പേരില്ലാ രാജ്യവും വാഴ്ത്തപ്പെട്ടവരും !!
വെറുംതറയിൽ കിടന്നുറങ്ങിയ അച്ഛനെ
പാമ്പുകൊത്തി മരിച്ചതിൽപിന്നെ
വീടൊരു വഴിയമ്പലമായി
വഴിപോക്കരെല്ലാം വിരുന്നുകാരും.
മിഴിഞ്ഞ ചെറിയ കണ്ണുകളിൽ
അമ്മയൊരു കൗതുകവസ്തുവായി.
കാൽപെരുമാറ്റങ്ങളാൽ
രാവ് അനങ്ങിത്തുടങ്ങുമ്പോഴേ,
ജാനുവേട്ടത്തിയെ വട്ടംചുറ്റിപ്പിടിച്ച്
ഇമകളിറുക്കിയടച്ചുകിടന്ന്
എക്ളയർ മിഠായി നുണഞ്ഞിറക്കും.
മധുരമിഠായികൾ
കിട്ടാതായി തുടങ്ങിയപ്പോഴാണ്,
രാത്രികൾ ശാന്തമാണെന്നും
വിശക്കുമ്പോൾ ഉറങ്ങാനാവില്ലെന്നുമുള്ള
പാഠം ആഴത്തിൽ പഠിച്ചത്.
കൊക്കിയും കുരച്ചും മടുത്തിട്ടാവണം
ആകെയുണ്ടായിരുന്ന ഉടുമുണ്ടുരിഞ്ഞ്
ഉത്തരത്തിൽ കുരുക്കുണ്ടാക്കി
അമ്മ തൂങ്ങിയാടിയത്.
വിശപ്പ് ഇടംകാലിട്ട് വീഴ്ത്തിയപ്പോൾ,
ആറടിമണ്ണിന് വിലപറഞ്ഞ്
ജാനുവേടത്തിയും വലിയവളായി.
പിന്നവിടുന്നങ്ങോട്ട്
മുണ്ടുടുക്കാനേ മനസനുവദിച്ചിട്ടില്ല.
എത്രവേഗമാണ്
ചില്ലുജാലകത്തിനപ്പുറം,
കാത്തിരിക്കുന്ന അനേകംപേരാൽ
വാഴ്ത്തപ്പെട്ടവളായി അവരോധിക്കപ്പെട്ടത് !!
രൂപപരമായി കവിത വലിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്ന കാലമാണിത് .കവിതയുടെ രൂപത്തെപ്പറ്റിയുള്ള പാരമ്പര്യ ധാരണകളെ പുതുകവിതകള്‍ അട്ടിമറിച്ചു. അതുകൊണ്ടുതന്നെ പുതുകവികള്‍ക്ക് സാമ്പ്രദായിക കവിതാ ശൈലി പിന്തുടരുന്നവരില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നു. കവിതയുടെ ദൈര്‍ഘ്യം കുറച്ചും തെളിച്ചമുള്ള ഗദ്യത്തിന്‍റെ വിവിധമേഖ ലകള്‍ സ്വീകരിച്ചും കൊണ്ട് ചിത്രകലയിലെ ന്നപോലെ സംസാരഭാഷയും കാവ്യഭാഷയും തമ്മിലുള്ള വിടവ് നികത്തി പദസംയുക്തക ങ്ങള്‍ക്ക് പകരം ഒറ്റയ്ക്കുനില്‍ക്കുന്ന വാക്കുകള്‍ ചേര്‍ത്തിണക്കിയ കവിതകള്‍ പുതുതലമുറ സ്വീകരിച്ചു. പ്രകൃതിയിലെ അല്ലെങ്കില്‍ ജീവിതത്തിലെ വളരെ ചെറിയ നിഴലനക്കങ്ങള്‍ പോലും മറ്റുസൂക്ഷ്മാനുഭ വങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ കാവ്യാനുഭവങ്ങളുടെ നിര്‍മ്മിതിയിലേക്കെത്തിച്ചേരുക സമീപകാല മലയാളകവിതയ്ക്ക് വളരെ പരിചിതമായ രീതിയാണ് .ലളിതമായി കവിത ആഖ്യാനം ചെയ്യലാണ് പുതിയകാലത്തിന്‍റെ ആവശ്യം . വളരെ പരിചിതമായ ഉപകരണങ്ങളുംവസ്തുക്കളും കൊണ്ടാണ് പുതുകവിത ജീവിതം ആഖ്യാനം ചെയ്യുന്നത് .ജീവിതത്തില്‍ ഒറ്റയായി പോകുന്നൂ എന്ന തോന്നലുകളും സമൂഹത്തിന്‍റെ പൊതു സൌന്ദര്യ വീക്ഷണത്തിന്‍റെ വൈകല്യങ്ങളും അതുമല്ലെങ്കില്‍പ ട്ടിണി ,അവശത തുടങ്ങിയ ഭൗതിക ദുഖങ്ങളോ ആവാം പുതുകവികളെ സ്വാധീനിക്കുന്നത് . ഇവയെല്ലാം സാകൂതം നോക്കി ചിത്രപ്പണികള്‍ കൊത്തിവരയാനും മിനുസമുള്ളവയാക്കുവാനും ഒരു ആശാരി ആയാലെന്താ എന്ന് സ്വപ്നം കാണുകയും സ്വപ്നം അവസാനിക്കും മുമ്പ് കവിയിലെമനു ഷ്യന്‍ ഉണരുകയും ചെയ്യുന്നത് നമുക്ക് കാണുവാന്‍ സാധിക്കുന്നു. ശ്രീമതി പ്രിയ ശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ശ്രദ്ധേയയായ കവയിത്രിയാണ് . ജീവിതഗന്ധിയായ ഈ കവിത വിളിച്ചുപറയുന്നത് നമ്മുടെ സമൂഹത്തില്‍ സ്ത്രീയുടെ നിസ്സഹായതയാണ് .മനുഷ്യ ജീവിതത്തിലെ നഷ്ടങ്ങളുടെ കണക്കെടുപ്പില്‍ അവള്‍ സമൂഹത്തിലെ അപചയങ്ങളിലേക്ക് ജീവിക്കാന്‍ വേണ്ടി ഉടുമുണ്ടഴിച്ചു ഇറങ്ങുമ്പോൾ അനേകംപേരാല്‍ വാഴ്ത്തപ്പെട്ടവള്‍ ആകുന്നു എന്ന വരികളില്‍ ശക്തമായ ഒരു സന്ദേശമുണ്ട് . പ്രിയയുടെ ജീവിതഗന്ധിയായ നിരവധി കവിതകള്‍ സോഷ്യല്‍ മീഡിയയില്‍ വായിക്കപ്പെടുന്നു . സോഷ്യല്‍ മീഡിയയില്‍ നിന്ന് പ്രസിദ്ധീകൃതമായ പല പുസ്തകങ്ങളിലും പ്രിയയുടെ രചനകള്‍ ഉണ്ട് . കവിതാരചനയില്‍ തനതായ ശൈലി സൃഷ്ടിക്കാന്‍ പ്രിയക്ക് കഴിഞ്ഞു എന്നതില്‍ സന്തോഷം . ഭാവുകങ്ങള്‍
Comments
മുന്നത്തെ പോസ്റ്റ്