പൂമുഖം LITERATUREലേഖനം കേരളാ കോൺഗ്രസുകളുടെ ഭാവി

കേരളാ കോൺഗ്രസുകളുടെ ഭാവി

വളരുംതോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടി എന്ന് സ്വന്തം പാർട്ടിയെ നിർവചിച്ചത് സ്ഥാപക നേതാക്കളിൽ ഒരാളായ കെ എം മാണിയാണ്. അദ്ദേഹം പറഞ്ഞത് അച്ചട്ടാണ് എന്ന് തെളിയിച്ചു കൊണ്ട് മാണി സാറിന്റെ മരണത്തിനു ശേഷം ഒന്നാം ചരമ വാർഷികം ആചരിക്കുന്നതിനു മുൻപ് തന്നെ പാർട്ടി പിളർന്നു. ജോസഫ് പക്ഷവും ജോസ് കെ മാണി പക്ഷവും നിലവിൽ വന്നു.

കെ എം മാണി

പിളർപ്പ്‌ അനിവാര്യമായിരുന്നു എന്ന് കെ എം മാണി 52 വർഷം സ്വന്തമാക്കി വെച്ചിരുന്ന പാലാ സീറ്റിലെ ഉപ തെരഞ്ഞെടുപ്പോടെ വ്യക്തമായിരുന്നു. രണ്ടില ചിഹ്നം കൊടുത്തില്ല എന്നു മാത്രമല്ല ജോസിന്റെ സ്ഥാനാർഥിയെ തോൽപ്പിക്കാൻ ജോസഫിന്റെ അണികളും കോൺഗ്രസിലെ ഒരു വിഭാഗവും ശ്രമിച്ചു. അവരുടെ ആഗ്രഹം വിഫലമായില്ല. കേരളാ കൊണ്ഗ്രെസ്സ് എം സ്ഥാനാർഥി വലിയ ഭൂരിപക്ഷത്തിൽ തോറ്റു.

നീണ്ട നിയമയുദ്ധത്തിന് ശേഷം പാർട്ടിയും ചിഹ്നവും ജോസ് കെ മാണി സ്വന്തമാക്കി.

ജോസ് കെ മാണി പക്ഷത്തെ ഇല്ലാതാക്കാൻ കൊണ്ഗ്രെസ്സ് ശ്രമിച്ചത് ദീർഘകാലത്തെ ഒരു ആഗ്രഹത്തിന്റെ ഫലമായാണ്. കോട്ടയം ജില്ലയിൽ കേരളാ കോൺഗ്രസിനുള്ള മേൽക്കൈ അവസാനിപ്പിക്കുക. കെ എം മണിക്കെതിരെ ബാർ കൊഴക്കേസ് പൊലിപ്പിക്കുമ്പോൾ അതിന്റെ വക്കത്ത് എത്തി എന്നു ചില നേതാക്കൾ വിശ്വസിച്ചു. 60 വര്ഷങ്ങളായി പല അങ്കങ്ങൾ കണ്ട കെ എം മാണി ആ പ്രതിസന്ധി അത്ഭുതകരമായി അതിജീവിച്ചു. ഇടതു പക്ഷത്തേക്ക് പോകാനുള്ള ചരടുവലികൾ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ തന്നെ ആരംഭിച്ചിരുന്നു എന്നു വേണം കരുതാൻ.

മാണി സാറിന്റെ തണലിൽ കഴിയുന്ന ആൾ എന്നായിരുന്നു ജോസ് കെ മാണിയെ പ്പറ്റിയുള്ള കോൺഗ്രസിന്റെ വിലയിരുത്തൽ. മാണിയുടെ മരണത്തോടെ ജോസിന്റെ ഭാവി ഇരുളിലാകും എന്ന വിശ്വാസമാണ് ജോസഫിനെ പിന്തുണക്കുന്നതിന് അവരെ പ്രേരിപ്പിച്ചത്. മാണി സാറിന്റെ ഉറ്റ സുഹൃത്തായ കുഞ്ഞാലിക്കുട്ടി മൗനം പാലിച്ചു.

മേഷയുദ്ധത്തിലെ കുറുനരിയെപ്പോലെ തക്കം പാർത്തിരുന്ന സി പി എം ബുദ്ധിപൂർവം കരുക്കൾ നീക്കി. സി പി ഐ യുടെ ശക്തമായ എതിർപ്പ് അവഗണിച്ചു ജോസ് പക്ഷത്തെ ഇടതു മുന്നണി യിലെത്തിച്ചു.

കേരളാ കോൺഗ്രസിലെ പിളർപ്പുകൾ ആശയപരമല്ല മറിച്ച് ആമാശയ പരമാണ് എന്ന് ലോനപ്പൻ നമ്പാടൻ പണ്ടു പറഞ്ഞത് വെറുതെയല്ല. ഓരോ നേതാവും പക്ഷം പിടിക്കുന്നത് തനിക്ക് ഏതാണ് മെച്ചം എന്നു മാത്രം നോക്കിയാണ്.

കത്തോലിക്ക സഭയും എൻ എസ് എസും യു ഡി എഫ് പക്ഷത്തു നിൽക്കും എന്ന കണക്കുകൂട്ടലാണ് കെ എം മാണിയുടെ ഏറ്റവുമടുത്ത സഹപ്രവർത്തകനായിരുന്ന സി എഫ് തോമസിനെ മറുപക്ഷത്ത് എത്തിച്ചത്. തന്റെ പിൻഗാമിയായി അനുജനെ ജോസ് അംഗീകരിക്കാൻ തയാറാകാഞ്ഞതും കാരണമായി. പൂഞ്ഞാർ സീറ്റിൽ ഉറപ്പു നല്കാഞ്ഞത് യൂത്ത് ഫ്രണ്ട് പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പനെ അക്കരെ എത്തിച്ചു.

ചീഫ് വിപ്പ് പദവിക്കുവേണ്ടി നടത്തിയ കളികൾ ഇരിഞ്ഞാലക്കുട എം എൽ എ തോമസ് ഉണ്ണിയാടനെ നേരത്തെ തന്നെ ജോസ് വിഭാഗത്തിന് അനഭിമതനാക്കിയിരുന്നു.തിരുവല്ല സീറ്റ് കിട്ടില്ല എന്ന് മനസ്സിലായത് ജോസഫ് എം പുതുശേരിയെ അവസാനനിമിഷം കാലുമാറാൻ പ്രേരിപ്പിച്ചു. ജോസ് കെ മാണിയുടെ ഉറ്റ സഹപ്രവർത്തകനായിരുന്ന വിക്ടർ സി തോമസും കളം മാറിയത് സീറ്റ് കിട്ടും എന്ന ഉറച്ച വിശ്വാസത്തിലാണ്.പക്ഷേ എല്ലാം വെറുതെയായി. ജോസഫ് സീറ്റ് കൊടുത്തത് സ്വന്തം ഗ്രൂപ്പുകാരനായ കുഞ്ഞു കോശി പോളിനാണ്.

സുഹൃത്തുക്കളെ കൈ വെടിഞ്ഞു ഫ്രാൻസിസ് ജോർജ് തിരിച്ചു ജോസഫിന്റെ പാളയത്തിൽ എത്തിയത് രണ്ട് ഉദ്ദേശത്തിലാണ്. ജോസിന്റെ അഭാവത്തിൽ പാർട്ടിയിലെ രണ്ടാമൻ പദവി തിരിച്ചു പിടിക്കുക. കോതമംഗലത്ത് മത്സരിച്ചു എം എൽ എ യാകുക.വിധി പക്ഷേ എതിരായിരുന്നു. ഇടുക്കിയിൽ മത്സരിച്ച് റോഷി അഗസ്റ്റിനോട് വീണ്ടും തോറ്റു. രണ്ടു പേരും മുന്നണി മാറിയത് മാത്രമാണ് ഉണ്ടായ മാറ്റം.

കോതമംഗലം സീറ്റ് ജോസഫ് ടി യു കുരുവിളയുടെ അനുയായി ഷിബു തെക്കും പുറത്തിനാണ് നൽകിയത്. ഒരു വമ്പൻ ഫിനാൻസ് കമ്പനി നടത്തുന്ന ഷിബുവിന്റെ പണവും പ്രചോദനമായി. സഭാ തർക്കം ഉൾപ്പെടെ പല കാരണങ്ങൾ കൊണ്ട് ഷിബു കത്തോലിക്കനായ സിറ്റിംഗ് എം എൽ എ ആന്റണി ജോണിനോട് തോൽക്കുകയും ചെയ്തു.

കേരളാ കോണ്ഗ്രസ് ജേക്കബ്‌ പിറവത്തേക്ക് ചുരുങ്ങുകയും പാർട്ടി ചെയർമാന് പ്യൂണിന്റെ വില പോലും ഇല്ല എന്ന സ്ഥിതിയിൽ ജോണി നെല്ലൂർ ജോസഫിന്റെ കൂടെ കൂടിയതിൽ അനൂപ് ജേക്കബിനും കോൺഗ്രസിനും ഒരു എതിർപ്പുമില്ലായിരുന്നു. ഒന്നുമില്ലെങ്കിലും പ്രസംഗിക്കാൻ ഒരാളെ കിട്ടിയല്ലോ.

ജോസ് കെ മാണിയുടെ യും കൂട്ടരുടെയും ഏറ്റവും വലിയ ഭയം 40 കൊല്ലം പ്രവർത്തിച്ച യു ഡി എഫിൽ നിന്ന് മാറുമ്പോൾ തങ്ങളെ പിന്തുണച്ചിരുന്ന കത്തോലിക്കസഭ അധികാരികൾ ആ മാറ്റം അംഗീകരിക്കുമോ എന്നതായിരുന്നു. പാലാ ഉപ തെരഞ്ഞെടുപ്പ് ഫലം ഒട്ടും ആത്മ വിശ്വാസം നൽകുന്നതായിരുന്നില്ല. പോരെങ്കിൽ കത്തോലിക്കർ തലമുറകളായി കമ്മ്യൂണിസ്റ് വിരോധികളാണ് താനും.

സിപി എമ്മിന്റെ ഉറച്ച പിന്തുണയും ചിട്ടയായ പ്രവർത്തനശൈലിയും ജോസ് പക്ഷത്തെ കാര്യമായി സഹായിച്ചു. തദ്ദേശ സ്ഥാപനങ്ങളിലക്കുള്ള തെരഞ്ഞെടുപ്പിൽ നല്ല വിജയം നേടാനായി. ചരിത്രത്തിൽ ആദ്യമായി മലബാർ മേഖലയിൽ മിക്ക ജില്ലകളിലും ജില്ലാ പഞ്ചായത്ത്‌ മെമ്പർമാർ വരെയുണ്ടായി.

ശക്തി കേന്ദ്രങ്ങളായ പാലായും കടുത്തുരുത്തിയും കൈവിട്ടെങ്കിലും ജോസഫിന്റെ 2ന്റെ സ്ഥാനത്ത് 5 സീറ്റുകൾ ജയിച്ചു പാർട്ടി തന്റെ കയ്യിൽ ഭദ്രമാണ് എന്ന് ജോസ് കെ മാണി തെളിയിച്ചു.

കേരളാ കോൺഗ്രസിൽ എക്കാലവും ഭിന്നത യുണ്ടാക്കിയിട്ടുള്ള മന്ത്രി സ്ഥാനം ഒരു പ്രശ്നവുമില്ലാതെ തീർപ്പാക്കി കേരളാ കോൺഗ്രസിന്റെ മുഖ്യധാര തന്റെ പാർട്ടിയാണ് എന്ന് അസഗ്നിഗ്ദ്ധമായി തെളിയിക്കാനും ജോസിന് കഴിഞ്ഞു.

സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്. വളർന്ന സ്ഥിതിക്ക് പിളരുമോ? കാലം ജോസ് കെ മാണിക്ക് അനുകൂലമാണ് എന്ന് വേണം കരുതാൻ. പാർട്ടി വിട്ടതോടെ പെരുവഴിയിലായ നേതാക്കൾ മിക്കവരും തിരിയെ കയറാനുള്ള തീവ്ര ശ്രമത്തിലാണ്. തന്നോട് മാത്രം കടപ്പാടുള്ള ഒരു യുവനേതൃത്വവും ജനപ്രതിനിധികളും സ്വന്തമാക്കിയ ജോസ് അതിനു തയാറാകുമോ എന്നതാണ് അറിയേണ്ടത്.

പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ഇപ്പോൾ കിട്ടിയ മേൽക്കൈ നില നിർത്താൻ പ്രയാസമാണ് എന്ന് സി പി എമ്മിന് നന്നായി അറിയാം. ഒരു അഖിലേന്ത്യാ പാർട്ടി എന്ന സ്ഥാനം നിലനിർത്താൻ കൂടുതൽ എം പി മാർ കൂടിയേ തീരു. കേരളം മാത്രമാണ് ആശ്രയം. ക്രിസ്ത്യൻ നായർ സമുദായങ്ങളുടെ ഇടയിൽ സ്വാധീനം വർധിപ്പിക്കാനുള്ള വാഹനം കേരളാ കൊണ്ഗ്രെസ്സ് എം ആണ് എന്ന് പിണറായി തിരിച്ചറിഞ്ഞുകഴിഞ്ഞു. കൊണ്ഗ്രെസ്സ് കേരളാ കൊണ്ഗ്രെസ്സ് ജോസഫ് പക്ഷ അണികളെയും നേതാക്കളെയും ഇടതു പക്ഷത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു എന്ന് വ്യക്തം.

ഉമ്മൻ ചാണ്ടിയും പി ജെ ജോസഫും 80നോട് അടുത്തു കഴിഞ്ഞു. ഈ നിയമസഭ പിരിയുമ്പോൾ അവർ കളം വിടും എന്നുറപ്പാണ്. ജോസഫിന്റെ ആരോഗ്യസ്ഥിതി സജീവ നേതൃത്വത്തിന് അദ്ദേഹത്തെ അശക്തനാക്കുന്നു. മോൻസ് ജോസഫിനെ രണ്ടാമനാക്കിയതിൽ ഫ്രാൻസിസ് ജോർജ് ഖിന്നനാണ്. ഒരു എം എൽ എ മാത്രമുള്ള, മന്ത്രിസ്ഥാനം കിട്ടിയ ജനാധിപത്യ കേരളാ കോൺഗ്രസും കിട്ടുമെന്ന് ഗ്യാരണ്ടിയുള്ള പിള്ള ഗ്രൂപ്പും കേരളാ കോൺഗ്രസ് എമ്മിൽ ലയിക്കേണ്ട കാര്യമില്ല.

സംസ്ഥാന പാർട്ടി എന്ന നില നിൽപ്പിനു വേണ്ടി മാത്രമാണ് പി സി തോമസിനെ ജോസഫ് കൂടെ കൂട്ടിയിരിക്കുന്നത്. അത് പി സി ക്കും നന്നായി അറിയാം.

പി സി ജോർജിന് യു ഡി എഫിൽ കയറിക്കൂടുക എന്നത് മാത്രമാണ് രക്ഷമാർഗം. ജോർജ്ജ് വന്നാൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ മണ്ഡലങ്ങളിൽ അത് ഗുണം ചെയ്യുമെന്നത് കൊണ്ട് ജോർജിന്റെ മുന്നണി പ്രവേശം ഉറപ്പാണ്.

എന്തായാലും ഇനിയുള്ള കാലത്തും കേരളാ കൊണ്ഗ്രെസ്സ് ഇരുമുന്നണികളിലും കാണും എന്നത് മാത്രമാണ് ഉറപ്പുള്ള ഏക വസ്തുത.

സംഭവാമി യുഗേ യുഗേ.

Comments
Print Friendly, PDF & Email

You may also like