പ്രസിദ്ധ നടനായ ഡെന്‍സെല്‍ വാഷിംഗ്‌ടന്‍ പ്രധാന വേഷം അഭിനയിക്കുന്ന, ആന്തോണ്‍ ഫുക്വയുടെ ‘ദ മാഗ്‌നിഫിസെന്‍റ് സെവെന്‍’ (The Magnificent Seven) പ്രദര്‍ശിപ്പിച്ചുകൊണ്ട് ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രമേള (2016) യുടെ തിരിതെളിഞ്ഞു.
അഞ്ചു തിരശ്ശീലകളിലായി 80 സിനിമകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് 1976 ല്‍ ആരംഭിച്ച ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രമേള ഈ വര്‍ഷം നാല്പ്പത്തൊന്നാം വയസ്സിലേയ്ക്ക് കടന്നു. സെപ്‌തംബര്‍ 8 മുതല്‍ 18 വരെ നീണ്ടു നില്‍ക്കുന്ന ഈ ഉത്സവക്കാലത്തേയ്ക്ക് കഴിഞ്ഞകാലങ്ങളില്‍ നിന്ന് ഒട്ടേറെ വ്യത്യസ്തമായ പുതുമകളോടെയാണ് ഇത്തവണയും നഗരം അണിഞ്ഞൊരുങ്ങിയത്.
28 പ്രദര്‍ശനശാലകളിലായി 397 ചിത്രങ്ങളാണ് ആകെ ചലച്ചിത്രപ്രേമികള്‍ക്കായി ഇത്തവണ ഒരുക്കിയിരിക്കുന്നത്. അതില്‍ 101 ഹ്രസ്വചിത്രങ്ങളുമുണ്ട്. അവ 83 ലോകരാജ്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഇതിനായി പ്രദര്‍ശനാനുമതി തേടിയെത്തിയത് 6933 ചലച്ചിത്രങ്ങളാണ്. തെരഞ്ഞെടുക്കപ്പെട്ടവയില്‍ 138 ചിത്രങ്ങളുടെ ആഗോളപ്രദര്‍ശനോദ്ഘാടനം ടൊറോന്‍റോ മേളയിലാണ്. 1200 ലധികം മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഈ ഉത്സവവാര്‍ത്തകള്‍ ലോകത്തിന്‍റെ വിവിധകോണുകളിലേയ്ക്കെത്തിക്കാന്‍ ഇവിടേയ്ക്കെത്തിക്കഴിഞ്ഞു. ചലച്ചിത്രപ്രവര്‍ത്തകരും നിരൂപകരുമടക്കം അയ്യായിരത്തോളം പേര്‍ക്ക് ഈ മേളയിലേയ്ക്ക് ഔദ്യോഗികമായി ക്ഷണമുണ്ട്. ആതിഥേയരാജ്യമായ കാനഡയുടെ 38 ഫീച്ചറുകള്‍ ഈ മേളയിലുണ്ട്.
വിവാദപുരുഷനായ നെയ്‌റ്റ് പാര്‍ക്കറിന്‍റെ (Nate Parker) ചിത്രം ‘ബെര്‍ത്ത് ഒഫ് എ നേഷന്‍’ ആദ്യകാല അമേരിക്കയില്‍ നിലനിന്നിരുന്ന അടിമക്കച്ചവടത്തിന്‍റെ കഥയാണു പറയുന്നത്. വിദ്യാര്‍ത്ഥിജീവിതത്തില്‍ ഒരു സ്ത്രീപീഡനക്കുറ്റം ചാര്‍ത്തപ്പെട്ട് ജെയിലിലാവുകയും പിന്നീട് കുറ്റവിമുക്തനാവുകയും ചെയ്ത നെയ്റ്റ് പാര്‍ക്കറുടെ ചിത്രം കൂടുതല്‍ ജനശ്രദ്ധ നേടാനിരിക്കുന്ന ചിത്രമാണ്. ചിത്രത്തിലെ പ്രധാനനടനാവുന്നതിനൊപ്പം നെയ്റ്റ് ഇതിന്‍റെ നവാഗത സംവിധായകനുമാണ്. കറുത്ത കലാകാരന്മാര്‍ക്കിടയില്‍ ഓസ്ക്കര്‍ പ്രതീക്ഷയുയര്‍ത്തുന്ന സംവിധായകനും നടനുമാണെങ്കിലും അല്പം അതിരുവിട്ട ഒരു പഴയകാലവിദ്യാര്‍ത്ഥിജീവിതത്തിലെ കൈക്കുറ്റപ്പാടുകളില്‍ അദ്ദേഹത്തെ തളച്ചിട്ട് വീക്ഷിക്കുന്ന വിമര്‍ശകരുമുണ്ട്. കൂടുതല്‍ അംഗീകാരങ്ങള്‍ നേടുന്നതിനൊപ്പം തന്നെ നെയ്‌റ്റ് പാര്‍ക്കര്‍ ഇനിയും വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ സാധ്യതയുള്ളതായിട്ടാണ് സിനിമാലോകം വിലയിരുത്തുന്നത്.
മാസ്റ്റേഴ്‌സ് സീരീസില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ഇക്കുറി രണ്ടു ചിത്രങ്ങളാണുള്ളത്. അടൂര്‍ ഗോപാലകൃഷ്ണന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘പിന്നെയും’, ബംഗാളി ചലച്ചിത്രകാരനായ ബുദ്ധദേവ് ദാസ് ഗുപ്തയുടെ ‘ദ ബെയ്റ്റ്’ എന്നിവയാണത്. ആന്ദ്രേ വാജ്‌ദ (പോളണ്ട്), ജിയന്‍ ഫ്രാങ്കോ റോസി (ഇറ്റലി), പെദ്രോ അല്‍മൊദോവര്‍ (സ്‌പെയിന്‍), കിം കി ഡൂക്ക് (തെക്കന്‍ കൊറിയ) എന്നിവരാണ് ഈ സീരീസില്‍ ഉള്‍പ്പെടുന്ന മറ്റു പ്രമുഖര്‍.
ഡെത്ത് ഇന്‍ ദ ഗഞ്ചി’ലെ താരങ്ങള്‍ സംവിധായിക കൊങ്കണാ സെന്‍
സീമാ ബിശ്വാസിനപ്പുറം വലിയ താരനിരകളൊന്നുമില്ലാതെ ദീപാ മേത്ത ഇത്തവണ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘അനാട്ടമി ഒഫ് വയലന്‍സ്’. 2012 ല്‍ ദില്ലിയില്‍ നടന്ന കൂട്ട ബലാല്‍സംഗമാണ് കഥാതന്തു. ഇന്ത്യന്‍ ചലച്ചിത്രകാരനായ വിക്രം ഗാന്ധിയുടെ, ബറാക് ഒബാമയെക്കുറിച്ചുള്ള ബയോ-പിക് ആയ ‘ബാരി’, സംവിധാനരംഗത്ത് നവാഗതയായ കൊങ്കണാ സെന്‍ ശര്‍മ്മയുടെ ‘എ ഡെത്ത് ഇന്‍ ദ ഗന്‍ജ് (A Death in the Gunj), മീരാ നയ്യാറുടെ ‘ക്വീന്‍ ഒഫ് കത്‌വെ’ (Queen of Katwe) എന്നിവയും മേളയിലുണ്ട്. യുഗാണ്ടന്‍ യുവ ചെസ് താരമായ ഫിയോണ മുതേസി യെക്കുറിച്ചുള്ള, ബയോപിക് ആയ ‘ക്വീന്‍ ഒഫ് കത്‌വേ’ പൂര്‍ണ്ണമായും ഒരു ആഫ്രിക്കന്‍ പ്രാതിനിധ്യമുള്ള ചിത്രമാണ്. ഇതില്‍ ഓസ്ക്കര്‍ ജേതാവായ ലുപീറ്റാ ന്യോംഗോ പ്രധാനതാരമായുണ്ട്. ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിനിയായിരുന്ന ഷേര്‍ലി ഏബ്രഹാമും, ഛായാഗ്രാഹകനായ അമിത് മധേഷിയയും കൂടി സംവിധാനം നിര്‍വ്വഹിച്ച വാര്‍ത്താ ചിത്രമായ ‘ദ സിനേമ ട്രാവെലേഴ്‌സ്’ (The Cinema Travellers), ഗ്രാമങ്ങളിലൂടെ ഒരു കാലത്തു യാത്ര ചെയ്തിരുന്ന ചലച്ചിത്രക്കൂടാരങ്ങളുടെ കഥയാണു പറയുന്നത്. റിച്ചി മേത്തയുടെ വളരെ വ്യത്യസ്തമായ ഒരു കഥേതര ചിത്രമാണ്, ‘ഇന്‍ഡ്യാ ഇന്‍ എ ഡേ’. 2015 ഒക്‌ടോബര്‍ 10 എന്ന ദിവസം ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്ന് വിവിധ ലിംഗ-പ്രായ-നഗര-ഗ്രാമ വ്യതിയാനങ്ങളില്‍ പകര്‍ത്തിയ ജീവിതങ്ങളുടെ കഥയാണത്. ‘ആന്‍ ഇന്‍സിഗ്‌നിഫിക്കന്‍റ് മാന്‍’ (An Insignificant Man) ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ അഴിമതിക്കെതിരേ കേട്ട വേറിട്ടൊരു ശബ്ദമായ അരവിന്ദ് കെജ്രിവാളിന്‍റെ കഥ പറയുന്ന ഡോക്യുമെന്‍ററിയാണ്. ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഖുശ്ബു രങ്കയും വിനയ് ശുക്‌ളയുമാണ്. ‘റൈറ്റ് റ്റു പ്രേ’ (Right to Prey) ഖുശ്ബു രങ്കയുടെ തന്നെ 7 മിനിട്ടുള്ള ഒരു ഹ്രസ്വചിത്രമാണ്. ത്രിംബകേശ്വര്‍ ക്ഷേത്രപ്രവേശനത്തിനു വേണ്ടി സമരം നടത്തിയ സ്ത്രീകളുടെ കഥയാണ് ആ ചിത്രം പറയുന്നത്. വിക്‌ടര്‍ ബാനര്‍ജിയേയും ഗീതാഞ്‌ജലി ഥാപയേയും പ്രധാനതാരങ്ങളാക്കി സെര്‍ബിയന്‍ സംവിധായകനായ ഗൊരാന്‍ പാസ്കലേവിച്ച് (Goran Paskaljevic) ചെയ്ത ചിത്രമാണ് ‘ദേവഭൂമി’ (Land of the Gods).
പാവ്‌ലോ നെരൂദയെക്കുറിച്ച് പാവ്‌ലോ ലറെയ്‌ന്‍ തയ്യാറാക്കിയ ‘നെരൂദ’, അസ്‌ഗര്‍ ഫര്‍ഹദിയുടെ ‘ദ സെയ്‌ല്‍സ് മാന്‍’, ഒലിവെര്‍ സ്‌റ്റോണിന്‍റെ ‘സ്നോഡെന്‍’, പീറ്റര്‍ ബെര്‍ഗിന്‍റെ ‘ഡീപ് വാട്ടര്‍ ഹൊറൈസണ്‍’, ടോം ഫോര്‍ഡിന്‍റെ ‘നൊക്റ്റര്‍ണല്‍ ആനിമല്‍സ്’, കിം ജീ വൂണി (Kim Jee-woon)ന്‍റെ ‘ദി ഏയ്‌ജ് ഒഫ് ഷാഡോസ്’, എലിനോര്‍ കൊപ്പോളയുടെ ‘പാരിസ് കന്‍ വെയ്‌റ്റ്’ (Paris Can Wait), വെര്‍നര്‍ ഹെര്‍സോഗിന്‍റെ ‘സോള്‍ട്ട് ആന്‍റ് ഫയര്‍’, കെല്ലി ഫ്രെമോണിന്‍റെ ‘ദി എഡ്‌ജ് ഒഫ് സെവെന്‍റീന്‍’ എന്നിവയും പ്രദര്‍ശനചിത്രങ്ങളില്‍ പെടുന്നു.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മാധ്യമങ്ങളുമായി സംവദിക്കാനുള്ള വേദിയായ ‘ഇന്‍ കോണ്‍വെര്‍സേഷന്‍ വിത്ത്’ എന്ന പരിപാടിയില്‍ ഇന്ത്യന്‍ സംവിധായകനും തിരക്കഥാകാരനുമായ കരണ്‍ ജോഹര്‍ ബോളിവുഡ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.
ഏഷ്യയില്‍ നിന്നുള്ള മികച്ച ചിത്രങ്ങളെ തെരഞ്ഞെടുക്കാനുള്ള മൂന്നംഗ വിധികര്‍ത്താക്കളില്‍ കേരളത്തിലെ പ്രശസ്ത സിനിമാപ്രവര്‍ത്തകയും എഡിറ്ററുമായ ബീനാ പോള്‍ ഉള്‍പ്പെടുന്ന വാര്‍ത്തയും ഇന്ത്യയ്ക്ക് അഭിമാനകരമാണ്. ഇന്‍ഡ്യയില്‍ നിന്നുള്ള ഒട്ടേറെ ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമപ്രതിനിധികളും ഈ ഉത്സവക്കാലത്തിനു സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേരുന്നുണ്ട്.
2600 ലധികം വോളന്‍റിയര്‍മാരാണ് 11 ദിവസങ്ങളിലായി ഈ ചലച്ചിത്രമേളയ്ക്കായി പ്രവര്‍ത്തനനിരതരാവുന്നത്. ചലച്ചിത്രോത്സവം സെപ്തംബര്‍ 18 ന് അവസാനിക്കുകയാണെങ്കിലും ടിഫ് (TIFF) വിവിധ മേഖലകളിലുള്ള ചലച്ചിതപ്രവര്‍ത്തനങ്ങളാല്‍ വര്‍ഷം മുഴുവന്‍ സജീവമാണ്.
സ്വതന്ത്ര മാധ്യമപ്രവർത്തകൻ. ക്യാനഡയിലെ ഒൺടേറിയോയിലെ ബർലിങ്ടനിൽ താമസിക്കുന്നു.