പൂമുഖം OPINION റായലസീമ അഥവാ ബോംബലുസീമ

 

ണ്ണൂരിന്‍റെ രാഷ്ട്രീയം കൊടുവാൾ രാഷ്ട്രീയമായതിന്‍റെ ക്ഷീണം കേരളം ഇന്നനുഭവിച്ചറിയുകയാണ്. സ്‌കോർ ബോർഡിൽ അക്കങ്ങൾ മാറ്റിയിട്ടു കൊണ്ട് മാധ്യമങ്ങളുടെ എല്ലാവിധ പ്രോത്സാഹനങ്ങളും ഈ രാഷ്ട്രീയ പകപോക്കലുകൾക്കു വളവും വെള്ളവും ഏകുന്നുമുണ്ട്. ഈ അക്രമ രാഷ്ട്രീയം മറ്റൊരു സംസ്ഥാനത്തും ഇതുപോലുള്ള ദുരിതങ്ങൾ വിതച്ചിട്ടുണ്ട്, ആയിരക്കണക്കിനാണ് മരണ സംഖ്യ … ആന്ധ്രപ്രദേശിലെ റായലസീമ ആണ് കണ്ണൂരിന്‍റെ മുന്നിൽ നിൽക്കുന്ന ആ രാഷ്ട്രീയ പകപോക്കലിന്‍റെ ആയുധശാല.

കര്‍ണൂല്‍, കഡ്ഡപ്പ ,അനന്ത്പൂർ ,ചിറ്റൂർ എന്നിവയാണ് ഈ ദുർഭൂതം ഒഴിയാബാധയായി നിലനിൽക്കുന്ന ജില്ലകൾ. ഈ ജില്ലകളിലൂടെ സഞ്ചരിക്കുന്ന ഒരന്യദേശക്കാരന് ഒരുപക്ഷെ താന്‍ സിറിയിയയിലോ യെമനിലോ ആണെന്ന് തോന്നിയേക്കാം. തെലുഗു സിനിമകളെ വെല്ലുന്ന ബോംബേറും വടിവാൾ കുത്തും, ചോര കട്ടപിടിച്ചു കിടക്കുന്ന വാഹനങ്ങളും എല്ലാം നിങ്ങളെ അബോധാവസ്ഥയിലേക്കു പോലും തള്ളി വിട്ടേക്കാം.

പുറത്തു നിന്നുള്ളവരോട് ഇവിടത്തുകാർക്ക് വലിയ സ്നേഹമാണത്രെ അതാണ് ഏറ്റവും വലിയ കൗതുകവും. പുറത്തു നിന്നുള്ളവരോട് സൗഹൃദ ഭാവം കാണിക്കുന്നിവർ അവർക്കു എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി കൊടുക്കാനും വേണമെങ്കിൽ സഞ്ചാരികളുടെ ഭാഷയിൽ തന്നെ സംസാരിക്കാനും തയ്യാറാവും എന്നാണ് സഞ്ചാരികളുടെ ഭാഷ്യം . ഈ കൊലകളുമായി ബന്ധപ്പെട്ട് തെലുങ്കു ദേശം, കോൺഗ്രസ്, മറ്റു രാഷ്ട്രീയ കക്ഷികള്‍ എന്നിവരോടൊപ്പം നക്സലൈറ്റുകളുടെ പേരും പരാമര്‍ശിക്കപ്പെട്ടു കാണാറുണ്ട്. എന്നാല്‍ ആശയ പോരാട്ടങ്ങളേക്കാള്‍ അക്രമത്തിലേക്ക് നയിക്കുന്നത്‌ ജമീന്ദാരന്മാരുടെ കുടിപ്പക ആണ്. അവ രാഷ്ട്രീയ കൊലപാതകത്തിന്‍റെ നിറം ചാർത്തിയാണ് പുറത്തു വരിക എന്നുമാത്രം. ഇന്നോ ഇന്നലെയോ തുടങ്ങിയതാണ് ഈ കുടിപ്പക എന്നാണ് വിചാരമെങ്കിൽ തെറ്റി.

വിജയനഗര സാമ്രാജ്യം 16 ,17 നൂറ്റാണ്ടിൽ തുടങ്ങി വെച്ച മനുഷ്യക്കുരുതി ആണ് രാഷ്ട്രീയ കുടിപ്പകയായി ഇന്ന് മാറിയിട്ടുള്ളത് ,”പാലെഗാരു” എന്നറിപ്പെട്ടിരുന്ന ഒരു കൂട്ടം നാട്ടുപ്രമാണിമാർ ആയിരുന്നു ആ സമയം നാട് ഭരിച്ചത് ബ്രിട്ടീഷുകാർക്കു പാട്ടം കൊടുക്കാതിരുന്ന ഈ നാട്ടു രാജാക്കന്മാരെ തൂക്കിലേറ്റി ബ്രിട്ടീഷുകാർ പ്രശ്നം ഒഴിവാക്കി. സ്വതന്ത്ര ഇന്ത്യയിൽ “പാലെഗാരു” മാർ ഇല്ലാതായെങ്കിലും അവർ ശേഷിപ്പിച്ച നാട്ടുപ്രമാണി വ്യവസ്ഥ ചെറിയ തോതിലെങ്കിലും തുടർന്ന് പോന്നു . റായലസീമ മേഖലയിൽ നിന്നുള്ള പകുതിയിൽ അധികം എം.എൽ.എ.മാരും എം.പി.മാരും ക്രിമനല്‍ പശ്ചാത്തലമുള്ളവരാണെന്നാണ് റിപ്പോർട്ട്.

ചൂട് കൂടുന്തോറും റായലസീമ നിവാസികളുടെ ബിപി കൂടിക്കൂടി വരും, കൃഷി അധികം നേട്ടം ആകാത്ത വരൾച്ച ബാധിച്ച സ്ഥലങ്ങളാണ് മിക്കവാറും റായലസീമ, ഉള്ള കൃഷിപ്പാടങ്ങൾ തന്നെ റെഡ്‌ഡിമാരുടെയും നായിഡുമാരുടെയും കൈകളിലാണ് അവരായിരിക്കും മിക്ക രാഷ്ട്രീയ പാർട്ടികളുടെയും തലപ്പത്തും. ഇവിടെയാണ് സവർണ്ണ മേധാവിത്വം രാഷ്ട്രീയ നേതൃത്വത്തെ സമർത്ഥമായി എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്‍റെ ഗുട്ടൻസ് നമുക്ക് മനസിലാവുക.എന്നാൽ ഒരു വ്യത്യാസം ഉണ്ട്. നേതാക്കളും ചിലപ്പോൾ കൊല്ലപ്പെടും.

കുടിപ്പകയുടെ പുതിയ ചരിത്രം “ഭൂമ ” എന്ന പുതിയ രാഷ്ട്രീയ സമവാക്യത്തിന്‍റെ ഉപജ്ഞാതാവായ ഭൂമ നാഗി റെഡ്ഢിയെന്ന തെലുങ്കു ദേശം പാർട്ടിയുടെ നേതാവുമായി ബന്ധപ്പെട്ടിരിക്കുന്നു അനുയായികൾക്കായി ചങ്കു പറിച്ചു നൽകുന്ന നേതാവാണ് റെഡ്‌ഡി എന്ന് സ്വന്തം അണികൾ പറയുമ്പോൾ തന്നെ കുടിപ്പകയുടെ നേരവകാശി ആയാണ് രാഷ്ട്രീയ എതിരാളികൾ റെഡ്‌ഡിയെ കാണുന്നത് .കുടിപ്പക ശാപമായ കുടുംബത്തിൽ ജനിച്ച റെഡ്ഡിയെ ചെന്നൈയിലും ബാംഗ്ലൂരിലും ആയാണ് കുടുംബം പഠിപ്പിച്ചത്. നാട്ടിലെത്തിയ റെഡ്‌ഡി പഞ്ചായത്ത് ഇലക്ഷനിലും പിന്നീട് വന്ന ബൈ ഇലക്ഷനിലും ജയിച്ചു എം എൽ എ ആയി. അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കിയത് 1996 യിൽ പ്രധാന മന്ത്രി ആയിരുന്ന പി വി നരസിംഹ റാവുവിനെ നേരിട്ടത് ആയിരുന്നു, അന്ന് തോറ്റെങ്കിലും കൂടുതൽ അനുയായി വൃന്ദത്തെ സൃഷ്ടിക്കാൻ റെഡ്‌ഡിക്കു കഴിഞ്ഞു. 1998 ലെ തെരഞ്ഞെടുപ്പിലും അദ്ദേഹം പരാജയപ്പെട്ടു 1999 ഇൽ 72,0000 വോട്ടുകൾക്ക് അതേ മണ്ഡലം തിരിച്ചു പിടിക്കുമ്പോൾ തന്നെ യാന്ത്രികമായ ഒരു അനുയായി വൃന്ദത്തെ സൃഷ്ടിക്കുക കൂടിയാണ് അദ്ദേഹം ചെയ്തത്, കൊല്ലാനും ചാവാനും മടിയില്ലാത്ത റെഡ്‌ഡി ഒന്ന് ഞൊടിച്ചാൽ എന്തിനും തയ്യാറാവുന്ന ഒരു ജനക്കൂട്ടം.

റായലസീമ വീണ്ടും രക്തപങ്കിലമായി, പക്ഷെ പാർട്ടി മാറി കളിയ്ക്കാൻ റെഡ്‌ഡിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. 2008 യിൽ ചിരഞ്ജീവിയുടെ പ്രജാരാജ്യ പാർട്ടിയിലും 2014 ല്‍ ജഗൻ മോഹൻ റെഡ്ഡിയുടെ (ജഗൻ മോഹൻ റെഡ്ഡിയുടെ അച്ഛനും അച്ഛന്‍റെ അച്ഛനും കുടിപ്പകയിൽ മരിച്ചതാണ് ) YSR കോൺഗ്രസ്സിലേക്കും പിന്നീട് വീണ്ടും തെലുങ്കു ദേശത്തിലേക്കും ചാടി കളിച്ചു കൊണ്ടേയിരിക്കുന്നു.

നിങ്ങൾക്കെന്തു കിട്ടും എന്ന മാധ്യമപ്രവർത്തകന്‍റെ ഒരു പാർട്ടി ചാവേറിനോടുള്ള ചോദ്യത്തിനുത്തരമായി 22 വയസ്സായ ആ ചെറുപ്പക്കാരൻ പറഞ്ഞത് 500 രൂപയും എല്ലാ മാസവും വീട്ടിലേക്കു അരിയും എന്നതാണ്. എന്തായാലും റായലസീമയിൽ അധികം പേരിപ്പോൾ അക്രമത്തിനു പോവുന്നില്ല, വിദ്യാഭ്യാസം തന്നെ കാരണം . റായലസീമ തണുക്കുകയാണ്, കടുത്ത ചൂടിനെ വെല്ലാനുള്ള പാഠം അവർ നേടിക്കഴിഞ്ഞിരിക്കുന്നു, തണുക്കണം, തണുത്തുറയണം.

Comments
Print Friendly, PDF & Email

You may also like