിയായ മനുഷ്യരുടെ അപരിഹാര്യമായ വ്യഥകളിൽ താനും പങ്കു ചേരുന്നുവെന്നു അടയാളപ്പെടുത്തിക്കൊണ്ട് – അവരെ ആശ്വസിപ്പിച്ചു കൊണ്ടും.

മരച്ചില്ലകളിൽ ഇലകൾ ആ ദുഃഖത്തിൽ പങ്കു ചേർന്നു, ഇളകിയാടി മാറത്തലച്ചു. പ്രകൃതിയുടെ ദുഃഖം.

താഴെ മഴയത്തു൦ ഓടിപ്പോകുന്ന ഒരു സ്കൂട്ടർ. ആകാശത്ത്‌ ഇടിയൊച്ച. വിഷുപ്പടക്കത്തിന്റെ ആഘോഷമല്ല വരുന്ന വിപത്തിനെ കുറിച്ചുള്ള കൊട്ടിയറിയിപ്പ്. ഇളംകാറ്റിൽ ദേഹത്ത് വീഴുന്ന ജലത്തിന്റെ സ്പർശം ആസ്വദിച്ച്, മഴയുടെ താളം ഉൾക്കൊണ്ട്,ഞാൻ നിർനിമേഷനായിരുന്നു. ഒരു ധ്യാനത്തിൽ പ്രകൃതിയോട് ചേർന്നു.

Comments

ജോലിയിൽ നിന്നും വിരമിച്ചു . ബാംഗ്ലൂരിൽ സ്ഥിരവാസം. അത്യാവശ്യം ഇംഗ്ളീഷൊക്കെ വായിക്കാമെന്ന അഹന്തയുണ്ട് . അതിൽ ചിലതൊക്കെ മലയാളത്തിലാക്കണമെന്ന ( ചിലതു മറിച്ചും ) ആശയും. കൊച്ചു കൊച്ചു ശ്രമങ്ങളൊക്കെ നടത്തുന്നു, അതിലിടക്ക് എവിടെ നീന്നോ വരുന്ന ആവേശത്തള്ളലിൽ ഇത്തരം എഴുത്തുകളും ഇല്ലാതില്ല.

You may also like