പൂമുഖം POLITICS ശബരിമല സ്ത്രീപ്രവേശന വിധിയും ജനാധിപത്യ ചിന്തകളും

രാജ്യം നിർണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വേളയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, രാഷ്ട്രീയ നിരീക്ഷകർ, സ്വതന്ത്ര ചിന്തകർ എന്നിവരെ ഉൾപ്പെടുത്തി മലയാള നാട് തയ്യാറാക്കിയ ലേഖന പരമ്പര തുടരുന്നു. : ശബരിമല സ്ത്രീപ്രവേശന വിധിയും ജനാധിപത്യ ചിന്തകളും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

ഈ തെരഞ്ഞടുപ്പില്‍ ശബരിമല പ്രശ്നം ചര്‍ച്ച ചെയ്യരുത് എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നിയമ നിര്‍മ്മാണ പ്രക്രിയയുടെ അനിഷേധ്യ ഭാഗമാണ്. ശബരിമല വിധിയെ നിയമ നിര്‍മാണത്തിലൂടെ മറികടക്കും എന്ന് പറയുന്ന ബിജെപിയുടെ നിലപാടിനെ, ഈ വിഷയം ചര്‍ച്ച ചെയ്യാതെ ഇരുന്നാല്‍, എങ്ങനെയാണ് എതിര്‍ക്കുക എന്നത് ഒരു പ്രധാന വിഷയം തന്നെയാണ്. അതിനുമപ്പുറം, കേവലം തെരഞ്ഞെടുപ്പിന്റെ യുക്തിക്കു പുറത്തും, ചരിത്രപരമായി ചര്‍ച്ച ചെയ്യേണ്ട നിരവധി ഘടകങ്ങള്‍ ശബരിമല പ്രശ്നത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബിജെപി ചില  എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ശബരിമല പ്രശ്നം ചര്‍ച്ച ചെയ്യേണ്ട എന്നത് പലരും ഒരു ആശ്വാസമായി കാണുന്നോ എന്ന് പോലും സംശയിക്കേണ്ടി ഇരിക്കുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം, പ്രശ്നം അവര്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച വൈകാരികത, കൂടുതല്‍ മുതലെടുക്കാന്‍ കഴിയുമോ എന്നത് മാത്രമാണ് എന്ന് തോന്നുന്നു.

എന്നാല്‍ കേരളത്തിലെ കുടുംബജീവിതങ്ങളെ ആന്തരികമായി പ്രക്ഷുബ്ധവും സംഘർഷഭരിതവുമാക്കിയ ഒരു രാഷ്ട്രീയ പ്രശ്നമായിത്തീർന്നു ശബരിമല വിധി എന്നത് വാസ്തവത്തിൽ വലിയ അത്ഭുതമുളവാക്കേണ്ട കാര്യമല്ല. പുരോഗമനഗർവ്വിന്റെയും സങ്കുചിതരാഷ്ട്രീയത്തിന്റെയും മുഖംമൂടി ഈ ജനത സ്വയം എടുത്തണിഞ്ഞ് അഭിരമിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായിരുന്നല്ലൊ. എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാൻ കഴിയുകയില്ല എന്ന സത്യം വീണ്ടും തെളിയിക്കപ്പെടുകയാണ് ഒരുപക്ഷെ ശബരിമലവിഷയം കേരളത്തിൽ ഉണ്ടാക്കിയ കോളിളക്കത്തോടെ. മലയാളിയുടെ പറഞ്ഞുപതിഞ്ഞ പുരോഗമന പൊയ്മുഖം ആണ് മറനീക്കി പുറത്തുവന്നത്. ജാതീയതയുടെയും ആൺകോയ്മയുടെയും ഒരു ശരിയായ പരീക്ഷണഭൂമിയാണ് കേരളം എന്ന് തെളിയിക്കപ്പെടുകയും വർഗ്ഗിയശക്തികൾ ഇതു രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്തത് ഒരുമിച്ചായിരുന്നു. ശബരിമല വിധി വന്നതിനു ശേഷം ഉണ്ടായ രാഷ്ട്രീയ കോലാഹലങ്ങൾ അതുകൊണ്ടു തന്നെ വെറും ബിജെപി-സിപീഎം എന്ന സ്ത്ഥൂല രാഷ്ട്രീയദ്വന്ദ്വത്തിന്റെ അവസരവാദത്തിന്റെയും ശക്തിപ്രകടനങ്ങളുടെയും കണക്കെടുപ്പുകൾക്കപ്പുറം മലയാളിസ്വത്വബോധത്തിലുണ്ടാക്കിയ ചലനങ്ങളാണ് വിമർശന വിധേയമാകേണ്ടത്. സത്യത്തിൽ പുരോഗമനാത്മക ഇടത്തും പാരമ്പര്യവാദികളായ വലത്തും എന്ന സാങ്കല്പികദ്വന്ദ്വം കേരളത്തിൽ എക്കാലത്തും ഉരുവായിരുന്നത് സവർണ്ണജാതി ആൺബോധത്തിന്റെ ഉറച്ചുപോയ ഒരൊറ്റ അടിത്തറയിൽ നിന്നു തന്നെയാണ്. ഈ അടിത്തറ ഇന്നും വളരെ ഭദ്രമാണ് എന്നത് വലിയ നിരാശതന്നെയാണ് ഉണ്ടാക്കുന്നത്.

കേവലം ഒരു മതാനുഷ്ഠാനത്തിന്റ്റെ വിഷയമല്ല ശബരിമല വിധി. അതുകൊണ്ടു തന്നെ ഒരു മതത്തിന്റെയോ മതസമൂഹത്തിന്റെയോ സമയോചിതമായ ഒരു പരിഷ്കരണം എന്ന കേവല പുരോഗമന വാഞ്ഛയുടേതുമല്ല. ലിംഗനീതിയുടെ അടിസ്ഥാനതത്വങ്ങൾ ഉൾക്കൊള്ളുന്ന ഈ വിധി ഇന്ത്യൻ മതേതരത്വവും ഭരണഘടനയും ഇനി സഞ്ചരിക്കേണ്ടിയിരിക്കുന്ന ദുർഘടമായ വഴിയിലേക്കുള്ള ചൂണ്ടുപലകയാണ്. ആ വഴി, ദളിത്/ആദിവാസി/സ്ത്രീ/ഇതര ലൈംഗിക/ന്യൂനപക്ഷ സ്വത്വങ്ങൾക്ക് എന്തുതരം സാധ്യതകളും ഉറപ്പുകളും ആണ് ഇവിടെ നിലനിൽക്കുന്നത് എന്ന ഭരണഘടനയുടെ പ്രാഥമികമായ ഒരു വെല്ലുവിളിയും കൂടെ സൂചിപ്പിക്കുന്നു.

2006 ൽ ആണ് സുപ്രീംകോടതിയിൽ 91 ലെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് ശബരിമല കേസ് ഫയൽ ചെയ്യപ്പെടുന്നത്. ആർത്തവ അയിത്താചരണങ്ങൾക്കെതിരെ ‘ഹാപ്പി റ്റു ബ്ലീഡ്’ എന്ന പേരിൽ ഒരു കാമ്പെയ്ൻ നടത്തിയിരുന്നവരോടൊപ്പം ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസ്സോസിയേഷനും കക്ഷി ചേർന്നാണ് സുപ്രീം കോടതിയിൽ ഈ കേസ് കൊടുക്കുന്നത്. ഹാപ്പി റ്റു ബ്ലീഡ് എന്ന കാമ്പെയ്ൻ ശബരിമലയിൽ ആർത്തവപ്രായത്തിൽ ഉള്ള സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തോട് ഉള്ള പ്രതികരണമായിത്തന്നെയാണ് കേരളത്തിൽ ഉയർന്നു വന്നത്. ശബരിമലസീസണിൽ ട്രെയ്നിലും  ബസ്സിലും ഒക്കെ അയ്യപ്പന്മാരുടെ സൌകര്യത്തിനു മാറിയിരിക്കേണ്ടി വരികയും ചിലപ്പോൾ ഇറക്കിവിടപ്പെടുകയും തന്നെ ചെയ്യുന്നു എന്ന് പല സ്ത്രീകളും പെൺകുട്ടികളും പരക്കെ പരാതി ഉയർത്തുകയും, ഓൺലൈനിൽ ശക്തിപ്രാപിച്ചു കൊണ്ടിരുന്ന ‘ഹാപ്പി റ്റു ബ്ലീഡ്’ എന്ന കാമ്പെയ്ൻ വക്താക്കളായ നികിതാ ആസാദ് തുടങ്ങിയവർ ഇതിനെതിരെ മുന്നോട്ടു വരികയും ചെയ്തു. ക്ഷേത്ര പരിസരങ്ങളിൽ ആർത്തവമുള്ള സ്ത്രീകൾ ഉണ്ടോ എന്നറിയാൻ യന്ത്രങ്ങൾ ആണ് ആവശ്യം എന്ന ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞതിനെ ശക്തമായി അപലപിക്കുന്നുണ്ട് നികിതാ ആസാദ് ‘Happy to Bleed: An initiative against Sexism“ എന്ന തന്റെ ലേഖനത്തിൽ. സമാനമായി ആർത്തവസമയത്തു ആരാധനാലയങ്ങളിൽ വിലക്കുന്നതിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഇന്ത്യയിലെ പല ഭാഗത്തുനിന്നും പബ്ലിക് ഇന്ററസ്റ്റ്  ലിറ്റിഗേഷനുകൾ ഫയൽ ചെയ്യപ്പെടുകയും ചെയ്തിരുന്നു. 2006 മുതൽ 2016 വരെയുള്ള പത്തു വർഷം ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ, നിയമവിദഗ്ദർക്കിടയിൽ ഒക്കെ പരക്കെ പല ചർച്ചകളും നടക്കുന്നുമുണ്ടായിരുന്നു. 2016ൽ ഹാജി അലി ദർഗ്ഗയിൽ സ്ത്രീകൾക്ക് പ്രവേശനമനുവദിച്ചു കൊണ്ടാണ് സമാനമായ ഒരു കേസിൽ ആദ്യ വിധി വരുന്നത്. ബോംബെ ഹൈകോർട്ടിന്റെ ഈ പ്രമാദമായ വിധിയിലും പരാമർശവിധേയമാകുന്നതും പ്രശ്നവൽക്കരിക്കപ്പെടുന്നതും ആയ ചോദ്യങ്ങളാണ് ആർത്തവായിത്തം ഒരു ‘അടിസ്ഥാന മതാനുഷ്ഠാനം’ (essential religious practice) ആണോ എന്നതും അങ്ങിനെയെങ്കിൽ അതിലോ സമാനമായ മതപരമായ വ്യവഹാരങ്ങളിലോ ഭരണഘടനയോ നിയമമോ കോടതിയോ ഇടപെടേണ്ടതുണ്ടോ എന്നതും ഉണ്ടെങ്കിൽ എങ്ങിനെ എന്നതും മറ്റും .

ആർത്തവായിത്താചരണം അടിസ്ഥാന മതാനുഷ്ഠാനമായി തുടരേണ്ടതുണ്ടോ എന്ന ചോദ്യത്തോട് പ്രബുദ്ധകേരളം രണ്ടു സാങ്കൽപ്പിക ദ്വന്ദ്വങ്ങളിൽ ഉറച്ചു നിന്നുകൊണ്ടു തന്നെയാണ് പ്രതികരിച്ചത്. ഒരു വശം ‘വിശ്വാസം’ എന്ന ആശയത്തോട് ചേർന്നു നിന്നെങ്കിൽ മറുവശം ‘പുരോഗമനം’ എന്ന സങ്കൽപ്പത്തിന്റെ ചുവടുപറ്റി. ഒരു വശത്ത് ആർത്തവമുള്ള സ്ത്രീകളെ ഒഴിവാക്കുക എന്നതിനെ ന്യായീകരിക്കാൻ പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യം, താന്ത്രികവിധികളുടെ പ്രത്യേകത, തന്ത്രികളുടേ അവകാശം തുടങ്ങി അമ്പലങ്ങളിലെ പ്രത്യേക കാന്തിക ശക്തി വരെ എത്തുന്ന പല കാരണങ്ങൾ നിരത്തി അയ്യപ്പസേവാസമിതി എന്ന സംഘപരിവാറിന്റെ പുതിയ അവതാരത്തിന്റെ ആശയങ്ങളുമായി മാനസീക ഐക്യം പ്രഖ്യാപിച്ച് സ്വന്തം സവർണ്ണരാഷ്ടീയബോധം വെളിപ്പെടുത്തിക്കൊണ്ട് ജാതി സംഘടനകൾ എല്ലാം മുന്നോട്ടുവന്നു. മറുവശത്താകട്ടെ സാമുദായികപരിഷ്കരണങ്ങൾക്കായി സ്ത്രീശരീരത്തിന്റെ ശ്ലീലാശ്ലീലങ്ങളുടെ തീർപ്പുകൾ ആവർത്തിച്ചുപറഞ്ഞുകൊണ്ട് പുതിയനവോത്ഥാനമതിലുകളിലേക്ക് പാകപ്പെടാനായുള്ള ആഹ്വാനങ്ങളും ഉണ്ടായി. കേരളത്തിലെ ബി ജെ പി -സിപി എം ഘടകങ്ങളുടെ രാഷ്ട്രീയക്കളം വരയ്ക്കുള്ള പ്രതലവും മാധ്യമവുമായി സ്ത്രീശരീരങ്ങൾ മാറിമാറി നിരക്കുന്നതും അതേ സമയം മലകയറാനുള്ള സ്ത്രീകളുടെ വ്യക്തിപരമായ ശ്രമങ്ങൾ ആവർത്തിച്ച് തടുക്കപ്പെടുന്നതും അവർ തുടർച്ചയായി അപമാനിക്കപ്പെടുന്നതും ഒടുക്കം സ്വജീവൻ പണയം വച്ച് രണ്ടു സ്ത്രീകൾ ഐതിഹാസികമായി കോടതിവിധിനടപ്പിലാക്കുന്നതും അവരിൽ തന്നെ ഒരാളെ കുടുംബം ഒറ്റപ്പെടുത്തുന്നതും തഴയുന്നതും ഒക്കെയും കാണുകയുണ്ടായി. തുടർക്കഥപോലെ കേരളത്തിൽ അരങ്ങേറുന്ന ആണധികാരത്തിന്റെ അക്രമരാഷ്ട്രീയത്തിനും അതിന്റെ പൊയ് സുരക്ഷക്കായി തണൽ പറ്റാനുള്ള ആഹ്വാനങ്ങൾക്കും ഇടയിൽ സ്വന്തം നിലയ്ക്ക് രാഷ്ട്രീയം പറയുന്ന കേരളത്തിലെ ഏതൊരു സ്ത്രീയും നടത്തുന്ന ഒറ്റയാൾ പോരാട്ടങ്ങളുണ്ട്. മലകയറാൻ സ്വന്തം നിലയ്ക്ക് പരിശ്രമിച്ച ഓരോ സ്ത്രീയും സൃഷ്ടിക്കുന്ന കലാപങ്ങളെ ആക്റ്റിവിസം, എക്സിബിഷൻ തുടങ്ങിയ വാക്കുകളോട് ചേർത്തുവച്ച് തള്ളിക്കളയാനാണ് തുടർച്ചയായി ശ്രമിച്ചുകൊണ്ടിരുന്നത്. ഇതര രാഷ്ട്രീയസാധ്യതകളെ നിഷേധപരമായ ലേബലിങ്ങുകളിലൂടെ ഇങ്ങനെ റദ്ദുചെയ്യാമെന്ന വ്യാമോഹം നിരന്തരം പരീക്ഷിച്ച് പരാജയപ്പെട്ടിട്ടും കേരളത്തിലെ മുഖ്യധാര ഇടത് ഉൾപ്പെടെയുള്ള ആണധികാര രാഷ്ട്രീയം ഇനിയും ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല. ജീർണ്ണവിശ്വാസത്തിന്റെ സംഘപരിവാർ ചതുപ്പിനൊപ്പം തന്നെ മലയാളി സമൂഹത്തിനുള്ള ആന്തരികമായ വെല്ലുവിളിതന്നെയാണ് ഇത്. പ്രളയത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയത് അടിമുടി ആണധികാരവൽക്കരിക്കപ്പെട്ട മലയാളിയുടെ രാഷ്ട്രീയഗർവ്വുകൂടെയാണ്. മലകയറാൻ ആഗ്രഹിച്ചും പരിശ്രമിച്ചും പരിശ്രമിക്കുന്നവരെ പിന്തുണച്ചും അവർക്കു വേണ്ടി വാദിച്ചും പ്രാർത്ഥിച്ചും ഒക്കെ മലയാളി സ്ത്രീകൾ ഉയർത്തിയ  രാഷ്ട്രീയപ്രതിരോധം പോലെ ഒന്ന് സത്യത്തിൽ കേരളം വിദൂരചരിത്രത്തിലല്ലാതെ കണ്ടിട്ടില്ല. മേൽമുണ്ടു ധരിക്കാനും, മുലചെത്താനും ഒക്കെ ഒരുമ്പെട്ട് ഇറങ്ങിയ രാഷ്ട്രീയസ്ത്രീപ്രാതിനിധ്യപരമ്പരയിലെ ഏറ്റവും പുതിയ അധ്യായം തന്നെയാണ് ഈ ചെറുത്തുനിൽപ്പ്.

ഒരു റിസർവ് വനത്തിനുള്ളിൽ അതീവ ലോലമായ സംരക്ഷിത പരിതസ്ഥിതി മേഖലയിൽ നിലനിൽക്കുന്ന ഒരു ക്ഷേത്രത്തിലേക്ക് സ്ത്രീകൾ പ്രവേശിക്കുന്നതിനു വാശിപിടിക്കുന്നതാണോ സ്ത്രീ സമത്വം എന്ന് വാദങ്ങൾ ഉയർന്നിരുന്നു. യാതൊരു കരുതലുകളുമില്ലാതെ വനം വെട്ടി നികത്തി തീർത്ഥാടകർക്ക് സൌകര്യം ഒരുക്കിയൊരുക്കി വനഭൂമി നശിപ്പിച്ചപ്പോഴൊന്നും ഇല്ലാതിരുന്ന വേവലാതികൾ ആണെന്നോർക്കണം! എന്നാൽ ക്ഷേത്രത്തിന്റെ ആദിമ അവകാശികളായ മലയരയ സമൂഹം സുശക്തമായി അവകാശം ഉന്നയിച്ചു വന്നതോടെ അമ്പതു വർഷം കൊണ്ട് പ്രകൃതിനാശപരമായ ഒരു തീർത്ഥാടന റ്റൂറിസ്റ്റ് കേന്ദ്രമാക്കി ശബരിമലയെ മാറ്റിയത് തന്ത്രി കുടുംബം ഉൾപ്പെടുന്ന സവർണ്ണ ലോബിയുടെ വ്യാപാരേച്ഛകൾ തന്നെയാണ് എന്ന് ഒന്നുകൂടെ വ്യക്തമാവുകയും ചെയ്തു. ആറ്റുകാലിൽ പൊങ്കാലയിടാൻ പുരുഷന്മാർക്ക് ആവുകയില്ലല്ലോ എന്നും അതു കാണിക്കുന്നത് ഓരോ ദേവതയ്ക്കും അനുസരിച്ചുള്ള ക്ഷേത്രാചാരവിധികളാണ് ഹിന്ദുമതത്തിന്റെ പ്രത്യേകത എന്നുമായിരുന്നു മറ്റൊരു വാദം. എന്നാൽ സ്ത്രീശക്തിയുടെ സാക്ഷാത്കാരം എന്ന് കരുതപ്പെടുന്ന പൊങ്കാലാഘോഷം യഥാർത്ഥത്തിൽ മംഗല്യവതികളായ സ്ത്രീകളുടെ പാതിവ്രത്യത്തെയും ഋതുമതികളായ പെൺകുട്ടികളുടെ ചാരിത്ര്യത്തെയും സംരക്ഷിക്കുന്നതിലേക്കായുള്ള ആചാരമായിട്ടാണ് നിലനിൽക്കുന്നതുതന്നെ എന്ന കാര്യം സൌകര്യപൂർവ്വം വിസ്മരിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ മതാചാരങ്ങൾക്കുള്ളിൽ ആത്യന്തികമായി നിലനിൽക്കുന്ന ആൺകോയ്മാതാൽപ്പര്യങ്ങളെ ചെറുക്കേണ്ടതിന്റെ ആവശ്യം ശബരിമല വിധിയിൽ ജസ്റ്റിസ് ചന്ദ്രചൂഢ് എടുത്തുപറയുന്നത് ഇന്ത്യയിലെ ആദ്യത്തെ സത്രീസാമൂഹ്യപരിഷ്കർത്താവായ സാവിത്രി ഭായി ഫൂലെയെ ഓർമ്മിച്ചു കൊണ്ടാണ്. ആർത്തവായിത്താചരണം തൊട്ടുകൂടായ്മ തന്നെയാണെന്നും അതിന്റെ വേരുകൾ ജാത്യാധിപത്യത്തിന്റെ വേരുകളായ ‘ശുദ്ധി’ സങ്കൽപ്പം തന്നെയാണ് എന്നും അതുകൊണ്ട് തൊട്ടുകൂടായ്മ ഭരണഘടനവിരുദ്ധമാക്കിയ ആർട്ടിക്ക്ൾ   17 ആർത്തവായിത്താചരണത്തിന്റെ കാര്യത്തിലും ബാധകമാണ് എന്നും വീക്ഷിച്ചുകൊണ്ട് വ്യാഖ്യാനങ്ങളിലൂടെ ചലനാത്മകമായി നിലനിൽക്കുന്ന ഒരു ജൈവഗ്രന്ഥം (organic text) ആണ് ഭരണഘടന എന്നു കൂടെ തെളിയിക്കുന്നുണ്ട്  ശബരിമല വിധി.

മതപരമായ ആചാരങ്ങൾക്കും സാമൂഹ്യധാർമ്മികതയ്ക്കും വെറും ഒരു ബദൽ എന്ന നിലയ്ക്കല്ല ഭരണഘടനാധാർമ്മികത നിലനിൽക്കുന്നത് എന്ന സത്യം ഈ സന്ദർഭത്തിൽ ആണ് ഓർമ്മിക്കേണ്ടത്. ഭൂരിപക്ഷമതധാർമ്മികതയെ തന്നെയാണ് ഇന്ത്യൻ മതേതരഘടന എക്കാലവും പ്രത്യക്ഷമായും പരോക്ഷമായും പിൻതാങ്ങി വന്നിരുന്നത്. ഭരണഘടനയടക്കം ഇന്ത്യയിൽ ഒന്നും തന്നെ മതമെന്ന ചട്ടക്കൂടിനു വെളിയിൽ അല്ല എന്നത് നിസ്തർക്കമാണല്ലോ. മതനിരപേക്ഷത എന്നാൽ മതവും ഭരണകൂടവും തമ്മിൽ ഒരു ബന്ധവും ഇല്ലാതിരിക്കൽ ആണ് എന്നതിനാൽ ഇന്ത്യൻ മതനിരപേക്ഷത ഒരു കാലത്തും മതനിരപേക്ഷതയേ അല്ല എന്ന വിമർശനം ആദ്യമായി മുന്നോട്ടു വയ്ക്കുന്നത് 1960 ൽ ഡൊണാൾഡ് സ്മിത് ആണ്. തുടർന്ന് പാർത്ഥാചാറ്റർജിയും മറ്റും നടത്തിയ പോസ്റ്റ്കൊളോണിയൽ വായനയിൽ ഇന്ത്യൻ മതനിരപേക്ഷത പാശ്ചാത്യ മതനിരപേക്ഷതയുടെ വികലമായ ഒരു അനുവർത്തനം മാത്രമാണ് എന്നും വിമർശിക്കപ്പെട്ടു. എന്നാൽ ഇന്ത്യൻ മതനിരപേക്ഷതയുടെ പൊള്ളത്തരങ്ങൾ വ്യക്തമായി വിമർശിക്കപ്പെടുന്നത് ആയെഷാ ജലാൽ, തലാൽ ആസാദ് തുടങ്ങിയവർ ഇന്ത്യൻ മതനിരപേക്ഷതയുടെ ആശയനിർമ്മിതിയുടെ ചരിത്രത്തിൽ തന്നെ ന്യൂനപക്ഷ മതം എന്ന നിലയിൽ ഇസ്ലാം എങ്ങിനെ നിലനിൽക്കുന്നു എന്ന ചോദ്യം ഉയർത്തിയതോടെയാണ്. ഇസ്ലാമിക് വർഗ്ഗീയത എന്ന അപരത്വം നിർമ്മിച്ചെടുക്കേണ്ടത് മതനിരപേക്ഷത എന്ന ഭരണകൂടാസ്തിത്വത്തിന്റെ തന്നെ ആവശ്യമായിരുന്നു എന്ന് ദേശീയതാപ്രസ്ഥാനങ്ങളുടെയും വിഭജനത്തിന്റെയും ആഖ്യാനങ്ങളുടെ വായനകളിൽ നിന്നുമാണ് ആയിഷാ ജലാൽ സ്ഥാപിക്കുന്നത്. 2006ൽ അനുരാധ നിധാമും രാജേശ്വരി സൌന്ദർരാജനും ചേർന്ന് സമാഹരിച്ച crisis of secularism in India ആണ് ബാബ്രി മസ്ജിദിനും ഗുജറാത്ത് മുസ്ലിം ഹത്യക്കും ശേഷം ശക്തമായിക്കൊണ്ടിരുന്ന ഹൈന്ദവവർഗ്ഗീയതയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ മതനിരപേക്ഷതയുടെ പ്രതിസന്ധി സൂക്ഷ്മമായി വിലയിരുത്തിയ മറ്റൊരു പുസ്തകം . ഈ പുസ്തകത്തിൽ നിയമവിദഗ്ധയായ ഫ്ലേവിയ ആഗ്നസ്, മാറിയ പശ്ചാത്തലത്തിൽ യൂണിഫോം സിവിൽ കോഡ് എന്ന ആശയം തന്നെ എത്രയധികം മതനിരപേക്ഷമല്ലാതായിക്കഴിഞ്ഞു എന്ന് വീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് മതപരമായ കാര്യങ്ങളിൽ നിയമം അകലം പ്രാപിക്കുക ഇടപെടാതിരിക്കുക എന്ന മുറയ്ക്കുള്ള വാദങ്ങൾ ഇന്ത്യൻ മതേതരതയെ  സംബന്ധിച്ചിടത്തോളം ഒരിക്കലും സാധുതയില്ലാത്ത കാര്യമാണ്.

കോടതി മതപരമായ കാര്യങ്ങളിൽ ഇടപെടരുത് എന്ന വാദം ആത്യന്തികമായും നിഴൽ യുദ്ധമാണ് എന്നു വ്യക്തമാകുന്നത് ഇന്ത്യൻ മതേതരത്വത്തിന്റെ ഘടനയിൽ തന്നെ ഇഴുകിചേർന്നിട്ടുള്ള ഭൂരിപക്ഷമതബോധത്തിന്റെ ഈ വിമർശനത്തിലൂടെയാണ്. ഹിന്ദു കോഡ് ബിൽ മുതൽ ഇങ്ങോട്ട് ഇന്ത്യൻ ആധുനികതയുടെ എല്ലാ ഘട്ടങ്ങളിലും കോടതിയും നിയമവും മതപരമായ വിഷയങ്ങളിൽ ഇടപെട്ടിട്ടുണ്ട്. ന്യൂനപക്ഷ മതങ്ങളുടെ അടിസ്ഥാന മതാചാരങ്ങളിലാണ് കൂടുതലും ഇടപെട്ടിട്ടുള്ളത് എന്നുകൂടെ ഇതിനോട് ചേർത്തുവയ്ക്കേണ്ടകാര്യമാണ്. ഹാജി അലി ദർഗ കേസിൽ ബോംബെ ഹൈക്കോടതി ഇങ്ങിനെ ഇടപെടേണ്ടി വന്ന കേസുകൾ പലതും പരാമർശിക്കുന്നുണ്ട്. 1994 ൽ ആണ് ആരാധനാലയങ്ങൾ ഭരണകൂടം ഏറ്റെടുക്കുന്നതു സംബന്ധിച്ച അയോധ്യ കേസുമായി ബന്ധപ്പെട്ട ഇസ്മൈൽ ഫറൂക്കി കേസിൽ നിസ്കാരപ്പള്ളിയിൽ തന്നെ പ്രാർത്ഥിക്കുക എന്നത് ഇസ്ലാമിൽ ഒരു അടിസ്ഥാന മതാനുഷ്ഠാനമല്ല എന്ന സുപ്രീം കോർട്ട് വിധി ഉണ്ടാകുന്നത്. ഈ വിധി ബാബ്രി മസ്ജിദ് കേസിനെ നേരിട്ട് സ്വാധീനിക്കില്ല എന്ന് നിരീക്ഷിച്ചുകൊണ്ടാണ് ദീപക് മിശ്ര അടങ്ങിയ സുപ്രീം കോർട്ട് ഈയടുത്ത് അതിന്റെ പുനപ്പരിശോധനാഹർജ്ജി തള്ളിയത്. മറ്റൊരു പ്രമാദമായ കേസിൽ ബക്രീദിനു മൃഗബലി അടിസ്ഥാന ആചാരമല്ല എന്നു വിധിക്കുന്നുണ്ട്. ജൈനമതവിശ്വാസികളുടെ സന്താര എന്ന ആചാരത്തെ ആത്മഹത്യയോട് ഉപമിച്ച് വിലക്കുന്നുണ്ട്. ഇത്തരത്തിൽ ഉള്ള കേസുകളിൽ ചിലപ്പോൾ അനാവശ്യമായ ദൈവശാസ്ത്രവിചിന്തനങ്ങളിലേക്കാണ് കോടതി നിർബന്ധിക്കപ്പെടുന്നത് എന്നും അതിനാൽ മതപരമായ കാര്യങ്ങളിൽ കോടതി ഇടപെടൽ പലപ്പോഴും ചുമതലപ്പെട്ട ബെഞ്ചിന്റെ വ്യക്തിപരമായ വീക്ഷണങ്ങളായാണ് ചുരുങ്ങുന്നത് എന്നുമൊക്കെ പലപ്പോഴും നിരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

ഈ നിലയ്ക്കാണ് പലരും ശബരിമല വിധിയിൽ ഇന്ദു മൽഹോത്രയുടെ ഭിന്നാഭിപ്രായത്തെയും പിന്താങ്ങുന്നത്. താൻ ഉൾപ്പെട്ട ബെഞ്ചിന്റെ വിധിയോടെ റദ്ദു  ചെയ്യപ്പെടുന്ന 1991 ലെ കേരള ഹൈക്കോടതി വിധിയിലൂടെയാണ് ‘അടിസ്ഥാനപരം’ എന്നു പ്രചരിക്കപ്പെടുന്ന ആർത്തവായിത്താചാരം ശബരിമലയിൽ യഥാർത്ഥത്തിൽ നിലവിൽ വരുന്നതുതന്നെ എന്ന കാര്യം തീരെ മറക്കുന്നു മൽഹോത്രയുടെ എതിരഭിപ്രായം. എന്നാൽ ഇതു മാത്രമല്ല സങ്കുചിതമായ ഈ എതിരഭിപ്രായത്തിന്റെ പ്രശ്നം. വർഗ്ഗിയതയും ദുരാചാരവും പ്രചരിപ്പിക്കാൻ മൽഹോത്രയുടെ ഈ ഒരു വീക്ഷണം നിർലോഭം ആയുധമാക്കുകയാണ് സംഘപരിവാർ ചെയ്തത്. മൽഹോത്രയുടെ വിരുദ്ധാഭിപ്രായത്തെ പിന്താങ്ങിക്കൊണ്ടാണ് ഹൈന്ദവമതാചാരങ്ങളെ ക്കുറിച്ചുള്ള കപടശാസ്ത്രീയ അവലോകനങ്ങൾ അമേരിക്കയിൽ നിന്നും ഒക്കെ ഇറങ്ങി വാട്ട്സാപ്പു വഴി പ്രചരിക്കപ്പെട്ടത്. സംഘപരിവാറിന് ഏറ്റവും വളക്കൂറുള്ള അവരുടെ വരുമാന സ്രോതസ്സാണ് അമേരിക്കൻ പ്രവാസിസമൂഹം, പ്രത്യേകിച്ച് ഐ ഐ റ്റികളിൽ നിന്ന് സിലിക്കൺ വാലിയിലേക്ക് കുടിയേറിയ സവർണ്ണ/ബ്രാഹ്മണിക്കൽ സമൂഹം, എന്നത് Arvind Rajagopal, Walter Anderson, Ingrid Therwath തുടങ്ങിയവരുടെ പഠനങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞതാണ്. സനാതന ഹിന്ദുത്വ വാദികളുടെ വിചിത്രമായ വാദങ്ങൾ പലതും ഇന്ദു മൽഹോത്രയുടെ അഭിപ്രായത്തെ ഏറ്റു പറഞ്ഞുകൊണ്ട് പറയുന്നത് താന്ത്രിക വിധിയിൽ ഓരോ ദേവതയ്ക്കും പ്രതിഷ്ഠാപ്രകാരം ചില പ്രത്യേകതകൾ ഉണ്ടാവും എന്നും ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ടിക ബ്രഹ്മചാരിയായതുകൊണ്ട് ആർത്തവപ്രായത്തിലെ സ്ത്രീകൾ പ്രവേശിച്ചാൽ ഒരു പക്ഷെ അവർക്കു എൻഡോമെറ്റ്രിയാസിസ് പോലെയുള്ള അസുഖങ്ങൾ വരാമെന്നുമൊക്കെയാണ്. താന്ത്രവിധികളിൽ ഇടപെടാൻ കോടതിക്ക് ജ്ഞാനം പോരാ എന്ന മട്ടിൽ ഹൈന്ദവ സൈദ്ധാന്തികനായ രാജിവ് മൽഹോത്രയുടെയൊക്കെ വ്യാഖ്യാനം സവർണ്ണമലയാളി ഹിന്ദു കുടുംബ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ യഥേഷ്ടം ആധികാരികമായ ആശയങ്ങൾ എന്ന മട്ടിൽ പ്രചരിക്കപ്പെട്ടു. ‘അടിസ്ഥാന ഹിന്ദു മതാനുഷ്ഠാന’ത്തിൽ ഇടപെടാൻ കോടതിക്ക് അവകാശമില്ല എന്ന ഈ വാദത്തിന്റെ മറയിൽ തന്നെയാണ് സ്ത്രീപ്രവേശനത്തിനു ശേഷം ശബരിമല തന്ത്രി ശുദ്ധികലശം ഒക്കെ നടത്തി കോടതിയെ  വെല്ലുവിളിക്കുന്നത്. ബി.ജെ.പി പ്രേരിതമായ ഈ രാഷ്ട്രീയക്കളികൾക്ക് കേരളത്തിലെ സവർണ്ണ സമൂഹം പിന്തുണ നൽകുന്നതിൽ ഹിന്ദുമത ആചാരങ്ങളെക്കുറിച്ച് പ്രചരിക്കപ്പെട്ട കപട അവലോകനങ്ങൾക്കും അതിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ല എന്ന നിലയ്ക്കുള്ള വികലമായ വാദങ്ങൾക്കും ഒക്കെ വലിയ പങ്കുണ്ട്. ഈ ഘട്ടത്തിൽ എന്താണ് ‘അടിസ്ഥാനമതാനുഷ്ഠാനങ്ങൾ’ എന്ന നിയമപരിച്ഛേദം  എന്നും എന്താണ് ആ ആശയത്തിന്റെ ചരിത്രപരമായ പ്രസക്തി എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.

‘അടിസ്ഥാനമതാനുഷ്ഠാനങ്ങൾ’ എന്ന ആശയം ഭരണഘടനയിൽ ഉള്ളതല്ല. ഇതിന്റെ ചരിത്രം നീളുന്നത് ഭരണഘടനാസമ്മേളനത്തിൽ അംബേദ്കർ നടത്തിയ ഒരു പ്രസംഗത്തിലേക്കാണ്. ഹിന്ദു കോഡ് ബില്ലും വ്യക്തി നിയമങ്ങളും കൊണ്ട് ബ്രാഹ്മണമേൽക്കോയ്മയേയും ജാതിവ്യവസ്ഥിതി യേയും തകർക്കുകയേ നിവർത്തിയുള്ളു എന്ന് മനസ്സിലാക്കിയ അംബേദ്കർ ഇന്ത്യയിലേ സാഹചര്യത്തിൽ ഏല്ലാം തന്നെ മതപരവും, പ്രത്യേകിച്ച് ജാതിമേൽക്കോയ്മയുടെ ഭാഗവു മാണെന്ന് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ‘അടിസ്ഥാനമായി മതപരമായതിൽ‘ (essentially religious) മാത്രം നിയമം ഇടപെടില്ല എന്നു വയ്ക്കുകയേ നിവർത്തിയുള്ളു എന്ന് അദ്ദേഹം  പറയുകയുമാണ്. ഭൂരിപക്ഷമതമേൽക്കോയ്മ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ മതാനുഷ്ഠാനങ്ങൾക്ക് ഭരണഘടനാസംരക്ഷണം നൽകുന്നത് എന്തു വലിയ ഭീഷണിയാണ് എന്ന കരുതലിൽ നിന്നാണ് സത്യത്തിൽ അംബേദ്ക്കറുടെ  ഈ പരാമർശം വരുന്നത്. അതായത് വ്യത്യസ്തമായ മതേതര ധാർമ്മികതകളുടെ സംരക്ഷണമാണ് ആ ചർച്ചയിൽ അംബേദ്ക്കർ മുന്നോട്ട് വയ്ക്കുന്നത്: മതാചാരങ്ങളുടേതല്ല. എന്നാൽ 1956 ലെയൊക്കെ ചില കേസുകളിൽ മാത്രമാണ് ഈ രീതിയിൽ ‘അടിസ്ഥാന മതാനുഷ്ഠാനം’ എന്ന വാക്ക് നെഗറ്റിവ് അർത്ഥത്തോടെ – മതനിരപേക്ഷതയെ  മതസമൂഹത്തിൽ നിന്ന് കഴിയുന്നതും വേറിട്ടു കാണാൻ വേണ്ടി അംബേദ്കർ കൽപ്പിച്ച അർത്ഥത്തിൽ – ഉപയോഗിച്ചിട്ടുള്ളത് എന്ന് നിയമചരിത്രകാരന്മാർ നിരീക്ഷിക്കുന്നുണ്ട്. 1960ൽ ബഹുഭാര്യത്വം ‘അടിസ്ഥാന ഹൈന്ദവ ആചാരമല്ല’ എന്ന അലഹബാദ് ഹൈകോർട്ടിന്റെ വിധിയിൽ ആണ് ‘അടിസ്ഥാന മതാനുഷ്ഠാനം’ എന്ന ആശയം വേറിട്ട് വ്യഖ്യാനിക്കപ്പെടുന്നത്. ഒരു അനുഷ്ഠാനം, അല്ലെങ്കിൽ ഒരു ധാർമ്മികത മതപരമോ മതനിരപേക്ഷമോ എന്ന് വേർതിരിക്കുക എന്ന അംബേദ്കർ സൂചിപ്പിച്ച അർത്ഥത്തിൽ നിന്ന് ‘അടിസ്ഥാന മതാനുഷ്ഠാനം’ എന്നത് ഒരു മതത്തിന്റെ ഉള്ളിൽ ഓരോ ആചാരങ്ങൾക്കുമുള്ള പ്രാധാന്യത്തെ സൂചിപ്പിക്കാനുള്ള ഒരു ‘റ്റെസ്റ്റ്’ ആയി ചുരുങ്ങിയത് ഏകദേശം ഈ വിധിയേ തുടർന്നാണ് എന്ന് ചില നിയമചരിത്രകാരന്മാർ സൂചിപ്പിക്കുന്നുണ്ട്. (ഗൌതം ഭാട്ടിയ 2015) അതായത് അടിസ്ഥാനപരമായി ഒരാചാരം മതപരമാണോ എന്ന ചോദ്യത്തിനു പകരം അത് ഏതെങ്കിലും പ്രത്യേക മതത്തിനു അടിസ്ഥാനപരമാണോ എന്ന ചോദ്യത്തിലേക്ക് വഴിമാറിപ്പോവുകയാണ് ഉണ്ടായത് എന്നർത്ഥം. ഇന്ത്യൻ മതനിരപേക്ഷതയുടെ പരിമിതികൾ മുന്കൂട്ടി അറിഞ്ഞ ഭരണഘടനാശിൽപ്പിയുടെ ക്രാന്തദർശ്ശിത്വം തന്നെ ആയിരുന്നിരിക്കണം മതപരമല്ലാത്ത ധാർമ്മികതകൾക്ക് മതസമൂഹത്തിൽ അടിസ്ഥാനമുണ്ടാകണം എന്ന ഇംഗിതത്തിന്റെ സൂചന.

അടിസ്ഥാനപരമായി ഒരനുഷ്ഠാനം മതപരമാണോ അതോ മതനിരപേക്ഷ/ഇതരമാണോ എന്ന പരീക്ഷണത്തിന്റെ ആവശ്യം അംബേദ്കർ എടുത്തു പറയുന്ന സാഹചര്യം വളരെ വിലപ്പെട്ടതാണ്. ജാതിമേൽക്കോയ്മയുടെയും ആണധികാരത്തിന്റെയും ഈറ്റില്ലമായിരുന്ന ഒരു സമൂഹത്തിലേക്ക് ആധുനികതയുടെ നീതിബോധങ്ങൾ ഒരേ അളവിൽ എത്തേണ്ടുന്നതിന്റെ വെല്ലുവിളിയുടെ ഭീകരത അംബേദ്കറേക്കാളധികം ആരെയാണ് ഭയപ്പെടുത്തിയിട്ടുണ്ടാവുക? ഹിന്ദു മതത്തിന്റെ പരിഷ്ക്കരണമല്ല- ഏതൊരു മതത്തിന്റെയും പരിഷ്ക്കരണമല്ല- ഭരണഘടന മുന്നോട്ടു വയ്ക്കുന്നത് എന്ന അംബേദ്കറുടെ നിലപാട് ഉണ്ടാകുന്നത് ലാലാ ലജ്പത് രോയ്, രാജാ റാം മോഹൻ റോയ് തുടങ്ങിയവരുടെ പുരോഗമനാത്മക ഹൈന്ദവതയുടെ പരിമിതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ബോധ്യത്തിൽ നിന്നും ഗാന്ധിയിലൂടെയും കോൺഗ്രസ്സിലൂടെയും അത് രാഷ്ടീയലക്ഷ്യം കാണുന്നതിലുള്ള ശക്തമായ എതിർപ്പിൽ നിന്നും ഒക്കെ തന്നെയായിരുന്നു. കേരളത്തിലും നവോത്ഥാനത്തിന്റെ കേവലമതനവീകരണ പ്രക്രിയകളല്ല സാമൂഹ്യപരിഷ്കരണം എന്ന് ആവർത്തിച്ച് നിലകൊണ്ട കീഴാളരാഷ്ട്രീയധാര പറഞ്ഞതും ഇതിൽ നിന്ന് വ്യത്യസ്തമല്ലല്ലോ. നവീകരിച്ചു നിലനിർത്തേണ്ട ഒന്നാണ് മതം എന്ന ‘അഹന്ത’ (egoism) ആണ് നവോത്ഥാനം ഉൾക്കൊള്ളുന്നത് എന്നും ഈ അഹംഭാവം ഇല്ലാത്ത ആധുനികതാധാരയാണ് ഫൂലെ, സാവിത്രിഭായി, അംബേദ്കർ തുടങ്ങി അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, ഇയ്യോതി ദാസ് തുടങ്ങിയ സാമൂഹ്യപരിഷ്ക്കർത്താക്കളുടെതെന്നും ഗോപാൽ ഗുരു പറയുന്നു. അതു കൊണ്ടു തന്നെ തനതായ ഒരു ഇന്ത്യൻ മതനിരപേക്ഷതയുടെയും ഭരണഘടനാധാർമ്മികതയുടെയും വേരുകൾ തിരയേണ്ടത് ഈ ശക്തമായ കീഴാളദർശന പരമ്പരയിലായിരിക്കും.

അടിസ്ഥാന മതാനുഷ്ഠാനം എന്നതിന്റെ അംബേദ്കറിയൻ വായന നടത്തുകയാണെങ്കിൽ ഒരു പക്ഷെ സൂക്ഷ്മമായി നോക്കേണ്ടുന്നത്  ശബരിമലയിലെ ദേവസങ്കൽപ്പത്തിന് ആർത്തവാ യിത്താചരണം എത്ര പ്രധാനമാണ് എന്നല്ല മറിച്ച് അയ്യപ്പൻ എന്ന ദേവസങ്കൽപ്പത്തിന്റെ തന്നെ ചരിത്രമാണ്. സമീപചരിത്രത്തിൽ മലയാളിപുരുഷത്വത്തിനുണ്ടായ സാമൂഹിക-സാമ്പത്തിക മാറ്റങ്ങൾ മതസ്വത്വബോധങ്ങളെ എത്രകണ്ട് സ്വാധീനിച്ചിരിക്കുന്നു എന്ന് ശബരിമലയെമുൻനിർത്തി സൂക്ഷ്മമായി പഠിക്കപ്പെട്ടിട്ടുണ്ട്. (Men and Masculinities in South India. Caroline and Filippo Osella 2006) മതാംഗീകാരം ഉള്ള ഒരു അമിത-ആണധികാരഘോഷണത്തിന്റെ രൂപമായി ശബരിമല തീർത്ഥാടനം സ്ഥാപിക്കപ്പെടുന്ന സാഹചര്യം 80 കൾ മുതലുള്ള കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക ചരിത്രവുമായി വളരെയധികം കെട്ടുപിണഞ്ഞു കിടക്കുന്നു എന്ന് ഈ പഠനം തെളിയിക്കുന്നു. സന്യാസം-ഗൃഹസ്ഥം എന്ന ആൺസ്വത്വങ്ങളുടെ ബ്രഹ്മണിക്കൽ ദ്വന്ദത്തിലേക്ക് ബാബ്രി മസ്ജിദിനുശേഷം 90 കളിൽ ശക്തിപ്രാപിച്ച ഹിന്ദുത്വവാദം മലയാളികളെ പാകപ്പെടുത്തുകയായിരുന്നു ശബരിമലയിലൂടെ എന്ന് ഒസെല്ല നിരീക്ഷിക്കുന്നുണ്ട്. അയ്യപ്പന്റെ മിത്ത് 90 കളിലെ നവഹൈന്ദവ-പാരമ്പര്യവാദികൾ വ്യക്തമായി ഉപയോഗിച്ചത് ലൈംഗികപരിത്യാഗത്തിന്റെ നിഷ്ഠകളിലൂടെ ഒരേസമയം സന്യാസത്തിനും ഗൃഹസ്ഥത്തിനും ആൺശരീരങ്ങൾ പാകപ്പെടേണ്ടുന്നതിനെപ്പറ്റിയുള്ള വ്യവഹാരങ്ങളിലൂടെയാണ്. ഹൈന്ദവ ദേശീയത ഇന്ത്യയിൽ ഉയർത്തിക്കൊണ്ടുവന്ന ഒരു തികഞ്ഞ ആണത്തസംസ്കാരക്രമം ആയിരുന്ന ‘ബ്രഹ്മചര്യ’ത്തിന്റെ കേരളമോഡൽ പരിഷ്കരണം തന്നെയായിരുന്നു ഹ്രസ്വകാല ബ്രഹ്മചര്യ നിഷ്ഠകളും. ഇതിനു പുറമേ അമ്പലങ്ങളെ കേന്ദ്രീകരിച്ച അയ്യപ്പസേവാസംഘങ്ങളും മറുനാടുകളിലും വിദേശത്തും വരെ കൂണുപോലെ പൊന്തിമുളച്ച അയ്യപ്പക്ഷേത്രങ്ങളും ഒക്കെ വ്യക്തമായും ആർ എസ് എസിന്റെയും സംഘപരിവാറിന്റെയും പരിപോഷണത്തിന്റെ തണലിൽ ഉണ്ടായവ തന്നെയാണ് എന്നും ഫിലിപ്പോ ഒസെല്ല തന്റെ ഗവേഷണത്തിൽ സ്ഥാപിക്കുന്നുണ്ട്. ഇത്തരത്തിൽ പൊതുസംസ്കാരരൂപീകരണത്തിനൊപ്പം ഉരുവാകുന്ന ഒന്നായിട്ട് മാത്രമേ വിശ്വാസത്തെയും ഒരു മതേതരകോടതിക്ക് കാണാൻ കഴിയുകയുള്ളു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സർക്കാർ ചുമതലപ്പെടുത്തി ശമ്പളം നൽകി നിർത്തുന്ന ജീവനക്കാരാണ് കേരളത്തിലെ ക്ഷേത്രങ്ങളുടെ ചുമതല വഹിക്കുന്നത് എന്നതും പൊതു ഇടങ്ങൾ എന്നനിലയ്ക്കുള്ള ക്ഷേത്രങ്ങളുടെ നിലനിൽപ്പിന് ആക്കം കൂട്ടുന്നു.

ഹൈന്ദവതയുടെ ഈ സമീപകാല ചരിത്രത്തിനുപരി പ്രാധാന്യം അർഹിക്കുന്ന മറ്റു ചിലതും ശബരിമല വിവാദത്തോടെ വെളിപ്പെടുകയുണ്ടായി. ബ്രാഹ്മണിക്കൽ ഹൈന്ദവവ്യവഹാരങ്ങൾ തട്ടിയെടുക്കുകയും വ്യാപാരവൽക്കരിക്കുകയും ചെയ്ത മതനിരപേക്ഷ ഇടങ്ങളുടെ ചരിത്രം കൂടിയാണ് ശബരിമലയുടെ മലയരയ പാരമ്പര്യം പറയുന്നത്. ഏറ്റവും വലിയ വിരോധോക്തി എന്താണെന്നുവച്ചാൽ ‘സനാതന ഹിന്ദു മതം എക്കാലവും -അതായത് ശങ്കരാചാര്യരിൽ തുടങ്ങി ഭക്തി പ്രസ്ഥാനത്തിലൂടെയും പിന്നീട് വിവേകാനന്ദനിലൂടെയും ആര്യസമാജികരിലൂടെയും ഹിന്ദു മഹാസഭയിലൂടെയും ദേശീയപ്രസ്ഥാനത്തിലൂടെയും വളർന്ന് ആർ എസ് എസിലും അതിന്റെ സംഘശക്തികളിലും എത്തി നിൽക്കുന്ന ഹിന്ദുമത ചരിത്രത്തിൽ- എന്നും അവകാശപ്പെട്ടിരുന്നത് അത് ബഹുരൂപവും പലതിനെയും സ്വാംശീകരിക്കുന്നതും എല്ലാം ഉൾക്കൊള്ളുന്നതും അയഞ്ഞതും ആയ സത്താപരമല്ലാത്ത (non-essential) ഒരു സാംസ്കാരിക രൂപമാണ് എന്നാണല്ലോ. ഇന്ന് നിലനിൽക്കുന്ന ഈ രൂപത്തിലേക്ക് ഹിന്ദുമതം എത്തിച്ചേരുന്നത് ഗോത്രപാരമ്പര്യങ്ങളെയും ദ്രാവിഡ ദേവതകളെയും ഒക്കെ സ്വാംശീകരിച്ചും അവരുടെ ആചാരങ്ങളെ ബ്രാഹ്മണവൽക്കരിച്ചും അവരുടെ ഭൂമിയും വകകളും കൈവശപ്പെടുത്തിയും ഒക്കെയാണ്. ഇന്നും കേരളത്തിലെ ആദിദ്രാവിഡ അവശേഷിപ്പുകളായ കാവുകൾ കയ്യേറി സംഘപരിവാർ ഈ പാരമ്പര്യം തുടരുന്നുമുണ്ട്. ഹിന്ദുമതപ്രചാരകർ മുന്നോട്ടു വച്ച സനാതന ഹിന്ദുത്വത്തിന്റെ ഈ വഞ്ചനാത്മകമായ അരൂപസ്ഥിതി (deceptive amorphous nature) ഹിന്ദു എന്ന തനതായ ഒരു സ്വത്വബോധം ഉണ്ടാക്കിയെടുക്കാൻ കുറച്ചൊന്നുമല്ല സഹായകമായിട്ടുള്ളത്. ഭരണഘടനതന്നെ ഇന്ന് ബുദ്ധ, ജൈന, സിക്ക് മതങ്ങളെ ഹിന്ദു മതം എന്ന ഒറ്റവാർപ്പിലാണ് കാണുന്നത്. ഇതുകൊണ്ടുകൂടെയാണ് മലയരയരാൽ ശക്തമായി ഉന്നയിക്കപ്പെട്ട ശബരിമലയുടെ ഗോത്രചരിത്രം വളരെ വിലപ്പെട്ടതാവുന്നത്.

മതനിരപേക്ഷമായ ധാർമ്മികതകൾക്കുള്ള സാധ്യതകൾ നിലനിർത്താനുള്ള കരുതലായി ഭരണഘടനാശില്പി മുന്നോട്ടു വച്ച ഒരു ആശയം ഇന്നത്തെ നിയമവ്യാഖ്യാന രീതിയിൽ മതം എന്ന സാമൂഹികവ്യവഹാരത്തിനുള്ളിൽ വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും അർത്ഥങ്ങൾ തിരയാൻ ഉപയോഗിക്കപ്പെടുമ്പോൾ ‘ആചാര’ ത്തിന്റെയും ‘വിശ്വാസത്തിന്റെയും’ ഒക്കെ ചരിത്രം കൂടെ കോടതി പരിശോധിക്കാതെ തരമില്ലല്ലോ?. നിയമവും കോടതിയും ഒക്കെ ആധുനിക ഭരണകൂടത്തിന്റെ ഉപകരണങ്ങൾ ആണ്. ആധുനിക ഭരണകൂടങ്ങൾക്ക് ജനാധിപത്യസമൂഹങ്ങളോട് പ്രമാണരൂപത്തിലെങ്കിലും ചേർന്നു നിൽക്കാൻ ബാദ്ധ്യതയുമുണ്ട്. മതം എന്നത് ഒരു സാമൂഹ്യവ്യവഹാരം എന്ന നിലയ്ക്ക് ആധുനികതയുടെ മറ്റു പല സാമൂഹ്യവ്യവഹാരങ്ങളിൽ നിന്നും പലതും കടം കൊണ്ടും പുനർനിർമ്മിക്കപ്പെട്ടും ഒക്കെയാണ് നിലനിൽക്കുന്നത്. ഇന്ത്യയിൽ മതേതരത്വവും ദേശീയതയും കൊളോണിയലിസവും ഒക്കെ ഹിന്ദുമതത്തിന്റെ രൂപീകരണത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഗായത്രി സ്പിവാക് സതി എന്ന ആചാരത്തിന്റെ ചരിത്രത്തെക്കുറിച്ച് പഠിച്ചുകൊണ്ട് ഇതു പറയുന്നുണ്ട്. സതി ഒരു ‘ഹിന്ദു ആചാരം’ എന്ന നിലയ്ക്കാണ് ബ്രിട്ടിഷുകാർ നിരോധിക്കുന്നത്. ഹിന്ദു മത നവീകരണവാദികളും അങ്ങിനെത്തന്നെയാണ് സതിയേ വിമർശിക്കുന്നതും, സാമൂഹ്യതിന്മ എന്ന നിലയ്ക്ക് തള്ളിക്കളയുന്നതും. എന്നാൽ സതി പരക്കെ ഒരു ഹിന്ദു ആചാരമായിരുന്നില്ല എന്നും ബംഗാളി ബ്രാഹ്മണ സമൂഹത്തിലും രാജസ്ഥാനിലെ സവർണ്ണ ക്ഷത്രിയർക്കിടയിലും മാത്രം നിലനിന്നിരുന്ന ജാതീയതയിലും ദേശരാഷ്ടീയാധികാരത്തിലും ലിംഗാധികാരത്തിലും ഒക്കെ വ്യക്തമായ വേരുകൾ ഉള്ള ഒന്നാണ് സതി എന്നും സ്പിവാക് എടുത്തു പറയുന്നുണ്ട്. ബ്രാഹ്മണിസത്തിന്റെയും ബ്രിട്ടിഷ് കൊളോണിയലിസത്തിന്റെയും രാഷ്ടീയഉൽപ്പന്നമാണ് സതിയുടെ ‘ഹിന്ദു’ വൽക്കരണം എന്നും വിധവാജീവിതത്തിന്റെ കൊടും യാതനകൾ, സ്ത്രീകൾക്ക് ഭൂമിയിലോ സ്വത്തിലോ അവകാശമില്ലാതിരിക്കൽ, ജാതിശ്രേണിയുടെ നിലനിൽപ്പ് സ്ത്രീശരീരങ്ങളുമായും ലൈംഗികതയുമായും ഒക്കെ ബന്ധിപ്പിച്ച് നിർത്തിയിരുന്നതുകൊണ്ട് എന്നിങ്ങനെ പലപല സാമൂഹ്യാവസ്ഥകളും   കൂടെ ഉൾചേർന്ന ഒന്നാണ് സതി എന്നും അതു കേവലമായ ഒരു ഹിന്ദു മതാനുഷ്ഠാനം അല്ല എന്നും ശക്തിയുക്തമായി വായിക്കുകയാണ് സ്പിവാക്ക്.

ഈ ദുർഘടവും സങ്കീർണ്ണവുമായ സത്യം മനസ്സിലാക്കാനോ അതിന്റെ വ്യാപ്തിയേക്കുറിച്ച് അന്വേഷിക്കാനോ അന്നത്തെ സവർണ്ണ ഹിന്ദു പുരോഗമന നവോത്ഥാന/ദേശീയ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞില്ല. ലിംഗ അസമത്വത്തെക്കുറിച്ചും അതു നിലനിർത്തുന്ന സാമൂഹ്യവ്യവഹാരങ്ങളെക്കുറിച്ചും അത്തരത്തിൽ ആഴത്തിലുള്ള ഒരു അവബോധം ഇന്നത്തെ കേരളത്തിലെ കേവലരാഷ്ടീയപ്രേരിതമായ പുരോഗമനവാഞ്ഛകളിലും ഇല്ല. ആർത്തവായിത്തക്കാർക്കും ആൺകോയ്മരാഷ്ട്രീയത്തിനും ഒരുപൊലെ മനസ്സിലാകാത്ത ഇത്തരം ചില ധാർമ്മിക സാധ്യതകളും കൂടെയാണ് സുപ്രധാനമായ ഭരണഘടനാവ്യാഖ്യാനങ്ങളിലൂടെ ശബരിമല വിധി മുന്നോട്ട് വച്ചത്. വിധിയുടെ പരിണാമം എന്തു തന്നെയായാലും മത-രാഷ്ട്രീയ-ജാതി ആൺകോയ്മകൾക്കെതിരെയുള്ള ഒരു വലിയ പ്രക്ഷോഭത്തിനു ലിംഗനീതിയുടെ പ്രതലം അടിത്തറയായി എന്നത് ശ്രദ്ധേയമാണ്.

ഈ സാംസ്കാരിക – രാഷ്ട്രീയ അടിത്തറയെ ശക്തമാക്കുക, വിപുലീകരിക്കുക എന്നത് ഈ തെരഞ്ഞെടുപ്പു കാലത്ത് തന്നെ ഉറക്കെ ആവർത്തിക്കേണ്ട വിഷയമാണ്. തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക- രാഷ്ട്രീയ പ്രക്രിയയാണ്. അതിന്റെ ഉള്ളില്‍ നിന്നും പുറത്തും നിന്നും പുരോഗമനപരമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. പൊള്ളയായ വിജയങ്ങള്‍ അല്ല, ഇത്തരം നിഷ്കൃഷ്ടമായ നിലപാട് തറകളില്‍ നിന്നുകൊണ്ടുള്ള, കേവലമായ തെരഞ്ഞെടുപ്പു വിജയത്തിനപ്പുറമുള്ള രാഷ്ട്രീയ വിജയങ്ങള്‍ കൂടി സമൂഹത്തില്‍ അനുസ്യൂതം ഉണ്ടാവണം എന്ന് നമ്മെ പഠിപ്പിക്കുന്നതായിരുന്നു ശബരിമല സ്ത്രീ പ്രവേശന വിധിയും തുടര്‍ന്നുണ്ടായ സംവാദങ്ങളും എന്നത് ഒരിക്കലും വിസ്മരിച്ചുകൂടാ.

Comments
Print Friendly, PDF & Email

You may also like