പൂമുഖം അനുഭവം തുഴഞ്ഞു നീങ്ങിയ പരീക്ഷണ കാലം

തുഴഞ്ഞു നീങ്ങിയ പരീക്ഷണ കാലം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കോവിഡ് ഒരു സത്യമായിത്തീർന്ന് പരിഭ്രമിച്ച് നിൽക്കുന്ന 2020 മാർച്ച് മാസമാണ് ഓഫിസിൽ നിന്ന് മാനേജരുടെ ഫോൺ വിളി.

“ഒന്ന് ഓഫീസ് വരെ വരണം.”

മനസ്സിൽ അസ്വസ്ഥത തോന്നി. ചെന്നയുടനെ ഏറെ സ്നേഹത്തോടെ മുമ്പെങ്ങുമില്ലാത്ത വിനയത്തോടെ സംസാരിച്ചു തുടങ്ങി. ഈ പ്രത്യേക സാഹചര്യത്തിൽ ടെർമിനേഷൻ ലെറ്റർ തരാതെ നിവൃത്തിയില്ല. കഴിഞ്ഞ 12 വർഷമായി ജോലി ചെയ്യുന്ന സ്ഥാപനം. പല സാഹചര്യങ്ങളും മാറി വന്നിട്ടും ജോലിയ്ക്ക് ഭംഗം നേരിട്ടിരുന്നില്ല. അതിന്റെ ഒരു അമിത ആത്മവിശ്വാസം ബാധിച്ചു കാണും. ഒടുവിൽ കോവിഡിൽ അതും തിരുത്തി. ഒരു മാസം കൂടി ജോലി ചെയ്യാം.

കോവിഡിനെ എങ്ങനെ നേരിടണമെന്ന് ലോകം പഠിച്ചു തുടങ്ങുന്ന കാലം. മറ്റൊരു ജോലിക്കുള്ള അന്വേഷണം പോയിട്ട്, ഫ്ലാറ്റിന്റെ വാതിൽ പോലും തുറക്കുന്നത് അപൂർവ്വം. ലോക്ക് ഡൗൺ ദിനങ്ങൾ. ആകെ പുറത്തു പോകുന്നത് സൂപ്പർ മാർക്കെറ്റിലേക്ക് അത്യാവശ്യ ഭക്ഷ്യ സാധനങ്ങൾ വാങ്ങാൻ മാത്രം . സുഹൃത്തുക്കളോടും വീട്ടിലേക്കും ജോലി പോയ കാര്യം അറിയിച്ചപ്പോൾ വേറെ കിട്ടും എന്നൊക്കെ പറഞ്ഞ് അശ്വസിപ്പിച്ചു എല്ലാവരും.

ബയോ ഡാറ്റ ഒന്ന് പുതുക്കി പി ഡി എഫിൽ ആക്കി സകല സുഹൃത്തുക്കൾക്കും വാട്സ്ആ പ്പിലും മെയിലിലും അയച്ചു. ജോലി അന്വേഷണം പോയിട്ട് കമ്പനികൾ തുറന്ന് പ്രവർത്തിക്കാത്ത അവസ്ഥ. ഫ്ലാറ്റിലെ ഏകാന്ത വാസം. ഫ്ലാറ്റ് ഒഴിഞ്ഞ്, വണ്ടി വിറ്റ് ഉടനെ നാട്ടിലേക്ക് പോകുകയെന്നത് പ്രയോഗികമല്ല.

നോട്ടീസ് പീരിയഡ് പെട്ടെന്ന് തീർന്നു. തൊഴിൽ രഹിതനായി. പിന്നീടൊരു വിസിറ്റ് വിസയെടുത്തു. ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും ജോലിയുടെ കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ . ചിലർ നാട്ടിൽ യാത്ര നിയന്ത്രണത്തിൽ പെട്ട് കിടക്കുന്നു. ജോലിയുടെ കാര്യത്തിൽ ഒരു ഇന്റർവ്യൂ കോൾ പോലും കിട്ടുന്നില്ല.

ഒടുവിൽ സുഹൃത്തും നാട്ടുകാരനുമായ ഹാരിസ് അവരുടെ കമ്പനിയിൽ വിസ തരാമെന്ന് ഏറ്റു. സ്പെയർ പാർട്സ് മാർക്കറ്റിംഗ് പറ്റുന്ന പോലെ സ്വതന്ത്രമായി ചെയ്യാം. അങ്ങനെ വിസയടിച്ചു. വണ്ടി പേപ്പർ പുതുക്കി. ഫ്ലാറ്റും ഒഴിഞ്ഞു. സുഹൃത്തായ പപ്പന്റെയടുത്തേക്ക് താമസം മാറി.

പുതിയ തൊഴിൽ മേഖലയിൽ മാസ്കിട്ട് മാർക്കറ്റ് ചെയ്യാൻ ഒട്ടും എളുപ്പമായിരുന്നില്ല. ഞാൻ അതിൽ ശരിക്കും പരാജയമായിരുന്നു.

വർഷം 2021 ലേക്ക് എത്തി. ഒന്ന് നാട്ടിൽ പോയി വന്നു. ജോലി അന്വേഷണം തുടർന്നു. വെള്ളിയാഴ്ച ഒരു കോഴ്സിന് കൂടി ചേർന്നു. മൂന്ന് മാസമെടുത്ത് കോഴ്സ് പാസായി. ബയോഡാറ്റ പുതുക്കി വീണ്ടും സുഹൃത്തുക്കൾക്ക് അയച്ചു. ആരിൽ നിന്നും മറുപടിയില്ല. ഫുട്‍ബോളും വോളിബോളും വായനയും തുടർന്നു. പ്രതീക്ഷയോടെ വീണ്ടും ശ്രമങ്ങൾ തുടർന്നു. കോവിഡിന്റെ കടുത്ത നിബന്ധനകൾക്ക് ഇളവ് വന്നു തുടങ്ങി. പുറം ലോകം സാധാരണ നിലയിലേക്ക് പതുക്കെ നടന്നു തുടങ്ങി.

ഒടുവിൽ ഒരു സുഹൃത്ത്‌ തന്ന ഇമെയിൽ വിലാസത്തിൽ സി വി അയച്ചു. അഭിമുഖത്തിന് അറിയിപ്പ് കിട്ടി. പി സി ആർ ഒക്കെ എടുത്ത് അബുദാബി ഭാഗത്തേക്ക്‌ ഇന്റർവ്യൂവിന് പോയി. ഒരു വിധം നന്നായി കഴിഞ്ഞു. എഴുത്തു പരീക്ഷയും ഉണ്ടായിരുന്നു. ഫലം കാത്ത് പത്തോളം ദിവസങ്ങൾ. ഒടുവിൽ തെരഞ്ഞെടുക്കപ്പെട്ടു എന്നറിയിപ്പ് കിട്ടി. ഔദ്യോഗിക ഓഫർ ലെറ്റർ കിട്ടാൻ വീണ്ടുമൊരു മാസം. ശരിക്കും പരീക്ഷണമായിരുന്നു ഈ മാസം. അതും കഴിഞ്ഞ്, ഒടുവിൽ ജോലി യാഥാർത്ഥ്യമായി. ഒട്ടും എളുപ്പമായിരുന്നില്ല ഒന്നര വർഷത്തെ ഇടവേള. എങ്കിലും പ്രതീക്ഷയുടെ ആകാശം കാണുന്നത് കൈവിട്ടിരുന്നില്ല. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും പിന്തുണ ഉണ്ടായിരുന്നു.

2020 തൊട്ട് ആരംഭിച്ച കോവിഡ് പ്രതിസന്ധി ഇപ്പോഴും തീർന്നിട്ടില്ല. സാമ്പത്തിക മേഖലയെ അത്‌ ഏറെ തളർത്തിയിട്ടുണ്ട്.

ലോകത്തെമ്പാടും തൊഴിൽ നഷ്ടങ്ങൾ ഉണ്ടായി. ചെറുകിട സ്ഥാപനങ്ങൾ പൂട്ടി. പ്രവാസികൾ പലരും സ്വദേശത്തേക്ക് മടങ്ങി. സാങ്കേതിക വൈദഗ്ധ്യം ഉള്ള തൊഴിലാളികൾക്കു പോലും ഒട്ടും ഡിമാൻഡ് ഇല്ലാത്ത അവസ്ഥ വന്നു. എപ്പോൾ വേണമെങ്കിലും, ആരുടെ വേണമെങ്കിലും ജോലി പോകാമെന്ന അരക്ഷിതാവസ്ഥ സംജാതമായിരിക്കുകയാണ്. ലോക സാമ്പത്തിക രംഗം തന്നെ ഏറെ ഏറ്റക്കുറച്ചിലുകളിലൂടെ കടന്നു പോകുകയാണ് ഇപ്പോൾ. പ്രതീക്ഷയോടെ വലയെറിയാനുള്ള കരുത്ത് ഉണ്ടാകട്ടെ.

കവർ ഡിസൈൻ : ആദിത്യ സായിഷ്

Comments
Print Friendly, PDF & Email

You may also like