പെട്ടെന്ന് മരിച്ചു പോകുന്ന
ഒരു മനുഷ്യന്റെ
ഏത് വാക്കായിരിക്കും
പറയാനാകാതെ നാക്കിൽ
ഉറച്ചു പോയിട്ടുണ്ടാവുക
ആർക്ക് വേണ്ടിയുള്ള
പുഞ്ചിരിയാകും
വിടരാനാവാതെ ചുണ്ടിൽ
വാടിപ്പോയിട്ടുണ്ടാകുക
ആരിലേക്ക് എത്താനുളള
കൊതിയാകും
കാലുകളിൽ നിശ്ചലമായി
തളർന്നു പോയിട്ടുണ്ടാവുക
എന്തിലേക്ക് നീട്ടിയ മോഹമാകും
കൈകളിൽ നിവരാതെ
ചുരുണ്ട്പോയിട്ടുണ്ടാവുക!
മരിച്ചുപോയ ആരുടെയോ
തുടർ ജീവിതമാകാം
ഞാനിപ്പോൾ ജീവിക്കുന്നുണ്ടാകുക
ഇന്നലെ അസ്തമിച്ച
സൂര്യന് പകരം
ഇന്ന് സൂര്യൻ ഉദിച്ചത് പോലെ
ആരോ കാണാൻ കൊതിച്ച
കാഴ്ചയാകാം
ഞാൻ കാണുന്നുണ്ടാവുക
ആർക്കോ പറയാൻ
കഴിയാതെ പോയ വാക്കുകളാകാം
എന്റെ നാക്കിൽ കുമിളകൾ പോലെ
പൊങ്ങി
ഒടുങ്ങുന്നുണ്ടാകുക
മുൻപ് ആരോ ആരിലേക്കോ
നീട്ടിയ കാലുകളുടെ ദൂരമാകും
ഞാനിപ്പോൾ നടക്കുന്നുണ്ടാകുക
മറ്റാരോ ആർക്കോ
നൽകാൻ കൊതിച്ച
പ്രണയമാകും
എന്നിലിപ്പോൾ പൂ
വിടുന്നുണ്ടാവുക
ഞാൻ മരിച്ചാൽ,
എനിക്ക് പൂർത്തിയാക്കാൻ
കഴിയാതെ പോയതിനെ
പൂരിപ്പിക്കാൻ
മറ്റൊരാൾ എവിടെയോ
ജനിക്കുമായിരിക്കാം
കൊഴിഞ്ഞ ഇലകൾക്ക് പകരം
പുത്തൻ ഇല കിളിർക്കും പോലെ
വീണ പൂക്കൾക്ക് പകരം
പൂമൊട്ട് വിരിയും പോലെ
ആരായിരിക്കും എനിക്ക് പകരം
ജനിക്കാനിരിക്കുന്നത് ?
എഴുതി പൂർത്തിയാക്കാതെ
ഞാൻ നിർത്തിപോകുന്ന കവിത
ഏത് ഭാഷയിൽ എങ്ങിനെയാകും
അയാൾ പൂർത്തിയാക്കുക …..
കവര്‍: ജ്യോതിസ് പരവൂര്‍