അങ്ങനെ കാലം നീണ്ടു പോകുന്നു. എനിക്ക് 18 വയസ്സായി. അച്ഛന്റെ മരുമകന് കുഞ്ഞിരാമന് നമ്പ്യാര്‍ എന്നെ പുടമുറി കഴിക്കുന്നു. മൂപ്പരുടെ അമ്മയെ ഞങ്ങള്‍ മൂത്തമ്മയെന്നാണ് വിളിക്കാറ്. പോകുന്നതിനു മുമ്പ് ഒരു ഉപദേശം മാത്രം എനിക്ക് തന്നു. ഭര്‍ത്താവിന്റെ അമ്മയെ മൂത്തമ്മ എന്ന് വിളിക്കരുത്. അവരെ സ്വന്തം അമ്മയായി കണ്ട് അമ്മയെന്ന് വിളിക്കണം. ആ ഉപദേശം അപ്പടി സ്വീകരിച്ചു. അവിടെ എത്തിയ അന്നു തന്നെ ഞാന്‍ മുറ്റമടിക്കാന്‍ തുടങ്ങി. പക്ഷെ ഡോക്ടർ കെ.ജി. അടിയോടിയുടെ ബന്ധുവാണ്. മുറ്റമടിക്കാന്‍ അവര്‍ സമ്മതിച്ചില്ല. ഇന്ന് നീ അടിക്കേണ്ട നാളെ മുതല്‍ അടിച്ചാല്‍ മതി എന്ന നിര്‍ദ്ദേശം. പിറ്റേന്ന് മുതല്‍ നന്നേ കാലത്ത് മുറ്റമടിച്ച് ചാണകം പാറ്റി പണി ആരംഭിക്കലുമായി.

മൂപ്പര് ബ്രിടീഷ് പോലീസില്‍. അമ്മയും ഇളയ പെങ്ങളും ചെറിയ മകനും ആണ് വീട്ടില്‍ ഉള്ളത്. അടുക്കളപ്പണി കഴിഞ്ഞാല്‍ ഇളയ പെങ്ങളുടെയടക്കം ഉടുത്ത മുണ്ടെല്ലാം വാങ്ങി അലക്കിയിട്ട്, വെള്ളം അവള്‍ക്ക് കോരിവെച്ച് കുഞ്ഞനെ ഞാനിങ്ങു വാങ്ങി അവള് കുളിച്ചു കൊള്ളാന്‍ പറഞ്ഞ് എന്നിട്ടേ ഞാന്‍ കുളിക്കുകയുള്ളൂ. അതിനിടയ്ക്ക് അച്ഛന് വെള്ളം ചൂടാക്കി കൊടുക്കും. അമ്മയ്ക്കും കോരി വെച്ചു കൊടുക്കും. ഇതൊക്കെ എന്റെ സന്തോഷകരമായ ചിട്ടയാണ്. എന്റെ വീടെന്നും ചെന്ന വീടെന്നും വ്യത്യാസമില്ല എന്നര്‍ത്ഥം. ലീവില്‍ പോകുമ്പോള്‍ അമ്മയെ ഏല്‍പ്പിക്കും നമ്മുടെ പടയിലൊന്നും ശീലിച്ച കുട്ടിയല്ല. അത് അമ്മ ശ്രദ്ധിക്കണമെന്ന്. കാരണം അമ്മ സ്നേഹമുള്ള അമ്മയാണ്. പക്ഷെ പെങ്ങള് ലേശം അസൂയക്കാരത്തിയാണ്. അതുവരെ ഭര്‍ത്താവുണ്ടെങ്കിലും ആങ്ങളയാണ് എല്ലാം ചെയ്ത് കൊടുക്കുന്നത്. അതില്‍ അല്പം മാറ്റം സ്വാഭാവികമായും വരുമല്ലോ. നേര്‍വഴിക്ക് ചിന്തിക്കുവാനുള്ള മനസ്സില്ല എന്നര്‍ത്ഥം. ഉച്ചക്ക് ചോറ് കഴിഞ്ഞാല്‍ ചില ദിവസം പിന്നത്തെ പണി, കോലായുടെ ചേതി തേയ്ക്കാൻ ചോന്ന മണ്ണെടുക്കാന്‍ പോകലാണ്. ലേശം ദൂരെ. അത് കിളച്ച് ഞാന്‍ തലയില്‍ എടുക്കും. അമ്മ ഒന്നിച്ച് വന്നാല്‍ മതി. അത് കൊണ്ട് വന്നു ചേതി തേച്ച്, വെള്ളിലയും കരിയും കൂട്ടി അകവും കോലായും തേയ്ക്കും. ഇതെല്ലാം പറയാതെ നല്ല മനസ്സോടെ ചെയ്യും. അങ്ങനെ കഴിയുമ്പോഴാണ് അമ്മയ്ക്ക് സുഖമില്ലാത്തത് കാരണം ഞാന്‍ ആവളയ്ക്ക് പോകുന്നത്.
ഒഞ്ചിയം വെടിവെയ്പ്പില്‍ കുറെ സഖാക്കള്‍ മരിച്ചുപോയി. കോണ്‍ഗ്രസ് രാമക്കുറുപ്പ് എന്നയാള്‍ വെടികൊണ്ട് വലിയ പരിക്കോടെ ഷര്‍ട്ടില്‍ ചോരയും കൊണ്ട് ഞങ്ങളുടെ വീട്ടിലാണ് രാത്രി എത്തിയത്. ഞാനാണ് ആ ഷര്‍ട്ട് അലക്കിയത്. പിന്നെ K.T. ചോയി അവിടുന്ന് പോകും വഴിക്കാണ് പേരാമ്പ്ര നിന്ന് വെടികൊണ്ട് മരിച്ചത്, പിന്നെ E.M.S, A. K. G കേളുവേട്ടന്, സി എച് കണാരന്, കുമാരന് മാസ്റ്റര്‍, P.R നമ്പ്യാര്‍ എന്നീ നേതാക്കന്മാരെല്ലാം ഞങ്ങളുടെ വീട്ടില്‍ ഒളിവിലും അല്ലാതെയും കഴിഞ്ഞിരിക്കുന്നു.
ഭര്‍ത്താവ് പോലീസില്‍ നിന്ന് വിട്ടു പട്ടാളത്തിലേക്ക് പോകുന്നു. എനിക്ക് ഒരു കത്തെഴുതി എന്റെ പെട്ടിപ്പുറത്ത് വെച്ചാണ് പോകുന്നത്. ആരോടും പറയാതെയാണ് പോയത്. എന്നോട് വിഷമിക്കരുതെന്ന് കത്തില്‍ വെച്ചിരുന്നു. ഒരു കൊല്ലം കഴിഞ്ഞല്ലേ മടങ്ങി വരികയുള്ളൂ. അകമടിക്കുമ്പോള് കത്ത് കണ്ടു വായിച്ചു അവിടെത്തന്നെ വെച്ചു ഒന്നും സംഭവിക്കാത്ത മട്ടില്‍. അത്രയേ എനിക്കതില്‍ ഗൌരവമുള്ളൂ. മൂപ്പര്‍ക്കുള്ള വിഷമം എനിക്കില്ല. രാത്രി വരാതിരുന്നപ്പോള്‍ അച്ഛന് വിഷമിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ കത്തിന്റെ കാര്യം പറഞ്ഞു അത്ര തന്നെ.

ആദ്യത്തെ പ്രസവം ഒമ്പതാം മാസത്തില്‍ പ്രസവിച്ചുപോയി, പെണ്‍കുട്ടി മരിച്ചുപോയി. രണ്ടാമത്തേതും ആ സമയത്ത് തന്നെ പ്രസവിച്ചു. 56 ദിവസം നിന്നു. ഒരു പ്രത്യേകത മുല കുടിക്കുകയില്ല. ഉറങ്ങുകയില്ല, അമ്മ രാവും പകലും എടുത്തുകൊണ്ട് നടക്കും. അതും മരിച്ചു. അതിലിടക്ക് ഒരു സംഭവമുണ്ടായി പ്രസവരക്ഷക്കുള്ള പണം ഭർത്താവ് സ്വന്തം അച്ഛന് അയച്ചുകൊടുത്തു. പക്ഷെ ഭര്‍ത്താവിന്റെ കണക്കിലല്ല പ്രസവിച്ചതെന്നുള്ള പ്രചരണം ഉണ്ടായി. അതുകൊണ്ട് പണം എന്റെ വീട്ടില്‍ തരില്ല എന്നുള്ള പ്രസ്താവവും. ഇത് എന്റെ വീട്ടില്‍ അച്ഛന്റെ ബന്ധുക്കള്‍ എത്തിക്കുന്നു. അമ്മയാണറിയുന്നത്. അമ്മ സങ്കടപ്പെടുന്നു. എന്റെ ഭര്‍ത്താവ് ഒഴിഞ്ഞ് പോകല്ലേ എന്ന വിഷമം അമ്മക്ക്. അപ്പോള്‍ കത്ത് കിട്ടാന്‍ വൈകുന്നു. കുറച്ചു കഴിഞ്ഞു ഭര്‍ത്താവിന്റെ കത്ത് കിട്ടുന്നു. സ്ഥലം മാറ്റമുണ്ടായത് കൊണ്ടാണ് കത്തെഴുതാന്‍ വൈകിയതെന്നുള്ള ഭര്‍ത്താവിന്റെ എഴുത്ത്. പക്ഷെ എനിക്ക് നിശ്ചയമായി ഞാന്‍ മൂപ്പരുടെ കണക്കിലല്ലല്ലോ പ്രസവിച്ചത്. കുഞ്ഞന്‍ 56 ദിവസം മരിക്കാതെ ജീവിക്കുകയും ചെയ്തു. കത്ത് കിട്ടുമ്പോഴേക്കും കുഞ്ഞന്‍ മരിച്ചിരുന്നു. സ്ഥലം മാറ്റം കൊണ്ടാണ് കത്ത് വൈകിയതെന്ന് എഴുതിയിരുന്നല്ലോ. കാരണം അതല്ല എന്ന് എനിക്കറിയാമല്ലോ എന്ന് ഞാൻ മറുപടി അയച്ചു. മേലാല്‍ എനിക്ക് കത്തയക്കരുത്. ഞാന്‍ നിങ്ങളുടെ കണക്കിലല്ലാതെ ഒരു കുഞ്ഞനെ പ്രസവിച്ചിട്ടുണ്ട്. പക്ഷെ കുഞ്ഞന്‍ മരിച്ചിരിക്കുന്നു. ഞാന്‍ ഞെക്കിക്കൊന്നതല്ല. എങ്കിലും മേലില്‍ ഞാന്‍ നിങ്ങളുടെ ഭാര്യയല്ല. വേഗം മറുപടി കിട്ടി. “അത് തീരുമാനിക്കേണ്ടത് ഭര്‍ത്താവായ ഞാനാണ്. അമ്മയും പെങ്ങളുമല്ല. ഞാനാണ് നിന്നെ വിശ്വസിക്കേണ്ടത്. നിന്നെ എനിക്ക് വിശ്വാസമാണ്. മേലില്‍ ഞാന്‍ ലീവിന് വന്നാല്‍ ഞാന്‍ വന്നു നിന്നെ നിന്റെ വീട്ടില്‍ നിന്ന് കൂട്ടിപ്പോരും. തിരിച്ചുപോരുന്നതിന്റെ തലേ ദിവസം നിന്നെ നിന്റെ വീട്ടില്‍ കൊണ്ട് നിര്‍ത്തും.”
പിന്നത്തെ ജീവിതം അങ്ങനെയാണുണ്ടായത്. മൂന്നാമത്തെ മകന് ഉണ്ടായി. മറ്റേത് രണ്ടും അച്ഛന് കണ്ടിട്ടില്ല. മൂന്നാമത്തെ മകന് രണ്ടര വയസ്സായി. നല്ല ബുദ്ധിയുള്ള മകന്. 52-ലെ തിരഞ്ഞെടുപ്പാണെന്നു തോന്നുന്നു നടക്കാന്‍ പോകുന്നത്. നമ്മുടെ ചിഹ്നം ആനയാണ്. ഓരോ വോട്ടും കാളക്ക് എന്ന് പറഞ്ഞാൽ അവരെ തല്ലുവാന്‍ ഓട്ടം. ആനക്ക് എന്ന് പറയിപ്പിക്കും, അങ്ങനത്തെ ബുദ്ധിയാണ്. രണ്ട് പ്രാവശ്യം ലീവില്‍ വന്നു അച്ഛന് കണ്ടു. ഞാന്‍ കുഞ്ഞന്‍ സുഖമില്ല എന്ന് പറഞ്ഞു കത്തയച്ചിട്ടാണ് അച്ഛന് വരുന്നത്. പല ചികിത്സയും ചെയ്തു. ഭര്‍ത്താവിന്റെ വീട്ടിലാണുള്ളത്. അച്ഛനും അമ്മയും എല്ലാം എന്റെ കൂടെയുണ്ട്. അഞ്ച് മക്കളില്‍ വെച്ച് എനിക്കാണ് കുട്ടിയുള്ളത്. യാതൊരു രക്ഷയുമില്ല. ഒരു തിങ്കളാഴ്ച മകന് ജീവിക്കുകയില്ല എന്ന ബോധ്യത്തോടെ ലീവ് കഴിഞ്ഞ് പോകുന്നു. അടുത്ത തിങ്കളാഴ്ച മകന് മരിക്കുന്നു. അച്ഛനും ഞാനും അമ്മയും ഒന്നിച്ചു സഹിക്കുകയാണെങ്കില്‍ സമാധാനമുണ്ട്. ഇത് ഞങ്ങള്‍ രണ്ടിടത്ത് നിന്ന് സഹിക്കുന്നു. കൂത്താളി നിന്ന് വഞ്ചിയിൽ വരുത്തി എന്നെ അതില്‍ എടുത്ത് ആവളക്ക് കൊണ്ടുപോകുന്നു. ഞാന്‍ അബോധാവസ്ഥയിലാണുള്ളത്. അകത്ത് കിടക്കുക മാത്രം. അമ്മ ചോറ് വാങ്ങിത്തരും. രാത്രിയായാല്‍ അച്ഛനോട് പറയും രാമായണം അടുത്ത് നിന്ന് വായിക്കുവാന്‍. അച്ഛന് വായിക്കും.
അങ്ങനെ ആറു മാസം കഴിഞ്ഞു. അന്ന് മുയിപ്പോത്തുണ്ട് എന്റെ അമ്മയുടെ ജ്യേഷ്ഠത്തിയും രണ്ട് ആണ്മക്കളും ഇളയമ്മയും. ഇളയമ്മക്ക് മക്കളില്ല. മൂത്തമ്മക്ക് രണ്ട് ആണ്മക്കള് മാത്രം. അവര്‍ ചെറുവണ്ണൂര്‍ സ്കൂളില്‍ പഠിപ്പിക്കുകയാണ്. ഞാന്‍ എട്ടില്‍ പഠിച്ചത് അവിടെ നിന്ന് സ്കൂളില്‍ പോയിട്ടാണ്. അവര്‍ക്ക് എന്നോട് വളരെ സ്നേഹമാണ്. പകല്‍ മൂത്തമ്മ വഴിയെ എന്നെ കൊണ്ടുനടത്തും. ഒന്നും ചിന്തിക്കുവാന്‍ സമയം തരില്ല. രാത്രി അടുത്ത് കിടത്തി കഥ പറഞ്ഞ് എന്നെ ഉറക്കും. വൈകുന്നേരം സ്കൂളില്‍ നിന്ന് അവര്‍ രണ്ട് കഥയുള്ള പുസ്തകം കൊണ്ടുവരും. ഞാന്‍ ചിന്തിക്കാതിരിക്കാന്‍ വേണ്ടിയാണ്, എന്നെക്കൊണ്ട് വായിപ്പിക്കും. കുറെ വായിച്ച് ഞാന്‍ നിര്‍ത്തിയാല്‍ വേറെ പുസ്തകം എടുത്തു തരും ചിന്തിക്കാതിരിക്കാന്‍ വേണ്ടി. അങ്ങനെ ഉറങ്ങാന്‍ മൂത്തമ്മയുടെ അടുത്ത് കിടത്തും. കഥ പറഞ്ഞുതന്നുറക്കും. രാവിലെ എഴുന്നേറ്റാല്‍ മൂത്തമ്മയുടെ കൂടെ നടന്ന് വീട്ടുജോലി എടുക്കും. നിന്ന് ചിന്തിക്കുവാന്‍ സമയം തരില്ല.
അങ്ങനെയിരിക്കെ ഭര്‍ത്താവിന്റെ കത്ത് കിട്ടുന്നു. “ഞാന്‍ നാട്ടിലേക്ക് വരികയാണ്. വീട്ടിലേക്ക് വന്നോ. അപ്പോഴേക്കും ഞാന്‍ എത്തും”. അങ്ങനെ ഞാന്‍ പോകുന്നു. മൂപ്പര് വരുന്നു. വന്ന ശേഷം എന്നോട് പറഞ്ഞു “ഞാന്‍ തല്ക്കാലം വിട്ടുവന്നതാണ്. തിരിച്ചു വിളിക്കുമ്പോള്‍ പോയാല്‍ മതി”. മൂപ്പര്‍ക്ക് സാമ്പത്തികമായി ജീവിതം കെട്ടിപ്പടുക്കാന്‍ അറിഞ്ഞുകൂടാത്ത ഒരു കക്ഷിയാണ് ജീവിതത്തില്‍ അവസാനം വരെ. വരുമ്പോള്‍ കുറച്ച് പണം ഉണ്ട്. അത് കുറച്ച് അച്ഛന് കൊടുത്തു. ബാക്കി മൂത്ത ജ്യേഷ്ഠന് വശം കൊടുത്തു. മൂപ്പര് ഒരു അറപ്പീടിക ശരിയാക്കി ഞങ്ങളുടെ പടിഞ്ഞാറയിലെ അടുത്തുള്ള പറമ്പില്‍ സാമാനക്കച്ചവടം തുടങ്ങി. ഡോക്ടര്‍ കെ.ജി.അടിയോടി ഭര്‍ത്താവിന് ഒരു ചിട്ടിഫണ്ടില്‍ പേരാമ്പ്ര താല്‍ക്കാലികമായി ഒരു ജോലി വാങ്ങിക്കൊടുത്തു. കച്ചവടം ആങ്ങള നടത്തി. മൂന്നു മക്കളും മരിച്ച ഞാന്‍ നാലാമത് ഗര്‍ഭിണിയായി. എഴാം മാസം ആവളക്ക് പ്രസവത്തിനു പോയി. ശരീരം ഇളകാതെ കിടക്കുവാന് ഡോക്ടര്‍ പറഞ്ഞതനുസരിച്ച് നടന്നു. രാധയെ വീട്ടില്‍ വെച്ച് പ്രസവിച്ചു. അപ്പോഴേക്കും കച്ചവടവും തീര്‍ന്നു. പ്രസവച്ചിലവിനടക്കം പൈസ കൊടുക്കനില്ലാതായി. നാരായണി പേരാമ്പ്ര ഹൈസ്കൂളില്‍ പഠിക്കുകയാണ്.
(തുടരും)




