പൂമുഖം POLITICS ടാങ്കുകൾ മറിയുന്നത്‌.

ടാങ്കുകൾ മറിയുന്നത്‌.

tank 1

ജാഥയില് ഏകദേശം അമ്പതോളം ആളുണ്ടായിരുന്നു.
“ഇങ്കിലാ സിന്ദാവാ” വിളി കുട്ടിക്കാലം മുതലേ കേട്ടിരുന്നതുകൊണ്ട് ഞങ്ങള്, കൌമാര-മിച്ചഭൂമി-ജന്മിപ്പയ്യന്മാര് പരിഭ്രമിച്ചില്ല!

പക്ഷേ വടക്കേതിലെ കമലാക്ഷിയും തെക്കേപ്പറമ്പിലെ നാണുവും ഒരേ സ്വരത്തില് “ടാങ്കു പണ്ടു മറിഞ്ഞില്ലേ” എന്ന് അത്യന്തം ഉച്ചസ്ഥായിയില് – ജന്മിപ്പയ്യന്മാരെ- “കുട്ടി-വർഗ്ഗശത്രു” ആണെന്ന് മനസ്സില് സങ്കല്പിച്ച് അല്പം ധാര്ഷ്ട്യം കലര്ത്തി വിളിച്ചപ്പോഴ്‌ ആ അരിവാളെങ്ങാനും മേലെ വീഴുമോ എന്നു പേടിച്ചു.

ദൂരെ നിന്ന് കേട്ടതാണെങ്കിലും, പക്ഷേ, “ടാങ്കു പണ്ടു മറിഞ്ഞില്ലേ” എന്ന മുദ്രാവാക്യം ജന്മിപ്പയ്യന്മാരെ കുഴക്കി.

ഇന്ത്യ – പാക് യുദ്ധത്തില് ടാങ്ക് മറിഞ്ഞതായി കേട്ടിട്ടുമില്ല. പ്രൈമറി സ്കൂളിലെ ഒരു അന്നാമ്മ ടീച്ചറിനെ “പാറ്റന് ടാങ്ക് “എന്ന ഇരട്ടപ്പേരില് വിളിക്കുന്നത് എന്തിനാണെന്നും മനസ്സിലായിരുന്നില്ല.

അഥവാ ടാങ്കു മറിഞ്ഞാലും ഓണാട്ടുകരക്കാരായ വടക്കേതിലെ കമലാക്ഷിയും തെക്കേപ്പറമ്പിലെ നാണുവും എന്തിന് ഞങ്ങള് കുട്ടികളെ നോക്കി ദേഷ്യപ്പെടണം? മുദ്രാവാക്യം വിളിച്ചു കൊടുക്കുന്ന ലോക്കല് കമ്മിറ്റി, ഫിറ്റര് തങ്കപ്പന് കൊടി കെട്ടിയ റാലി ബ്രാന്ഡ് സൈക്കിളില് ജാഥയോടൊപ്പം പതുക്കെ ചവുട്ടി വരുന്നുണ്ടായിരുന്നു. (പീറ്റര് തങ്കപ്പന്, അതെ, ശരിയായ പേര് അതാണ്. ഞങ്ങള് ഓണാട്ടുകരക്കാര് അച്ചടിഭാഷയ്കു സമാനമായ മലയാളം പറയുന്നവരാണെങ്കിലും മനുഷ്യരുടെ പേരുകള് കടുപ്പം കൂട്ടി പറയുന്നവരുമുണ്ട്!)

ലോക്കല് കമ്മിറ്റി ഞങ്ങളുടെ അടുത്തെത്താന് കാത്തു നിന്നു. ഇതിനകം കമലാക്ഷിയും നാണുവും ചേര്ന്ന് ഒരു പത്തു-പതിനഞ്ചു ടാങ്കുകള് മറിച്ചിട്ടു.

ചെവി കൂര്പ്പിച്ച് വേലിക്കരികെ നിന്ന് “ഇങ്കിലാ സിന്ദാവാ” വിളി കേട്ടു.
“ടാങ്കു പണ്ടു മറിഞ്ഞില്ലേ” യ്ക്കു വേണ്ടി കാത്തു കാതോർത്തു.

ലോക്കല് കമ്മിറ്റി മുദ്രാവാക്യം, മുറുക്കിച്ചുവപ്പിച്ച് വിളിച്ചു കൊടുത്തു.
“ഡാങ്കേ പണ്ടു പറഞ്ഞില്ലേ”

കമലാക്ഷിയും നാണുവും ഒരേ സ്വരത്തില് ഏറ്റു വിളിച്ചു.
“ടാങ്കു പണ്ടു മറിഞ്ഞില്ലേ”

Comments
Print Friendly, PDF & Email

You may also like